ചുവന്ന ഉപ്പും നാടിനു മേൽ കാടിൻ്റെ അധിനിവേശവും

പഴയത് മഹത്തരമാണെന്നും പഴമയിലേക്ക് മടങ്ങുകയും പഴമയെ അംഗീകരിക്കുകയും ചെയ്യുന്നത് ഉന്നതമായ സാംസ്കാരിക നിലപാടാണെന്നുമുള്ള ഒരു വികല കാഴ്ചപ്പാട് നമ്മുടെ സമൂഹത്തിൻ്റെ എല്ലാ ഘടകങ്ങളേയും ബാധിച്ചിട്ടുണ്ട്. സ്വാഭാവികമായും എഴുത്തിനേയും സാഹിത്യത്തേയും സ്വാധീനിക്കുന്നതിലും ഈ പഴമയുടെ വക്താക്കൾ വിജയിക്കുന്നതായി കാണാം. ലോകത്തോടും ജീവിതത്തോടുമൊപ്പം എഴുത്തും സാഹിത്യവും വളരുന്നതും പുതിയ സിദ്ധാന്തങ്ങളും രീതികളും രൂപപ്പെടുന്നതുമാണ് സ്വാഭാവികം.പഴയതുകൾ മനുഷ്യൻ്റെ പല പ്രതിസന്ധികളേയും ആശങ്കകളേയും അഭിസംബോധന ചെയ്യാൻ അപര്യാപ്തമായതുകൊണ്ടാണ് അവ ക്രമാനുഗതമായി പരിണമിച്ചതും നവീന നിലപാടുകൾ രൂപപ്പെട്ടതും. എന്നാൽ ഇപ്പോൾ അങ്ങനെയല്ല സംഭവിക്കുന്നത്. പഴയ മാതൃകകളെ സിദ്ധാന്തവൽക്കരിക്കുകയും അവിടേക്കുള്ള മടങ്ങിപ്പോകലിനെ ഉദാത്തമെന്ന് സിദ്ധാന്തിക്കുകയും ചെയ്യുന്നു സാംസ്കാരിക കേരളത്തിൻ്റെ മുഖ്യധാരാ സാഹിത്യ പ്രായോജകരത്രയും. ഭഗവദ്ഗീതയും മഹാഭാരതവും ചർച്ച ചെയ്യാനും വ്യാഖ്യാനിക്കാനുമുള്ള ശ്രമങ്ങളിൽ തന്നെ ചുറ്റിപ്പിണഞ്ഞു കിടപ്പാണ് സാഹിത്യവും സമൂഹവും. മനുഷ്യൻ്റെ ധിഷണയോടൊപ്പം സഞ്ചരിക്കാൻ ശ്രമിക്കാതിരിക്കുകയും കഴിയുന്നത്ര പിന്നാക്കം നടക്കുകയും ചെയ്യുകയാണ് ഇപ്പോൾ പുരോഗമനത്തിൻ്റെ അടയാളം.

മാതൃഭൂമിയിൽ എബ്രഹാം മാത്യു “ലോകമാം ഗംഭീര വാരിധിയിൽ.. ” എന്ന തലക്കെട്ടിലും പത്രാധിപർ കഥ എന്ന വിഭാഗത്തിലും ഉൾപ്പെടുത്തിയ ഒരു സംഗതിയുണ്ട്. അതിലെന്തെങ്കിലും കഥയുണ്ടോ എന്ന് തിരിച്ചും മറിച്ചും നോക്കിയിട്ടും ഒന്നും കണ്ടെത്താനായില്ല. മുൻ കാല ഗജവീരൻമാരെ നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിക്കുന്നത് നല്ലതു തന്നെ.. പക്ഷേ അവരുടെ കൊമ്പുകൾ വിള്ളൽ വീണവയാണോ എന്നും വാലിലെ രോമം കൊഴിഞ്ഞതാണോ എന്നും പരിശോധിക്കണം. വെള്ള വീണ പീളയൊഴുകുന്ന കണ്ണുകൾ കൊണ്ട് അവർ കാണുന്ന കാഴ്ചകൾക്ക് അത്ര തെളിമയുണ്ടായ്ക്കൊള്ളണമെന്നില്ല. ഏതായാലും ഈയിടെ മാതൃഭൂമി തുറക്കുമ്പോൾ ആകെക്കൂടി ഒരു പഴകിയ ഗന്ധമാണ്.

മാധ്യമത്തിൽ ഷൈന എഴുതിയ കറപ്പൻ എന്ന കഥ ജയിലിനകത്ത് ജീവിക്കുന്ന കറപ്പൻ എന്ന പൂച്ചയെക്കുറിച്ചാണ്. തടവിലാക്കപ്പെടുന്നവരുടെ മാനസിക വൈകാരിക വിനിമയങ്ങളെ കഥ ആഴത്തിൽ ചർച്ച ചെയ്യുന്നു. പുറം ലോകത്തിന് നിസ്സാരമായ ഓരോ കാഴ്ചയും ജയിലിനുള്ളിൽ അകപ്പെട്ടവർക്ക് എത്ര പ്രധാനമാണെന്നും അതിലപ്പുറം ഒരു ജയിൽപുള്ളി എത്ര സൂക്ഷ്മമായാണ് ജീവിതത്തെ നിരീക്ഷിക്കുന്നതെന്നുമാണ് കഥ പങ്കു വയ്ക്കുന്ന കൗതുകം . പറയുന്ന കഥക്ക് സമാന്തരമായി മറ്റൊരു ആഖ്യാനം കൂടി നടക്കുന്നുണ്ട് കറപ്പനിൽ. നിയമ വ്യവസ്ഥയുടെ സുഗമമായ പ്രയാണത്തിന് തടസമുണ്ടാക്കിയേക്കാവുന്ന ഏതു പൂച്ചകളും വേട്ടയാടപ്പെടുകയും നാടുകടത്തപ്പെടുകയും ചെയ്തേക്കാം.. അവിടെ ആരാണ് തെറ്റുകാരെന്നോ ചെയ്ത തെറ്റെന്തെന്നതോ പ്രസക്തമേയല്ല.. വേട്ടയാടപ്പെടുക എന്നതാണ് പ്രധാനം. നല്ല കഥയാണ് കറപ്പൻ.

ദേശാഭിമാനിയിൽ കണക്കൂർ ആർ സുരേഷ് കുമാർ എഴുതിയ ദൈവികം എന്ന കഥ മനുഷ്യൻ്റെ ദൈവ വിശ്വാസത്തെ ചുറ്റിപ്പറ്റി ആഴത്തിലുള്ള ചർച്ചകൾ ഉൾക്കൊള്ളുന്നുണ്ട്. ദൈവത്തെ നിഷേധിക്കുന്നതിലും എളുപ്പം വിശ്വസിക്കുന്നതാണ് എന്നും എല്ലാ ദൈവ വിശ്വാസങ്ങളും കഥകളിലൂടെ ഉണ്ടായതല്ലേ എന്നുമൊക്കെയുള്ള കഥയിലെ നിരീക്ഷണങ്ങൾക്ക് എക്കാലത്തും പ്രസക്തിയുമുണ്ട്. പക്ഷേ അത്തരം ദർശനങ്ങളൊന്നും പറഞ്ഞു ഫലിപ്പിക്കാൻ സാധിക്കുന്ന ഭാഷയിലല്ല കഥ എഴുതിയിട്ടുള്ളത്. പരത്തിപ്പറയലിൻ്റേയും  ആവർത്തിച്ചു പറയലിൻ്റേയും എല്ലാ ദോഷങ്ങളും കഥയിലുണ്ട്. വാഹനങ്ങൾ അവിടെ ചീറിപ്പായുന്നു. വിവിധ വർണത്തിലുള്ള കാറുകൾ, ബസുകൾ, റിക്ഷകൾ, ബൈക്കുകൾ പോലീസു വണ്ടികൾ.. ആംബുലൻസുകൾ… എല്ലാം പായുകയാണ് എന്ന വാചകം ഒരുദാഹരണം മാത്രം. നല്ലൊരു കഥ ആഖ്യാനം കൊണ്ടു ദുർബലമായിപ്പോയി എന്നതത്രേ ദൈവികത്തിൻ്റെ പരാജയം. സുരേഷ് കുമാർ വി എഴുതിയ ഉറങ്ങുന്നവരുടെ ആംബുലൻസ് ആശുപത്രികളു മാർക്കറ്റിംഗ്, ബിസിനസ് തന്ത്രങ്ങളെക്കുറിച്ചാണ് പറയുന്നത്. വഴിയിൽ അപകടത്തിൽ പെടുന്നവരെ വാരിയെടുത്ത് വിൻസൻ്റ് ഗോമസിൻ്റെ ആശുപത്രിയിലെത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാർക്ക് വേണ്ടി നടത്തുന്ന പാർട്ടിയാണ് രംഗം. ഓരോ കേസും ആശുപത്രിയിലെത്തിക്കുന്നതിന് അപ്പപ്പോൾ കൊടുക്കുന്ന പ്രതിഫലത്തിനു പുറമേയാണ് ഇത്തരം പാർട്ടികൾ. ആശുപത്രികൾ വെറും ലാഭ സ്ഥാപനങ്ങളാണ് എന്ന് കഥ ഊന്നിപ്പറയുന്നു. അത്രയും നന്ന്.. വലിയ ആർഭാടമൊന്നുമില്ലാത്ത ഭാഷ കഥാവായനയെ ക്ലേശ രഹിതമാക്കുന്നുണ്ട്. അതേ സമയം ഈ പ്രമേയത്തിന് കുറേക്കൂടി ആഴത്തിലുള്ള ചില കാഴ്ചകൾ കൂടി ആവാമായിരുന്നു എന്നു തോന്നി. ആർക്കുമറിയാവുന്ന കാര്യങ്ങളെ കഥ എന്ന് പറയാനാവില്ലല്ലോ…

മലയാളം വാരികയിൽ ജേക്കബ് എബ്രഹാം എഴുതിയ മനമേ പക്ഷിഗണങ്ങൾ ഉണർന്നിതാ പാടുന്നു എന്ന കഥ മനുഷ്യൻ പ്രകൃതിക്കു മേൽ നടത്തിയ എല്ലാ അധിനിവേശങ്ങളേയും പ്രകൃതി മറികടക്കുമെന്നും നാടിനു മുകളിൽ കാടിൻ്റെ അധിനിവേശമുണ്ടാകുമെന്നും പ്രവചിക്കുന്നു. തികച്ചും നാട്ടുമരമായിരുന്ന റബറിന് പോലും കാട്ടുമരങ്ങളുമായുള്ള കൂട്ടിൻ്റെ ഫലമായി കാടൻ സ്വഭാവം വന്നിരിക്കുന്നു എന്ന കണ്ടെത്തലാണ് കഥയുടെ മർമം. കുരങ്ങനും, കാട്ടുപോത്തും മരപ്പട്ടിയുമൊക്കെ നമ്മുടെ ജീവിതത്തെ പുനർനിർവചിക്കും എന്ന കഥാകൃത്തിൻ്റെ നിലപാടിന് കട്ട സപ്പോർട്ട്. കഥ മനുഷ്യൻ്റെയോ മൃഗങ്ങളുടേയോ പക്ഷം പിടിക്കുന്നില്ല എന്ന കാര്യം ശ്രദ്ധേയമാണ്. അർഹതയുള്ളവയുടെ അതിജീവനത്തെ കുറിച്ചുള്ള നിശ്ചിതമായ അനിശ്ചിതത്വം കഥയെയും ബാധിച്ചിട്ടുണ്ട്. മികച്ച കഥയാണ് മനമേ പക്ഷി ഗണങ്ങൾ ഉണർന്നിതാ പാടുന്നു…

ചന്ദ്രികയിൽ എമിൽ മാധവി എഴുതിയ ചുവന്ന ഉപ്പ് എന്ന കഥ മലയാളത്തിൽ അത്രയൊന്നും സുലഭമല്ലാത്ത വായനാനുഭവം നൽകുന്നു. കടലിൽ മുങ്ങി മരിച്ചു പോയ ഒരാൾ ശരീരമില്ലാതെ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ജീവിതമാണ് കഥ. വിചിത്രമായ കാഴ്ചകളും അപ്രതീക്ഷിതമായ പരിണാമങ്ങളും കൃത്യമായ ചേരുവയിലും വേഗത്തിലും ചേർത്തിട്ടുള്ള വൈകാരിക സൂചകങ്ങളും കഥയെ വ്യത്യസ്തമാക്കുന്നു. ഇത്തരം കഥകൾ മലയാളത്തിൽ നീലക്കുറിഞ്ഞി പൂക്കും പോലെ കിട്ടുന്നതാണ്. ചന്ദ്രികയുടെ പത്രാധിപർക്കും എമിൽ മാധവിക്കും അഭിവാദ്യങ്ങൾ.

എഴുത്ത് മാസികയിൽ അഖില കെ എസ് എഴുതിയ അമ്മക്കള്ളി ആഖ്യാനം കൊണ്ട് മനോഹരമായ കഥയാണ്. സ്വന്തം മരണത്തിനു മുമ്പ് ജീവിതത്തിലെ എല്ലാ കടങ്ങളും വീട്ടാൻ ശ്രമിക്കുന്ന അമ്മയാണ് അമ്മക്കള്ളി .. ഒട്ടും കൃത്രിമത്വമില്ലാതെ വൈകാരികത കൊണ്ട്  കഥ പൂരിതമാക്കാൻ കഥാകൃത്തിന് കഴിഞ്ഞിരിക്കുന്നു. അഖിലക്ക് അഭിവാദ്യങ്ങൾ. ജോസ് പനച്ചിപ്പുറത്തിൻ്റെ അതിരമ്പുഴയും ഷേബാ രാജ്ഞിയും വായിക്കുമ്പോൾ ചിരി വരും. ലോകത്തുള്ള സർവ സെലിബ്രിറ്റികളുടെയും മധ്യതിരുവിതാംകൂറിലെ വേരുകൾ കണ്ടു പിടിക്കാനുള്ള മനോരമയുടെ വൈഭവം പനച്ചി സാറിനേയും ബാധിച്ചിരിക്കുകയാണ്. ബൈബിളിലെ ഷേബാ രാജ്ഞിക്ക് അതിരമ്പുഴയിൽ വേരുകളുണ്ടെന്നൊക്കെ തട്ടി വിടുന്നതു കേട്ടാൽ ആശ്ചര്യം കൊണ്ട് മൂക്കത്തു വിരൽ വച്ചു പോകും. ഒടുവിൽ ഇത്തിരി കൊറോണയും ചേർത്ത് ഉപ്പുമിട്ട് വെന്തു പാകമാവുമ്പോൾ അടുപ്പിൽ നിന്നിറക്കി ചൂടോടെ വിളമ്പാം എന്നെഴുതി അവസാനിപ്പിക്കാമായിരുന്നു കഥ..

നല്ല കഥകളുമായി അടുത്തയാഴ്ച വീണ്ടും കാണാം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account