കാരമുള്ളു കുത്താത്ത കളിക്കഥകൾ

യാഥാർഥ്യങ്ങളെ യഥാതഥമായി അവതരിപ്പിക്കുക കഥയുടെ ജോലിയല്ല. നേരെ മറിച്ച് ദുരിതപൂർണമായ കാലത്തിൽ നിന്ന് മറ്റൊരു കാലത്തെ കിനാവു കാണലാണ് എഴുത്തിൻ്റെ ധർമം. തിന്മകൾ നിറഞ്ഞാടുന്ന സമൂഹത്തെ തുറന്നു കാണിക്കലല്ല, അവക്ക് മേലെ നിൽക്കുന്ന മനുഷ്യനന്മയെക്കുറിച്ചുള്ള ഘോഷണമാണ് എഴുത്തുകാരൻ്റെ ഉത്തരവാദിത്തം. ഏവർക്കും പരിചിതമായ സത്യങ്ങളെ അവതരിപ്പിക്കലല്ല എഴുത്ത്, സാധ്യമെന്ന് മറ്റുള്ളവർക്ക് തോന്നുംവിധം നുണകളെ അവതരിപ്പിക്കലാണ്. എഴുത്തുകാരൻ്റെ ഭാവനയിൽ നിന്നാണ് ലോകം എക്കാലത്തും മുന്നോട്ടു നടന്നിട്ടുള്ളത്. എല്ലാ സാമൂഹ്യ നവീകരണ പ്രക്രിയയിലും അക്കാലത്തെ എഴുത്തുകാർക്ക് അനിഷേധ്യമായ പങ്കുണ്ടായിരുന്നു. അതിനു പക്ഷേ പാരമ്പര്യത്തോടും തൽസ്ഥിതികളോടുമുള്ള വിധേയത്വം നിരാകരിക്കപ്പെടേണ്ടതുണ്ട്. സ്വന്തം സുരക്ഷിത ലാവണങ്ങളെ വിട്ടു കളയാനുള്ള ധൈര്യം ഉണ്ടാവേണ്ടതുമുണ്ട്

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അംബികാസുതൻ മാങ്ങാട് എഴുതിയ “കാരക്കുളിയൻ ” നാർക്കളൻ എന്ന തെയ്യം കെട്ടുകാരൻ്റേയും മകൻ ബാലേന്ദ്രൻ്റെയും കഥ പറയുന്നു. നാട്ടുകഥകളുടെ വാമൊഴിവഴക്കവും അതിസാധാരണ മനുഷ്യരുടെ നിഷ്കളങ്കതയുമാണ് അംബികാസുതൻ്റെ കഥകളുടെ അടിസ്ഥാന ശില. ഓരോ മനുഷ്യനും ഓരോ കഥയാണെന്ന കാഴ്ചപ്പാട് അദ്ദേഹത്തിൻ്റെ കഥകളുടെ മുഖമുദ്രയുമാണ്. അംബികാസുതൻ എപ്പോഴും ഫിക്ഷൻ എഴുതുന്നു എന്നതാണ് ഏറ്റവും പ്രധാനം. കൗമാരത്തിൽ അച്ഛനോടൊപ്പം മാരണം പഠിച്ച നാർക്കളൻ ആദ്യമാരണം അമ്മയിൽ പരീക്ഷിക്കുകയും മറുമാരണം പരാജയപ്പെട്ട് അമ്മ മരിക്കുകയും ആ കുറ്റബോധത്തിൽ നീറി സ്വയം കാരക്കുളിയനും തീയാട്ടവും തെരഞ്ഞെടുത്ത് ആത്മപീഡനടത്തുകയും ചെയ്യുന്നു. ഒടുവിൽ കൊറോണക്കാലത്ത് നടുവേദനക്ക് ആശുപത്രിയിലാവുകയും കൊറോണ ബാധിച്ച് മരിച്ചു പോവുകയും ചെയ്ത അയാളുടെ അന്ത്യാഭിലാഷം സാധിക്കാനാവാത്ത മകൻ സ്വയം കാരക്കുളിയൻ ആവുകയും കഥ തീരുകയും ചെയ്യുന്നു. കാസർകോടൻ നാട്ടുഭാഷയുടെ സൗന്ദര്യമാണ് കഥയുടെ ഉയിര് . എല്ലാ കലാകാരൻമാരുടേയും ഉയിർപ്പിൻ്റെ ഹേതു ഉള്ളിൻ്റെയുള്ളിലുണ്ടാവുന്ന അഗാധമായ ദു:ഖമോ, അപരിഹാര്യമായ കുറ്റ/പാപബോധമോ ആണെന്ന് കഥ സിദ്ധാന്തിക്കുന്നു. കയ്പക്കയുടെ പത്തിരട്ടി കയ്പ്പുള്ള വാതക്ക പച്ചക്ക് തിന്ന് ആ പാപബോധത്തിൻ്റെ വിശപ്പ് കെടുത്തുന്നു നാർക്കളൻ. പ്രമേയത്തിന് അതിലപ്പുറം പുതുമയൊന്നുമില്ലെങ്കിലും മികച്ച വായനാനുഭവം നൽകുന്നു കാരക്കുളിയൻ. യഥാർഥ്യങ്ങളുടെ കേവലാഖ്യാനങ്ങൾക്കപ്പുറം അവ മനുഷ്യനെ നിസ്സഹായനാക്കുന്നതെങ്ങനെ എന്ന് അനുഭവിപ്പിക്കാൻ കഥക്കു സാധിക്കുന്നുണ്ട്.

കാരക്കുളിയൻ എന്ന കഥക്ക് മറ്റൊരു വശം കൂടിയുണ്ട്. ആചാരങ്ങൾക്കു വേണ്ടി മറ്റുള്ളവർക്കു മുന്നിൽ സ്വന്തം ശരീരത്തെ പീഡിപ്പിക്കുന്നവർക്ക് സ്വയം അവർ കേവലം മനുഷ്യരാണെന്ന ബോധ്യമുണ്ടെന്നതാണത്. കാണികൾ ദൈവികതയുടേയും / അമാനുഷികതയുടേയും പര്യായങ്ങളായി അവരെ കാണുമ്പോൾ അവർ മറ്റു ചില സംഘർഷങ്ങളുടേയും കെട്ടപാടുകളുടേയും കേവല വിധേയർ മാത്രമാണ് എന്നും കാകൃത്ത് പറഞ്ഞു വക്കുന്നു. എല്ലാ ദേവതാ സങ്കല്പങ്ങളുടെയും ആന്തരഘടനയിൽ പീഡിതനായ മനുഷ്യൻ മാത്രമാണുള്ളതെന്നാണ് കഥ മുന്നോട്ടു വക്കുന്ന പാഠeഭദം.

പച്ചക്കുതിര മാസികയിൽ കരുണാകരൻ എഴുതിയ കളി എന്ന കഥയുണ്ട്. ഒരേ സമയം ആണായും പെണ്ണായും ജീവിക്കുന്ന മിസ്റ്റ് ബ്യൂട്ടി പാർലറിൻ്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്. അവളുടെ ( !) സൗന്ദര്യത്തിൽ ഭ്രമിച്ചു വശായ രണ്ടു പേർ ആദ്യം അവളുടെ വീട്ടിലും പിന്നീട് ബ്യൂട്ടി പാർലറിലും ചെല്ലുകയും എല്ലായിടത്തുമുള്ള അവളുടെ കരുത്തിനു മുന്നിൽ പരാജയപ്പെട്ടു പോവുകയും ചെയ്യുന്നു എന്നാണ് കഥ. പുരുഷൻ്റെ വ്യാജശക്തിയെ പരിഹാസവിധേയമാക്കുകയും സ്ത്രീ പുരുഷനേക്കാൾ ശക്തയാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു കഥ. അതിനുമപ്പുറമാണ് ഉഭയലിംഗികളായി ജീവിക്കുന്നവരുടെ കരുത്ത് എന്നും കളി നമ്മെ ഓർമിപ്പിക്കുന്നു. സ്ത്രീക്കു മേൽ പുരുഷൻ നടത്തുന്ന എല്ലാ അതിക്രമങ്ങളുടേയും കാരണം സ്വന്തം ബലത്തെക്കുറിച്ചുള്ള അവൻ്റെ ആത്മവിശ്വാസക്കുറവാണ്. അത് ഇടക്കിടെ തെളിയിച്ചു കൊണ്ടിരിക്കേണ്ടതുണ്ട് പുരുഷന്. കളി നല്ല കഥയാണ്.

മലയാളം വാരികയിൽ ഇന്ദുചൂഡൻ കിഴക്കേടം എഴുതിയ ചിന്തേർ എന്ന കഥ മനുഷ്യ ജീവിതത്തിൻ്റെ സ്വത്വത്തെക്കുറിച്ചുള്ള എക്കാലത്തേയും ചോദ്യവും അതിന് ഉത്തരം കണ്ടെത്താനുള്ള ശ്രമവുമാണ്. ജ്ഞാനപ്പാനയിൽ തുടങ്ങിയ അതേ മനുഷ്യാർത്തിയുടെ പുതുരൂപം, എൻ്റയല്ലെൻ്റെയല്ലിക്കൊമ്പനാനകൾ എന്ന തിരിച്ചറിവ്, ഇതൊക്കെയും വ്യർഥമാണെന്ന ബോധ്യം, എല്ലാം കഥയെ വായനാ ക്ഷമമാക്കുന്നു. മകളെ ആശുപത്രിയിൽ കൊണ്ടുപോകാൻ കൂലി മുൻകൂർ ചോദിച്ച ആശാരിക്ക് അതു നൽകാതെയിരുന്ന അതേയാൾ പിന്നീട് പറമ്പിൽ വെള്ളപ്പൊക്കം കൊണ്ടു നിറച്ച മണലിൽ നിന്ന് കുറച്ചെടുത്തോട്ടെ എന്ന ചോദ്യത്തിന് അതേ ആശാരിയോട് അതെൻ്റെയല്ലല്ലോ എന്നു പറയുന്ന ബോധ്യം, കർമത്തിൽ കള്ളം ചെയ്ത ആശാരിയുടെ പുരഭിത്തി വെള്ളമെടുത്തത് എന്നിങ്ങനെ കർമപാശത്തെക്കുറിച്ച് ആഴമുള്ള ദർശനങ്ങൾ കഥ ഉള്ളിൽ പേറുന്നുണ്ട്. വിരളമായി കഥകളെഴുതുന്നയാളാണ് ഇന്ദുചൂഡൻ കിഴക്കേടം. നല്ല കഥയാണ് ചിന്തേർ.

മാധ്യമത്തിൽ സി അനൂപ് എഴുതിയ രാച്ചുക്ക് പകൽ വിശ്രമിക്കുകയും രാത്രി പറക്കുകയും ആഹാരം തേടുകയും ചെയ്യുന്ന പക്ഷിയായ രാച്ചുക്ക് കാണുന്ന കഥകളാണ്. മനുഷ്യനും പറവക്കും സർവ തിര്യക്കുകൾക്കും ആഹാരം ഉൽപാദിപ്പിക്കുന്ന കർഷകർ ഡൽഹിയിലേക്കു നടത്തിയ ജാഥയും സമരവുമാണ് കഥയുടെ പ്രമേയം. ഉൽപാദകരും കഴിക്കുന്നവരും തമ്മിലുള്ള ബന്ധത്തേയും അതിലെ ചൂഷണത്തിൻ്റെ പാഠങ്ങളേയുമൊക്കെ തീവ്രമായി സംവേദനം ചെയ്യേണ്ടിയിരുന്ന കഥ പക്ഷേ ആഖ്യാനത്തിൽ വല്ലാതെ ദുർബലമായി. ശതാബ്ദി എന്ന പേരിൽ സി വി ബാലകൃഷ്ണൻ എഴുതിയ ഒരു കഥയുമുണ്ട് മാധ്യമത്തിൽ. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയാഘോഷങ്ങളുടെ വെളിച്ചത്തിൽ കുറച്ച് കമ്യൂണിസ്റ്റ് വിരുദ്ധത പറയാനുള്ള അവസരം കഥാകൃത്ത് ഉപയോഗിച്ചു. മാവോയുടേയും മറ്റും പുസ്തകങ്ങൾ കൈവശം വച്ചതിന് പുസ്തകക്കച്ചവടക്കാരനെ UAPA ചുമത്തി കേരള പോലീസ് അറസ്റ്റു ചെയ്യുന്നിടത്ത് കഥ തീരുകയും ചെയ്തു. ഒരു സംഭവത്തെ കഥയാക്കുമ്പോൾ അതിന് പൊതു സ്വഭാവം കൈവരുമെന്ന് എന്തുകൊണ്ടോ കഥാകൃത്ത് ഓർത്തിട്ടില്ല. കേരളത്തിൽ മാവോ / കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര പുസ്തകങ്ങളും ലഘുലേഖകളും കൈവശമുള്ളവർ അസംഖ്യമുണ്ട്. ഇപ്പറഞ്ഞ കഥാകൃത്തിൻ്റെ കൈയിലും കാണും ചിലതൊക്കെ ( !). എന്നിട്ടുമവരൊന്നും UAPA ചുമത്തി അകത്താക്കപ്പെടുന്നില്ല എന്നതു തന്നെയാണ് പ്രധാനം. പരിഹാസമാവാം, വിമർശനവും..പക്ഷേ വായനക്കാരൻ്റെ ബൗദ്ധിക ശേഷിയെ നിസ്സാരവൽക്കരിക്കരുത്.

ദേശാഭിമാനിയിൽ ഐസക് ഈപ്പൻ്റെ ജാസ്മിൻ നല്ലൊരു പൈങ്കിളിക്കഥയാണ്. കവിതയെഴുതുന്നത് കുറ്റകരമായി കണക്കാക്കുന്ന മുസ്ലീം ഭർത്താവ് തുടങ്ങിയ ക്ലീഷേ ബിംബങ്ങൾ നിരത്തി ഒരു പരമ്പരാഗത കഥ എഴുതിയെന്നേയുള്ളൂ … സാരമില്ല.

ട്രൂ കോപ്പി വെബ് സീനിൽ പി ജെ ജെ ആൻ്റണി എഴുതിയ സുന്ദരിയെ അറിയുന്ന വിധം, വേഗം കൂടിയ ഒരു കഥയാണ്. തട്ടുകടയിൽ സ്ഥിരമായി കാണാറുള്ള സുന്ദരി എന്നു തോന്നിച്ച പെൺകുട്ടിയെ രാത്രിയിൽ ബലമായി പിടിച്ചു കൊണ്ടുവന്ന് അവളിൽ എന്തെങ്കിലും പ്രത്യേകിച്ചുണ്ടോ എന്ന് നോക്കി എല്ലാം സാധാരണമെന്ന് കണ്ട് തിരിച്ചു കൊണ്ടാക്കുന്നതാണ് കഥ. സ്ത്രീ എന്നത് സാധാരണ മനുഷ്യ ശരീരമാണെന്നും അതിനെക്കുറിച്ചുള്ള അയഥാർഥമായ സങ്കല്പങ്ങളും ആകാംക്ഷയും വെറും വിഡ്ഡിത്തമാണെന്നും കഥ സിദ്ധാന്തിക്കുന്നു. ഇത്തരമൊരവസ്ഥയിലെത്തിയാൽ പിന്നെ സ്ത്രീയും പുരുഷനും തുല്യരാണെന്നും കഥാകൃത്ത് കരുതുന്നു. മികച്ച കഥയാണ് സുന്ദരിയെ അറിയുന്ന വിധം.

wtp യിൽ അഞ്ജന വിജയൻ എഴുതിയ എതിർ മൗനങ്ങൾ ഒരു ലെസ്ബിയൻ പശു മുതൽ പദപ്രശ്നം വരെയും മാധവിക്കുട്ടി മുതൽ അഞ്ജനവരെയും നീളുന്ന ആവർത്തന വിരസതയാണ്. ലൈംഗികതയാണ് എല്ലാ പ്രശ്നങ്ങളുടേയും അടിസ്ഥാനം എന്നു കരുതുന്ന കഥാകൃത്തുക്കൾക്ക് ഹാ കഷ്ടം.

കഥകളിങ്ങനെയൊക്കെയാണ്. അപ്രതീക്ഷിതമായി നമ്മെ ആക്രമിക്കുകയും അസ്വസ്ഥരാക്കുകയുമൊക്കെയാണ് അവയുടെ ജോലി. അത്തരം കഥകൾ എക്കാലത്തും വായനക്കാരനെ തേടി എത്താറുണ്ട്.. അവ വരും വരെ മറ്റുള്ളവ വേദി നിറക്കട്ടെ.. രാജാവ് വരുമ്പോൾ വിദൂഷകൻമാർ  വേദിക്കു പുറത്തേക്ക് പോവുക തന്നെ ചെയ്യും.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account