പദപ്രശ്നം പൂരിപ്പിക്കുന്ന കപ്ലോൻ

എഴുത്ത് ആത്യന്തികമായി വായനക്കാരനു നൽകുന്നതെന്താണ്? അന്നോളം അവൻ്റെ ബൗദ്ധിക, ഭൗതിക മണ്ഡലങ്ങളിൽ ശേഖരിക്കപ്പെട്ടിട്ടുള്ള ജ്ഞാനത്തിൻ്റെ ആദേശവും പുതിയവയുടെ സ്ഥാപനവും, ആർജിത ജ്ഞാനത്തിൻ്റെ പുന:ക്രമീകരണവും പുനർനിർവചനവും, ആന്തരികാനുഭൂതികളുടെ പുതിയ തലങ്ങളിലേക്കുള്ള പ്രവേശം എന്നിങ്ങനെ പ്രതി ജന ഭിന്നമായ ഒട്ടേറെ ഘടകങ്ങൾ എഴുത്തിൻ്റെ ലക്ഷ്യം, ഗുണം എന്നിവ നിർണയിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നുണ്ട്. ഇപ്രകാരം ജ്ഞാനത്തിൻ്റെയും അനുഭൂതികളുടേയും സംവേദനം സാധ്യമാകണമെങ്കിൽ എഴുത്തിന് / എഴുത്തുകാരന് സ്വന്തമായ ഒരു ദർശനം തീർച്ചയായും ഉണ്ടാകേണ്ടതുണ്ട്. ദാർശനികമായ അത്തരം ഉൾക്കാഴ്ചകളിൽ നിന്നു കൊണ്ടു മാത്രമേ ജീവിതത്തെ വിശകലനം ചെയ്യാനും നിർവചിക്കാനും സാധിക്കുകയുള്ളൂ. നമ്മുടെ കഥകളൊക്കെ തന്നെ ആഴമില്ലാത്ത നൈമിഷി കാസ്വാദനത്തിന് മാത്രം പാകമാകുന്നതിൻ്റെ പ്രധാന കാരണവും ഇതേ ഉൾക്കാഴ്ചയില്ലായ്മയാണ്.

മലയാളം വാരികയിൽ മനോജ് വെള്ളനാട് എഴുതിയ പദപ്രശ്നം എന്ന കഥ ഒരാൾക്ക് മറ്റൊരാളോട് പ്രണയം/ഇഷ്ടം / സ്നേഹം എന്നൊക്കെ വിളിക്കാവുന്ന പ്രതിഭാസം സംഭവിക്കുന്നതിൻ്റെ സങ്കീർണതയെ വിശകലനം ചെയ്യാൻ ശ്രമിക്കുന്നു. ശ്വേത, അവളുടെ ഭർത്താവ് ആരോൺ, ആരോണിൻ്റെ സഹപ്രവർത്തകയും കാമുകിയുമായ ദേവി എന്നിവരാണ് കഥാപാത്രങ്ങൾ. എസ്കലേറ്ററിൽ നിന്ന് വീണ് കാലൊടിഞ്ഞ ശ്വേതയെ ശുശ്രൂഷിക്കാൻ ദേവി ലീവെടുത്ത് ആരോണിൻ്റെ ഫ്ളാറ്റിൽ താമസിക്കുന്നതും ആ ശുശ്രൂഷക്കാലം കൊണ്ട് ശ്വേതക്കും ദേവിക്കുമിടയിൽ പുതിയൊരു ബന്ധം രൂപപ്പെടുന്നതുമാണ് കഥ. അതോടെ രണ്ടു പേർക്കും ആരോണിനോടുള്ള ഇഷ്ടത്തിൽ ഗണ്യമായ കുറവുണ്ടാകുന്നുമുണ്ട്. ഒടുവിൽ ആരോണും ശ്വേതയും ഡോക്ടറെ കാണാൻ കയറിയ നേരത്ത് ദേവി അവിടെ നിന്ന് അപ്രത്യക്ഷയാകുകയും സിം കാർഡുകൾ ഒടിച്ചു കളയുകയും ചെയ്യുന്നിടത്ത് കഥ തീരുന്നു. ആ(രോ)ണിന് ഒരേ സമയം രണ്ടു ബന്ധങ്ങൾ കൊണ്ടു നടക്കുന്നതിൽ തെറ്റില്ല എന്നു കരുതുന്ന ദേവി തന്നെയാണ് ശ്വേതക്ക് തന്നോടുള്ള പ്രണയത്തിൻ്റെ പേരിൽ അവരെ രണ്ടു പേരെയും ഉപേക്ഷിക്കുന്നത്. കഥയുടെ അന്ത്യഘട്ടത്തിൽ ഒരാൾക്ക് ഒരാൾ എന്ന പൊതുബോധത്തെ ദേവിയും അംഗീകരിക്കുന്നു. ആരോണിൻ്റേയും ശ്വേതയുടേയും കുടുംബ ജീവിതത്തിന് താനൊരു തടസമാകരുത് എന്ന ദേവിയുടെ നിലപാട് കഥയെ പരമ്പരാഗത സാമൂഹ്യബോധത്തോട് ചേർത്തു നിർത്താനേ ഉപകരിക്കുന്നുള്ളൂ. സത്യത്തിൽ ഇതൊരു കണ്ണാടി പ്രതിബിംബകഥയാണ് (mirror image). രണ്ടു പുരുഷൻമാർ ഒരു സ്ത്രീയെ പ്രണയിക്കുന്നതും മത്സരിക്കുന്നതും ഒടുവിൽ ഒരാൾ പുറത്താക്കപ്പെടുന്ന മെലോ ഡ്രാമയിൽ അവസാനിക്കുന്നതുമായ എത്രയെത്ര കഥകൾ നാം വായിച്ചു കഴിഞ്ഞു. ബോധപൂർവം കഥാപാത്രങ്ങളെ സ്ത്രീകളാക്കി മാറ്റി അതേ പതിവു ത്രികോണ പ്രണയമാണ് മനോജ് വെള്ളനാട് അവതരിപ്പിക്കുന്നത്. മേമ്പൊടിക്ക് ആരോഗ്യ മാസികയിൽ എഴുതേണ്ട ആർത്തവ സംബന്ധിയായ ലേഖനത്തിൻ്റെ ചില ഭാഗങ്ങളും. മലയാളി വായനക്കാരൻ്റെ ദൗർബല്യമാണ് ആർത്തവവും ബ്രായുമൊക്കെ എന്ന് അദ്ദേഹത്തിനു മറിയാമല്ലോ.. വായന തീരുമ്പോൾ കഥ എന്തെങ്കിലും അവശേഷിപ്പിക്കുന്നുണ്ടോ എന്നതാണ് പ്രധാന ചോദ്യം. ഒന്നുമില്ല എന്ന ഉത്തരത്തിൽ പദപ്രശ്നം ശരാശരി ക്കഥയായി മാറുന്നു. പുതുമ, വ്യത്യസ്തത എന്നൊക്കെ പറഞ്ഞാൽ ആണിനു പകരം പെണ്ണിനെ കഥാപാത്രമാക്കുന്നതാണെന്നു കരുതുന്നത് ചുരുക്കി പറഞ്ഞാൽ കഷ്ടമാണ്. കഥയില്ലായ്മയാണ് പദ പ്രശ്നത്തിൻ്റെ ഫലശ്രുതി.

മാധ്യമം ഈ ലക്കം വിവർത്തനപ്പതിപ്പാണ്. മൂന്നാമത്തെ തട്ടിൽ ഒരു കെട്ട് ബ്രോക്കോളി എന്ന കഥ (ലാറ വാപ്നീയർ) മികച്ച വായന നൽകും. മനുഷ്യൻ്റെ ആന്തരിക സംഘർഷങ്ങളെയും അവയുടെ ബഹിർസ്ഫുരണത്തിലുണ്ടാകുന്ന അനിശ്ചിതതത്വങ്ങളേയും തീവ്രമായി ആവിഷ്കരിക്കുന്നു കഥ. ഒടുവിൽ മുത്തശ്ശിക്കഥയിലെ തേൻ തുള്ളി പോലെ ഫ്രിഡ്ജിനിടയിൽ നിന്നു കണ്ടു കിട്ടുന്ന ഉണങ്ങിയ ബ്രോക്കോളിക്കെട്ട് കഥയുടെ എല്ലാക്കാലങ്ങളേയും പരസ്പര പൂരകങ്ങളാക്കുന്നു. പല തലങ്ങളിൽ വായിക്കാവുന്ന കഥയാണ് ബ്രോക്കോളി.

ദേശാഭിമാനിയിൽ പ്രമോദ് കൂവേരി എഴുതിയ ഇടതൻ ശരാശരിയിൽ നിന്നും താഴെ പോയ കഥയാണ്. ദേശാഭിമാനിയെ സംബന്ധിച്ചല്ല ഈ നിരീക്ഷണം എന്നും കഥ എന്ന സങ്കല്പനത്തിൻ്റെ അടിസ്ഥാനത്തിലാണെന്നും പ്രത്യേകം ശ്രദ്ധിക്കണം. ഇടം കൈ കൊണ്ട് ഭക്ഷണം കഴിക്കുകയും വലംകൈ കൊണ്ട് ശൗചം ചെയ്യുകയും ചെയ്യുന്ന ബാലൻ തൻ്റെ ഇടതനുഭാവം കൊണ്ടു മാത്രം പരിഹാസ്യനാവുന്നതും കല്യാണം കഴിച്ചു കൊണ്ടുവന്ന പെണ്ണ് കല്യാണദിവസം രാത്രി ബാലൻ ഇടതു കൈ കൊണ്ട് അത്താഴമുണ്ണുന്നത് കണ്ട് വിവാഹമോചനം ആവശ്യപ്പെട്ടതും അപ്പോൾ തന്നെ ബാലൻ്റെ അനുജൻ അവളെ കെട്ടി മണിയറയിലേക്കു പോയതും എന്നു വേണ്ട, ഇടതു വശം വയമുള്ളതുകൊണ്ടു മാത്രം ജീവിതം കഷ്ടത്തിലായ ബാലൻ്റെ കഥ. ഇടതു കൈ എന്നത് ഇടതു രാഷ്ട്രീയത്തിൻ്റെ സൂചനയാണെന്നതിൽ സംശയത്തിനിടയില്ല. ഒടുവിൽ ഇടതൻ ബാലൻ്റെ മുന്നിൽ നൂറു സഹോദരൻമാരേയും ആയിരം മദയാനകളേയും തലക്കടിച്ചു കൊന്ന ഭീമൻ പോലും തല കുമ്പിട്ടു നിൽക്കുന്നിടത്താണ് കഥയുടെ സമാപ്തി. ദേശാഭിമാനിയുടെ രാഷ്ട്രീയത്തിനു ചേരുന്ന കഥ എഴുതാനുള്ള വെപ്രാളത്തിൽ പ്രമോദ് കഥ മറന്നു കളഞ്ഞു. രാഷ്ട്രീയത്തെ കഥയാക്കലല്ല, കഥയെ രാഷ്ട്രീയമാക്കലാണ് എഴുത്തുകാരൻ്റെ ധർമം എന്ന തിരിച്ചറിവ് പ്രധാനമാണ്. ദേശാഭിമാനിയിൽ തന്നെ എൻ രാജൻ എഴുതിയ വീട്ടിലേക്കുള്ള വഴി എന്ന കഥയൊന്നും പത്രാധിപർ വായിച്ചു നോക്കിയിരിക്കാൻ സാധ്യതയില്ല.

മാതൃഭൂമിയിലെ വർഗീസ് അങ്കമാലി എഴുതിയ കപ്ലോൻ അക്ഷരാർഥത്തിൽ അറുബോറാണ്. കന്യാസ്ത്രീ മഠങ്ങളും സെമിനാരികളും അവയിലെ അന്ത:പുര രഹസ്യങ്ങളുമൊക്കെ അങ്ങാടിപ്പാട്ടാണ്.  അവയൊക്കെ വലിയ സംഭവമാണെന്നു കരുതുകയും അവയൊക്കെ കഥാരൂപത്തിൽ  ഇനിയും അവതരിപ്പിക്കുകയും ചെയ്യുന്നവരോട് സഹതാപമേയുള്ളൂ. നേരിട്ട് പറഞ്ഞാൽ മറ്റു പ്രത്യാഘാതങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള വിഷയങ്ങളെയാണ് പണ്ടൊക്കെ കഥാരൂപത്തിൽ പറഞ്ഞിരുന്നത്. ആ കാലമൊക്കെ പൊയ്പോയി സർ ..

സദാചാര ബോധമുണ്ടാവുന്നത് മലയാളത്തിൽ ഈയിടെയായി കുറ്റകരമാണ്. തികച്ചും അനാവശ്യമായും അനവസരത്തിലും അശ്ലീലം എഴുതുകയും ശ്ലീലാശ്ലീല വിവേചനമൊക്കെ പഴഞ്ചൻ നിലപാടാണെന്നു പറയുകയും അതിനെതിരെ നെറ്റി ചുളിക്കുന്നവരെ പിന്തിരിപ്പൻമാരായി ചാപ്പ കുത്തി കൂട്ടമായി ആക്രമിക്കുന്നതുമാണ് ഇപ്പോൾ ശീലം. ലൈംഗികതയും തെറിയുമൊക്കെ ആവശ്യത്തിന് കഥയിൽ ചേർക്കാം.. പക്ഷേ അങ്ങനെയെഴുതുന്നതാണ് മഹത്തരമെന്ന് കൊട്ടിഘോഷിക്കുന്നതും വെട്ടുകിളികൂട്ടത്തെ ഇറക്കി ചങ്ങാത്ത നിരൂപണം നടത്തുന്നതും അത്ര ധീരമായ പ്രവൃത്തിയല്ല. എന്നു മാത്രമല്ല ഇത്തരം കൃത്രിമ തുറന്നെഴുത്തുകൾ ഒരു എഴുത്തുകാരന് എതിർക്കുന്നവനെ സദാചാരവാദിപ്പട്ടം നൽകി നിശ്ശബ്ദനാക്കാം എന്ന ഒരു സുരക്ഷിതത്വവും നൽകുന്നുണ്ട്. പക്ഷേ ഈ തുറന്നെഴുത്തുകൾ വസ്ത്രം ധരിക്കാതെ പുറത്തിറങ്ങി നടക്കുന്നതു പോലേയുളളൂ. എല്ലാവർക്കുമറിയാവുന്ന കാര്യങ്ങൾ മാത്രമാണ് ഇപ്രകാരം തുറക്കപ്പെടുന്നത് . എ.ജെ ക്രോണിൻ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടുകൾ പങ്കു വക്കുന്നതിങ്ങനെ.. നിങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ധരിക്കാതെയും തെരുവിലിറങ്ങി നടക്കാം. പക്ഷേ നിങ്ങളെ പരിഹസിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങൾക്കുണ്ടെന്ന് മറക്കാതിരിക്കണം. മനുഷ്യൻ സാമൂഹ്യ ജീവിയാകുന്നത്, പരിഷ്കൃതനാവുന്നത് ശ്ലീലങ്ങളേയും അശ്ലീലങ്ങളേയും വിവേചിച്ചറിഞ്ഞതുകൊണ്ടാണ്. അതു കൊണ്ടു തന്നെ ഒരൽപം സദാചാരിയാവുന്നത് അത്ര മോശം കാര്യമൊന്നുമല്ല ..

1 Comment
  1. Praveen 1 year ago

    ഈ കപട സദാചാരബോധവും വെച്ചാണോ സാഹിത്യനിരൂപണം നടത്താനിറങ്ങിയിരിക്കുന്നത്? വേറെ പണിയ്ക്ക് പൊക്കൂടേ?

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account