ആഖ്യാനത്തിൻ്റെ കല

നിരന്തരം പുതിയ കഥകളുണ്ടാവാനുള്ള സാധ്യതയുണ്ടോ എന്ന ചോദ്യം പലരുടെയും ഉള്ളിൽ ചോദിക്കപ്പെട്ടും അല്ലാതെയും കിടക്കുന്നുണ്ട്. ജീവിതം എപ്പോഴും പുതിയതല്ലാത്തതു കൊണ്ട് എഴുത്തിനും അതു സാധ്യമല്ല എന്ന സാമാന്യയുക്തിയാണ് ഈ തോന്നലിൻ്റെ അടിസ്ഥാനം. എന്നാൽ ജീവിതം നിരന്തരം പുതിയതാണെന്നതാണ് യാഥാർഥ്യം. അതു പക്ഷേ ജീവിതത്തെ അതിസുക്ഷ്മമായി നിരീക്ഷിക്കുന്നവർക്കു മാത്രമേ കണ്ടെത്താനാവൂ. മനുഷ്യൻ്റെ അടിസ്ഥാന സ്വഭാവങ്ങളിലും ”അവശ്യ ”  വികാരങ്ങളിലും കാര്യമായ മാറ്റമുണ്ടാവുന്നില്ലെന്ന് കരുതുന്നതും വെറുതെയാണ്. അവയെല്ലാം തന്നെ കാലത്തിന് അനുയോജ്യമാവാൻ നിരന്തരം പരുവപ്പെടുന്നുണ്ട്. പക്ഷേ ഈ പരുവപ്പെടൽ എഴുത്തുകാർ എത്ര മാത്രം ഉൾക്കൊള്ളുന്നു എന്നത് ചർച്ച ചെയ്യേണ്ട വിഷയമാണ്. സങ്കീർണമാകുന്ന ജീവിതത്തെ ലളിതവൽക്കരിക്കുകയും നേരാഖ്യാനങ്ങളായി ക്രമവൽക്കരിക്കുകയുമാണ് മിക്കവാറും എഴുത്തിൽ സംഭവിക്കുന്നത്. അതുകൊണ്ടാണ് കഥകൾ മിക്കപ്പോഴും ആവർത്തനങ്ങളോ ഒരേ ഫോർമുലയിൽ നിർമ്മിച്ചവയോ ആയിത്തീരുന്നത്. കഥ പ്രമേയം മാത്രമല്ലെന്നും ആഖ്യാനത്തിൻ്റെ കലയാണ് കഥയെന്നും തിരിച്ചറിയേണ്ടത് കഥയുടെ നിലനിൽപിന് അവശ്യം ആവശ്യമത്രേ.

ഈ ആഴ്ച മാതൃഭൂമിയിലും മാധ്യമത്തിലും വികെ കെ രമേഷിൻ്റെ കഥകളാണ്. മലയാള കഥയുടെ പതിവു സുരക്ഷിത പാതയിൽ നിന്ന് മാറി സഞ്ചരിക്കുന്ന എഴുത്തുകാരനാണ് രമേഷ്. അപ്രതീക്ഷിതമോ വിചിത്രമോ ആയ കഥാതന്തുക്കളെ യഥാർഥമല്ലെന്ന് നിഷേധിക്കാൻ നമുക്കു സാധിക്കാത്തിടത്തോളം സത്യവൽക്കരിച്ച് കഥ പറയാനുള്ള അദ്ദേഹത്തിൻ്റെ ശേഷി,  ”പൗരത്വം നൂറ്റിരുപത് ടൺ കേവു ഭാരം ” പോലുള്ള കഥകളിൽ നാം കണ്ടറിഞ്ഞതാണ്.ഒരു പക്ഷേ മലയാളത്തിൽ നിലവിലുള്ള ഒരു ആഖ്യാനശൈലിയേയും പിന്തുടരാതിരിക്കാൻ വി കെ കെ രമേഷ് ബോധപൂർവം ശ്രമിക്കുന്നുണ്ടെന്നു പോലും കരുതാം. മാധ്യമത്തിലെ കഥ, യുദ്ധവാണിഭം, യുദ്ധം എന്ന ആഗോളവാണിഭത്തിൻ്റെ വിവിധ അവസ്ഥാന്തരങ്ങളും ഭൂമിയിലെ ഏറ്റവും നിസ്സാരനായ മനുഷ്യനെപ്പോലും യുദ്ധം എങ്ങനെ ബാധിക്കുന്നു എന്നതിൻ്റെയും വിശകലനമാണ്. പാലക്കാട്ടെ പരുത്തിപ്പുള്ളി ഗ്രാമത്തിലെ വിക്ടറി തിയേറ്ററിനു മുകളിൽ വച്ച് ലോകപ്രസിദ്ധമായ ഒരു യുദ്ധ സിനിമ കളവു പോവുകയും അതോടെ ലോകമാകെ യുദ്ധം ചെയ്തു കൊണ്ടിരുന്ന ഹാമറിക്കൻ പടക്ക് ചലനമറ്റു പോവുകയും ചെയ്യുന്നിടത്താണ് കഥ തുടങ്ങുന്നത്. ഒരിടത്ത് യുദ്ധം ചെയ്യുകയും മറുഭാഗത്ത് സമാധാനം പ്രസംഗിക്കുകയും ചെയ്യുന്നതാണ് ഹാമറിക്കയുടെ സ്വഭാവം. നഷ്ടപ്പെട്ടു പോയ സിനിമയെ കണ്ടു പിടിക്കാൻ ഹാമറിക്ക പഠിച്ചതും പഠിക്കാത്തതുമായ നിരവധി പണികൾ പയറ്റി നോക്കി. പക്ഷേ സിനിമ കാലത്തെ ഭൂതകാലമാക്കി പുനർ നിർമിക്കുകയും അതുവഴി യുദ്ധം തന്നെ എന്നെന്നേക്കുമായി അവസാനിപ്പിക്കുകയുമാണ് ചെയ്യുന്നത്. പൂർണമായും ഫിക്ഷനാണ് കഥ. അത് കൃത്യവും വ്യക്തവുമായ ഒരു സന്ദേശത്തിൽ സന്നിവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തെക്കുറിച്ചുള്ള പതിവു രോദനങ്ങളെത്തന്നെ മറ്റൊരു മാനത്തിലേക്ക് യുദ്ധവാണിഭം മാറ്റിപ്പണിയുന്നു. യുദ്ധവും യുദ്ധവാണിഭവും മനുഷ്യരാശിയുടെ പുരോഗമനത്തിനിടക്ക് സംഭവിച്ചു പോയ ദുരന്തങ്ങളാണെന്നും അത് ഭൂതകാലത്തിൽ വച്ചു മാത്രമേ നമുക്ക് നിരാകരിക്കാൻ സാധിക്കൂ എന്നുമുള്ള വീക്ഷണവും കഥ മുന്നോട്ടു വക്കുന്നു. ഭൂതകാലത്തിൽ വച്ചു നമുക്കു സംഭവിച്ച പലതും ആധുനിക മാനവികതക്ക് ചേരാത്തതാണെന്ന പാഠഭേദം കൂടി ചേർത്തു വായിക്കുമ്പോൾ യുദ്ധ വാണിഭം മികച്ച കഥയാകുന്നു. അതേ സമയം അമിതാഖ്യാനത്തിൻ്റെ ബാധ ഇപ്പോഴും കഥാകൃത്തിനെ വിട്ടു പോയിട്ടില്ല എന്നു കാണാം.. മറ്റൊന്ന് അഫ്ഗാനിസ്ഥാൻ എന്ന പേര് യഥാർഥത്തിൽ ഉപയോഗിക്കുമ്പോൾ തന്നെ അമേരിക്കയെ ഹാമറിക്ക എന്നും ഇന്ത്യയെ യോഗാവർത്തമെന്നും വിളിക്കുന്നതിലെ അസാംഗത്യമാണ്. അത്തരത്തിലൊരു പ്രഛന്ന വേഷം കഥക്ക് പ്രത്യേകിച്ചെന്തെങ്കിലും നൽകുന്നുണ്ട് എന്ന് തോന്നിയില്ല.

മാതൃഭൂമിയിലെ കൂവം എന്ന കഥ മദിരാശിപ്പട്ടണത്തിൻ്റെ ജീവനാഡിയായിരുന്ന കൂവാറിനെക്കുറിച്ചുള്ള ആഖ്യാനമാണ്. പുഴയും പുഴയേക്കുറിച്ചുള്ള മിത്തുകളും കഥകളിൽ എത്രയോ കാലമായി ആവർത്തിക്കുന്നതാണ്. ഐറമീൻ പുഴയിലെ രാജാവാണ് എന്ന സങ്കല്പവും അത്ര പുതിയതല്ല. മനുഷ്യൻ്റെ ആർത്തി, പുഴയുടേയും സാധാരണ മനുഷ്യരുടേയും ദുരിതം,  സമ്പന്നരുടെ പരിസ്ഥിതി ചൂഷണം എന്നിങ്ങനെ ഒട്ടേറെ പതിവുകളുടെ ആവർത്തനമാണ് കൂവം. ചൂഷണത്തിൻ്റെ സൂചകമായി ഉപയോഗിക്കുന്ന ഹോട്ടൽ പോലും ആവർത്തനമാണ്. ഒടുവിൽ പുഴയിൽ എങ്ങനെയൊ വന്നു പെട്ട ഒരു ഐറ മീനിനെ പിടിച്ച് ഹോട്ടലിൻ്റെ സ്വിമ്മിംഗ് പൂളിലിട്ടു വളർത്താമെന്ന നിലപാടോടുകൂടി കഥ പൂർണമായും യുക്തിരഹിതമായി. കൂവാറാണ് നഗരത്തിൻ്റെ കാവലാർ എന്നും നഗരത്തിൻ്റെ രക്ഷക്കുള്ള രാജാവ് അവിടെ ഉത്ഭവിച്ചത് അത്ഭുതമാണെന്നും കഥ ഉറപ്പിച്ചു പറയുന്നുണ്ട്. ഒരു ജീവിക്കും ജീവിക്കാൻ കഴിയാത്തത്ര മലിനമായ പുഴയിൽ ഐറമീൻ പുനർജനിച്ചെങ്കിൽ അതവിടെത്തന്നെ അതിജീവിക്കും എന്ന വിശ്വാസവും കരയിലെ ദിവ്യൻമാരായ കയിലനും കൂവലനമുണ്ടായിരിക്കുക തന്നെ ചെയ്യും. അന്ത ഹോട്ടൽ വലിയ ദ്രോഹമായിരിക്കും എന്ന കുവലൻ്റെ തിരിച്ചറിവ് കഥയിൽ വ്യക്തമായി പറയുന്നുണ്ട്. അവിടെ നടക്കുന്ന ഒന്നും ചേരിക്കാർക്കോ സാധാരണക്കാർക്കോ വേണ്ടിയുള്ളതല്ലെന്നും അവർക്കറിയാം. അങ്ങനെയുള്ള ഹോട്ടലിലേക്ക് അവസാനത്തെ രക്ഷാമാർഗമായ ഐറ മീനിനെ കൊണ്ടുപോയി എന്നത് കഥയുടെ പൊതു നിലപാടിന് വിരുദ്ധമാണ്. വളരെ വിശദവും സൂക്ഷ്മവുമായ ആഖ്യാനമുള്ളപ്പോഴും കൂവം തീരെ സൂക്ഷ്മത പുലർത്താത്ത കഥയാണ്.

മലയാളം വാരികയിൽ വേണു ബാലകൃഷ്ണൻ എഴുതിയ ധൈര്യമുള്ള ഒരു സ്ത്രീ എന്ന കഥ ഗംഭീരമാകുന്നത് അതിൻ്റെ പരിണാമഗുപ്തി കൊണ്ടാണ്. ആധുനികാനന്തര ഭാവുകത്വ സങ്കൽപങ്ങൾക്ക് ഒരു മികച്ച ദിശാ സൂചിയാണ് ഈ കഥ. വളരെ സാധാരണമായ സംഭവങ്ങൾ എന്ന വ്യാജേന തികച്ചും അസാധാരണമായ ഒരു കഥാസന്ദർഭം നിശ്ശബ്ദമായി നിർമിച്ചെടുക്കുന്നു കഥാകൃത്ത്. കഥയുടെ ഗോപ്യ സ്വഭാവം ഒട്ടും നഷ്ടപ്പെടുത്താതെ വായനക്കാരനെ കൂടെ നടത്താൻ  കഥക്ക് സാധിക്കുന്നു. സത്യത്തിൽ വേണു മുമ്പെഴുതിയ പല കഥകളിലും ഇത്തരത്തിലുള്ള അപ്രതീക്ഷിത വഴിത്തിരിവുകൾക്കുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ആ ശ്രമങ്ങൾ അതിൻ്റെ പൂർണ രൂപത്തിൽ വിജയിക്കുന്നത് ഈ കഥയിലാണെന്നു കാണാം.

കലാകൗമുദിയിലെ മൂന്നു കഥകൾ, രാഹുൽ റിജി നായർ എഴുതിയ വിശ്രമിക്കാൻ ഒരിടം തരൂ, തമ്പി ആൻ്റണിയുടെ അന്തിക്രിസ്തു, ജോജിത വിനീഷിൻ്റെ ഉയിർ പേച്ച്, എന്നിവ സാമാന്യത്തിലധികം മോശം കഥകളാണ്. ജോജിതയുടെ കഥ പതിവു പൈങ്കിളിക്കഥകളുടെ തനിയാവർത്തനമാണ്. രാഹുൽ റിജി നായരുടെ കഥ കോവിഡ് കൊണ്ടു പോയ അനേകരിൽ ഒരാളെക്കുറിച്ചുള്ള പറച്ചിലാണ്. കഥയിൽ കഥയൊന്നമില്ലെന്ന കാര്യം നിൽക്കട്ടെ, ആ കഥക്കു വേണ്ടി വരച്ച രണ്ട് അർദ്ധനഗ്ന യുവതികളുടെ ചിത്രത്തിൻ്റെ ഉദ്ദേശ്യം (അതു തന്നെയാണ് കവർ ചിത്രവും ) പിടികിട്ടിയില്ല.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ രമേശൻകാർക്കോട്ട് എഴുതിയ ട്രപ്പീസ് കളിക്കാരൻ നല്ല ഭാഷയിൽ പറഞ്ഞിട്ടുള്ള കഥയാണ്. പക്ഷേ കഥയുടെ സന്ദർഭങ്ങൾ തികച്ചും പരിചിതവും ആവർത്തനവുമായി. ഒട്ടും ആകാംക്ഷയോ താൽപര്യമോ വായനക്കാരനിലുണ്ടാക്കാൻ കഥക്കു കഴിയുന്നില്ല .. തീർച്ചയായും നല്ലൊരു കഥയാവുമായിരുന്ന ട്രപ്പീസ് കളിക്കാരനിൽ വേണ്ടത്ര ഗൃഹപാഠം ചെയ്തിട്ടില്ല എന്നു വേണം കരുതാൻ.

കഥകളുടേത്  അവസാനിക്കാത്ത അത്ഭുതങ്ങളുടെ ലോകമാണ്. ഇനി പുതിയതൊന്നും വരില്ലെന്ന് നിരാശപ്പെട്ടിരിക്കുമ്പോൾ അന്നോളമുള്ള എല്ലാ പാരമ്പര്യത്തേയും തള്ളിപ്പറഞ്ഞ് പുത്തൻ പുതിയൊരു കഥ രംഗ പ്രവേശം ചെയ്യും. ഈ അപ്രതീക്ഷിതത്തം തന്നെയാണ് സാഹിത്യത്തിൻ്റെ സൗന്ദര്യവും.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account