മഴയായ് നടന്ന് കുടയായ് നടിച്ച്…

വർത്തമാനത്തിൽ മാത്രം ചുറ്റിത്തിരിയുകയാണ് മലയാള കഥ കുറേ കാലമായി . വല്ലാതെ മടുക്കുമ്പോൾ ഒന്ന് ഭൂതകാലത്തിൽ പോയി വരും. അതാകട്ടെ മുത്തച്ഛൻ ആനക്കാരനായിരുന്നതിൻ്റെ പൊങ്ങച്ചം പോലെ വെറും പൊള്ളയായ മഹത്വ ഘോഷണങ്ങൾ മാത്രവും. വർത്തമാനത്തിൻ്റെ ത്വരിതാഖ്യാനങ്ങളിലാവട്ടെ നേർരേഖയിൽ സഞ്ചരിക്കുകയും നഗ്നനേത്രങ്ങൾക്ക് ദൃശ്യമാവുകയും ചെയ്യുന്ന അതിസാധാരണ സംഭവങ്ങൾക്കു മാത്രമേ സ്ഥാനമുള്ളൂ താനും. അല്ലാതെ വർത്തമാനകാലത്തിൻ്റെ വിഹ്വലതകളെയോ, പ്രതിസന്ധികളേയോ വെല്ലുവിളികളേയോ പ്രമേയമായി സ്വീകരിക്കാൻ ആരും ഒരുക്കമല്ല. അഥവാ സ്വീകരിക്കുന്നെങ്കിൽ തന്നെ അതിപ്പോഴും പശു രാഷ്ട്രീയത്തിലും രാമക്ഷേത്രത്തിലും പൗരത്വമത വിശ്വാസ പ്രശ്നങ്ങളിലും കുരുക്കിക്കിടക്കുകയും ചെയ്യുന്നു. ഇന്ത്യയെ വിൽക്കുന്നതിനെക്കുറിച്ച്, നമ്മുടെ സ്വാതന്ത്ര്യം പണയം വക്കപ്പെടുന്നതിനെക്കുറിച്ച് ഒരു വേവലാതിയും എഴുത്തുകാർക്കില്ല തന്നെ. പ്രമേയം പോലെയോ അതിലേറെയോ പ്രധാനമാണ് ആഖ്യാനത്തിൻ്റെ സവിശേഷവൽക്കരണവും നവീകരണവും എന്നും നമ്മുടെ കഥയെഴുത്തുകാർ മറന്നുകളഞ്ഞിരിക്കുന്നു. വാക്കുകളുടെ ധ്വനനശേഷിയും ഗഹനതയും കഥയിലുണ്ടാവേണ്ടതില്ല എന്നാണ് മിക്കപ്പോഴും എഴുത്താളർ പുലർത്തുന്ന നിലപാട്. പറയാനുള്ളത് മുഴുവൻ വിശദീകരിച്ച് കഥയെ വെറും ചണ്ടിയാക്കി പറയുന്ന രീതി ഉപേക്ഷിക്കാതിരുന്നാൽ കഥകൃത്തുക്കളെ വായനക്കാർ ഉപേക്ഷിക്കുന്ന കാലം അതിവിദൂരമല്ല.

ദേശാഭിമാനി വാരികയിൽ ടി.പി. വേണുഗോപാലൻ എഴുതിയ മഴയായ് നടന്ന് കുടയായ് നടിച്ച് എന്ന കഥ ഒരു പക്ഷേ ഈയിടെ വായിച്ച കഥകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. കഥയിലുടനീളം ഒരേ താളം നില നിർത്തുകയും കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളെ അർഹിക്കുന്ന കൃത്യതയോടെ വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുകയും ചെയ്യുന്ന ആഖ്യാന ചാരുത കഥയെ ഒരു പെർഫക്ട് ബ്ലൻഡാക്കുന്നു. സാമൂഹ്യമോ രാഷ്ട്രീയമോ വൈയക്തികമോ ആയ ഏതു ദുരന്തവും മുതലാളിത്തത്തിന് അതിൻ്റെ ലാഭനഷ്ട നിലപാടിൽ നിന്നു കൊണ്ട് മാത്രമേ വീക്ഷിക്കാൻ സാധിക്കൂ എന്ന് കഥ ഉറപ്പിച്ചു പറയുന്നു. ഭർത്താവ് മരിച്ച് മൂന്നാം ദിവസം ഹെഡ് ഓഫീസിൽ ഹാജരായി ടാർജറ്റ് തികയാത്തതിന് പിരിച്ചുവിടാതിരിക്കാൻ വിശദീകരണം നൽകാൻ നിർബന്ധിതയാകുന്ന നിരോലിന എന്ന സ്ത്രീ, വൈധവ്യം എങ്ങനെയാണ് കമ്പനിക്ക് കൂടുതൽ പ്രയോജനകരമാവുക എന്ന് കൗതുകപ്പെടുന്ന ജി.എം. തനിക്ക് ഇനി മറ്റ് ഉത്തരവാദിത്തങ്ങളൊന്നുമില്ലെന്നും മുഴുവൻ സമയവും ജോലി ചെയ്തു കൊള്ളാമെന്നുമുള്ള നിരോലിനയുടെ വിശദീകരണം തുടങ്ങിയവയൊക്കെ ലാഭക്കൊതിയുടെ മുതലാളിത്ത നിലപാടിനെ തുറന്നു കാണിക്കുന്നു. കഥാഖ്യാനത്തിലെ ഏറ്റവും വലിയ സവിശേഷത വ്യവസ്ഥകളെക്കുറിച്ചുള്ള വിലയിരുത്തലുകൾക്കോ ന്യായാന്യായനിർണയത്തിനോ കഥാകൃത്ത് തയ്യാറാവുന്നില്ലെന്നതാണ് . ശരി തെറ്റുകളെക്കുറിച്ചുള്ള തീർപ്പുകൽപ്പിക്കലോ, മുദ്രാവാക്യനിർമിതിയോ എഴുത്തുകാരൻ്റെ ധർമമല്ല. നിർണീതമായ എല്ലാ വിലയിരുത്തൽ ശ്രമങ്ങൾക്കുമുപരിയായി കഥയും വായനയും തമ്മിലുണ്ടാകുന്ന പൂരകത്വമാണ് പരമപ്രധാനം. വായനക്കാരൻ്റെ ബൗദ്ധിക നിലപാടുകളോട് പ്രതിപ്രവർത്തിക്കുക എന്ന ദൗത്യം ഈ കഥ നിറവേറ്റുന്നു.

മാതൃഭൂമിയിൽ ജി.ആർ ഇന്ദുഗോപൻ്റെ കരിമ്പുലി അദ്ദേഹം എപ്പോഴുമെഴുതാറുള്ള കുറ്റകൃത്യാധിഷ്ടിതമായ കഥയാണ്. ഇത്തരം കഥകൾക്കുള്ള ഒരെളുപ്പം, അവക്ക് എല്ലാക്കാലത്തും ഒരേ ഫോർമാറ്റാണെന്നതാണ്. ഇവിടെ റിട്ടയർ ചെയ്യാൻ പോകുന്ന റേഞ്ചർ പ്രധാന വില്ലൻ, ഡ്രൈവറും മറ്റൊരാളും സഹവില്ലൻമാർ, അവർക്കെതിരെ പ്രവർത്തിക്കുന്ന ദുർബലനായ ഒരു നായകൻ, കുറ്റകൃത്യങ്ങൾക്കെതിരെ നിൽക്കുന്ന, അതേ സമയം നിസ്സഹായരായ പൊതു സമൂഹം എന്നിങ്ങനെ പരമ്പരാഗത സൂത്രവാക്യത്തെ ഒരു മാറ്റവുമില്ലാതെ അവതരിപ്പിക്കുന്നുണ്ട് കരിമ്പുലിയിൽ. ഇന്ദുഗോപൻ്റെ എല്ലാ കഥകളും ഇങ്ങനെയുള്ളവയാണെന്ന് സൂക്ഷ്മനിരീക്ഷണത്തിൽ ബോധ്യപ്പെടും. നിധിവേട്ടയുടെ സ്വഭാവം പുലർത്തുന്ന കഥകളുടെ കൂട്ടത്തിൽ മറ്റൊന്നു കൂടി എന്നല്ലാതെ കരിമ്പുലിക്ക് മലയാള കഥയിൽ സ്ഥാനമൊന്നുമില്ല. കഥയുടെ ദൗർബല്യം അതെങ്ങനെ അവസാനിക്കും എന്ന് ആദ്യമേ നമുക്കു ബോധ്യമാവുന്നു എന്നതാണ്. അതേ സമയം കഥയിലുണ്ടെന്നു വരുത്തീത്തീർക്കാൻ ശ്രമിക്കുന്ന പരിസ്ഥിതി സ്നേഹം, ദളിത് /ആദിവാസി അനുകൂല കാഴ്ചപ്പാട് തുടങ്ങിയവ വ്യാജമാണെന്നും തിരിച്ചറിയേണ്ടേതുണ്ട്. സിനിമകളിലും സീരീസുകളിലും പ്രയോഗിക്കാറുള്ള നന്മ സങ്കല്പം  എന്നതിലപ്പുറം യാതൊരു ഔന്നത്യവും ഈ വ്യാജ നിലപാടുകൾക്കില്ല. സിനിമ / പരമ്പര ഉടനീളം അക്രമവും തിന്മയും മറ്റും പ്രദർശിപ്പിക്കുകയും ഇടക്ക് ദുർബലമായ ചില സംഭാഷണങ്ങളിലൂടെ അവർ നന്മയും തിന്മയും തമ്മിലുള്ള സംഘർഷത്തേക്കുറിച്ചാണ് പറയുന്നതെന്ന് നമ്മെ ഓർമിപ്പിക്കാറുള്ളതും നമുക്ക് ശീലമായിക്കഴിഞ്ഞതാണല്ലോ. ഏറ്റവുമൊടുവിൽ ഷെർനി എന്ന ചലചിത്രത്തോട് കരിമ്പുലിക്കുള്ള സാദൃശ്യം കണ്ടില്ലെന്നു നടിക്കുക കൂടി ചെയ്താലേ ഈ കഥ മികച്ചതെന്നു പറയാനാവൂ.

കഴിഞ്ഞ രണ്ടു മൂന്ന് ആഴ്ചകളായി കാണാതിരുന്ന ചോരയിറ്റുന്ന ഇറച്ചിക്കഥ ഒരെണ്ണം ഈ ആഴ്ച മലയാളം വാരികയിലുണ്ട്. രാജേഷ് കെ. നാരായണൻ എഴുതിയ പോത്ത്. കശാപ്പുശാല, ഉരുവിനെ കശാപ്പു ചെയ്യുന്നതിൻ്റെ വിശദാംശങ്ങൾ, കശാപ്പുകാരൻ്റെയും പേടിത്തൊണ്ടനായ കടയുടമയുടേയും കാമുകി ( !) യുടെ കെട്ടിയവനെ കൊല്ലൽ, ആ മനുഷ്യമാംസവും കൂടി പോത്തിൽ ചേർത്തു വിൽക്കൽ, അങ്ങനെയങ്ങനെ ഒടുവിൽ ഇതൊക്കെ സ്വപ്നമോ തോന്നലോ ആയിരുന്നു എന്ന് വായനക്കാരനെ മണ്ടനാക്കാനുള്ള ശ്രമത്തിൽ കഥ തീരുന്നു. അറപ്പും ജുഗുപ്സയുമാണ് ഈ കഥയുടെ ഉൽപ്പന്നം. ഇതിനെ കഥയെന്നൊക്കെ വിളിക്കേണ്ടി വരുന്ന നമ്മുടെ ഗതികേടാണ് ശരിക്കും ഗതികേട്.

മാധ്യമം വാരികയിൽ കാട് എന്ന പേരിൽ നജീം കൊച്ചുകലുങ്ക് ഒരു കഥയെഴുതിയിട്ടുണ്ട്. നജീമിനും പത്രാധിപർക്കും അതു കഥയാണെന്ന് തോന്നിയാലും നമുക്കങ്ങനെ തോന്നാനിടയില്ല. ഇഖ്ബാൽ ഹുസൈൻ എന്നു പേരുള്ള ബൊട്ടാണിസ്റ്റ്, അയാൾ നട്ടുവളർത്തുന്ന അപൂർവ സസ്യങ്ങളുള്ള തോട്ടം, അതു കാണാൻ ചെല്ലുന്ന മുസ്ലീമല്ലാത്ത ആശുതോഷ്, ഇഖ്ബാൽ മുസ്ലീമല്ലേ എന്ന അയാളുടെ സംശയം, ഇങ്ങനെ മുന്നേറി സംഭവം ഒടുവിൽ പൗരത്വ ബില്ലിൽ ചെന്നു നിൽക്കും. ഇഖ്ബാൽ ഹുസൈൻ്റെ പിതാവിൻ്റെ രേഖകളൊന്നും കണ്ടു കിട്ടിയിട്ടില്ലത്രേ. പൗരത്വ നിഷേധത്തിനെതിരെ കഥയെഴുതുക തന്നെ വേണം. പക്ഷേ അതിങ്ങനെയായതുകൊണ്ട് പ്രയോജനമൊന്നുമില്ല. കേവലം വാർത്തകളെ കഥയെന്നു സമർഥിക്കാനുള്ള ശ്രമമാണ് ഈ കഥയിൽ നടക്കുന്നത്. പ്രസിദ്ധീകരണം മാധ്യമമായതുകൊണ്ട് കഥയിൽ ലേശം ”പൗരത്വ “വുമുണ്ടാകാതെ വയ്യല്ലോ.. പ്രസിദ്ധീകരണത്തിൻ്റെ രാഷ്ട്രീയത്തിനനുസരിച്ച് ലേഖനമെഴുതാം. പക്ഷേ കഥ അതിനൊക്കെ അപ്പുറത്തു നിൽക്കാൻ ശേഷിയുള്ളതാവണം.

ഭാഷാപോഷിണിയിൽ രാജീവ് ശിവശങ്കർ കൂടെയുണ്ടൊരാൾ എന്ന കഥയെഴുതിയിട്ടുണ്ട്.  ടെലിവിഷൻ ചാനലുകളിൽ കാണുന്ന കോമഡി ഷോകളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല കഥ. കാമുകനെ ഉപേക്ഷിക്കുന്ന രേഷ്മ, അവളെ വിളിച്ചു വരുത്തി ആസിഡ് പ്രയോഗം നടത്താൻ നിൽക്കുന്ന കാമുകൻ, അവൻ്റെ സ്കൂട്ടറിൽ വലിഞ്ഞു കയറിയ പോലീസുകാരൻ, ആ സ്കൂട്ടർ ചെന്നിടിച്ചു വീഴുന്ന രേഷ്മയുടെ അപ്പനും നാടകകൃത്ത് പാപ്പാടി സണ്ണിയുടെ ഭാര്യ സെലീനയും കൂടി രഹസ്യ സഞ്ചാരം നടത്തുന്ന കാറ്, കൃത്യം അവിടെയെത്തുന്ന തെച്ചിക്കാട്ടിലച്ചനും, സണ്ണിയും രേഷ്മയും എന്നിങ്ങനെ ജീവിതം തന്നെ അയുക്തിയും യാദൃച്ചികതയുമല്ലേ അച്ചാ എന്ന സണ്ണിയുടെ വാക്യത്തിൽ സഞ്ചരിക്കുന്ന ഒരു കഥ. എന്താണ് കഥ എന്നു ചോദിച്ചാൽ പ്രത്യേകിച്ച് ഉത്തരമൊന്നും കിട്ടില്ല, അങ്ങനൊരു കഥ.

ഭാഷാപോഷിണിയിൽ തന്നെ നകുൽ വി.ജി എഴുതിയ കുളത്തുവയൽ പ്രണയകാലങ്ങൾ എന്നൊരു പൈങ്കിളിക്കഥയുമുണ്ട്. ഭാഷാപോഷിണി ജനപ്രിയമാകാനുള്ള ശ്രമത്തിലാണല്ലോ.. അങ്ങനെയാവട്ടെ.

ചന്ദ്രികയിൽ വിനു എഴുതിയ മോർഫ്യൂസിലെ ഒറ്റക്കൊമ്പൻ എന്ന കഥ ഭരണികളിൽ പലതരം മീനുകളെ പാർപ്പിക്കുന്ന ഒരാളുടെ ഭ്രാന്തഭാവനകൾ ചർച്ച ചെയ്യുന്നു. ജലാശയത്തിൽ നിന്ന് ചൂണ്ടയിട്ടു പിടിച്ച് മോർഫ്യൂസ് ബ്രാൻഡിയുടെ കുപ്പിയിൽ വളർത്തുന്ന കുഴല എന്ന് വിളിപ്പേരുള്ള മീൻ തന്നോടെന്തോ പറയുന്നുണ്ടെന്ന തോന്നലിൽ നിന്നാണ് അയാൾ മീനുകളുടെ ഭാഷ വശമുള്ളയാളെ അന്വേഷിച്ചു തുടങ്ങുന്നത്. വിചിത്രമെന്ന് ആദ്യം തോന്നിയാലും അങ്ങനെയൊരാൾ ഉണ്ടാവാനുള്ള സാധ്യതയുണ്ട് എന്നതാണ് കഥയുടെ മർമം. മനുഷ്യാതീതമായ വിശേഷ ശക്തികളോട് വിധേയത്വമുള്ളതു തന്നെയാണ് നമ്മുടെ സമൂഹം. ആ മീൻ അജ്ഞാതമായ ഏതോ ഭീതിയെക്കുറിച്ചാണ് പറയാൻ ശ്രമിക്കുന്നതെന്ന ഒരടിസ്ഥാനവുമില്ലാത്ത പ്രസ്താവന വിശ്വസിച്ച് അതിൻ്റെ പിന്നാലെ പോകുന്നവർ നമുക്ക് അപരിചിതരൊന്നുമല്ല. കഥയുടെ ഗുപ്ത സ്വഭാവം നിലനിർത്തുകയും ഭാഷയിലും ആഖ്യാനത്തിലും മിതത്വം പാലിക്കുകയും ചെയ്യുന്നതോടെ ഗൂഡവും വിചിത്രവുമായ ഒരു കോട്ടയുടെ വാതിലുകൾ മെല്ലെത്തുറക്കുന്ന അനുഭവം വായനക്കാരനു ലഭിക്കുന്നു. മികച്ച കഥയാണ് മോർഫ്യൂസിലെ ഒറ്റക്കൊമ്പൻ.

iemalayalam ഓൺലൈനിൽ ആർഷ കബനി എഴുതിയ പെണ്ണരഞ്ഞാണവും ട്രൂ കോപ്പി വെബ് സീനിൽ രാഹുൽ പഴയന്നൂർ എഴുതിയ സോവിയറ്റ് രതിവിദ്യയും ശരാശരിയിൽ താഴെ മാത്രം നിൽക്കുന്ന കഥകളാണ്. ഒരേ ജനുസിൽ പെട്ട കഥകൾ വായിക്കുകയും അവയെപ്പോലെ എഴുതുകയാണ് ചെയ്യേണ്ടത് എന്ന് ധരിക്കുകയും ചെയ്തവരാണ് ഈ എഴുത്തുകാർ. പ്രത്യേകിച്ച് ഉത്തരവാദിത്തമോ കാഴ്ചപ്പാടുകളോ ഇല്ലാതെ കണ്ടതിനൊക്കെ ലൈക്ക് ചെയ്യുകയും ബലേ ഭേഷ് എന്ന് കൈയടിക്കുകയും ചെയ്യുന്ന ഉപജാപക വൃന്ദത്തിൻ്റെ കെണിയിൽ വീഴാതിരിക്കാൻ ഇനിയെങ്കിലും നവ കഥാകൃത്തുക്കൾ ബോധപൂർവം ശ്രമിക്കേണ്ടതുണ്ട്.

ഒന്നുമില്ലായ്മയാണ് വർത്തമാന കഥകളുടെ പൊതു സ്വഭാവം. വായനക്കു ശേഷവും അവശേഷിക്കുന്ന ഘനമേറിയ ഒരു കഥക്കു വേണ്ടിയുള്ള കാത്തിരിപ്പു തുടരാം. വരും. വരാതിരിക്കില്ല.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account