കഥയുടെ പശ്ചാത്ഗമനങ്ങൾ

സജീവവും ക്രിയാത്മകവുമായ സാംസ്കാരിക രംഗം ഒരു ജനതയുടെ സാമൂഹ്യാരോഗ്യത്തിൻ്റെ സൂചകമാണ്. കഥകളും കവിതകളും മുതൽ നൃത്തവും നാടകവും വരെ പരസ്പരപൂരകങ്ങളാവുകയും ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്തതിൻ്റെ സദ്ഫലമാണ് നാമിപ്പോൾ ജീവിക്കുന്ന ഈ സമൂഹത്തിൻ്റെ ഘടന. ഘടനാപരമായ ഇത്തരം പരിഷ്കാരങ്ങൾ നിരന്തരമായി പുന:ക്രമീകരിക്കപ്പെടേണ്ടതുണ്ട്. അതു വഴി മാത്രമാണ് പുരോഗമനത്തിൻ്റെ തുടർച്ച സാധ്യമാക്കാൻ സാധിക്കുക. എന്നാൽ നമുക്കിപ്പോൾ അത്തരം തുടർച്ചകൾ ലഭ്യമല്ല എന്നതാണ് വാസ്തവം. കലയുടേയും സാഹിത്യത്തിൻ്റെയും പരമ്പരാഗത നിലപാടുകളെ മറികടക്കുന്നതു പോയിട്ട് പാരമ്പര്യ രൂപഘടനയെപ്പോലും അതിലംഘിക്കാൻ നമുക്കു സാധിക്കുന്നില്ല. അതു കൊണ്ടാണ് കൊറോണ പ്രതിരോധ സന്ദേശങ്ങൾക്ക് കഥകളിയുടെ രൂപവും സ്ത്രീവിമോചന സന്ദേശം പ്രചരിപ്പിക്കാൻ തിരുവാതിര കളിയുടെ ചുവടുകളും ഉപയോഗിക്കാൻ നമുക്കു സാധിക്കുന്നത്. ഇത്തരം അടഞ്ഞ സംസ്കാര രൂപങ്ങളെ നിരാകരിക്കുകയും പുത്തൻ രൂപങ്ങൾ ആവിഷ്കരിക്കപ്പെടുകയും വേണം. കഥയിലും അവസ്ഥ ഇതു തന്നെയാണ്. പറഞ്ഞു പഴകിയ പ്രമേയങ്ങളും അതിലേറെ പഴഞ്ചൻ ആവിഷ്കാരസങ്കേതങ്ങളും കഥയുടെ സംവേദനക്ഷമതയെ ശരിക്കും തകർത്തു കളയുന്നുണ്ട്. പുതിയ പ്രമേയങ്ങളോ രാഷ്ട്രീയ സാമൂഹ്യ നിലപാടുകളോ രൂപപ്പെടാൻ ഒട്ടും സഹായകമല്ല മലയാള കഥാലോകത്തിൻ്റെ നിലവിലെ ഘടന. സമൂഹത്തിൻ്റെ തൊഴിൽ, വിദ്യാഭ്യാസ ബൗദ്ധിക സാങ്കേതിക മേഖലകളിലുണ്ടാകുന്ന വിജ്ഞാന, വിവര വിസ്ഫോടനങ്ങളുടെ യാതൊരു പ്രതിഫലനവുമില്ലാതെ മലയാള കഥാലോകം ഇപ്പോഴും ആൺ പെൺ പ്രതിസന്ധികളിലും വിവാഹം, കുടുംബം തുടങ്ങിയ പരമ്പരാഗത ആശയങ്ങളിലും തന്നെ പിണഞ്ഞു കിടപ്പാണ്. അഥവാ കുറച്ചു രാഷ്ട്രീയം പറയാൻ ആരെങ്കിലും ശ്രമിച്ചാലതാവട്ടെ ഹിന്ദു മുസ്ലീം ദ്വന്ദങ്ങളുടെ കേവലാഖ്യാനത്തിനപ്പുറം പോവുകയുമില്ല.

മാതൃഭൂമിയിൽ യു.കെ. കുമാരൻ അബ്ദുറഹിമാനും അമർനാഥും എന്ന പേരിൽ ഒരു കഥ ( എന്നദ്ദേഹം കരുതുന്നു) എഴുതിയിട്ടുണ്ട്. തക്ഷൻ കുന്നു സ്വരൂപമൊക്കെ എഴുതിയ അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തിക്കൊണ്ട് പറയട്ടെ, എഴുതാനൊന്നുമില്ലെങ്കിൽ എഴുതാതിരിക്കുന്നതാണ് മര്യാദ. വായനക്കാരോട് എന്തുമാവാം എന്നു കരുതരുത്. സത്യം പറഞ്ഞാൽ ആ കഥ വായിച്ചു മുഴുമിക്കുക എന്നതു തന്നെ ദുഷ്കരമായിരുന്നു. അരോചകമായ ഭാഷയും മറ്റുള്ളവരെ വിഡ്ഡികളാക്കുന്ന കഥാ തന്തുവും.. ക്ഷമിക്കണം പറയാതിരിക്കാനാവില്ല.

ഭാഷാപോഷിണിയിൽ മാനസി എഴുതിയ വീട് എന്ന കഥയും അസാധ്യമായി ബോറടിപ്പിക്കും. കാലങ്ങൾക്കു ശേഷം സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നയാളുടെ വഴി മറക്കലിൽ തുടങ്ങി അവരുടെ അനുഭവങ്ങൾ ഫ്ലാഷ്ബാക്കായി പറഞ്ഞു പോകുന്ന ഈ കഥയൊക്കെ എത്ര തവണ വായിച്ചു കഴിഞ്ഞിരിക്കുന്നു നമ്മൾ. മാനസിക്കൊക്കെ മലയാളത്തിൽ വ്യക്തമായ സ്ഥാനം വായനക്കാർ നൽകിക്കഴിഞ്ഞിട്ടുണ്ട്. പിന്നെയുമെന്തിനാണ് ഇത്തരം ചപ്പുചവറുകൾ എഴുതി വെറുതെ സ്വയം താണുപോകുന്നത്.?  എഴുത്തുകാർക്ക് സ്വന്തം കഥകളുടെ പരിമിതിയെ മറികടക്കാനുള്ള ആർജവമുണ്ടാകേണ്ടതുണ്ട്. സ്വയം നവീകരിക്കാൻ ശ്രമിക്കുക എഴുതുന്ന ഏതൊരാളുടേയും ഉത്തരവാദിത്തമാണ്. നിർഭാഗ്യവശാൽ കഥകളുടെ നിലവാരം ഉറപ്പുവരുത്തുക എന്ന അടിസ്ഥാന കാര്യത്തിൽ ആരും ശ്രദ്ധ ചെലുത്തുന്നില്ല എന്നു മാത്രം.

ദേശാഭിമാനിയിൽ ശ്രീലത എഴുതിയ ലീലാവിലോലം അംബി എന്ന വൃദ്ധയുടെ ദീനക്കിടക്കക്കരികെ കാവലിരിക്കുന്ന ഭർത്താവ് മനോഹരൻ്റെ ആത്മഗതങ്ങളാണ്. പ്രത്യേകിച്ചൊന്നുമില്ല.. ആശുപത്രിക്കിടക്ക, കാണാൻ വരുന്നവർ, മരുന്ന് ഒടുവിൽ മരണം. അതിനിടയിൽ തങ്ങളെക്കുറിച്ച് അന്വേഷിക്കാൻ തയ്യാറാവാത്ത മക്കളെക്കുറിച്ചുള്ള പായാരം, കൂട്ടത്തിൽ യൗവനത്തിലെ രതിയെക്കുറിച്ചുള്ള ഓർമകൾ, അങ്ങനെയൊക്കെ സാമാന്യത്തിലധികം ബോറായ ഒരു കഥ.

മഹേഷ് വെട്ടിയാർ എഴുതിയ ഇരട്ടവാലൻ പുഴു ഒരു നോവൽ മോഷണവും അതിനെ സംബന്ധിച്ച് വക്കീലുമായി എഴുത്തുകാരൻ നടത്തുന്ന ചർച്ചകളുമാണ് വിഷയം. ഒടുവിൽ ഈ പറഞ്ഞതത്രയും താനൊരു കഥയായി എഴുതുമെന്ന് പറഞ്ഞ വക്കീലിനെ തട്ടാൻ എഴുത്തുകാരൻ തയാറെടുക്കുന്നിടത്ത് കഥ തീരുന്നു. കഥ എന്ന രൂപത്തിന് വായനക്കാരനിൽ വ്യക്തമായ ഒരു ചിത്രം രൂപീകരിക്കാൻ കഴിയേണ്ടതുണ്ട്. ഈ കഥ മുഴുവൻ വായിച്ചാലും നമുക്ക് എന്തൊക്കെയോ കുറേ വാക്കുകൾ എന്നതിനപ്പുറം ഒന്നും കിട്ടുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ കഥയിൽ ചുരുങ്ങിയത് ഒരു കഥയെങ്കിലും വേണ്ടേ എന്ന ചോദ്യം ബാക്കിയാണ്.

മാധ്യമം ആഴ്ചപ്പതിപ്പിൽ മുഖ്താർ ഉദരംപൊയിൽ എഴുതിയ ബ്ലാക്ക്മാൻ എന്ന കഥ വലിയ കാൻവാസിൽ എഴുതാൻ ശ്രമിച്ച കഥയാണ്. സ്വസ്ഥമായ, മത സൗഹാർദ്ദമുള്ള ഒരു സമൂഹത്തിൽ ഉരുത്തിരിഞ്ഞു വരുന്ന നവ ദേശവിരുദ്ധ സൈദ്ധാന്തികതയുടെ പ്രയോഗവൽക്കരണമൊക്കെ വരേണ്ടിയിരുന്ന ഒരു കഥ. പക്ഷേ നമ്മുടെ എഴുത്തുകാർക്ക് ഈയിടെയായി മതസൗഹാർദ്ദം ചില ചിഹ്നങ്ങളിലും വാചകങ്ങളിലും സൂചിപ്പിച്ചാലേ ശരിയാവൂ. ബാബുവിൻ്റെ അനിയത്തിക്ക് തയ്ക്കാനായി ഉമ്മ കറുത്ത പർദ്ദ തന്നെ കൊടുത്തേൽപ്പിക്കേണ്ടതുണ്ട്. മത സൗഹാർദ്ദത്തിൻ്റെ കൃത്രിമമായ പ്രകടനപരതകൾ മിക്കപ്പോഴും കഥയെ പരിഹാസ്യമാക്കുകയും ചെയ്യുന്നു. ബ്ലാക്ക്മാൻ ചർച്ച ചെയ്യുന്ന വിധമുള്ള സാമൂഹ്യ സാഹചര്യം കേരളത്തിലില്ല എന്നതാണ് മറ്റൊരു കാര്യം. ഇവിടെ ബാബുവിനെ തടഞ്ഞു വക്കുകയും കള്ളൻ ചൊക്കൻ്റെ മകനായതു കൊണ്ട് അവനെ കള്ളൻ എന്ന് മുൻ വിധിക്കുകയും ചെയ്യുന്ന പൗരത്വ പ്രശ്നത്തിൽ പ്രതിഷേധിക്കാൻ കെട്ടിയുണ്ടാക്കിയ പന്തലിനു മുന്നിലെ ജനക്കൂട്ടം കറണ്ടു പോയ നേരത്ത് തലക്ക് തല്ലിക്കൊല്ലുന്നത് കഥാനായകനെയാണ്. കഥയുടെ തുടക്കത്തിൽ അബു മൊല്ലയെ ആൾക്കൂട്ടം വളഞ്ഞിട്ടാക്രമിക്കുകയായിരുന്നു എന്ന വാചകത്തിലൂടെ കഥ അതിൻ്റെ രാഷ്ട്രീയം വ്യക്തമാക്കുന്നുമുണ്ട്. കേരളത്തിൽ ഇത്തരമൊരു സാധ്യതയില്ല/ കേരളത്തിൻ്റെ രാഷ്ട്രീയ സാഹചര്യം മറ്റൊന്നാണ് എന്ന നിലപാടാണ് കഥകൾ മുന്നോട്ടു വക്കേണ്ടത്. അത്തരമൊരു നിലപാട് സ്വീകരിക്കുന്നതിൽ ബ്ലാക്ക് മാൻ പരാജയപ്പെട്ടു പോയിരിക്കുന്നു. കുറച്ചു കൂടി മുന്നോട്ട് സഞ്ചരിക്കാനും വാർത്തകളുടെ ലോകത്തു നിന്ന് മോചനം നേടാനും കഥാകൃത്തുക്കൾ ബോധപൂർവം ശ്രമിക്കേണ്ടതുണ്ട്. മാധ്യമത്തിൽ മനോജ് പറയട്ട എഴുതിയ ഒരു തിരക്കഥയും ചെറുകഥ എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പേര് ഷോർട്ട് ഫിലിം . ഹെൽമറ്റ് ഉപയോഗിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവൽക്കരണത്തിന് ഡോക്യുമെൻററി ആയി ഷൂട്ട് ചെയ്യാവുന്ന തിരക്കഥയാണ് സംഭവം. പക്ഷേ ദയവായി കഥ എന്നു വിളിക്കരുത്.

മലയാളം വാരികയിൽ ജിസ ജോസ് എഴുതിയ പുഷ്പകവിമാനം എന്ന കഥയും ക്ലീഷേയാണ്. അച്ഛൻ മരിച്ച രണ്ടു പെൺകുട്ടികൾ അവരുടെ ചിറ്റപ്പനിൽ നിന്നും പിന്നീട് ജോലിക്ക് പോകുന്ന ഐസ് ഫാക്ടറിയിൽ നിന്നുമൊക്കെ നേരിടുന്ന ലൈംഗികാതിക്രമങ്ങൾ തന്നെയാണ് കഥക്ക്  പറയാനുള്ളത്. അതിനു പശ്ചാത്തലമായി പഴയൊരു തമിഴ് സിനിമയായ പുഷ്പകവിമാനത്തിൻ്റെ പേര് ഉപയോഗിച്ചു എന്നു മാത്രം.. പഴയ കുപ്പിയിൽ അതിലും പഴയ വീഞ്ഞ് എന്നു മാത്രമേ കഥയെക്കുറിച്ച് പറയാനാവൂ. ഒട്ടും ആകർഷണീയമല്ലാത്ത ആഖ്യാനം കൂടിയായതോടെ കഥയുടെ കഥ കഴിഞ്ഞു. ഇടക്ക് അട്ടപ്പള്ളത്തെ ജയശ്രീ  ഐസ് ഫാക്ടറി എന്നൊക്കെയൊരു സൂചന നൽകുന്നുണ്ടെങ്കിലും കഥയെ വാളയാർ വരെയെത്തിക്കാനൊന്നും ജിസാ ജോസിന് കഴിഞ്ഞില്ല.

കേരളകൗമുദിയിൽ ശ്രീകുമാർ എഴുത്താണി എഴുതിയ കെയർടേക്കർ എന്ന കഥ ക്രമരാഹിത്യത്തിലെ ക്രമത്തെക്കുറിച്ച് ചർച്ച ചെയ്യുന്നു. പ്രപഞ്ചത്തിലെ ഏതു ജീവിയും ഏതു വ്യവസ്ഥയും സ്വയം പൂർണമാണ്. അനിശ്ചിതത്വത്തിൻ്റെ പല ഘട്ടങ്ങളിലെത്തുമ്പോഴും ജീവിതം അതിൻ്റെ മുൻ നിർണീത പാതകളിലേക്ക് തിരിഞ്ഞു പോവും എന്ന് കഥാകൃത്ത് കരുതുന്നു. കഥയിലുടനീളം പുലർത്തുന്ന തെളിമയാണ് കെയർടേക്കറിൻ്റെ സൗന്ദര്യം. പ്രമേയത്തിൽ പുതുമയൊന്നുമില്ലെങ്കിലും നന്നായി പറഞ്ഞ കഥയാണ് കെയർടേക്കർ.

കഥ മാസികയുടെ ഫെബ്രുവരി ലക്കത്തിൽ എം.രാജീവ് കുമാർ എഴുതിയ പൈ9.0 എന്ന കഥ ആകാശവാണി നിലയത്തിലേക്ക് അതിക്രമിച്ചു കയറിയ പശുവിനെക്കുറിച്ചാണ്. ആകാശവാണിയിൽ മാത്രമല്ല, ഇന്ത്യയിലെ എല്ലാ പൊതു ഇടങ്ങളിലും പശുക്കൾ അതിക്രമിച്ചു കയറിയിരിക്കുന്നു. ന്യൂസ് എഡിറ്റർ വിനീതവിധേയനായി പശുവിനോട് പറയുന്നുണ്ട്, ആദ്യത്തെ മൂന്നു സ്റ്റോറിയും അവിടുത്തെക്കുറിച്ചാണെന്ന്. പയ്യ് നിലയത്തിൽ തന്നെ താമസമാക്കുകയും ജീവനക്കാർ അതിനു മുന്നിൽ വണങ്ങി ഓഫീസിൽ പ്രവേശിക്കുകയും ചെയ്യുമ്പോൾ നമുക്കുണ്ടാകുന്ന ചിരിയാണ് കഥയുടെ ഹൈലൈറ്റ്. ജീവനക്കാരെ നിരീക്ഷിക്കാനുള്ള ആൻഡ്രോയ്ഡ് 9 കമ്പ്യൂട്ടറിന് പൈ 9 എന്നാണ് വിളിപ്പേര്. അല്ലെങ്കിൽ തന്നെ പട്ടിയോ പൂച്ചയോ ഒന്നുമല്ലല്ലോ പൂജനീയ ഗോമാതാവല്ലേ നമ്മളെ നിരീക്ഷിക്കുന്നത് എന്ന ആത്മസംതൃപ്തിയിലുമുണ്ട് കഥാകൃത്തിൻ്റെ വക കാരമുള്ള്. ഒടുവിൽ സെൻ്റോ ഫ് പാർട്ടിക്ക് ബീഫ് കറി വിളമ്പിയാണ് പയ്യിൻ്റെ കഥ തീരുന്നത്. നല്ല കഥയാണ് പൈ 9.0  വി.ജയദേവ് എഴുതിയ എരിഗാമി മരിച്ചു പോയമേലെടത്തമ്മയുടെ ഓർമദിവസം ആ മരണത്തിൻ്റെ കൂടെ ജീവിക്കുന്ന മകൻ്റെ (?) ഓർമകളാണ്. അസാധ്യമായ ക്രാഫ്റ്റാണ് ജയദേവിൻ്റെ . കഥയൊന്നും വേണമെന്നില്ല.. ആ വാഗ് വിലാസത്തിൽ മുഴുകി നാം സഞ്ചരിച്ചു കൊള്ളും. ശ്രീകണ്ഠൻ കരിക്കകം എഴുതിയ പഞ്ചതന്ത്രം കനകാംബരം എന്ന ഇച്ചേച്ചി നടത്തുന്ന പ്രവചനങ്ങളുടെ കഥയാണ്. നാട്ടിലുള്ള സർവരേക്കുറിച്ചും അപവാദം പറയുന്നു എന്നു സമൂഹം ആക്ഷേപിക്കുന്ന കനകാംബരം പറയുന്ന കഥകളൊക്കെയും പക്ഷേ നേരായി മാറും. കഥ രസമുണ്ട് വായിക്കാൻ. കാരണം ഇച്ചേച്ചി പറയുന്നതൊക്കെയും പരദൂഷണമാണല്ലോ.. പക്ഷേ ഈ പ്രവചനം നടത്തുന്ന കഥകൾ ശ്രീകണ്ഠൻ്റെ ബലഹീനതയാണെന്നു തോന്നുന്നു. ഗന്ധമുപയോഗിച്ച് പ്രവചനം നടത്തുന്ന ഒരു കഥ ഇദ്ദേഹം ഈയിടെ എഴുതിയത് വായനക്കാർ മറന്നിരിക്കാനിടയില്ല. കഥയുടെ പേര് ജ്യോതി ലക്ഷ്മിയുടെ മണങ്ങൾ. (ദേശാഭിമാനി വാരിക 2020 ഡിസംബർ 6 ).

ട്രൂ കോപ്പി തിങ്ക് വെബ്സീൻ ഡിജിറ്റൽ വാരികയുടെ ഫെബ്രുവരി 8 ലക്കത്തിൽ വിനോയ് തോമസ് എഴുതിയ കളിബാധ എന്ന കഥയുണ്ട്. ബോബി ചെമ്മണ്ണൂരിനോടൊപ്പമുള്ള അനുഭവങ്ങൾ വീമ്പിളക്കുന്ന വിൻസാച്ചൻ എന്ന പൊങ്ങച്ചക്കാരനെക്കുറിച്ചാണ് കഥനം. മിക്കവാറും മുഴുവൻ കഥയും സംഭാഷണ രൂപത്തിലാണ്. കഥ വായിച്ചാൽ തോന്നുക നമ്മളെല്ലാം സ്വകാര്യ സംഭാഷണങ്ങളിൽ നിർലോഭം തെറി വാക്കുകൾ പറഞ്ഞു കൊണ്ടിരിക്കും എന്നാണ്. ബോബി ചെമ്മണ്ണൂർ ഒരു പൊങ്ങച്ചക്കാരനോ താന്തോന്നിയോ അല്ല നല്ലവനോ ആവട്ടെ.. പക്ഷേ അതിന് നമ്മൾ വായനക്കാരെന്തിന് പള്ളു കേൾക്കണം / വായിക്കണം എന്നു മനസിലായില്ല. വിനോയ് തോമസിൻ്റെ മോശം കഥയാണ് കളി ബാധ. ഫെബ്രുവരി 22 ലക്കത്തിൽ ഓസ്റ്റിൻ എഴുതിയ റൂറൽ ട്രാവലോഗ് കഥയുടെ പ്രകൃതരൂപത്തെ ഓർമിപ്പിച്ചു. ഓസ്റ്റിനെ നന്നാക്കിയെടുക്കാൻ ഒരു പാടു പാടുപെടേണ്ടി വരും.

ഇനിയുമുണ്ട് കഥകളേറെ.. പക്ഷേ വായനയുടെ അനുഭൂതി കിട്ടുന്നവ ഇല്ലെന്നു തന്നെ പറയാം. ഫെബ്രുവരി കഴിയുമ്പോൾ ഓർമയിൽ നിൽക്കുന്ന ഒരു കഥ പോലുമുണ്ടായില്ലല്ലോ എന്ന സങ്കടം മാത്രം ബാക്കി.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account