പാതാളക്കരണ്ടിയുടെ പാരമ്പര്യം

എഴുതുന്നതല്ല, മറിച്ച് എഴുതാതെ വിട്ടു കളയുന്നതും വായനക്കാരന് കണ്ടെടുക്കാൻ അവസരം നൽകുകയും ചെയ്യുന്നതാണ് കഥ. അനുവാചകൻ്റെ ബൗദ്ധിക മണ്ഡലത്തിൽ രൂഢമൂലമായിട്ടുള്ള മുന്നറിവുകളേയും ധാരണകളേയും മറ്റൊരു പരിപ്രേഷ്യത്തിലേക്ക് പുനക്രമീകരിക്കാനുള്ള എഴുത്തുകാരൻ്റെ ശേഷിയാണ് യഥാർഥത്തിൽ കഥയുടെ മാനകമാവേണ്ടത്. എഴുത്തുകാരനും വായനക്കാരനും പരസ്പരം പൂരകങ്ങളാവുമ്പോൾ കഥ സംവദിച്ചു തുടങ്ങും. അതിനാലാണ് കഥ പ്രമേയത്തേക്കാൾ ആഖ്യാന പ്രധാനമാകുന്നത്. വായനക്കാരന് പരിചിതമായ വിഷയങ്ങളുടെ കേവലാഖ്യാനമെന്നതിനപ്പുറം അപരിചിതമായ ഭൂമികകളിലൂടെ അപ്രതീക്ഷിത പരിണാമങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടു പോവുക തന്നെയാണ് കഥയുടെ ദൗത്യം. അപ്പോൾ മാത്രമാണ് സമകാലികത എന്ന ഭൂതത്തിൻ്റെ പിടിയിൽ നിന്ന് കഥ മുക്തമാവുകയും കാലദേശ പരിധികൾക്കപ്പുറത്തേക്ക് വളരുകയും ചെയ്യുന്നത്.

മാതൃഭൂമിയിൽ വി ജെ ജയിംസ് എഴുതിയ പാതാളക്കരണ്ടി എന്ന കഥ ഈയിടെ വായിച്ച കഥകളിൽ മികച്ച ഒന്നാണ്. ഭ്രാന്തനായ അമ്മാവൻ പണ്ടെന്നോ കിണറ്റിലേക്ക് വലിച്ചെറിഞ്ഞ ഒരു പാതാളക്കരണ്ടി വീണ്ടെടുക്കാനുള്ള ശ്രമമാണ്  കഥ. വളരെ പഴയ ആ കിണർ ഉപയോഗിച്ചിട്ട് കാലമേറെയായി. കിണറുകൾ നേരെയാക്കാനറിയാവുന്നവരും തീരെ കുറവ്. ഒടുവിൽ മലബാറിൽ നിന്നെവിടെ നിന്നോ ഇമ്പിച്ചി എന്നൊരാളെ കിട്ടി. ഉൾഭാഗം മുഴുവൻ കാടുപിടിച്ചും ഇരുട്ടുമൂടിയും കിടക്കുന്ന പാരമ്പര്യത്തിൻ്റെ കിണറ്റിൽ പ്രാണവായുവില്ലെന്നു മാത്രമല്ല, വിഷവാതകങ്ങൾ പലതുമുണ്ട്. കിണറ്റിൽ നിന്ന് പണ്ട് നഷ്ടപ്പെട്ട പലതും തിരികെ കരക്കു കയറ്റിയിട്ടും പാതാളക്കരണ്ടി മാത്രം കിട്ടിയില്ല. അതിനിടെ ആ കിണർ ഇടിഞ്ഞു താണ് മറ്റൊരു കിണറിനുള്ളിലേക്ക് ആഴ്ന്നു പോവുകയും അതിനടിയിൽ പെട്ട ഇമ്പിച്ചി കഷ്ടിച്ച് രക്ഷപ്പെട്ട് പാതാളക്കരണ്ടിയുമായി കരയിലെത്തുകയും ചെയ്തു. തിരികെ കിട്ടിയ ആയുധം കൊണ്ട് കിണറിനുള്ളിൽ പാരമ്പര്യത്തിൻ്റെ അവശേഷിപ്പുകളുണ്ടോ എന്നു നോക്കുന്നതിനിടെ അത് വീണ്ടും കിണറ്റിലേക്ക് തന്നെ വീണു പോവുകയും ചെയ്തു. പാരമ്പര്യത്തിൻ്റെ നന്മകളും പ്രൗഡികളും ഘോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്നവരോട് പാരമ്പര്യം ഇരുണ്ടതാണെന്നും  അത് അഗാധമായ കിണറുകൾ സൂക്ഷിക്കുന്നുണ്ടെന്നും ധ്രുവനെപ്പോലുള്ളവർക്ക് പാതാളക്കരണ്ടിയെക്കുറിച്ചുള്ള ഓർമകളിൽ നിന്ന് ഒരിക്കലും മോചനമില്ലെന്നും കഥാകൃത്ത് ഓർമിപ്പിക്കുന്നു. വരികൾക്കിടയിലൂടെ ആഖ്യാനത്തിൻ്റെ മറ്റൊരു തലം വളർത്തിയെടുക്കുകയും വായനക്കാരൻ്റെ ധാരണകളെ സ്വാധീനിക്കുകയും ചെയ്യുന്നു ഈ കഥ. പാതാളക്കരണ്ടി വായനക്കാർക്കു തന്നതിന് വി ജെ ജയിംസിന് നന്ദി.

എഴുത്ത് മാസികയിൽ പ്രിയ വി.പി എഴുതിയ കർത്തരീമുഖം യമുന ടീച്ചറുടെയും കുട്ടികളുടേയും കഥയാണ്. സ്കൂളിലെ കുട്ടികളെ സ്വന്തം കുട്ടികളായി കാണുന്നയാളാണ് യമുന ടീച്ചർ. മറ്റു ടീച്ചർമാർ അവളുടെ രീതികളിൽ വിമർശനമുന്നയിക്കുമ്പോഴും അവൾക്കത് പ്രശ്നമല്ല. എന്നാൽ ഒരു ദിവസം ക്ലാസിലെ കുട്ടികളോടൊപ്പം അവളെടുത്ത ഫോട്ടോയിൽ ഒരു കുട്ടി ഒറ്റ വിരലുയർത്തി നിൽക്കുന്നത് ആനി ടീച്ചറാണ് കണ്ടു പിടിച്ചത്. അശ്ലീലമായ ആ നടുവിരലിൻ്റെ ഉടമയെ കണ്ടു പിടിക്കാനുള്ള ശ്രമമൊക്കെയും പരാജയപ്പെടുകയും അവൾക്ക് കുട്ടികളോടുള്ള ഇഷ്ടവും സ്നേഹവും ഇല്ലാതാവുകയും പകരം വെറുപ്പും ആത്മനിന്ദയും അവളെ കീഴടക്കുകയും ചെയ്തു. ഒരു ദിവസം ആറു പേരിരിക്കുന്ന ബഞ്ചിൻ്റെ അറ്റത്തു നിന്ന് ഒരുവനെ പിടിച്ച് മുൻ ബഞ്ചിലിരുത്തുമ്പോഴാണ് അവൻ്റെ വിചിത്രമായ എഴുത്തു രീതി യമുന കണ്ടത്. അവൻ്റെ കൈയിൽ നാലു വിരലേയുള്ളൂ എന്ന തിരിച്ചറിവ് അവളുടെ എല്ലാ മുൻ വിധികളും തകർക്കുകയും ഒരു സങ്കടത്തിലേക്ക് കഥ വീഴുകയും ചെയ്യുന്നു. എത്രയെത്ര മുൻ വിധികളാണ് നമ്മുടെ ജീവിതങ്ങളെ നിരന്തരം ബാധിച്ചു കൊണ്ടിരിക്കുന്നത്..? പൊതുബോധത്തിൻ്റെ ഏതെല്ലാം ആന്ധ്യങ്ങളാണ് നമ്മെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്..! മികച്ച കഥയാണ് കർത്തരീ മുഖം. നല്ല ആഖ്യാനം. ഇനിയും നല്ല കഥകളെഴുതാൻ പ്രിയക്ക് സാധിക്കട്ടെ. എഴുത്തിലെ മറ്റു രണ്ടു കഥകൾ, ഗ്രേസിയുടെ എളെളണ്ണ മണം, കെ എസ് രതീഷിൻ്റെ പരേത ഗീതകം എന്നിവ ശരാശരി നിലവാരമെങ്കിലും പുലർത്തുന്നതിൽ പരാജയപ്പെട്ട കഥകളാണ്. പതിവു കഥകൾ വീണ്ടും വീണ്ടും വായിക്കേണ്ട ദാരിദ്ര്യമൊന്നും മലയാള വായനക്കാർക്കില്ല. ഗ്രേസി ഇനിയും എഴുതാതിരിക്കുന്നത് നന്നാവും. കഥയുടെ നവീന ഭാവുകത്വം മനസിലാക്കാനുള്ള കേവല ശ്രമം പോലും അവർ നടത്തുന്നില്ല.

മാധ്യമത്തിൽ ജ്യോതിശങ്കർ എഴുതിയ ഒരു കൊളാഷിൻ്റെ അന്ത്യം ആധുനിക കഥകളിൽ സജീവമായിരിക്കുകയും പിന്നീട് അപ്രത്യക്ഷമാവുകയും ചെയ്ത സ്വത്വാന്വേഷണത്തിൻ്റെ നേർപ്പിച്ച പുതുരൂപമാണ്. വ്യക്തി, അവൻ്റെ നിലനിൽപ്, അവൻ്റേത് മാത്രമായ ആന്തരിക സംഘർഷങ്ങൾ എന്നിങ്ങനെയാണ് കഥയുടെ പ്രതിപാദ്യം. ഏകാന്തതയും മരണവും സൃഷ്ടിച്ചെടുക്കുന്ന ഭ്രമ കൽപനകളും അവയുടെ ഭൗതിക പ്രത്യക്ഷീകരണങ്ങളും കഥയിലേക്ക് സന്നിവേശിപ്പിക്കാൻ കഥാകൃത്ത് നടത്തിയ ശ്രമങ്ങൾ പക്ഷേ വിജയം കണ്ടില്ല. വിഷാദവും ഏകാന്തതയും മനുഷ്യനെ എത്രമേൽ അശാന്തരാക്കുന്നു എന്നും മറ്റാരോടും പങ്കുവക്കാനാവാത്തത്ര സങ്കീർണമായ മാനസികാവസ്ഥകളെ തരണം ചെയ്യുന്നതിന് അവൻ എന്തൊക്കെ ചെയ്തു കളയില്ല എന്നും കഥ ചർച്ച ചെയ്യുന്നു. പക്ഷേ സംവേദനതലത്തിൽ കഥ പരാജയപ്പെട്ടു പോയി എന്നു പറയാം. എത്ര മികച്ച കഥയായാലും വായനക്കാരനോട് സംവദിക്കാനുതകുന്ന ആഖ്യാനമുണ്ടാവുക പ്രധാനമാണ്.  മുഹമ്മദ് ഷഫീഖ് എഴുതിയ പി ടി ഉഷ ഒരു മാധ്യമ പ്രവർത്തകൻ്റെ ഡയറിക്കുറിപ്പുകളാണ്. അതു കൊണ്ടു തന്നെ വാർത്തയുടെ ഉപരപ്ലവതക്കപ്പുറം ആ കഥയിൽ ഒന്നുമില്ല. ചാനലുകളിൽ വാർത്തകളുടെ മുൻഗണന നിശ്ചയിക്കുന്നതും തമസ്കരിക്കേണ്ടവ തീരുമാനിക്കപ്പെടുന്നതുമൊക്കെ എങ്ങനെയെന്നതിൽ കഥയൊന്നുമില്ല. ചാനൽ വാർത്തകൾ കൗതുകമാണ് വിൽക്കുന്നത് എന്ന് കഥാകൃത്ത് പറയുന്നത് തന്നെയാണ് ഈ കഥയെക്കുറിച്ച് പറയാനുള്ളത്. അക്ഷരാർഥത്തിൽ തല്ലിപ്പൊളി കഥ. ടി.കെ ശങ്കരനാരായണൻ്റെ ഓർമയുടേയും മറവിയുടേയും പകൽ എന്ന കഥ കേവലം കഥയില്ലായ്മയാണ്. മുൻ കാല കാമുകീകാമുകൻമാർ യാദൃച്ഛികമായി കണ്ടുമുട്ടുന്നു. സ്ത്രീയുടെ പുസ്തക പ്രകാശനമാണ് വൈകുന്നേരം, പുരുഷനാവട്ടെ മറ്റെല്ലാ കച്ചവടങ്ങളും പൊട്ടിയപ്പോൾ ജ്യോതിഷത്തിലേക്ക് തിരിഞ്ഞു ജീവിത നേട്ടമുണ്ടാക്കിയയാൾ .. എഴുത്ത് ശീലമായിരുന്ന അയാൾ എഴുത്തു നിർത്തുകയും അവൾ അതു തുടങ്ങിയതുമാണ് കഥയിലെ ട്വിസ്റ്റ് . പ്രത്യേകിച്ചൊന്നും പറയാനില്ലാത്തപ്പോൾ എഴുതാതിരിക്കാനും എഴുത്തുകാർക്ക് ആർജവമുണ്ടാവേണ്ടതാണ്.

ദേശാഭിമാനിയിൽ ഉണ്ണികൃഷ്ണൻ കളീക്കൽ എഴുതിയ ഊടുകൂറിലെ ഒമ്പതാമൻ സംവേദനത്തിൽ തോറ്റു പോയ ഒരു കഥയാണ്. തമിഴ്നാട്ടിൽ നിന്നു വന്ന അൻപഴകനു വേണ്ടി സ്ഥലം വാങ്ങാൻ ചെല്ലുന്ന ജോജോയും ബ്രോക്കർ സണ്ണിയും ഒമ്പതവകാശികളുള്ള ഒരു ഊടു കൂറു സ്ഥലം കണ്ടെത്തി. ആ സ്ഥലം പണ്ടെന്നോ അക്കാൾ അവനെയും അണ്ണനേയും പറ്റിച്ച് വിറ്റതാണെന്നും അതൊടുവിൽ അവനു തന്നെ കിട്ടുകയാണെന്നും വേണമെങ്കിൽ കഥയെ വ്യാഖ്യാനിക്കാം. പക്ഷേ വ്യക്തമായതോ ശക്തമായതോ ഒരു സൂചനയും കഥയിലില്ല. അതു തന്നെയാണ് കഥയുടെ ദൗർബല്യവും.

മലയാളം വാരികയിൽ വി ബി ജ്യോതി രാജ് എഴുതിയ ഏതോ ഒരാൾ ഒരു കഥയാണോ, അതിൽ കഥയെന്തെങ്കിലുമുണ്ടോ എന്നൊക്കെ രണ്ടാവർത്തി വായിച്ചു നോക്കി. അതിനകത്തു നിന്ന് ഒരു കഥ കണ്ടെടുക്കാനുള്ള ബുദ്ധിവികാസം ഇനിയും നേടേണ്ടതുണ്ട് എന്ന് മനസിലായതിനാൽ പിൻവാങ്ങി. എന്തായാലും ജ്യോതിരാജിനേയും പത്രാധിപരേയും ബഹുമാന പൂർവം അഭിവാദ്യം ചെയ്യുന്നു.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ബാലചന്ദ്രൻ ഇരവിൽ എഴുതിയ കണ്ണുകൾ ഉടലിനോട് പറഞ്ഞത് എന്ന കഥയുടെ പേര് മാത്രമേ നന്നായുള്ളൂ.  പണത്തിനു വേണ്ടി അവയവങ്ങൾ വിൽക്കുന്നതും മുൻകാല കാമുകി / കാമുകൻമാരെ ഓർക്കാപ്പുറത്ത് കണ്ടു മുട്ടുന്നതുമൊക്കെ ചർവിത ചർവ്വണമാണെന്ന് കഥ എഴുതുന്നവർക്ക് മാത്രം മനസിലാവാത്തതാണ് കൗതുകം . ഒമ്പതു കവിതകൾ എന്ന പേരിൽ സിബിൻ ഹരിദാസിൻ്റെ ഒമ്പതു കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട് ചന്ദ്രിക. കവിതയുടെ സ്വഭാവത്തോട് ഒട്ടും യോജിക്കാത്ത അവയെ കഥകളെന്നു വായിക്കുന്നതാവും കൂടുതൽ യുക്തം.

കലാകൗമുദിയിൽ ബി സേതുലക്ഷ്മി എഴുതിയ കുമാരസംഭവം സത്യത്തിൽ വായനക്കാരനെ പരിഹസിക്കാൻ വേണ്ടി പ്രസിദ്ധീകരിച്ചതാണ്. ഒരു കാര്യവുമില്ലാത്ത കുറേ വാചകങ്ങൾ കൂട്ടിച്ചേർത്ത് വച്ചാൽ കഥയാവുമെന്ന് ധരിക്കുന്ന എഴുത്തുകാരെ നമുക്ക് വിട്ടു കളയാം. പക്ഷേ ഇവ പ്രസിദ്ധീകരിക്കുന്ന പത്രാധിപസംഘത്തിന് ഇക്കാര്യത്തിൽ അക്കാദമികമല്ലാത്ത ചില താൽപര്യങ്ങൾ ഉണ്ടായിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കഥ അച്ചടിക്കണമെങ്കിൽ വരിക്കാരനാവണം എന്നൊക്കെയുള്ള നിബന്ധനകൾ കേവലം കെട്ടു കഥകളൊന്നമല്ലല്ലോ. കൈക്കൂലി കൊടുത്ത് കഥ അച്ചടിപ്പിക്കുന്ന കാലവും അത്ര വിദൂരമാണെന്നു തോന്നുന്നില്ല.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account