കഥാവൃക്ഷത്തിലെ കടവാവലുകൾ

കഥ/സാഹിത്യം മനുഷ്യനെ ബാധിക്കുന്നത് പ്രധാനമായും രണ്ടു വിധത്തിലാണ്. ഒന്ന് അവൻ്റെ സാമൂഹ്യബോധത്തിൻ്റേയും നിലപാടുകളുടേയും അടിസ്ഥാനത്തിലും രണ്ടാമത്തേത് വ്യക്തിപരമായ അനുഭവങ്ങളുടെയും വൈകാരികതയുടേയും അടിസ്ഥാനത്തിലും. തീർച്ചയായും ഒരു ജനാധിപത്യ സമൂഹത്തിൽ ജനിച്ചു വളർന്ന വർത്തമാന കാല വായനക്കാരുടെ രാഷ്ട്രീയ ബോധ്യങ്ങളും മത, വർഗ നിലപാടുകളും വായനയെയും ആസ്വാദനത്തേയും സ്വാധീനിക്കുന്നുണ്ട് / സ്വാധീനിക്കേണ്ടതുണ്ട്. അതു കൊണ്ടു തന്നെ യഥാർഥ സമൂഹത്തോടും സാമൂഹ്യ ഘടനകളോടും സജീവമായും ക്രിയാത്മകമായും പ്രതിപ്രവർത്തിക്കുക എന്നത് എഴുതുന്നവരുടെ ബാധ്യതയാണ്. അതായത് ഈ രാജ്യത്തെ ഭരണകൂട സംവിധാനങ്ങളുമായി പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടാതെ ഒരു സാഹിത്യ സൃഷ്ടിയും പൂർണ്ണമായി സംവേദനക്ഷമമാകുന്നില്ല. വായനക്കാരൻ അയാളുടെ വൈയക്തികാനുഭവങ്ങളുടെ വെളിച്ചത്തിൽ ഒരു കൃതിയെ വായിക്കുമ്പോൾ പോലും സൂക്ഷ്മതലത്തിൽ സാമൂഹ്യ രാഷ്ട്രീയ ഘടകങ്ങൾ ആ വായനയിൽ ഇടപെടുന്നുണ്ട് എന്നു കാണാം. ചുരുക്കിപ്പറഞ്ഞാൽ പൂർണമായും രാഷ്ട്രീയാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഒരു സമൂഹത്തിൽ എഴുത്തുകാരന് രാഷ്ട്രീയമുണ്ടാവുക തന്നെ ചെയ്യും അഥവാ ചെയ്യണം. അത് പ്രത്യക്ഷ രാഷ്ട്രീയമാണോ പരോക്ഷ രാഷ്ട്രീയമാണോ എന്നത് സന്ദർഭവും സാഹചര്യവും വ്യക്തി താൽപര്യവുമടക്കം നിരവധി ഘടകങ്ങളുടെ ഉൽപ്പന്നമാണ്. നിലപാടുണ്ടാവുക എന്നതാണ് പ്രധാനം. പക്ഷേ മലയാളത്തിലെ മിക്ക കഥകളും ഈ നിലപാടിൽ നിന്ന് ഏറെ ദൂരെയാണ്. പഴഞ്ചൻ നൊസ്റ്റാൾജിയയും നഷ്ടപ്രണയവും വാർദ്ധക്യ പുരാണവും ഉൾപ്പെടെ അതിസാധാരണമായ പ്രമേയങ്ങളിലും അതിലേറെ ദുർബലമായ കഥാപരിസരങ്ങളിലും ചുറ്റി നടക്കുകയാണ് ഇപ്പോഴും മലയാള കഥ.

മാതൃഭൂമിയിൽ എം. നന്ദകുമാർ എഴുതിയ ഒരു കഥയുണ്ട്. പേര് ആഞ്ഞിലിമരത്തിലെ വവ്വാലുകൾ .. കഥയെക്കുറിച്ച് എന്തെങ്കിലും പ്രത്യേകിച്ച് പറയാനുണ്ടെന്ന് തോന്നുന്നില്ല. ബോംബെയിൽ ജോലി ചെയ്യുന്ന ബാലു അവധിക്ക് നാട്ടിൽ വരുന്നു. കൂട്ടുകാരനായ അച്ചുവിനെ കാണുന്നു. അച്ചു ശരീരത്തിന് ശേഷിയില്ലാത്തതിനാൽ ജോലിക്കു പോവാൻ കഴിയാത്തവനാണ്. ഭാര്യ സൂപ്പർ മാർക്കറ്റിൽ ജോലിക്കു പോകുന്നതു കൊണ്ടാണ് ജീവിതം. എടുത്തു കൊടുക്കാൻ നിന്ന അവൾ കാഷ്യറായതിൽ നാട്ടുകാർക്ക് മുറുമുറുപ്പുണ്ട്. പക്ഷേ അച്ചുവിന് അവളെ വിശ്വാസമാണ്. ഇതാണ് കഥ. ഒറ്റ ചോദ്യമേ ഈ കഥ വായിച്ചു കഴിഞ്ഞാൽ ചോദിക്കാനുള്ളൂ.. എം. നന്ദകുമാർ എന്ന പേരില്ലായിരുന്നുവെങ്കിൽ ഈ കഥ അച്ചടിക്കപ്പെടുമായിരുന്നോ.? ഒന്നുകിൽ എഴുതുന്നയാൾക്ക്, അല്ലെങ്കിൽ അച്ചടിക്കുന്നയാൾക്ക് വേണം ലേശം നാണം. ( അല്ലെങ്കിൽ വായിക്കുന്ന നമുക്കു വേണം) വായനക്കാരൻ വെറും മണ്ടനാണെന്ന തെറ്റിദ്ധാരണ നല്ലതല്ല. പി.ജെ ജെ ആൻ്റണിയുടെ സമുദ്ര വേട്ട മകൻ ഒരു ഓഷ്യാനൊ ഗ്രാഫറെ കല്യാണം കഴിക്കാൻ ആഗ്രഹിച്ച, ആ കല്യാണത്തിൻ്റന്ന്  കടലിൽ ചാടി ആത്മഹത്യ ചെയ്ത്  പണ്ട് അപ്പൻ അന്തേച്ചൻ ചെയ്ത പാപത്തിന് പരിഹാരമുണ്ടാക്കിയ മകൻ്റെ കഥയാണ്. പുതുമയോ ആകർഷണീയതയോ ഇല്ലാത്ത പ്രമേയവും അതിലേറെ വിരസമായ ആഖ്യാനവും സമുദ്രവേട്ടയെ മോശം കഥയാക്കുന്നു.

മാധ്യമം ആഴ്ചപ്പതിപ്പിൽ ട്രൈബി പുതുവയൽ എഴുതിയ ജനതാ കർഫ്യൂ നന്നായി പറയാൻ ശ്രമിച്ച കഥയാണ്. പക്ഷേ പട്ടാളക്കാരൻ, ഗൾഫ്കാരൻ തുടങ്ങിയ പ്രവാസിബിംബങ്ങളും അവരുടെ ജീവിതത്തിലെ സമ്പാദ്യം മുഴുവൻ വീട്ടുകാർ / കുടുംബക്കാർ എന്ന പരാദം തിന്നു തീർക്കുന്നതും ഒടുക്കം അവർ ആത്മഹത്യയിലേക്ക് സഞ്ചരിക്കുന്നതും ഒന്നും പുതിയ കാര്യമല്ല. അതിനു ശേഷം കഥയിലേക്ക് തിരുകിക്കയറ്റുന്ന ഭൂതദയ അതിലേറെ സാധാരണമാണ്. എന്തുകൊണ്ടും വളരെ പഴയ കഥയാണ് ജനതാ കർഫ്യൂ . അതിസാധാരണമായ ഒരു കഥയിലേക്ക് വർത്തമാനത്തിലെ ഒരു കഷ്ണത്തെ ചേർത്തു വച്ചുള്ള അപ്ഡേഷൻ ശ്രമം കഥയെ വിജയിപ്പിച്ചില്ല. എങ്കിലും വായനക്കാരനെ കൂടി പരിഗണിക്കുന്ന ആഖ്യാനം കഥയെ പാരായണ ക്ഷമമാക്കുന്നുണ്ട്. വി.ടി. അനീസ് അഹമ്മദിൻ്റെ കുര അത്രക്ക് ഏശിയില്ല. പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ വലിച്ചു നീട്ടിയ ഒരു സാധാരണ പൈങ്കിളിക്കഥ എന്നല്ലാതെയൊന്നുമല്ല കുര.

ദേശാഭിമാനിയിൽ ശശി പൂക്കാട് എഴുതിയ നിയന്ത്രണരേഖ രണ്ടാം ലോക മഹായുദ്ധത്തിൽ പങ്കെടുത്ത് കാണാതായ അപ്പൂപ്പൻ മടങ്ങി വന്നാലെങ്ങനെയിരിക്കും എന്ന ഭാവനയാണ്. യുദ്ധം തീർന്നിട്ടും അപ്പുപ്പൻ എവിടെയായിരുന്നു ഇത്ര കാലം  എന്ന ചോദ്യത്തിന് ഞങ്ങൾ പടവെട്ടുകയായിരുന്നു ഇക്കാലമത്രയും എന്ന മറുപടി കഥയുടെ ലക്ഷ്യം വ്യക്തമാക്കുന്നു. പോരുകൾ ഒരിക്കലും അവസാനിക്കാത്തവയാണ്. യുദ്ധവും പട്ടാളവുമൊക്കെ അഭിമാനത്തിൻ്റെ അടയാളങ്ങളാവുന്ന കാലത്ത് ഇത്തരം ആഖ്യാനക്കൾക്ക് പ്രസക്തിയുണ്ട്. പക്ഷേ വ്യക്തമായ സംവേദനത്തിൽ കഥ വിജയിച്ചതായി തോന്നിയില്ല.

സമകാലിക മലയാളം വാരികയിൽ വി ദിലീപ് എഴുതിയ സിനിമാച്ചോറ് അനീഷ് എന്ന സിനിമാ പ്രാന്തൻ്റെ കഥയാണ്. എട്ടാമത്തെ തവണ ബാഹുബലി കണ്ട് പുറത്തിറങ്ങിയ അവന് നിർത്താതെ സിനിമ കാണാനുള്ള പണം തിയേറ്ററിന് പുറത്ത് ആരോ ഒരാൾ ബെൻസ് കാറിലെത്തി നൽകുകയും അവൻ സിനിമ കണ്ടു കൊണ്ടേയിരിക്കുകയും ചെയ്തു. തൊഴിലുറപ്പു പണിക്കാരിയായ അമ്മയും മദ്യപാനത്തൊഴിലാളിയായ അച്ഛനും പ്ലസ് ടുവിന് പഠിക്കുന്ന അനുജത്തിയുമുള്ള അനീഷ് പെട്ടെന്ന് സ്ക്രീനിൽ അച്ഛനേയും അമ്മയെയും അനുജത്തിയെയുമൊക്കെ കണ്ട് അങ്കലാപ്പിലായി പുറത്തിറങ്ങിയപ്പോൾ അതേ മൊട്ടത്തലയൻ അവനെ ഭീഷണിപ്പെടുത്തുന്നു. മര്യാദക്ക് സിനിമ കണ്ടോളണം.. അല്ലെങ്കിൽ നായിൻ്റെ മോനേ, നിന്നെ ബൻസിടിച്ചു കൊല്ലുമെന്ന് .  നമ്മുടെ നിത്യജീവിതത്തിലെ അടിസ്ഥാന ഘടകങ്ങളെ അട്ടിമറിക്കുകയും  അടിസ്ഥാനാവശ്യങ്ങൾ പോലും അസാധ്യമായിപ്പോവുകയും ചെയ്യുമ്പോഴും നാം ദൃശ്യപരതയുടെ വ്യാജസങ്കല്പങ്ങളിൽ അഭിരമിക്കുന്നു എന്നത് കഥയുടെ അപര വായനയാകുന്നു. മനുഷ്യൻ്റെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ ഓൺ ലൈനിൽ റമ്മി’ കളിക്കൂ എന്ന് പറയുമ്പോലെ, നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ ഏറ്റവും വേഗത്തിൽ സിനിമകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നതാണ് വികസനം എന്ന് പ്രചരിപ്പിക്കപ്പെടുന്നതു പോലെ ദിലീപിൻ്റെ കഥ വ്യാജ സംതൃപ്തികളെ അഭിസംബോധന ചെയ്യുന്നു. നല്ല കഥയാണ് സിനിമാച്ചോറ് . ആരതി അശോക് എഴുതിയ ലിലിത്ത് എന്ന കഥ ലിലിത്ത് എന്ന ബിബ്ലിക്കൽ കഥാപാത്രത്തിൻ്റെ പേരിലേക്ക് ഒരു കഥ കൂട്ടിച്ചേർത്തതു പോലെ കൃത്രിമമാണ്. വിഷയം ഒരു കോളേജിലെ രണ്ടു പെൺകുട്ടികൾ തമ്മിലുള്ള സ്നേഹമാണ് ( !). അത് പാപമാണ് എന്നു വിശ്വസിക്കുന്ന മതമേധാവിത്തം, കുട്ടികൾക്കുള്ള ശിക്ഷ, കരച്ചിൽ, സെൻ്റിമെൻ്റ്സ് .. അത്രയൊക്കെത്തന്നെ. ഒരു പൈങ്കിളിക്കഥ.

കലാകൗമുദിയിൽ വി. സുരേഷ് കുമാർ എഴുതിയ ചാർ ഇമ് ലി കാ ചോർ വാച്ചുകളുടെ ശേഖരണം ഹോബിയായ ഒരാൾ അയാളുടെ അലമാരിയിൽ നിന്ന് വില കൂടിയ വാച്ചുകൾ വേലക്കാരി കട്ടെടുത്തു എന്ന് പറഞ്ഞ് ഉണ്ടാക്കിയ പുകിലുകളുടെ കഥയാണ്. വേലക്കാരിയെ പിരിച്ചുവിടുകയും പിന്നീടവളെ തിരിച്ചെടുക്കുകയും ഒടുവിൽ അവളെ ഭോഗിക്കുകയും രാജാവിന് ദാസിപ്പെണ്ണിലൊരു കുഞ്ഞുണ്ടാവുകയും ചെയ്യുന്നു. അത്ര തന്നെ. ഇതിലെന്താ കഥ എന്നൊന്നും ചോദിക്കരുത്. എഴുതാനുള്ളത് “അതു” മാത്രമാണ്. അതിനെ പല കുപ്പിയിലാക്കുന്നു, അത്രമാത്രം. പ്രായപൂർത്തിയായവർക്കുള്ള സിനിമകൾ  നിർമിക്കുന്ന അതേ തന്ത്രം. ഉൾപ്പെടുത്തേണ്ട കാര്യം ഒന്നു തന്നെ. പല തരം സാഹചര്യങ്ങൾ ഉണ്ടാക്കിയെടുക്കുമെന്ന് മാത്രം.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ ശ്രീജ ടി.എച്ച് എഴുതിയ നൊരമ്പ് ഗുണ്ടകളുടേയും ക്വട്ടേഷൻ സംഘങ്ങളുടെയും കഥ പറയുന്ന  നിരവധി മലയാള സിനിമകൾ പറഞ്ഞു തീർന്ന കഥയാണ്. ദൃശ്യം സിനിമ കഥാകൃത്തിനെ വല്ലാതെ സ്വാധീനിച്ചിട്ടുമുണ്ട്. എന്തിനാണ് ഇത്തരം കഥകൾ എന്ന് ചോദിച്ചിട്ടു കാര്യമൊന്നുമില്ലാത്തതിനാൽ ചോദിക്കുന്നില്ല ..

പൊതുവൽക്കരണവും ലളിതവൽക്കരണവും കഥയെയും കവിതയേയുമൊന്നും കൂടുതൽ സജീവമാക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഉപരിപ്ലവമാവുകയും ഡിസ്പോസബിൾ ആവുകയുമാണ് സംഭവിക്കുന്നത്. നാം ജീവിക്കുന്ന കാലത്തിൻ്റെ അടയാളമാകാൻ പോന്ന ഒരു കഥയുമുണ്ടാവുന്നില്ല എന്നത് തീർച്ചയായും നമ്മുടെ എഴുത്തിൻ്റെ/ എഴുത്തുകാരുടെ ദൗർബല്യമാണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account