പൈങ്കിളിവാരാഘോഷം
കഥ എന്നാൽ വർത്തമാന കാലത്തിൻ്റെ വിഹ്വലതകളേയും ആസ്കതികളേയും പ്രതിസന്ധികളെയും കാലത്തിൽ നിന്ന് അടർത്തിയെടുത്ത് ദേശ കാലങ്ങൾക്കതീതമായ പരിതോവസ്ഥകളിൽ പുനർനിർമിക്കലാണ്. ഏറ്റവും ലളിതമായി നമ്മളെങ്ങനെ നമ്മളായി എന്ന് വരും കാലങ്ങളോട് സംവദിക്കാനുള്ള ഉപകരണമാണ് കഥയും സാഹിത്യവും. സമകാലിക സംഭവങ്ങളിൽ നിന്ന് എഴുത്തിനെ കണ്ടെടുക്കുക എന്നത് അതിനാൽ തന്നെ പ്രധാനമാണ്. രേഖപ്പെടുത്തപ്പെടേണ്ട സംഭവങ്ങളെ തിരിച്ചറിയുന്നതിന്, അവയുടെ അന്തരാഴങ്ങളെ സംബന്ധിച്ചുള്ള പാഠാന്തരങ്ങൾ വികസിപ്പിച്ചെടുക്കേണ്ടതിന് എഴുത്തുകാരൻ നിരന്തരസാധകം ചെയ്യേണ്ടതുണ്ട്. എന്നാൽ മലയാള സാഹിത്യത്തിൻ്റെ വർത്തമാനകാല പ്രവർത്തന പദ്ധതി ഇങ്ങനെയൊരു ലക്ഷ്യം പരിഗണിക്കുന്നതേയില്ല. അതിലളിതവും സർവസാധാരണവുമായ മാനസികാവസ്ഥകളെ തൃപ്തിപ്പെടുത്തുന്ന, പൊതുബോധത്തിൻ്റെ താൽക്കാലിക ക്ഷോഭങ്ങളെ അഭിസംബോധന ചെയ്യുന്ന പരിചിത വൃത്തങ്ങളിൽ നിന്ന് മാറി സഞ്ചരിക്കാനുള്ള ഒരു ശ്രമവും കഥ നടത്തുന്നതായി കാണാനാവില്ല. അനുവാചകനിൽ ആന്തരിക വിക്ഷോഭത്തിൻ്റെ ചെറിയ അനക്കങ്ങളെങ്കിലും നിർമിക്കാൻ കഴിയാതെ പോകുന്ന എഴുത്തുകളെയാണ് നാം പലപ്പോഴും മഹത്തരമെന്ന് വാഴ്ത്തുന്നത്.
മാതൃഭൂമിയിൽ പ്രിയ എ എസ് എഴുതിയ പോക്കുവെയിലും പോയ ശേഷം എന്ന കഥ അക്ഷരാർഥത്തിൽ ഒരു കഥയില്ലായ്മയാണ്. മൃൺമയി എഴുതിയ പ്രിയ എ എസ് എന്തിനു വേണ്ടിയാണ് ഈ കഥ എഴുതിയത് എന്നതാണ് പ്രധാന സംശയം. അതിപരിചിതവും പഴഞ്ചനുമായ പ്രമേയം കഥാകൃത്തിനു പ്രിയപ്പെട്ടതായിരിക്കാം. ഇത്തരം അനുഭവങ്ങളൊക്കെ വളരെ അസാധാരണമാണെന്ന് സ്വയം കരുതാനുള്ള അവരുടെ അവകാശത്തേയും ചോദ്യം ചെയ്യുന്നില്ല. അത്തരം പ്രമേയങ്ങളെ ഉപജീവിച്ച് വൈകാരികമായ ആഖ്യാനം നടത്തി കഥ വിജയിപ്പിച്ചെടുത്ത എഴുത്തുകാരുമുണ്ട്. ഇവിടെ പക്ഷേ അത്തരത്തിൽ വൈകാരികമോ സൗന്ദര്യ ശാസ്ത്രപരമോ ആയ യാതൊന്നുമില്ല. പോക്കുവെയിൽ പോലെ പഴകിപ്പൊടിഞ്ഞ ബിംബങ്ങൾ കഥയെ വല്ലാതെ പഴഞ്ചനാക്കുന്നു. ഈ പച്ച മാൻ നാളേക്ക് പഴുക്കുമോ എന്ന് കിറ്റി ചോദിച്ചു എന്ന് വായിക്കുമ്പോൾ സത്യമായും നമുക്കത് അരോചകമായേ അനുഭവിക്കാനാവൂ. കഥ സംവദിക്കാനുദ്ദേശിച്ചത് എന്താണ് എന്നതാണ് മറ്റൊരു പ്രശ്നം. അലമേലുവിൻ്റെയും നന്ദയുടെയും മനുഷ്യബന്ധങ്ങളിലെ പിടിവാശികളെ സംബന്ധിച്ച തിരിച്ചറിവാണെന്ന് സാമാന്യേന നമുക്കുറപ്പിക്കാം. രാമു അനുഭവിച്ച “ജീവിത ദു:ഖങ്ങൾ ” അതിനു മേമ്പൊടിയുമാവാം.. അതു കൊണ്ടു തന്നെയാണ് കഥ പൂർണാർഥത്തിൽ പൈങ്കിളിയായിത്തീരുന്നത്. പലയാവർത്തി പറഞ്ഞു തീർന്ന വൈകാരിക അസംബന്ധ നാടകം എന്നല്ലാതെ ഈ കഥയെക്കുറിച്ച് വേറെന്തു പറയാനാണ്.
മാതൃഭൂമിയിൽ ഫർസാന എഴുതിയ ചെന്താരകം മറ്റൊരു പൈങ്കിളിക്കഥയാണ്. പോളണ്ടിൽ നടന്നു എന്നാരോപിക്കപ്പെടുന്ന വിപ്ലവം (സ്വാഭാവികമായും കമ്യൂണിസ്റ്റ് വിപ്ലവം ) അവിടുത്തെ സാധാരണ മനുഷ്യരുടെ ജീവിതത്തെ തകിടം മറിച്ചതിനെക്കുറിച്ചാണ് ഫർസാനയുടെ കഥ. കമ്യൂണിസ്റ്റ് കലാപകാരികൾ എപ്പോഴും എവിടെയും ആദ്യം ആക്രമിക്കുക സാധാരണക്കാരെയാണെന്നതാണ് കഥയുടെ അടിസ്ഥാനം. സ്വന്തം കാമുകിയെപ്പോലും പാർട്ടിക്കെതിരെ പ്രവർത്തിച്ചാൽ വെറുതെ വിടാത്തത്രയും ക്രൂരൻമാരുമാണല്ലോ കമ്യൂണിസ്റ്റുകൾ. ഈ കഥയിൽ അടിസ്ഥാനപരമായി ചില തെറ്റുകളുണ്ട്. അതിലൊന്ന് പോളണ്ടിൽ നടന്നത് കഥയിൽ പറയുന്നതു പോലുള്ള കമ്യൂണിസ്റ്റ് വിപ്ലവമല്ല എന്നതാണ്. റഷ്യൻ കമ്യൂണിസ്റ്റുകൾ രണ്ടാം ലോകമഹായുദ്ധത്തിനിടെ പോളണ്ടിലേക്ക് കടന്നു കയറുകയായിരുന്നു എന്നു ചരിത്രം. അതവിടെ നിൽക്കട്ടെ, പ്രണയത്തെ പോലും നിരാകരിക്കുന്നത്ര ദുഷ്ടൻമാരായ കമ്യൂണിസ്റ്റുകളെക്കുറിച്ച് ഒരു കഥ എഴുതാൻ വേണ്ടി അതിനെ പോളണ്ടിലേക്ക് കയറ്റി വിട്ടതാണ് കഥാകൃത്ത്. അതായത് ഈ കഥ ഇവിടെ, കോഴിക്കോട് പശ്ചാത്തലമാക്കി വയനാട്ടിലെ മാവോയിസ്റ്റുകളെ കഥാപാത്രങ്ങളാക്കി എഴുതിയാലും വലിയ മാറ്റമൊന്നുമുണ്ടാവില്ല എന്നർഥം. പിന്നെ എല്ലാത്തിലും വ്യത്യസ്തത വേണമല്ലോ.. അതിനാലാവും പോളണ്ട് തെരഞ്ഞെടുത്തത്.
പൈങ്കിളിക്കഥാ വാരത്തിലെ അടുത്ത കഥ മലയാളം വാരികയിൽ ധന്യാ രാജിൻ്റെ വകയാണ്, ചിത്തിരത്തോണി. പണ്ട് പ്രൈമറി സ്കൂളിൽ ഒരുമിച്ചു പഠിച്ച കൂട്ടുകാരുടെ വർഷങ്ങൾക്കു ശേഷമുള്ള റീയൂനിയനാണ് സന്ദർഭം. കഥ ഫ്ലാഷ് ബാക്കിൽ. നാലാം ക്ലാസിൽ പഠിക്കുന്ന നാലു പേരുടെ കൂടെ ഒന്നാം ക്ലാസിൽ പഠിക്കുന്ന ചിത്തിര . തോണിയിൽ കയറുക എന്ന അതിയായ മോഹം മൂത്ത് ഒരു ദിവസം എല്ലാവരും കൂടി കിട്ടിയ ഒരു കുട്ടയിൽ ചിത്തിരയെ ഇരുത്തി തോട്ടിലൂടെ ഒഴുക്കിവിട്ടു. കൊട്ട മറിയണമല്ലോ, ചിത്തിര വെള്ളത്തിൽ വീഴണമല്ലോ.. പക്ഷേ ഭാഗ്യം അവൾ മരിച്ചില്ല. അത്രയെങ്കിലും വ്യത്യസ്തത വരുത്തിയല്ലോ.. നന്നായി. ഇങ്ങനെയൊക്കെ കഥയെഴുതാനുള്ള ധൈര്യവും ഉളുപ്പില്ലായ്മയുമൊക്കെ എവിടുന്നു കിട്ടുന്നു ആവോ.?
നാലാമത്തെ പൈങ്കിളിക്കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ സുധ തെക്കേമഠം എഴുതിയിട്ടുണ്ട്. പേര് നിലാവ് പൂക്കുമിടം. അനാഥയായ പെൺകുട്ടി , അവളെ ബലാൽസംഗം ചെയ്യുന്ന കശ്മലൻമാർ, അവളെ കല്യാണം കഴിച്ച് രക്ഷിക്കുന്ന നിഷ്കളങ്കൻ, എത്ര തവണ പറഞ്ഞു കഴിഞ്ഞതാണ് ഈ കഥ. കഥാപാത്രങ്ങൾക്കും സന്ദർഭങ്ങൾക്കും പോലും മാറ്റമില്ല. മോർച്ചറി സൂക്ഷിപ്പുകാരാവുമ്പോൾ ശവവും മരണവുമായി ഒരു പൊക്കിൾകൊടി ബന്ധമുണ്ടാവുമല്ലോ.. ഒടുവിൽ അവളുടെ പ്രസവത്തിന് നേരം വൈകിച്ച ഡോക്ടറുടെ ശവം വിസർജ്യങ്ങൾ കഴുകി വൃത്തിയാക്കുക എന്ന ക്ലൈമാക്സും. വയസനെ പോലെ കേറ്റം കേറുന്ന സ്കൂട്ടർ, മഴ കറുപ്പിച്ച ഉച്ച എന്നിങ്ങനെയുള്ള സാഹിത്യവുമായതോടെ കഥ പൂർത്തിയായി.. എഴുത്ത് ഒരു നേരമ്പോക്കു മാത്രമായി കണക്കാക്കുനവരോട് എന്തു പറഞ്ഞിട്ടെന്തിനാണ്.?
ദേശാഭിമാനിയിൽ അനൂപ് അന്നൂർ എഴുതിയ പ്രപഞ്ചത്തിൻ്റെ താക്കോൽ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും നന്നായി ആഖ്യാനം ചെയ്ത കഥയാണ്. ലോസ് ആഞ്ചൽസ് എന്ന പഴയ രണ്ടുനിലക്കെട്ടിടം മകളുടെ താൽപര്യത്തിനു വേണ്ടി വാങ്ങി പ്രപഞ്ചം എന്ന് പുനർനാമകരണം ചെയ്യുന്നുണ്ട് കഥയിൽ. ലോസ് ആഞ്ചൽസ് ഒരു നിരാശാഭരിതമായ പേരാണ് എന്നതിൽ മസ്നവിക്ക് തെല്ലും സംശയമുണ്ടായിരുന്നില്ല എന്ന് കഥാകൃത്ത് ഉറപ്പിച്ചു പറയുന്നുമുണ്ട്. മസ്നവി പക്ഷേ അലിമാഷോട് ഒന്നും പറയാതെ ഒരു രാത്രി ഹോസ്റ്റൽ മുറിയിൽ നിന്ന് എങ്ങോട്ടോ പോയ്ക്കളഞ്ഞു. എങ്കിലും അയാൾ അവളാഗ്രഹിച്ചതു പോലെ വീടു വാങ്ങി അതിനുള്ളിൽ പാർപ്പു തുടങ്ങി. ആ വീടും പറമ്പും മറ്റു പല ജീവികളും അവയുടെ വാസസ്ഥാനമാക്കി. ഇത്തരം കഥകളിലെ പതിവൊട്ടും തെറ്റിക്കാതെ പ്രപഞ്ചം വാങ്ങാനും റിയലെസ്റ്റേറ്റുകാർ പല തന്ത്രങ്ങളും പ്രയോഗിക്കുന്നുണ്ട്. ഒരു ദിവസം മസ്നവിയുടെ ഒരു കത്തു കിട്ടിയ അലി മാഷും വീടു പൂട്ടി പോയതോടെ പ്രപഞ്ചം മുഴുവൻ പല ജീവികൾ സ്വന്തമാക്കി. പ്രപഞ്ചത്തിൽ നിന്നും പല തരം മുഴക്കങ്ങൾ കേട്ടു തുടങ്ങിയതോടെ അതു തുറന്നു പരിശോധിച്ചെങ്കിലും ആർക്കും ഒന്നും കണ്ടെത്താനായില്ല. കഥ പറയുന്നത് അലിഗറിയായിട്ടാണ് എന്നത് കഥയെ ദുർബലമാക്കുന്നുണ്ട്. പ്രകൃതി / പ്രപഞ്ചം അതിനെ സ്വയം രക്ഷിക്കുവാൻ ശ്രമിക്കുമെന്നും മനുഷ്യന് അത് നോക്കി നിൽക്കാനേ കഴിയൂ എന്നുമാണ് കഥാകൃത്ത് പറയാനുദ്ദേശിച്ചതെങ്കിൽ അത് സംവേദനം ചെയ്യുന്നതിൽ കഥ വിജയിച്ചിട്ടില്ല.
മാധ്യമത്തിൽ എം എ ബൈജു എഴുതിയ വേട്ടക്കാരനും ഫോട്ടോഗ്രാഫറും സണ്ണി എന്ന ഫോറസ്റ്ററുടേയും വറീത് എന്ന ആന വേട്ടക്കാരൻ്റെയും കഥയാണ്. സണ്ണിയുടെ അപ്പനെ പണ്ടു കൊലപ്പെടുത്തിയ ആനയെ കൊന്നാൽ വറീതിന് പന്ത്രണ്ടു വയസുള്ള മാൻ മിഴി എന്ന പെൺകുട്ടിയാണ് ഓഫർ. വറീതിനോടൊപ്പം ആന വേട്ടക്കിടയിലെ അപൂർവ ഫോട്ടോയെടുക്കാൻ വന്നതാണ് കഥാനായകൻ. അയാളുടെ ദാരിദ്ര്യം കഥാകൃത്ത് പ്രത്യേകം പറയുന്നത് എന്തിനാണെന്ന് നമുക്ക് പിടി കിട്ടില്ല. ബൈജുവിൻ്റെ മറ്റു കഥകളിലെ പോലെ ഒടുവിൽ നന്മ ജയിക്കുകയും തിന്മ പരാജയപ്പെടുകയും ചെയ്യുന്നുണ്ട്. മറ്റൊരു തമാശയുള്ളത് മാൻ മിഴി എന്ന പെൺകുട്ടി കഥയിലെത്തുന്നതോടെ വായനക്കാരൻ്റെ പ്രശ്നം വറീത് ആനയെ വെടിവക്കുമോ, മാൻ മിഴിയെ അയാൾ എന്തു ചെയ്യും എന്നതായി മാറുന്നു എന്നതാണ്. കൃത്യമായി മലയാളിയെ കുരുക്കാനുള്ള മാർഗം ബൈജുവിന്നറിയാം. എന്നാലും ഇത്തരം ഗുണപാഠകഥകൾ നിർത്താനുള്ള പ്രായമൊക്കെ മലയാളത്തിനായി.
മാധ്യമത്തിൽ ഉണ്ണികൃഷ്ണൻ കളീക്കൽ എഴുതിയ മരച്ചക്ക് എന്ന കഥ ചന്ദ്രിക എന്ന യുവതിയുടെ കഥയാണ്. പണിക്കൊന്നും പോവാത്ത ബാബു എന്ന ഭർത്താവിനേയും കുടുംബത്തേയും പോറ്റാൻ മൂന്നു കിടപ്പു രോഗികളെ ശുശ്രൂഷിക്കുകയും ഒരു കാറ്ററിംഗ് യൂണിറ്റിൽ പണിയെടുക്കുകയും ചെയ്യുന്നുണ്ട് ചന്ദ്രിക. ഒരിക്കൽ ഇടിയനായിരുന്ന ഇടിക്കുള പോലീസിനെക്കുറിച്ചും കിടപ്പിലായിപ്പോയ ടീച്ചറെക്കുറിച്ചും ഹൈം ജംപ് റിക്കാർഡ് ഭേദിക്കാൻ ശ്രമിച്ചു വീണു പോയ പതിനെട്ടുകാരി പെൺകുട്ടിയെക്കുറിച്ചും കഥ സ്വാഭാവികമായി സംസാരിക്കുന്നു. ജോലിയൊന്നും ചെയ്യില്ലെങ്കിലും അവളുടെ ചാരിത്ര്യത്തിൽ സംശയാലുവായ ബാബുവിനെക്കുറിച്ചും പറയുന്നു. നന്നായി പറഞ്ഞ ഒരു ശരാശരി കഥയാണ് മരച്ചക്ക്. മരച്ചക്കിലാട്ടുന്ന സ്ത്രീ ജീവിതങ്ങളുടെ കഥ.
കലാപൂർണയിൽ വി ബി ജ്യോതിരാജിൻ്റെ ഓർമകളോടൊപ്പം അദ്ദേഹത്തിൻ്റെ ഒരു കഥയുമുണ്ട്. എൻ്റെ കൊറോണ ദിനങ്ങൾ. മഹാവ്യാധിക്കാലത്ത് ഒറ്റപ്പെട്ടു പോയ മനുഷ്യനെക്കുറിച്ചും അവൻ്റെ സന്ദേഹങ്ങളെക്കുറിച്ചും കഥ നമ്മോട് സംസാരിക്കുന്നു. സുകേതുവിൻ്റെ മുറിവ് എന്ന കഥ ചെറിയ കഥയുടെ ഉളി മൂർച്ച പൂർണമായി ഉൾക്കൊള്ളുന്നു.
എഴുത്തിൽ എഴുത്തു മാത്രം സ്വാധീനശക്തിയാവുന്ന ഒരന്തരീക്ഷം രൂപപ്പെടേണ്ടതുണ്ട്. അക്കാദമികേതരമായ കാരണങ്ങളൊന്നും തന്നെ എഴുത്തിനെ ബാധിച്ചു കൂടാ.. പാഴ്കിനാവാണെങ്കിലും അങ്ങനെയൊരു ഉട്ടോപ്പിയയെക്കുറിച്ച് നമുക്ക് സംസാരിക്കുകയെങ്കിലും ചെയ്യേണ്ടതുണ്ട്. അങ്ങനെ മാത്രമേ നമുക്ക് മുന്നോട്ടു സഞ്ചരിക്കാനാവുകയുള്ളൂ.