ഉടലാഘോഷങ്ങൾ

ലളിതമാക്കുക എന്നത് ഒരു വിപണിയുക്തിയാണ്. എളുപ്പത്തിൽ പ്രവർത്തിപ്പിക്കാവുന്ന ഒരു യന്ത്രത്തിന് ഉപഭോക്താക്കൾ കൂടുതലുണ്ടാവും എന്ന ലളിതയുക്തി. പെന്തക്കോസ്ത് മത പ്രചാരകരുടെ പക്കലുണ്ടാവാറുള്ള ലഘുലേഖയിൽ എഴുതിക്കണ്ടിട്ടുള്ളതാണ് അതിൻ്റെ ഏറ്റവും പ്രായോഗികമായ രൂപം. മനുഷ്യൻ മറ്റു ജീവികളിൽ നിന്ന് പരിണമിച്ചുണ്ടായതാണ് പോലുള്ള പരിണാമശാസ്ത്ര സിദ്ധാന്തങ്ങളൊക്കെ മനസിലാക്കാൻ എന്തുമാത്രം ബുദ്ധിമുട്ടാണ്. ദൈവം മനുഷ്യനെയുണ്ടാക്കി, മൂക്കിൽ ജീവശ്വാസമൂതി എന്ന സിദ്ധാന്തം മനസിലാക്കാൻ എന്തെളുപ്പമാണ്. ഇതു തന്നെയാണ് കഥയുടെ കാര്യത്തിലും സംഭവിക്കുന്നത്. അമിതമായി ലളിതവൽക്കരിക്കുക, ടെലിവിഷൻ റിപ്പോർട്ടർമാരേപ്പോലെ ആവശ്യത്തിലേറെ വിശദമാക്കുക, അനാവശ്യമായി ബഹളം വക്കുക, അങ്ങനെ ആകെയൊരു ഇളക്കമുണ്ടാക്കുക എന്നതിനപ്പുറം ആഴമുള്ള സംവേദനത്തിനൊന്നും ആർക്കും താൽപര്യമില്ല. വായിക്കുക, വിട്ടു കളയുക എന്ന ഡിസ്പോസബിൾ നിലവാരത്തിലേക്ക് കഥ അതിവേഗം സഞ്ചരിക്കുന്നുണ്ട്. വായനക്കാരനെ ബൗദ്ധികമായോ വൈകാരികമായോ വിഭ്രമിപ്പിക്കാൻ സാധിക്കുക എഴുത്തിൻ്റെ ലക്ഷ്യമല്ലാതായിത്തീർന്നിരിക്കുന്നു.

കഴിഞ്ഞ ലക്കം കഥാ വൃത്താന്തത്തിൽ ഒരു എഡിറ്റിംഗ് തെറ്റ് കടന്നു കൂടിയിട്ടുണ്ടായിരുന്നു. അജിജേഷ് പച്ചാട്ടിൻ്റെ കഥകളെ സംബന്ധിച്ച ഖണ്ഡികയുടെ ചില വരികൾ വിട്ടു പോവുകയുണ്ടായി. ആ ഖണ്ഡിക ഇത്തവണ മുഴുവനായി ചേർക്കുന്നു.

ട്രൂ കോപ്പി വെബ് സീനിൽ അജിജേഷ് പച്ചാട്ടിൻ്റെ കഥയുണ്ട്, കൈപ്പല രഹസ്യം. ജോഷൻ അയാളുടെ മുറിച്ചു മാറ്റപ്പെട്ട ഇടതു കൈ ഒരു വലിയ ജാറിലിട്ട് നിലവറയിൽ സൂക്ഷിച്ചിരുന്നതുമായി അയാളുടെ ഭാര്യ സൗഹൃദത്തിലാവുന്നതും അയാളുടെ കൗമാര രഹസ്യങ്ങളൊക്കെ അതവളോട് പറയുകയും ചെയ്യുന്നതാണ് കഥ. കൗമാര രഹസ്യങ്ങൾ എന്നാൽ മറ്റൊന്നുമല്ല, സ്വയംഭോഗം ചെയ്തത്, ബസിൽ സ്ത്രീകളുടെ ദേഹത്ത് പിടിച്ചത്,  ഒരിക്കൽ അച്ഛൻ്റെ കോളറിൽ കയറിപ്പിടിച്ചത് അങ്ങനെ ചിലതൊക്കെ. തൻ്റെ എല്ലാ രഹസ്യങ്ങളും ഭാര്യക്ക് പറഞ്ഞു കൊടുക്കുന്ന ആ കൈയിനെ അത് എത്രമേൽ പ്രിയപ്പെട്ടതായിട്ടും നശിപ്പിക്കാൻ തീരുമാനിക്കുന്നു ജോഷൻ. മനുഷ്യൻ എന്നത് മൊത്തത്തിൽ അത്ര നല്ലതൊന്നുമല്ലെങ്കിലും ഓരോ അവയവങ്ങളും ഒറ്റക്കൊറ്റക്ക് പാവങ്ങളാണ് എന്ന് കഥാകൃത്ത് നിരീക്ഷിക്കുന്നു.  എല്ലാ രഹസ്യങ്ങളും എല്ലാവരോടും പറഞ്ഞുകൂടെന്നും ചിലതൊക്കെ നമ്മളോടൊപ്പം മരിച്ചു പോകേണ്ടതാണെന്നും കണ്ടെത്തുന്നു. ഫാൻ്റസിയാണ് കഥയുടെ അടിസ്ഥാനം.. പക്ഷേ ആ ഫാൻ്റസിയുടെ ആകാംക്ഷയും ത്രില്ലും ആഖ്യാനം ചെയ്യുന്നതിൽ കഥ വിജയിക്കുന്നുണ്ടോ എന്ന് സംശയമാണ്. അജിജേഷിൻ്റെ തന്നെ മറ്റൊരു കഥ ഇൻഡ്യൻ എക്സ്പ്രസ് മലയാളത്തിൽ വായിച്ചു. തീർപ്പടിച്ചോല. മനുഷ്യൻ്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ലൈംഗികതയാണ് എന്ന പുതുകാല സിദ്ധാന്തം തന്നെയാണ് അജിജേഷിനേയും നയിക്കുന്നത്. തീർച്ചയായും ലൈംഗികത മനുഷ്യജീവിതത്തിലെ സുപ്രധാന ഘടകങ്ങളിലൊന്നു തന്നെയാണ്. സ്ത്രീക്കും പുരുഷനും അക്കാര്യത്തിൽ സ്വന്തം ഇഷ്ടങ്ങൾക്ക് പ്രാധാന്യവുമുണ്ട്. പക്ഷേ അതൊക്കെ എഴുതേണ്ടത് കഥയിലാണോ എന്നതാണ് നമ്മുടെ ചോദ്യം. കൃത്യമായ ഒരു ലേഖനമെഴുതി പ്രതിപാദിക്കാവുന്ന വിഷയത്തെ രണ്ടു കഥാപാത്രങ്ങളെ സൃഷ്ടിച്ച് കഥയെന്ന വ്യാജേന എഴുതുമ്പോൾ ആവശ്യത്തിലധികം ഇക്കിളി വർണനകൾ ചേർക്കാൻ കിട്ടുന്ന സ്വാതന്ത്ര്യമാണ് എഴുത്തുകാരനെ പ്രലോഭിപ്പിക്കുന്നത്. വേറൊന്ന് വിവാഹം എന്ന സ്ഥാപനത്തെ ലൈംഗികതക്കുള്ള അനുമതിയായി കാണുന്ന പരമ്പരാഗത (പുരുഷ) നിലപാടിൽ നിന്ന് കഥാകൃത്ത് മാറുന്നതേയില്ല എന്നതാണ്. വിവാഹം എന്ന അസ്വാതന്ത്ര്യത്തിൽ നിന്നു കൊണ്ട് വേഴ്ചയുടെ സമയത്ത് ശബ്ദമുണ്ടാക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്ന കഥയുടെ നിലപാട് പരിഹാസ്യമാണ്. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ്റെ പ്രേതബാധയാണ് അജിജേഷിൻ്റെ കഥ.

ഈ ലക്കം മാതൃഭൂമിയിൽ കെ വി മണികണ്ഠൻ എഴുതിയ നീലിമദത്ത എന്ന കഥയുണ്ട്. മലയാളവും ബംഗാളവും തമ്മിലുണ്ടായിരുന്ന ആഴമേറിയ ബന്ധത്തിൻ്റെ കാൽപനിക രൂപാന്തരമാണ് നീലിമദത്ത . പരസ്പരം കൊടുക്കൽ വാങ്ങലുകൾക്കു  കാരണമാകുന്ന അദൃശ്യമായ ഒരു ജ്ഞാനധാര ഈ രണ്ടു സംസ്കാരങ്ങൾക്കിടയിൽ നിരന്തരമായി പ്രവർത്തിക്കുന്നുണ്ട്. ശങ്കരൻ കുട്ടിയുടെ മരണശേഷവും തിരിച്ചു പോകാൻ നീലിമക്ക് താൽപര്യമില്ലാതാവുന്നതിനെ ശങ്കരൻ കുട്ടിയുടെ ആത്മാവ് ആകാശത്തു നിന്നിറങ്ങി തെങ്ങിൻ മുകളിലിരുന്ന് സംസാരിക്കും എന്ന നേരാഖ്യാനത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കില്ല വായിക്കേണ്ടത്. മറിച്ച് തല പോയിട്ടും  ഇനിയൊന്നുമുണ്ടാവില്ലെന്ന് എല്ലാവരും പറഞ്ഞിട്ടും ആ തെങ്ങ് ഒരു പ്രതീക്ഷയായി നില കൊള്ളുന്നു എന്ന് കരുതണം. സംസ്കാരങ്ങൾ കൂടുതൽ കൂടുതൽ സങ്കുചിതവും പ്രാദേശികവുമാവുകയും ഏകശിലാസംസ്കാരത്തെക്കുറിച്ചുള്ള പ്രകീർത്തനങ്ങൾ നടക്കുകയും ചെയ്യുന്ന കാലത്ത് ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ടു നിൽക്കുന്ന ഒരു മാനുഷിക ബന്ധത്തെക്കുറിച്ചുള്ള പ്രതീക്ഷ തന്നെ വളരെ വലുതാണ്. പരമ്പരാഗതമായി നാം പുലർത്തിയിരുന്ന അതിരുകളില്ലാത്ത മാനുഷിക നിലപാടുകളെക്കുറിച്ചുള്ള ഓർമപ്പെടുത്തൽ കൂടിയാണ് നീലിമ ദത്ത . എന്നാൽ  ആഖ്യാനത്തിൽ കഥാകൃത്ത് സ്വീകരിക്കുന്ന ലഘു സമീപനം കഥയുടെ ഗരിമ ക്ക് വെല്ലുവിളിയാകുന്നുണ്ട്. പ്രത്യേകിച്ച് ബോളിവുഡ് സിനിമാ ഗാനങ്ങളുടെ ചേരുവ കഥയെ അതർഹിക്കുന്ന വായനയിൽ നിന്ന് വഴിതെറ്റിക്കാനാണ് സഹായിക്കുന്നത്. ജനപ്രീതിക്ക് വേണ്ടി കഥയിൽ വെള്ളം ചേർക്കേണ്ടിയിരുന്നില്ല.

മാധ്യമത്തിൽ വി ഷിനിലാലിൻ്റെ രണ്ട് മരങ്ങൾ എന്ന കഥ പുരുഷ സമൂഹം സ്ത്രീകൾക്ക് അസാധ്യം എന്നു വിധിച്ച രാത്രി പുറത്തിറങ്ങലിൻ്റെ കഥാരൂപമാണ്. ഇന്നോളം പാതിരാത്രി കിടപ്പറയിലല്ലാതെ കണ്ടിട്ടില്ലാത്ത അഹാനയുടേയും അനുശ്രീയുടേയും ആവേശമൊക്കെ ശരി തന്നെ. രാത്രി റോഡരികിൽ മൂത്രമൊഴിക്കുന്നതും തെങ്ങിൽ കയറി കരിക്കിടുന്നതും കള്ളു കുടിക്കുന്നതുമൊക്കെ സ്ത്രീക്ക് ഇന്നും സങ്കല്പം തന്നെയാണ്. കഥയിലെ ഒരു പ്രയോഗം തീർച്ചയായും ഒരു കുതിരപ്പവൻ അർഹിക്കുന്നുണ്ട്. “വിവിധ രാഷ്ട്രീയ പാർട്ടികളുടെ കൊടിമരങ്ങൾ കവലയിൽ നിറഞ്ഞാടി നിന്നിരുന്നു. അവയുടെ നടുക്ക് രണ്ടു പെണ്ണുങ്ങൾ മുഖാമുഖമിരുന്ന് മൂത്രമൊഴിച്ചു. എടീ ചരിത്രത്തിൽ ആദ്യമായാണ് ഈ ജംഗ്ഷനിൽ പെണ്ണുങ്ങളുടെ മൂത്രം വീഴുന്നത്. അതിൻ്റെ ഒരു സ്മാരകം വേണം.. ” പക്ഷേ ഈ കഥക്കുള്ള ഒരു പ്രശ്നം ഇതിലെ പ്രമേയം ഒട്ടും പുതിയതല്ല എന്നതാണ്. പല തവണ ആവർത്തിച്ച കിനാക്കളാണ് കഥയിലുള്ളതത്രയും. എന്നു മാത്രമല്ല എല്ലാ സ്വാതന്ത്ര്യാഘോഷങ്ങൾക്കു ശേഷവും തിരികെ അവനവൻ്റെ കിടപ്പറയിലെത്തി സുഖമായി ഉറങ്ങുക എന്ന കുടുംബസങ്കല്പത്തെ സ്പർശിക്കാൻ കഥ തയ്യാറുമല്ല. ആഖ്യാനത്തിൽ ഷിനിലാൽ പുലർത്തുന്ന ആർജവം ഗംഭീരമാണെന്നു പറയാതെ വയ്യ.

മലയാളം വാരികയിൽ ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതിയ ഗുപ്ത സാമ്രാജ്യം സിംഹത്തെ കിനാവു കണ്ട ഒരു പെണ്ണിൻ്റെ കഥയാണ്. വിവാഹത്തിൻ്റെ തുടക്കകാലത്ത് ഭാര്യക്ക് താൻ പറയുന്ന എരിവും പുളിയുമുള്ള കഥകൾ കേൾക്കാൻ വലിയ താൽപര്യമായിരുന്നു എന്നാണ് കഥ തുടങ്ങുന്നത്.പിന്നീടെപ്പോഴോ അവളുടെ സ്വപ്നങ്ങളിലേക്ക് ഒരു സിംഹം കടന്നു വരികയും അവനോടുള്ള അവളുടെ താൽപര്യം കുറയുകയും ചെയ്തു. സൂചിയിൽ നൂലു കോർക്കുന്നതു പോലെ അത്ര എളുപ്പമല്ല കിടപ്പറയിലെ കാര്യങ്ങളെന്ന് ബോധ്യമായി എന്ന് കഥാനായകൻ തന്നെ പറയുന്നുണ്ട്. പിന്നീട് ഒരു ജോലിക്കെന്നു പറഞ്ഞ് പോയ അവൾ എങ്ങോട്ടോ അപ്രത്യക്ഷയായി. തേടിപ്പിടിച്ചു ചെന്ന അയാൾക്ക് അജ്ഞാതമായൊരു കാട്ടിനുള്ളിലെ കൊട്ടാരം പോലുള്ള വീട്ടിൽ സിംഹത്തോടൊപ്പം ക്രീഡകളിലേർപ്പെടുന്ന അവളെയാണ് കാണാൻ സാധിക്കുന്നത്. വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്കു പോകുന്നതുവരെയുള്ള എല്ലാ സംഭവങ്ങളും സാധാരണമാവുകയും അതിനു ശേഷമുള്ള കാര്യങ്ങൾ അസാധാരണമാവുകയും ചെയ്യുന്നുണ്ട് കഥയിൽ. പെട്ടെന്ന് നമ്മളെല്ലാവരും ഐഡൻറിറ്റി നഷ്ടപ്പെട്ടവരാകുകയും താനാരാണെന്ന് ആശയക്കുഴപ്പമുണ്ടാവുകയും ചെയ്യുക എന്നത് അസംഭാവ്യമൊന്നുമല്ല. എന്നാലും ആ പെണ്ണ് എന്തിനാണങ്ങനെ ചെയ്തത് എന്നൊരു ചോദ്യം വായനക്കാരനിൽ അവശേഷിപ്പിക്കാൻ കഥക്കു കഴിയുന്നു. അതേ സമയം കഥയുടെ ദൈർഘ്യം കൂട്ടാൻ വേണ്ടി പറഞ്ഞുണ്ടാക്കിയ ഉപകഥകൾ മുഴുവൻ മാംസ നിബദ്ധമാണ് എന്നൊരൊറ്റ കാരണം കൊണ്ടു തന്നെ മനുഷ്യമനസുകളുടെ അനിശ്ചിതത്വങ്ങളിലേക്കും അതു വഴി ഉന്നതമായൊരു ദാർശനിക തലത്തിലേക്കും വളരാമായിരുന്ന കഥ നിശ്ചിത പാതയിലേക്ക് ചുരുക്കി വായിക്കപ്പെടാൻ കാരണമായി. മാംസ നിബദ്ധമായി എഴുതുന്ന കഥകൾക്കേ മാർക്കറ്റുള്ളൂ എന്ന മൂഡ വിശ്വാസത്തിൻ്റെ കൂടെത്തന്നെയാണ് ഉണ്ണികൃഷ്ണൻ കിടങ്ങൂരും സഞ്ചരിക്കുന്നത്.

മാധ്യമത്തിൽ യാസർ അരാഫത്ത് എഴുതിയ എൽത്രെ ദുക്തോർ എന്ന കഥ വീഞ്ഞ് കുപ്പി മാറ്റി നിറച്ചു നോക്കിയ ഒരു ആവർത്തന കഥയാണ്. ആരോ പറഞ്ഞതു കേട്ട് ക്യാൻസർ (കാൻസർ തന്നെ വേണമെന്നില്ല) മാറാനുള്ള ഒറ്റമൂലി ചികിത്സക്കായി തെക്കേ അമേരിക്കയിലെ പഴയൊരു സ്പാനിഷ് കോളനിയിലേക്ക് പോയ രോഗിക്ക് കൂട്ടു പോയ നിലമ്പൂരിലെവിടെയോ സ്പാനിഷ് ഇൻസ്റ്റിറ്റൂട്ട് നടത്തുന്ന ആളുടെ കഥയാണിത്. ചികിത്സകർ വ്യാജൻമാരായിരുന്നു. രോഗി അവിടെ വച്ച് മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള പെടാപ്പാടുകൾ, പോലീസ്, കൈക്കൂലി, സ്വാധീനം അത്രയൊക്കെത്തന്നെ. ഈ കഥയിലെന്താണ് പുതുമ എന്നു ചോദിച്ചാൽ കഥ നടക്കുന്ന സ്ഥലം പുതിയതാണ്, സ്പാനിഷ് ഭാഷ പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് പുതിയ ആശയമാണ്, ഇത്രയൊക്കെ പോരേ.. മതി, മതി .. ധാരാളം.

ദേശാഭിമാനി വാരികയിൽ ടി കെ ശങ്കരനാരായണൻ്റെ ചൊവ്വ2040 ൽ എന്ന കഥ ചൊവ്വാദോഷം എന്ന ജ്യോതിഷ മണ്ടത്തരത്തെ പരിഹസിക്കുന്നു. ചൊവ്വയിൽ മനുഷ്യൻ കോളനി നിർമിച്ചു കഴിഞ്ഞാൽ പിന്നെ ചൊവ്വാദോഷം ഉണ്ടാവുമോ എന്ന രസികൻ ചോദ്യം ചോദിച്ച കഥാകൃത്ത് ശാസ്ത്രീയതയെ തള്ളിപ്പറയുന്ന എല്ലാവരേയും പരിഹസിക്കുന്നു. എമി മാത്യു എഴുതിയ ഡെലിവറി ബോയ് ഒരു പതിവു മെലോ ഡ്രാമയാണ്. അതിനെ കൊറോണയോടും ക്വാറൻറീനോടും ബന്ധിപ്പിച്ചിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. പറയുന്നതിനും എഴുതുന്നതിനുമപ്പുറം ചിലതുണ്ടാകുമ്പോഴാണ് കഥയുണ്ടാവുന്നത്.

മലയാളം വാരികയിലെ സന്ധ്യ യു എഴുതിയ ഉടലെഴുത്ത് ഈ മാസം വായിക്കുന്ന ഇതേ വിധത്തിലുള്ള മൂന്നാമത്തെ കഥയാണ്. മുമ്പൊക്കെ വിചാരിച്ചിരുന്നത് മറ്റുള്ളവരെ വായിക്കാത്തതു കൊണ്ടാണ് കഥകളുടെ ആവർത്തനം സംഭവിക്കുന്നത് എന്നാണ്. എന്നാൽ മറ്റു കഥകൾ വായിച്ച് അതു പോലെ മറ്റൊന്ന് എഴുതുന്നത് തെറ്റല്ല എന്ന പുതുകാല കാഴ്ചപ്പാടാണ് ഇതിനു കാരണം എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. ഏതിനാണോ ആവശ്യക്കാർ കൂടുതലുള്ളത് അത് പരമാവധി ഉൽപ്പാദിപ്പിക്കുക എന്നതാണല്ലോ വിപണിയുടെ സ്വഭാവം. സന്ധ്യയുടെ കഥയിലും അതു തന്നെയാണ്.. സ്ത്രീ പുരുഷ റോബോട്ടുകളെ നിർമിക്കുന്ന അമേരിക്കയിലെ ഒരു സ്ഥാപനത്തിൽ ഡിസൈനർ ആയി ജോലി കിട്ടിയ ഒരു ചിത്രകാരൻ്റെ ആത്മ വിലാപങ്ങളാണ് കഥ. കലാകാരൻ / മനുഷ്യൻ വിപണിവൽകൃത ലോകത്ത് ജീവിക്കാൻ നടത്തേണ്ടി വരുന്ന വിട്ടുവീഴ്ചകളും അതിൻ്റെ അന്ത:സംഘർഷങ്ങളും അതിസങ്കീർണമായ വിഷയമാണ്. അതിനെ അഭിസംബോധന ചെയ്യാനുള്ള കഥാകൃത്തിൻ്റെ ഉദ്യമം നന്നായി എന്നും പറയാം. പക്ഷേ കുറച്ചു കൂടി വ്യത്യസ്തമായ ഒരു കഥാസന്ദർഭം ഉപയോഗിച്ചിരുന്നെങ്കിൽ ഈ കഥ എത്ര മെച്ചപ്പെടുമായിരുന്നു എന്ന് ആലോചിക്കണം. അവിടെയാണ് വിപണി എഴുത്തുകാരിയേയും സ്വാധീനിക്കുന്നു എന്ന വസ്തുത നാം കാണേണ്ടത്.

കഥകളുടേത് വിചിത്രമായ ലോകമാണ്. വൈവിധ്യമാണ് അവിടെ കൊടിയടയാളം. വൈവിധ്യത്തെ നിരാകരിക്കാനും മുൻനിശ്ചയിച്ച ഫോർമാറ്റിലേക്ക് കഥകളെ ക്രമപ്പെടുത്താനുമുള്ള ശ്രമങ്ങൾ നടക്കുമ്പോഴും നല്ല കഥകൾ നിലനിൽക്കുമെന്നു തന്നെ പ്രതീക്ഷിക്കുക.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account