ഒരു പകലും കുറേ രാത്രികളും

കഥയിലും സാഹിത്യത്തിലും  എന്തിനാണ് വ്യത്യസ്ത ധാരകൾ എന്ന ചോദ്യത്തിന് സാഹിത്യത്തോളം തന്നെ പഴക്കമുണ്ട്. പല കാലത്ത് പലവിധത്തിൽ അഭിസംബോധന ചെയ്യപ്പെട്ട ഈ ചോദ്യം ഇക്കാലത്തും പ്രസക്തമാണ്. സാഹിത്യത്തിലെ പെണ്ണെഴുത്ത്, ദളിതെഴുത്ത് ആധുനിക ഉത്തരാധുനിക പ്രസ്ഥാനങ്ങൾ തുടങ്ങി സർവതിൻ്റേയും ഒപ്പം സമാന്തരമായി വളരുകയും സഞ്ചരിക്കുകയും ചെയ്ത ശാഖ തന്നെയാണ് പൈങ്കിളി എന്നു നാം വിളിച്ച, വിളിക്കുന്ന ജനപ്രിയ സാഹിത്യം. തുടക്കം മുതൽ ഇന്നുവരെ ഈ വിഭാഗം കൈകാര്യം ചെയ്യുന്നത്  മനുഷ്യൻ്റെ ഏറ്റവും ലളിതമായ അവസ്ഥകളേയും മനുഷ്യബന്ധങ്ങളിലെ  വൈകാരിക വിക്ഷുബ്ധതകളേയുമാണ്. മാതൃത്വം, സാഹോദര്യം, പ്രണയം, തുടങ്ങി മനുഷ്യൻ്റെ അടിസ്ഥാനപരവും എല്ലാവർക്കും ബാധകമായതുമായ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതു കൊണ്ടാവാം ഈ ശാഖ കൂടുതൽ വായനക്കാരെ നേടിയത്. പൈങ്കിളി സാഹിത്യം എപ്പോഴും പരമ്പരാഗത നിലപാടുകളെ ചുറ്റിപ്പറ്റി നിലനിൽക്കാനാണ് ഇഷ്ടപ്പെട്ടത്. അത് ജാതിയെക്കുറിച്ചുള്ള ചർച്ചയെ കീഴ്ജാതി മേൽജാതി പ്രണയവുമായി മാത്രമേ ബന്ധിപ്പിക്കുകയുള്ളൂ. ദളിത് വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിന് മുതലാളി തൊഴിലാളി / ജന്മി കുടിയാൻ വ്യവസ്ഥയുടെ പാഠങ്ങൾക്കു പകരം തൊഴിലാളിയുടെ മകളും മുതലാളിയുടെ മകനും തമ്മിലുള്ള പ്രേമത്തെ മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഏതു വലിയ സാമൂഹ്യ പ്രതിസന്ധിയിലും അത് വ്യക്തിയുടെ സ്വകാര്യ വികാരങ്ങളെക്കുറിച്ച് മാത്രമേ ചർച്ച ചെയ്യുകയുള്ളൂ. അതു കൊണ്ടാണ് പൈങ്കിളി സാഹിത്യത്തിന് സമാന്തരമായി മാത്രം നിലനിൽക്കേണ്ടി വന്നത്. ഗഹനമായ സാമൂഹ്യ നിരീക്ഷണങ്ങളും നിർവചനങ്ങളും ജീവിതത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും ദളിതനെക്കുറിച്ചും സ്ത്രീയെക്കുറിച്ചുമെല്ലാമുള്ള സമഗ്ര വീക്ഷണങ്ങളുമുൾപ്പെടുന്ന വിപുലമായ സാഹിത്യം കഥയായും കവിതയായും നോവലായും സിനിമയായും വേറൊരു ധാരയായി പ്രവർത്തിക്കുമ്പോൾ തന്നെ പൈങ്കിളി ജനപ്രിയമായിത്തന്നെ നിലനിൽക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇതേ രീതിയിൽ വേറിട്ടു തന്നെ ഇവ പ്രവർത്തിക്കേണ്ടതുണ്ടോ, പൈങ്കിളിക്ക് മുഖ്യധാരയിലേക്ക് പ്രവേശനം നൽകിയാൽ എന്തു സംഭവിക്കാനാണ് തുടങ്ങിയ വിപുലമായ ചർച്ചകൾക്ക് വഴിവെക്കാവുന്ന ചോദ്യങ്ങൾ കൂടുതൽ പ്രസക്തമാവുന്ന വായനക്കാലത്താണ് നാം ഇപ്പോൾ ജീവിക്കുന്നത്.സാഹിത്യത്തിനും കഥക്കും സമൂഹത്തിൽ വലിയ പങ്കൊന്നുമില്ല എന്ന നിലപാട് സാഹിത്യ മൂല്യങ്ങളിൽ വെള്ളം ചേർക്കാനുള്ള എളുപ്പവഴിയാണ്. ആ വഴിക്കാണ് മിക്കവാറും പത്രാധിപരും എഴുത്തുകാരും നീങ്ങുന്നതും. അധികം താമസിയാതെ മനോരമ ആഴ്ചപ്പതിപ്പിലും മംഗളം വാരികയിലും മാധ്യമം ആഴ്ചപ്പതിപ്പിലും ഒരേ എഴുത്തുകാരുടെ തുടരൻ നോവലുകൾ നമുക്ക് വായിക്കാൻ കഴിഞ്ഞേക്കും. അതൊരു കുറ്റമൊന്നുമല്ല .. അതാണല്ലോ സമഭാവന.

മാധ്യമം ആഴ്ചപ്പതിപ്പിൽ ഫർസാന അലിയുടെ പാവക്കൂട്ട് എന്നൊരു കഥയുണ്ട്. എങ്ങനെ ഇതെല്ലാം എഴുതാൻ കഴിയുന്നു എന്ന് നമ്മെ അമ്പരപ്പിക്കും വിധം പഴഞ്ചനും അപ്രസക്തവുമാണ് കഥ. ഭർത്താവ് വീടു വിട്ടു പോയ ശേഷം ഭർത്താവിൻ്റെ കാമുകിയെ അന്വേഷിച്ചിറങ്ങുന്ന നായിക, ഒടുവിൽ അവളെ കണ്ടെത്തുമ്പോൾ അവൾക്ക് ഭ്രാന്താണെന്ന് മനസിലായി അസ്ത പ്രജ്ഞയാകുന്നതാണ് കഥ. ഇതിനിടയിൽ നായികക്ക് കുട്ടികളുണ്ടാവാത്തത്, ചികിത്സ, ഭർത്താവ് കാമുകിയെ യാദൃച്ചികമായി കണ്ടു മുട്ടുന്നത്, സിനിമ, ഗർഭം, അബോർഷൻ തുടങ്ങി സകല ഘടകങ്ങളുമുണ്ട്. എന്തു മൂല്യത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ കഥ മാധ്യമം പ്രസിദ്ധീകരിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല. മുപ്പത് വർഷം മുമ്പത്തെ അസൽ പൈങ്കിളി കഥയാണ് പാവക്കൂട്ട് . സജിൽ ശ്രീധർ എഴുതിയ ഇ.എം എസിൻ്റെ കത്രിക കഥ എന്ന സങ്കേതത്തോട് കാര്യമായ സാദൃശ്യമൊന്നുമില്ലാത്ത ഒരു രചനയാണ്. ആവർത്തന വിരസമായ ഓർമക്കുറിപ്പുകൾ എന്നതിലപ്പുറം ആ കഥക്ക് എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് തോന്നിയില്ല. മാധ്യമത്തിൽ തന്നെ വീണ എഴുതിയ എം.ഐ ബാൻഡ് എന്ന കഥ ഒരു സ്ത്രീയുടെ ഒരു ദിവസത്തെ സഞ്ചാരപഥമാണ്. രാവിലെ എഴുന്നേറ്റപ്പോൾ കൈയിൽ കെട്ടിയ എം ഐ ബാൻഡ് വൈകുന്നേരം ഊരി വക്കും വരെ അതു രേഖപ്പെടുത്തിയ ദൂരം അമ്പരപ്പിക്കുന്നതാണ്.സ്ത്രീയുടെ ജീവിതം പലപ്പോഴും അങ്ങനെയാണ്. വീണയുടെ കഥയിലെ സ്ത്രീ – വദന – ഞായറാഴ്ച രാവിലെ പ്രഭാത നടത്തം മുതലുള്ള എല്ലാ പ്രവൃത്തിയും ചെയ്യുന്നത് അത്യധികം സന്തോഷത്തോടെയാണെന്നതാണ് കഥയുടെ സൗന്ദര്യം. തനിക്കു വിധിച്ചിട്ടുള്ളത് ഇതൊക്കെയാണ് എന്ന് ബോധ്യപ്പെട്ടു കഴിയുമ്പോൾ അതൊക്കെയാണ് തൻ്റെ സന്തോഷമെന്ന് സ്വയം പ്രഖ്യാപിക്കുന്ന സാമാന്യ സ്ത്രീയുടെ എല്ലാ സ്വഭാവങ്ങളും വദനയിൽ ദർശിക്കാം.. അവൾക്ക് ലോകത്തെ കുറിച്ച് കാഴ്ചപ്പാടുകളുണ്ട്, സ്വന്തം നിലപാടുകളുണ്ട്, എല്ലാം കൃത്യമായി സംഘടിപ്പിക്കാൻ ശേഷിയുള്ളവളാണ്. പക്ഷേ അവൾ നടക്കുന്ന ദൂരമത്രയും വട്ടത്തിലാണ്. ഒരിക്കലും പൂർത്തിയാവാത്ത അനന്ത സഞ്ചാരം .. അത്തരത്തിൽ മികച്ച പ്രമേയവും മികച്ച ആഖ്യാനവും കഥയെ നന്നാക്കുന്നുണ്ട്. പക്ഷേ കഥാന്ത്യത്തിൽ വദനയുടെ ബാൻഡിലെ ദൂരം കണ്ട് ആളുകൾ ഞെട്ടാൻ ബീച്ചിൽ കുഴഞ്ഞു വീണതായി സങ്കൽപിക്കേണ്ടി വരുന്ന ആ സന്ദർഭം ഒട്ടും സ്വാഭാവികമായില്ല. പറഞ്ഞ് പറഞ്ഞ് കൈവിട്ടു പോയ കഥയെ കഥാകൃത്ത് വെടി വച്ചിട്ടതായാണ് തോന്നിയത്.

ദേശാഭിമാനിയിൽ ടി സി രാജേഷ് സിന്ധു എഴുതിയ (അ) വിശുദ്ധം എന്ന കഥ നല്ല ഭാഷയിലെഴുതിയ മോശം കഥയാണ്. 10-ാം വയസിൽ പ്രായപൂർത്തിയായ മകളുള്ള ഒരു പത്രപ്രവർത്തകൻ്റെ ആശങ്കകളുടേയും പേടികളുടേയും കഥയാണ് അവിശുദ്ധം.  ഓരോ ദിവസവും എത്രയോ പീഡന വാർത്തകൾ പത്രത്തിൽ അച്ചടിക്കേണ്ടി വരുന്ന ഒരു സബ് എഡിറ്റർക്ക് സ്വന്തം മകളെക്കുറിച്ചുള്ള ആശങ്കകൾ കഥ വ്യക്തമായും വൈകാരികമായും സംവേദനം ചെയ്യുന്നുണ്ട്. അതേ സമയത്താണ് അരുണിൻ്റെ ബാല്യകാല സുഹൃത്ത് സംവൃത തിരുവന്തപുരത്ത് അമ്മയുടെ ചികിത്സക്കു വേണ്ടി എത്തുന്നതും അവനെ വിളിക്കുന്നതും. പ്രതിഛായാബോധ്യമുള്ള ഏതൊരു സാധാരണ പുരുഷനേയും പോലെ  അരുൺ മറ്റുള്ളവരെന്തു ചിന്തിക്കും എന്നാലോചിച്ച് ഭാര്യയോടു പോലും സംവൃത വന്ന കാര്യം പറഞ്ഞില്ല. സംവൃതയും അരുണും തമ്മിലുള്ള ബന്ധം ആഴമുള്ള സൗഹൃദമാണെന്ന് കഥാകൃത്ത് പറയുമ്പോഴും അതങ്ങിനെ തന്നെയാണോ എന്നു തോന്നിക്കും വിധം അരുണിൻ്റെ പെരുമാറ്റം അവതരിപ്പിക്കുന്നുമുണ്ട്.  ക്ലൈമാക്സിലാണ്  കഥ കൈ വിട്ടു പോയത്. തിരുവനന്തപുരം നഗരത്തിൽ പത്ര പ്രവർത്തകനായ അരുണിനെ സംവൃതയോടൊപ്പം അവളുടെ താൽക്കാലിക വാടക വീട്ടിൽ ഇരുന്നതിന് സദാചാര പോലീസ് കൈയേറ്റം ചെയ്യുന്നിടത്താണ് കഥയുടെ എല്ലാ നന്മയും തകർന്നു വീഴുന്നത്. അതോടെ അതൊരു വെറും വാർത്താധിഷ്ഠിത കഥയായി ഒടുങ്ങിപ്പോകുന്നു. നന്നായി പറഞ്ഞു വന്ന് ഒടുവിൽ നശിപ്പിച്ചു കളഞ്ഞ കഥയാണ് (അ) വിശുദ്ധം.

മലയാളം വാരികയിൽ കെ.എൻ പ്രശാന്ത് എഴുതിയ ചട്ടിക്കളി അക്ഷരാർഥത്തിൽ തട്ടിക്കൂട്ടിയ കഥയാണ്. ഉത്സവപ്പറമ്പിൽ ആനമയിലൊട്ടകം കളിക്കുന്നവനും ഗാനമേള സ്പോൺസർ ചെയ്തയാളും തമ്മിലുണ്ടായ കശപിശയിൽ നിന്ന് ദളിത് സവർണ സംഘർഷത്തിലേക്ക് വളർത്താനുള്ള ആമ്പിയറൊന്നും ആ കഥക്കില്ല എന്ന് കഥാകൃത്ത് തിരിച്ചറിഞ്ഞാൽ നന്ന്. ദളിതനായ കീരിയെ പോലീസ് ജീപ്പിൽ നിന്നിറക്കി വിട്ട് അവനെ ആരും ജാമ്യത്തിലെടുക്കാനുണ്ടാവില്ല എന്ന് ദളിത് സ്നേഹം കാണിക്കുന്ന ഇൻസ്പെക്ടർക്കും കഥയെ രക്ഷിക്കാനാവില്ല. കാരണം അത്രമേൽ ചർവിതമാണ് ചട്ടിക്കളിയുടെ പ്രമേയം. എഴുതാനുള്ള ആഗ്രഹം കൊണ്ടല്ല കഥയെഴുതേണ്ടത് .. എഴുതാൻ ഒരു കഥയുള്ളപ്പോഴാണ്.

മെയ് ലക്കം എഴുത്ത് മാസികയിൽ ജിസ ജോസ് എഴുതിയ ഒരു പകൽ എന്ന കഥയുണ്ട്. ആഖ്യാനത്തിലെ കൈയടക്കം ഈ കഥയെ മനോഹരമാക്കുന്നു. മധ്യവയസിലെത്തിയ രണ്ടു സ്ത്രീകൾ ഒരു പുതിയ ജോലിക്കായി ഇൻറർവ്യൂവിനെത്തുന്നിടത്ത് രണ്ടു മൂന്നു മണിക്കൂറിനുള്ളിൽ നടക്കുന്ന സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം.പ്രൊഫഷണൽ കോഴ്സ് ഒന്നാം റാങ്കിൽ പാസായ പെൺകുട്ടിയെ മകൻ്റെ ഭാര്യയായി തെരഞ്ഞെടുത്തത് അവളെ ജോലിക്കു വിടാൻ വേണ്ടിയല്ല, മറിച്ച് അവളിൽ നിന്ന് ബുദ്ധിയുള്ള കുട്ടികളെ കിട്ടാൻ വേണ്ടിയാണ് എന്ന നിരീക്ഷണം തലമുറകളിലേക്ക് നീളുന്ന പെണ്ണടിമത്തത്തെ കുറിച്ചുള്ള പുതിയ കാലത്തിൻ്റെ ബോധ്യങ്ങളിലേക്ക് കൂടി കടന്നു കയറുന്നു. പ്രമേയത്തേക്കാളേറെ അമിതാവേശമോ മുദ്രാവാക്യങ്ങളോ കഥാകൃത്തിൻ്റെ നിലപാടുകളുടെ കുത്തിച്ചെലുത്ത ലോ ഇല്ലെന്നത് കഥയുടെ സ്വതന്ത്ര വായന സാധ്യമാക്കുന്നു. കഥ തന്നെയാണ് കഥാകൃത്തിൻ്റെ നിലപാട്. ജിസ ജോസിന് അഭിവാദ്യങ്ങൾ.

സ്വതന്ത്രമായ എഴുത്ത് അനിതരസാധാരണമായ സന്ദർഭങ്ങളേയും ദുരന്തങ്ങളേയും അടയാളപ്പെടുത്താനുള്ള സർഗാത്മക ശ്രമങ്ങൾ നടത്തും എന്നാണ് ചരിത്രത്തിൻ്റെ പാഠം. മനുഷ്യൻ, സ്വാതന്ത്ര്യം, അതിജീവനം തുടങ്ങിയവയെ സംബന്ധിക്കുന്ന എല്ലാ അടിസ്ഥാന പ്രമാണങ്ങളും കീഴ്മേൽ മറിഞ്ഞു പോയ വർത്തമാന കാലത്തെ അടയാളപ്പെടുത്താനുള്ള ഒരു കൃതിയും ഉണ്ടാവാതിരിക്കുകയും പാടിപ്പതിഞ്ഞ പഴം പാട്ടുകൾ തന്നെ പിന്നെയും പിന്നെയും പാടിക്കേൾക്കുകയും ചെയ്യുന്നത് ശുഭപ്രതീക്ഷകൾക്ക് വക നൽകുന്നില്ല..

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account