പാതിരാ നടത്തവും ദൈവത്തിൻ്റെ പരകായപ്രവേശങ്ങളും

കഥയുടെ / എഴുത്തിൻ്റെ ആത്യന്തിക ഗുണഭോക്താവ് /ഉപഭോക്താവ് വായനക്കാരനാണ്. അതു കൊണ്ടു തന്നെ എഴുതുന്നതൊക്കെയും വായനക്കാരനു വേണ്ടിയാണ് എന്ന കാഴ്ചപ്പാടിനാണ് എഴുത്തുകാരൻ്റെ ആത്മസംതൃപ്തി തുടങ്ങിയ വ്യാജ സിദ്ധാന്തങ്ങളേക്കാൾ സ്വീകാര്യത . അങ്ങനെയാവുമ്പോൾ വായനക്കാരന് മനസിലാകുന്ന വിധത്തിൽ എഴുതേണ്ടത് എഴുത്തുകാരൻ്റെ ഉത്തരവാദിത്തമാകുന്നു. താൻ ലക്ഷ്യം വക്കുന്ന വായനക്കാരൻ്റെ വിഭാഗം / വർഗം/ ബൗദ്ധിക നിലവാരം തുടങ്ങിയവയിലൊക്കെയുള്ള വ്യതിരിക്തതകൾ അംഗീകരിച്ചു കൊണ്ടു തന്നെ വായനക്കാരൻ്റെ അപ്രമാദിത്വം വകവച്ചു കൊടുത്തേ മതിയാകൂ എന്നർഥം. വായനക്കാരനോട് സംവദിക്കാനാവാത്ത കഥകളൊന്നും തന്നെ വായിക്കേണ്ട ബാധ്യത അയാൾക്കില്ല.  മലയാളത്തിലെ  ആനുകാലിക കഥകൾ വായനക്കാരനോട് എങ്ങനെ സംവദിക്കുന്നു എന്ന് പരിശോധിക്കുന്നത് അതുകൊണ്ടുതന്നെ കൗതുകകരമാണ്. ആനുകാലികം എന്ന തലക്കെട്ടിനടിയിൽ പ്രത്യക്ഷപ്പെടുന്ന മിക്ക കഥകളും പഴം കഥകളുടെ വൈരസ്യാവർത്തനമോ പൊതു സാമുഹ്യ നിലപാടുകളോട് ചേർന്നു നിൽക്കുന്ന സംഭവ വിശകലനമോ ആണ്. വായനക്കാരനെ വായിക്കാൻ തോന്നിപ്പിക്കുന്ന സവിശേഷതകളൊന്നും തന്നെ അത്തരം കഥകൾ ഉൾക്കൊള്ളുന്നില്ല. ആഖ്യാനത്തിൻ്റെ കാര്യത്തിലും കേവലം കഥപറച്ചിൽ എന്നതിനപ്പുറം വായനക്കാരൻ്റെ മനസിലേക്കും. ബുദ്ധിയിലേക്കും ഇഴുകിച്ചേരാൻ ശേഷിയുള്ള ഭാഷയോ രചനാവൈഭവമോ എടുത്തു പറയാൻ കഥകളിലില്ല. വായനക്കാരൻ തങ്ങൾക്കു വിധേയനാണെന്നും എഴുത്തുകാരുടെ കീഴാളരാണ് വായനക്കാർ എന്നുമുള്ള മിഥ്യാബോധം ഇപ്പോഴും ചിലരെങ്കിലും വച്ചു പുലർത്തുന്നുണ്ട്.

മാതൃഭൂമിയിൽ ഗ്രേസി എഴുതിയ പാതിരാ നടത്തം ഈ തോന്നലിനെ കൂടുതൽ രൂഡമൂലമാക്കുന്നു. തന്നെ വിവാഹം കഴിക്കണമെങ്കിൽ പാതിരാത്രിയിൽ ആളൊഴിഞ്ഞ പാതയിലൂടെ നടക്കണമെന്ന തൻ്റെ ആഗ്രഹം സാധിച്ചു തരണമെന്ന് നിർബന്ധം പിടിക്കുന്ന ജയന്തി എന്ന പെണ്ണും എന്തു സാധിച്ചു കൊടുത്തും അവളെ കെട്ടിയേ തീരൂ എന്നു വാശി പിടിക്കുന്ന പ്രേമചന്ദ്രൻ എന്ന ആണുമാണ് കഥാപാത്രങ്ങൾ. അവളുടെ അഹങ്കാരത്തേയും അത്യാഗ്രഹത്തേയും അടക്കമില്ലായ്മയേക്കുറിച്ചുമൊക്കെ പതിവു പുരുഷസൂക്തങ്ങൾക്കു ശേഷം പ്രേമചന്ദ്രൻ അയാളുടെ സുഹൃത്തായ സ്ഥലം സബ് ഇൻസ്പെകർ സുശീലൻ്റെ സഹായം ഉറപ്പു വരുത്തി ഒരു രാത്രിയിൽ ജയന്തിക്ക് പാതിരാ നടത്തത്തിനുള്ള അവസരം ഒരുക്കി നൽകി. കഥയുടെ അവസാനം അവളുടെ സൗന്ദര്യം കണ്ട് മോഹിച്ച്( !) സുശീലൻ തന്നെ അവളെ കയറിപ്പിടിക്കുകയും അവൾ രക്ഷിക്കണേ എന്നുറക്കെ നിലവിളിക്കുകയും ചെയ്യുന്നു. ഈ കഥ അടിമുടി സ്ത്രീവിരുദ്ധമാണ്. ജയന്തി സ്വന്തമായി ജോലിയുള്ള സ്വയം നിർണയ ശേഷിയുള്ള പെൺകുട്ടിയാണ്. അവൾക്ക് പാതിരാക്ക് തെരുവിലൂടെ നടക്കാനുള്ള ആഗ്രഹം മറ്റൊരാൾ / പുരുഷൻ സാധിച്ചു കൊടുക്കേണ്ട ഒന്നാണ് എന്ന നിലപാടോടു കൂടി കഥ അപ്രസക്തവും അനാവശ്യവുമായിത്തീരുന്നു. സ്വാതന്ത്ര്യവും അവകാശവുമൊക്കെ മറ്റൊരാൾ നൽകേണ്ട സംഗതികളാണ് എന്നു കരുതുന്ന സ്ത്രീകൾക്ക് മോചനം അപ്രാപ്യമാണ് എന്ന് കഥാകൃത്തെങ്കിലും മനസിലാക്കിയില്ലെങ്കിൽ പിന്നെന്ത് കാര്യം. ഇനി ഈ കഥ പുരുഷ കേന്ദ്രീകൃത സമൂഹത്തിനെതിരാണെന്നും കാവലാവേണ്ടവർ തന്നെ വേട്ടക്കാരാവുന്നതിനെതിരെയാണെന്നുമൊക്കെ വാദിച്ച് പ്രതിരോധിക്കാൻ നോക്കിയാലും രക്ഷയില്ലെന്നു കാണാം. ജയന്തി കഥയുടെ ആദ്യം നടത്തുന്ന എൻ്റെ ഏറ്റവും വലിയ ആഗ്രഹം സാധിച്ചു തരുന്നവനെ ഞാൻ കെട്ടും എന്ന പ്രസ്താവന കഥയുടെ എല്ലാ അപര വായനകളേയും നിരാകരിക്കുന്നു. ക്ഷമിക്കണം, പാതിരാ നടത്തം ഗ്രേസി എഴുതിയ മോശം കഥയാണ്.

മാധ്യമത്തിൽ സലിൻ മാങ്കുഴിയുടെ ഭ്രാന്തിമാൻ 1986 ഏപ്രിൽ 17ന് എരുമേലിയിൽ വച്ച് സുകുമാരക്കുറുപ്പാണെന്ന് തെറ്റിദ്ധരിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത കിളിമാനൂരുകാരൻ രവീന്ദ്രൻ 2020 ജനുവരി 25 ന് മരിക്കും വരെയുള്ള കഥയാണ്. പോലീസിൻ്റെ കൈ പ്രയോഗത്തിൽ .മാനസികനില തെറ്റിയ രവീന്ദ്രനെയും കുടുംബത്തേയും സംരക്ഷിച്ചത് അന്നത്തെ എസ് ഐ സാബു വിൻസൻ്റായിരുന്നു. സുകുമാരക്കുറുപ്പെന്നു തെറ്റിദ്ധരിച്ച്‌ പോലീസിൻ്റെ പീഡനങ്ങൾക്കിരയായ 33 പേരുൾപ്പെടുന്ന ഭ്രാന്തിമാൻ എന്ന വാട്സ് ആപ് ഗ്രൂപ്പുമുണ്ടായിരുന്നു.  കഥയൊക്കെ കൊള്ളാം. പക്ഷേ നടേ പറഞ്ഞ സംവേദനക്ഷമത അശേഷമില്ല. കഥയുടെ നിലനിൽപിനോ കഥാകൃത്തിൻ്റെ ഉദ്ദേശ്യത്തിനോ കാര്യമായ സംഭാവനയൊന്നും നൽകാത്ത ഒട്ടനവധി കാര്യങ്ങളുണ്ട് കഥയിൽ. അവയൊക്കെ വെട്ടിക്കളയാൻ കഥാകൃത്ത് തയ്യാറായാൽ ഒരു പക്ഷേ തരക്കേടില്ലാത്ത ഒരു കഥയായി. ഭ്രാന്തിമാൻ മാറിയേനെ..

ദേശാഭിമാനിയിൽ അനീഷ് സുന്ദരേശൻ എഴുതിയ നീല വരയിട്ട കിതാബുകൾ പ്രത്യേകിച്ച് എന്തെങ്കിലും പറയാൻ വേണ്ടി എഴുതിയ കഥയൊന്നുമല്ല. മരിച്ചു പോയ പിതാവിൻ്റെ സുഹൃത്തായ എഴുത്തുകാരൻ പി കെ സി യുടെ ഭാര്യ വിളിച്ചതനുസരിച്ച് അവരെ കാണാൻ പട്ടാമ്പിയിലെത്തുന്ന അഷ്കർ, അവരുടെ വീട്ടിൽ നിന്ന് കുളിച്ച്, പി കെ സി യുടെ ബുള്ളറ്റിൽ നിരുപമയേയും (വൈക്ലബ്യത്തോടെ) കയറ്റി ടൗണിൽ പോയി പള്ളിയിൽ നമസ്കാരത്തിൽ പങ്കെടുത്ത് തിരിച്ച് വന്ന് മാങ്ങ പറിച്ച് പുളിശ്ശേരിയുണ്ടാക്കി ഊണു കഴിച്ച് അങ്ങനെ കഥ നടക്കുന്നു. അവസാനം നമ്മളെയൊക്കെ ” ഞെട്ടിച്ചു ” കൊണ്ട് ആ രഹസ്യം കണ്ടെത്തുന്നു. തൻ്റെ ഉപ്പയും നിരുപമ എന്ന പി കെ സി യുടെ ഭാര്യയും പ്രണയത്തിലായിരുന്നു എന്ന മഹാരഹസ്യം. അത്രയുള്ളൂ കഥ . ആഖ്യാനത്തിലും കഥാസന്ദർഭ, കഥാപാത്ര രൂപീകരണത്തിലുമൊക്കെ വല്ലാതെ ദുർബലമാണ്  കഥ.

മലയാളം വാരികയിൽ എം.കെ. മനോഹരൻ എഴുതിയ ദൈവത്തിൻ്റെ പരകായപ്രവേശങ്ങൾ രാത്രി രണ്ടു മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങി നടക്കുന്ന സനീഷിൻ്റെ കഥയാണ്. രണ്ടാമതൊരു വായനയിൽ കൂടുതൽ വ്യക്തമാവുന്ന, ശ്രദ്ധാപൂർവം വിന്യസിച്ചിരിക്കുന്ന വാചകങ്ങളും കഥാസന്ദർഭങ്ങളും ഈ കഥയെ മികച്ചതാക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നുണ്ട്. സനീഷ് വീട്ടിൽ നിന്നിറങ്ങാനായി വാതിൽ തുറക്കുന്ന പിശാച് രാഗമായ ഒച്ച കേട്ട് ദൈവം അവൻ്റെ അമ്മയായി അവനെ പിന്നിൽ നിന്നു വിളിച്ചു. അത് കേൾക്കാതെ തെരുവിലൂടെ നടന്ന അവനെ അമലേന്ദു എന്ന ബംഗാളി ഹോട്ടൽ തൊഴിലാളിയെക്കൊണ്ടും പിന്നീട് കിടക്കയിൽ മൂത്രമൊഴിച്ച് ഞെട്ടിയുണർന്ന ഒന്നര വയസുകാരനെക്കൊണ്ടും രണ്ടു പൂച്ചക്കുഞ്ഞുങ്ങളെക്കൊണ്ടും തടയാൻ ശ്രമിച്ചിട്ടും സനീഷ് എഴുത്തുകാരൻ അശോകൻ്റെ മുഖത്തിനു നേരെ കുതിക്കുക തന്നെ ചെയ്തു. ദൈവം പല വേഷപ്പകർച്ചകളിൽ ശ്രമിച്ചിട്ടും സനീഷിൻ്റെ പൈശാചികതയെ ചെറുക്കാനാവുന്നില്ല. പ്രമേയപരമായി പുതുമയൊന്നും അവകാശപ്പെടാനില്ലാത്തപ്പോൾ തന്നെ ആഖ്യാനത്തിലെ കൈയടക്കം കൊണ്ടും മുദ്രാവാക്യങ്ങളെ ബോധപൂർവം ഉപേക്ഷിച്ചതു കൊണ്ടും കഥ മികച്ച രീതിയിൽ സംവദിക്കുന്നു. ഇത്ര പ്രസാദത്തോടെ പ്രതീക്ഷയോടെ, ആനന്ദത്തിൻ്റേയും സ്നേഹത്തിൻ്റേയും വെളിച്ചത്തിൽ കഥ അവസാനിപ്പിച്ചത് ശരിയായില്ല. ഞങ്ങളുടെ ലോക നീതി അതല്ല. എന്ന സനീഷിൻ്റെ പ്രസ്താവന തന്നെയാണ് കഥയുടെ രാഷട്രീയം..

പ്രസാധകൻ ഫെബ്രുവരി ലക്കത്തിൽ കെ.എസ് രതീഷിൻ്റെ വീടു മുതൽ വീടു വരെ എന്ന കഥ പതിവു പോലെ ആവർത്തനം കൊണ്ടും അമിതമായ അലങ്കാര പ്രയോഗങ്ങൾ കൊണ്ടും വിരസമാണ്. സോഡാക്കുപ്പിയിൽ നിന്ന് ടപ്പേന്ന് ആത്മാവു വിട്ടു പോയത് കേട്ട് ഹെലൻ ഞെട്ടി, ക്രിസ്തുദാസിൻ്റെ ചുണ്ടിൽ നിന്നും ഒരു മൂളിപ്പാട്ട് നിരത്തിലേക്ക് ഇറങ്ങിയോടി, ഹെലൻ്റെ കവിളിൽ പൂത്ത നാണക്കുഴിയിൽ ചോദ്യ മീനുകൾ നീന്താൻ തുടങ്ങി, ഒരു ബാങ്കി ( ബാങ്കുദ്യോഗസ്ഥൻ / സ്ഥ എന്നായിരിക്കും) വന്ന് സാരിയിൽ തൊട്ടു എന്നിങ്ങനെ അനവധി വാക്യങ്ങൾ കാണാം കഥയിലുടനീളം .. അങ്ങനെയൊക്കെ പറയുന്നതോ ബാങ്കു ജീവനക്കാരിയും മാനേജരും കൂടി ഒരു വൈകുന്നേരം രഹസ്യ വേഴ്ചക്കു പോയ കഥയും. കൃത്രിമത്വമാണ് രതീഷിൻ്റെ കഥകളുടെ സാമാന്യ രൂപം. ഒട്ടും കുറയാതെ ഈ കഥയിലും അതുണ്ട്. നല്ല മഞ്ഞു വീഴുന്ന സന്ധ്യാ സമയത്ത് കൂളിംഗ് ഗ്ലാസ് വച്ച പോലെയുള്ള അസ്വാഭാവികത .. പി. രഘുനാഥ് എഴുതിയ ഇതാ ഇവിടെ ഇങ്ങനെയൊരു സ്ത്രീ സാമാന്യത്തിലധികം ബോറാണ്. പൂർണമായും സംഭാഷണരൂപത്തിലും ആത്മഗത രൂപത്തിലും എഴുതിയ കഥക്ക് കഥയാവാനുള്ള ഒരു യോഗ്യതയുമില്ല..

എഴുത്ത് കേവലമൊരു തമാശയായോ നേരം പോക്കായോ കാണുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.. സ്വയം നവീകരിക്കാനോ, എഴുത്ത് പരിശീലിക്കാനോ തയ്യാറാവാതെ എഴുത്തിനെ തന്നെ അപനിർമിക്കുന്ന ഉപജാപക സംഘത്തിൻ്റെ സാന്നിധ്യം വ്യാപകമാകുന്നുണ്ട്.. എഴുത്ത് കേവലം ആസ്വാദനത്തിനു വേണ്ടിയാണെന്നും വലിയ കാര്യങ്ങൾ പറയുക എഴുത്തിൻ്റെ ലക്ഷ്യമല്ല എന്നുമുള്ള പാഠഭേദം അതിവേഗം പ്രചരിക്കുന്നുണ്ട്..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account