കൊറോണ സ്പെഷൽ കഥകൾ

കഥയും കവിതയും തുടങ്ങി എല്ലാ സാഹിത്യ രൂപങ്ങളും അവയുടെ അന്തിമ രൂപത്തിൽ കേവലം  ഉൽപ്പന്നങ്ങളാണ്. ഉൽപ്പന്നം എന്ന നിലക്ക് സാഹിത്യത്തിൻ്റെ ലക്ഷ്യം പരമാവധി ഉപഭോക്താക്കളിലെത്തുക എന്നതുമാണ്. പ്രസിദ്ധീകരണങ്ങളെല്ലാം വാണിജ്യ താൽപര്യങ്ങൾ  കൂടി പുലർത്തുന്നവരായതുകൊണ്ട് പരമാവധി വായനക്കാരെ ആകർഷിക്കുക എന്നത് അവരുടെ പ്രഖ്യാപിത ലക്ഷ്യവുമാകുന്നു. തീർച്ചയായും രചനയുടെ ആഴം കുറക്കേണ്ടതും കൂടുതൽ പേർക്ക് സ്വീകാര്യമാവും വിധം നേർപ്പിക്കപ്പെടേണ്ടതും അവരുടെ ആവശ്യമായി മാറുന്നു. വിറ്റ കോപ്പികളുടേയും കിട്ടിയ പണത്തിൻ്റെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തപ്പെടുന്ന ചരക്കു മാത്രമായി എഴുത്ത് പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. എളുപ്പത്തിൽ സംവദിക്കാവുന്നതും കൂടുതൽ എണ്ണം വായനക്കാർക്ക് റിലേറ്റ് ചെയ്യാവുന്നതുമാവണം കഥകൾ എന്നൊരു നിലപാട് എഴുത്തു ലോകത്ത് വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. കഥ സമൂഹത്തോട് പ്രതിപ്രവർത്തിക്കാത്തതും വ്യക്ത്യധിഷ്ഠിതവുമാവുന്നതും ഈ നിലപാടിൻ്റെ ദുരന്തഫലവുമാണ്.

മാതൃഭൂമിയിൽ സേതു കാന്താബായി കരയുന്നില്ല എന്ന പേരിൽ ഒരു കഥയെഴുതിയിട്ടുണ്ട്. വായിച്ചെന്നു സൂചിപ്പിച്ചു എന്നു മാത്രം. അതിനപ്പുറം പറയാനൊന്നുമില്ല ഈ കഥയിൽ. മാധ്യമത്തിൽ രമേശൻ മുല്ലശ്ശേരി എഴുതിയ ചാർവാകൻമാർ ഉണ്ടാകുന്നത് ചർച്ച ചെയ്യുന്നത് മൂന്നു തലമുറയായി ജാതി സർട്ടിഫിക്കറ്റിന് വേണ്ടി അലയേണ്ടി വന്ന പുലയ കുടുംബത്തിൻ്റെ കഥയാണ്. രാജൻ്റെ അച്ഛൻ വെണ്ണി പണ്ട് കിഴക്കൻ മലകളിൽ പണിക്കു പോയ കാലത്ത് ക്രിസ്തുമതത്തിൽ ചേർന്നെന്ന് പറഞ്ഞ് അയാളുടെ മകൻ രാജന് ജാതി സർട്ടിഫിക്കറ്റ് നിഷേധിക്കുകയും പിന്നീട് അയാളുടെ മകൻ ഡാർവിൻ അയാളുടെ മകൻ ചാർവാകൻ്റെയൊപ്പം വന്ന് സർട്ടിഫിക്കറ്റ് വാങ്ങുന്നതുമാണ് കഥ. നമുക്കിടയിൽ ഇപ്പോഴും ജാതിയും ജാതിവിവേചനവുമുണ്ട് എന്നത് യാഥാർഥ്യമാണ്. പക്ഷേ യാഥാർഥ്യം പറയലല്ല കഥ. എന്നു മാത്രമല്ല, കഥയുടെ സത്യസന്ധത ഉറപ്പു വരുത്തുന്നതിനു വേണ്ടി കൂട്ടിച്ചേർത്ത സർക്കാരാപ്പീസിലെ ഭാഷയും നടപടിക്രമങ്ങളും കഥയുടെ ആസ്വാദ്യത തെല്ലൊന്നുമല്ല കുറക്കുന്നത്. ഇതൊക്കെയാവുമ്പോഴും രമേശൻ മുല്ലശ്ശേരി കഥയെഴുത്തിൽ ക്രമമായ പുരോഗതിയുണ്ടാക്കുന്നുണ്ട് എന്ന് എടുത്തു പറയാം. സി. സന്തോഷ് കുമാർ എഴുതിയ അവിഹിതം കോഴികളുടെ ബിംബമുപയോഗിച്ച് മനുഷ്യരുടെ അവിഹിതത്തെക്കുറിച്ച് പറയുന്ന കഥയാണ്. ആവർത്തന വിരസമായ പ്രമേയവും ആഖ്യാനത്തിലെ അലംഭാവവും കഥയുടെ ആത്മാവ് ഊറ്റിക്കളഞ്ഞിരിക്കുന്നു. മനുഷ്യർക്കിടയിലെ അവിഹിതങ്ങളെ കുറിച്ച് ഇത്രയേറെ ചർച്ച ചെയ്യുന്നതിൻ്റെ കാരണം നേരത്തെ പറഞ്ഞ ജനപ്രിയതയാണ്. അവിഹിതത്തെക്കുറിച്ച് എന്തു പറഞ്ഞാലും മലയാളി രണ്ടു കൈയും നീട്ടി വാങ്ങും എന്ന് എഴുതുന്നവർക്കുമറിയാം, പ്രസിദ്ധീകരിക്കുന്നവർക്കുമറിയാം.

ദേശാഭിമാനിയിൽ എബ്രഹാം തടിയൂർ എഴുതിയ ഒരു കൊച്ചു സ്വപ്നത്തിൻ ചിറകുമായ് എന്ന കഥ അസ്സലൊരു പൈങ്കിളിക്കഥയാണ്. ഭർത്താവിൻ്റെ മുൻ കാല പ്രണയം, അതിലെ കാമുകിയുമായുള്ള ഒളിച്ചോട്ടം, മടങ്ങിവരവ്, പിന്നീട് അവളെ വിട്ട് ഇവളെ കെട്ട്, എല്ലാം അറിഞ്ഞിട്ടും പൊറുക്കുന്ന ആദർശവതിയായ ഭാര്യ, ഒന്നും പറയണ്ട. ഇതൊക്കെ കൂടി ഒരു റിയാലിറ്റി സംഗീത പരിപാടിയുടെ പശ്ചാത്തലത്തിൽ പറഞ്ഞു വക്കുന്നു. മതിയല്ലോ, അതല്ലേ വ്യത്യസ്തത ..! കഷ്ടം എന്നേ പറയേണ്ടൂ.. രമേശ് ബാബു എഴുതിയ വേഷങ്ങൾ എന്ന കഥ ഭർത്താവുപേക്ഷിച്ചു പോയ സുസ്മിതയെ സ്വന്തം ജീവിതത്തിൽ ചേർത്ത്  ജീവിച്ച ഒരാളുടെ കഥയാണ്. കഥയിൽ പ്രത്യേകിച്ചൊന്നുമില്ല. വായിക്കാവുന്ന ഭാഷയിൽ എഴുതിയ ലളിതമായ കഥ, അത്രേയുള്ളൂ. പ്രതാപൻ എഴുതിയ ശൂന്യമാക്കപ്പെട്ട വലകൾ എന്ന കഥ ഇതേ പോലെ തന്നെ നാം എത്രയോ തവണ കേട്ടു കഴിഞ്ഞതാണ്. ബഷീർ എന്ന മുതിർന്ന സഹപാഠി ശരത്ചന്ദ്രൻ എന്ന കൂട്ടുകാരനു വേണ്ടി തത്തയെ പിടിക്കാൻ മരത്തിൽ കയറി, പാമ്പു കടിയേറ്റ് മരിച്ചു, 40 വർഷങ്ങൾക്കു ശേഷം ശരത്ചന്ദ്രൻ ബഷീറിൻ്റെ ഉമ്മയെ സന്ദർശിക്കുന്നു, ഇതാണ് കഥ.. അവിടെ ചെല്ലുമ്പോൾ ബഷീറിൻ്റെ അനിയത്തി ഖദീജയുടെ മകൻ വളർത്തുന്ന ധാരാളം തത്തകളെ കണ്ട് ശരത്ചന്ദ്രൻ അത്ഭുതപ്പെട്ടു. ഇതൊക്കെയാണ് കഥ.. ഇതൊക്കെ മതി കഥ..

മലയാളം വാരികയിൽ കോവിഡ് കാലത്ത് പൊറാട്ടിൽ പെൺവേഷം കെട്ടാൻ സാധിക്കാത്തതിലുള്ള സങ്കടം എന്ന തരത്തിൽ ഒരു നല്ല കവർ സ്റ്റോറി എഴുതിയിട്ടുണ്ട് ബീന മാരിപ്പൊറാട്ട് എന്ന പേരിൽ .. ചാനലുകളിലും പ്രസിദ്ധീകരണങ്ങളിലുമുള്ള ഒരു വർത്തമാനകാല തമാശയാണ് എന്തിൻ്റെയുമൊപ്പം കോവിഡ് എന്നു ചേർക്കുക എന്നത്. കോ വിഡ് പാചകം, കോവിഡ് സൗന്ദര്യ ചികിത്സ എന്നിങ്ങനെ. അല്ലാതെ ഇതൊക്കെ എങ്ങനെ കഥയാവുന്നു എന്ന് ഒരു പിടിയും കിട്ടിയില്ല എൻ്റെ കൊറോണ ദൈവങ്ങളേ..

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ സുധ തെക്കേമഠവും എഴുതിയിട്ടുണ്ട് ഒരു കൊറോണക്കഥ. പതിവുപോലെ മക്കൾ വലുതാവുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന അമ്മയച്ഛൻമാരും അവരുടെ ഏകാന്തതയും പൊടിക്ക് ഗൃഹാതുരതയും കൂട്ടിച്ചേർത്ത് എഴുതിയ കഥയാണ് വല.. പല തവണ പറഞ്ഞ ഒരു വിഷയത്തെ കൊറോണയുമായി ബന്ധിപ്പിച്ചു എന്നു മാത്രം.

പുതിയ കാലത്തോട് സംവദിക്കുന്ന ഒരു കഥാ പരീക്ഷണങ്ങളും നടക്കുന്നില്ല മലയാളത്തിൽ . ഉപരിപ്ലവതയുടെ ആറാട്ടും ആത്മരതിയുടെ എഴുന്നള്ളത്തുമല്ലാതെ ഒന്നും സംഭവിക്കുന്നില്ല. മധ്യവർഗ ജീവിതങ്ങളുടെ സുരക്ഷിതത്വത്തിൽ നിന്നു കൊണ്ടെഴുതുന്ന നിർജീവ രചനകളെയാണ് നാം കഥയെന്നും കവിതയെന്നും പ്രകീർത്തിക്കുന്നത്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account