വർത്തമാനത്തിൻ്റെ ലളിതാഖ്യാനങ്ങൾ

കഥയിൽ ചുരുങ്ങിയ പക്ഷം ഒരു കഥയെങ്കിലുമുണ്ടാവണ്ടേ എന്ന് ആശ്ചര്യപ്പെടാൻ മാത്രം വിചിത്രമാണ് മലയാള കഥാ ലോകം. പത്രവാർത്തകളെ പൊലിപ്പിച്ചെഴുതുന്നതാണ് കഥയെന്നും അതിൽ വൈകാരികതയുടെ വിവിധ ഗാഢതയിലുള്ള കറിക്കൂട്ടുകൾ വേണ്ട വിധം ചേർത്താൽ വായനക്കാരൻ അതിൽ വീണു കൊള്ളുമെന്നും കഥാകൃത്തുക്കൾ ധരിച്ചു വശായിരിക്കുന്നു. തൻ്റേതായ ജീവിത നിലപാടുകളേയും സാമുഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളേയും വായനക്കാരന് മുമ്പാകെ അവതരിപ്പിക്കാനുള്ള മാധ്യമമാണ് കഥ എന്ന് കഥയെഴുതുന്നവർ മിക്കപ്പോഴും മറന്നു പോകുന്നു. സാധാരണവും പരിചിതവുമായ നിത്യ വർത്തമാനങ്ങളെ ആലങ്കാരിക ഭാഷയിൽ അവതരിപിക്കുന്ന വാണിജ്യ ഉൽപ്പന്നമായി മാറുന്നതോടെ കഥയുടെ അതിജീവനം അസാധ്യമാകുന്നു.

മാതൃഭൂമിയിൽ സുദീപ് ടി. ജോർജ് എഴുതിയ ആര്യാനം വെയ്ജ ഒറ്റ വായനക്ക് മികച്ചതെന്ന തോന്നലുണ്ടാക്കാൻ പ്രാപ്തമാണ്. എന്നാൽ കഥയുടെ ഉള്ളിലേക്കിറങ്ങുമ്പോൾ ഇതൊരു പതിവ് ഗിമ്മിക് കഥയാണെന്നു കാണാം. ശരാശരി മലയാളി വായനക്കാരനെ എളുപ്പത്തിൽ പറ്റിക്കാൻ പറ്റുന്ന  വിഷയമാണ് പശുവും ഗോമാംസവും ഉത്തരേന്ത്യൻ ബ്രാഹ്മണിക്കൽ ഹെജിമണിയും. അതാവട്ടെ നിരന്തരം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന വസ്തുതയാണ്. കേവലം വാർത്തകളുടെ ലേഖനമാണ് കഥ എന്ന ധാരണയിൽ നിന്ന് ബദൽ കാഴ്ചപ്പാടുകൾ നിർദേശിക്കലും കൂടിയാണ് എഴുത്തുകാരുടെ ദൗത്യം. മലയാള സാഹിത്യം ഈ ഒറ്റ വിഷയത്തിൽ ചുറ്റിത്തിരിയാൻ തുടങ്ങിയിട്ടും കാലമേറെയായി. ഇന്ത്യൻ ഫാസിസം പശുവും മാംസവുമൊക്കെ കടന്ന് മറ്റു പലയിടത്തും എത്തിക്കഴിഞ്ഞിട്ടും കഥയെഴുത്തുകാർ മാത്രം അതൊന്നും അറിഞ്ഞ മട്ടില്ല. പുതുമകളേക്കാൾ പതിവുകളാണ് കഥാകൃത്തുക്കൾക്ക് താൽപര്യം. വായനക്കാർക്കു പരിചയമുള്ള വിഷയങ്ങളാവുമ്പോൾ അവർ എളുപ്പത്തിൽ താദാത്മ്യം പ്രാപിച്ചോളും എന്ന ഉറപ്പ് കഥകൾ ആവർത്തനമാകാൻ കാരണമാകുന്നു.

ഒക്ടോബർ ലക്കം ഭാഷാപോഷിണിയിൽ വി.കെ ദീപ എഴുതിയ സർപ്പക്കൊത്ത് എന്ന കഥയുണ്ട്. കുഞ്ഞന്ന എന്ന കറുത്ത പെണ്ണ് അവളുടെ ഭർത്താവിനാലും ഭർതൃവീട്ടുകാരാലും അവഗണിക്കപ്പെടുന്നതും ഭർത്താവിൻ്റേയും ചേട്ടത്തിയമ്മയുടേയും അവിഹിത ബന്ധവും ചേട്ടൻ ആത്മഹത്യ ചെയ്തതുമൊക്കെയാണ് കഥയുടെ പ്രമേയം. രണ്ടു പ്രശ്നങ്ങളാണ് സർപ്പക്കൊത്ത് വായിക്കുമ്പോൾ ഉയർന്നു വരുന്നത്. കറുപ്പു നിറത്തിൻ്റെ പേരിൽ അവഗണിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്ന പെൺകുട്ടികൾ ഒരു യാഥാർഥ്യമാണ്. പക്ഷേ അത്തരം അവഗണനകളെക്കുറിച്ച് പറയുമ്പോഴും അതൊരു കുറവാണ് എന്ന് സ്വയം കരുതുന്ന നിലപാട് കഥാപാത്രങ്ങൾ പുലർത്തുന്നു. തനിക്കാ കുറവ് ഉണ്ടായത് തൻ്റെ കുറ്റം കൊണ്ടല്ലല്ലോ എന്ന രക്ഷപ്പെടൽ മനോഭാവമാണ് കുഞ്ഞന്ന പുലർത്തുന്നത്. വീട്ടിലെ പണിക്കാരിയായ തമിഴത്തിയിൽ നിന്ന് തന്നിലേക്ക് ഒരു മൂക്കുത്തി ദൂരമേയുള്ളൂ എന്ന അവസാന വാചകം കറുപ്പ് ഒരു കുറവു തന്നെയാണ് എന്ന് കഥാകൃത്ത് പരോക്ഷമായി അംഗീകരിക്കുന്നു എന്ന് വ്യക്തമാക്കുന്നു. രണ്ടാമത്തേത് സ്ത്രീയുടെ പ്രധാന പ്രശ്നം വിവാഹമാണ് എന്ന പരമ്പരാഗത നിലപാടു തന്നെ കഥാകൃത്തും പുലർത്തുന്നു എന്നതാണ്. എടുക്കാച്ചരക്കുകളുടെ മാറ്റക്കല്യാണമൊക്കെ എത്ര പറഞ്ഞു മടുത്തതാണ് നമുക്ക്. സർപ്പക്കൊത്ത് അതു കൊണ്ടു തന്നെ പ്രത്യേകിച്ചൊന്നും പറയാനില്ലാതെ പോയ ഒരു വെറും കഥയായി.

മാധ്യമത്തിൽ അനീഷ് ജോസഫിൻ്റെ സാബിറ നൂർ മുഹമ്മദിൻ്റെ എക്സ്ക്ലൂസീവ് എന്ന കഥയും പറഞ്ഞു പഴകിയ പ്രമേയത്തെ പുതിയതെന്ന് കഥാകൃത്ത് കരുതുന്നതും വായനക്കാർക്ക് ഒട്ടും പുതുമ തോന്നാത്തതുമായ ആഖ്യാന ശൈലിയിൽ പറഞ്ഞു വക്കാനുള്ള ശ്രമമാണ്. വക്കച്ചൻ എന്ന പിതാവ് പതിനൊന്ന് വയസുകാരിയായ മകളുടെ സുരക്ഷക്ക് വേണ്ടി അവളുടെ ശരീരമാകെ കാമറ സ്ഥാപിച്ചു എന്ന വാർത്തയാണ് സാബിറ നൂർ മുഹമ്മദ് എന്ന പത്രപ്രവർത്തക എക്സ്ക്ലൂസീവ് വാർത്തയായി നൽകുന്നത്. പക്ഷേ പിന്നീട് 2020 ലെ വിഷു ദിനത്തിൽ അവളെ ആരോ തട്ടിക്കൊണ്ടുപോയി. ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഒരു ഉന്നതന് വക്കച്ചനേയും മകളേയും കൊന്നതാണ് എന്ന സന്ദേശം വരുന്നു. ഈ അസംബന്ധങ്ങളെയൊക്കെ പരസ്പരം ബന്ധിപ്പിക്കാൻ ആകെയുള്ള സൂചന നിലമ്പൂർ കാട്, ചാലിയാർ, വർഗീസ് എന്ന പേര് എന്നിവയാണ്. പക്ഷേ അങ്ങനെയൊന്നും ബന്ധിപ്പിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്തതാണ് ഈ കഥ. വായനക്കാരോട് സംവദിക്കാനാവാത്ത കഥ പരാജയമാണെന്ന് കഥാകൃത്ത് തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുന്നു.

ദേശാഭിമാനിയിൽ മധു തൃപ്പെരുംതുറ എഴുതിയ മണ്ണെഴുത്ത് എഴുത്തുകാരനാവാൻ വേണ്ടി ശ്രമിച്ച് കർഷകോത്തമനാവുന്ന കാരിക്കുഴി സോമൻ്റെ കഥയാണ്. വീടും ഭാര്യയും മക്കളുമൊക്കെ മാറ്റി വച്ച് നിരന്തരമായി കഥയെഴുതിക്കൊണ്ടിരുന്ന സോമന് എഴുത്തുകാരനാവാൻ പറ്റിയതേയില്ല. ഭാര്യ മീനാക്ഷി അയാളെ ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞിട്ടാണ് അയാൾ മണ്ണിലെഴുതാൻ തുടങ്ങിയത്. അത് വിജയിക്കുകയും ചെയ്തു. ഇതിനിടയിൽ എഴുത്തിലെ മാഫിയകളെക്കുറിച്ചും  മോഷണങ്ങളെക്കുറിച്ചുമൊക്കെ കഥാകൃത്ത് പരാമർശിക്കുന്നുണ്ട്. ദൈർഘ്യം ഇത്തിരി കുറക്കാമായിരുന്നു എന്നു തോന്നാതിരുന്നില്ല. എന്നാലും വ്യത്യസ്തമായൊരു കഥയാണ് മണ്ണെഴുത്ത്. തീർച്ചയായും മധു മികച്ച കഥകളെഴുതും എന്നു പ്രതീക്ഷിക്കാം. ദേശാഭിമാനിയിൽ തന്നെ അമൃത കെ എഴുതിയ ആര്യൻ എന്ന കപ്പിത്താൻ ഒരു മോശം കഥയാണ്. കഥയെന്നു പറയാൻ യാതൊന്നുമില്ലാത്ത ഈ രചനയിലെ ചില ഉദ്ധരണികൾ കണ്ടപ്പോൾ തോന്നിയത് മികച്ചതെന്നു തോന്നിക്കാൻ എപ്പോഴും ചില ഇംഗ്ലീഷ് ഉദ്ധരണികൾ നല്ലതാണ് എന്ന തെറ്റിദ്ധാരണ അമൃതയെ പിടികൂടിയിട്ടുണ്ട് എന്നാണ്. എലിഫ് ഷഫാക്കിൻ്റെ ഉദ്ധരണികളുണ്ടെന്നല്ലാതെ അവർ മുന്നോട്ടു വച്ച സ്ത്രീ വിമോചന സങ്കല്പങ്ങളോ ആശയങ്ങളോ കഥ പ്രതിനിധീകരിക്കുന്നില്ല.

മലയാളം വാരികയിൽ മുഹമ്മദ് റാഫി എൻ വി എഴുതിയ മിഠായിത്തെരുവ് ആഖ്യാനത്തിലെ പുതുമ കൊണ്ട് ശ്രദ്ധേയമാണ്. നിരന്തരമായി മടുപ്പ് അനുഭവപ്പെടുന്ന ഒരാളുടെ വിചിത്രമായ ജീവിതമാണ് കഥയിൽ പ്രതിപാദിക്കുന്നത്. സർക്കാരോഫീസിൽ പ്യൂണായ അയാൾ മടുപ്പു മാറാൻ ലീവെടുത്ത് തെരുവിലൂടെ നടക്കുമ്പോൾ കാണുന്ന ലോട്ടറി വിൽപനക്കാരിയായ പെൺ കുട്ടിയെ കൂട്ടി ബാറിൽ പോയി അവൾക്കു ബീർ വാങ്ങിക്കൊടുത്ത് താനെടുക്കാൻ പോകുന്ന സിനിമയെക്കുറിച്ച് സംസാരിക്കുന്നു. വരാന്തയിൽ ബോധം കെട്ടു വീണു പോയ അവളെ ചേർത്ത് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം എന്ന് പോലീസും നാട്ടുകാരും ചേർന്ന് അയാളുടെ പേരിൽ കേസെടുക്കുന്നു. പക്ഷേ പെൺകുട്ടി തന്നെ അയാളെ ജാമ്യത്തിലെടുത്ത് അയാളോടു സംസാരിക്കുന്നു. മനുഷ്യനും സമൂഹവുമായുള്ള സംഘർഷം, വ്യക്തി അയാളുമായിത്തന്നെ ഏർപ്പെടുന്ന സംഘർഷം എന്നിങ്ങനെ ജീവിതത്തിൻ്റെ വിചിത്രാവസ്ഥകളെ കഥ കൈകാര്യം ചെയ്യുന്നുണ്ട്. സിനിമക്കാർ എന്ന റോൾ മോഡലുകൾ അരികു ജീവിതങ്ങളുടെ സങ്കീർണതകൾ തുടങ്ങി പല മേഖലകളിൽ കഥ ഇടപെടുന്നു. നല്ല കഥയാണ് മിഠായിത്തെരുവ്.

കഥകളുടെ ഏറ്റവും വലിയ പ്രതിസന്ധി അവക്ക് സമകാലികതയോടുള്ള അമിതമായ വിധേയത്വമോ പ്രതിപത്തിയോ ആണ്. സമകാലികമാവലല്ല, കാലാതിവർത്തിയാവലാണ്  കഥയുടെ ദൗത്യം. വാർത്തകളുടെ പകർപ്പെഴുത്തല്ല വിഭ്രമിപ്പിക്കുന്ന സാധ്യതകളെ കണ്ടെത്തലാണ് കഥ..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account