തോട്ടിൻകര രാജ്യത്തെ യയാതിമാർ

അതിലളിതവൽക്കരണവും അത്യാഖ്യാനവുമാണ് സാഹിത്യം നേരിടുന്ന ഏറ്റവും പ്രധാന പ്രതിസന്ധി എന്നു തോന്നുന്നുണ്ട്. അതിവാചാലതയും ആത്മപ്രശംസകളും അരങ്ങുവാഴുന്ന സമൂഹത്തിൽ കഥ മാത്രം അങ്ങനെയായിത്തീരാതിരിക്കുന്നതെങ്ങനെ.? ഒതുക്കിപ്പറയലിൻ്റേയും ഗുപ്താഖ്യാനത്തിൻ്റേയും എല്ലാ സാധ്യതകളും കഥകൾ നിരാകരിച്ചു കഴിഞ്ഞു. കഥയുടെ ദുർമേദസ് കൂട്ടുന്ന വിധം പ്രയോഗിക്കപ്പെടുന്ന അലങ്കാരങ്ങളല്ലാതെ ഘടനാപരമായ ഗോപ്യ സ്വഭാവം പുർത്തുന്ന കഥകളൊന്നും തന്നെ എഴുതപ്പെടുന്നില്ല. കഥക്കോ ആസ്വാദനത്തിനോ ഒരു പ്രയോജനവുമില്ലാത്ത ഏച്ചുകെട്ടലുകളും കൃത്രിമ വാക്കുകളുമാണ് സാഹിത്യം എന്ന് തെറ്റിദ്ധരിച്ചു പോയിട്ടുള്ളതാണ് ഈ ദുരവസ്ഥയുടെ കാരണം.

മാധ്യമം ആഴ്ചപ്പതിപ്പിൽ ജേക്കബ് എബ്രഹാം എഴുതിയ “തോട്ടിൻകര രാജ്യം ” പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അതിജീവനത്തിൻ്റെ കഥ പറയുന്നു. തോലശ്ശേരിയുടെ വയറിലൂടെ ഒരു പാമ്പിനെ പോലെ ഒഴുകുന്ന തോട് ചരിത്ര സാക്ഷിയാണ്. മറ്റെവിടെ നിന്നൊക്കെയോ വന്നു കൂടിയവരും ഭൂവുടമകളോട് പൊരുതി നിന്നവരുമായ ഒരു കൂട്ടം മനുഷ്യരുടെ പിൻഗാമികളാണ് ഇപ്പോൾ തോട്ടിൻകര രാജ്യത്തെ പൗരൻമാർ. നമ്മളെല്ലാവരും വരത്തൻമാരാണ് എന്ന് കഥാകൃത്ത് ഊന്നിപ്പറയുന്നു. ആദ്യകാലത്ത് അവരെല്ലാം വോട്ടർ പട്ടികക്കു പുറത്തായിരുന്നു.  പിന്നീടവരത് വാങ്ങിച്ചെടുക്കുകയും ചെയ്തു. മിഷനറിമാരും ജാതി മേധാവികളും അവരെ പല കള്ളിയിലായി തിരിക്കാൻ ശ്രമിച്ചു. ഒടുവിൽ നാട്ടിൽ ചാരായം വാറ്റിയിരുന്ന, പിന്നീട് അരിഷ്ടം വിതരണം ചെയ്ത വൈദ്യരെ, മകൻ ലഹരിയുടെ കച്ചവടമുപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നു. നാരായണ ഗുരു തുടങ്ങിയ ജാതിവിപ്ലവം അതിൻ്റെ പുതിയൊരു കാലസന്ധിയിലേക്ക് കടക്കുകയും അവിടെ അംബേദ്കറിൻ്റെ ജയ് ഭീം മുദ്രാവാക്യമാവുകയും ചെയ്യുന്നു. അതാണ് പുതിയ വെളിച്ചം എന്ന നിലപാടാണ് കഥയുടെ രാഷട്രീയം. ആഖ്യാനത്തിൽ അല്പം കൂടി മിതത്വം പുലർത്തിയിരുന്നെങ്കിൽ എന്ന് തോന്നാതിരുന്നില്ല. കഥയിലുപയോഗിക്കുന്ന ബിംബങ്ങളോ കഥാപാത്രങ്ങളോ കഥ തന്നെയോ പുതുമകളൊന്നും മുന്നോട്ടുവക്കുന്നില്ല എന്നതും കഥയുടെ ബലഹീനതയാണ്.

മലയാളം വാരികയിൽ കരുണാകരൻ എഴുതിയ മടക്കം എന്ന കഥ പൂർണമായും ഫാൻ്റസിയാണ്. രഘു, രാമു എന്നീ ഇരട്ട സഹോദരൻമാരുടെ കൂടെ ഇടക്കിടെ വന്നു കിടക്കാറുള്ള ഭാമ ഒരു രാത്രി രഘുവിൻ്റെ കട്ടിലിൽ വച്ച് കല്ലായി മാറിപ്പോയി. മൂന്നു ദിവസം അവൾ തിരികെ ജീവൻ നേടുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്ന രാമുവും രഘുവും ഒടുവിൽ അവളെ കടലിലെറിഞ്ഞു. തിരികെയെത്തിയപ്പോഴാണ് കട്ടിലിനടിയിൽ ശിലാരൂപത്തിലുള്ള പക്ഷിയെ കണ്ടെത്തുന്നത്. ആ കിളി നേരത്തെ ഭാമയോട് ഉറക്കത്തിൽ താൻ കല്ലായി മാറുന്ന കിനാവു കാണുന്നു എന്ന് പറഞ്ഞ അതേ കിളിയാണെന്ന് നമുക്കേ അറിയൂ. രാമുവിനോ രഘുവിനോ അറിയില്ല. അയാളതിനെ തിരികെ കിളിക്കൂട്ടിൽ വക്കുന്നിടത്ത് കഥ അവസാനിക്കുന്നു.  എങ്കിലും എന്തുകൊണ്ടായിരിക്കും ഭാമ ശിലയായി മാറിയത് എന്ന ചോദ്യം ചോദ്യമായിത്തന്നെ അവശേഷിക്കുകയും എല്ലായ്പോഴും ശിലയായി മാറുന്നതിനെക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്യുന്ന കിളി / ഭാമ / സ്ത്രീ എന്നിങ്ങനെ അനവധി ഉത്തരങ്ങളിലേക്ക് കഥ മാറുകയും ചെയ്യുന്നു. പല വായനകൾക്കുള്ള സാധ്യതയാണ് എപ്പോഴും കരുണാകരൻ്റെ കഥകൾ

ദേശാഭിമാനിയിൽ എൻ പ്രഭാകരൻ എഴുതിയ വല്ലപ്പോഴും വന്ന് മടങ്ങുന്ന അടയാളം ഗൃഹാതുരത്വത്തിൻ്റെ പതിവു കഥയാണ്. ഗ്രാമത്തിലുണ്ടായിരുന്ന പരോപകാരിയും നിസ്വനും നല്ലവനുമായ സൈക്കിൾ വേലായുധനും അവൻ ചെയ്ത ഉപകാരങ്ങളൊക്കെ മറന്ന് അവനെ പരിഹസിച്ച നാട്ടുകാരും നാടുവിട്ടു പോയ വേലായുധനും ഒക്കെ പഴയതു തന്നെ. കാലം മാറുകയും കാറുകളും മോട്ടോർ സൈക്കിളുകളും ചീറിപ്പായുകയും ചെയ്യുന്നതോടെ വേലായുധൻ കഥയായി മാറുന്നു. അല്ലെങ്കിലും പഴകിയാൽ എല്ലാം കഥയാണ് എന്ന് കഥാകൃത്ത്. എന്തായാലും പഴയകാലമായിരുന്നു ഗംഭീരം, മഹത്തരം എന്ന പതിവ് ആപ്തവാക്യം എൻ പ്രഭാകരൻ ആവർത്തിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. വായനക്ഷമമാണ് എന്നല്ലാതെ കഥയിൽ പ്രത്യേകിച്ചൊന്നുമില്ല.

ട്രൂ കോപ്പി വെബ് സീനിൽ ശ്രീജിത് സുഗതൻ എഴുതിയ പിയാത്ത എന്ന കഥ ഭാര്യയെ ചവിട്ടിക്കൊന്ന് വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ സാബു അലഞ്ഞു തിരിഞ്ഞ് ഒരു മേരി മാതപ്പളളിയിലെത്തുകയും അവിടെ നിന്ന് മേരിയെ വിളിക്കുന്നതു കേട്ട ആരോ ഒരാൾ അവൾ കുറച്ചപ്പുറമാണ് താമസം, അവിടെച്ചെന്ന് വിളിക്ക് എന്ന പറഞ്ഞതിൻ പ്രകാരം മേരിയെ കണ്ടെത്തുന്നതുമാണ് കഥ. മേരിയാവട്ടെ അവളുടെ കസ്റ്റമർ കരുണാകരന് സർവീസ് ചെയ്യുന്ന സമയത്ത് വയറ്റിൽ നിന്ന് എന്തൊക്കെയോ ഉരുണ്ടു കയറുകയും മുലകൾ പൊട്ടിപ്പോവുകയും ചെയ്ത് കുളിമുറിയിലേക്കോടിയതാണ്. അവിടെ വച്ചാണ് അവൾ സാബുവിനെ മടിയിൽ കിടത്തി മുലകളിൽ നിന്ന് പാലൊറ്റിച്ചു കൊടുക്കുന്നത്. നീലച്ചിത്രം നിർമിക്കാൻ വന്ന കരുണാകരൻ ഈ പിയാത്തച്ചിത്രം പകർത്തുന്നിടത്ത് കഥ തീർന്നു. ( ഭാഗ്യം!) കഥയെന്നത് വയലൻസിൻ്റെയും അരാജകത്വത്തിൻ്റെയും ആഖ്യാനങ്ങളാണെന്ന തോന്നലാണ് കഥാകൃത്തിനെ നയിക്കുന്നത്. ഇത്തരം കഥകളോട് ട്രൂ കോപ്പിയും പ്രത്യേക താൽപര്യം പുലർത്തുന്നതായി തോന്നിയിട്ടുണ്ട്. കഥയിലെ മിക്ക രംഗങ്ങളും പല കഥകളിലെയും രംഗങ്ങളുടെ ആവർത്തനമോ അനുകരണമോ ആണ്. മുൻ നിശ്ചയിച്ച ഫോർമുലയിലേക്ക് എഴുതിച്ചേർക്കുന്ന കൃത്രിമ ഉൽപ്പന്നമാണ് കഥ എന്നതിന് ഈ കഥ മികച്ച ഉദാഹരണമാണ്. മറ്റൊന്ന് സിനിമാറ്റിക് എഴുത്തിനോടുള്ള പ്രതിപത്തിയാണ്. ചിത്രീകരിക്കാനാവാത്ത കാഴ്ചകളെ വായനക്കാരൻ്റെ മനസിൽ രൂപീകരിക്കലാണ് കഥയുടെ ദൗത്യം എന്നത് മന:പൂർവം നിരാകരിക്കുന്നവരോട് സഹതാപം മാത്രം.

മാതൃഭൂമിയിലെ എൻ എസ് മാധവൻ്റെ യയാതിയാണ് ഈ ആഴ്ചയിലെ മറ്റൊരു കഥ. കഥ എന്ന നിലക്ക് യയാതി മോശം കഥയൊന്നുമല്ല. പക്ഷേ അത്തരമൊരു കഥയെഴുതേണ്ട ഗതികേട് എൻ എസ് മാധവനുണ്ടോ എന്നതാണ് സംശയം. ആൾമാറാട്ടങ്ങൾ നടത്തുന്നതും പെൺകുട്ടികളെ ചതിക്കുന്നതും ഡിജിറ്റൽ ലോകം നേരിടുന്ന വലിയ പ്രതിസന്ധി തന്നെയാണ്. സൈബർ ലോകത്തിൻ്റെ ഒരു എക്സ്റ്റെൻഷൻ മാത്രമായിത്തീർന്ന യഥാർഥ ലോകം ഇത്തരം സന്ധികൾക്കു മുന്നിൽ പതറിപ്പോകുന്നതും നാം കാണുന്നുണ്ട്. സമകാലികതയിൽ ആറാടുന്ന, വാർത്തകൾ കഥകളായി മാറുന്ന വർത്തമാന കഥക്കാലത്ത്  അതു കൊണ്ടു തന്നെ, യയാതിയും സംഭവിക്കാൻ പാടില്ലാത്തതൊന്നുമല്ല. പക്ഷേ യയാതി പൂർണമായും ഇന്നിൽ നിൽക്കുന്ന കഥയാണ്. അതു കൊണ്ടു തന്നെ താൽക്കാലികവും അനാവശ്യവുമാണ്. അത്രയും നിൽക്കട്ടെ, നമ്മുടെ യുവാക്കളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും  ഈ കഥ മുന്നോട്ടു വയ്ക്കുന്ന പ്രതിലോമകരമായ ചില നിലപാടുകളുണ്ട്. ജാഹ്നവി എന്ന കഥാനായിക മുറിയിൽ തിരിച്ചെത്തിയപ്പോഴേക്കും കൂട്ടുകാരികൾ അവളെക്കൂടാതെ പുറത്തു പോയിരുന്നു. അപ്പോൾ അവിടെയിരുന്ന് ഫോണിൽ തോണ്ടിയിരുന്നപ്പോഴാണ് അവൾക്ക് വിദേശത്തു ജോലി ചെയ്യുന്ന വിപിൻ എന്നയാളെ കിട്ടുന്നത്. ജാഹ്നവി അങ്ങോട്ടു കയറിയാണ് വിപിനെ പരിചയപ്പെട്ടത് എന്ന കുറ്റപത്രം ആദ്യ വാചകത്തിൽ തന്നെ അവതരിപ്പിക്കുന്നുണ്ട്. ജാഹ്നവി ബുള്ളറ്റ് ഓടിക്കുന്നവളാണ്, അത് അച്ഛൻ്റെ സ്വഭാവമാണ്, അവൾക്ക് പെണ്ണത്തമല്ല, ആണത്തമാണ് ഉള്ളത് എന്നും കഥാകൃത്ത് നമ്മെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. അതായത് ഇപ്രകാരം വഞ്ചിക്കപ്പെടുന്നതിൻ്റെയൊക്കെ ഉത്തരവാദികൾ പാരമ്പര്യനിഷേധികളായ, പെണ്ണത്തമില്ലാത്ത പെൺകുട്ടികളായ ജാഹ്നവിമാർ തന്നെയാണെന്ന്. വിപിൻ ഈ കഥയിൽ കുറ്റവാളിയേയല്ല. അജയനാവട്ടെ കാര്യമായ തെറ്റുകളൊന്നും ചെയ്തിട്ടില്ല. യയാതി എന്ന പേരിൻ്റെ പിന്നിലെ സൂത്രമതാണ്. പുരാണത്തിൽ യയാതിക്ക് പുത്രൻ യൗവനം ദാനം ചെയ്യുകയാണ്. അത് ഒരു തെറ്റായ കർമമായിരുന്നു എന്നല്ല, മറിച്ച് പുത്രധർമമായിരുന്നു എന്നാണ് ധർമപാഠങ്ങൾ വ്യാഖ്യാനിച്ചിട്ടുള്ളത്. യയാതിയുടെ കർമം തെറ്റായിരുന്നില്ലാത്തതു കൊണ്ടു തന്നെ അജയൻ്റെ പ്രവൃത്തിയും തെറ്റല്ല. തെറ്റു മുഴുവൻ ചെയ്യുന്നത് യുവതലമുറയിലെ അടക്കവുമൊതുക്കവുമില്ലാത്ത പെൺകുട്ടികളാണ് എന്ന് ചുരുക്കം. പക്ഷേ സർ, അങ്ങ് നമ്മുടെ യുവാക്കളെക്കുറിച്ച് – ആണായാലും, പെണ്ണായാലും, അതു രണ്ടുമല്ലാത്തവരാണെങ്കിലും – ഇനിയുമേറെ പഠിക്കാനുണ്ട്. അവർ പുലർത്തുന്ന ജീവിത കാഴ്ചപ്പാടുകൾ ഉൾക്കൊള്ളാൻ കഴിയാത്തത് മുതിർന്നവരുടെ പോരായ്മയാണെന്നും തിരിച്ചറിയണം.

ദേശാഭിമാനിയിൽ ശ്രീകണ്ഠൻ കരിക്കകം എഴുതിയ ക്രിസ്മസ് മരത്തിലെ മിഠായി ഒരു പ്രസക്തിയുമില്ലാത്ത, പറഞ്ഞു പഴകിത്തേഞ്ഞു പോയ കഥയാണ്. കഥയെഴുത്തിൽ നിന്ന് ശ്രീകണ്ഠന് ഒരു ഇടവേള ആവശ്യമാണെന്ന് തോന്നുന്നു. പുതിയ പ്രമേയങ്ങളും ശൈലികളും കണ്ടെത്തിയതിനു ശേഷം എഴുതുന്നതാവും നല്ലത്.

കഥകളുടെ അതിപ്രസരം മിക്കപ്പോഴും അവയുടെ നിലവാരത്തെ ബാധിക്കുന്നുണ്ട്. കാണുന്നതെന്തും കഥയാക്കാമെന്ന് ചിന്തിക്കുന്ന അശിക്ഷിത എഴുത്തുകാരുടെ തോന്നലുകളും അപകടമാണ്. കഥയെഴുതാൻ സ്കൂളുകളൊന്നുമില്ലെങ്കിലും സ്വയം പരിശീലനവും സ്വയം മൂല്യനിർണയവും കഥാകൃത്തുക്കൾ ശീലിച്ചേ മതിയാവൂ. എന്തുകൊണ്ടെന്നാൽ മാതൃകകൾ മോശമാണ്. അവയെ മറികടക്കുക എളുപ്പമല്ല തന്നെ.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account