പൈങ്കിളിക്കഥകളുടെ നഗര പ്രവേശം

ഒരു കഥയുടെ മേന്മ അളക്കാൻ നിശ്ചിതമായ അളവുകോലുകളൊന്നും തന്നെ ലഭ്യമല്ല. തീർച്ചയായും അതു പ്രതിജന ഭിന്നമാണ്. വായനക്കാരൻ്റെ ജ്ഞാനവും സാംസ്കാരിക, സാമൂഹ്യ ബോധ്യങ്ങളുമുൾപ്പെടെ  പ്രത്യക്ഷവും പരോക്ഷവുമായ നിരവധി ഘടകങ്ങളുടെ സ്വാധീനം ഒരു കൃതിയുടെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. അങ്ങനെയാവുമ്പോഴും കഥയുടെയും സാഹിത്യത്തിൻ്റേയും ആസ്വാദനത്തിന് ഇത്തരം വ്യതിരിക്തതകളെ ഉൾക്കൊണ്ടു തന്നെയുള്ള പൊതു മാനകം പ്രവർത്തിക്കുന്നുണ്ട്. അത് നാം പങ്കു വക്കുകയും അനുഭവിക്കുകയും ചെയ്യുന്ന പൊതു സമൂഹത്തിൻ്റെ മൂല്യബോധത്തിൻ്റെ കൂടി അടിസ്ഥാനത്തിലാണ്. അവിടെയെത്തുമ്പോഴാണ് പ്രസിദ്ധീകരണങ്ങളുടെ വിപണി താൽപര്യങ്ങളുടെ തെരഞ്ഞെടുപ്പ് സംഭവിക്കുന്നത്. കൂടുതൽ വായനക്കാരനെ നേടുക,  കൂടുതൽ കോപ്പികൾ വിൽക്കുക, കൂടുതൽ വായനക്കാരെ തൃപ്തിപ്പെടുത്തുക എന്നിങ്ങനെ ലക്ഷ്യം ജനപ്രീതിയാകുമ്പോൾ സാഹിത്യത്തിൻ്റെ മൂല്യ സങ്കല്പങ്ങളും അതിനനുസൃതമായി മാറ്റി എഴുതപ്പെടുന്നു. കേവലം വായനക്കാരൻ്റെ മൃദുല വികാരങ്ങളെ തൃപ്തിപ്പെടുത്തുകയും വായന ഒരു കർമണി പ്രവർത്തനമാക്കുകയും (Passive action) ചെയ്യുമ്പോൾ കൃതിക്ക് കൂടുതൽ വായനക്കാരുണ്ടാവുന്നു എന്ന ലളിത വാണിജ്യ സൂത്രവാക്യത്തിലേക്ക് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ടതെന്ന് നാം കരുതുന്ന ( തെറ്റിദ്ധാരണയാവാം) പ്രസിദ്ധീകരണങ്ങൾ കൂടി ചുവടുമാറ്റുകയാണ്. ആഴമില്ലാത്ത പ്രത്യേകിച്ചൊന്നും കണ്ടെടുക്കാനില്ലാത്ത വാചാടോപങ്ങൾ മാത്രമായി കഥയും സാഹിത്യവും മാറിക്കൊണ്ടിരിക്കുന്നു. കഥകളുടെ ഫോർമാറ്റ് പത്രാധിപൻമാർ തീരുമാനിക്കുകയും അതിനു വഴങ്ങുന്ന രചനകൾ എഴുതി നൽകുന്ന കൂലിയെഴുത്തുകാരായി കഥാകൃത്തുകൾ അധ:പതിക്കുകയും ചെയ്യുന്നു. പൈങ്കിളി സാഹിത്യത്തെ മഹത്വവൽക്കരിക്കുകയും ഈ വായനക്കാർക്ക് അതു മതി എന്ന് സ്വയം നിശ്ചയിക്കുകയും ചെയ്യുകയാണെന്നു തോന്നും കഥകൾ വായിച്ചു തീരുമ്പോൾ..

മാതൃഭൂമിയിലേയും മാധ്യമത്തിലേയും കഥകൾ  ഈ തോന്നലിന് ആക്കം കൂട്ടുന്നുണ്ട്. മാതൃഭൂമിയിൽ മിനി പിസി എഴുതിയ കറുത്തമ്മ എന്ന കഥ ഒരസ്സൽ പൈങ്കിളിക്കഥയാണ്. മിനി പൈങ്കിളിയല്ലാതെ മറ്റെന്തെങ്കിലും എഴുതിയിട്ടുണ്ടോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട് എന്നത് വാസ്തവം. എന്നാലും കറുത്തമ്മ പോലൊരു കഥ എഴുതാനുള്ള കഥാകൃത്തിൻ്റേയും അത് പ്രസിദ്ധീകരിക്കാനുള്ള മാതൃഭൂമിയുടെയും ആർജ്ജവം കണ്ടില്ലെന്നു നടിച്ചാൽ പാപം കിട്ടും. ഒരു മണി സീരിയലിനു വേണ്ട എല്ലാ വിഭവങ്ങളുമുണ്ട് ഈ കഥയിൽ. അമ്മയില്ലാത്ത കുട്ടി, കൗമാരത്തിൽ ബസ് കണ്ടക്ടറുമായി പ്രണയം, ഒളിച്ചോട്ടം, ദാരിദ്ര്യം, കടൽ പണി, പിന്നെ നായകൻ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനാകുന്നു, വേറെ പെണ്ണു കെട്ടുന്നു, നായികയെ തല്ലി തല പൊട്ടിച്ച് മുറിയിലടച്ചിടുന്നു, ഒരു പഞ്ചിന് അപ്പോൾ ഉത്സവ കാലമാണ് എന്നു പറയുന്നു, കുട്ടികളുടെ നഷ്ടപ്പെട്ട ഉത്സവക്കാഴ്ചകൾ (പശ്ചാത്തലത്തിൽ ഒരു BGM കേൾക്കുന്നുണ്ടോ.?), അവിടെ നിന്ന് രക്ഷപ്പെട്ട് ഒരു ബോട്ടിൽ കയറുന്നു. മീൻ പിടുത്ത ബോട്ടിലെ പണിക്കിടയിൽ നിലവിലെ താലി ഊരി കടലിലെറിയുന്നു (വിപ്ലവം, വിപ്ലവം) എന്നിട്ട് പുതിയവനോടൊപ്പം പൊറുക്കുന്നു. ഈ കഥ സത്യത്തിൽ സ്ത്രീവിരുദ്ധമാണ്. താലി ഊരിയെറിയുന്നതും പരപുരുഷനെ പ്രാപിക്കലുമാണ് സ്ത്രീ വിമോചനം എന്ന് ഒരു സ്ത്രീയും കരുതുന്നില്ല. മറിച്ച് ഒരു പുരുഷനെ കൂടാതെയും ജീവിക്കാൻ സാധ്യമാണ് എന്നതിൻ്റെ സ്ഥാപനമാണ് സ്ത്രീ മോചനത്തിൻ്റെ ആണിക്കല്ല്. അതിന് ഈ കഥക്ക് അത്തരമൊരു ലക്ഷ്യമില്ലല്ലോ .. ഇതും വെറും എൻറർടെയ്നറല്ലേ..!

മാധ്യമത്തിൽ കെ.പി. സുധീരയുടെ വകയുമുണ്ട് ഒരു അറുബോറൻ പൈങ്കിളിക്കഥ. പേര് കാതൽ.8 പേജ് നീളത്തിൽ വാരിവലിച്ചെഴുതാൻ ഈ കാതലിന് ഒട്ടും കാതലില്ല താനും. ആശുപത്രിയിൽ കിടക്കുന്ന രോഗിയായ നായിക, അവരുടെ ഗായകനും പ്രശസ്തനുമായ കൂട്ടുകാരൻ, ക്രമേണ അയാൾ കാമുകനാവുന്നു. ഓമനപ്പേരുകളിടുന്നു പരസ്പരം , ഒടുവിൽ അയാൾ വരുമ്പോഴേക്ക് കാമുകിയുടെ ആത്മാവ് വെളുത്ത ചിറകടിച്ച് പറന്നു പോയി. സത്യം പറയാമല്ലോ സുധീര എന്ന കഥാകൃത്തിനോട് സഹതാപമാണ് തോന്നിയത്. എത്ര ലളിതമായാണ് ഇവരൊക്കെ എഴുത്തിനെ വീക്ഷിക്കുന്നത്, എത്ര നിസാരമായാണ് എഴുത്തിനെ പരിഗണിക്കുന്നത്. ? എഴുത്തൊരായുധമാക്കി ഉപയോഗിക്കേണ്ടതാണ്. അല്ലാതെ അണിയിച്ചൊരുക്കി പത്തു കാശിന് വിറ്റു കളയാനുള്ളതല്ല. മാധ്യമത്തിൽ പിഎഫ് മാത്യൂസ്  കനം എന്നൊരു കഥയെഴുതിയിട്ടുണ്ട്. മാർച്ച് ലക്കം പച്ചക്കുതിരയിൽ എഴുതിയ വെളുത്ത നിറമുള്ള മയക്കം എന്ന കഥയുടെ തുടർച്ചയായി വായിക്കാവുന്നതാണ് ഈ കഥ. പക്ഷേ കഥ വെളുത്ത നിറമുള്ള മയക്കത്തിൽ അവസാനിപ്പിക്കുന്നതായിരുന്നു നല്ലത്. കഥയുടെ രണ്ടാം ഭാഗം പൂർണമായും പൈങ്കിളിയായി എന്നതു തന്നെ കാരണം. അനാവശ്യമായി വലിച്ചു നീട്ടിയ ആഖ്യാനം വായനയെ ഞെക്കിക്കൊന്നു കളഞ്ഞു. സാമാന്യം ബോറാണ് സർ ഈ കഥ. സുഭാഷ് ഒട്ടും പുറം എഴുതിയ നിശ്ശബ്ദം എന്ന കഥയാണ് കൂട്ടത്തിൽ മെച്ചം. കമ്പോള വൽകരിക്കപ്പെട്ട മന്ത്രവാദവും പൂജകളുമൊക്കെ അഭ്യസ്തവിദ്യരും ഉന്നത സ്ഥാനീയരുമൊക്കെയായ മനുഷ്യരെപ്പോലും എങ്ങനെയാണ് കീഴടക്കുന്നതെന്ന് കഥ ചർച്ച ചെയ്യുന്നു. പാരമ്പര്യത്തെക്കുറിച്ചും തറവാടിത്തത്തെക്കുറിച്ചും ഊറ്റം കൊള്ളുകയും അതത്രയും നശിപ്പിച്ചു കളയുകയും ചെയ്യുന്ന വിചിത്ര ജീവിയായ മലയാളിയെ കഥ കൃത്യമായി പ്രതിഫലിപ്പിക്കുന്നു. ഇതൊക്കെയാണെങ്കിലും ആഖ്യാനത്തിൻ്റെ കാര്യത്തിൽ നിശ്ശബ്ദം പരാജയമാണ്.  നല്ല പ്രമേയമുണ്ടായിട്ടും നല്ല കഥ പറയുന്നതിൽ സുഭാഷ് വിജയിച്ചില്ല എന്ന് ഖേദപൂർവം പറയട്ടെ.

ദേശാഭിമാനിയിൽ റിനു കെ ജോർജ് എഴുതിയ അമ്പോറ്റി എന്ന കഥയും നേരത്തെ പറഞ്ഞ പൈങ്കിളി വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്. നൊസ്റ്റാൾജിയയും കണ്ണിരുമാണ് പൈങ്കിളിയുടെ മൂലധനം. അമ്പോറ്റി എന്ന് ഇരട്ടപ്പേരുള്ള സർവ ഗുണ സമ്പന്നനായ ജോൺസൺ മാഷ് മരിച്ചതാണ് വിഷയം. മാഷക്ക് കുട്ടികളില്ല.. അത് വലിയ സങ്കടമാണല്ലോ. ശിഷ്യൻ ഭാര്യയും മകളുമൊത്ത് മരണത്തിൻ്റെ പിറ്റേന്ന് മാഷിൻ്റെ വീട്ടിലെത്തുന്നതോടെ മാഷുടെ ഭാര്യ സങ്കടം മറന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. അത്ര തന്നെ. സത്യം പറയാമല്ലോ. എന്തിനാ ഇതൊക്കെ എഴുതുന്നത് എന്ന ചോദ്യത്തെ അപ്പോൾ തന്നെ തിരുത്തുന്നുണ്ട്, എന്തിനാ ഇതൊക്കെ വായിക്കുന്നത് എന്ന്.

മലയാളത്തിലും പ്രസാധകനിലും വി സുരേഷ് കുമാറിൻ്റെ കഥകളാണ്. യഥാക്രമം ഉത്തോലകം, ധർമ്മഠം തുറന്ന വായനശാല എന്നിവ. എനിക്കു നിൽക്കാനൊരിടം  തരൂ, ഞാനീ ഭൂമിയെ മറിച്ചിട്ടു കാണിക്കാം എന്ന് പറഞ്ഞ ആർക്കിമിഡീസിൻ്റെ പിന്തുടർച്ചക്കാരനാണ് ഉത്തോലകം എന്ന കഥയിൽ വട്ടുള( ള ) പാറ ജയൻ എന്ന വിപിജയൻ. സിനിമാ ഭ്രാന്തനായ ജയൻ എപ്പോഴും നവീനമായ ആശയങ്ങളുടെ കൂടി ആശാനാണ്. പരമ്പരാഗതമായ തൊഴിൽ വരുമാന സങ്കൽപ്പങ്ങളൊന്നും അയാളെ ബാധിക്കുന്നില്ല. അനൂപ് എന്ന സുഹൃത്ത് ജയനെക്കുറിച്ച് പറയുന്നത് പത്തു മിനിറ്റ് സംസാരിച്ചാൽ ജയൻ നൂറ് ഐഡിയ പറയുമെന്നാണ്. അങ്ങനെയാണ് അടച്ചിടൽ കാലത്ത് സ്കൂൾ ക്ലാസുകൾ ഓൺലൈനായി നടത്തുകയും അതിനു വേണ്ട ആളെ സംഘടിപ്പിക്കലുമൊക്കെ ചെയ്യുന്ന ഏജൻസി അനൂപ് തുടങ്ങുന്നത്. പക്ഷേ ജയൻ അപ്പോഴും മമ്മൂട്ടിക്ക് പറ്റിയ സിനിമാക്കഥയുമായി ആരുടെയൊക്കെയോ പുറകെ നടക്കുകയാണ്. പല തരം മനുഷ്യരും അവരുടെ പല തരം മനോവിചാരങ്ങളുമെന്ന പരമ്പരാഗത കാഴ്ചപ്പാടിനപ്പുറം വാണിജ്യവൽക്കരിക്കപ്പെട്ട നിത്യജീവിതങ്ങളും എന്തിനെയും ലാഭകരമായി വിൽക്കാൻ ശേഷിയുള്ള ആധുനിക മനുഷ്യനും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളായി വേണം കഥയിലെ പരാമർശങ്ങൾ വായിച്ചെടുക്കേണ്ടത്. എന്നാൽ ഇത്രയേറെ നീണ്ട ആഖ്യാനം കഥയുടെ തീവ്രമായ സന്നിവേശത്തെ ഒട്ടൊന്നുമല്ല പ്രതികൂലമായി ബാധിക്കുന്നത്. കഥയുടെ സ്വാഭാവിക ചലനത്തെ സ്വാധീനിക്കുന്നതു പോയിട്ട് ബാധിക്കുക തന്നെ ചെയ്യാത്ത എത്രയേറെ സന്ദർഭങ്ങളും വാക്യങ്ങളുമാണ് വെറുതെ എഴുതിച്ചേർത്തിട്ടുള്ളത്. ഒരു നല്ല എഡിറ്റിംഗിൻ്റെ കുറവ് ഈ കഥയ്ക്കുണ്ട്. പ്രസാധകനിലെ കഥ, ധർമഠം തുറന്ന ലൈബ്രറി തീർച്ചയായും ഒരു രാഷ്ട്രീയകഥയാണ്. ഇന്ത്യൻ ഭരണഘടനയും മീശയും കാമസൂത്രവും സൂക്ഷിക്കാനോ വിതരണം ചെയ്യാനോ സമ്മതിക്കില്ലെന്ന് തിട്ടൂരമിറക്കുന്ന, ലൈബ്രറിയുടെ ചുറ്റുമുള്ള മരങ്ങൾക്കിടയിൽ പ്രണയകേളികളിലേർപ്പെടുന്നവരെ കുറ്റവിചാരണ ചെയ്യുന്ന ഫാസിസ്റ്റ് കൂട്ടങ്ങളുള്ളപ്പോൾ ഇനി ലൈബ്രറി പ്രവർത്തിക്കുകയേ വേണ്ട എന്ന തീരുമാനമെടുക്കുന്ന ലൈബ്രേറിയനോട് അങ്ങനെയല്ല അതു തുറന്നു പ്രവർത്തിക്കണം എന്ന് നിർദ്ദേശിക്കുന്ന അതിൻ്റെ ട്രസ്റ്റ് മേധാവി സംശയലേശമെന്യേ വർത്തമാനകാല പ്രതിരോധത്തിൻ്റെ മാതൃകയാണ്. അത്രത്തോളം നന്നായി. എന്നാൽ ധർമഠം രേഖകൾ എന്ന ഓലക്കെട്ട് മുഴുവൻ കഥയിൽ വായിക്കേണ്ടതുണ്ടായിരുന്നില്ല എന്നു തോന്നി. അത് നല്ലൊരു കഥയെ വൃഥാ സ്ഥൂലമാക്കുകയും പാരായണക്ഷമതയില്ലാതാക്കുകയും ചെയ്തു. പറയുന്ന കഥ സത്യമാണെന്ന് വായനക്കാരനെ ബോധ്യപ്പെടുത്താനുള്ള കഥാകൃത്തിൻ്റെ തിടുക്കവും വ്യഗ്രതയുമാണ് ഇത്തരം അമിതാഖ്യാനത്തിൻ്റെ കാരണം. കഥയെ കഥയാക്കി മാറ്റുവാൻ സുരേഷ് കുമാർ ഉടൻ ഒരു എഡിറ്ററെ നിയമിക്കുക.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ തോമസ് ചെറിയാൻ എഴുതിയ നീരാളി എന്ന കഥ ഒരു സോദ്ദേശ കഥയാണ്. കാമ്പസിൽ വച്ച് ലഹരിക്കടിപ്പെട്ടു പോയ മിടുക്കനായ ഒരു കുട്ടി നാടിനും വീടിനും വേണ്ടാതായി ഒടുവിൽ ചത്തൊടുങ്ങുകയും അനാഥയായ അമ്മയുടെ നരകജീവിതവുമാണ് കഥ. തീർച്ചയായും കഥയല്ലിത് ജീവിതം തന്നെയാണ്. അതിവേഗ ജീവിതത്തിൻ്റെ മായികതകളിലേക്ക് ജീവിതങ്ങൾ പരിണമിക്കുമ്പോൾ ഇടക്കിടെ ഇത്തരം ഓർമപ്പെടുത്തലുകൾ നല്ലതു തന്നെ.. പക്ഷേ കഥയാണോ നീരാളി എന്നു ചോദിച്ചാൽ ഉത്തരത്തിന് തപ്പിത്തടയേണ്ടി വരും.

പച്ചക്കുതിര മാസികയിൽ ടി കെ ശങ്കരനാരായണൻ എഴുതിയ ര എന്നക്ഷരത്തിൽ തുടങ്ങുന്ന പേര് എന്ന കഥക്ക് അദ്ദേഹത്തിൻ്റെ ഫാർമാ മാർക്കറ്റ് എന്ന നോവലുമായുള്ള സാമ്യം യാദൃച്ഛികമാവാനേ വഴിയുള്ളൂ. ഫാർമസി കമ്പനിയിൽ മെഡിക്കൽ റെപ്രസൻ്റേറ്റീവിൻ്റെ ജോലി കിട്ടി അഗ്രഹാരത്തിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട പെൺകുട്ടിയാണ് രണ്ടിലും നായിക. കഥയിലെ പെൺകുട്ടി, ഹേമ മദിരാശിയിലേക്ക് വരുന്നതു തന്നെ ഭാരതിരാജയുടെ പടത്തിൽ ര എന്നക്ഷരത്തിൽ തുടങ്ങുന്ന പേരുള്ള നായികയാവാനാണ്. മികച്ച വായനക്ഷമതയാണ് ശങ്കരനാരായണൻ്റെ കഥകളുടെ മേൻമ . പക്ഷേ കഥകൾ പുതുമയൊന്നും നൽകുന്നില്ല. ആവർത്തിച്ചു പറയുന്നത് വായനക്കാരനെ കഥകളിൽ നിന്ന് പിന്നാക്കം വലിക്കാനേ ഉതകൂ.

മികച്ച കഥകൾ ഇനിയും വരാനിരിക്കുന്നുണ്ടെന്ന് കരുതാം.. ആ പ്രതീക്ഷയിലാണല്ലോ ഓരോ ആഴ്ചയും അടുത്തതിലേക്ക് കയറിപ്പോകുന്നത് ..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account