ലാ ടൊമാറ്റിനോയും മരിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനകളും

മുൻ വിധികൾ ഇല്ലാതിരിക്കുക എന്നത് കഥയെ/ സാഹിത്യത്തെ ആസ്വദിക്കുന്നതിനും വിശകലനം ചെയ്യുന്നതിനും വളരെ പ്രധാനപ്പെട്ട ഒരു നിലപാടാണ്. പരിചിതമോ ശീലിച്ചിട്ടുള്ളതോ ആയ സൂത്രവാക്യങ്ങളിൽ നിന്നു കൊണ്ടു നടത്തുന്ന ഏത് ആസ്വാദനവും പരിമിതമാവാനേ വഴിയുള്ളൂ. അത്തരം പരിമിതികളിലേക്ക് ക്രമപ്പെടുത്തപ്പെടേണ്ടതല്ല എഴുത്ത്. അതു കൊണ്ടു തന്നെ ഓരോ വായനയും കൃതിയിലെ പുതു സമീപനങ്ങളെ കണ്ടെടുക്കുന്നതിനായിരിക്കണം മുഖ്യ പരിഗണന നൽകേണ്ടത്. വായനയെ ഗൗരവമായി സമീപിക്കുന്ന ഏതൊരാൾക്കും ഇക്കാര്യത്തിൽ തർക്കമുണ്ടാവാനിടയില്ല. അതായത് വായനക്കാരൻ്റെ ഈ അന്വേഷണത്തെ തൃപ്തിപ്പെടുത്താൻ പ്രാപ്തമാകുമ്പോഴാണ് ഒരു രചന വിജയകരമാവുന്നത്.  അപ്രകാരം നവീകരിക്കപ്പെടുമ്പോൾ മാത്രമാണ് എഴുത്തും വായനയും തമ്മിലുള്ള പരസ്പര പൂരകത്വം യാഥാർഥ്യമാവുക. വായനക്കാരൻ അന്വേഷിക്കുന്ന നവീനത (novelty) പ്രദാനം ചെയ്യുന്നതിൽ എഴുത്തുകാരൻ പരാജയപ്പെടുന്നതോടെ എഴുത്ത് ഏകപക്ഷീയമാവുകയും വായനക്കാരൻ സാഹിത്യത്തിൽ നിന്ന് എന്നെന്നേക്കുമായി വിട്ടു പോവുകയും ചെയ്യും. വായന പുതുമകൾക്കും വ്യത്യസ്തതകൾക്കും വേണ്ടിയുള്ള നിരന്തരാന്വേഷണമാണെന്നതു കൊണ്ടു തന്നെ എഴുത്തിലും അതേ നൈരന്തര്യമുണ്ടാവേണ്ടതുണ്ട് എന്ന് ചുരുക്കം. എന്നാൽ എഴുത്ത് മിക്കപ്പോഴും മുന്നോട്ട് സഞ്ചരിക്കുന്നതിനു പകരം പിന്നോട്ട് സഞ്ചരിക്കുന്നതായാണ് കാണാനാവുന്നത്. കാലവുമായി പ്രതിപ്രവർത്തിക്കുകയും സാംസ്കാരിക പരിണാമത്തിൻ്റെ പതാക വാഹകരാവുകയും ചെയ്യുക എന്ന എഴുത്തിൻ്റെ/ എഴുത്തുകാരൻ്റെ ചുമതല അവഗണിക്കുകയും അതിസാധാരണമായ വൈകാരികാസംബന്ധങ്ങളെ രേഖപ്പെടുത്തി വക്കുകയും ചെയ്യുന്ന എഴുത്തുകാരൻ യഥാർഥത്തിൽ വഞ്ചകനാണ്. നാളെ സമൂഹം ഈ കാലത്തെ വായിച്ചെടുക്കുന്നത് തീർച്ചയായും സാഹിത്യത്തിൽ കൂടിക്കൂടിയാണ് എന്നറിഞ്ഞിട്ടും കാലത്തെയും സമൂഹത്തെയും അടയാളപ്പെടുത്തുന്നതിൽ ഭൂരിപക്ഷം എഴുത്തുകാരും പുലർത്തുന്ന നിരുത്തരവാദിത്തം അപലപനീയമാണ്.

മാധ്യമം ആഴ്ചപ്പതിപ്പിൽ ടി.അരുൺകുമാർ എഴുതിയ ലാ- ടൊമാറ്റിനാ എന്ന കഥ വായിച്ചപ്പോഴുണ്ടായ തോന്നലുകളാണ് മുന്നേ പറഞ്ഞത്. കഥ പറയുക എന്നത് കേവലം വായനക്കാരനും എഴുത്തുകാരനും തമ്മിലുള്ള ഒരു സ്വകാര്യ ഏർപ്പാടല്ല എന്നും എഴുത്തുകാരൻ തൻ്റെ മുന്നിലുള്ള ഒരു മുഴുവൻ സമൂഹത്തിൻ്റേയും രാഷ്ട്രീയ വൈകാരിക ചുറ്റുപാടുകളെ ലക്ഷ്യം വച്ചു ചെയ്യുന്ന ബോധപൂർവമായ ( active) പ്രക്രിയയാണ് എന്നും കരുതുന്ന എഴുത്തുകാരനാണ് ടി. അരുൺകുമാർ.  എന്തിനെന്നറിയാതെ തീവ്രവാദ വിരുദ്ധ സെല്ലിൻ്റെ കസ്റ്റഡിയിൽ ആയിപ്പോയ ഒരാളുടെ ആത്മഗതമായാണ് കഥ സംഭവിക്കുന്നത്.  ലോകത്തിൻ്റെ പല ഭാഗത്തും അമേരിക്കൻ അച്ചുതണ്ട് ശക്തികൾ സ്ഥാപിച്ചിട്ടുള്ളതും ഇപ്പോഴും പ്രവർത്തിക്കുന്നതുമായ മനുഷ്യ പീഡനകേന്ദ്രങ്ങൾ യാഥാർഥ്യമാണ്. സത്യാനന്തര കാലത്ത് അത്തരം കേന്ദ്രങ്ങൾ എവിടെയും സ്ഥാപിക്കപ്പെടാം, പൗരൻ അതിലേക്ക് അയക്കപ്പെടാം. മുൻകൂട്ടി തയ്യാറാക്കിയ ഉത്തരങ്ങളും അവ കിട്ടേണ്ടുന്ന ചോദ്യങ്ങളും ആരെത്തേടിയും വന്നേക്കാം. ലാ- ടൊമാറ്റിനാ എന്ന കഥയിൽ ചോദ്യം ചെയ്യാനുള്ള അധികാരിയുടെ പേര് രാമകൃഷ്ണ അയ്യർ എന്നാണ്. അയാളുടെ സഹായികളായി സൈമൺ എന്ന പോലീസുകാരനും പാചകക്കാരനായ മറ്റൊരു പോലീസുകാരനുമുണ്ട്. സസ്യാഹാരിയാണ് അയ്യർ എന്ന് കഥാകൃത്ത് വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. സസ്യാഹാരിയാവുക എന്നത് മഹത്തായ ഒരു കാര്യമായി കാണുന്ന നാട്ടിൽ ആ സൂചന ഒരു വെറും സൂചനയല്ല. ഏറ്റവും ക്രൂരമായി ഇരയെ നേരിടുന്ന അയ്യർ ഒരു അടയാളപ്പെടുത്തലാണ്.

കഥ പറച്ചിലിനുമുണ്ട് ഈ കഥയെ മികച്ചതാക്കുന്നതിൽ ഗണ്യമായ പങ്ക്. തല പോയ തെങ്ങും കരിങ്കോഴിയും തടവറയുടെ ജാലകത്തിലൂടെ കാണാവുന്ന ഇറച്ചിക്കോഴി കടയും കശാപ്പു ശാലയുമൊക്കെ കഥക്ക് പ്രാദേശികമല്ലാത്ത പരിവേഷം നൽകുന്നുണ്ട്. മികച്ച കഥയാണ് ലാ ടൊമാറ്റിന. മലയാളത്തിൽ അപൂർവമായി സംഭവിക്കുന്ന കഥ.

മലയാളം വാരികയിൽ പി എഫ് മാത്യൂസ്  എഴുതിയ മരിച്ച വിശ്വാസികൾക്ക് വേണ്ടിയുള്ള പ്രാർഥന എന്ന കഥ ആഖ്യാനത്തിൻ്റെ സൗന്ദര്യം കൊണ്ട് മികച്ച വായനാനുഭവം നൽകും. എന്തു ചെയ്താലും നിമിഷം കൊണ്ടത് പാപമായിത്തീരുന്ന ഒരു വീട്ടിലാണ് അയാൾ ജനിച്ചത് എന്ന വാചകത്തിലാണ് കഥ തുടങ്ങുന്നത്. മധ്യ തിരുവിതാംകൂറിലെ ഒരു സാധാരണക്രിസ്ത്യാനിക്കുടുംബത്തിലെ എല്ലാ ജീവിതാവസ്ഥകളും കഥ ചിത്രീകരിക്കുന്നുണ്ട്. പാപബോധം, പ്രായശ്ചിത്തം എന്നിങ്ങനെ ക്രിസ്തീയത കെട്ടിത്തിരിയുന്ന കുറ്റികൾ കഥാകൃത്ത് ചർച്ചക്കു വക്കുന്നുണ്ട്. പട്ടാളക്കാരനായ അപ്പനു ശേഷം പട്ടാളത്തിൽ ചേർന്ന കഥാനായകൻ പതിനാറു പേരെ വെടി വച്ചു കൊന്നു എന്നറിഞ്ഞ അന്ന് വീട്ടിലുള്ള എല്ലാവർക്കും പരാമർ കുടിക്കാനുള്ള ദാഹമുണ്ടാവുകയും അവരത് ചെയ്യുകയും ചെയ്തു. അങ്ങനെ സർവരും മരിച്ചു പോയ ഒരു വീട്ടിലേക്കാണ് അവൻ തിരിച്ചു വരുന്നത്. ആത്മാക്കളെ ശല്യം ചെയ്യരുത് എന്ന് അമ്മ അവനെ ഓർമിപ്പിക്കുന്നുമുണ്ട്. മനുഷ്യൻ്റെ നിസ്സഹായതയും മിക്കപ്പോഴും അവൻ എത്തിച്ചേരുന്ന ഏകാന്തതയും അതുണ്ടാക്കുന്ന സംഘർഷങ്ങളും പ്രമേയപരമായി ഒട്ടും പുതിയതല്ല. അതേ സമയം മതം നിർണയിക്കുന്ന പാപബോധവും യാഥാർഥ്യത്തിൽ അതിൻ്റെ അർഥരാഹിത്യവും കഥ പ്രശ്നവൽക്കരിക്കുന്നു. അനുശാസിക്കപ്പെടുന്ന പാപബോധവും പ്രായശ്ചിത്തവുമൊക്കെ യാന്ത്രികമാണെന്നും പ്രായോഗിക ജീവിതം വേറെയാണെന്നുമുള്ള തിരിച്ചറിവ് നേടാൻ കഴിയാതിരുന്നാൽ ജീവിതം പരാജയപ്പെട്ടു പോകും എന്ന് കഥ നമ്മോട് സ്വകാര്യം പറയുന്നു. അതാണ് ഈ കഥയെ കഥയാക്കി മാറ്റുന്നത്. മലയാളത്തിൽ വിഎച്ച് നിഷാദ് എഴുതിയ ആകാശത്തിലെ നക്ഷത്രങ്ങൾ പറയുന്ന പുതിയ ജാക്ക് ആൻ്റ് ജിൽ കഥ വായിച്ചു കഴിയുമ്പോൾ നമ്മൾ ആരെങ്കിലും കണ്ടോ എന്നു ചുറ്റും നോക്കും. വായനക്കാരന് ഒരു വിവരവുമില്ല എന്ന നിലപാടിൽ നിന്ന് കഥാകൃത്ത് പുറത്തു വന്നേ മതിയാവൂ. സ്വവർഗ വിവാഹമൊക്കെ നമ്മുടെ നാട്ടിൽ ഇപ്പോഴും അത്ഭുതമാണെന്ന തോന്നൽ കഥാകൃത്തിനു മാത്രമേ ഉണ്ടാവാനിടയുള്ളൂ.

ദേശാഭിമാനിയിൽ എൻ ഹരി എഴുതിയ അപസർപ്പകൻ എന്ന കഥ  ഷെർലക് ഹോംസ് കഥകളുടെ ആരാധകനായ ഒരു പോലീസുകാരൻ്റെ കഥയാണ്. അയൽവാസിയായ സ്ത്രീയുടെ വള മോഷ്ടിച്ചതിന് പിടിയിലായ ഞാൻ എന്ന കഥാപാത്രം രാത്രിയിൽ കാവൽ നിൽക്കുന്ന മേപ്പടി പോലീസുകാരനെ വർത്തമാനം പറഞ്ഞ് മയക്കി വിലങ്ങ് ലൂസാക്കിക്കുകയും അവൻ വിലങ്ങൂരിയതും കാവൽ പോലീസ് തോക്കെടുത്ത് സ്വയം വെടിവച്ചു മരിക്കുകയും ചെയ്തു. ഇനി ഊരിയ വിലങ്ങ് കൈയിലേക്ക് തിരിച്ചു കയറ്റുന്നതെങ്ങനെ എന്നാലോചിച്ച് അന്തം വിട്ട ഞാനിൽ കഥ അവസാനിക്കുകയും ചെയ്യുന്നു.  ഒരു അപസർപ്പക കഥ എന്ന നിലക്ക് സമീപിക്കുകയാണെങ്കിൽ ആ പോലീസുകാരൻ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന ചോദ്യവും അതിനുത്തരം കണ്ടെത്താനുള്ള ഹോംസ് മോഡൽ അന്വേഷണവും ഒക്കെയായി കഥക്ക്  തുടർച്ച സാധ്യമാണ്. പക്ഷേ അതൊരു നോവലിൻ്റെ ഘടനയാണ് എന്നു പറയേണ്ടി വരും. ഒന്നുകൂടി വ്യക്തമാക്കിയാൽ ഷെർലക്ക് ഹോംസ് നോവലുകളുടെ ശൈലിയാണത്. വെറുമൊരു കഥ എന്ന രീതിയിൽ വായിക്കാൻ ശ്രമിച്ചാൽ ആ പോലീസുകാരൻ്റെ സ്വത്വബോധവും യാഥാർഥ്യവും തമ്മിലുള്ള സംഘർഷത്തിൻ്റെ ഉൽപ്പന്നമായി അയാളുടെ ആത്മഹത്യയെ കാണേണ്ടി വരും.എന്നാൽ അത്തരത്തിലൊരു സംഘർഷം അയാളിലുണ്ട് എന്ന് തോന്നിക്കാൻ കഥക്ക് സാധിക്കുന്നില്ല താനും. കഥയ്ക്കുണ്ട് എന്ന് പറയാവുന്ന ഒരു മേന്മ അതിൽ അവസാനം വരെയുണ്ടായിരുന്ന ഫോക്കസ് അവസാനത്തെ ഒറ്റ വെടിയിൽ മറ്റൊന്നായി മാറിപ്പോകുന്നു എന്ന അപ്രതീക്ഷിത സംഭവമാണ്. അങ്ങനെയാവുമ്പോഴും പക്ഷേ കഥ മികച്ച കഥയാവുന്നില്ല. മികച്ച ഘടകങ്ങളെ മികച്ച രീതിയിൽ കൂട്ടിച്ചേർക്കുന്ന കഥയുടെ എഞ്ചിനീയറിംഗ് ഹരി ഇനിയും പഠിക്കേണ്ടതുണ്ട്.

മാതൃഭൂമിയിൽ രഘുനാഥ് പലേരി എഴുതിയ മറന്നു പോയച്ഛാ എന്നൊരു കഥയുണ്ട്. മരിച്ചു പോയവരെക്കുറിച്ചു തന്നെയാണ് കഥ. മരണാനന്തരം പഴയ വാസസ്ഥാനങ്ങളിലേക്ക് തിരികെയെത്തുകയും നഷ്ടബന്ധങ്ങളെയൊക്കെ പിന്നെയും കാണുകയും ചെയ്യുന്ന തരം കഥകൾക്ക് പുതുമയൊന്നും അവകാശപ്പെടാവില്ല. അതേ സമയം ഭൂതകാലം എന്നത് നന്മകളുടെ വസന്തകാലമായിരുന്നു എന്നും അന്നത്തെ ജീവിതമായിരുന്നു ജീവിതമെന്നുമുള്ള പിന്തിരിപ്പൻ നിലപാട് അറിഞ്ഞോ അറിയാതെയോ ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നുമുണ്ട്. കാലത്തിൻ്റെ മുമ്പേ നടക്കേണ്ടവനാണ് എഴുത്തുകാരൻ .. കാലത്തിൻ്റെ കാലിൽ പിടിച്ച് പിന്നാക്കം വലിക്കേണ്ടവനല്ല.

ഭാഷാപോഷിണിയിൽ വി നടരാജൻ എഴുതിയ ആയുസെത്തും വരെ എന്നൊരു കഥയുണ്ട്. പ്രത്യക്ഷത്തിൽ നിഷ്കളങ്കമെന്നു തോന്നാവുന്നതും സൂക്ഷ്മ വിശകലനത്തിൽ അങ്ങനെയല്ലാത്തതുമായ ഒരു രചനയാണിത്. അറക്കൽ കോവിലകത്തെ ഒരു പിൻമുറക്കാരൻ തൻ്റെയും പുത്ര പുത്രീകളത്രങ്ങളുടെയും ജാതകം എഴുതിക്കാൻ ദേവദത്തൻ എന്ന ജോത്സ്യനെ സമീപിക്കുന്നതാണ് കഥ. ജ്യോതിഷം കൃത്യമായ ശാസ്ത്രമാണെന്നും അതിൽ എല്ലാം മുൻകൂട്ടി അറിയാൻ സാധ്യമാണെന്നുമുള്ള തട്ടിപ്പ് കഥയിൽ ഒളിച്ചു കടത്തുന്നു. അതിലേറെ ഇതിലൊന്നും വിശ്വസിക്കാൻ സാധ്യതയില്ലാത്ത (കഥാകൃത്ത് കഥയിൽ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട് ) ഒരു വിഭാഗം കൂടി അവസാനകാലത്ത് ജ്യോതിഷത്തെ ആശ്രയിക്കുന്നു എന്ന നിലപാടും കഥ സ്വീകരിക്കുന്നു. തികച്ചും ശാസ്ത്ര വിരുദ്ധമായ ജ്യോതിഷത്തെ വെള്ളപൂശാനും മഹത്വവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ കഥയിലാണെങ്കിൽ പോലും ചെറുക്കപ്പെടേണ്ടതാണ്.

കേരളകൗമുദിയിൽ റഫീഖ് തറയിൽ എഴുതിയ ഹവാല എന്ന കഥ മലബാറിൽ ഹുണ്ഡി എന്ന പേരിൽ അറിയപ്പെടുന്ന കുഴൽപണ ബിസിനസുകാരെ സംബന്ധിച്ചാണ്. നിയമവിരുദ്ധമായ ഇത്തരം ഏർപ്പാടുകൾ നിർബാധം നടക്കുന്നതും അതിൻ്റെ ഏജൻറുമാരായി കുറേ ചെറുപ്പക്കാർ പ്രവർത്തിക്കുനതും അപരിചിതമായ കാര്യമല്ല. പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത കഥ. തരക്കേടില്ലാത്ത ആഖ്യാനം കഥയെ പാരായണക്ഷമമാക്കുന്നുണ്ട്.

പച്ചക്കുതിരയിൽ പിഎഫ് മാത്യൂസിൻ്റെ വെളുത്ത നിറമുള്ള മയക്കം എന്ന കഥയുണ്ട്. ഇന്ത്യയിൽ സുൾഫിക്കർ എന്ന തൻ്റെ കൂട്ടുകാരനെ കണ്ട് മടങ്ങുന്ന എമ്മ എന്ന അമേരിക്കൻ മദാമ്മ എന്തിനാണ് വിമാനത്തിലിരുന്ന് കരഞ്ഞത് എന്ന ചോദ്യവും അതിൻ്റെ ഉത്തരവുമാണ് കഥ. മനുഷ്യമനസുകളുടെ അപ്രതീക്ഷിത കുഴമറച്ചിലുകളെ ഇഴ പിരിച്ചെടുക്കുന്നതാണ് പി എഫ് മാത്യൂസിൻ്റെ കഥകളുടെ സ്വഭാവം. ഓരോരുത്തരുടെ ജീവിതങ്ങളും മറ്റുള്ളവരുടേതിൽ നിന്ന് വ്യത്യസ്തമാണെന്നു തോന്നുമെങ്കിലും അടിസ്ഥാനപരമായി അവ ഒന്നു തന്നെയാണ്.  ഓർമയുടെയും തിരിച്ചറിവിൻ്റേയും നേർത്ത പാലത്തിലൂടെയുള്ള പിൻമടക്കം ആർക്കും എപ്പോഴും സംഭവിക്കാം. ശേഷമവശേഷിക്കുന്ന അപര ജീവിതങ്ങളിലെ മഹാ ശൂന്യത വിവരണങ്ങൾക്കോ വിശകലനങ്ങൾക്കോ വഴങ്ങാത്തതാണെന്ന വൈകാരികാവസ്ഥ കഥ പൂർണമായും ഉൾക്കൊള്ളുന്നു.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ എം ഉണ്ണികൃഷ്ണൻ എഴുതിയ പുലി വെണ്ടുല എന്ന കഥ ആന്ധ്രയിലെ മഡിഗ വിഭാഗത്തിൻ്റെ ജീവിതം പശ്ചാത്തലമാക്കിയുള്ളതാണ്. രാജ്യത്തെവിടേയും അധ:കൃത ദളിത് വിഭാഗങ്ങൾക്കു നേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ച് പറയാൻ മഡിഗരെ ഉപയോഗിച്ചു എന്നേയുള്ളൂ .. അടിമ വർഗങ്ങളിലെ സ്ത്രീകൾ എന്നും മേൽജാതിക്കാർക്കു വേട്ടയാടാനുള്ളതാണ്. എന്നാൽ എല്ലാ അനീതികൾക്കുമെതിരെ പ്രതിരോധങ്ങൾ ഉണ്ടാവുക തന്നെ ചെയ്യുമെന്ന് കഥ പ്രതീക്ഷിക്കുന്നു. നല്ല ആഖ്യാനം ഈ കഥയെ കൂടുതൽ മികച്ചതാക്കുന്നു.

കഥയിൽ നവീകരണ പ്രസ്ഥാനങ്ങൾ രൂപം കൊള്ളുമെന്നും അവ പുതിയ കാലത്തിൻ്റെ സാംസ്കാരിക നേതൃത്വം ഏറ്റെടുക്കുമെന്നും നമുക്കു പ്രതീക്ഷിക്കാം..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account