അപ്പുണ്ണി റെജിമെൻറും മറ്റു കഥകളും

കഥയുടെ പ്രതിസന്ധി എന്നത് യഥാർഥത്തിൽ കഥാകൃത്തുക്കളുടെ പ്രതിസന്ധിയാണ്. സ്വന്തമായി കാര്യമായ അനുഭവങ്ങളൊന്നും കിട്ടാൻ സാധ്യതയില്ലാത്തത്ര ശാന്തവും സമാധാനപൂർണവുമായ ജീവിതം നയിക്കുന്നവരാണ് മിക്ക കഥയെഴുത്തുകാരും. അതു കൊണ്ടു തന്നെ താന്താങ്ങൾക്ക് താൽപര്യമുള്ള അപരാനുഭവങ്ങളെ ആശ്രയിക്കുകയല്ലാതെ വേറെ മാർഗ്ഗമില്ലെന്നു വന്നു കൂടുന്നു. അങ്ങനെ വിപണിയിൽ സമൃദ്ധമായി  കിട്ടുന്ന  പൊതു അനുഭവങ്ങളെ കഥകളെന്ന പേരിൽ കെട്ടിയെഴുന്നള്ളിച്ച് സ്വയം തൃപ്തരാവുകയല്ലാതെ എന്തു ചെയ്യാനാണ്! സ്വന്തമായി ഒരു കഥ നിർമിച്ച് വിശ്വസനീയമായ സാഹചര്യങ്ങളിൽ അവതരിപ്പിച്ച് വായനക്കാരനെ തൃപ്തിപ്പെടുത്താൻ ശേഷിയും ശേമുഷിയുമുള്ളവരും ഇപ്പോഴില്ല. ഭാവന പൂർണമായും ഇല്ലാതാവുകയും ഈ കഥക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി യാതൊരു സാദൃശ്യവുമില്ല എന്ന് ഇപ്പോഴും പറയേണ്ട അവസ്ഥയിൽ തന്നെ നിൽക്കുകയും ചെയ്യുന്നു എന്നതാണ് കഥയുടെ ഗതികേട്. ആവർത്തന വിരസമായ കഥകൾ വായിക്കാൻ വായനക്കാർ കാത്തു നിൽക്കുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല. വായനക്കാരന് ആരോടും വിധേയത്വമില്ല.. കഥയുടെ സാമ്രാജ്യത്തിൽ ചക്രവർത്തി വായനക്കാരൻ തന്നെയാണ്.

മാധ്യമത്തിൽ മഹേഷ് വെട്ടിയാർ എഴുതിയ അപ്പുണ്ണി റെജിമെൻ്റിനെക്കുറിച്ചു തന്നെയാണ് ഈയാഴ്ച തീർച്ചയായും ആദ്യം പറയേണ്ടത്. കഥയില്ലായ്മകളുടെ വരൾച്ചക്കാലത്ത് പറയാനൊരു കഥയുണ്ട് മഹേഷിന്. ഗ്രാമത്തിൽ ഒട്ടനവധി കെട്ടു കഥകൾക്ക് കാരണക്കാരനായ അപ്പുണ്ണിക്കൊച്ചാട്ടൻ്റെ  നിഗൂഡ ജീവിതം നമുക്കായി പറഞ്ഞു തരുന്നു കഥാകൃത്ത്. അപ്പുണ്ണി പട്ടാളക്കാരനായിരുന്നു എന്നാണ് നാട്ടിലെ അന്ധവിശ്വാസം. പലരും പറഞ്ഞ പല കഥകൾക്കും ശേഷം വർഷങ്ങൾ കഴിഞ്ഞ് ആ കഥ അവൻ അപ്പുണ്ണിയോടു തന്നെ ചോദിക്കുന്നു. നമുക്ക് പരിചിതമല്ലാത്ത എല്ലാ ജീവിതങ്ങളും കെട്ടുകഥകളാണ് എന്ന ബന്യാമിൻ്റെ നിലപാടിനെ മഹേഷും ശരി വക്കുന്നു. ഫുട്ബോളുകൾ നിറഞ്ഞ ഇന്ത്യൻ കായിക രംഗത്തെ കപിൽ ദേവ് എന്ന ജാട്ട് ക്രിക്കറ്റിലേക്ക് കൂടോത്രം ചെയ്തു മാറ്റിയതും കേരളത്തിലെ നെൽപാടങ്ങളെ മറ്റു പലതുമാക്കി മാറ്റിയതും കഥ ഒരുപോലെ കൈകാര്യം ചെയ്യുന്നുണ്ട്. എവിടെ എങ്ങനെ എന്നറിയാതെ വേരുകൾ നഷ്ടപ്പെട്ട് അലയാൻ നിർബന്ധിതരാവുന്ന ആൾക്കാരുമുണ്ട് നമുക്കിടയിൽ എന്ന് കഥാകൃത്ത് ഓർമിക്കുന്നു. നാടിൻ്റെ മാറ്റങ്ങളെ ആഖ്യാനം ചെയ്യുന്നതിനിടെ ശക്തമെന്നു തോന്നിയ ഒരു വരി ഇങ്ങനെ .. നാട്ടിലെ കാവ് ക്ഷയിച്ച് ക്ഷേത്രമായി വളർന്നിരിക്കുന്നു. മഹേഷ് വെട്ടിയാറിന് അഭിവാദ്യങ്ങൾ. മാധ്യമത്തിൽ തന്നെ ഗോവിന്ദ് ആർ കുറുപ്പ് എഴുതിയ ഇരുപത്തിനാലാമൻ ആഖ്യാനത്തിലെ കൈയടക്കം കൊണ്ട് ശ്രദ്ധേയമാണ്. മുംബാസ തുറമുഖത്തു നിന്ന് മുംബൈയിലേക്ക് വരുന്ന ഒരു കപ്പലിൻ്റെ എസി മുറിയിൽ നിന്ന് ചീഞ്ഞളിഞ്ഞ ഒരു ശവം കിട്ടുന്നതും വഴിയിൽ വച്ച് ഇരുചെവിയറിയാതെ കടൽ സംസ്കാരം നടത്തുകയും ചെയ്യുന്നതാണ് കഥ. ആ ശവം കൊണ്ട് ഇന്ത്യയിലെത്തിയാൽ നമ്മളെല്ലാം അറസ്റ്റിലാവും എന്ന് ക്യാപ്റ്റൻ ഭയപ്പെടുന്നത് വെറുതെയല്ല. ഇന്ത്യക്കാർ തന്നെ ഇന്ത്യക്കാരാണെന്ന് തെളിയിക്കാൻ തെരുവിൽ പൊരുതുന്ന രാജ്യമാണത്.  മുംബാസയിൽ നിന്ന് അനധികൃതമായി ആരോ ഇന്ത്യയിലേക്ക് വരുന്നുണ്ട് എന്ന ഇൻഫൊർമേഷൻ അന്വേഷിക്കാൻ വന്ന പോലിസിനെ ഒരു ബാഗ് നിറയെ മദ്യം നൽകി വരുതിയിലാക്കി. മുംബാസയിലിതൊക്കെ പതിവാണ് എന്നാണ് അവസാനം ക്യാപ്റ്റൻ്റെ സമാധാനം. ആരുമല്ലാത്ത ഒരാളുടെ മരണം നമ്മെ എങ്ങനെ ബാധിക്കും എന്നൊരാലോചന കഥ നമുക്കു തരുന്നുണ്ട്. കുറച്ച് ഉറക്കം കളയും, കുറച്ച് സങ്കടപ്പെടും, പ്രതികൂലമായി ബാധിക്കില്ലെങ്കിൽ മാത്രം മിതമായി പ്രതികരിക്കും, പിന്നെ മറക്കും. നല്ല കഥയാണ് ഇരുപത്തിനാലാമൻ.

ദേശാഭിമാനിയിൽ പി വി കെ പനയാൽ പറയുന്ന രാമൻ കളി എന്ന കഥ വർത്തമാന രാഷ്ട്രീയത്തിൻ്റെ നേരാഖ്യാനമാണ്. സങ്കീർണമായ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളെ ആഴത്തിൽ സമീപിക്കുന്നു കഥ. ഡൽഹിയിൽ രാംലീലയോടനുബന്ധിച്ച് ദേശീയ രംഗകലാമന്ദിർ അവതരിപ്പിക്കുന്ന ബാലെയിൽ രാവണൻ്റെ ഭാഗം അവതരിപ്പിക്കുന്ന  നടനായ അഭിമന്യു പോലീസ് വെടി വപ്പിൽ മരിച്ചു എന്ന വാർത്ത വരുന്നതോടെയാണ് കഥ തുടങ്ങുന്നത്. നാട്ടിൽ കൃഷിക്കാരനായ അച്ഛൻ്റെ മകനാണ് അഭിമന്യു. ജന്തർമന്ദിറിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിൽ പോയി പ്രസംഗിച്ചതിനാണ് പോലീസ് അവനെ വെടി വച്ചു കൊന്നത്. ഇന്ത്യയിൽ ഇപ്പോൾ അങ്ങിനെയൊക്കെയാണല്ലോ കാര്യങ്ങൾ. പക്ഷേ ബാലെ മാറ്റി വക്കേണ്ടി വരും എന്നതാണ് സംവിധായകൻ്റെ പ്രശ്നം. അഭിമന്യുവിൻ്റെ വേഷം രാവണൻ്റേതാണ്.  രാവണൻ മോശമാവുന്തോറും ആൾക്കാരുടെ കൈയടി കൂടും എന്നതാണ് വിചിത്രം. ആൾക്കാർ നാടകം കാണാൻ വരുന്നതു തന്നെ രാമനെ പൂജിക്കാനാണ്. ഒടുവിൽ കഥ തീരുമ്പോൾ രാവണൻ്റെ മരണം കൊണ്ട് നാടകം മാറ്റി വക്കേണ്ടതില്ല എന്ന് സംഘാടകർ തീരുമാനിക്കുന്നു. കഥയുടെ പ്രമേയം നന്നെങ്കിലും ആഖ്യാനം പലപ്പോഴും ലേഖന സ്വഭാവിയായി. അതു കൊണ്ടു തന്നെ വായന അത്ര സുഖകരമായില്ല.  കെ എസ് രതീഷിൻ്റെ കറുപ്പുയുദ്ധം  കറുത്തവൻ്റെ ആഗോള പ്രതിസന്ധികളെ പ്രാദേശികമായി ആവിഷ്കരിക്കാൻ നടത്തിയ ശ്രമമാണ്. പക്ഷേ അമിതോക്തിയും മുഴച്ചു നിൽക്കുന്ന കൃത്രിമത്വവും ഭാഷയിലെ ഏച്ചുകെട്ടലുകളും ചേർന്ന്  കഥ കൈവിട്ടു പോയി. വെള്ളലിയുടെ സമീപം നിൽക്കുന്ന സുനന്ദയെക്കണ്ട് കൊച്ചച്ചൻ്റെ നെഞ്ചിൽ വയലൂളൻ കാഞ്ചി വലിച്ചു എന്നതുപോലുള്ള വാചകക്കസർത്ത് കഥക്ക് ഒരു പ്രയോജനവും ചെയ്യുന്നില്ല.

മലയാളം വാരികയിൽ സി വി ബാലകൃഷ്ണൻ എഴുതിയ ഒടുവിലത്തെ സന്ദർശക എന്ന കഥ വായിച്ചപ്പോൾ  തോന്നിയത് അവസരോചിതമായി പ്രവർത്തിക്കുന്നവർ എന്നാണോ അതോ തികഞ്ഞ അവസരവാദികൾ എന്നാണോ കഥയെഴുതുന്നവരെ വിളിക്കേണ്ടത് എന്നാണ്. അത്രക്കു വിശേഷമാണ് പ്രസ്തുത കഥയുടെ പ്രമേയവും ആഖ്യാനവും. അതിലാളിത്യത്തിൻ്റേതാണ് വർത്തമാന കഥക്കാലം എന്ന് ബോധ്യമുള്ളതുകൊണ്ടാവാം ഇത്തരം കഥകളെഴുതപ്പെടുന്നത്  എന്നു തോന്നുന്നു. മരണക്കിടക്കയിൽ കിടക്കുന്ന പോളിനെ അവസാനമായി കാണാൻ സബ്രീന എന്ന അയാളുടെ പഴയ കാല കാമുകി വരുന്നതാണ് കഥ. ഇതിലെന്താണ് കഥ എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ടിപ്പിക്കലായ പ്രണയത്തിനിടയിൽ പതിവുപോലെ എന്തു കൊണ്ടോ പിരിഞ്ഞു പോവേണ്ടി വന്ന രണ്ടു പേരാണ് പോളും സബ്രീനയും. ഒടുവിൽ മരണസമയത്ത് പോളിനെ സന്ദർശിക്കുന്ന സബ്രീന മുഖ്യമായും ഓർക്കുന്നത് അവരുടെ ആദ്യത്തെ രതിയെ കുറിച്ചാണ്. തനിക്കൊരു വോൾട്സ് നൃത്തം ചെയ്യാൻ തോന്നുന്നു എന്നു പറഞ്ഞ് പോൾ മരണത്തിലേക്ക് വീണു പോകുകയും ചെയ്തു. സീൽകൃതി ( സീൽക്കാരം) വിവസ്ത്രീകരിക്കുക എന്നീ രണ്ടു പുതിയ വാക്കുകൾ കഥാകൃത്ത് അവതരിപ്പിക്കുന്നു എന്നതാണ് കഥയിലെ ഒരേയൊരു പുതുമ. ബാക്കി എല്ലാ അർഥത്തിലും ഈ കഥ ഒരു അനാവശ്യ സൃഷ്ടിയാണ് എന്നു പറയാതെ വയ്യ.

മാതൃഭൂമിയിൽ അഷ്ടമൂർത്തിയുടെ അവനിവാഴ്‌വ്  വായിക്കാൻ സുഖമുള്ളൊരു കഥയാണ്.  വിശ്വനാഥാനന്ദൻ എന്ന പണ്ഡിതനെ ചെന്നൈയിൽ നടക്കുന്ന ഒരു സാഹിത്യോത്സവത്തിന് ക്ഷണിക്കാൻ പോവുകയാണ് കഥ പറയുന്നയാളും ഉത്തമൻ  എന്ന സിനിമാ നടനും മഹേശൻ എന്ന ഡ്രൈവറും. എല്ലായ്പോഴുമെന്ന പോലെ വിശ്വനാഥാനന്ദൻ വിദേശയൂണിവേഴ്സിറ്റിയിലെ ജോലിയൊക്കെ പുല്ലു പോലെ വലിച്ചെറിഞ്ഞ് തിരിച്ചു വന്ന് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ഒരു അസാധാരണ മനുഷ്യനാണ്. മലയാള കഥയിൽ ഇതുവരെ സൃഷ്ടിക്കപ്പെട്ട ഈ അസാധാരണ സ്വഭാവക്കാരെല്ലാം കൂടി ഇറങ്ങി വന്നാൽ അതോടെ തീരും അത്തരക്കാരുടെ അസാധാരണത്വം. പാടത്തു നിന്ന് വെറുതെ കയറി വരുന്ന പാമ്പ്, മൃഗങ്ങളും പക്ഷികളും ‘സ്വതന്ത്രരായി നടക്കുന്ന കൃഷിയിടം, സമ്പൂർണ ജൈവ ജീവിതം ഇതൊക്കെ എത്രയാവർത്തി വായിച്ചു കഴിഞ്ഞിരിക്കുന്നു നമ്മൾ. വലിയ അക്കാദമിക പാണ്ഡിത്യമുണ്ടാവുകയും കുറേ പണം സമ്പാദിക്കുകയും ചെയ്തു കഴിയുമ്പോൾ ഒരിത്തിരി പ്രകൃതി സ്നേഹം, ഇത്തിരി ഭൂതദയ, പിന്നൊരിത്തിരി നൊസ്സ് ഇതൊക്കെ മധ്യവർഗത്തിൻ്റെ ലക്ഷണമായി കഥകളിൽ വന്നു തുടങ്ങിയിട്ട് കാലമേറെയായി. എന്തായാലും അവനിവാഴ്‌വ് ശാന്തമായി വായിച്ചു പോയി എന്നത് യഥാർഥ്യമാണ്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account