കഥപ്രാന്തുകൾ
കഥയുടെയും സാഹിത്യത്തിൻ്റെയും ഉൽപ്പത്തി രഹസ്യം എന്തായിരുന്നു.? മനുഷ്യൻ്റെ ദുഃഖങ്ങളിൽ നിന്നും വേദനകളിൽ നിന്നുമാണ് എല്ലാതരം കലാരൂപങ്ങളും ഉരുവം കൊണ്ടിട്ടുള്ളത്. സ്വാഭാവികമായും ദു:ഖത്തിൻ്റേയും വേദനകളുടേയും കാരണങ്ങളെക്കുറിച്ചുള്ള ചർച്ചകളും പരിഹാരത്തെക്കുറിച്ചുള്ള പരികല്പനകളും നവലോകത്തെക്കുറിച്ചുള്ള സങ്കല്പനങ്ങളും എഴുത്തുൾപ്പെടെയുള്ള കലകളുടെ ഘടനാപരവും പ്രയോഗപരവുമായ പരിവർത്തനങ്ങളുടെ അടിസ്ഥാന കാരണങ്ങളാവുകയും ചെയ്തു. എന്നാൽ പുതിയ കാലത്തിൻ്റെ കഥകളെ നോക്കൂ. കാലത്തിൻ്റെ വെല്ലുവിളികളെ അഭിസംബോധന ചെയ്യാൻ അവ ശ്രമിക്കുന്നതേയില്ല എന്നു കാണാം. പകരം പോയ കാലത്തിൻ്റെ സുരക്ഷിതത്വത്തിലോ അരക്ഷിതത്വത്തിലോ തരം പോലെ അഭിരമിക്കുന്നു. പോയ കാലത്തിൻ്റെ നീക്കിയിരുപ്പുകളെ താലോലിച്ചു കൊണ്ടേയിരിക്കുന്നു. അവ നിർജ്ജീവമാണെന്നും അവയിൽ നിന്ന് പുതിയ കാലം നിർമിക്കാനാവില്ലെന്നും അറിഞ്ഞിട്ടും അറിഞ്ഞില്ലെന്നു നടിക്കുന്നു. ആത്മരതിയിൽ ആറാടി വെറും വാചാലതകളാക്കി കഥകളെ മാറ്റിപ്പണിയുന്നവർ നമ്മെ പിന്നാക്കം നടത്തുന്നു. ആൾക്കൂട്ടങ്ങൾ ഒരേ സ്വരത്തിൽ ഇതാണു കഥ എന്ന് ആർപ്പുവിളിച്ച് നമ്മെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. അതൊന്നുമല്ല കഥ എന്ന് ബോധ്യമുള്ള വായനക്കാരൻ പക്ഷേ പുതിയ വഴികളിലേക്ക് അന്വേഷണം മാറ്റുകയും കഥയെത്തന്നെ ഉപേക്ഷിക്കുകയും ചെയ്യുന്നു.
മാധ്യമത്തിൽ സലീം ഷെരീഫ് എഴുതിയ ഹോട്ടൽ ഗ്രീൻവാലി എന്ന കഥയുണ്ട്. നവാസ് എന്നു പേരുള്ള കഥാ നായകൻ ഒരു ക്ലെപ്റ്റോമാനിയാക് ആണ്. അയാൾ എവിടെയെങ്കിലും കുറച്ചു കാലം ജോലിക്കു നിൽക്കുകയും അവിടെ നിന്നും ആരോടും പറയാതെ സ്ഥലം വിടുകയും ചെയ്യും. പോകുന്ന പോക്കിൽ അവിടെ നിന്നും എന്തെങ്കിലും അയാൾ മോഷ്ടിക്കുകയും ചെയ്യും. ഇപ്പോൾ അയാൾ ജോലി ചെയ്യുന്നത് ഊട്ടിയിലെ ഒരു ഹോട്ടലിലാണ്. ആ ഹോട്ടലിലേക്ക് ആൾപ്പൊക്കത്തിലുള്ള ലഗേജുമായി വന്ന ഒരു വൃദ്ധയും സുന്ദരിയായ യുവതിയുമാണ് കഥയുടെ കേന്ദ്രം. തണുപ്പത്ത് കഴിക്കേണ്ട ഏതോ മരുന്നുപയോഗിച്ചുള്ള ചികിത്സക്കു വന്നതാണ് എന്നു പറഞ്ഞ അവർക്കു ചുറ്റും വലിയ ദുരൂഹതകളുള്ളതായി നവാസിനും അവൻ്റെ ഗേ സുഹൃത്ത് ഗോപിക്കും തോന്നുന്നുണ്ട്. ആ സ്ത്രീ ദിവസവും മൂന്നു പേരുടെ ഭക്ഷണം വാങ്ങിക്കുന്നുണ്ട്. അവർ ഭക്ഷണാവശിഷ്ടങ്ങളൊന്നും കളയുന്നില്ല, അവരാ വലിയ പെട്ടിയിൽ ആരെയോ ഒളിപ്പിച്ചു കൊണ്ടു വന്നിട്ടുണ്ട് എന്നിങ്ങനെ വായനക്കാരനെ ആകാംക്ഷാഭരിതനാക്കാനുള്ള ശ്രമം കഥാകൃത്ത് നടത്തുന്നു. പുറമേ വായനക്കാരൻ്റെ പതിവു സംശയമായ, ആരെയോ കൊന്ന് പെട്ടിയിലാക്കി കൊണ്ടു വന്നിരിക്കുകയാണ് എന്ന തോന്നലിനും കഥയിൽ സ്ഥാനമുണ്ട്. കഥ എന്നത് കേവലം പ്രമേയമല്ലെന്നും ആഖ്യാനം മാത്രമായും കഥ പറയാമെന്നും ഗ്രീൻവാലി ഹോട്ടൽ നമ്മെ ബോധ്യപ്പെടുത്തുന്നു. ഏറ്റവുമൊടുവിൽ പ്രതീക്ഷിക്കാതിരുന്ന ഒരു ട്വിസ്റ്റിൽ കഥ പര്യവസാനിക്കുന്നു. ഗംഭീരമായ ആശയഗരിമയോ അമിതമായ വാചാടോപമോ ഇല്ലാതെ ലളിതമായി പറഞ്ഞാലും കഥ കഥ തന്നെ എന്ന് സലിം ഷെരീഫ് തെളിയിക്കുന്നു. നവാസും ഗോപിയുമായുള്ള സ്വകാര്യ ബന്ധത്തിൻ്റെ വിശദാംശങ്ങൾ ഒഴിവാക്കിയിരുന്നെങ്കിൽ കഥക്ക് കുറച്ചു കൂടി സൗന്ദര്യം ലഭിക്കുമായിരുന്നു എന്നു തോന്നാതിരുന്നില്ല.
ദേശാഭിമാനിയിൽ ജേക്കബ് എബ്രഹാം എഴുതിയ കാച്ചിയ മോരിൻ്റെ മണമുള്ള ഉച്ചനേരങ്ങൾ എന്ന കഥയും ചില ഭ്രാന്തുകളുടെ കഥയാണ്.(ഈ കഥയിലും ഒരു കഥാപാത്രത്തിന് ക്ലെപ്റ്റോ മാനിയ ഉണ്ടെന്നത് യാദൃച്ചികം ). മദ്യപാനത്തോട് ഭ്രാന്തമായ ആസക്തിയുള്ള ബെന്നി, ചീട്ടുകളിഭ്രാന്തുള്ള സുമതിയുടെ കെട്ടിയവൻ, എന്നിങ്ങനെ വീഡിയോ ഷൂട്ട് ചെയ്ത് യൂ ട്യൂബിൽ ഇടുന്നത് പ്രാന്തായ ക്രിസ്റ്റീനയും നിഷയും വരെ എത്തി നിൽക്കുന്ന വിവിധ തരം ഭ്രാന്തുകളുടെ കഥ. എല്ലാ മനുഷ്യർക്കുമുണ്ട് എന്തെങ്കിലും ഭ്രാന്ത് എന്നാണ് കഥാകൃത്തിൻ്റെ നിലപാട്. ഇതിനിടെ ഗുരുതരമായ ചില ഭ്രാന്തുകളും സംഭവിക്കുന്നുണ്ട്. അതിര് മാന്തൽ പ്രാന്തുള്ള തെക്കേലെ തള്ള അതിലൊന്നാണ്. പട്ടാള ക്യാമ്പിൽ കിട്ടുന്നതും തിന്ന് കഴിയുന്ന പട്ടാളക്കാർക്ക് കപ്പയോടും ചമ്മന്തിയോടുമുള്ള കൊതിയും വേറൊരു ഭ്രാന്താണ്. മദ്യപാനം ഭ്രാന്തായ ബെന്നിക്ക് അതു കഴിഞ്ഞാലുള്ളത് കാച്ചിയ മോരിനോടുള്ള ഭ്രാന്താണെന്നത് വേറൊരു വൈചിത്ര്യം. രസകരമാണ് കഥയുടെ വായന. പക്ഷേ ഈ കഥക്കൊരു വലിയ കുഴപ്പമുണ്ട്. ഇതിൽ കഥാകൃത്ത് ഒന്നും പറയാൻ ബാക്കി വച്ചില്ല എന്നതാണത്. പറയാനുള്ളത് മുഴുവൻ ഞെക്കിപ്പിഴിഞ്ഞ് പുറത്തെടുത്തിട്ടാണ് കഥകൃത്ത് പേന താഴെ വക്കുന്നത്. അതു കൊണ്ടു തന്നെ വായനക്കാരൻ തികച്ചും കാഴ്ചക്കാരൻ മാത്രമാണിവിടെ. ഇത്തരം കഥാപാത്രങ്ങൾ നമുക്കേവർക്കും പരിചിതരായതിനാൽ വായന എളുപ്പമാണെന്നു മാത്രം.
ദേശാഭിമാനിയിൽ തന്നെ എം രാഘവൻ എഴുതിയ ഓഫീസിൽ വെക്കേണ്ടവ ഞാനാരാണെന്നും എൻ്റെ പേരെന്താണെന്നും ചോദിച്ചു തുടങ്ങിയ പി കെ ദേവദാസിൻ്റെ കഥയാണ്. ഉണർന്നെണീക്കുമ്പോൾ താനെവിടെയാണെന്നു തന്നെ അയാൾക്കു പിടിയില്ല. ആഹാരം കഴിച്ചോ എന്നോർമയില്ല. അങ്ങനെയുള്ള ദേവദാസ് ജിയെ കമ്പനി മാനേജരായി പ്രമോട്ടു ചെയ്യുകയും ഒരു കാറ് നൽകുകയും ചെയ്തതാണ് കഥ. പ്രസ്തുത ഉത്തരവ് കീശയിലിട്ടു കൊണ്ടുവന്നത് മക്കളാണ് വായിക്കുന്നത്. അപ്പോഴും അയാൾ ചോദിക്കുന്നത് താൻ ഭക്ഷണം കഴിച്ചോ എന്ന സംശയമാണ്. തൊഴിലും തൊഴിലിടങ്ങളും മനുഷ്യൻ്റെ വ്യക്തി ജീവിതങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതാണ് കഥയുടെ കേന്ദ്രം. ജോലിയിൽ കൃത്യത പാലിക്കുന്ന ദേവദാസിന് പക്ഷേ വീട്ടിലെ കാര്യങ്ങളൊന്നും ഓർമയില്ല. എന്നല്ല, അയാളെത്തന്നെ ഓർമയില്ല. നമ്മിൽ പലരുമല്ലേ ദേവദാസ് എന്നു വായനക്കാരന് തോന്നുന്നതോടെ കഥ ക്ക് പുതിയ മാനം കൈവരുന്നു. അതേ സമയം തന്മാത്ര സിനിമക്കപ്പുറം വൈകാരികതയൊന്നും ഉൾക്കൊള്ളാൻ കഥക്കു കഴിഞ്ഞിട്ടില്ല. കുറച്ചു കൂടി നന്നായി ആഖ്യാനം നടത്തിയിരുന്നെങ്കിൽ മികച്ച കഥയാവുമായിരുന്നു ഓഫീസിൽ വെക്കേണ്ടത്.
മലയാളം വാരികയിൽ എൻ പ്രദീപ് കുമാർ എഴുതിയ പുരോ (?) ഗമന പാതകൾ എന്ന കഥ വാസ്തവത്തിൽ ഒരു കഥയില്ലായ്മയാണ്. ഒരു പാലക്കാടൻ ഗ്രാമത്തിൽ കുപ്പൻ എന്നയാൾ ബാബു ടീസ്റ്റാൾ എന്ന ചായക്കട തുടങ്ങുന്നതാണ് കഥ. പൊറോട്ട ജനപ്രിയമാകുന്ന കാലമാണെന്ന് കൃത്യമായി പറയുന്നുണ്ട് കഥാകൃത്ത്. പിന്നീട് ഗൾഫ് യുദ്ധം കഴിഞ്ഞ് പുത്തലൻ കൃഷ്ണൻകുട്ടി ചായക്കടയിരിക്കുന്ന സ്ഥലം വാങ്ങി പുതിയ കെട്ടിടമുണ്ടാക്കി ടീ സ്റ്റാൾ മാറ്റി സ്ഥാപിച്ചു കൊടുത്തു കുപ്പന്. സമാന്തരമായി ദാവണിയിൽ നിന്ന് മിനി സ്കർട്ടിലേക്ക് പരിവർത്തനം ചെയ്യുന്ന ലീലാമണി എന്ന പെൺകുട്ടിയിലൂടെ പുരോഗമനത്തിൻ്റെ നാഗരിക താളവും കഥാകൃത്ത് കാണുന്നു/ കാണിക്കുന്നു. ആവർത്തനവിരസമായ പ്രമേയവും അതിലേറെ ബോറായ ആഖ്യാനവും അനാവശ്യമായ പരത്തിപ്പറയലുമെല്ലാം ചേർന്ന് കഥയെ ഒരരുക്കാക്കുന്നുണ്ട്. പ്രത്യേകിച്ചെന്തെങ്കിലും പറയാൻ കഥക്കുണ്ടെന്ന് തോന്നിയില്ല. ഇത്ര വേഗത്തിൽ ഇത്രയേറെ കാര്യങ്ങൾ കുത്തിനിറച്ച് പാവം കഥക്ക് ശ്വാസം മുട്ടുന്നുണ്ട് .
ചന്ദ്രികയിൽ യു കെ കുമാരൻ്റെ കഥയാണ്. നാണിയമ്മയുടെ ചരിതം. വയസുകാലത്ത് നാണിയമ്മക്കുള്ള റേഷനരി പോലും തട്ടിയെടുക്കുന്ന മക്കളെക്കുറിച്ചാണ് കഥ. അന്നാട്ടിലെ ഏറ്റവും വില കൂടിയ വസ്തു വിറകാണെന്ന് കഥ ആവർത്തിച്ചു പറയുന്നുണ്ട്. നാണിയമ്മയെ ആരുപേക്ഷിച്ചാലും അവർക്ക് റേഷൻ കടയിൽ നിന്ന് മുപ്പത് കിലോ അരി കിട്ടും. ഒരു കൊള്ളി വിറക് പറമ്പിൽ നിന്ന് എടുക്കരുതെന്ന് അവർ വീടുവിട്ടു പോയ ഇളയ മകനോട് പറഞ്ഞിട്ടുമുണ്ട്. അവനാകട്ടെ വീട്ടിൽ സൂക്ഷിച്ച വിറക് അമ്മ മോഷ്ടിച്ചു എന്ന് പറഞ്ഞ് പോലീസിൽ പരാതി കൊടുത്തവനാണ്. ആ മുപ്പത് കിലോ അരിയാണ് അമ്മ അറിയാതെ മക്കൾ പോയി വാങ്ങിയത്. റേഷനരിയും വിറകും ഇപ്പോൾ എത്രമാത്രം പ്രധാനപ്പെട്ടതാണ് എന്ന് നമുക്കറിയാം. അമ്മയുടെ സമ്പത്ത് തട്ടിയെടുത്തു എന്നതു പോലുള്ള പരിചിത കഥയല്ല, മറിച്ച് അവരുടെ ആഹാരമാണ് തട്ടിയെടുക്കപ്പെട്ടത്. അത് ദാരിദ്ര്യത്തിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണ്. നമ്മുടെ സമൂഹത്തിലേക്ക് ദാരിദ്ര്യം പുതിയ രൂപത്തിലും വേഷത്തിലും കടന്നു കയറുന്നുണ്ട്.. അരിയും വിറകും മാത്രമായി മനുഷ്യ ജീവിതം ചുരുങ്ങുന്നുണ്ട്. പുതിയ സമൂഹത്തിൻ്റെ നേർചിത്രമായി നാണിയമ്മയുടെ അവസ്ഥ മാറുന്നു. മികച്ച കഥയാണ് നാണിയമ്മയുടെ ചരിതം.
എഴുത്ത് മാസികയിൽ സണ്ണി തായങ്കരി എഴുതിയ കറുത്തമ്മയും പളനിയും ശങ്കരമംഗലത്ത് എന്ന കഥ തിരൂരിൽ നിന്ന് തുഞ്ചൻ പറമ്പിനടുത്തു നിന്ന് തകഴിയിലേക്ക് യാത്ര ചെയ്യുന്ന ഗവേഷകയായ ഒരു പെൺകുട്ടിയുടെ തോന്നലുകളുടെ ഫാൻ്റസിയാണ്. കറുത്തമ്മയും പളനിയും അവരുടെ വഴക്കു തീർക്കാൻ വേണ്ടി തകഴിയെ കാണാൻ വന്നതാണ്. തകഴിയാവട്ടെ പഴയ കയറിലെ ആധാരങ്ങളുടെ നൂലാമാലകൾ പരിഹരിക്കാൻ നടക്കുകയാണ്. കറുത്തമ്മയുടെ ചാരിത്ര്യശുദ്ധിയിൽ തർക്കമുന്നയിക്കുന്ന പളനിയോട് തകഴി പറയുന്നത് കരയിലിരിക്കുന്ന മരക്കാത്തിക്കു മാത്രമല്ല, കടലിൽ പോണ മരക്കാനും വേണം ചാരിത്ര്യശുദ്ധി എന്നാണ്. ഈ പൊളിച്ചെഴുത്താണ് കഥ ഉന്നം വക്കുന്നത്. അതേ സമയം കുട്ടനാടിനെക്കുറിച്ചും അവിടുത്തെ എഴുത്തുകാരെക്കുറിച്ചുമുള്ള നെടുങ്കൻ ലേഖനം ഒഴിവാക്കാമായിരുന്നു. എന്നു മാത്രമല്ല, കഥാപാത്രങ്ങളും എഴുത്തുകാരും തമ്മിലുള്ള മുഖാമുഖമൊക്കെ പഴഞ്ചൻ ഏർപ്പാടാണ്. നല്ല വായന തരുന്നുണ്ട് ഈ കഥ.
ട്രൂ കോപ്പി വെബിൽ ജയറാം സ്വാമിയുടെ സൂചി സുന്ദരമായൊരു പ്രണയകഥയാണ്. പ്രവാസികളുടെ അടിസ്ഥാനമില്ലാത്ത ജീവിതങ്ങളും അനിശ്ചിതാവസ്ഥകളും ചേർത്ത് തുന്നിയ ലളിതമായ ഭാഷയും പ്രയോഗങ്ങളുമുള്ള ചെറിയൊരു കഥ. ചിലപ്പോഴൊക്കെ അതു മതിയാവും കൊച്ചു കൊച്ചു സന്തോഷങ്ങൾക്ക്.
കഥയെന്നത് വെറും പറച്ചിലുകളല്ല എന്നും അതിന് ജൈവികവും സാംസ്കാരികവുമായ സ്വാധീനശേഷിയുണ്ടെന്നും സമൂഹത്തോട് നിരന്തരം സംവദിക്കുന്നതാണ് കഥയുടെ സ്വഭാവമെന്നും തിരിച്ചറിയുന്ന കഥാകൃത്തുക്കളും പത്രാധിപൻമാരു മൊക്കെ ഉണ്ടാവുക തന്നെ ചെയ്യും. അങ്ങനെ കഥ കഥയായി അതിജീവിക്കുകയും ചെയ്യും..