പരസ്യം ചെയ്യപ്പെടുന്ന കഥകൾ

എഴുത്തുകാരല്ലാതെ എത്ര പേർ ആനുകാലിക കഥകൾ വായിക്കുന്നുണ്ടാവും എന്നത് കൗതുകകരമായ ഒരു ചോദ്യമാണ്. കഥ ക്ക്  നിയതമായ അനുവാചക സമൂഹത്തിൻ്റെ പിന്തുണയുണ്ടാവുക., കഥ മുന്നോട്ടുവക്കുന്ന ആശയങ്ങളും രാഷ്ട്രീയവും ചർച്ച ചെയ്യപ്പെടുക, അതിൻ്റെയൊക്കെ അനുരണനങ്ങൾ എന്ന നിലക്ക് പുതിയ കഥകളുണ്ടാവുകയോ തുടർച്ചകളുണ്ടാവുകയോ ചെയ്യുക, അപ്രകാരം നിരന്തര നവീകരണം കഥാ സാഹിത്യത്താൽ സംഭവിക്കുക എന്നിവയൊക്കെ കേവല സങ്കല്പങ്ങൾ മാത്രമായ കാലത്താണ് ഈ ചോദ്യം ചോദിക്കപ്പെടുന്നത് എന്നതും വിചിത്രമത്രേ. വർത്തമാനകാലത്തിൻ്റെ പ്രത്യക്ഷ യാഥാർഥ്യങ്ങളെക്കുറിച്ച് തിരിച്ചും മറിച്ചും പറയുകയും അവയെ സ്വയം പ്രകീർത്തിക്കുകയും മറ്റുള്ളവരെക്കൊണ്ട് നല്ലതു പറയിപ്പിക്കുകയും ചെയ്യുക എന്നതൊക്കെയാണ് ഇപ്പോൾ കഥാലോകത്ത് നടക്കുന്നത്. എഴുത്തുകാരല്ലാത്ത വായനക്കാരനെ ഏതാണ്ട് പൂർണമായും നിരാകരിക്കുകയും സ്വയം തീർത്ത സങ്കുചിത വൃത്തമാണ് മഹത്തരം എന്നു വിശ്വസിക്കുകയും ആ മൂഢസ്വർഗത്തെ നിരാകരിക്കുകയോ അതിലംഘിക്കുകയോ ചെയ്യാൻ ശ്രമിക്കുന്നവരെ തള്ളിപ്പറയുകയും ചെയ്യുന്നു എന്നത് മലയാള കഥാലോകത്തിൻ്റെ നടപ്പുദീനമാണ്. തിരുത്തലുകൾക്ക് തയ്യാറാകാതിരിക്കുകയും സമകാലികതയിൽ  നിന്ന് പിന്നാക്കം സഞ്ചരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതല്ല കഥയുടെ പാരമ്പര്യം. എക്കാലത്തും അത് വർത്തമാനത്തെ മറികടക്കുകയും ഭാവിയെ സങ്കല്പിക്കുകയും ചെയ്തിരുന്നു. അതിനാലാണ് ലോകത്തെ ഏതൊരു ഭാഷയിലെ കഥകളോടും കിടപിടിക്കാവുന്ന കഥകൾ മലയാളത്തിലുണ്ടായത്. എന്നാൽ കഥയുടെ വർത്തമാനം അത്ര ആശാവഹമാണെന്നു തോന്നുന്നില്ല.

കലാകൗമുദി വാരികയിൽ സലിൻ മാങ്കുഴി എഴുതിയ ശുദ്ധ പൈങ്കിളിക്കഥക്ക്  സേതു ഒരു ആമുഖക്കുറിപ്പ് എഴുതിയിട്ടുണ്ട്. കഥയെന്ന ഗണത്തിൽ പെടുത്തുവാൻ ഒരു യോഗ്യതയുമില്ലാത്ത, പ്രമേയത്തിൽ ചർവിത ചർവണവും തേർഡ് പേഴ്സൺ ആഖ്യാനത്തിൻ്റെ എല്ലാ അരസികതയുള്ളതും ആയ ഫാൻ്റം ഫീലിംഗ് എന്ന കഥക്ക് ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് വാഴ്ത്തിപ്പാടുന്ന സേതു ( സാർ ) അക്ഷരാർഥത്തിൽ സ്വയം വഞ്ചിക്കുകയാണ്. ഒപ്പം വായനക്കാരെ പരിഹസിക്കുകയുമാണ്. കഥയെക്കുറിച്ച് പറയുകയാണെങ്കിൽ ഫാൻറം ഫീലിംഗ് എന്നാണ് കഥയുടെ പേര്. ഈ പദത്തിൻ്റെ അർഥം ഉണ്ടായിരുന്ന ഒന്ന് ഇല്ലാതായിക്കഴിഞ്ഞാലും അവിടെത്തന്നെ ഉണ്ട് എന്ന തോന്നൽ എന്നാണ്. മുറിച്ചു മാറ്റപ്പെട്ട കൈ, കാൽ തുടങ്ങിയവ അവിടെത്തന്നെ ഉണ്ടെന്നു തോന്നുക മാത്രമല്ല, അവയിൽ ചൊറിച്ചിൽ, ചൂട് തുടങ്ങിയവയൊക്കെ അനുഭവപ്പെടുകയും ചെയ്യുന്നതാണ് യഥാർഥ ഫാൻ്റം ഫീലിംഗ്. പക്ഷേ ഈ കഥയിൽ എത്ര മെനക്കെട്ടാലും അങ്ങനെയൊരു സാധ്യത കണ്ടെത്താനാവുന്നില്ല. ഇല്ലാത്ത ഗുണങ്ങൾ ഉണ്ടെന്ന് വാഴ്ത്തി സാഹിത്യക്കച്ചവടം ചെയ്യുന്ന പത്രാധിപരെക്കുറിച്ചും കഥാകൃത്തുക്കളെക്കുറിച്ചും ഒന്നും പറയാനില്ല. പക്ഷേ സേതു സർ, ഞങ്ങളോടിതു വേണ്ടിയിരുന്നില്ല. ഉണ്ണികൃഷ്ണൻ കളീക്കൽ എഴുതിയ സ്വച്ഛസ്ഫടികം എന്ന കഥയും തികച്ചും തൊലിപ്പുറ കഥയാണ്. വായിക്കാനോ അറിയാനോ പ്രത്യേകിച്ചൊന്നുമില്ലാത്ത, വായനക്കാരൻ്റെ ചിന്താമണ്ഡലങ്ങളെ സ്പർശിക്കാൻ ശേഷിയില്ലാത്ത വെറും വാചകക്കസർത്തുകൾ.

മാധ്യമത്തിൽ വിനോദ് കൃഷ്ണ എഴുതിയ ആറടി അകലം അമേരിക്കയിലെ / ലോകത്തിലെ വംശീയതയെക്കുറിച്ചാണ് ആശങ്കപ്പെടുന്നത്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്നെ നമുക്ക് ചില പേരുകളോട്, വർണങ്ങളോട്, വർഗങ്ങളോട് ഒക്കെ ശത്രുത തോന്നാറുണ്ട് എന്നതാണ് കഥയുടെ അടിസ്ഥാനം. കറുത്തവനെ കാണുമ്പോൾ വെളുത്തവർക്കുണ്ടാക്കുന്ന, മുസ്ലീമിൻ്റെ പേരു കേൾക്കുമ്പോൾ മറ്റുള്ളവർക്കുണ്ടാകുന്ന ആ പ്രത്യേക തോന്നലിനെ അഭിസംബോധന ചെയ്യാനാണ് കഥ ശ്രമിക്കുന്നത്. പക്ഷേ പതിവു പോലെ ആഖ്യാനത്തിൽ കഥ പരാജയപ്പെട്ടു പോവുന്നു. വാർത്താ റിപ്പോർട്ടിംഗിൻ്റെ അഭംഗി നിറഞ്ഞു നിൽക്കുന്ന കഥ അതിൻ്റെ വൈകാരികതയോ രാഷ്ട്രീയമോ സംവേദനം ചെയ്യുന്നതിൽ വിജയിച്ചതേയില്ല. മാധ്യമത്തിലെ മറ്റൊരു കഥ ബാലചന്ദ്രൻ എരവിൽ എഴുതിയ രാമൻ സ്റ്റോർ ആണ്. കഴിഞ്ഞ കുറേ വർഷങ്ങളായി പറഞ്ഞു കൊണ്ടിരിക്കുന്നതു തന്നെയാണ് ഈ കഥയും പറയുന്നത്. ഹിന്ദു ഫാസിസ്റ്റ് കക്ഷികൾ നമ്മുടെ ജീവിതത്തിൽ ഇടപെടുകയും നമ്മുടെ പല ചരക്കു കടക്ക് രാമൻ സ്റ്റോർ എന്നു പേരിടുകയും ചെയ്യും എന്നെഴുതുന്നതിൽ കഥയില്ല. അതു വാർത്തയാണ്, യാഥാർഥ്യമാണ്. സംഭവങ്ങളുടെ നരേഷനല്ല കഥ.

ദേശാഭിമാനിയിൽ ആർദ്ര വി എസ് എഴുതിയ താബൂത്ത്, വി എസ് അജിത്തിൻ്റെ എലിക്കെണി എന്നിവയാണുള്ളത്. ജാതക പ്രകാരം  80 വയസു വരെ ആയുസുള്ള 60 വയസിൽ വൈധവ്യ യോഗമുള്ള സുഭദ്രയുടേയും അവരുടെ എലിക്കെണിയിൽ വച്ച വടലക്കരിക്കിൻ്റെ കഷ്ണത്തിൽ കുടുങ്ങിപ്പോയ രൂപഭദ്രൻ്റെയും കഥയാണ്. ഭദ്രൻ പറയുന്ന പോലെ പ്രസൻ്റ് ടെൻസ് മാത്രം നോക്കുന്ന ആണുങ്ങളുടെയും സുഭദ്ര പറയുമ്പോലെ ഫ്യൂച്ചറും പാസ്റ്റും മാത്രം നോക്കുന്ന പെണ്ണുങ്ങളുടേയും കഥ. 60 വയസിൽ ഭർത്താവ് തട്ടിപ്പോയതിനു ശേഷം ശേഷിക്കുന്ന 20 വർഷം കൂടെ ജീവിക്കാൻ ഭദ്രനെ രൈലിയാക്കി സ്റ്റോർ റൂമിൽ സൂക്ഷിക്കുന്ന സുഭദ്ര എന്ന കഥാപാത്രം എയ്യുന്ന പരിഹാസമാണ് കഥയുടെ സൗന്ദര്യം. സങ്കല്പങ്ങൾക്ക് കടകവിരുദ്ധമാണ് യാഥാർഥ്യമെന്ന് തിരിച്ചറിയുമ്പോഴും സങ്കല്പത്തിൽ തന്നെ ആഴ്ന്ന് ജീവിക്കുന്ന നമ്മളെ ഒന്നു തോണ്ടി നോക്കിയാൽ കഥയുടെ രാഷ്ട്രീയവും മനസിലാവും. വരാൻ പോകുന്ന സുവർണ കാലത്ത് രാജാവും രാജ്ഞിയുമായി ജീവിക്കാം എന്ന മൂഢപ്രതീക്ഷയിൽ കെണിയിൽ കുടുങ്ങിയിട്ടും ബോധം നശിച്ചിട്ടും നമ്മളിപ്പോഴും ജീവിക്കുന്നുണ്ടല്ലോ. കഥയിലുടനീളം പുലർത്തുന്ന (പരി)ഹാസത്തിൻ്റെ ടോൺ വായനയെ രസകരമാകുന്നു. സത്യപ്രതിജ്ഞാ ഭാഷ പോലെയുള്ള അതിഹാസങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ നന്നായിരുന്നു എന്നു തോന്നാതിരുന്നില്ല. ആർദ്രയുടെ ശവമഞ്ചം (താബൂത്ത്) പതിവിനു വിരുദ്ധമായി പാൻ ഇന്ത്യൻ നിലപാടുള്ള കഥയാണ്. വൈയക്തിക കഥകൾക്കിടയിൽ താരതമ്യേന വേറിട്ട കഥ. പാതിരാത്രിയിൽ ഉറുമ്പു കൂടുകൾക്ക് തീയിടുന്നതു പോലെ നാമെല്ലാം എപ്പോൾ വേണമെങ്കിലും ചുട്ടെരിക്കപ്പെട്ടേക്കാം എന്ന ഭീതി കഥ സംവേദനം ചെയ്യുന്നു. അതേ സമയം കഥയെ അതിൻ്റെ ഫോക്കസിൽ തന്നെ നിലനിർത്തുന്ന കാര്യത്തിൽ അഖ്യാനം വിജയിച്ചില്ല. അമിതാഖ്യാനം കഥയുടെ ഏറ്റവും വലിയ ദോഷമാണ്, അതിവൈകാരികതയും!

മലയാളം വാരികയിൽ വി ആർ സുധീഷ് മുപ്പതു കൊല്ലം പഴക്കമുള്ള ഒരു കഥയെഴുതിയിട്ടുണ്ട്. ചന്ദ്രികാ ചർച്ചിതം. എരണ്ടത്തൂർ ചന്ദ്രി എന്ന വേശ്യയുടെ അതിസാധാരണവും അതി പരിചിതവുമായ  ജീവിതത്തെ കഥയെന്ന് പേരിട്ട് അവതരിപ്പിച്ചിരിക്കുന്നു. കഥാകൃത്തിന് സംഭവം വലുതായി തോന്നിയെന്നത് വായനക്കാരനെ പരിഹസിക്കാനുള്ള അവകാശമല്ലല്ലോ. ലജ്ജയേതുമില്ലാതെ ഇത്തരം കഥകൾ ആവർത്തിക്കുന്ന കഥാകൃത്തുക്കളെ എങ്ങനെ ശിക്ഷിക്കണമെന്ന് വായനക്കാർ തീരുമാനിക്കും.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ മനു ജോസഫ് എഴുതിയ ഹഖീഖത്ത് നല്ല കഥയാണ്. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആകാംക്ഷ നിലനിർത്തുകയും അപ്രതീക്ഷിതമായ ഒരു കഥാന്ത്യം സൃഷ്ടിക്കുകയും ചെയ്തു കഥാകൃത്ത്. താൻ താമസിക്കുന്ന വീടിൻ്റെ ഉടമയുടെ നിഗൂഡതയെക്കുറിച്ചും അയാളുടെ അവിഹിത ബന്ധങ്ങളെക്കുറിച്ചുമൊക്കെ സുഹൃത്ത് വിപിനോട് വിശദമാക്കുന്ന കഥാകൃത്ത് വിപിനെയും കൂട്ടി ആ ഫ്ലാറ്റിലെത്തുമ്പോൾ ഫ്ലാറ്റുടമ പറയുന്നത് നിങ്ങളെ ഞാനറിയില്ലല്ലോ എന്നാണ്. ആ വലിയ ഞെട്ടലിൽ നമ്മളെ നിർത്തി കഥാകൃത്ത് സ്ഥലം വിടുന്നു. ഏതാണ് സത്യം (ഹഖീഖത്ത്) എന്നറിയാതെ ഉഴലുന്നവരാണല്ലോ നാമോരോരുത്തരും. പല മാനങ്ങളിൽ വായിക്കാവുന്ന കഥയാണ് ഹഖീഖത്ത്. മനു ജോസഫിന് അഭിവാദ്യങ്ങൾ.

ഭാഷാപോഷിണി ജനുവരി ലക്കം പത്ത് കഥകൾ കൊണ്ട് സമ്പന്നമാണ്. പി വി നരസിംഹറാവു എഴുതിയ ഗൊല്ലറാമവ്വ മുതൽ വിഷ്ണു സോമരാജൻ്റെ കോളനിവൽകരണം വരെയുള്ള കഥകൾ. എം.കെ മനോഹരൻ്റെ ശിശുക്കളുടെ ഭവനം ജോഷ്വ എന്ന ഏകാകിയുടെ ജീവിതത്തിലേക്ക് വരുന്ന മൂന്നു ശിശുക്കളെക്കുറിച്ചാണ് പറയുന്നത്. അയാളുടെ വീടിൻ്റെ മുകൾനിലയിൽ വാടകക്കു താമസിക്കുന്ന മൂന്നു കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്കു വേണ്ടി അയാൾ മുറ്റത്തെ പേരമരം മുറിച്ച് തൊട്ടിലുണ്ടാക്കി. അപരൻ്റെ സന്തോഷങ്ങളിൽ പങ്കു ചേരാനും സ്വന്തം നേട്ടങ്ങളായി കരുതാനും കഴിയുക എന്ന ബിബ്ലിക്കൽ സങ്കൽപ്പമാണ് കഥയുടെ അടിസ്ഥാനം. നല്ല ഭാഷയും ആഖ്യാനവും കഥയെ മികച്ച വായനാനുഭവമാക്കുന്നു. വി ജയദേവിൻ്റെ മൂരാച്ചി എന്ന കഥ അതിൻ്റെ അസാധാരണമായ ഭാഷ കൊണ്ടും ക്രാഫ്റ്റ് കൊണ്ടുമാണ് വ്യത്യസ്തമാകുന്നത്. മരണവും ജീവിതവും ജയദേവിന് വ്യത്യസ്തമല്ല. ജീവിതത്തിൽ ബാക്കി വച്ചതൊക്കെയും മരണത്തിനു ശേഷവും നിലനിൽക്കുകയും മരിച്ചവർ അതിനെക്കുറിച്ച് വേവലാതിപ്പെടുകയും ചെയ്യും. രണ്ടു ലോകങ്ങൾക്കിടയിൽ എന്തു വ്യത്യാസമാണുള്ളത് എന്ന് തോന്നിപ്പിക്കും വിധം സ്വാഭാവികമാണ് മൂരാച്ചിയുടെ ആഖ്യാനം. മരണത്തോടൊപ്പം ഒന്നും അവസാനിക്കുന്നില്ല. പറഞ്ഞ മുദ്രാവാക്യങ്ങളും ഒന്നിലധികം കുത്തിൻ്റെ നോവും ചതുപ്പിൽ ചവിട്ടിത്താഴ്ത്തിയ നേർപാതിയുടെ വേദനയും മരണത്തിനു ശേഷവും അവശേഷിക്കുന്നു. മലയാളത്തിൽ ജയദേവിൻ്റെ ഭാഷയിൽ എഴുതാൻ വേറാരുമില്ല. വിഷ്ണു സോമരാജൻ്റെ കോളനിവൽക്കരണം അംബേദ്കർ എങ്ങനെയാണ് ഇന്ത്യയെ നിർമിച്ചത് എന്നാണ് ചർച്ച ചെയ്യുന്നത്. ജഗജീവൻ്റെ മക്കളാണ് ആമികയും ഗൗതമനും. സ്വാതന്ത്ര്യദിനത്തിന് ആമിക ഭാരതാംബയുടെ വേഷം കെട്ടി. ഗൗതമൻ അംബേദ്കറിൻ്റേയും . പേരുകളുടെ തെരഞ്ഞെടുപ്പിൽ പോലും വിഷ്ണു പുലർത്തുന്ന ശ്രദ്ധ പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. ഗൗതമൻ തൻ്റെ മീൻ കുളത്തിൽ നിന്ന് കൂട്ടുകാർക്ക് മീൻ സമ്മാനിക്കുന്നുണ്ട്. കുറച്ചു മീൻ മാത്രമുള്ള മക്കുവിന് ഗൗതമൻ കൂടുതൽ മീൻ നൽകുന്നു. കാരണം കൂടുതൽ മീനായാൽ അവൻ്റെ അപ്പൻ ഒരു പടുതാക്കുളമുണ്ടാക്കിക്കൊടുക്കാമെന്നേറ്റിട്ടുണ്ട്. തോമസിൻ്റെ വീട്ടിലെ അക്വേറിയത്തിൽ വേറെ മീനുണ്ട്. അതോണ്ട് അവന് കുറച്ചു മീൻ.. ദച്ച്മിക്കുട്ടിക്ക് സ്വർണ മീനിനോടുള്ള ആഗ്രഹം പറഞ്ഞപ്പോൾ അവൾക്ക് മൂന്നെണ്ണം കൊടുത്തു. നല്ലോണം വളർത്തിയാ ഇനിയും കൊടുക്കും എന്നാണ് ഗൗതമൻ്റെ നിലപാട്. ഈ കുട്ടികളോടൊപ്പമെത്താൻ ഇനിയും എത്ര ഓടണം എന്ന് ജഗജീവൻ ചിന്തിക്കുന്നിടത്ത് കഥ തീരുന്നു. മറ്റു കഥാകൃത്തുക്കളോടും അതു തന്നെയാണ് പറയാനുള്ളത്. ഈ കുട്ടികളോടൊപ്പമെത്താൻ നിങ്ങളൊക്കെ എത്ര വേഗത്തിൽ ഓടേണ്ടി വരും..!

സ്വന്തം നാട്ടിൽ, അല്ലെങ്കിൽ നിങ്ങൾ പൊതുവായി ചെല്ലുന്ന ഇടങ്ങളിൽ എഴുത്തുകാരൻ എന്ന വിലാസത്തിൽ നിങ്ങളെ തിരിച്ചറിയുന്ന എത്ര പേരുണ്ടാവും എന്ന് വെറുതെ ഒന്നാലോചിച്ചു നോക്കുക. സ്വയം നിർമിച്ച വലയത്തിനകത്ത് പരസ്പരം വായിക്കുകയും പ്രകീർത്തിക്കുകയും ചെയ്യുന്ന ന്യൂനപക്ഷമാണ് എഴുത്തുകാർ. ആ വർഗം ഇല്ലാതായാലും സമൂഹത്തിന് ഒന്നും സംഭവിക്കില്ല എന്നതും സത്യമാണ്. എന്നിട്ടും തങ്ങളൊക്കെ വലിയ സംഭവങ്ങളാണെന്ന് കരുതുന്നവരോട് എന്തു പറയാനാണ്..!

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account