പരിഭാഷകനും തടാകവും

കഥയെന്നത് അസാധ്യതകളുടെ സാധ്യതയാണ്. അവിടെ ഒരേ കഥാപാത്രത്തിൽ തന്നെ നമുക്ക് പരിചിതരോ അപരിചിതരോ  ആയ, ഒരേ സമയം സാമാന്യബോധമുള്ളവരും ഇല്ലാത്തവരുമായ, വ്യവസ്ഥിതികളോട് യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്ന ഒന്നിലധികം ആൾക്കാരെ കണ്ടുമുട്ടാൻ കഴിയും. അഥവാ അപ്രകാരം കഥാപാത്രങ്ങളുടെ മെർജിംഗ് സാധ്യമാക്കുന്നതാണ് കഥയുടെ നിലനിൽപ്പിൻ്റേയും സംവേദനത്തിൻ്റെയും അടിസ്ഥാനം. സ്വഭാവ വൈചിത്ര്യം മാത്രമല്ല, സ്ഥലങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമെല്ലാം ഇത്തരത്തിലുള്ള മിശ്രണങ്ങൾ സാധ്യമാണ്. അതിലൂടെയാണ് യാഥാർഥ്യത്തിൽ നിന്ന് കഥയിലേക്ക് നമുക്കു നടന്നു കയറാനുള്ള വഴികൾ നിശ്ചയിക്കപ്പെടേണ്ടത്. യാഥാർഥ്യത്തെ ഉപജീവിച്ചോ അവലംബിച്ചോ എഴുതുന്ന കഥകൾക്ക് സംഭവത്തേക്കാളേറെ ഫിക്ഷനോട് വിധേയത്വമുണ്ടാകുമ്പോഴേ കഥ എന്ന ബോധ്യം സാധ്യമാകുന്നുള്ളൂ. എന്നാൽ ഇപ്പോൾ സംഭവിക്കുന്നത് ഈ സങ്കല്പത്തിൻ്റെ വിപരീത ദിശയിലുള്ള സഞ്ചാരമാണ്. ഫിക്ഷൻ നിരാകരിക്കപ്പെടുകയും യാഥാർഥ്യത്തോട് പരമാവധി നീതി പുലർത്തുകയും ചെയ്യുക എന്ന വിചിത്രമായ യുക്തിയാണ് കഥാകൃത്തുക്കളെ നയിക്കുന്നത്. അപ്പോഴാണ് പരമാവധി വായനക്കാരെ നേടാനാവുക എന്നവർ കരുതുന്നു. താൻ തെളിച്ചെടുക്കുന്ന വഴിയിലൂടെ വായനക്കാരനെ നയിക്കാനുള്ള ശേഷി കൈവരിക്കുന്നതിനു പകരം വായനക്കാരന് നടന്ന് പരിചയമുള്ള വഴിയിലൂടെ അവനോടൊപ്പം നടക്കലാണ് എളുപ്പവഴി എന്ന് കഥാകൃത്തുക്കൾ കരുതുന്നു. തീർച്ചയായും പുതിയ വഴികൾ കണ്ടെത്തുക അത്ര എളുപ്പമല്ല തന്നെ.

മാതൃഭൂമിയിൽ പിഎഫ് മാത്യൂസ് എഴുതിയ പരിഭാഷകൻ എന്ന കഥ ഒരു പരിധി വരെ ഇത്തരത്തിലൊരു പരീക്ഷണമാണ്. ഭാര്യ മരിച്ചതോടെ പൂർണമായും ഏകാകിയായ സോളമൻ്റെ മനസിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. പരിഭാഷ എങ്ങനെയാണ് സാധ്യമാകുക, ഭാഷയാണോ വികാരമാണോ വസ്തുതയാണോ പരിഭാഷപ്പെടുക, പരിഭാഷ എന്നത് കേവലം സാഹിത്യവുമായോ സമാനമായ മറ്റു ഘടകങ്ങളുമായോ മാത്രം ബന്ധപ്പെട്ടതാണോ എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ കഥ മുന്നോട്ടുവക്കുന്നുണ്ട്. മറ്റൊരാളുടെ ചിന്തയിലുള്ള കാര്യങ്ങൾ തർജ്ജമ ചെയ്യപ്പെടുക എന്ന വലിയ സാധ്യതയും അതു മൂലമുണ്ടായേക്കാവുന്ന സങ്കീർണതകളും കഥ സങ്കൽപ്പിക്കുന്നുണ്ട്. ഓരോരുത്തരും നമ്മളെക്കുറിച്ച് വിചാരിക്കുന്നതെന്ത് എന്ന് നമുക്കു പരിഭാഷപ്പെടുത്താൻ കഴിഞ്ഞാലുണ്ടാവുന്ന അവസ്ഥ കഥ കരുതുന്നതിലും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും. ഭാഷയിലെഴുതപ്പെട്ട കഥയോ കവിതയോ മാത്രമല്ല പരിഭാഷ എന്ന സങ്കല്പനത്തിനകത്തു വരുന്നത്. അതു തോന്നലുകളുടെയും വിചാരങ്ങളുടേയും വികാരങ്ങളുടേയും കൂടി ഭാഷാന്തരീകരണമാണ്. അതേ സമയം ജീവിതത്തെ മരണത്തിലേക്കും മരണത്തിനെ ജീവിതത്തിലേക്കും പരിഭാഷപ്പെടുത്തുന്നവനാണ് യഥാർഥ പരിഭാഷകൻ എന്നും കഥാകൃത്ത് പറഞ്ഞു വക്കുന്നു. സൂക്ഷ്മമായ ആഖ്യാന പാഠങ്ങൾ ഉൾക്കൊള്ളുന്നതാണ് പരിഭാഷകൻ. എന്നാൽ വെട്ടിക്കളഞ്ഞാൽ കഥാ ശരീരത്തിന് ഒരു കോട്ടവും വരുത്താത്ത അമിതാഖ്യാനങ്ങൾ ഈ കഥയിലും സംഭവിക്കുന്നു. കഥയുടെ ആധികാരികതയെക്കുറിച്ച് വായനക്കാർക്കുണ്ടായേക്കാവുന്ന സംശയങ്ങളെ നിരാകരിക്കാൻ വേണ്ടിയാണ് ഈ അധിക ഉടുത്തു കെട്ടുകൾ കഥയുടെ അരയിൽ കെട്ടി ഞാത്തുന്നത്. പക്ഷേ വായനക്കാരൻ നിങ്ങൾ പറയുന്നതിലെ കഥയാണ് സർ വായിക്കുന്നത്. യാഥാർഥ്യമല്ല. അതു കൊണ്ടു തന്നെ അമിതാഖ്യാനവും അത്യാഖ്യാനവും കഥയെ നശിപ്പിക്കുകയാണ് ചെയുന്നത് എന്നോർക്കണമെന്ന് അപേക്ഷിക്കുന്നു.

മലയാളം വാരികയിൽ വിവേക് ചന്ദ്രൻ എഴുതിയ തടാകം എന്ന കഥ അഗാധമായ മനുഷ്യമനസുകളെ വിശകലനം ചെയ്യാനുള്ള ശ്രമമാണ്. കഥയിലെ സംഭവങ്ങളെല്ലാം തന്നെ സ്വയം സംഭവിക്കുന്നതാണ്. അതിൽ കഥാകൃത്തിൻ്റേയോ മറ്റൊരു മൂന്നാം കക്ഷിയുടേയോ ഇടപെടലുകളില്ല. ഗോവൻ തീരത്ത് താമസിക്കുന്ന ക്ലിൻ്റ്, മരിയാന അവരുടെ മകൻ അകാലത്തിൽ മരിച്ചു പോയ സാവിയോ എന്നിങ്ങനെ കഥയുടെ കേന്ദ്രം രൂപപ്പെടുന്നു. ടീച്ചർ നിറം കൊടുക്കാൻ ഏൽപ്പിച്ച ശലഭചിത്രം ബാക്കി വച്ച് ഒരു ദിവസം കുഞ്ഞു സാവിയോ മരണത്തിലേക്ക് മറഞ്ഞു പോകുന്നു. അതിനു ശേഷവും അതിനു മുമ്പുമുള്ള ക്ലിൻ്റിൻ്റേയും മരിയാനയുടേയും ജീവിതത്തിലൂടെയും മരിയാനയുടെ  ആത്മഹത്യയിലൂടെയും കഥ പുരോഗമിക്കുന്നു. പല ഫോക്കസുകളുണ്ട് കഥക്ക്. മരിയാനയുടെ വിഷാദവും ആത്മഹത്യയുമാണ് കഥ എന്നു തോന്നും ചിലപ്പോൾ. അപ്പോൾ തന്നെ കഥ അവിടെ നിന്ന് ചാടി മീൻ വേട്ടയെക്കുറിച്ചും ചാട്ടുളിയെക്കുറിച്ചും കുട്ടികളെ ചൂണ്ടയിടാനും ചാട്ടുളി പ്രയോഗിക്കാനും പഠിപ്പിക്കുന്ന യാരോൺ എന്ന പാതി പാതിരിയെക്കുറിച്ചാണെന്ന് തോന്നിക്കും. അത്രയുമെത്തുമ്പോൾ കഥയിലേക്കൊരു വെളിച്ചം കിട്ടിയെന്നു തോന്നും നമുക്ക്. ആരോ (ദൈവം) ചാട്ടുളി യെറിഞ്ഞും ചൂണ്ടയിട്ടും നമ്മെയൊക്കെ എപ്പോൾ വേണമെങ്കിൽ ഈ സംസാരസാഗര (തടാകം )ത്തിൽ നിന്ന് പിടിച്ചു കൊണ്ടു പോയേക്കുമല്ലോ എന്ന് കഥയെ വായിക്കാമെന്നു തോന്നും. അങ്ങനെയൊരു കഥ വിവേക് ചന്ദ്രൻ എഴുതേണ്ടതുണ്ടോ എന്നത് വേറെ ചോദ്യം. അപ്പോഴാണ് യാരോൺ പാപ്പക്ക് ആഫ്രിക്കയിൽ ജനിച്ച മകൻ ഈസ ഫുട്ബോൾ കളിക്കാൻ ഗോവയിലെത്തി ക്ലിൻ്റിനേയും മരിയാനയേയും സന്ദർശിക്കുന്നത്. അവൻ കളിക്കളത്തിൽ വച്ച് പെനാൽട്ടി കിക്കെടുത്ത പന്ത് അടിച്ചിട്ടും എങ്ങും പോകാതെ തിരികെ അവൻ്റെ കാൽക്കൽ തന്നെ വന്നു വീണ് അവൻ്റെ ടീം കളി തോൽക്കുന്നതും അതവളുടെ വിഷാദത്തിൻ്റെ കാരണങ്ങളിൽ ഒന്നായി പരിണമിക്കുന്നതും. അന്നവൾ സാവിയോയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു എന്ന് കഥാകൃത്ത് പറയുന്നുണ്ട്. അതിനിടയിൽ ഉപ്പൂറ്റിയിൽ മരിയാനക്കുണ്ടാകുന്ന വേദനയെ പരാമർശിക്കുന്നുണ്ട്. അക്കില്ലസിൻ്റെ ഉപ്പൂറ്റി എന്ന പ്രസിദ്ധമായ പ്രയോഗത്തെ മാറ്റി നിർത്തി ഈ ഉപ്പൂറ്റിയെയും വായിക്കാനാവില്ല എന്നതുകൊണ്ടു തന്നെ ഇവിടെ ആ പ്രയോഗം തികച്ചും അസംബന്ധമായിത്തീരുന്നു.  മരിയാന മരിക്കാനുപയോഗിച്ച യന്ത്രച്ചാട്ടുളി വാങ്ങി കടയിൽ വക്കാൻ കാരണക്കാരനായത് യാരോൺ ആണെന്ന് പറയുന്നതിനു വേണ്ടിയാവണം കഥാകൃത്ത് യാരോണിനെക്കുറിച്ച് അത്രയേറെ എഴുതി നിറച്ചത്. അതിൽ നിന്ന് ഈസയിലേക്കും ഫുട്ബാളിലേക്കും പോയി ഒടുവിൽ മരിയാനയിൽ തന്നെ തിരിച്ചെത്തിയത്. (ഈസയുടെ പന്തിനെ പോലെ ). അത് അസാധ്യമാണെന്ന് ഫിസിക്സ് അറിയുന്ന അധ്യാപകൻ വിശദീകരിക്കുമ്പോഴാണ് മരിയാനക്ക് മരിക്കാൻ തോന്നുന്നത്. മികച്ച കഥയാണെന്ന തോന്നലുണ്ടാക്കാൻ തടാകത്തിനു കഴിഞ്ഞു എന്നത് വാസ്തവമാണ്. പക്ഷേ സൂക്ഷ്മനിരീക്ഷണത്തിൽ കഥ വെറും വാചകക്കസർത്തായി മാറുന്നതു കാണാം. കഥയിലെ പല ഗഹനതകളും സംവേദനം ചെയ്യുന്നതിൽ കഥാകൃത്ത് പൂർണമായി വിജയിക്കുന്നില്ല. മിക്കവാറും ഒരു യഥാർഥ സംഭവത്തെ ഉപജീവിച്ച് എഴുതിയ കഥയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആ സംഭവത്തോട് നീതി പുലർത്താനുള്ള വ്യഗ്രതയിൽ കഥയോട് നീതി പുലർത്തുന്നതിൽ കഥാകൃത്ത് പരാജയപ്പെട്ടു എന്നു പറയാം. അമിതാഖ്യാനം കൊണ്ട് ഊർജം നഷ്ടപ്പെട്ട കഥയാണ് തടാകം.

ചന്ദ്രികയിൽ ടി.ആർ. രാഹുൽ എഴുതിയ കെണി പഴയ വീഞ്ഞ് പുതിയ കുപ്പി രീതിയിലാണ് പരിഗണിക്കേണ്ടത്. പുലിമുരുകൻ സിനിമ കഥാകൃത്ത് മാത്രമേ കണ്ടിട്ടുള്ളൂ എന്നാണ് അദ്ദേഹം കരുതുന്നത്. മേമ്പൊടിക്ക് കശാപ്പുകാരനും അയാളുടെ ഒളിസേവക്കാരിയുമുണ്ട്. നഖത്തിനിടയിലെ ഇറച്ചിത്തരികളും ചോര മണമുള്ള ഉടലും ഒക്കെ മലയാള കഥയിലെ ഒഴിവാക്കാനാവാത്ത ഘടകങ്ങളാണല്ലോ.. ഒടുക്കം പുലിയെ പിടിക്കാൻ ഇരയായി ആ പെണ്ണിനെത്തന്നെ കൊണ്ടു നിറുത്തുന്ന മെലോ ഡ്രാമയും. രാഹുൽ കുറച്ചു കൂടി കഥകൾ വായിക്കണം. മറ്റുള്ളവരെ വായിച്ചു തുടങ്ങിയാൽ പിന്നെ ഇതൊന്നും എഴുതാൻ കഴിയില്ല.

മാധ്യമത്തിൽ പൂമണി എഴുതിയ ശവദാഹം എന്ന തമിഴ് കഥയുടെ പരിഭാഷയാണ്. എ പി കുഞ്ഞാമുവിൻ്റെയാണ് പരിഭാഷ. ഒരു പുതുമയുമില്ലാത്ത ഒരു കഥയാണ് ശവദാഹം. എന്തിനു വേണ്ടിയാണ് അത് പ്രസിദ്ധീകരിച്ചതെന്ന് മനസിലായില്ല.

ട്രൂ കോപ്പിയിൽ രാജേഷ് ആർ വർമ പുനരാഖ്യാനം ചെയ്ത എഡ്ഗാർ അലൻ പോയുടെ രക്തയക്ഷ്മാവിൻ്റെ മുഖപടം വായിക്കേണ്ട കഥയാണ്. ഇക്കാലത്ത് ഇത്തരം ചില ഓർമപ്പെടുത്തലുകൾ നല്ലതാണ്.

കലാകൗമുദി എന്തായാലും കഥയുടെയും സാഹിത്യത്തിൻ്റേയും ലോകത്തെ ഒന്നാം നിരയിൽ നിന്ന് സ്വയം പിൻ വാങ്ങുകയും അതിലെ ഏറ്റവും അധമമായ സ്ഥാനത്തെ സ്വയം വരിക്കുകയും ചെയ്തു കഴിഞ്ഞു. സാഹിത്യത്തോട് പ്രതിപത്തിയില്ലെങ്കിൽ, അതിൻ്റെ സാധ്യതകളെ വില വക്കുന്നില്ലെങ്കിൽ കഥകളുടേയും കവിതകളുടേയും പ്രസിദ്ധീകരണം ഒഴിവാക്കാവുന്നതുമാണ്. മറ്റു വിഭവങ്ങൾ വേണ്ടുവോളമുണ്ടല്ലോ. അനക്കാദമികമായ പല ഘടകങ്ങളും പ്രസിദ്ധീകരണത്തെ സ്വാധീനിക്കുന്നുണ്ട് എന്ന കാര്യത്തിൽ സംശയിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. കഷ്ടമെന്നേ പറയേണ്ടൂ..

കഥകൾ നല്ലതോ ചീത്തയോ എന്ന നിരീക്ഷണത്തിൻ്റെ പ്രസക്തി പരിമിതമാണ്. പ്രതി ജനഭിന്നമാണ് ആസ്വാദനത്തിൻ്റെ രുചികൾ. വായിക്കാൻ കഥകളുണ്ടാവുന്നു എന്നതാണ് കാര്യം. അതു സംഭവിക്കുന്നുണ്ട്. നിരന്തരമായ ജാഗ്രത വായനക്കാർ പുലർത്തിയാൽ കഥകളുടെ സുവർണകാലം തിരിച്ചു വരും എന്നതിൽ സംശയമേയില്ല.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account