താങ്ങുമരങ്ങളിൽ ചാരുന്ന കഥകൾ

കഥയെഴുതുക എന്നതിന് പുതിയ ചിലത് സൃഷ്ടിക്കുക എന്നു തന്നെയാണ് അർഥം. കേവലം കഥാപാത്രങ്ങളെ കണ്ടെത്തി അവരുടെ നാവിൽ നാലു ഡയലോഗും ചേർത്ത് ചിരപരിചിതവും സാധാരണവുമായ ജീവിതക്കാഴ്ചകളെ യഥാതഥമായി അവതരിപ്പിക്കലല്ല കഥ. പുതിയ ജീവിത സങ്കല്പങ്ങളെ, സൗന്ദര്യ ശാസ്ത്രപരമായ നവീന നിലപാടുകളെ, അപരിചിതവും അചിന്ത്യവുമായ സന്ദർഭങ്ങളെ ഒക്കെയും സൃഷ്ടിക്കുവാൻ പ്രാപ്തമാകുമ്പോഴാണ് കഥ കഥയാവുന്നത്. സ്രഷ്ടാവാണ് എഴുത്തുകാരൻ. ആ സൃഷ്ടിയിൽ മുൻഗാമികളുടെ സ്വാധീനമുണ്ടാവാം. പക്ഷേ അവർ നിർമിച്ച കഥാപാത്രങ്ങളുടെ നട്ടെല്ലിൻമേൽ ചാരി നിൽക്കുന്നത് പക്ഷേ ശരിയല്ല. മലയാളത്തിലെ കഥകളിൽ പലപ്പോഴും ഇത്തരം ചാരി നിൽക്കൽ ശ്രമങ്ങൾ കാണാം.. മഹാഭാരതത്തെ അവലംബിക്കുക, ചരിത്ര വസ്തുതകളെ പശ്ചാത്തലത്തിൽ നിർത്തുക,  മിത്തുകൾ, ആചാരങ്ങൾ തുടങ്ങിയവയെ ആശ്രയിക്കുക എന്നിങ്ങനെ ഈ സൂത്രപ്പണി പലതരത്തിലും അരങ്ങേറുന്നുണ്ട്. അത്തരം മുൻപരിചയമുള്ള ഘടകങ്ങൾക്ക് നിലവിൽ അനുവാചകർക്കിടയിലുള്ള വൈകാരിക സ്വാധീനം ഇത്തരം കഥകൾക്ക് കൂടുതൽ സ്വീകാര്യതയുണ്ടാകാൻ കാരണമാകുന്നു. രസകരമായ കാര്യം ഈ മിത്തുകളൊക്കെയും നമ്മുടെ മുൻഗാമികളുടെ കഥകളായിരുന്നു. അത്തരത്തിലൊന്ന് നിർമിച്ചെടുക്കാനുള്ള ഭാവനാശേഷിയോ സർഗശേഷിയോ ഇല്ലാത്തതുകൊണ്ടാണ് നമുക്ക് അവരെ പിന്നെയും പിന്നെയും അനുകരിക്കേണ്ടി വരുന്നത്. മറ്റൊരു കാരണം യഥാർഥത്തിലുള്ള കഥയില്ലായ്മയാണ്. സുരക്ഷിതമായ ജീവിത സാഹചര്യങ്ങൾ നിലനിർത്തിക്കൊണ്ടു മാത്രം സർഗപ്രക്രിയയിൽ ഏർപ്പെടുന്നവരാണ് മിക്കവാറും എല്ലാ വർത്തമാനകാല എഴുത്തുകാരും. അതു കൊണ്ടു തന്നെ സർവർക്കും സ്വീകാര്യമായ ഒരു പൊതു പാതയിലൂടെയുള്ള എഴുത്തു യാത്രയല്ലാതെ മറ്റെന്താണ് അവർക്കു ചെയ്യാനാവുക.

മലയാളം വാരികയിൽ പി എസ് റഫീഖ് എഴുതിയ  “പാപ്പമ്മയുടെ പുരുഷൻ ” ആർദ്രമായി പറഞ്ഞ കഥയാണ്. മാത്സര്യവും സ്വാർഥതയും മാത്രം വിളയാടി നടക്കുന്ന മൈതാനമാണ് ജീവിതം എന്ന പതിവു കാഴ്ചപ്പാടിൽ നിന്ന് മാറി നടക്കുന്നു ഈ കഥ. ഭർത്താവിന് മരിച്ചു പോയ ആദ്യഭാര്യയിലുള്ള  മന്ദബുദ്ധിയായ മകനും പാപ്പമ്മ എന്ന രണ്ടാം ഭാര്യയുമായുള്ള ബന്ധമാണ് കഥയുടെ  തന്തു. അവനെ അവൾ കുളിപ്പിച്ച് ഭക്ഷണം കൊടുത്ത് പാഠം ചൊല്ലിക്കൊടുത്ത് മെല്ലെ മെല്ലെ മനുഷ്യനാക്കി / പുരുഷനാക്കി മാറ്റുന്നു. സർക്കസ് കൂടാരത്തിൽ സിംഹത്തിനു തീറ്റ കൊണ്ടു ചെല്ലുന്നവർക്ക് സൗജന്യ ടിക്കറ്റ് നൽകുന്നതറിഞ്ഞ് നാട്ടുകാർ മുഴുവൻ പൂച്ചകളേയും കോഴികളേയും പിടിച്ച് കൊണ്ടു പോകുമ്പോൾ  ആദിനാഥനു മാത്രം പൂച്ചകളെ പിടിക്കാൻ കിട്ടുന്നില്ല. പൊങ്കൽ ദിവസം പണിത്തിരക്കൊഴിഞ്ഞ പാപ്പമ്മ നോക്കുമ്പോൾ ആദിനാഥനേയും ചെറിയ കുഞ്ഞിനേയും കാണുന്നില്ല. വായനക്കാരൻ തീർച്ചയായും കരുതുന്നത് ചെക്കൻ കുഞ്ഞിനെ സിംഹത്തിന് കൊടുത്ത് ടിക്കറ്റ് വാങ്ങുമെന്നു തന്നെയാണ്. ആ ആശങ്കയെ വളർത്തി കഥാകൃത്ത് കഥയുടെ അവസാനം അപ്രതീക്ഷിതമായ ട്വിസ്റ്റ് ഉണ്ടാക്കുന്നു. നമ്മുടെ ഓരോരുത്തരുടേയും ഉള്ളിൽ ഒരു സിംഹം ചുര മാന്തുന്നുണ്ട് എന്നും അത് ഇറങ്ങിപ്പോകുന്ന കാലം വരുമെന്നും റഫീഖ് പ്രതീക്ഷിക്കുന്നു. ഒരിക്കലുമവസാനിക്കാത്ത മനുഷ്യനന്മയെക്കുറിച്ച് സംസാരിക്കുന്നു എന്നതുകൊണ്ടുതന്നെയാണ് പാപ്പമ്മയുടെ പുരുഷൻ നല്ല കഥയാവുന്നത്.

മാധ്യമത്തിൽ മൂന്നു കഥകളുണ്ട്. വി ദിലീപ് എഴുതിയ സിജു, മധു തൃപ്പെരുംതുറയുടെ ബാൽപാണ്ടി. ഡോ. അഖില കെ.എസ് എഴുതിയ അഹാരിയുടെ നൂൽപ്പാവകൾ എന്നിവ. സിജു എന്ന കഥ സിജു എന്ന് വ്യാജപ്പേരുള്ള ഒരാൾ അനംഗ എന്നു പേരുള്ള കോടീശ്വരനായ രവി ചന്ദ്രൻ്റെ മകളെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടുന്നതാണ് കഥ. മറ്റു നിരവധി തിരക്കുകളുള്ള രവിചന്ദ്രന് സിജുവിൻ്റെ ഫോണിന് മറുപടി പറയാൻ തന്നെ നേരമില്ല. അതാണ് കഥയുടെ മർമം.ദിലീപിൻ്റെ സിനിമാ പ്രാന്തൻ കഥയിൽ നിന്നും ഈ കഥയിലേക്ക് വലിയ ദൂരമൊന്നുമില്ല.പ്രത്യേകിച്ചൊന്നും പറയാനില്ലാതിരിക്കുക, അപ്പോൾ എന്തൊക്കെയോ പറയുക, അത്ര തന്നെ. ചുരുങ്ങിയത് ഒരു കഥയുണ്ടാവണമല്ലോ കഥയിൽ.ഈ കഥ ഒ. ഹെൻറിയുടെ Ransome of Red chief ൻ്റെ ദുർബലാനുകരണമാണ് എന്ന് തോന്നുന്നത് തെറ്റൊന്നുമല്ല. അനുകരിക്കുന്നത് കുറ്റമൊന്നുമല്ല, പക്ഷേ അതു മോഷണമാകരുത് . റഫീഖിന് അതിൻ്റെ ആവശ്യമില്ല. അഖിലയുടെ കഥ, അഹാരിയുടെ നൂൽപ്പാവകൾ നന്നായി പറയാമായിരുന്ന കഥയാണ്. പക്ഷേ ഒട്ടും ഹോം വർക്ക് ചെയ്യാതെ ആ കഥയെ നശിപ്പിച്ചു കളഞ്ഞു കഥാകൃത്ത്. ദേവിക്ക് ബലി കൊടുക്കാൻ വേണ്ടി ലക്ഷണമൊത്ത പുരുഷൻമാരെ താമസിപ്പിക്കുന്ന പ്രേതങ്ങൾ താമസിക്കുന്ന ഒരു സമ്പന്ന കോളനിയിലാണ് കഥ സംഭവിക്കുന്നത്. കഥയിലെ നായകൻ പറയും പോലെ തന്നെ കഥയിലാകെ ഒരു ദുരൂഹത, അതാവട്ടെ വായനക്കാരനോട് സംവദിക്കുന്നുമില്ല. മധു തൃപ്പെരുന്തുറയുടെ ബാൽ പാണ്ടി തമിഴ്നാട്ടിലെ കൂന്തം കുളത്തിൽ ചെന്ന് ബാൽപാണ്ടി എന്നയാളെ സന്ദർശിക്കുന്ന കഥയാണ്. മൺ ചുമരിൽ ആണിയിൽ തൂങ്ങി ആത്മഹത്യ ചെയ്ത മനുഷ്യരെപ്പോലെ ചിത്രങ്ങൾ ഞാന്നു കിടന്നു എന്നൊക്കെയുള്ള കൃത്രിമത്തം പ്രകടമാക്കുന്ന പ്രയോഗങ്ങൾ കഥക്ക് പ്രത്യേകിച്ചൊന്നും സംഭാവന ചെയ്യുന്നില്ല.  കഥ നിലനിൽക്കുന്നത് തലൈക്കുത്തൽ എന്ന തമിഴ് നാട്ടിലെ വൃദ്ധഹത്യ എന്ന ആചാരത്തിലാണ്. ഈ സംഗതിയെക്കുറിച്ച് കഴിഞ്ഞ രണ്ടു വർഷം കൊണ്ട് മലയാളത്തിൽ നിരവധി കഥകൾ വന്നു കഴിഞ്ഞു. എന്നു മാത്രമല്ല ഇപ്പോൾ ‘ഈ സംഗതി തമിഴ്നാട്ടിൽ പോലുമില്ല താനും. ഇത്തരം മിത്തുകളെക്കുറിച്ചെഴുതിയാൽ അവ നൽകുന്ന പൂർവ പാഠങ്ങളുടെ പിന്തുണ കഥക്കു കിട്ടും എന്നതാണ് ഇത്തരം കഥകളുടെ പിന്നിലെ താൽപര്യം. ബാൽ പാണ്ടിയിലെ ആഖ്യാനം കഥയെ പാരായണ ക്ഷമമാക്കുന്നുണ്ട്. അപ്പോഴും കഥ പഴയതാണെന്നും കഥയില്ലായ്മയാണെന്നുമുള്ള കുറവ് പരിഹരിക്കപ്പെടുന്നില്ല.

പ്രസാധകൻ മാസികയിൽ മധു തൃപ്പെരുന്തുറ എഴുതിയ ചാവുകടൽ എന്ന കഥ ആലപ്പാട്ടെ കരിമണൽ ഖനനവുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചാണ്. പക്ഷേ അതിലും പുതിയതൊന്നും പറയാനില്ല കഥാകൃത്തിന്. രാഷ്ട്രീയക്കാരുടെ കാലുമാറ്റവും അതിനിടയിൽ പെട്ടു പോകുന്ന സത്യസന്ധനായ ഒരു സഖാവുമൊക്കെത്തന്നെ. അയാളുടെ ഭാര്യയും കുഞ്ഞും ഈ ചൂഷണത്തിൻ്റെ പരോക്ഷ ഇരകളുമാവുന്നതോടെ മെലോ ഡ്രാമ പൂർത്തിയാകുന്നു.

പ്രസാധകനിൽ കണക്കൂർ ആർ സുരേഷ് കുമാർ എഴുതിയ കൽക്കത്തി ബാൽപാണ്ടിയിലെ പോലെ മറ്റൊരു മിത്തിലാണ് പിടിച്ചു നിൽക്കുന്നത്. ജലസമാധി . ഉത്തര പ്രദേശിലെ ചില പ്രത്യേക സമുദായങ്ങൾ അവരുടെ വൃദ്ധപിതാക്കളെ നേരിട്ട് സ്വർഗത്തിൽ പ്രവേശിക്കാവുന്ന ജലസമാധിക്ക് വിധിക്കാറുണ്ട് എന്നാണ് കഥാകൃത്ത് പറയുന്നത്. ശരിയായിരിക്കാം.. പക്ഷേ ചോദ്യമിതാണ്. പുത്രൻമാരാൽ സംരക്ഷിക്കപ്പെടേണ്ടതാണ് വാർദ്ധക്യം എന്ന ആശയത്തിന് ഇനിയുള്ള കാലം എന്താണ് പ്രസക്തി? ബദലുകളല്ലേ കഥകളിൽ നമുക്കു കാണാനാവേണ്ടത്..? എന്നാലും നല്ല ആഖ്യാനമാണ് കൽക്കത്തിയുടേത്. വായനാസുഖമുണ്ട്.

ദേശാഭിമാനിയിൽ ബഷീർ മേച്ചേരി എഴുതിയ ഘാതകം ഒരു കഥ എങ്ങനെ നശിപ്പിക്കാം എന്നതിന് മാതൃകയാണ്. കഥയാണെങ്കിൽ അതിലിത്തിരി കലാപവും കൊലപാതകവും വേണമെന്ന് അദ്ദേഹത്തിന് നിർബന്ധമാണ്. അത് ഹിന്ദുവും മുസ്ലീമും തമ്മിലുള്ള സൗഹൃദം ഊന്നിപ്പറഞ്ഞിട്ടാവണം എന്നതും നിർബന്ധം. കഥ മുഴുവൻ വായിച്ചിട്ടും വിനുവിനേയും മുൻഷിറിനേയും ആക്രമിച്ച കലാപം എന്തിനായിരുന്നു എന്നു പിടി കിട്ടിയില്ല. അതോ ദേശാഭിമാനിയിലാവുമ്പോൾ അങ്ങനെ വേണമെന്ന് കഥാകൃത്ത് ധരിച്ചു വശായതോ.? ആവോ.?

കലാകൗമുദിയിൽ ജേക്കബ് എബ്രഹാം എഴുതിയ ദു:ഖിതരുടെ തീർഥാടനങ്ങൾ അമ്മയുടെ ദുർനടപ്പിൽ മനസും ശരീരവും നൊന്ത ഒരു പെൺകുട്ടി അപ്പൻ മരിച്ച ശേഷം അവർക്കു വിഷം കൊടുത്ത് കൊല്ലുകയും പിന്നീട് ആ പാപത്തിൽ നിന്ന് മോചനം നേടാൻ / ശാന്തി കിട്ടാൻ തീർഥാടനത്തിനു പോവുകയും ചെയ്യുന്ന കഥയാണ്. ദുർനടപ്പ്, പാപം, തുടങ്ങിയ വിക്ടോറിയൻ / കൃസ്ത്യൻ സദാചാര നിലപാടുകളിൽ നിന്ന് ഒരു മാറ്റവും കഥയുടെ പരിഗണനയിലില്ല.  പവിത്രമായ കുടുംബ സങ്കല്പങ്ങളിൽ വിശ്വസിക്കാനും അവയെ പിന്തുടരാനും കഥാകൃത്തിന് തീർച്ചയായും അവകാശമുണ്ട്. എന്നാൽ സ്കൂളിലെ തല്ലിപ്പൊളി വിദ്യാർഥിക്ക് നാട്ടിലെ അധോലോകങ്ങളുമായി ബന്ധമുണ്ടെന്ന പൊതുബോധത്തെ ചേർത്തു പിടിക്കാൻ കഥാകൃത്ത് നടത്തുന്ന അബോധപൂർവമായ ശ്രമത്തെ ന്യായീകരിക്കുക എളുപ്പമല്ല. കലാകൗമുദിയിൽ അച്യുതം രാജീവൻ എഴുതിയ പുലിമറിച്ചാൻ എന്ന കഥ കാട്ടിലെ ഗതികെട്ട പുലി നാട്ടിൽ അഭയാർഥിയായി വരുന്നത് സംബന്ധിച്ചാണ്. നല്ല ഭാഷയിൽ എഴുതിയ ഒരു തമാശക്കഥ. ബഷീർ കഥകളുടെ സ്വാധീനത്തിൽ എഴുതിപ്പോയതാവും കഥാകൃത്ത്.

മാതൃഭൂമിയിൽ കെ.പി രാമനുണ്ണിയുടെ സർവൈലൻസ് പേരിൽ മാത്രമാണ് ആധുനികമാവുന്നത്. പ്രസിദ്ധരുടെ പീഡന കഥ ഇനി താനായിട്ട് എഴുതിയില്ലെന്നു വേണ്ട എന്നു കരുതിയായിരിക്കും അദ്ദേഹം ഈ സാഹസം ചെയ്തത്. ഓൺലൈനിലുള്ള ചില ജനപ്രിയ മാധ്യമങ്ങളിൽ പ്രത്യേകിച്ച് വിലാസമൊന്നുമില്ലാത്ത ചിലർ എഴുതുന്ന സാധാരണ പൈങ്കിളിക്കഥ എഴുതേണ്ട ഗതികേട് രാമനുണ്ണിക്ക് വന്നുവെന്നതിൽ സഹതപിക്കാം. അദ്ദേഹത്തിൻ്റെ മുൻ കാല കഥകൾ വായിച്ച് നമുക്ക് ആശ്വസിക്കുകയും ചെയ്യാം. ക്ഷമിക്കണം സർ, ഇക്കഥ വേണ്ടായിരുന്നു.

ചന്ദ്രികയിൽ പി എം മധു എഴുതിയ ബൈ സ്റ്റാൻറർ, ഭാഷാപോഷിണിയിൽ പി ബാലചന്ദ്രൻ എഴുതിയ കഥയുടെ ഫോട്ടോസ്റ്റാറ്റ് എന്നിവയെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറയാതെ പോകുന്നതാവും നല്ലത്.

കഥകളിൽ ക്രിയാത്മകമാറ്റങ്ങൾക്കുള്ള ശ്രമങ്ങൾ നടക്കുന്നതിൻ്റെ സൂചനകളുണ്ട്. അവ വിജയിക്കുകയോ പരാജയപ്പെടുകയോ ചെയ്യട്ടെ.. കഥ അതിൻ്റെ നേർരേഖയിൽ നിന്ന് മാറി സഞ്ചരിക്കാൻ നടത്തുന്ന ശ്രമങ്ങളാണ് പ്രധാനം. തീർച്ചയായും നല്ല കഥകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account