വങ്കട മീനിൻ്റെ മുള്ളും ഗന്ധർവൻ കൂടിയ പെണ്ണും

കഥയുൾപ്പെടെയുള്ള സർഗാത്മക സാഹിത്യത്തിന് സ്വന്തമായ ഒരു പ്രസിദ്ധീകരണ സംവിധാനം ആവശ്യമാണ്. നിലവിലുള്ള പ്രസിദ്ധീകരണങ്ങളെല്ലാം തന്നെ രാഷ്ട്രീയം, മതം തുടങ്ങി ഒട്ടനവധി മറ്റു ഘടകങ്ങളുടെ സ്വാധീനത്തിന് വിധേയരായവരും അധികാര കേന്ദ്രങ്ങളോട് പല വിധേനയുള്ള കൊടുക്കൽ വാങ്ങലുകൾ നടത്തുന്നവരും രാഷ്ട്രീയശക്തികേന്ദ്രങ്ങളിൽ സമ്മർദ്ദവിഭാഗങ്ങളായി പ്രവർത്തിക്കുകയും ചെയ്യുന്നവയാണ്. പ്രസിദ്ധികരണം എന്നത് തീർച്ചയായും സാമ്പത്തിക താൽപര്യങ്ങളുള്ള ഏർപ്പാടായതു കൊണ്ട് അധികാരവുമായുള്ള വിലപേശലുകളും സമവായങ്ങളും സർവോപരി ഒത്താശ ചെയ്യലും ഒഴിവാക്കാനാവാത്തതാണ് താനും. ഇപ്പോൾ മലയാളത്തിൽ സംഭവിക്കുന്നത് ചിരപരിചിതമായ ആസ്വാദന ഘടകങ്ങൾ ഉൾപ്പെടുന്ന, അതിലളിതമായതും സമകാലികതയുമായി ഏറ്റവുമെളുപ്പത്തിൽ ക്രമപ്പെടുന്നതുമായ രചനകളെ കഥ/കവിത / നോവൽ എന്നൊക്കെ പേരിട്ട് അവതരിപ്പിക്കലാണ്. ഇവ വായനക്കാരൻ സ്വീകരിക്കുന്നുണ്ടോ ഇല്ലയോ എന്നത് പത്രാധിപരുടെ / മാധ്യമ സ്ഥാപനത്തിൻ്റെ വിഷയമേയല്ല. കാരണം ഓരോ ലക്കത്തിലും മറ്റനേകം വിഭവങ്ങളോടൊപ്പം വിളമ്പുന്ന ഒരു അപ്രധാന സംഗതി മാത്രമാണ് അവരെ സംബന്ധിച്ച് സാഹിത്യം. അതിനാൽ തന്നെ സാഹിത്യത്തിലെ പരീക്ഷണങ്ങളോ നവീകരണങ്ങളോ അവർക്ക് താൽപര്യമുള്ള കാര്യമല്ല. നിശ്ചിതമായ ഘടനകളിൽ വേണ്ടത്ര സാമൂഹ്യ യാഥാർഥ്യങ്ങൾ / സാമൂഹ്യ പ്രശ്നങ്ങൾ ഉൾപ്പെടുത്തി യഥാതഥമായി അവതരിപ്പിക്കുന്നതാണ് അവർക്ക് സാഹിത്യം. അതു കൊണ്ടാണല്ലോ കഥയുടെ /കവിതയുടെ വിലയിരുത്തലുകളിൽ “സമകാലീനത ” ഒരു പ്രധാന മൂല്യനിർണയ ഘടകമാവുന്നത്. പക്ഷേ പുതുമയൊന്നുമില്ലാത്ത ഇത്തരം രചനകളെ വായനക്കാർ സ്വീകരിക്കുന്നതേയില്ല എന്നതാണ് യാഥാർഥ്യം. അല്ലെങ്കിൽ തന്നെ ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള ഭാവുകത്വങ്ങളെ പുതിയതെന്നു പറഞ്ഞ് അവതരിപ്പിക്കുന്ന സാഹിത്യം മലയാളത്തിലല്ലാതെ വേറെവിടെയുണ്ടാകാനാണ്.

മാതൃഭൂമിയിൽ വി ആർ സുധീഷ് എഴുതിയ ഗന്ധർവൻ എന്ന കഥ വായിച്ചപ്പോൾ തോന്നിയതാണ് മുകളിലെഴുതിയത്. മനുഷ്യൻ്റെ ജീവിതത്തിനു മുമ്പേ, ചുരുങ്ങിയ പക്ഷം ജീവിതത്തോടൊപ്പമെങ്കിലും സംഭവിക്കേണ്ടതാണ് കലയുടെ ഭാവുകത്വ പരിണാമം . പക്ഷേ ഈ കഥ വായിക്കുമ്പോൾ നമുക്ക് തീർച്ചയാക്കാം, മലയാളത്തിലെ എഴുത്തുകാർ ഫ്രോയിഡിൻ്റെ മനശാസ്ത്ര സിദ്ധാന്തങ്ങളും പോയ കാലത്തെ മിത്തുകളും സങ്കല്പങ്ങളും ഉപയോഗിച്ചു മാത്രമാണ് പുതിയ കാലത്തിൻ്റെ കലയെ രൂപപ്പെടുത്താൻ ശ്രമിക്കുന്നത്. ഞാൻ ഗന്ധർവൻ എന്ന സിനിമക്ക് അടിമയായിപ്പോയ ഒരു പെൺകുട്ടി, അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന അജ്ഞാതനായ ആകാശ സഞ്ചാരിയല്ലാത്ത ഗന്ധർവൻ, ഒടുവിൽ അവൾ സങ്കല്പത്തിൽ / കിനാവിൽ കണ്ട അതേ ശരീരത്തോടെ തെരുവിൽ മരിച്ചു കിടന്ന അജ്ഞാതൻ .. കൃത്യമായും ഒരു പെൺകുട്ടിക്കുണ്ടാകുന്ന ഇല്യൂഷൻസ് ആണ് കഥയുടെ അടിസ്ഥാനം. പക്ഷേ ഈ ഇല്യൂഷനുകൾ ചെറിയ ചെറിയ ഭൂകമ്പങ്ങളിലും മണിച്ചിത്രത്താഴിലും ഞാൻ ഗന്ധർവനിൽ തന്നെയും നാം പല തവണ കണ്ടതാണ്. കഥയിൽ നിന്ന് മെനക്കെട്ട് വായിച്ചെടുക്കാവുന്ന ഒരു സംഗതി ലോക് ഡൗണും കോവിഡും ചേർന്ന് മനുഷ്യൻ്റെ സ്വാഭാവിക മാനസികാവസ്ഥകളെ തകിടം മറിച്ചിട്ടുണ്ടെന്ന് പറയാൻ കഥാകൃത്ത് ശ്രമിക്കുന്നു എന്നും ഒടുവിൽ എല്ലാം ഒരു ഗന്ധരാജൻ പൂവു പോലെ ശുഭപര്യവസായിയായിത്തീരുമെന്ന് അദ്ദേഹം കരുതുന്നു എന്നുമാണ്. പക്ഷേ അത് ഗന്ധർവനെ മികച്ച കഥയാക്കുന്നില്ല.

മാധ്യമത്തിൽ റിയാസ് എഴുതിയ ലാമ്പ്രട്ട എന്ന കഥ മരിക്കാതെയും മനുഷ്യർ മാഞ്ഞു പോകുന്ന കാലമാണല്ലോ എന്ന അവസാന വാചകത്തിലാണ് ശരിക്കും തുടങ്ങുന്നത്. പഴയ ലാമ്പ്രട്ട സ്കൂട്ടർ കാലം മുതൽ കാലത്തിന് പ്രസക്തിയില്ലാത്ത ഏതോ കാലം വരെ നിയമവും മനുഷ്യരും തമ്മിലുണ്ടാവുന്ന സംഘർഷങ്ങളാണ് കഥയുടെ ഇതിവൃത്തം. പ്രധാനമായും കഥയിലുപയോഗിക്കുന്ന സാഹചര്യങ്ങൾ പഴയ നക്സൽ ദിനങ്ങളെ ഓർമിപ്പിക്കും. അതിനാൽ തന്നെ ഉദ്ദേശിച്ച മൂർച്ച കഥക്കുണ്ടാവുന്നുമില്ല. മാജിക്കൽ റിയലിസത്തോട് കഥാകൃത്തിന് കടുത്ത വിധേയത്വമുണ്ട്. പക്ഷേ അതു താങ്ങാനുള്ള ശേഷി കഥാ ശരീരത്തിനില്ലാതെ പോയി. റിയാസ് മികച്ച കഥകളുമായി വരിക തന്നെ ചെയ്യും എന്നു പ്രതീക്ഷിക്കുന്നു.

മാധ്യമത്തിൽ രൺജു എഴുതിയ പച്ചക്കുതിര ഇപ്പോഴത്തെ നാട്ടു നടപ്പിനനുസരിച്ചുള്ള ആവർത്തന കഥയാണ്. ഒരു നസ്രാണി മുതലാളി, അയാളുടെ മുൻ തലമുറ മുതൽ അടിമവേല ചെയ്യുന്ന കീഴാളൻ്റെ പിൻതലമുറ, ഒടുവിൽ മുതലാളി മരിക്കുമ്പോൾ ഉള്ളിൽ സന്തോഷം വരുന്ന സേവകൻ, ഇതാണല്ലോ ഇപ്പോഴത്തെ ഒരു ലൈൻ. രൺജു കുറച്ച് മുമ്പത്തെ മാധ്യമം എടുത്ത് മനോജ് വെങ്ങോല എഴുതിയ പൊറള് ഒന്നു വായിക്കണം. പിന്നെ ഇത്തരം കഥകളെഴുതാൻ തോന്നില്ല.

മിഥുൻ കൃഷ്ണയുടെ ചതപ്പ പല വട്ടം ആവർത്തിച്ച ഒരേ കഥയാണ്. വിഗ്രഹമുണ്ടാക്കുന്നവരും അവരുടെ ഭാര്യമാരും അവരുടെ യാതനകളും എത്രയെത്ര നോവലുകളായും സിനിമയായും നാം കണ്ടു കഴിഞ്ഞു. പൊടിക്ക് വ്യത്യാസം വരുത്തി പറയുകയെങ്കിലും ചെയ്യണ്ടേ കഥ. ഇത് വെറും ആവർത്തനം.

മലയാളം വാരികയിലെ കുഴിവെട്ടുതോമയും മഗ്ദലേന മറിയവും ( ആൽവിൻ ജോർജ് .വി) നേരത്തെ പറഞ്ഞതുപോലെ ഒരു മാതൃകാ മധ്യ തിരുവിതാംകൂർ കയാണ്. പള്ളിമേടയിലിരുന്ന് മുഷ്കൻമാരോടൊപ്പം ചീട്ടുകളിക്കുന്ന പള്ളീലച്ചൻ, ചെകുത്താനെ ആരാധിക്കുന്ന ദൈവനിഷേധിയായ കുഴി വെട്ടി പാപ്പി / തോമ / മാത്തൻ, എന്നിങ്ങനെ പാർശ്വവൽകൃത ജീവിതങ്ങളിൽ ഉണ്ടെന്ന് കഥാകൃത്തുക്കൾ കരുതുന്ന എല്ലാ ഘടകങ്ങളും ചേർന്ന ഒരു കഥ. വിനോയ് തോമസിനെയൊക്കെ ഇനിയും അനുകരിക്കുക എന്നത് കുറച്ച് കടുപ്പം തന്നെ കഥയെഴുത്തുകാരേ..

കലാകൗമുദിയിൽ കല്ലിയൂർ ഗോപകുമാർ എഴുതിയ പാറ്റ എന്ന കഥയുണ്ട്. കഥക്ക് പ്രത്യേകിച്ച് മേൻമയൊന്നും പറയാനില്ല. പക്ഷേ കഥയിലെ ഒരു വാചകം എടുത്തു പറയേണ്ടതാണ്.” ഒരു രാജ്യമായാലും ഒരു വീടായാലും അധികാരവും അവകാശവുമുള്ളവർ പറയുമ്പോൾ നമ്മൾ അനുസരിക്കണം. നിഷേധിയാകാൻ പാടില്ല.” നിഷേധികളാണ് ലോകത്ത് മാറ്റങ്ങളുണ്ടാക്കിയത് എന്ന് ബഹുമാന്യ കഥാകൃത്ത് തിരിച്ചറിയുമായിരിക്കും. ആ കഥാപാത്രത്തിന് കാസിം എന്ന പേര് നൽകിയതിലെ കൗടില്യവും ആർക്കും മനസിലാവാതിരിക്കട്ടെ..

ചന്ദ്രികയിൽ മുഹമ്മദ് റാഫി എൻ.വിയുടെ ഗുജറാത്ത് എന്ന കഥയുണ്ട്. നന്നായി ആഖ്യാനം ചെയ്ത കഥയാണ് ഗുജറാത്ത്. ഇസ്ലാമോഫോബിയയുടെ ക്ലീഷേ പ്രയോഗങ്ങൾ ധാരാളമുണ്ട് കഥയിൽ. നടേ പറഞ്ഞതുപോലെ വായനക്കാരന് പരിചിതമായ വിഷയങ്ങളിൽ കഥയെഴുതുക എന്ന തന്ത്രത്തിൻ്റെ ഉൽപ്പന്നമാണ് ഈ കഥയും.. സോഷ്യൽ റിയലിസം എന്നത് മിക്കപ്പോഴും കഥയുടെ / കലയുടെ സാർവജനീനതയെ അട്ടിമറിക്കുന്നു. അത് രാഷ്ട്രീയവും സാമൂഹ്യവുമായ യാഥാർഥ്യങ്ങളോട് കേവലമായി പ്രതികരിക്കാനുള്ള ഉപകരണം മാത്രമായി മാറുകയും ചെയ്യുന്നു.

പച്ചക്കുതിര മാസികയിൽ അനീഷ് സുന്ദരേശൻ എഴുതിയ വങ്കട എന്ന കഥ പ്രമേയത്തിലെ ആവർത്തന വിരസതയെ കഥാന്ത്യത്തിലെ അപ്രതീക്ഷിത വാചകം കൊണ്ട് മറികടക്കുന്നുണ്ട്. രാജനാശാരിയുടെ ചോറു പൊതിയിൽ നിന്ന് സുമേഷ് വാരിയെടുത്തു തിന്ന ചോറുരുളയിലെ വങ്കട മീൻമുള്ള് ചങ്കിൽ കുടുങ്ങി അവൻ മരിച്ചുവീണപ്പോൾ രാജപ്പനാശാരിയുടെ ശ്രദ്ധ അവൻ്റെ കൈയിൽ നിന്നും തെറിച്ചുവീണ സ്മാർട്ട് ഫോണിലായിരുന്നു. മകൾക്ക് പഠിക്കാൻ സ്മാർട്ട് ഫോൺ വേണമെന്നത് അയാളെ കുറേ ദിവസമായി അലട്ടുന്ന പ്രശ്നമായിരുന്നല്ലോ എന്ന നേർ വായനയേക്കാൾ, ആ സ്മാർട്ട് ഫോണിലാവും അവൻ തലേന്ന് തങ്ങളുടെ ഓല ദ്രവിച്ച കുളിമുറിയിൽ കുളിക്കുകയായിരുന്ന മകളുടെ ചിത്രമെടുത്തിരിക്കുക എന്നൊരു അപര വായനക്കും സാധ്യതയുണ്ട്. അതിലുമപ്പുറം സുമേഷ് ഉൾപ്പെടെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് കാണുന്ന, തന്നെപ്പോലും കൊതിപ്പിക്കുന്ന ആ ദ്യശ്യങ്ങൾ തനിക്കും കാണാമല്ലോ എന്ന തോന്നലാവാം .. എന്തായാലും സ്മാർട്ടായ ഒരു ഫോണിന് അപാര സാധ്യതകളുണ്ട്. അതേ സമയം വങ്കട എന്ന പേര്  രാജനാശാരിയുടെ പ്രവൃത്തിക്ക് ഒരു പ്രതികാരത്തിൻ്റെ രഹസ്യ ഗന്ധം നൽകുന്നുമുണ്ട്. അങ്ങനെയൊക്കെയാകുമ്പോഴും സമകാലികതയോടുള്ള കഥയുടെ അതിവിധേയത്വം കണ്ടില്ലെന്നു നടിക്കാനാവില്ല. വലിയ ആകാശത്തേക്കു തുറക്കാമായിരുന്ന കഥയെ മൂക്കുകയറിട്ടു കുറ്റിയിൽ കെട്ടിയിട്ട തോന്നൽ വായന കഴിയുമ്പോൾ നമുക്കുണ്ടാകും.

കലയും സാഹിത്യവും കാലത്തിൻ്റെയോ ദേശത്തിൻ്റേയോ പരിമിതികളിൽ ഒതുങ്ങി നിൽക്കേണ്ടതല്ല. അതിനപ്പുറം വലിയ ആകാശങ്ങളിലേക്ക് എത്തി നിൽക്കേണ്ടതാണ് അതിൻ്റെ സ്തൂപങ്ങളും മകുടങ്ങളും. അതിനു പകരം നമ്മുടെ അൽപ ബുദ്ധിയിലേക്ക് സാഹിത്യത്തെ വെട്ടിയൊതുക്കാൻ ശ്രമിക്കുന്നത് എന്തായാലും ഗുണകരമായിരിക്കില്ല.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account