എഴുത്തിൻ്റെ വാർപ്പു മാതൃകകൾ

കഥയും സാഹിത്യവും ഇല്ലാതായാൽ എന്തു സംഭവിക്കും.? അസംബന്ധമെന്നോ അതിഭാവന എന്നോ വിളിച്ച് അങ്ങിനെയൊരു സാധ്യതയെ നമുക്ക് നിരാകരിക്കാൻ ശ്രമിക്കാം. എന്നാലും ആ ചോദ്യം നിലനിൽക്കുക തന്നെ ചെയ്യും. പ്രത്യക്ഷത്തിൽ കഥയോ നോവലോ നമ്മുടെ സാമൂഹ്യ രാഷട്രീയ ജീവിതങ്ങളിൽ ഇടപെടുന്നതായി തോന്നിയില്ലെങ്കിലും സൂക്ഷ്മാർഥത്തിൽ എഴുത്തും എഴുത്തുകാരും എക്കാലത്തേയും രാഷ്ട്രീയാവസ്ഥകളെ നിർണയിക്കുന്നതിൽ പങ്കു വഹിച്ചിട്ടുണ്ട്. നവോത്ഥാനം എന്ന് നാം പിന്നീട് പേരിട്ടു വിളിച്ച എല്ലാ സാമുഹൃ പരിഷ്കരണ പ്രവർത്തനങ്ങളിലും എഴുത്തിനുണ്ടായിരുന്ന പങ്ക് നിഷേധിക്കാനാവാത്തതാണ്. നവോത്ഥാനവും സാമൂഹ്യ പരിഷ്കരണവും രാഷ്ട്രീയ പ്രതിരോധവും നിരന്തര പ്രക്രിയകളാണെന്നതു കൊണ്ടു തന്നെ സാഹിത്യം എല്ലാക്കാലത്തും അതിലിടപെടേണ്ടതുമുണ്ട്. ഈ ദൗത്യമാണ് സുഗതകുമാരിയും അരുന്ധതി റോയിയും മറ്റും മറ്റും നിർവഹിച്ചത് / നിർവഹിക്കുന്നത്. അവരുടെ നിലപാടുകളോട് എതിർപ്പുകളോ ആനുകൂല്യങ്ങളോ ഉണ്ടാവാം എന്നത് വേറൊരു വിഷയമാണ്. ഒരു നിലപാടുണ്ടാവുകയും അതിന് വേണ്ടി ഭരണകൂടങ്ങളോടും അധികാര കേന്ദ്രങ്ങളോടും പൊരുതാൻ തയ്യാറാവുകയും ചെയ്യുക തയ്യാറാവുക എന്നതാണ് മുഖ്യം. എന്നാൽ പുതിയ കഥകൾ ഇത്തരത്തിൽ നിലപാടുകൾ സ്വീകരിക്കുന്നുണ്ടോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. അധികാര കേന്ദ്രങ്ങളുമായി സമവായത്തിൽ സഞ്ചരിക്കുക, അവസരങ്ങൾക്കു വേണ്ടി നിലപാടുകളിൽ വെള്ളം ചേർക്കുക, നിലപാടുകൾ തന്നെ ഉപേക്ഷിക്കുക എന്നിങ്ങനെ പൊരുത്തപ്പെടലുകളാണ് പുതിയ കഥകളുടെ മുഖം. കഠിന പാതകളല്ല, മിനുസമുള്ള എളുപ്പവഴികളാണ് കൂടുതൽ സ്വീകരിക്കപ്പെടുന്നത്. വിട്ടു വീഴ്ചകളോളമോ അതിലേറെയോ സങ്കീർണമായ മറ്റൊരു രീതി കൂടി നടപ്പിലായിട്ടുണ്ട് മലയാളത്തിൽ. ഓരോ പ്രസിദ്ധീകരണത്തിൻ്റേയും പത്രാധിപർക്ക് ഇഷ്ടമുള്ളതെന്തോ അത് എഴുതിക്കൊടുക്കുകയും അവരാഗ്രഹിക്കുന്ന സമവാക്യങ്ങൾക്കനുസരിച്ച് കഥ നിർമിക്കുകയും ചെയ്യുക ഇപ്പോഴത്തെ നടപ്പു രീതിയാണ്. പുതിയ കാഴ്ചപ്പാടുകളോ ആശയങ്ങളോ ഒരു തരത്തിലും ഉണ്ടാവരുത് എന്ന് സ്വയം പ്രഖ്യാപിത സാഹിത്യ മേലാളൻമാർക്ക് നിർബന്ധമാണ്. അതിനാൽ തന്നെ അപരിചിതമായ നവീനതകളെയല്ല, പരിചിതമായ പതിവുകളാണ് അവർ പ്രോത്സാഹിപ്പിക്കുന്നത്. വാണിജ്യ സിനിമ നിർമിക്കുന്നതു പോലെ ഒരു പ്രമേയമോ ഒരു ട്രീറ്റ്മെൻ്റോ പ്രേക്ഷകൻ / വായനക്കാരൻ സ്വീകരിച്ചുവെങ്കിൽ അതേ അച്ചിലും ഫോർമാറ്റിലും പിന്നാലെ പിന്നാലെ കഥകൾ പടക്കുകയും ഇത് മാത്രമാണ് കഥ എന്ന എഴുത്തുകാരേയും വായനക്കാരേയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ നടക്കുന്ന ഏറ്റവും വലിയ സാഹിത്യ ദ്രോഹം. ഇത്തരം പ്രോട്ടോ ടൈപ്പ് കഥകളെഴുതുന്ന കൂലിയെഴുത്തുകാരായി കഥാകൃത്തുക്കൾ മാറാതിരിക്കണം. അല്ലാത്ത പക്ഷം കഥകൾ പ്രസക്തമേയല്ലാത്ത കാലത്തിലേക്ക് അധികം ദൂരമില്ല. എഴുത്തുകാർ എന്നത് പരിഹാസ്യമായ ഒരു പദവിയായി മാറുന്നത് അസംഭാവ്യവുമല്ല.

മാതൃഭൂമി വിഷുപ്പതിപ്പിൽ മത്സര വിജയികളായ മൂന്നു കഥകളാണുള്ളത്. തീർച്ചയായും മത്സരത്തിൽ പങ്കെടുത്തവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവ എന്ന പരിമിതി ഈ കഥകൾക്കുണ്ട്. അങ്ങനെയാവുമ്പോഴും കഥയെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാട് എന്താണ് എന്നതിൻ്റെ സൂചകങ്ങളായി ഈ കഥകളെ കാണാവുന്നതുമാണ്. പ്രസിദ്ധീകരിക്കപ്പെടാനുള്ള സൂത്രവാക്യമാണ് കഥയുടെ പുതുമയേക്കാളേറെ ‘പുതിയ ‘ എഴുത്തുകാർ പ്രയോഗിക്കാൻ ഇഷ്ടപ്പെടുന്നത്. അതിൻ്റെ അടിസ്ഥാനമാകട്ടെ മുൻ മാതൃകകളുടെ അന്ധമായ അനുകരണവും. ദളിത് ക്രിസ്ത്യാനികളുടെ / ദളിതരുടെ അരികുവൽകൃത ജീവിതങ്ങളെക്കുറിച്ചുള്ള എഴുത്തുകൾ ഫ്രാൻസിസ് നൊറോണയും വിനോയ് തോമസുമൊക്കെ കഥയിലേക്ക് കൊണ്ടുവന്നതാണ്. അവരതു ചെയ്യുമ്പോൾ അതു പുതുമയായിരുന്നു. അതേ കഥകൾക്ക് ഇപ്പോഴും വിപണി മൂല്യമുണ്ടെന്ന് കരുതി അത് വീണ്ടും വീണ്ടുമെഴുതുന്നത് / എഴുതിക്കുന്നത്  യഥാർഥത്തിൽ മനുഷ്യത്വ വിരുദ്ധമാണ്. അപരൻ്റെ ദുരിതങ്ങളെ സ്വന്തം നേട്ടങ്ങൾക്കു വേണ്ടി ഉപയോഗിക്കുന്നതിനെ മറ്റെന്താണ് വിളിക്കുക. മാത്രമല്ല, ദളിതരെല്ലാം നയിക്കുന്നത് പൊതുസമൂഹത്തിൻ്റെ ചിട്ടവട്ടങ്ങൾക്കു വിരുദ്ധമായ ക്രിമിനൽ ജീവിതമാണെന്ന ധാരണയുടെ കൂടി ഉൽപ്പന്നമാണ് ഇത്തരം കഥകൾ. മറ്റൊന്ന് ലൈംഗികതയുടെ വിവരണമാണ്. സദാചാര സംഹിതകളെക്കുറിച്ച് ചിന്തിക്കാത്തവരാവുന്നത് മഹത്തായ ഒരു മുന്നേറ്റമാണെന്നും ലൈംഗികത സ്ഥാനത്തും അസ്ഥാനത്തും വിളിച്ചു പറയുന്നത് ധീരതയാണെന്നും കരുതുന്നതിനെ വിഡ്ഡിത്തമെന്നേ വിളിച്ചു കൂടൂ. അത്തരം പറച്ചിലുകളാണ് കഥയുടെ മാറ്റു കൂട്ടുന്നതെന്ന ധാരണ സാഹിത്യ ചരിത്രത്തേയും മൂല്യങ്ങളേയും കുറിച്ചുള്ള ജ്ഞാന രാഹിത്യത്തിൽ നിന്ന് ഉത്ഭൂതമാവുന്നതുമാണ്. രതിയും ലൈംഗികതയും എഴുതുന്നതോ പറയുന്നതോ മോശമാണെന്നോ തെറ്റാണെന്നോ അല്ല ഇപ്പറഞ്ഞതിനർഥം. അത് കഥയുടെ സഞ്ചാരത്തിന് ആവശ്യമാകുന്ന വിധത്തിലും അളവിലും ആകുന്നതാണ് ഉചിതം. നീലത്താമരയും രതിനിർവേദവും പുനർനിർമിക്കുകയും അവക്ക് ഉന്നത കലാമൂല്യമുണ്ടെന്ന് കൊട്ടിഘോഷിക്കുകയും ചെയ്ത വാണിജ്യ യുക്തി മറ്റാർക്കും മനസിലാവില്ലെന്ന് കരുതുന്നത് കണ്ണടച്ച് ഇരുട്ടാക്കും പോലെയാണ്. ശ്ലീലാശ്ലീലങ്ങളെ വിവേചിച്ചറിയുന്നതും ഉചിതമായി പ്രകടമാക്കുന്നതും എഴുത്തുകാരൻ്റെ ഉത്തരവാദിത്തമാണ്. കഥയും എഴുത്തും പാരമ്പര്യത്തിൻ്റെ നിഷേധമാണ്. അതു പക്ഷേ പുതിയൊരു പാരമ്പര്യത്തിൻ്റെ നിർമിതിയാവാതിരിക്കേണ്ടതുമുണ്ട്. ശീലങ്ങളെ അട്ടിമറിക്കുമ്പോൾ അത് പുതിയ ശീലങ്ങളുടെ സ്ഥാപനമാവരുത്. അതിനാൽ തന്നെ മാതൃഭൂമിയുടെ മത്സര വിജയികളായ കഥകൾ (കഥാകൃത്തുക്കളല്ല)  മലയാളകഥയുടെ ഭാവിയെ പ്രതിനിധീകരിക്കുന്നില്ല.

ട്രൂ കോപ്പി വെബ് സീനിൽ അജിജേഷ് പച്ചാട്ടിൻ്റെ കഥയുണ്ട്, കൈപ്പല രഹസ്യം. മനുഷ്യൻ്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ലൈംഗികതയാണ് എന്ന പുതുകാല സിദ്ധാന്തം തന്നെയാണ് അജിജേഷിനേയും നയിക്കുന്നത്. തീർച്ചയായും ലൈംഗികത മനുഷ്യജീവിതത്തിലെ സുപ്രധാന ഘടകങ്ങളിലൊന്നു തന്നെയാണ്. സ്ത്രീക്കും പുരുഷനും അക്കാര്യത്തിൽ സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യവുമുണ്ട്. പക്ഷേ അതൊക്കെ എഴുതേണ്ടത് കഥയിലാണോ എന്നതാണ് നമ്മുടെ ചോദ്യം. കൃത്യമായ ഒരു ലേഖനമെഴുതി പ്രതിപാദിക്കാവുന്ന വിഷയത്തെ രണ്ടു കഥാപാത്രങ്ങളെ സൃഷ്ടിച്ച് കഥയെന്ന വ്യാജേന എഴുതുമ്പോൾ ആവശ്യത്തിലധികം ഇക്കിളി വർണനകൾ ചേർക്കാൻ കിട്ടുന്ന സ്വാതന്ത്ര്യമാണ് എഴുത്തുകാരനെ പ്രലോഭിപ്പിക്കുന്നത്. വേറൊന്ന് വിവാഹം എന്ന സ്ഥാപനത്തെ ലൈംഗികതക്കുള്ള അനുമതിയായി കാണുന്ന പരമ്പരാഗത (പുരുഷ) നിലപാടിൽ നിന്ന് കഥാകൃത്ത് മാറുന്നതേയില്ല എന്നതാണ്. വിവാഹം എന്ന അസ്വാതന്ത്ര്യത്തിൽ നിന്നു കൊണ്ട് വേഴ്ചയുടെ സമയത്ത് ശബ്ദമുണ്ടാക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന കഥയുടെ നിലപാട് പരിഹാസ്യമാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ്റെ പ്രേതബാധയാണ് അജിജേഷിൻ്റെ കഥ.

മാധ്യമത്തിൽ നാലു കഥകളുണ്ട്. ശ്രീജിത്ത് കൊന്നോളി എഴുതിയ കള്ളനും പോലീസും ജോൺ എന്ന പോലീസുകാരൻ ഒരു കള്ളനെ പിടിച്ച കഥയാണ്. പിടിക്കപ്പെട്ട കള്ളനെ ജോൺ പോലീസ് പട്ടീ എന്നു വിളിക്കുമ്പോൾ അയാൾ താൻ പട്ടിയല്ല പശുവാണെന്നും പിന്നീട് പന്നിയാണെന്നു തോന്നുന്നു എന്നുമൊക്കെ പറയുന്നത് അയാളുടെ വിചിത്രമാനസികാവസ്ഥയുടെ സൂചനയായി കാണാം. അയാൾ താൻ കള്ളനല്ല എന്നും ഒരെഴുത്തുകാരനാണ് എന്നും പറയുന്നു. അയാളുടെ കഥാപാത്രമായ ബാലൻ പോലീസിൻ്റെ അനുഭവങ്ങൾ യഥാർഥ്യവും ഭാവനയുമായി കുഴഞ്ഞു പോകുന്നത് വിദഗ്ദമായി ആഖ്യാനം ചെയ്യുന്ന കഥ വായിച്ചു പോകുമ്പോൾ ജോൺ ബാലൻ തന്നെയാണോ എന്ന് നമുക്ക് സംശയമാകുന്നു. ഏതാണ് കഥ, ഏതാണ് യാഥാർഥ്യം എന്ന ആശയക്കുഴപ്പം ഒരു കഥക്കുള്ളിൽ തന്നെ സൃഷ്ടിച്ചെടുക്കുന്നതിൽ കഥ വിജയിക്കുന്നു. പുതിയ രീതിയൊന്നുമല്ലെങ്കിലും കള്ളനും പോലീസും നല്ല വായനാനുഭവമാണ്. മുഹമ്മദ് ജിഷാദ് എഴുതിയ മഞ്ഞപ്പാലം കണ്ട്രാ ഈനാശ്വേ.. എന്ന കഥ വായനക്കാരനെ നിരാശനാക്കുന്ന ആവർത്തന വിരസതയാണ്. എല്ലാ തെരുവിലും എല്ലാ നഗരത്തിലും എക്കാലത്തുമുണ്ടാകുന്ന കഥാപാത്രമാണ് ഈനാശു. അയാളുടെ ജീവിതത്തിലെ പതിവുകളെയാണ് കഥ ആവർത്തിക്കുന്നത്. മുഹമ്മദ് റാഫി’ എൻ വി എഴുതിയ അച്ഛൻ മരിച്ചിട്ടും മരിക്കാതിരിക്കുന്ന അച്ഛനോർമകളെക്കുറിച്ചുള്ള കഥയാണ്. മരിച്ചു പോയാലും പോകാനാകാത്ത ചില ബന്ധങ്ങളുണ്ട് ഓരോ ജീവിതത്തിനും. ഓരോ അനക്കങ്ങളിലും ശബ്ദങ്ങളിലും നിരന്തരമായി അത് ഓർമിക്കപ്പെട്ടുകൊണ്ടിരിക്കും. ഋജുവും ലളിതവുമായ ആഖ്യാനം കഥയെ പാരായണക്ഷമമാക്കുന്നു.ഹൃദയസ്പർശിയായും പ്രൗഡമായും കഥ പറയുന്നു എന്നത് പ്രമേയത്തിലോ ട്രീറ്റ്മെൻറിലോ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത അച്ഛൻ എന്ന കഥയെ മികച്ചതാക്കുന്നു. പി.കെ. ഭാഗ്യലക്ഷ്മിയുടെ പെൺപകർപ്പ് ബാലിശമായൊരു കഥയാണ്. കഥയെന്ന രീതിയിൽ കഥാകൃത്ത് പറയുന്നതിനപ്പുറമുളള കാര്യങ്ങൾ റോബോട്ടിക് എഞ്ചിനീയറിംഗിൽ സംഭവിച്ചു കഴിഞ്ഞു. ഇത്തരം മുന്നേറ്റങ്ങൾക്കൊപ്പം മനുഷ്യൻ്റെ നിലപാടുകൾക്കും സമീപനങ്ങൾക്കും മാറ്റങ്ങളുണ്ടാവുമെന്നും അപ്പോൾ പരമ്പരാഗതമായ വിവാഹാദി സങ്കൽപ്പങ്ങൾക്ക് പ്രസക്തിയുണ്ടാവില്ലെന്നും കൂടി തിരിച്ചറിയാൻ കഥാകൃത്തിനായില്ലെങ്കിൽ കഥ കൈവിട്ടു പോകും.

ദേശാഭിമാനി ഈയിടെയായി ചർച്ച ചെയ്യുന്നതു പോലും അപ്രസക്തമാക്കുന്ന കഥകളാണ് പ്രസിദ്ധീകരിക്കുന്നത്. എൻ.കെ. കണ്ണൻ മേനോൻ എഴുതിയ അതിഥി എന്ന കഥ അത്ര മേൽ പഴഞ്ചനും ആവർത്തന വിരസവുമാണ്. എത്രയോ തട്ടുപൊളിപ്പൻ സിനിമകളിലും കഥകളിലും നാം കേട്ടു പഴകിയ ഒരു കഥ പ്രസിദ്ധീകരിക്കുന്നതിന് പത്രാധിപരെ പ്രേരിപ്പിച്ചതെന്താവാം എന്നതാണ് ചോദ്യം . ബീന സജീവ് എഴുതിയ അവസാനമില്ലാത്ത വഴികൾ’ പേരുപോലെ തന്നെ ഒരന്തവുമില്ലാത്ത ഏതൊക്കെയോ വഴികളിലൂടെ സഞ്ചരിക്കുന്ന കഥയാണ്.ഒരു കഥയിൽ ചുരുങ്ങിയത് ഒരു കഥയെങ്കിലും വേണ്ടേ എന്നേ ചോദിക്കാനുള്ളൂ.

മലയാളം വാരികയിൽ അംബികാസുതൻ മാങ്ങാട് എഴുതിയ പപ്പായ ഫേസ്ബുക്കിൽ കുടുങ്ങിപ്പോയ രണ്ടു മനുഷ്യരുടെ കഥയാണ്. വ്യാജ ലോകത്ത് നടത്തുന്ന ഇടപെടലുകൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കുകയും. ജൈവലോകത്തെ മറന്നുകളയുകയും ചെയ്യുന്നവരെ കഥാകൃത്ത് പപ്പായയുടേയും വെണ്ടയുടേയും മറ്റും വിത്തുകൾ നൽകി പരിഹസിക്കുന്നതാണ്  കഥയുടെ ആണിക്കല്ല്. കേവല ഹാസത്തിനപ്പുറം അതിവേഗം നാം എത്തിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെക്കുറിച്ചുള്ള ഓർമപ്പെടുത്തലുകൂടിയാണ് ഈ കഥ. എല്ലായ്പോഴുമെന്ന പോലെ അംബികാസുതൻ അദ്ദേഹത്തിൻ്റെ പാരിസ്ഥിതിക നിലപാടുകളിൽ ഉറച്ചു നിൽക്കുകയും ചെയ്യുന്നു. മികച്ച കഥയാണ് പപ്പായ. അനായാസേന എന്ന ബി സേതുലക്ഷ്മിയുടെ കഥ മനുഷ്യൻ്റെ ജീവിതത്തെ കീഴടക്കുന്ന വിപണിയെക്കുറിച്ചുള്ള ആശങ്കകൾ പങ്കു വക്കുന്നു. പക്ഷേ മനുഷ്യന് ആവശ്യമില്ലാത്ത സാധനങ്ങൾ വാങ്ങുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾ പല കഥകളിൽ പല കാലങ്ങളായി നാം വായിച്ചു കൊണ്ടിരിക്കുന്നു. ആത്മഹത്യ ചെയ്യാനുള്ള ഉപകരണങ്ങൾ വിൽക്കുന്നവർ പോലുള്ള ഫാൻ്റസി ആശയങ്ങൾ അവതരിപ്പിക്കുന്നതിന് കുറച്ചു കൂടി മെച്ചപ്പെട്ട ആഖ്യാനശൈലി ഉപയോഗിക്കേണ്ടതുണ്ട്. കൊമാലയൊക്കെ വായിച്ചു കഴിഞ്ഞാണ് വായനക്കാർ ഇരിക്കുന്നത് എന്നത് മറക്കാതിരിക്കുക.

എഴുത്ത് മാസികയിൽ എം രാജീവ് കുമാർ എഴുതിയ വേതു കലം അതീത വായനയുടെ മികച്ച സാധ്യതകൾ ഒളിപ്പിച്ചു വച്ച കഥയാണ്. കേവലം അലുമിനിയ പാത്രങ്ങളെക്കുറിച്ച് പറയുന്ന കഥ കഥാപാത്രങ്ങളായും എഴുത്തുകാരായും മാറുന്നു. ആഖ്യാന സൗന്ദര്യം കൊണ്ട് മികവു പുലർത്തുന്നു വേതുകലം. ബൈജു സി.പി യുടെ ഗന്ധം തുടങ്ങുന്നത് എല്ലാ സുഗന്ധങ്ങൾക്കു പിറകിലും മരണത്തിൻ്റെ ഗന്ധമുണ്ട് എന്നാണ്. മരണത്തിൻ്റേത് സുഗന്ധമാണോ ദുർഗന്ധമാണോ എന്നത് വേറൊരു ചോദ്യം. സൂക്ഷ്മമായ ആഖ്യാനമാണ് ബൈജുവിൻ്റെ കഥകളുടെ സവിശേഷത. എല്ലാ സുഗന്ധങ്ങളും അവയുടെ പിന്നാലെ ചോരയുടെയും വിയർപ്പിൻ്റേയും ഗന്ധത്തെ ഒളിച്ചു വക്കുന്നു. അവയൊന്നും ഒരിക്കലും പുറത്തു വന്നു കൂടാത്തവയാണെന്ന് കഥാകൃത്ത് നമ്മെ ഓർമിപ്പിക്കുന്നു. മികച്ച കഥയാണ് ഗന്ധം.

അച്ചടിക്കു പുറത്ത് മികച്ച കഥകൾ സംഭവിക്കുന്നുണ്ടാവാം. തികച്ചും നൂതനമായ കാഴ്ചകളും കേഴ് വികളും ഉണ്ടാവുന്നുണ്ടാവാം. പക്ഷേ അവക്കൊന്നും മേൽക്കൈ നേടാനാവാത്ത വിധം ഏകപക്ഷീയമായ നിലനിൽപിനുള്ള ശ്രമമാണ് മുഖ്യധാര / അച്ചടി മാധ്യമങ്ങൾ ചെയ്യുന്നത്. പരസ്പരം അംഗീകരിക്കുകയും ഒന്നായി മുന്നോട്ടു നീങ്ങുകയുമാണ് സാഹിത്യത്തിൻ്റെ വർത്തമാനവും ഭാവിയും ആവശ്യപ്പെടുന്ന നിലപാട്. ഏകതാനതയുടേതല്ല ബഹുസ്വരങ്ങളുടെതാണ് എഴുത്ത്. അങ്ങനെയാവണം എഴുത്ത്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account