പ്രണയ ദ്വീപിലെ കപട വിപ്ലവം

മനുഷ്യനെന്നാൽ  സമൂഹമല്ലെന്നും കേവലം വ്യക്തികളാണെന്നുമുള്ള പാഠഭേദം മലയാള സാഹിത്യത്തിൽ വേരൂന്നിയിട്ട് ഏറെക്കാലമായി . വ്യക്തിയും സമൂഹവുമായുള്ള സംഘർഷത്തെ ബൈപാസ് ചെയ്യാനുള്ള ഒരു പ്രധാന ഉപാധി കൂടിയായി ഈ തന്ത്രം മാറുകയും ചെയ്തിട്ടുണ്ട്.അതുകൊണ്ടു തന്നെയാണ് സമൂഹം മുൻ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകളോ നിയമങ്ങളോ പുനഃപരിശോധിക്കുകയോ പരിഷ്കരിക്കുകയോ ചെയ്തിട്ടില്ലാത്തപ്പോഴും സമൂഹവുമായുള്ള ഏറ്റുമുട്ടലുകളിൽ നിന്ന് കഥ/സാഹിത്യം മാറി നിൽക്കുന്നത്. എന്നു മാത്രമല്ല മിക്കപ്പോഴും അത്തരം വ്യവസ്ഥകളോട് പൊരുത്തപ്പെടാനും സമവായത്തിൽ പോകാനും ശ്രമിക്കുന്നതും ഏറെക്കുറെ കഥകളുടെ പൊതു സ്വഭാവമാണ്. ഇത്തരത്തിലുള്ള ഒത്തുതീർപ്പുകൾക്ക് അനുവാചകനെ കൂടുതൽ വേഗത്തിൽ സ്വാനുഭവങ്ങളുമായി ബന്ധപ്പെടുത്താൻ സാധിക്കുന്നു. അത്തരം ബന്ധപ്പെടുത്തലുകളാണല്ലോ എല്ലായ്പോഴും വായനയുടെ പാത നിർണയിക്കുന്നത്.പുതിയ വ്യവസ്ഥകളെ വിഭാവനം ചെയ്യുന്നതിനു പകരം നിലവിലുള്ളവയോട് ഒത്തുതീർപ്പിലെത്തുക എന്നത് ഒരു കാലത്തും സാഹിത്യത്തിൻ്റെ പ്രവർത്തന പദ്ധതിയായിക്കൂടാ. എന്നാൽ ഏറ്റവും പുതിയ കാലത്ത് നാം ഈ നിലപാടിൽ നിന്നു പോലും വിട്ടു പോവുകയാണ്. മനുഷ്യനെന്നത് കേവലം വ്യക്തിയാണെന്നും ആ വ്യക്തി എല്ലായ്പോഴും അവനവനെ / അവളവളെക്കുറിച്ചു മാത്രം ചിന്തിക്കുന്നു എന്നുമാണ് പുതിയ കാഴ്ചപ്പാട്.  സ്വയം പൂരണത്തിൻ്റെ വിവിധ സാധ്യതകളെക്കുറിച്ച് മാത്രം ചിന്തിക്കുന്ന അവന്/അവൾക്ക് അത് ശരീരത്തെക്കുറിച്ചുള്ള വേവലാതികൾ മാത്രമായിത്തീരുകയും ചെയ്യുന്നു. ഇത്തരം കഥകൾ കൂട്ടം ചേർന്ന് ഇതാണ് ശരി, ഇങ്ങനെയാണ് ശരി എന്ന് ആർപ്പുവിളിച്ച് മറ്റു ശബ്ദങ്ങളെ അപ്രസക്തമാക്കുകയും ചെയ്യുന്നു.

മാതൃഭൂമിയിൽ സന്തോഷ് ഏച്ചിക്കാനം എഴുതിയ Isla de San valentin അഥവാ സെയിൻ്റ് വാലൻ്റീൻ ദ്വീപ് എന്ന കഥ യഥാർഥത്തിൽ മലയാള കഥ എത്തി നിൽക്കുന്ന ഏറ്റവും പുതിയ സ്ഥാനത്തെ അടയാളപ്പെടുത്തുന്നു. വ്യക്തിയുടെ എല്ലാ സംഘർഷങ്ങളുടേയും അടിസ്ഥാനം ലൈംഗികതയിലാണ് എന്ന ഫ്രോയിഡിയൻ മനോവിശ്ലേഷണ സിദ്ധാന്തത്തിൽ നിന്ന് മലയാളി എഴുത്തുകാർ ഇപ്പോഴും മുന്നോട്ടു നീങ്ങിയിട്ടില്ല. അതവിടെ നിൽക്കട്ടെ, മനുഷ്യൻ്റെ പ്രശ്നം ‘ലിംഗപര ‘മാണെന്ന സിദ്ധാന്തത്തിൽ അടിയുറച്ചു വിശ്വസിക്കാൻ എഴുത്തുകാരന് അവകാശമുണ്ട്. പക്ഷേ ഈ കഥ മുന്നോട്ടുവക്കുന്നത് കുറേക്കൂടി വ്യാപനശേഷിയുള്ള നിലപാടാണ്. മനുഷ്യർ തമ്മിലുള്ള ശരീരസംബന്ധിയായ ഏർപ്പാടുകൾ ഏറെക്കുറെ പൂർണമായും വ്യക്തിപരമാണ്. അതിൻമേൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സമൂഹത്തിൻ്റെ സുഗമമായ പ്രവർത്തനത്തിനു വേണ്ടിയാണ് താനും. ഇത്തരം നിയന്ത്രണങ്ങളുടേയും വ്യവസ്ഥകളുടേയും പേരിൽ വ്യക്തിയും സമൂഹവും തമ്മിലുണ്ടാവേണ്ട സംഘർഷത്തിലാണ് കഥയുടെ സ്ഥാനം നിലനിൽക്കുന്നത്. സമൂഹം വ്യക്തിയെയും മറിച്ചും കീഴടക്കുവാൻ ശ്രമിക്കുന്നതാണ് ആ ഉരസലിൻ്റെ അടിസ്ഥാനം എന്നും സാമാന്യേന നിശ്ചയിക്കാം. കഥയിൽ പക്ഷേ എഴുത്തുകാരൻ ശ്രമിക്കുന്നത് വിവാഹം എന്ന സ്ഥാപനത്തെ നിലനിർത്തിക്കൊണ്ടു തന്നെ ലൈംഗികതയിൽ സ്വാതന്ത്ര്യം വേണമെന്ന വിചിത്രമായ വാദത്തെ സ്ഥാപിക്കാനാണ്.  സ്ത്രീക്കോ പുരുഷനോ വിവാഹ ജീവിതം  ദുസാധ്യമാണെങ്കിൽ അതിൽ നിന്ന് മോചനം നേടുകയും സ്വതന്ത്ര ലൈംഗികത പിന്തുടരുകയുമാണ് ശരിയായ രീതി. കഥാകൃത്ത് ശ്രമിക്കുന്നത് പക്ഷേ പരമ്പരാഗത കുടുംബസങ്കല്പങ്ങളേയും അതിൻ്റെ തുടർച്ചയായ (ക്രിസ്ത്യൻ ) പാപബോധത്തേയും അവലംബിച്ചുള്ള നിലപാട് സ്ഥാപിക്കാനാണ്. അതാവട്ടെ ഏറ്റവും പഴഞ്ചനായ കഥാ വസ്തുവുമാണ്. ബൈബിളിലാണല്ലോ ആദ്യത്തെ പിതൃ പുത്രീ ലൈംഗികത രേഖപ്പെടുത്തിയിട്ടുള്ളത്. പുത്രഭാര്യ ശ്വശ്വരനെ പ്രാപിക്കുന്ന കഥ ഏറ്റവുമൊടുവിൽ വിനോയ് തോമസ് പുറ്റ് എന്ന നോവലിൽ വിശദമായി പറയുന്നുണ്ട്. അതേ സമയം പാപത്തിൻ്റെ ശമ്പളം മരണമത്രേ എന്ന ബിബ്ലിക്കൽ സങ്കല്പത്തെ പൂർണമായും പിന്തുണക്കുന്നു എന്നതാണ് കഥയിലെ ഏറ്റവും വലിയ പിന്തിരിപ്പൻ നിലപാട്. അതാവട്ടെ പാപിയായ സ്ത്രീ ഉപേക്ഷിക്കപ്പെടേണ്ടവളാണ് എന്ന പരമ്പരാഗതമായ സാമൂഹ്യ നിലപാടിൽ തന്നെ ഇടിച്ചു നിൽക്കുകയും ചെയ്യുന്നു. സ്ത്രീ പുരുഷൻ്റെ ഇംഗിതങ്ങൾക്ക് വഴങ്ങേണ്ടവളാണെന്നും  അതല്ലാതെയുള്ള ശ്രമങ്ങൾക്ക് അവൾ പിഴയൊടുക്കേണ്ടി വരുമെന്നും തന്നെയാണ് ഈ കഥയും വിപരീത ദിശയിൽ പറഞ്ഞു വക്കുന്നത്. തുറന്നു വച്ച ലാപ് ടോപ്പിൻ്റെ ഉപമയൊക്കെ സ്ത്രീ എന്നാൽ എന്താണെന്ന കഥയുടെ നിലപാടിനെ ശരിക്കും വ്യക്തമാക്കുന്നുണ്ട്. ഈ കഥക്ക് ഒരു മറുവശം കൂടിയുണ്ട്. മകൻ്റെ ഭാര്യയെ പിതാവ് ലൈംഗികമായി സമീപിച്ചാലെന്തായിരിക്കും നമ്മുടെ നിലപാട് എന്നതും ശീർഷാസന ചോദ്യമാണത്. അയാളുടെ ഭാര്യയിൽ അയാൾ അസംതൃപ്തനായിരിക്കുകയോ ഭാര്യയില്ലാതിരിക്കുകയോ ചെയ്യുന്ന സാഹചര്യത്തിൽ ആ നടപടി താർക്കിക യുക്തി പ്രകാരം ന്യായമാണല്ലോ.. പ്രേമത്തിൻ്റെ പൂർണതക്കു വേണ്ടിയുള്ള ശ്രമമാണ് അതെന്ന് സമ്മതിക്കുമോ എഴുത്തുകാരൻ / വായനക്കാരൻ.?  സംഗതി ഇത്രയുള്ളൂ. മുഖ്യധാരാ സാഹിത്യത്തേക്കാൾ വൻ വളർച്ചയുള്ള ഒരു സാഹിത്യ ശാഖയുണ്ട് അധോലോകത്ത് .. അവിടെ ഏറ്റവും കൂടുതൽ ഡിമാൻറുള്ളത് ഇത്തരം കഥകൾക്കാണ്. നമ്മുടെ കഥാ സാഹിത്യം അങ്ങനെ അതിരുകൾ മറി കടക്കുകയാണ്. മംഗളം ഭവിക്കട്ടെ.

മാധ്യമത്തിൽ കി. രാജ നാരായണൻ്റെ സന്തോഷം എന്ന തമിഴ് കഥ പി.രാമൻ തർജ്ജമ ചെയ്തിട്ടുണ്ട്. പാരമ്പര്യത്തെക്കുറിച്ചുള്ള പൊങ്ങച്ചങ്ങളും അതിനു കടകവിരുദ്ധമായ ജീവിത യാഥാർഥ്യങ്ങളും എങ്ങനെയാണ് സാധാരണ ജീവിതങ്ങളെ ബാധിക്കുന്നത് എന്ന് കഥ വിശകലനം ചെയ്യുന്നു. തമിഴ്‌ ജീവിതത്തിലെ അടിസ്ഥാന വിഭാഗങ്ങളെ പരിചയപ്പെടാൻ നമുക്കിത്തരം കഥകൾ ആവശ്യമാണ്. വി. സുരേഷ് കുമാർ എഴുതിയ ഒരു സമുറായിയുടെ ജീവിതക്കളികൾ എന്ന കഥ ദളിതനായ ഒരു ചെറുപ്പക്കാരൻ നേരിടുന്ന പ്രതിസന്ധികളാണ്. ഫുട്ബാൾ കളിക്കാരനും നർത്തകനുമായ അവനെതിരെ നാട്ടിലെ ഉന്നതകുലജാതർ നടത്തുന്ന പ്രതികാര നീക്കങ്ങളാണ് കഥ. അവൻ്റെ കാലിൻ്റെ മാന്ത്രികതയിലും നൃത്തച്ചുവടുകളുടെ മായികതയിലും മയങ്ങിയ സ്ത്രീകളും പെൺകുട്ടികളും അവൻ്റെ ആരാധകരായിത്തീർന്നപ്പോൾ മറ്റുള്ളവർക്കത് അസഹ്യമായി.അവരവനെതിരെ ചെയ്യാവുന്നതെല്ലാം ചെയ്തു. ഒടുവിൽ കൊന്നുകളഞ്ഞു. നമ്മുടെ വെളുത്ത സ്ത്രീകളെ ആ കറുത്തവൻ കയ്യിലെടുക്കുന്നു എന്നതായിരുന്നു അന്നാട്ടിലെ സവർണരുടെ വേവലാതി. നന്നായി പറഞ്ഞ കഥയാണ് ശൈലൻ്റേത്. പക്ഷേ കറുത്ത ശൈലനെ സൃഷ്ടിക്കുന്ന കഥാകൃത്തും അവൻ്റെ കറുപ്പിനെ പ്രശ്നവൽക്കരിക്കുന്നുണ്ട്. കറുപ്പ് കുറ്റവാളിയുടെ നിറമാണ് എന്ന നിലപാടിൽ നിന്ന് കഥാകൃത്തിനും മോചനമില്ല. മറ്റൊന്ന് അത്യാഖ്യാനമാണ്.. കഥ എന്ന നിലക്ക് ഇതിൻ്റെ പകുതി സംഭവങ്ങൾ തന്നെ മതിയാവുമായിരുന്നു.എന്നാലും ഈ ആഴ്ചയിലെ നല്ല കഥയാണ് വി സുരേഷ് കുമാർ നമുക്കു നൽകിയത്.

ദേശാഭിമാനിയിൽ എസ് അനിലാൽ  എഴുതിയ ഫിത്ർ സക്കാത്ത് കൂറ്റൻ ട്രക്കുകളോട്  അതിയായ പ്രിയമുള്ള അമൻ എന്ന മനുഷ്യനെ മുൻനിർത്തി പറയുന്ന രാഷ്ട്രീയ കഥയാണ്. എല്ലാ രാജ്യങ്ങളിലും എല്ലാ നഗരങ്ങളിലും നിഷ്കാസിതരാവുന്ന ചിലരുണ്ടാവുന്നതും അവർ അപരിചിതമായ ജീവിത വഴികളിലൂടെ സഞ്ചരിക്കുന്നതും ഏതു വ്യവസ്ഥയുടെ ഉൽപന്നമാണ് എന്ന അന്വേഷണമാണ് ഈ കഥ. ഒരിടത്തും സ്ഥിരം താമസിക്കാൻ കഴിയാത്ത നാടോടി ജന്മങ്ങളുണ്ടാവുന്നത് സാമൂഹ്യവും രാഷ്ട്രീയവുമായ ഒരു പാടു വിശദീകരണങ്ങൾ ആവശ്യപ്പെടുന്ന സങ്കീർണമായ പ്രശ്നമാണ്. എന്നാൽ ആഖ്യാനത്തിൻ്റെ കാര്യത്തിൽ കഥാകൃത്ത് കുറച്ചു കൂടി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പ്രമേയത്തിൻ്റെ കേവലാഖ്യാനം മാത്രമല്ലല്ലോ കഥ. അനിലാലിന് അഭിവാദ്യങ്ങൾ.

മലയാളം വാരികയിൽ കെഎസ് പ്രേമൻ എഴുതിയ ബയോ ഹാർവസ്റ്റ് എന്ന കഥ വാസ്തവത്തിൽ ഗോത്ര ജനതയുടെ ജീവിതത്തിനു മേൽ ബാഹ്യലോകം നടത്തുന്ന കടന്നുകയറ്റങ്ങളെക്കുറിച്ചുള്ള കഥയാണെന്നാണ് മനസിലാക്കുന്നത്. കയ്മ, അയാളുടെ ഭാര്യ മാര, അവരുടെ വളർത്തു കുരങ്ങൻ മുത്തു. എന്നിവരിലൂടെയാണ് കഥ വളരുന്നത്.  വയനാട്ടിലെ ആദിവാസി ജീവിതങ്ങൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പറയാൻ തുടങ്ങിയ കഥാകൃത്ത് പക്ഷേ ചെന്നു നിൽക്കുന്നത് മുത്തുവിന് ഇണയുടെ ആവശ്യകതയെക്കുറിച്ചുള്ള വിശദീകരണത്തിലും രാത്രി കാടിറങ്ങി വന്ന കൊമ്പൻ്റെ രതി രാഹിത്യത്തെക്കുറിച്ചുള്ള വിശദീകരണത്തിലുമൊക്കെയാണ്. ഹ്രസ്വ സിനിമകൾക്കുള്ള കഥകൾ പോലെ ദൃശ്യത്തിൻ്റെ വിശദാംശങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന എഴുത്ത് കഥയുടെ ജീവൻ നശിപ്പിക്കും എന്ന കാര്യം കഥാകൃത്ത് ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നി.

കലാകൗമുദിയിൽ മേജറിൻ്റെ മീനുകൾ എന്ന പേരിൽ ഒരു കൊറോണ സ്പഷൽ കഥയുണ്ട (എം. എ നിഷാദ്). പ്രത്യേകിച്ചൊന്നും പറയാനില്ല… നേരം പോക്കിന് ഒരേർപ്പാട്. അത്രേയുള്ളൂ.

ട്രൂ കോപ്പി വെബ് സീനിൽ ശ്രുതിൽ മാത്യു എഴുതിയ ഊത്ത  എന്ന കഥയുണ്ട്. ഈ കഥയുടെ പ്രമേയത്തെക്കുറിച്ചോ അതിൻ്റെ പ്രസക്തിയെക്കുറിച്ചോ യാതൊന്നും പറയാൻ ശ്രമിക്കുന്നില്ല. എന്നാൽ ഇതിലെ ഭാഷയെക്കുറിച്ച് പറഞ്ഞേ മതിയാവൂ. ഭാഷയുടെയും ആഖ്യാനത്തിൻ്റേയും ഉദ്ദേശ്യം ആശയസംവേദനമാണ്. അതിനു സാധിക്കാത്തിടത്തോളം ഭാഷ മൃതവുമാണ്. ഈ കഥയിൽ ഉപയോഗിച്ചിട്ടുള്ള പ്രാദേശിക സംസാരഭാഷ ഒരു വിധം മലയാളികൾക്ക് പരിചിതമല്ല. പ്രാദേശിക ഭാഷകൾ കഥയിൽ വരുന്നത് നല്ലതാണ്. അതു വഴിയാണ് അത്തരം സംസ്കാരങ്ങളെക്കുറിച്ച് നമുക്കറിയാനാവുക. പക്ഷേ അപ്പോഴൊക്കെയും സംവേദനക്ഷമതക്കു തന്നെയാവണം മുൻതൂക്കം.

കഥകൾക്കു നിലപാടുണ്ടാവണമെങ്കിൽ ആദ്യം കഥാകൃത്തുക്കൾക്കു നിലപാടുകൾ ഉണ്ടാവേണ്ടതുണ്ട്. കൃത്യമായ രാഷ്ട്രീയ ബോധ്യവും തികഞ്ഞ സത്യസന്ധതയുമുണ്ടായാൽ മാത്രമേ അത്തരത്തിൽ നിലപാടുകൾ സ്വീകരിക്കാൻ സാധിക്കുകയുമുള്ളൂ. വെറും നേരമ്പോക്കായി എഴുത്തിനെ കാണുകയും സ്വന്തം സേഫ് സോണിൽ നിന്നു കൊണ്ടു മാത്രം എഴുത്ത് നടത്തുകയും ചെയ്യുന്നവരിൽ നിന്ന് സാഹിത്യം മുക്തമാവുമെന്നു തന്നെ കരുതുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account