ബൃഹദാഖ്യാനങ്ങളാകുന്ന കഥകൾ
കഥ ചെറുകഥ എന്ന സ്ഥാനപ്പേര് ഉപേക്ഷിച്ചിട്ട് ഏറെക്കാലമായി . ചെറുതാവുക എന്നത് പരിധിയില്ലാത്ത ഒരു പ്രക്രിയയാണെന്നും ഒറ്റ വാചകം പോലും സ്വയം കഥയായിത്തീരുമെന്നും നമുക്കറിയാവുന്നതുമാണ്. കഥ ഒരു പ്രമേയത്തെ, ഒരു സന്ദർഭത്തെ, അവയുണ്ടാക്കുന്ന വൈകാരിക സംഘർഷങ്ങളോടൊപ്പം വായനക്കാരനിലേക്ക് പ്രക്ഷേപണം ചെയ്യാൻ പ്രാപ്തിയുള്ളതായിരിക്കണം. ഇത്തരത്തിൽ കൃത്യമായ സംവേദനം സാധ്യമാവണമെങ്കിൽ സൂക്ഷ്മവും വ്യക്തവും അതിലുപരി ആസൂത്രിതവുമായ ആഖ്യാനം ആവശ്യമാണ്. പക്ഷേ ഇപ്പോൾ നമ്മുടെ കഥകളത്രയും ബൃഹദാഖ്യാനങ്ങളാണ്. മിക്കപ്പോഴും ഒരു കഥക്ക് താങ്ങാവുന്നതിലേറെ കാര്യങ്ങൾ, ജ്ഞാനത്തിൻ്റെയും അറിവിൻ്റെയും രൂപത്തിൽ കുത്തിച്ചെലുത്തിയാണ് മിക്ക കഥകളും എഴുതപ്പെടുന്നത്. അതേ സമയം വലിയ കഥകൾ വേണ്ടെന്നല്ല. ആ വലിപ്പമത്രയും വായനക്കാരൻ വായിക്കും എന്നുറപ്പു വരുത്താനുള്ള ബാധ്യത എഴുത്തുകാരനുണ്ട്.  നമ്മളിപ്പോൾ വായിക്കുന്ന വലിയ കഥകളുടെ അവസ്ഥ അതല്ല. ചിലപേജുകൾ തന്നെ വായിക്കാതെ വിട്ടാലും കഥക്കോ വായനക്കാരനോ ഒന്നും സംഭവിക്കുന്നില്ല. വലിപ്പം തികക്കുന്നതിനു വേണ്ടി എഴുതിച്ചേർത്തതെന്ന് വ്യക്തമാക്കും വിധം കഥയുടെ മറ്റു ഭാഗങ്ങളോട് കാര്യമായ ബന്ധമൊന്നും പുലർത്താത്ത വെറും വാചകങ്ങൾ ശരിക്കും പറഞ്ഞാൽ ധൂർത്താണ്. വാക്കുകളെയും വാചകങ്ങളെയും ധൂർത്തടിക്കാൻ നമുക്കെന്തവകാശമാണുള്ളത്.? ഏറ്റവും ചുരുക്കി പറയുക, ഏറ്റവും കൃത്യമായി പറയുക, എന്നതായിരിക്കണം കഥയെഴുത്തിൻ്റെ സ്വഭാവം. ദുർമേദസ് മനുഷ്യ ശരീരത്തിനെന്ന പോലെ കഥാ ശരീരത്തിനും അനാരോഗ്യകരമാണ്. നിർഭാഗ്യവശാൽ സൂക്ഷ്മാഖ്യാനത്തേക്കാൾ സ്ഥൂലാഖ്യാനത്തിനാണ് ഇപ്പോൾ പ്രാധാന്യം ലഭിക്കുന്നത്.

മാതൃഭൂമിയിൽ ടി പി വേണുഗോപാലൻ്റെ തബലിസ്റ്റ് അയ്യപ്പൻ എന്ന കഥയുണ്ട്. യവനിക എന്ന സിനിമയിൽ ഭരത് ഗോപി അവതരിപ്പിച്ച കഥാപാത്രമാണ് തബലിസ്റ്റ് അയ്യപ്പൻ. പാട്ടു പാടാൻ കഴിവുള്ള പാട്ടുകാരനായി അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരു മരയാശാരിയുടെ ആശകളും ആശാഭംഗങ്ങളുമാണ് കഥ. താനൊരു പാട്ടുകാരനാണ് എന്ന ബോധ്യമുള്ളതു കൊണ്ട് സിനിമക്കാരുമായുള്ള ബന്ധം ടിയാന് വലിയ പ്രതീക്ഷയാണ്. അതു കൊണ്ടാണ് തൻ്റെയൊരു ഫോട്ടോ സംഗീത സംവിധായകൻ സഞ്ജീവ് ജെ നായർ പോസ്റ്റ് ചെയ്തിരിക്കുന്നു എന്ന നോട്ടിഫിക്കേഷൻ കണ്ടതോടെ ശരിക്കും ആവേശഭരിതനായത്. പക്ഷേ നോട്ടിഫിക്കേഷനിൽ സൂചിപ്പിച്ച ഫോട്ടോ ഭരത് ഗോപിയുടേതായിരുന്നു. ഇത് കഥാനായകനെ വല്ലാതെ പ്രകോപിപ്പിക്കുകയും അയാൾ വ്യവസ്ഥിതിക്കു നേരെ ധാർമിക രോഷം പ്രകടിപ്പിക്കുകയും ചെയ്യുകയാണ് കഥയുടെ പകുതി വരെ. ഒരു പഴയ വീടിൻ്റെ റിപ്പയർ പണികളാണ് അയാൾ ചെയ്തു കൊണ്ടിരിക്കുന്നത്. അതിന് സഹായിയായി കീഴ്ജാതിക്കാരനായ സുന്ദരനെ കൂട്ടിയിട്ടുണ്ട്. വീടിൻ്റെ ഉടമയായ കുസുമാൻ്റി കാര്യസ്ഥൻ പപ്പാച്ചൻ വഴി അറിയിക്കുന്ന പ്രധാന കാര്യം തറവാട് പഴയതുപോലെ തന്നെയാകണം എന്നാണ്. കൊട്ടിയമ്പലത്തിൻ്റെ പൊളിഞ്ഞ വാതിലിലൂടെ അയിത്തജാതിക്കാറൊക്കെ പറമ്പിൽ കേറുന്നുണ്ട്, അതുകൊണ്ട് വാതിൽ ഉറപ്പിക്കണം എന്നും അവർ നിർബന്ധിക്കുന്നു. അങ്ങനെ വീടിൻ്റെ പാരമ്പര്യ ഘടനക്ക് ഒരു മാറ്റവും വരുത്താതെ കൊട്ടിയമ്പലത്തിൻ്റെ വാതിൽ ഉറപ്പിച്ചു കഴിഞ്ഞ് ആശാരി സുന്ദരനോട് നാളെ മുതൽ നീ പണിക്ക് വരേണ്ട എന്ന് പറയുന്നിടത്താണ് കഥ. പാരമ്പര്യം വിട്ടുള്ള ഒരു നീക്കുപോക്കിനും കുസുമാൻ്റി തയ്യാറല്ല. അതു കൊണ്ട് കീഴ്ജാതിക്കാരനായ സുന്ദരൻ പണിക്കു വരേണ്ടതില്ല. ആശാരിയായ തന്നെ സുക്കർബർഗ് പോലും പരിഹസിക്കുന്നു എന്ന നായകൻ്റെ തോന്നലും ഓരോ ജാതിയും അവരവരുടെ കുലത്തൊഴിൽ ചെയ്താൽ മതി എന്ന നിലപാടുമാണ് കഥയുടെ ശക്തി. പക്ഷേ ഇതു പറയാൻ  എന്തിനാണ് തബലിസ്റ്റ് അയ്യപ്പനെ തന്നെ മാതൃകയാക്കിയത്, എന്തിനാണ് യേശുദാസിൻ്റേയും മറ്റും ചരിത്രം ഉപന്യസിച്ചത് തുടങ്ങിയ ചോദ്യങ്ങൾ നിലനിൽക്കുന്നു. യവനികയിലെ തബലിസ്റ്റ് അയ്യപ്പൻ ഒരു സദാചാര വിരുദ്ധനും ദുഷ്ടനും ക്രൂരനുമാണ്. അത്തരത്തിൽ തന്നെ കൂട്ടണ്ട എന്നാണ് ആശാരിയുടെ പ്രതിഷേധം. കീഴ്ജാതിക്കാർ (!) സദാചാര വിരുദ്ധരാണ് എന്ന പൊതുബോധത്തെ നേരിടാൻ  സദാചാര വിരുദ്ധത എന്ന സങ്കല്പത്തെ കഥാകൃത്ത് ക്രമപ്പെടുത്തുന്നു (ratify) എന്നത് വിചിത്രമാണ്. ഒരു പ്രയോജനവുമില്ലാതെ നടത്തുന്ന ഉപന്യസിക്കൽ കഥയെ ഒട്ടൊന്നുമല്ല ദുർബലമാക്കുന്നത്. കഥ അതിൻ്റെ പൂർണ ശേഷിയിൽ സംവദിക്കണമെങ്കിൽ അമിത വാചകക്കസർത്ത് ഒഴിവാക്കിയേ തീരൂ എന്ന് ഊ കഥ ഉറപ്പിച്ചു പറയുന്നു.

മാധ്യമത്തിൽ മനോജ് വെങ്ങോല എഴുതിയ പൊറള് എന്ന കഥ മധ്യതിരുവിതാംകൂറിലെ പറയരുടെ ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയതാണ്. പുലയരും പറയരും ഉപയോഗിക്കുന്ന നാട്ടു മൊഴികളിലെ കുറേയേറെ പദങ്ങൾ കഥാകൃത്ത് നമുക്കു പരിചയപ്പെടുത്തുന്നുണ്ട്. മലയാളം എന്നത് അത്തരം മൊഴികൾ കൂടി ഉൾപ്പെടുന്നതാണ് എന്ന് കഥാകൃത്ത് വിശ്വസിക്കുന്നു. കഥയുടെ പ്രമേയം പരിശോധിച്ചാൽ അത് എന്നത്തേയും പോലെ പഴയ ജന്മി കുടിയാൻ വ്യവസ്ഥയുടേയും അടിമകളായി കരുതപ്പെട്ടിരുന്ന അവർണ മനുഷ്യരുടെ യാതനകളുടേയും കഥയാണ്. മണ്ണും മനസും ശരീരവും ജീവിതവും ജന്മികൾക്കു വേണ്ടി മാത്രമായിരുന്ന കാലത്തെക്കുറിച്ച് പക്ഷേ ഇതാദ്യത്തെ കഥയല്ല. പലവുരു ആവർത്തിച്ചു കേട്ട കഥയുടെ പുതിയൊരു ആഖ്യാനം എന്നതിനപ്പുറം പൊറളിന് പ്രത്യേകതയൊന്നുമില്ല. അരുണ ആലഞ്ചേരി എഴുതിയ ചോരക്കുമിൾ പതിനൊന്നു വയസു മുതൽ ലൈംഗിക പീഡനത്തിനിരയായ രജനി എന്ന പെൺകുട്ടിയുടെ കഥയാണ്. കുടുംബത്തിലാകെ പെൺ ശാപമുണ്ടെന്നും പണ്ട്.രാഘവൻ നായർ എന്ന കാരണവർ ഗർഭിണിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയതിൻ്റെ തുടർച്ചയാണെന്നുമാണ് അമ്മമ്മ രജനിക്ക് പറഞ്ഞു കൊടുത്ത കഥ. അമ്മമ്മക്കും അമ്മക്കും അവൾക്കും അനുഭവിക്കേണ്ടി വന്ന ആ ശാപത്തിൻ്റെ തുടർച്ച അവളുടെ പെൺകുഞ്ഞിനെ കൊലപ്പെടുത്തി രജനി അവസാനിപ്പിക്കുന്നിടത്ത് കഥ തീരുന്നു. ഒരു പാട് വിശദമായി എഴുതാമായിരുന്നതും അതു വഴി ആവർത്തന വിരസമാക്കാവുന്നതുമായ കഥ ശ്രദ്ധാപൂർവമുള്ള ആഖ്യാനം കൊണ്ട് മികച്ചതാക്കി അരുണ. തന്നെ ഉപദ്രവിച്ചവൻ്റെ കൈ വെട്ടിമുറിച്ച രജനി പതിവു കരച്ചിൽ നായികമാരിൽ നിന്ന് വ്യത്യസ്തയാണ്. അതേ സമയം അജ്ഞേയമായ മാനസികാവസ്ഥകളുണ്ടാക്കുന്ന അപ്രതീക്ഷിത സംഭവങ്ങൾ കഥയെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു.. മികച്ച കഥയാണ് ചോരക്കുമിൾ.

ദേശാഭിമാനിയിൽ സോക്രട്ടീസ് കെ വാലത്ത് എഴുതിയ ഇരുൾപ്പച്ച ലോക് ഡൗൺ സംബന്ധിയായ അദ്ദേഹത്തിൻ്റെ രണ്ടാമത്തെ കഥയാണ്. ഒരേയൊരു മകൻ ഉമേഷ് ഗൾഫിലുള്ള ജോലി ഉപേക്ഷിച്ചിട്ടായാലും ‘വിമാനം കിട്ടിയാൽ ഉടൻ നാട്ടിലേക്കു വരാൻ ഒരുങ്ങി നിൽക്കുകയാണ്. കാരണം അവൻ്റെ ഭാര്യ ലീന ഗർഭിണിയാണ്. എന്നാൽ ഉമേഷ് ഇപ്പോൾ നാട്ടിലേക്ക് വന്നാൽ സാമ്പത്തികാവസ്ഥയാകെ താളം തെറ്റുമെന്നതു കൊണ്ട് അവനെ വരുത്താതിരിക്കാൻ ലീനയുടെ ഗർഭം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന വിജയ ഭാനുവാണ് കഥയിലെ നായകൻ. ലീനയോട് നേരിട്ട് പറഞ്ഞിട്ടും തൻ്റെ ഭാര്യ ചന്ദ്രമതിയോടുമൊക്കെ ഗർഭം വേണ്ടെന്നു വക്കുന്നതിനെപ്പറ്റി പറഞ്ഞെങ്കിലും ആരും വിജയഭാനുവിനെ മനസിലാക്കിയില്ല. അയാളുടെ പ്രാരാബ്ധങ്ങൾ അയാളുടെ മാത്രം പ്രശ്നമാണല്ലോ. ലോക് ഡൗൺ വരുത്തി വച്ച ബാധ്യതകൾ പുറമേയും. ഒരു വേലയും ഏൽക്കാതായതോടെ വിജയഭാനു പണ്ടെന്നോ മരിച്ചു പോയ ഒരു കാരണവരുടെ പഴയ പെട്ടി തപ്പി ഒരു ഔഷധക്കൂട്ട് കണ്ടെടുത്തു. അതായിരുന്നു അന്നത്തെ കൺകണ്ട ഔഷധം. പാരമ്പര്യത്തിനു തെറ്റു പറ്റില്ലെന്നു മാത്രമല്ല, കൃത്യമായ ഫലസിദ്ധിയുണ്ടാവുകയും ചെയ്യും. മരുന്നുണ്ടാക്കാൻ വേണ്ട അണലി വേഗം അന്വേഷിച്ചു ചെന്ന അയാൾ അണലിപ്പാമ്പുകൾ നിറഞ്ഞു കിടക്കുന്ന ഒരിടത്തെത്തുകയും തൻ്റെ പരിപാടി നടക്കാൻ പോണില്ലെന്ന് തിരിച്ചറിയുകയും ചെയ്യുന്നിടത്ത് കഥ തീരുന്നു. തൻ്റെ എല്ലാ പ്രശ്നങ്ങൾക്കുമുളള മരുന്ന് പ്രാചീനമായ ഗ്രന്ഥത്തിൽ നിന്ന് കണ്ടെടുത്ത് അതുമായി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്ക് തിരികെ വരുന്ന വിജയഭാനുവിന് മറ്റു പല പേരുകളും ചേരും. സൂത്രപ്പണികൾ കൊണ്ട് കാര്യം നടത്താമെന്ന് വിചാരിക്കുന്ന ചില വിജയഭാനുമാരെ പരിഹസിച്ചു കൊണ്ട് ആകാശത്തേക്ക് വിമാനങ്ങൾ വന്നു തുടങ്ങും. വിപരീത വായനക്കും അപര വായനക്കുമുള്ള അനന്ത സാധ്യതകൾ തുറന്നിട്ടുണ്ട് കഥയിൽ.

മലയാളം വാരികയിൽ ആഷ് അഷിത എഴുതിയ ഇന്ദ്രാഗാന്ധി എന്ന കഥയുണ്ട്. ഇന്ദ്രാ ഗാന്ധി എന്ന ഇരട്ടപ്പേരിലറിയപ്പെടുന്ന ഉണ്ണിപ്പേരി എന്ന പെണ്ണിൻ്റെ കഥയാണ് പ്രതിപാദ്യം ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ദിവസമാണ് ഉണ്ണിപ്പേരി കന്നിപ്പേറ് പെറ്റത് എന്നാണ് കഥ തുടങ്ങുന്നത്. അതല്ലാതെ ഇന്ദിരാഗാന്ധിയുമായുള്ള ബന്ധം ഉണ്ണിപ്പേരിക്ക് കഴുത്തോളം മുടിയേ ഉണ്ടായിരുന്നുള്ളൂ എന്നതാണ്. ഉണ്ണിപ്പേരി എങ്ങനെയോ ഗർഭിണിയായി. പക്ഷേ ആരാണ് കക്ഷി എന്ന് പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും അവൾ പറഞ്ഞില്ല. രണ്ടു കല്യാണം കഴിച്ചവളാണ് ഉണ്ണിപ്പേരി. അതിൽ നിന്ന് ഗർഭം ധരിക്കാത്തവളാണ് ഇപ്പോൾ ദിവ്യ ഗർഭം ധരിച്ചിരിക്കുന്നത്.  നാട്ടുകാരൊക്കെ ആശയക്കുഴപ്പത്തിലാണെങ്കിലും നമുക്ക് ( ഉണ്ണിപ്പേരിക്കും) ആളെ അറിയാം. അതവളുടെ ആദ്യത്തെ ഭർത്താവാണ്. അവൻ്റെ ഉപദ്രവം സഹിക്കാതെ 13-ാം വയസിൽ 12 ദിവസത്തെ പീഡനത്തിനു ശേഷം പോന്നതാണവൾ. അവൻ ജയിലിലായിരുന്നു. അവളെ സഹായിച്ച ചന്ദ്രനെ ഒടി’ പ്രയോഗം നടത്തി കൊന്ന അന്ന് അവൾ അവനെ ഞണ്ടുകളെ ഉപയോഗിച്ച് കൊന്നു.എന്നിട്ട് വീട്ടിൽ വന്ന് പ്രസവിച്ചു. ഈ കഥ പതിവുകളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല. എന്നു മാത്രമല്ല, അവർണസമൂഹങ്ങളിലെ ജീവിതത്തെക്കുറിച്ചുള്ള സ്ഥിരം പൊതുബോധത്തിൽ നിന്ന് മുക്തവുമല്ല. ആകെക്കൂടി നല്ലതെന്നു പറയാനുള്ള ഒരു സാഹചര്യം നിനക്കെന്താ ദിവ്യഗർഭമോ എന്ന ചോദ്യത്തിന് പുരാണത്തിലാവാമെങ്കിൽ എനിക്കുമാവാമെന്ന് ഉണ്ണിപ്പേരി മറുപടി പറയുന്നതാണ്. അതാവട്ടെ ഈയിടെയുണ്ടായ ഒരു പത്രവാർത്തയിൽ നിന്ന് ചൂണ്ടിയതാണു താനും. വെറും വാചകക്കസർത്തിനപ്പുറം ഈ കഥ ഒന്നുമാവുന്നില്ല.

പ്രസാധകൻ മാസികയിൽ ജിസാ ജോസിൻ്റെ തീർഥ ശ്രാദ്ധം നക്സൽ പ്രവർത്തകനായിരുന്ന മകൻ കൊല്ലപ്പെട്ട സ്ഥലമായ തിരുനെല്ലിയിലേക്ക് പോവുന്ന ഒരമ്മയുടെ കഥയാണ്.  വിശദമായ യാത്രാവിവരണവും വഴിയിലെ ബ്ലോക്കും പെണ്ണുങ്ങളുടെ ചർദ്ദിയുടെ വിശദാംശങ്ങളുമായി കഥ ഒരു പാട് വലിച്ചു നീട്ടിയിട്ടുണ്ട്. പ്രത്യേകിച്ച് പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഈ കഥ പകുതിയെങ്കിലും വെട്ടിക്കളയാവുന്നതാണ്. പ്രിയ സുനിൽ എഴുതിയ മിർമിക്കോളജി അസലൊരു പൈങ്കിളി കഥയാണ്. ഉറുമ്പുകളെക്കുറിച്ചുള്ള പഠനത്തിൻ്റെ പേരാണ് കഥക്കെങ്കിലും അതിനു വലിയ പ്രസക്തിയൊന്നുമില്ല. ആവർത്തന വിരസമായ പ്രമേയം അതിലേറെ കൃത്രിമമായ ആഖ്യാനവും.. കഥ സാമാന്യ ത്തിലധികം ബോറാണ്.

ചന്ദ്രികയിൽ വിജീഷ് പരവരി എഴുതിയ സെൽ ഫോൺ പുഴു എന്ന കഥയുണ്ട്. പുസ്തകം കൈയിൽ നിന്നു വക്കാത്തവരെ പുസ്തകപ്പുഴു എന്നു വിളിക്കുമ്പോലെ സെൽ ഫോൺ താഴെ വക്കാത്തവരെ സെൽ ഫോൺ പുഴു എന്നു വിളിക്കാം എന്നതാണ് കഥ കൊണ്ടുണ്ടായ നേട്ടം. സോഷ്യൽ മീഡിയയിലെ അജ്ഞാതമായ പ്രൊഫൈലുകളെ വിശ്വസിച്ച് ചെന്ന് കെണിയിലകപ്പെടുന്നതിൻ്റെ ഹാസ്യാത്മകമായ ആഖ്യാനമാണ് കഥ. സോഷ്യൽ മീഡിയയിൽ ആണേത്, പെണ്ണേത് എന്ന് തിരിച്ചറിയായ്ക മാത്രമല്ല, ചിലപ്പോൾ അത്തരത്തിലുള്ള ആളുകളേ ഉണ്ടാവില്ല എന്ന തിരിച്ചറിവ് എല്ലാവർക്കും നല്ലതാണ്..

കഥകൾ പ്രസിദ്ധീകരിക്കപ്പെടാനുള്ള ഒരു കൃത്യമായ ഘടന കണ്ടെത്തിക്കഴിഞ്ഞാൽ പിന്നെ അതിൽ നിന്ന് കടുകിട മാറാൻ ശ്രമിക്കാതെ ആ സുരക്ഷിത മേഖലയിൽ നിന്ന് ഒരേ കഥ ആവർത്തിച്ചെഴുതുകയാണ് കഥാകൃത്തുക്കൾ. അവനവനെത്തന്നെ ആവർത്തിക്കുന്നതിൽ ഒരു ലജ്ജയും കൂടാതെ തികച്ചും ബാലിശവും അപ്രസക്തവുമായ കഥകളെഴുതുന്നവർ വിചാരിക്കുന്നത് കഥ എന്നാൽ അവരാണെന്നാണ്. വെറുതെ തോന്നുന്നതാണ് .. കാലം നിങ്ങളെയും മറന്നുകളയും. മറക്കാതിരിക്കുന്നതിന് ശക്തമായ കഥ വേണം..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account