കഥയുടെ രാഷ്ട്രീയം.. കടലാസിൻ്റെയും

എഴുത്തിന് തീർച്ചയായും രാഷ്ട്രീയമുണ്ട്.  വർത്തമാന സാമൂഹ്യ സാഹചര്യങ്ങളോട് ചരിത്ര പരമായ പൂർവജ്ഞാനത്തിൻ്റേയും അനുഭവത്തിൻ്റെയും അടിസ്ഥാനത്തിലുള്ള സക്രിയമായ പ്രതികരണം തന്നെയാണ് ഏറിയും കുറഞ്ഞും എഴുത്തിൻ്റെ രാഷ്ട്രീയം നിർണയിക്കുന്നത്. കുറച്ചു കൂടി വിശാലമായ അർഥത്തിൽ എഴുത്തിൻ്റെ രാഷ്ട്രീയത്തിന് നിരന്തരമായ ചലനാത്മകതയുണ്ട്. അതിൻ്റെ ശരികൾ ഓരോ കാലത്തും വ്യത്യസ്തമായിരിക്കുകയും സാഹചര്യങ്ങൾക്കനുസൃതമായി പരിണാമത്തിനു വിധേയമായിക്കൊണ്ടിരിക്കുകയും ചെയ്യും. ഏതു ഘട്ടത്തിലും പക്ഷേ എഴുത്തിൻ്റെ/ എഴുത്തുകാരൻ്റെ പരിഗണന മാനവികതയും പൊതുസമൂഹത്തിൻ്റെ സ്വസ്ഥമായ നിലനിൽപും അതിജീവനവുമായിരിക്കും. എന്നാൽ വർത്തമാന സാഹിത്യത്തിൻ്റെ/ സാഹിത്യകാരന്മാരുടെ രാഷ്ട്രീയ നിലപാട് ഇങ്ങനെയാണെന്നു തോന്നുന്നില്ല. വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളുടെ കാഴ്ചപ്പാടുകൾക്കു വിധേയമായി ഫ്ലക്സിബിൾ നിലപാടുകൾ സ്വീകരിക്കാൻ എഴുത്തുകാർക്കു മടിയൊന്നുമില്ല. സ്വന്തമായ ദർശനമോ രാഷ്ട്രീയ ബോധ്യമോ ഇല്ലാതെയാവുന്നതു കൊണ്ടു മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. മറിച്ച് എഴുത്ത് ഒരു രാഷ്ട്രീയായുധമായി കാണുന്നതിനു പകരം പ്രശസ്തിയിലേക്കുള്ള എളുപ്പവഴിയായാണ് മിക്കവരും പരിഗണിക്കുന്നത് എന്നതു കൊണ്ടു കൂടിയാണ്. പരിചിതവും കാലത്തിൻ്റെ പരീക്ഷണശാലയിൽ പൂർണമായും വിലയിരുത്തപ്പെട്ടതുമായ രാഷ്ട്രീയ ദ്വന്ദങ്ങളല്ല ഇത്തരത്തിൽ അവതരിപ്പിക്കപ്പെടുന്നത്. നേരെ മറിച്ച് മതത്തിൻ്റേയും സങ്കുചിത വികല ദേശീയതയുടെയും കറുത്ത പാഠങ്ങളാണ് കഥകളെന്ന വ്യാജേന എഴുതപ്പെടുന്നത്. പ്രസിദ്ധീകരണങ്ങൾക്ക് കൃത്യമായ പ്രവർത്തന പദ്ധതികളുണ്ട്. അവക്കനുസൃതമായി നിർമിക്കപ്പെടേണ്ട ഒന്നല്ല കഥ എന്ന് എഴുത്തുകാർക്ക് ബോധ്യമുണ്ടായേ പറ്റൂ.

മാധ്യമം ആഴ്ചപ്പതിപ്പ് വനിതാദിനപ്പതിപ്പ് ആയാണ് ഈ ലക്കം പ്രസിദ്ധീകരിച്ചിട്ടുള്ളത്. 5 വനിതാ എഴുത്തുകാരുടെ കഥകൾ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ പദ്മ എഴുതിയ ഒരു പാവം പശു, പ്രിയ സുനിൽ എഴുതിയ അയ്മുട്ടി എന്നീ കഥകൾ അവയിൽ കുത്തിച്ചെലുത്തിയ രാഷ്ട്രീയം കൊണ്ട് ദുർബലമാണ്. പദ്മയുടെ കഥയിൽ മനസിൽ പലതരം പശുക്കളെ ലിങ്കു ചെയ്തു വച്ചിട്ടുള്ള പൂമാല തെരുവിലെ പൂമാലവീട്ടിൽ ശിവദാസൻ നായരുടെ മനോവ്യാപാരങ്ങളാണ് പ്രതിപാദിക്കുന്നത്. പശു കേന്ദ്രീകൃതമായ ഇന്ത്യൻ രാഷ്ട്രീയം സാധാരണ മനുഷ്യരുടെയുള്ളിലുണ്ടാക്കിയിട്ടുള്ള വ്യതിയാനങ്ങളും സംഘർഷങ്ങളുമൊക്കെ കഥ ചർച്ച ചെയ്യുന്നു എന്നൊക്കെ ഗീർവാണമടിക്കാം. പക്ഷേ വാരിക മാധ്യമമാണെങ്കിൽ അതിൽ കഥ പ്രസിദ്ധീകരിക്കുവാൻ ഇത്തിരി പശു രാഷ്ട്രീയവും ലേശം ഫാസിസ്റ്റു വിരുദ്ധതയും പാകത്തിന് മുസ്ലീം ഇരവാദവും വേണമെന്ന തോന്നൽ കഥാകൃത്തുക്കൾക്കുണ്ടാവുന്നു എന്നത് അത്ര നിസാരമായ അപചയമല്ല. പ്രിയ സുനിലിൻ്റെ അയമുട്ടി എന്ന കഥ ഒരു ഗ്രാമത്തിലെ ആസ്ഥാന മന്ദബുദ്ധിയായ അയമുട്ടി എന്നയാളെക്കുറിച്ചാണ്. നമ്മുടെ പരമ്പരാഗത ഗ്രാമ സങ്കൽപങ്ങളിലൊക്കെയും ഇത്തരമൊരു ആസ്ഥാന കഥാപാത്രം ഉണ്ടായിരിക്കാറുണ്ടല്ലോ.. അവനാകട്ടെ സാധാരണ സാമൂഹ്യ ജീവിതം അപരിഷ്കൃതമെന്ന് നിർവചിച്ചിട്ടുള്ളതൊക്കെ ചെയ്യുന്നവനാണ്. എലികളെ തിന്നും, മണ്ണിരയെ തിന്നും, എന്നു വേണ്ട സർവ “വേണ്ടാതീന “വും കാണിക്കും. ഒടുവിൽ അവനൊരു ഭീകര സത്വമായി പരിണമിക്കും. സദാചാര വിരുദ്ധമായ ജീവിതം നയിക്കണമെന്ന പുതിയൊക്കെ എല്ലാവർക്കുമുണ്ടെങ്കിലും അതൊന്നും നടപ്പിലാക്കാറില്ല ആരും. കറുത്തവനും ബുദ്ധിയില്ലാത്തവനുമൊക്കെ അപരിഷ്കൃതരാണെന്ന പൊതുബോധത്തിൻ്റെ ഉൽപന്നം തന്നെയാണ് അയമുട്ടി.. മറ്റു പല എഴുത്തുകാരും ദളിത് കഥാപാത്രങ്ങളെ വില്ലൻമാരാക്കുമ്പോൾ ഈ കഥാകൃത്ത് ആ പേര് അയമുട്ടി എന്നാക്കി എന്നേയുള്ളൂ. ഇപ്രകാരമുള്ള കൃത്രിമ രാഷ്ട്രീയം കഥകളെ മുന്നോട്ടല്ല നയിക്കുക. സബീന എം.സാലിയുടെ വസന്തത്തിലെ ചെറിമരങ്ങൾ പാബ്ളോ നെരൂദക്കെതിരെ ഏകാധിപത്യ ഭരണകൂടം നടത്തിയ വേട്ടയാടലിൻ്റെ പശ്ചാത്തലത്തിലെഴുതിയ കഥയാണ്. ചിലിയൻ കവിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് വന്നിട്ടുള്ള സിനിമകളിൽ നിന്ന് പകർത്തിയെഴുതിയ കേവലമൊരു അബ്സ്ട്രാക്റ്റ് മാത്രമാണ് ഈ കഥ. ആൻ്റിബയോ എന്ന് ന്യൂയോർക്ക് ടൈംസ് വിശേഷിപ്പിച്ച നെരൂദ എന്ന ബയോ ഡ്രാമയുടെ വലിയ സ്വാധീനവും കഥയിലുണ്ട്. ഏകാധിപത്യത്തോട് ഏറ്റുമുട്ടുന്നവരെക്കുറിച്ചുള്ള ചരിത്രാഖ്യായികകൾ നല്ലതു തന്നെ. പക്ഷേ അവയെ നവീകരിക്കുകയും കാലികമാക്കുകയും (update) ചെയ്യുന്ന എന്തെങ്കിലും അതിൽ ഉണ്ടാവേണ്ടതുണ്ട്. എന്തു കൊണ്ടെന്നാൽ വായനക്കാരൻ എഴുത്തുകാരനേക്കാൾ പണ്ഡിതനത്രേ. അനിറ്റ ഷാജിയുടെ മഞ്ഞ ബ്ലൗസ് വെറുമൊരു പൈങ്കിളിക്കഥയാണ്. അനീറ്റ കരുതുന്നത് സ്ത്രീകളുടെ സ്വകാര്യത മുഴുവൻ ടിവി സീരിയലിലേതു പോലെ പരദൂഷണം പറച്ചിലും ശൃംഗാരം പറച്ചിലുമാണെന്നാണ്. ബ്ലൗസിൻ്റെ ഫാഷനും തുന്നലിൻ്റെ മഹിമയും കല്യാണം കഴിക്കലുമൊക്കെ തങ്ങളുടെ പ്രധാന അജണ്ടയിൽ നിന്ന് നമ്മുടെ മിക്ക പെണ്ണുങ്ങളും ഉപേക്ഷിച്ചു കഴിഞ്ഞു എന്ന് കഥാകൃത്ത് അറിഞ്ഞിട്ടേയില്ല. കഥ എന്ന സംജ്ഞയോട് കുറേയെങ്കിലും നീതി പുലർത്തുന്നത് ആഷ് അഷിതയുടെ വിത്ത് എന്ന കഥയാണ്. പ്രസവത്തോടെ അമ്മ മരിച്ചു പോയ കുഞ്ഞിനെ സംരക്ഷിക്കാൻ പെടാപ്പാടുപെടുന്ന അച്ഛൻ്റെ സംത്രാസങ്ങളുടെ സൂക്ഷ്മാഖ്യാനമാണ് കഥ. എന്തൊക്കെയോ സ്വഭാവ വൈചിത്ര്യങ്ങളുള്ള ഒരു മനുഷ്യൻ, സമൂഹത്തെ എതിർത്തു മതാതീത വിവാഹം കഴിക്കുന്നു, ഒറ്റപ്പെട്ട ജീവിതത്തിൽ ഒരു കുഞ്ഞുണ്ടാവുമ്പോൾ കാര്യങ്ങൾ മാറുമെന്ന അൻജുമാരയുടെ പ്രതീക്ഷ ബാക്കിയാക്കി അവൾ തന്നെ മരിച്ചു പോകുന്നു. സൂക്ഷ്മമായ ആഖ്യാനമാണ് കഥയെ മെച്ചപ്പെട്ടതാക്കുന്നത്. പക്ഷേ ഉള്ളി തോലു പൊളിക്കുമ്പോലെ ഉൾക്കനമില്ലാത്ത കഥ തന്നെയാണ് വിത്തും. മികച്ച കഥയാവാൻ ഇനിയും ദൂരമേറെ സഞ്ചരിക്കേണ്ടതുണ്ട്.

ദേശാഭിമാനിയിൽ എം.ഫൈസൽ എഴുതിയ മഹാത്മാ നഗർ എന്ന കഥയും ആവർത്തന വിരസമാണ്. അതേ പൗരത്വ ബിൽ, അതേ രാമക്ഷേത്രം, ഇവരൊക്കെ ഈ എഴുതുന്നത് ഏതു തരം സാംസ്കാരിക പ്രവർത്തനമാണെന്നു മനസിലാവുന്നില്ല. ജനുവരിയിൽ മാധ്യമത്തിൽ ബീന എഴുതിയ സെറാമിക് സിറ്റി എന്ന കഥയോട് പല തരത്തിലും സാമ്യം പുലർത്തുന്നു ഈ കഥ. കഥ അനുകരിച്ചതു കൊണ്ടല്ല അതങ്ങനെ സംഭവിക്കുന്നത്.പ്രമേയത്തിൻ്റെ കേവലാഖ്യാനത്തിലെ എഴുത്തുകാരൻ്റെ ഭ്രമമാണ് അതിനു കാരണം. വിഷയത്തെ ആഴത്തിൽ സമീപിക്കുന്നതോ  അപര വായനകൾക്കുള്ള സാധ്യതകൾ കണ്ടെത്തലോ എഴുത്തുകാരുടെ ശീലമല്ലല്ലോ ഇപ്പോൾ.

മലയാളത്തിൽ പ്രദീപ് എം നായർ എഴുതിയ മരണച്ചിട്ടി എന്ന കഥ വായിച്ചപ്പോൾ വടക്കുനോക്കിയന്ത്രത്തിലെ തടത്തിൽ ദിനേശൻ പറയുന്ന തമാശയോർത്തു പോയി. നാലു ഭർത്താക്കൻമാരും മരിച്ചു പോയ ശാന്തിപ്രഭ എന്ന സ്ത്രീയുടെ ദുരൂഹമായ ജീവിതത്തിലേക്ക് ഒരു ഇൻഷൂറൻസ് പോളിസി വിൽക്കാൻ പോവുന്നതാണ് കഥ.  മോട്ടിവേഷൻ ക്ലാസുകളുടെ ചില കഷ്ണങ്ങൾ, ചില പഴംകഥകൾ..ഒക്കെ കൂട്ടി ഒരു പ്രയോഗം. വായനക്കാരൻ അത്രക്കൊക്കെയേയുള്ളൂ കഥാകൃത്തിനെ സംബന്ധിച്ച്..

പ്രസിദ്ധീകരണങ്ങളുടെ താൽപര്യങ്ങൾക്ക് വിധേയരായി കഥ എഴുതാനല്ല, തങ്ങളുടെ രാഷ്ട്രീയ സാമൂഹ്യ നിലപാടുകൾ ഉറക്കെ പറയാനാണ് കഥാകൃത്തുക്കൾ ശ്രമിക്കേണ്ടത്. സംഘടിതമായി മുഴക്കുന്ന കപട നിലപാടുകൾക്ക് കുഴലൂത്തുകാരാവാൻ എളുപ്പമാണ്. വേറിട്ടു നിൽക്കൽ ശ്രമകരവും. പക്ഷേ കൂട്ടത്തിൽ കൂവുന്നവൻ്റെ ശബ്ദം ആരു കേൾക്കാനാണ്..?

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account