സിംഹം മസാലദോശ കഴിക്കുന്നു.

പരമ്പരാഗതമായ കഥന / കവന സമ്പ്രദായങ്ങളിൽ അള്ളിപ്പിടിച്ച് എത്ര കാലം കൂടി അതിജീവിക്കാനാവും സാഹിത്യരൂപങ്ങൾക്ക്..? പുതിയ ഭാവുകത്വമോ ലാവണ്യ പദ്ധതികളോ ഇല്ലാതെ പഴമയുടെ വ്യാജ പരിസരങ്ങളിൽ അലഞ്ഞു നടന്ന് സ്വയം ഇല്ലാതാവുകയോ നവീകരണ ശ്രമങ്ങളോട് പുറം തിരിഞ്ഞു നിൽക്കുകയും ഒരു വിധ പരീക്ഷണങ്ങൾക്കും തയ്യാറാവാതിരിക്കുകയും ചെയ്യുന്ന പത്രാധിപൻമാരാൽ ഇല്ലാതാക്കപ്പെടുകയോ ചെയ്യും സാഹിത്യം. എഴുത്ത് ഓരോ കാലഘട്ടത്തിൻ്റേയും സാമൂഹ്യാവസ്ഥകളുടെ പ്രതിരൂപമാവേണ്ടതുണ്ട്. എന്നു മാത്രമല്ല നിരന്തരം ചലിച്ചു കൊണ്ടിരുന്നില്ലെങ്കിൽ നിർജീവമായി പോകുന്ന ഭാഷയെ നിലനിർത്തേണ്ടതും തുടർച്ചയായി നവീകരിക്കേണ്ടതും എഴുത്തിൻ്റെ ചുമതലയാണ്. നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ല വർത്തമാന സാഹിത്യ ലോകത്ത്. ആറു ദിവസത്തിൽ കൂടുതൽ ആയുസില്ലാത്ത കേവലോൽപ്പന്നങ്ങളായി ആനുകാലിക കഥകളും കവിതകളും മാറുമ്പോൾ മറ്റെന്തു സംഭവിക്കാനാണ്.?

മാതൃഭുമിയിൽ അഷ്ടമൂർത്തി സമാന്തരം എന്ന പേരിൽ ഒരു കഥയെഴുതിയിട്ടുണ്ട്. വായിച്ചു തുടങ്ങിയപ്പോൾ ഇങ്ങനെയൊന്ന് മുമ്പു വായിച്ചിട്ടുണ്ടല്ലോ എന്നു തോന്നി. ആലോചിച്ചപ്പോൾ ശരിയാണ്. അഷ്ടമൂർത്തി തന്നെ മാതൃഭൂമിയിൽ തന്നെ 2020 ഒക്ടോബറിൽ ഇതേ കഥ എഴുതിയിട്ടുണ്ട് .. പേര് അവനി വാഴ്‌വ്. സെന്തിലും തിരുവണ്ണാമലയിലെക്കുള്ള യാത്രയുമൊക്കെ പഴയതു തന്നെ. കഥ പഴയതിൻ്റെ ആവർത്തനമൊന്നുമല്ല .. പക്ഷേ പരമ ബോറാണ്.. സ്വന്തം കഥ വായനക്കാർ ഓർക്കുന്നുണ്ടാവില്ല എന്ന അഷ്ടമൂർത്തിയുടെ ആ ബോധ്യമുണ്ടല്ലോ. അതിനു കൊടുക്കണം കുതിരപ്പവൻ..

ദേശാഭിമാനിയിലാണ് ഈ ആഴ്ചത്തെ മികച്ച കഥയുള്ളത്. തമ്പി ആൻ്റണി എഴുതിയ വാവരു എന്ന കഥ. ദേവരൂപൻ എന്ന അസാധാരണ (!) പേരുള്ള ആദിവാസിച്ചെക്കൻ്റെ വിളിപ്പേരാണ് വാവരു. ബാറിൽ വച്ച് അടിയുണ്ടാക്കുകയും അതിനിടെ കാലിനു ശേഷിയില്ലാത്ത മാനേജരെ കുത്തി പരിക്കേൽപിക്കുകയും ചെയ്ത കേസിൽ അവനെ കോടതിയിൽ ഹാജരാക്കിയതാണ്.  ജഡ്ജി നീലകണ്ഠൻ നമ്പൂതിരി അവന് ശിക്ഷ ഇളവു ചെയ്തു നൽകി. കാരണം അയാളുടെ നടുവേദന അവനാണല്ലോ തിരുമ്മി മാറ്റിക്കൊടുത്തത്. വിവരമറിഞ്ഞ പോലീസുകാരൻ കുഞ്ഞുരാമൻ നായരും തിരുമ്മാൻ അവൻ്റെ തിരുമുശാലയിലെത്തുന്നിടത്താണ് കഥ തീരുന്നത്. തിരുമ്മുശാലയിൽ വാവരു വരച്ച ബാബു ആൻ്റണിയുടെ ചിത്രം തൂക്കിയിട്ടുണ്ട്. അവൻ യേശുവിനെ വരക്കാൻ ശ്രമിച്ചതാണ്, അവന് പരിചയം പക്ഷേ ബാബു ആൻ്റണിയേയാണല്ലോ എന്ന പരിഹാസമാണ് കഥയുടെ ആത്മാവ്.  ജഡ്ജിയും പോലീസും നമ്പൂതിരിയും നായരും കുറ്റവാളി ആദിവാസിയുമാകുന്ന ആ ബോധപൂർവമുളള നിലപാടുണ്ടല്ലോ, അതിന് തമ്പി സാറിനിരിക്കട്ടെ ഒരു നല്ല നമസ്കാരം. ജയദേവ് നായനാരുടെ ജംഗിൾ ബുക്കാണ് ദേശാഭിമാനിയിലെ മറ്റൊരു കഥ. സർക്കസിൽ നിന്ന് അടുത്തൂൺ പറ്റി എന്നും വൈകി വരുന്ന കോറമണ്ണ പാസഞ്ചറിൽ കൃത്യസമയത്ത് ഒരു സിംഹത്തോടൊപ്പം സ്റ്റേഷനിൽ വന്നിറങ്ങുന്ന കുഞ്ഞമ്പ്വേട്ടനിൽ നിന്നാണ് കഥ തുടങ്ങുന്നത്. പണ്ടെന്നോ നാടു വിട്ടു പോയ കുഞ്ഞമ്പ്വേട്ടന് പക്ഷേ പഴയ വീട് കണ്ടെത്താനായില്ല. എന്നല്ല വീടിനെക്കുറിച്ചുള്ള ഓർമകളും കണ്ടെത്താനായില്ല. കൈയേറിയ അയൽക്കാർ അവരാണ് ഇപ്പോൾ ഓർമകളുടെ കരം കെട്ടുന്നതെന്നും അതു കൊണ്ട് അവരുടേതാണ് ആ ഓർമകളെന്നും പരസ്പരം സമാധാനിക്കുന്നുണ്ട്. നാട്ടുകാരെ ഞെട്ടിച്ചു കൊണ്ട് സിംഹവും കുഞ്ഞമ്പ്വേട്ടനും ഒരുമിച്ച് ഹോട്ടലിലിരുന്ന് മസാല ദോശ കഴിക്കുകയും ജനം അതു കണ്ട് ഇനി വരാനിരിക്കുന്നത് കുഞ്ഞമ്പ്വേട്ടൻ്റെ ദിവസങ്ങളാണ് എന്ന് തീർച്ചപ്പെടുത്തുകയും ചെയ്തു. പക്ഷേ ഒടുവിൽ ആ കുറ്റിക്കാട്ടിൽ പലതരം മൃഗങ്ങൾ വരികയും സിംഹം അവിടുത്തെ രാജാവാകുകയും ചെയ്തു. കൂട്ടത്തിൽ ഒറ്റപ്പെട്ട മനുഷ്യനെ വഴിതെറ്റി വന്നവൻ എന്നോ മറ്റോ ആണ് സിംഹം പരിചയപ്പെടുത്തുന്നത്. അതാണ് കഥ.ജോർജ് ഓർവെൽ അനിമൽ ഫാമിൽ വിഭാവനം ചെയ്തതിൻ്റെ അപ്ഡേറ്റഡ് വെർഷനാണ് ജംഗിൾ ബുക്ക് .. മികച്ച ഭാഷയും അന്യാദൃശമായ ആഖ്യാനവും കഥയുടെ ഗരിമ വർദ്ധിപ്പിക്കുന്നു.

മലയാളം വാരികയിൽ ബിജു സി പി എഴുതിയ സസ്യങ്ങളുടെ സാമൂഹ്യ ശാസ്ത്രം ആനമുടിക്കുന്നുകളിലെ ബ്രിട്ടീഷ് അധിനിവേശവും അവർ നടത്തിയ വൻതോതിലുള്ള വനനശീകരണവും അടിസ്ഥാനമാക്കി ലേശം മസാലയും ചേർത്ത് നിർമിച്ച കഥയാണ്. കഥയെന്നതിലുപരി ഒരു ചരിത്ര ലേഖനത്തോടാണ് ഈ രചനക്ക് കൂടുതൽ സാദൃശ്യം. പ്രത്യേകിച്ചൊന്നും പറയാനില്ലാത്തപ്പോൾ ഇങ്ങനെ എന്തെങ്കിലുമൊക്കെ പറയലാണല്ലോ ഇപ്പാൾ കഥ ..

ചന്ദ്രികയിൽ ടി കെ ശങ്കരനാരായണൻ്റെ ലോട്ടറി എന്ന കഥയുണ്ട്. ഒരു ജോത്സ്യരും ജാതകനും തമ്മിലുള്ള ഏർപ്പാടാണ് കഥ. താന്തോന്നിയായ മകൻ തന്നെ അപായപ്പെടുത്തുമെന്ന ഭീതിയിൽ ജീവിക്കുന്ന മുത്തുപ്പാണ്ടി കൗണ്ടർ ഒടുവിൽ തൻ്റെ വീട്ടിൽ സൂക്ഷിച്ചിട്ടുള്ള പണം എടുത്തു കൊണ്ടു പോരാൻ പണിക്കരോട് പറഞ്ഞപ്പോൾ അതു കേട്ടു നിന്ന മക്കൾ ആ പണം സ്വന്തമാക്കാനുള്ള സൂത്രങ്ങൾ ഒപ്പിക്കുന്നതാണ് കഥ.. ആഖ്യാനം കൊണ്ട് മികവു പുലർത്തുന്നു ലോട്ടറി ..

ജോസഫ് അതിരുങ്കൽ എഴുതിയ സർവലോഹത്തൊഴിലാളി കലാകൗമുദിയിലുണ്ട്. പുത്തൻ മുതലാളിത്തം അതിൻ്റെ നാവുകൾ നീട്ടി സാധാരണ മനുഷ്യരുടെ ജീവിതങ്ങളെ അസാധ്യമാക്കുന്ന പല രീതികളിൽ ഒന്നിൻ്റെ നിസ്സഹായമായ ആഖ്യാനമാണ് കഥ. ചൈനയിൽ നിന്ന് വിശ്രമമോ മറ്റു തൊഴിൽ സംരക്ഷണ ആനകൂല്യങ്ങളോ വേണ്ടാത്ത തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് പഴയ തൊഴിലാളികളെ മുഴുവൻ പിരിച്ചു വിടുന്നു ലോകമാകെയുള്ള മുതലാളിമാർ .. അട്ടിമറിക്കപ്പെടുന്ന തൊഴിൽ നിയമങ്ങൾ, നിരാധാരനായിപ്പോകുന്ന തൊഴിലാളി .. കഥ മുദ്രാവാക്യമാവേണ്ടതല്ല, മറിച്ച് വായനക്കാരനെ തൊട്ടുണർത്തേണ്ടതാണ് എന്ന് സർവലോഹത്തൊഴിലാളി സാക്ഷൃപ്പെടുത്തുന്നു. ജോസഫ് അതിരുങ്കലിന് അഭിവാദ്യങ്ങൾ.

വിചിത്രമാവേണ്ടതാണ് കഥകളുടെ ലോകം.. അപ്രതീക്ഷിതവും അസാധാരണവുമായ കഥകൾ വായനക്കാരനെ അമ്പരപ്പിക്കുമ്പോഴാണ് കഥ സജീവമാണെന്ന് പറയാനാവുക. ആവർത്തന വിരസമായ കഥനങ്ങൾ വായനക്കാരന് യാതൊന്നും നൽകുന്നില്ല. കാലം മുന്നോട്ടു പോകുമ്പോഴും കഥ മാത്രം കെട്ടി നിൽക്കുന്ന തടാകമാകുന്നു എന്നത് നിരാശാജനകമായ്.. കെട്ടി നിൽക്കുന്നതെന്തും കാലാന്തരേ നശിച്ചുപോയിട്ടേയുള്ളൂ..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account