നാരങ്ങാച്ചായയും ഝാൻസി റാണിയുടെ കുതിരകളും

കഥകളെക്കുറിച്ചുള്ള എല്ലാ നിരീക്ഷണങ്ങളും വിശകലനങ്ങളും കഥകളുണ്ടായതിനു ശേഷമുള്ള സംഭവങ്ങളാണ്. അതു കൊണ്ടു തന്നെ ഏതൊരു പുതിയ കഥക്കും നിലവിലുള്ള സൗന്ദര്യ ശാസ്ത്ര സങ്കൽപങ്ങളെ അട്ടിമറിക്കുകയും പുതിയ സംവേദന പരിസരങ്ങൾക്കു വിധേയമായ ലാവണ്യ സിദ്ധാന്തങ്ങൾ അവതരിപ്പിക്കുകയും ചെയ്യാം. അഥവാ അങ്ങനെ സംഭവിക്കുന്നതാണ് കഥയുടേയും സാഹിത്യത്തിൻ്റെയും പുരോഗമനം. അപ്പോൾ മാത്രമാണ് കാല സഞ്ചാരത്തിൻ്റെ പ്രതിഫലനങ്ങളും മനുഷ്യരാശിയുടെ പരിണാമത്തിൻ്റെ സൂക്ഷ്മാംശങ്ങളും രേഖപ്പെടുത്തപ്പെടുക. അപ്രകാരമുള്ള രേഖപ്പെടുത്തലുകളാണ് ചരിത്രത്തിലെ സാഹിത്യത്തിൻ്റെ ഇടപെടലുകളായി പരിഗണിക്കപ്പെടുക. പക്ഷേ മലയാള കഥ മിക്കപ്പോഴും മുന്നോട്ടല്ല സഞ്ചരിക്കുന്നത് എന്നു കാണാം. സാമൂഹ്യ മൂല്യങ്ങളോടും ജീവിത നിലപാടുകളോടുമുള്ള സമീപനത്തിൽ മിക്കപ്പോഴും അടിസ്ഥാനമാവുന്നത് പരമ്പരാഗത കാഴ്ചപ്പാടുകളാണ്. മറ്റൊരർഥത്തിൽ ഭൗതിക, ബുദ്ധിക ജീവിതങ്ങൾ അതിവേഗം പരിണാമങ്ങൾക്കു വിധേയമായിക്കൊണ്ടിരിക്കുമ്പോഴും കഥ ഒരനക്കവുമില്ലാതെ നിന്നിടത്തു തന്നെ നിൽക്കുകയാണ്. മലയാള കഥയിൽ നിന്ന് ഭാവന പറന്നു പോയിട്ട് കാലമേറെയായിരിക്കുന്നു എന്നതാണ് ഇതിൻ്റെ പ്രധാന കാരണം. യാഥാർഥ്യങ്ങളെ മാത്രം ആശ്രയിച്ച് അവയിൽ അൽപം പൊടിപ്പും തൊങ്ങലും വച്ച് അലസ വായനക്കുതകും വിധം തട്ടിക്കൂട്ടുന്നതാണ് ഇപ്പോഴും മിക്ക മലയാള കഥകളും.

മാതൃഭൂമിയിൽ നിധീഷ് ജി എഴുതിയ നാരങ്ങാച്ചായ ആഖ്യാനഭംഗികൊണ്ട് മികച്ച കഥയാണ്. താൻ പറയാൻ പോകുന്ന കഥക്ക് ചില പ്രത്യേകതകളുണ്ടെന്ന് മുദ്രാവാക്യം വിളിക്കാതിരുന്നതും കഥയിലുടനീളം പുലർത്തുന്ന നിർവികാരതയും പക്ഷപാത രാഹിത്യവും കഥാഖ്യാനത്തിലെ നിധീഷിൻ്റെ പാടവം വ്യക്തമാക്കുന്നുണ്ട്. ക്രാഫ്റ്റിൻ്റെ തലത്തിൽ നാരങ്ങാച്ചായ മികച്ച കഥയായി പരിഗണിക്കാവുന്നതാണ്. താൻ പറയുന്ന കഥ ട്രാൻസ് ജൻ്റർ കഥാപാത്രങ്ങളുടേതാണെന്ന് നേരിട്ടു പറയാതിരിക്കുകയും മറ്റു ചില സൂചകങ്ങളിലൂടെ അതു വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് കഥാകൃത്ത്. പറയാനുള്ളതു മുഴുവൻ കഥകൃത്തു തന്നെ പറയുന്ന വർത്തമാന കഥാകാലത്ത് കഥയുടെ ഗൂഢസ്വഭാവം നിലനിർത്താനുള്ള ശ്രമം അഭിനന്ദനീയം തന്നെ. ലിൻഡ ജോലി ചെയ്യുന്ന ട്രൂപ്പിൻ്റെ പേര് ട്രാൻസ് എന്നാണെന്നതാണ് കഥയിലെ പ്രധാന സൂചകം. മെട്രോയിൽ ജോലി കിട്ടി എന്നത് എല്ലാവരോടും സംവദിച്ചുകൊള്ളണമെന്നില്ല.

ആഖ്യാനത്തിൽ മികച്ചതെങ്കിലും നാരങ്ങാച്ചായ ഒരു ശരാശരിക്കഥ എന്ന പരിഗണന മാത്രമേ അർഹിക്കുന്നുള്ളു. പ്രമേയ പരമായി അതിനുള്ള ബലഹീനത അത്ര ഗൗരവതരമാണ്. ട്രാൻസ്ജൻ്ററായ മനുഷ്യരുടെ ജീവിതം എന്നു പ്രത്യേകം പരാമർശിക്കാത്ത സ്ഥിതിക്ക് കഥയിലെ ലിൻഡയെയും മറ്റുള്ളവരേയും നമുക്ക് സാധാരണ മനുഷ്യരായും പരിഗണിക്കാവുന്നതാണ്. ഇനി അഥവാ ട്രാൻസ് ആയിത്തന്നെ പരിഗണിച്ചാലും കഥയുടെ പ്രമേയത്തിൽ പുതിയതായി യാതൊന്നുമില്ല. പല തവണ പറഞ്ഞു തീർന്ന സ്ഥിരം വിഷയം മാത്രമാണത്. മനുഷ്യരുടെ ജീവിതത്തിൻ്റെ പ്രതിസന്ധികളെക്കുറിച്ച് വെറുതെ പറയുന്നതിനപ്പുറം ജീവിതങ്ങൾക്ക് എത്തിചേരാൻ സാധിച്ചേക്കാവുന്ന പുതിയ തുറസുകളിലേക്കാണ് കഥകൾ സഞ്ചരിക്കേണ്ടത്. യഥാർഥത്തിൽ പല ജീവിതങ്ങളും അതിജീവനത്തിൻ്റെ തലത്തിൽ എത്തിയിട്ടു പോലും കഥയിൽ ട്രാൻസ് ജീവിതം ആത്മഹത്യയിലവസാനിക്കാനുള്ളതാണ്. മറ്റൊരു വൈചിത്ര്യം കൂടിയുണ്ട് കഥയിൽ. തന്നെ സ്ഥിരമായി ശല്യം ചെയ്ത ഞരമ്പനെ ഒറ്റക്കു വിളിച്ചു കൊണ്ടുപോയി കൈകാര്യം ചെയ്യാനും ലോവർ താഴ്ത്തി നഗ്നത കാണിച്ചു കൊടുക്കാനും ധൈര്യമുള്ള ലിൻഡ തന്നോടൊപ്പം താമസിക്കാമോ എന്ന ചോദ്യത്തിൻ്റെ പേരിൽ ആത്മഹത്യ ചെയ്തു എന്നതാണത്. അതല്ല, മറ്റേതു കാരണത്തിൻ്റെ പേരിലായാലും ലിൻഡയുടെ ആത്മഹത്യ കഥയുടെ കെട്ടുറപ്പിനെ വിപരീതമായി ബാധിക്കുന്നു. ട്രാൻസ് ജൻററുകൾ മുഖ്യധാരയിലെത്തുകയും അവരുടെ ജീവിതം വളരെയേറെ സാധാരണീകരിക്കപ്പെടുകയും ചെയ്തു കഴിഞ്ഞിട്ടും അവർ  നിസ്സാരവിഷയങ്ങളുടെ പേരിൽ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നത് ശരിയാണെന്ന് തോന്നുന്നില്ല. ഒരു പക്ഷേ ഈ കഥയിൽ യഥാർഥത്തിൽ സംഭവിച്ചത് ലിൻഡയുടെ ആത്മഹത്യയാവണം. അതിനു മുമ്പുള്ള സംഭവങ്ങളത്രയും കഥാകൃത്ത് പിന്നീട് ചേർത്തതാണ്. അതാവാം ഇത്തരത്തിലൊരു അപശ്രുതി കഥയിൽ വന്നു പെട്ടതിൻ്റെ കാരണം.

മാധ്യമത്തിൽ എൻ. ഹരി എഴുതിയ ഝാൻസിറാണിയുടെ കുതിരകൾ  ഒരു സ്യൂഡോ ഡിറ്റക്ടീവ് കഥയാണ്. തൻ്റെ മകളെ അവളുടെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്ന് വളരെ വൈകി – ഇരുപത് വർഷത്തിനു ശേഷം – മനസിലാക്കുന്ന ധർമൻ അതന്വേഷിച്ച് മരുമകനെ പൂട്ടാൻ ബാല്യകാല സുഹൃത്തും റിട്ടയേഡ് ഡി വൈ എസ് പിയുമായ രാജശേഖരൻ്റെ സഹായം തേടുന്നതാണ് കഥ. എന്നാൽ ഈ കഥയിൽ കേസന്വേഷണമോ തെളിവുണ്ടാക്കലോ ഒന്നുമല്ല പ്രധാന വിഷയം. ധർമന് പ്രാന്താണെന്നും കിളവൻ ഇനി അധികകാലം ജീവിച്ചിരിക്കില്ലെന്നും വിചാരിക്കുന്ന അയാളുടെ മകനും മരുമകളും ഒപ്പം രാജശേഖരൻ്റെ അനാവശ്യ ഇടപെടലുകളെക്കുറിച്ച് പോലീസ് ഇൻസ്പെക്ടർ പരാതി പറഞ്ഞ, രാജശേഖരൻ്റെ വക്കീലായ മകനും, കോളേജധ്യാപികയായ മരുമകളുമാണ് മുഖ്യ കഥാപാത്രങ്ങൾ.  അച്ഛൻ പുറത്തിറങ്ങാതിരിക്കാൻ രാജശേഖരനെ അകത്തിരുത്തി വാതിലും ഗേറ്റും പൂട്ടി മരുമകൾ പോയതോടെ അയാളെ താഴെയിറക്കാൻ ധർമൻ കോണി കൊണ്ടു വരുന്നു. പക്ഷേ ചാരി വച്ച കോണിയുടെ പടികളിലേക്ക് ടെറസിൻ്റെ മുകളിൽ നിന്ന് കയറാനാവാതെ രാജശേഖരനും താഴെ നിന്ന് മുകളിലേക്ക് കയറാനാവാതെ ധർമനും നിർക്കുന്നിടത്ത് കഥ തീരുന്നു. കഥയുടെ ആഖ്യാനം സുഗമമായ വായനക്കുതകുന്നതാണ് എന്നല്ലാതെ വായിച്ചു തീരുമ്പോൾ കഥ എന്തെങ്കിലും ബാക്കി വക്കുമെന്ന് തോന്നുന്നില്ല .. പുറമേ നല്ലതെന്നു തോന്നുമ്പോഴും ഉള്ളിലൊന്നുമില്ലാത്ത കഥയാണിത്.

മലയാളം വാരികയിൽ എം.എ ബൈജു എഴുതിയ ആശ എന്ന കഥ ചാരിറ്റി പ്രവർത്തനങ്ങളുടെ മറവിൽ തട്ടിപ്പുകൾ നടത്തുന്നവരെക്കുറിച്ചുള്ളതാണ്. പത്രപ്രവർത്തകനായ നായകൻ തെരുവിൽ കഴിയുന്ന ദുരൈ സ്വാമിയുടെ മകളുടെ ചികിത്സക്കായി സഹായം അഭ്യർഥിച്ച് വാർത്ത നൽകുകയും പലരായി നൽകിയ വൻ തുക ഓർക്കാപ്പുറത്ത് അപകടം പറ്റി ആശുപത്രിയിലായ സ്വന്തം പിതാവിൻ്റെ ആവശ്യത്തിന് ചെലവാക്കുകയും ചെയ്തു. വേണമെന്നു വച്ചിട്ടല്ല. ഗതികേടുകൊണ്ട് സംഭവിച്ചു പോയതാണ്.  അതി പരിചിതമായ വിഷയത്തെ കഥയാക്കിയതിൻ്റെ എല്ലാ ദൗർബല്യവും കഥക്കുണ്ട്. അസാധാരണമോ അപരിചിതമോ ആയ ഒരു സന്ദർഭം പോലും കഥയിലില്ല. ഒടുവിൽ തീവണ്ടിയിൽ നിന്ന് വീണ് ദുരൈ സാമി മരിക്കുകയും ചെയ്യുന്നതോടെ മെലോ ഡ്രാമ പൂർത്തിയാവുന്നു.

ദേശാഭിമാനിയിൽ രാജേഷ് മോൻജി എഴുതിയ കൂറരതി കൃത്യമായി പറഞ്ഞാൽ പ്രതിലിപി പോലുള്ള ഓൺലൈൻ കഥാവ്യാപാരശാലകളിൽ കാണുന്ന കഥകൾക്കു തുല്യമാണ്. ഓൺലൈനിൽ സന്ദർശകരുടെ എണ്ണമാണ് പരസ്യവരുമാനം നിർണയിക്കുന്നത്. അതു കൊണ്ട് അവരുടെ ഗുണമേൻമാചട്ടങ്ങൾ അതിനു വേണ്ടിയുള്ളതാണ്. അതേ സമീപനം മുഖ്യധാരാ മാധ്യമങ്ങളും സ്വീകരിക്കുന്നത് ആശാവഹമല്ല.

മെയ് 3 ലക്കം ട്രൂ കോപ്പി വെബ്സീൻ മാഗസിനിൽ ഇ സന്തോഷ് കുമാർ എഴുതിയ ഊഴം എന്ന കഥ ദേശസ്നേഹികളുടെ കഥയാണ്. അജ്മൽ എന്ന ചെറുപ്പക്കാരൻ ലൈബ്രേറിയനെ അജ്മൽ കസബ് എന്ന് സംബോധന ചെയ്യുന്ന പെർസണലി ഐ പ്രിഫർ ബങ്കിം ചന്ദ്ര, ടാഗൂർ വാസ് അൻ ഇഡിയറ്റ് എന്നു പറയുന്ന, നശിച്ച സ്കൂള്, പറ്റുമെങ്കിൽ അവിടെ ബോംബ് കൊണ്ടു പോയിട് എന്നു പറയുന്ന, കമ്പ്യൂട്ടർ പ്രോഗ്രാം പോലും സംസ്കൃതത്തിലാണ് എന്ന് അഭിമാനിക്കുന്ന കഥാപാത്രങ്ങളുള്ള കഥയാണ് ഊഴം. നോൺ വെജിറ്റേറിയൻ കഴിക്കാത്തതിന് അജ്മൽ പറയുന്ന കാരണം അവനവൻ്റെ ഊഴം വരുന്നത് കാത്തിരിക്കുന്ന ഇറച്ചിക്കോഴികളുടെ കാഴ്ച അവനെ അലോസരപ്പെടുത്തുന്നു എന്നാണ്. ഗംഭീര കഥയാണ് ഊഴം.

പ്രസാധകൻ മാസികയിൽ വി കെ കെ രമേഷിൻ്റെ തല മാറട്ടെ എന്ന കഥയുണ്ട്. അക്ഷേപഹാസ്യം കൊണ്ട് പർവതങ്ങൾ മറിച്ചിടാൻ ശേഷിയുള്ളയാളാണ് പ്രസ്തുത ഉത്രട്ടാതി തിരുനാൾ. പരസ്യപ്പലകയിലെ സിനിമാ നടനേയും ഹോട്ടലിലെ തൊഴിലാളി അസം കാരൻ ബൽവീന്ദറിനേയും പരസ്പരം തലമാറ്റി മന്ത്രവാദം ചെയ്ത കാർട്ടൂണിസ്റ്റ് വേണുവിൻ്റെ കഥയാണ് തല മാറട്ടെ. തല മാറട്ടെ മന്ത്രവാദം ചെയ്യാൻ കാർട്ടൂണിസ്റ്റുകൾക്കേ കഴിയൂ എന്ന നിലപാടിന് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്. ഭരണകൂടങ്ങളും അധികാര കേന്ദ്രങ്ങളും കാർട്ടൂണുകൾക്കു മുന്നിൽ വീണു പോയിട്ടുണ്ട്. ആഖ്യാനത്തിൽ കുറച്ചു കൂടി മിതത്വം പാലിച്ചിരുന്നെങ്കിൽ ഗംഭീര കഥയാവുമായിരുന്നു തല മാറട്ടെ.

കേരളകൗമുദി ആഴ്ചപ്പതിപ്പിൽ ജോജി കൂട്ടുമ്മേൽ എഴുതിയ ഒരു ലാബിറിന്ത് സന്ധ്യയിൽ എന്ന കഥ ഒരു സാധാരണ കഥ എങ്ങനെ അസാധാരണമായി പറയാം എന്നതിൻ്റെ ഉദാഹരണമാണ്. പുതിയ കാലത്ത് പഴയതിനേക്കാൾ പഴയതായി പുനർനിർമിച്ച ഒരു രാജകൊട്ടാരത്തിലെ വിഭ്രമിപ്പിക്കുന്ന കാഴ്ചകളാണ് കഥ. ആഖ്യാനത്തിൻ്റെ ഓരോ തലത്തിലും വായനക്കാരൻ്റെ ജിജ്ഞാസ നില നിർത്തുന്ന കൈവഴക്കം മികച്ചതാണ്.

എഴുത്ത് ചലനാത്മകമാവേണ്ടതുണ്ട്, പുരോഗാമിയുമാവേണ്ടതുണ്ട്. മറ്റേതൊരു സംവിധാനത്തേക്കാളും ശക്തമായി സമൂഹത്തിനോട് കലഹിക്കാൻ കഴിയുന്നത് എഴുത്തുകാരനായിരുന്നു. അവിടെ നിന്ന് എഴുത്തുകാർ മാത്രം വായനക്കാരായുള്ള കാലത്തിലേക്ക് എഴുത്തിനെ കൊണ്ടെത്തിക്കാതിരിക്കണമെങ്കിൽ എഴുതുന്നവർ സ്വയം നവീകരിക്കാൻ തയ്യാറായേ മതിയാവൂ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account