ഭൂലാനും പരിണാമ സന്ധികളും

ചരിത്രത്തെ രേഖപ്പെടുത്തുക എന്നത് എക്കാലത്തും സാഹിത്യത്തിൻ്റെ വലിയ ഉത്തരവാദിത്തങ്ങളിലൊന്നാണ്. ഔദ്യോഗിക ചരിത്രത്തിൻ്റെ നിശ്ചിത ഘടനകളിൽ ഉൾപ്പെടാൻ കഴിയാത്തതും മന:പൂർവമോ അല്ലാതെയോ തമസ്കരിക്കപ്പെടുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഭൂരിപക്ഷ ജനതയുടെ ചരിത്രം രേഖപ്പെടുത്തുക എഴുത്തിനു മാത്രം കഴിയുന്ന ഒന്നാണ്. സാഹിത്യത്തിൻ്റെ പൂർവ പാഠങ്ങളിൽ ഇത്തത്തിലുള്ള ചരിത്ര നിർമിതികളും അംഗീകൃത ചരിത്ര പാഠങ്ങളുടെ അപനിർമിതിയും ധാരാളം ദൃശ്യമാണു താനും. ഇതേ ഉത്തരവാദിത്തം ആധുനികോത്തര / സത്യാനന്തര കാലത്തും എഴുത്തിന് നിർവഹിക്കാനുണ്ട്. പക്ഷേ ഇക്കാലം എഴുതപ്പെടാതെ പോകുന്നതെന്ത് എന്നതിൻ്റെ തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയാണ്. സാങ്കേതിക വിദ്യകളുടെ പിന്തുണയും കൂടുതൽ ജനാധിപത്യ ബോധ്യങ്ങളുള്ള മനുഷ്യരും എല്ലാ തരത്തിലുള്ള സംഭവങ്ങളേയും രേഖപ്പെടുത്തുന്നുണ്ട്. അതേ സമയം അത്തരം രേഖപ്പെടുത്തലുകളുടെ ആധികാരികതയും സമഗ്രതയും തികച്ചും ‘കണ്ടീഷണൽ ‘ ആണു താനും. എഴുതുന്നയാളുടെ / തൽപര സംഘത്തിൻ്റെ രാഷ്ട്രീയവും മതവും ജാതിയും സാമൂഹ്യ സാമ്പത്തിക താൽപര്യങ്ങളും പുതുചരിത്ര നിർമിതിയെ സ്വാധീനിക്കുന്നുണ്ട് എന്നതിൽ തർക്കത്തിനിടയില്ല. അതു കൊണ്ടു തന്നെ വർത്തമാനകാലത്തെ ഭാവിയിലേക്കു വേണ്ടി അടയാളപ്പെടുത്തുക എന്നത് ഒരു പാടു തലങ്ങളുള്ള സങ്കീർണമായ ഒരേർപ്പാടായി മാറുന്നു. ഇത്രയും സങ്കീർണത ഉൾക്കൊള്ളാനോ വർത്തമാനങ്ങളുടെ ഉൾപ്പിരിവുകളെ കൃത്യമായി വിശകലനം ചെയ്യാനോ സാധിക്കാതെ വരുമ്പോൾ ഇത്തരം രേഖപ്പെടുത്തലുകൾ വാർത്തകളുടെ കേവലാനുകരണമായിത്തീരുകയും സംവേദനത്തിൽ പരാജയപ്പെട്ടു പോകുകയും ചെയ്യുന്നു. എഴുത്തുകാരൻ  സോഷ്യൽ എഞ്ചിനീയർ എന്ന തലത്തിലേക്കു വളരാനും സമൂഹത്തെ പുന:സംവിധാനം ചെയ്യാനും ശേഷിയുള്ളയാളാവുക എന്നതാണ് ഈ സാഹചര്യത്തിൽ സംഭവിക്കേണ്ടത്. നിർഭാഗ്യവശാൽ സംഭവിക്കാത്തതും.

മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രദീപ് എം നായർ എഴുതിയ ഭൂലാൻ എന്ന കഥ ഇപ്രകാരമൊരു അടയാളപ്പെടുത്തലാണ്. ഒരു പൊതു ദുരന്തത്തിൽ ഭരണകൂടം അതിൻ്റെ ജനതയോട് എങ്ങനെയാണ് പെരുമാറിയത്, പെരുമാറുന്നത് എന്നതിൻ്റെ സൂക്ഷ്മ വിശകലനം കഥ നടത്തുന്നു. എന്നു മാത്രമല്ല എക്കാലത്തും ജനതയും ഭരണകൂടവും തമ്മിലുള്ളത് ഉഭയബന്ധമല്ല, മറിച്ച് ഉടമ അടിമ ബന്ധമാണ്. ഇതാവട്ടെ നിയാമകമായ ഭരണകൂടങ്ങൾക്കു മാത്രമല്ല ബാധകമാവുന്നത്. സ്വന്തം നാട്ടിലേക്കുള്ള പാലായനത്തിനായി യാക്കൂബിനും അമൃതിനും ആശ്രയിക്കേണ്ടി വരുന്ന ലോറിക്കാരനും അതേ ലോറിയിൽ നിന്ന് അമൃതിനെയും യാക്കൂബിനേയും പെരുവഴിയിലിറക്കി വിടുന്ന മറ്റു യാത്രക്കാരും ഇതേ അധികാര സ്വഭാവത്തിൻ്റെ വിവിധ രൂപങ്ങളാണ്. വിവിധ അസമത്വങ്ങളും അസന്തുഷ്ടികളുമുണ്ടായിരുന്നപ്പോൾ തന്നെ പരസ്പരം പോരടിക്കാതിരുന്നിരുന്ന ഒരു ജനതയെ, അന്യോന്യം വിശ്വസ്തത പുലർത്തിയിരുന്ന ബഹുമുഖ സമൂഹത്തെ സംശയാലുക്കളാക്കുകയും ശത്രുക്കളാക്കുകയും ചെയ്ത ഭരണകൂട ചെയ്തികളേയും കഥ അടയാളപ്പെടുത്തുന്നു. അതേ സമയം പൊതു സമൂഹത്തിൻ്റെ ദൃഷ്ടിയിൽ പെടാത്തതോ അസാധാരണമോ ആയ ഒന്നല്ല ഈ കഥയും രേഖപ്പെടുത്തുന്നത് എന്ന പോരായ്മ നിലനിൽക്കുന്നുണ്ട്. അതി പരിചിതമായ സന്ദർഭങ്ങളും ഏറെ ചർച്ച ചെയ്യപ്പെട്ട ദുരിതങ്ങളും അവയുടെ പൂർണ തീവ്രതയിൽ അനുഭവിപ്പിക്കാൻ കഥക്ക് സാധിക്കാതെ പോകുന്നത് അതിൻ്റെ സാധാരണത്തം കൊണ്ടാണ്. എങ്കിലും ഭൂലാൻ മികച്ച വായന നൽകുന്നുണ്ട്.’ പ്രദീപിന് അഭിവാദ്യങ്ങൾ.

മാധ്യമത്തിലെ മറ്റൊരു കഥ കപ്പോള (സലിം കുരിക്കളകത്ത് ) ഒട്ടും ഊർജമില്ലാത്ത ആഖ്യാനം കൊണ്ട് വിരസമാണ്. ബാബറി മസ്ജിദ് തകർക്കപ്പെട്ട കാലത്തെ പശ്ചാത്തലമാക്കി കഥയെഴുതുമ്പോൾ അക്കാലത്തെ പുതിയ അനുഭവങ്ങളിലേക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമമെങ്കിലും നടത്തേണ്ടതായിരുന്നു. കാലത്തിൻ്റെ പിന്നാലെ നടക്കുന്നവനല്ല മുമ്പേ നടക്കുന്നവനാണ് എഴുത്തുകാരൻ. കൗജുത്താൻ്റെ വലിയ പല്ലുകൾ ചിരിയായി പുറത്തേക്ക് തെറിച്ചു എന്നത് പോലുള്ള കൃത്രിമമായ പ്രയോഗങ്ങൾ വല്ലാതെ മുഴച്ചു നിൽക്കുന്നു കഥയിൽ.

ലിജീഷ് കുമാർ എഴുതിയ ബോഡി നായ്ക്കന്നൂർ ആവർത്തന വിരസമായ പ്രമേയത്തിൻ്റെ അതിലേറെ വിരസമായ ആഖ്യാനമാണ്. നാട്ടിലൊരു പഴയ കഥ പറയാറുണ്ട്. ഒരിക്കൽ ഒരച്ചൻ കുർബാനക്കു മുമ്പ് കുഞ്ഞാടുകളോട് പ്രസംഗിക്കുകയായിരുന്നു. പുള്ളി പത്തു കൽപനകൾ പാലിക്കേണ്ടതിനെക്കുറിച്ച് പറയുമ്പോൾ നിങ്ങൾ കക്കരുത്, വ്യഭിചരിക്കരുത് എന്ന് പറഞ്ഞതോടെ കപ്യാരിറങ്ങി ഓടിപ്പോയി ഒരു കുടയുമായി മടങ്ങി വന്നതാണാ കഥ. കുട എവിടെ വച്ചാണ് മറന്നതെന്ന് അച്ചൻ പ്രസംഗിച്ചപ്പോഴാണ് കപ്യാർക്ക് ഓർമ വന്നത്.. കഥ ചർച്ച ചെയ്യുന്നത് പതിവുപോലെ പാതിരിമാരുടെ നടപ്പു ദോഷങ്ങളാണ്. അടുത്ത കാലത്ത് കേട്ട വാർത്തകൾ തന്നെ കഥയായി പറയുന്നു ലിജീഷ് കുമാർ.. പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലാത്ത ഒരു കഥ.

ചന്ദ്രികയിൽ രമേശൻ മുല്ലശ്ശേരി എഴുതിയ രണ്ടാം ഉയിർപ്പ് കഥ പറയുന്ന രീതി കൊണ്ട് തരക്കേടില്ലാത്ത കഥയാണ്. യക്ഷികളും പ്രേതങ്ങളും അവരുടെ ലോകവും ആ ലോകത്തെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന മന്ത്രവാദികളും ആകെക്കൂടി ഒരു രസമുണ്ട്. പക്ഷേ സംഭവം പതിവുള്ളതു തന്നെ. മകളുടെ കാമുകനെ കൊല്ലാനേൽപിച്ച ഗുണ്ടാസംഘം ആളു മാറി കൊല നടത്തുകയും അതിൻ്റെ പ്രതികാരമായി ചത്തവൻ അറുകൊലയായി മാറുകയും അവിടെ വിശ്വസ്തയായ കൂട്ടുകാരിയായി യക്ഷിയെ കിട്ടുകയും പിന്നീട് യക്ഷി എതിർമന്ത്രവാദിയുടെ കീപ്പാണെന്ന് തിരിച്ചറിയുകയുമൊക്കെയാണ് കഥ. ബ്ലഡ് ബാങ്കിൽ നിന്ന് ബി പോസിറ്റീവ് രക്തം സംഘടിപ്പിച്ച് കുടിക്കുന്ന യക്ഷിയുടെ ഗതികേടൊക്കെക്കൂടി കഥക്കൊരു താളം നൽകുന്നുണ്ട്. എന്തായാലും കൊള്ളാം രണ്ടാം ഉയിർപ്പ്.

പച്ചക്കുതിര മാസികയിൽ സോക്രട്ടീസ് കെ വാലത്ത് എഴുതിയ എൻ്റെ പരിണാമ സന്ധികൾ സറ്റയറിനു മുൻതൂക്കം നൽകിയിട്ടുള്ള കഥയാണ്. എങ്ങനെ പണമുണ്ടാക്കാം എന്ന ഗവേഷണത്തിൻ്റെ ഉൽപ്പന്നമായി ജനപ്രിയമായ വിഷയങ്ങളിൽ വ്ലോഗിങ് നടത്തുന്ന രണ്ടു പേരാണ് കഥാപാത്രങ്ങൾ. വസന്തത്തിൻ്റെ ഇടിമുഴക്കങ്ങളുടെ കാലത്ത് ഇങ്കുലാബ് വിളിച്ചിരുന്നവരാണ് ജയശ്രീയും ജയഹരിയും. പക്ഷേ പിന്നീട് വിപ്ലവം വിട്ടു കളയുകയും  അതിനേക്കാൾ നല്ലത് പണമുണ്ടാക്കലാണെന്നും തിരിച്ചറിഞ്ഞവർ. അവരുടെ ഒരു മകൻ പക്ഷേ കുരുത്തം കെട്ടു പോയി. അവന് നാട്ടുകാർക്ക് വേണ്ടി ജീവിക്കുന്നതാണ് പ്രിയം. എന്നിട്ടെന്താ പോലിസ് പിടിച്ചോണ്ടു പോയി. അത്ര തന്നെ. പശ്ചിമഘട്ടം തലയിൽ തീപിടിച്ച് വന്ന് തന്നെ ഓടിച്ച് കടലിൽ ചാടിക്കുന്ന സ്വപ്നത്തെക്കുറിച്ച് ജയ ഹരി പറഞ്ഞപ്പോൾ അടുത്ത വീഡിയോ അതാവട്ടെ എന്നായിരുന്നു ജയശ്രീയുടെ പ്രതികരണം. പക്ഷേ അതിനു വേണ്ടി മേക്കപ്പിടാൻ ചെന്നപ്പോഴാണ് അത്ഭുതം. താൻ പഴയ ജയ ഹരിയായിരിക്കുന്നല്ലോ എന്നയാൾ കാണുന്നത്. സർവനാശമാണ് മുന്നിലെന്നറിഞ്ഞിട്ടും അതു വിറ്റ് പണമുണ്ടാക്കുകയെന്ന മുതലാളിത്ത യുക്തിയെ കഥ പ്രശ്നവൽക്കരിക്കുന്നു. ഒപ്പം അവനവനിലേക്കു ചുരുങ്ങിപ്പോയ സാമൂഹ്യ ജീവിതവും യുവാക്കളുടെ രാഷ്ട്രീയവുമുൾപ്പെടെ ഒരു പാടു തലങ്ങളിൽ വായിക്കാവുന്ന നല്ല കഥ.

മലയാളം വാരികയിൽ വി പ്രവീണ എഴുതിയ അഷ്ടമൂർത്തി മുപ്പത്തിരണ്ട് വയസുള്ള നിത എന്ന സ്ത്രീയുടെ ആത്മഹത്യ/മരണത്തേയാണ് ചർച്ച ചെയ്യുന്നത്. വളരെ വൈകാരികമായി കഥ പറയുന്നുണ്ട് പ്രവീണ . പകുതിക്കു ശേഷം നിതയുടെ ‘അവിഹിത ‘ ബന്ധവും അതിൻ്റെ കാര്യകാരണങ്ങളുടെ വിശദീകരണങ്ങളും കൂടിയായതോടെ ഒരസ്സല് പൈങ്കിളിക്കഥ തയ്യാർ. ദേശാഭിമാനിയിൽ സായ്റ എഴുതിയ വിലക്കപ്പെട്ട താഴ്‌വര എന്ന കഥയും ഏതാണ്ടിതേ സംഗതിയാണ്.സായ്റയുടെ നായിക ആത്മഹത്യ ചെയ്യുന്നില്ല എന്നു മാത്രം. പകരം അവളുടെ ഭർത്താവ്,മനശാസ്ത്ര വിദഗ്ദൻ, അവളെ ചികിത്സിച്ച് രക്ഷപ്പെടുത്തി. ഈ കഥകളൊക്കെയാണ് പുതിയ കഥകൾ എന്നും പുത്തൻ ഭാവുകത്വം ഇതാണെന്നും കരുതുന്നുണ്ടെങ്കിൽ കഥാകൃത്തുക്കളേ നിങ്ങൾക്കു കഷ്ടം. കാലം നിങ്ങളെ കടന്നു പോകും. സ്ത്രീ പുരുഷ ബന്ധങ്ങളിലെ വിഹിതാവിഹിതങ്ങളെ ചുറ്റിപ്പറ്റി നിങ്ങളെത്ര കാലം കഴിഞ്ഞു കൂടുമെന്നാണ്..?

കഥ ഇനിയും മുന്നോട്ടു തന്നെ സഞ്ചരിക്കും.. കാലത്തിൻ്റെ വിവിധ സന്ധികളെ അടയാളപ്പെടുത്തിയും സമൂഹത്തോട് പ്രതികരിച്ചും പ്രതിഷേധിച്ചുമൊക്കെ അത് മുന്നേറും. അർഹതയുള്ളവ അതിജീവിക്കും.. അല്ലാത്തവ(ർ) ആറു ദിവസം കൊണ്ട് മറവിയിൽ മുങ്ങിമറഞ്ഞു പോകും.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account