കഥയുടെ പ്രോട്ടോടൈപ്പുകൾ

ചുറ്റുപാടുകളുടെ സൂക്ഷ്മനിരീക്ഷണത്തിൽ നിന്ന് ഉൽഭൂതമാകുന്ന നവീന കാഴ്ചപ്പാടുകളുടേയും നിലപാടുകളുടേയും ആവിഷ്കരണമാണ് കഥയുടെയും കവിതയുടേയും മറ്റെല്ലാ സാഹിത്യ കലാരൂപങ്ങളുടേയും ദൗത്യം. അതു കൊണ്ടു തന്നെ പൊതു വീക്ഷണത്തിൽ നിന്നും വ്യത്യസ്തമായ ദർശനങ്ങൾ കഥയാക്കപ്പെടുന്ന ഏതൊരു സംഭവത്തിൻ്റേയും പിന്നിലുണ്ടാവേണ്ടതുണ്ട്. സ്ഥൂലാവസ്ഥയിലുള്ള വിവരണങ്ങളിൽ നിന്ന് വ്യത്യസ്തമായി സൂക്ഷ്മമായ ആഖ്യാനങ്ങളും പൊതുവല്ലാത്ത സാധ്യതകളും കൂടി അഭിസംബോധന ചെയ്യപ്പെടേണ്ടതുമുണ്ട്. കഥയുടെ ഏറ്റവും പുതിയ ഭാവുകത്വ സങ്കല്പങ്ങൾ പക്ഷേ ഇത്തരത്തിലുള്ള സൂക്ഷ്മതക്കു പകരം സ്ഥൂലമായ യഥാർഥങ്ങളെ ചിത്രീകരിക്കുന്നതിന് പ്രാധാന്യം നൽകുന്നു. ഫലമോ, സംഭവിക്കുന്നതത്രയും ഒരേ പ്രോട്ടോ ടൈപ്പ് കഥകളും. കഥാകൃത്തിൻ്റെ പേര് കേട്ടാൽ തന്നെ ആ കഥ എന്തായിരിക്കും എന്ന് മുൻകൂട്ടി തീരുമാനിക്കാൻ സാധ്യമാകുന്ന അത്രയും ഏകതാനമാണ് കഥകളുടെ രൂപം. ഷീബ ഇ.കെയുടെ കഥയിൽ ഇത്തിരി കശ്മീരും പൗരത്വ പ്രശ്നവും സ്ഥിരമായി ഉണ്ടാവുന്നത്, ഫ്രാൻസിസ് നൊറോണയുടെ കഥയിൽ അശ്ലീല ധ്വനികളുള്ള ദ്വയാർഥപ്രയോഗങ്ങളുണ്ടാവുന്നത്, വി ഷിനിലാലിൻ്റെ കഥയിൽ ഏറിയും കുറഞ്ഞും സംഘദേശീയതയെക്കുറിച്ചുള്ള പരാമർശങ്ങളുണ്ടാകുന്നത് എന്നിങ്ങനെ ഓരോ കഥാകൃത്തും ഓരോ ടൈപ്പ് മാത്രമായിത്തീരുന്നത് ഏതു വിധേനയും നന്നെന്നു കരുതുക വയ്യ. അവനവനെ മറികടക്കുക എന്ന വെല്ലുവിളി നേരിടുന്നതിൽ മിക്ക കഥാകൃത്തുക്കളും ദയനീയമായി പരാജയപ്പെടുന്നു എന്നതാണ് സത്യം . സ്ഥൂലാഖ്യാനങ്ങളുടെ നിർമിതി താരതമ്യേന എളുപ്പവും വിമർശനങ്ങളെ എളുപ്പത്തിൽ മറികടക്കാൻ പര്യാപ്തവുമാണ്. അമ്പതടി പൊക്കമുള്ള ഒരു പ്രതിമയുടെ മുഖത്തുണ്ടായേക്കാവുന്ന രണ്ടടി നീളമുള്ള വിള്ളൽ കാഴ്ചക്കാരനിൽ വലിയ അസ്വസ്ഥതയൊന്നും സൃഷ്ടിച്ചെന്നു വരില്ല. എന്നാൽ സൃഷ്ടി സൂക്ഷ്മമാവുന്നതോടെ ആസ്വാദകൻ്റെ സൂക്ഷ്മ വിശകലനം എഴുത്തുകാരന് ഭീഷണിയാവുകയും ചെയ്യും.

ദേശാഭിമാനിയിൽ സി.ഗണേഷ് എഴുതിയ മൂന്ന് വിധം കയറുകൾ എന്ന കഥ സൂക്ഷ്മമായി നിർമിക്കപ്പെട്ട, വായനക്കാരൻ്റെയുള്ളിൽ പ്രക്ഷുബ്ധത സൃഷ്ടിക്കാൻ പര്യാപ്തമായ കഥയാണ്.കഥയെന്ത് എന്നതിനോളം തന്നെ പ്രധാനമാണ് കഥ പറയുന്നതെങ്ങനെ എന്നതും. സാധാരണ പോലെ സംവദിക്കുമ്പോഴും അസാധാരണമായതെന്തോ വരാൻ പോകുന്നുണ്ട് എന്ന തോന്നൽ വായനക്കാരനു നൽകാൻ കഥക്കു കഴിയുന്നു. തികച്ചും അപ്രതീക്ഷിതമായ ഒരു സന്ധിയിൽ വച്ച് കഥ വായനക്കാരൻ്റെ ഇഷ്ടത്തിനു വിട്ടുകൊടുത്ത് കഥാകൃത്ത് പിൻവാങ്ങുകയും ചെയ്യുന്നു. കഥയുടെ അവസാനത്തിലേക്കുള്ള സൂചനയായി സ്വന്തം കാവൽക്കാരാൽ വെടിവച്ചു കൊല്ലപ്പെട്ട ഇന്ദിരാഗാന്ധിയും റഷ്യയുടെ അധികാരം പിടിച്ചെടുക്കാൻ കരുക്കൾ നീക്കിത്തുടങ്ങിയിരുന ഗോർബച്ചേവും കഥയിൽ വന്നു പോകുന്നുണ്ട്. കഥാകൃത്ത് കഥ അവസാനിപ്പിക്കുമ്പോൾ പല സാധ്യതകളുടെ കവലയിൽ നിൽക്കുകയാണ് വായനക്കാരൻ. എവിടേക്കു വേണമെങ്കിൽ തിരിയാം. സ്വാഭീഷ്ടപ്രകാരം കഥ പൂർത്തിയാക്കാം. വായനക്കാരനെ പരിഗണിക്കുന്ന കഥ എഴുതിയ സി ഗണേഷിന് അഭിവാദ്യങ്ങൾ.

മാതൃഭൂമിയിൽ പി ജെ ജെ ആൻ്റണി എഴുതിയ എട്ടാം കാറൽസ്മാൻ്റെ ജീവിതവും കോവിഡ് കാലവും എന്ന കഥ ആഴത്തിൽ ആഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. സ്കൂളിൽ ചവിട്ടുനാടകത്തിൽ തുടർച്ചയായി മൂന്നു കൊല്ലം കാറൽസ് മാനായി വേഷമിട്ട നെപ്പോളിയൻ്റെ അന്ത:സംഘർഷങ്ങളാണ് കഥയുടെ ആണിക്കല്ല്.മഹാമാരിയുടെ കാലത്ത് മരണഭയം തീണ്ടുന്ന നിസ്വരായ ചില മനുഷ്യരുടെ മാനസിക വ്യാപാരങ്ങളും കഥ അഭിസംബോധന ചെയ്യുന്നു. തൻ്റെ ഉള്ളിൽ കയറിക്കൂടിയ ചക്രവർത്തി അവിടെത്തന്നെയുണ്ട് എന്ന് വയസ്സൻ നെപ്പോളിയൻ പ്രഖ്യാപിക്കുന്നുണ്ട്. മനുഷ്യനെ അവൻ്റെ നിലനിൽപിനെക്കുറിച്ചുള്ള ചിന്തയിലേക്ക് തിരിച്ചുവിളിച്ചു എന്നതാണ് കോവിഡ് കാലം ചെയ്ത സൽകൃത്യം എന്നൊരു സൂചന കഥ നൽകുന്നു. എന്ത് ചക്രവർത്തി, ഭാര്യക്കും മക്കൾക്കും തിന്നാൻ കൊടുക്കണ്ടേ എന്ന ആത്മ വിലാപവും തൻ്റെയുള്ളിലെ ചക്രവർത്തിയും തമ്മിലുള്ള ഏറ്റുമുട്ടലിലാണ് കഥ വളരുന്നത്. വായിനേഷന് വന്ന ഞാൻ വാക്സിനേഷൻ കേന്ദ്രത്തിന് പുറത്തിറങ്ങുകയും അവിടെ പഴയ മൈതാനത്തിൻ്റെ കാഴ്ചകളിലേക്ക് തിരിശ്ശീല ഉയരുകയും ചെയ്യുന്നു. മനുഷ്യൻ്റെ എക്കാലത്തേയും ആശങ്കകളെ ഹൃദയസ്പർശിയായി ആഖ്യാനം ചെയ്യുന്നു പി ജെ ജെ ആൻ്റണി.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ കണക്കൂർ ആർ സുരേഷ് കുമാർ എഴുതിയ മൂന്നു തോക്കുകൾ എന്ന കഥയും ആഖ്യാനഭംഗി കൊണ്ട് ശ്രദ്ധേയമാണ്. ആര് ആരെയാണ് കൊല്ലുക എന്ന എല്ലാക്കാലത്തേയും ഭീതി കഥ തീവ്രമായി സന്നിവേശിപ്പിക്കുന്നു. ഏതു തോക്കാണ് തനിക്കുള്ള ഗോലി വഹിക്കുന്നതെന്ന അനിശ്ചിതത്വം എല്ലാ മനുഷ്യരെയും എന്നെന്നേക്കുമായി സംഭീതരാക്കുന്നു. ജീവിതത്തിനും മരണത്തിനുമിടയിലുള്ള ചെറിയ വിടവിന് യാതൊരു സ്ഥലകാല നിബന്ധനകളും ബാധകമല്ലെന്നും കഥ പറഞ്ഞു വക്കുന്നു.

മാധ്യമം ആഴ്ചപ്പതിപ്പിൽ അനീഷ് ബർസോം എഴുതിയ കത്തുന്ന ജിറാഫ് പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാൻ നടത്തിയ പരാജിത പരിശ്രമമാണ്. സവർണാവർണ വ്യവസ്ഥയെക്കുറിച്ചും മൂന്ന് തലമുറ മുമ്പത്തെ ചെയ്തികൾക്കുള്ള പ്രതികാരം ഇപ്പോഴത്തെ തലമുറ ചെയ്യുന്നതിൻ്റെ യുക്തിയൊന്നും ആരും ചികയരുത്. കത്തുന്ന ജിറാഫ് എന്ന സാൽവദോർ ദാലിയുടെ ബിംബത്തെ കഥ മുന്നോട്ടുവയ്ക്കുന്നുണ്ടെങ്കിലും അതുമായി കഥയെ ബന്ധിപ്പിക്കുന്നതിൽ വിജയിച്ചതായി തോന്നിയില്ല. കഥയിലേക്ക് ബിംബത്തെ ചേർക്കുകയല്ല, മറിച്ച് ബിംബത്തിലേക്ക് കഥയെ ചേർക്കുകയാണ് കഥാകൃത്ത് ചെയ്തിരിക്കുന്നത് എന്ന് വ്യക്തം.. മാധ്യമത്തിൽ തന്നെ അഞ്ജുഷ കെ. ബാബു എഴുതിയ ഓപ്പറേഷൻ ഗുഡ് മോണിങ്ങ് അക്ഷരാർഥത്തിൽ ബാലിശമായ ഒരു കഥയാണ്. രാജ്യത്ത് നടക്കുന്ന വൻതോതിലുള്ള കുടിയൊഴിപ്പിക്കലുകളും ഭൂമി / സമ്പത്ത് കൈയേറ്റങ്ങളും ഇത്രയും ലളിതമായി നോക്കിക്കാണുന്നവരോട് നമ്മളെന്തു പറയാൻ .!

ദേശാഭിമാനിയിൽ കെ കെ രമേഷ് എഴുതിയ വല്ലി പതിവു പോലെ സ്കൂൾ ക്ലാസുകളിൽ നിന്ന് പിരിഞ്ഞു പോയ കൂട്ടുകാരി അവളുടെ ഭർത്താവിൻ്റെ പീഡനം സഹിക്കാൻ വയ്യാതെ പരാതി എഴുതിക്കൊടുക്കാൻ വക്കീലായ പഴയ കൂട്ടുകാരൻ്റെയടുത്തെത്തുന്നതും അവളുടെ കഥകൾ പറയുന്നതുമായ കഥയാണ്. ആവർത്തന വിരസമായ ഒരു പഴയ കാല വാണിജ്യ സിനിമയുടെ ത്രെഡ് മാത്രമാണ് ഈ കഥ. ഇതിനൊക്കെ അപ്പുറത്താണ് ലോകമിപ്പോൾ ചിന്തിക്കുന്നതെന്ന് തിരിച്ചറിയാത്ത കഥയെഴുത്തുകാരെ, നിങ്ങൾക്കു കഷ്ടം.

ട്രൂ കോപ്പി വെബ് സീനിൽ സായ്റ എഴുതിയ “തൈമൂർ” എന്ന പോരു കോഴിയുടെ കഥ വായിക്കാൻ രസമുണ്ട്. പക്ഷേ വർത്തമാന പത്രങ്ങളിലെ ചൂടു വാർത്തകളിൽ നിന്ന് കണ്ടെടുക്കുന്ന സാധാരണ സംഭവം എന്നല്ലാതെ അതിൽ വേറൊന്നുമില്ല. പ്രണയിച്ച് കൂടെ ഇറങ്ങിപ്പോന്ന പുരുഷൻ, അവനൊരു പോക്സോ കേസിൽ പ്രതിയാകുന്നു. ഒരു വ്യത്യസ്തതക്കു വേണ്ടിയാകാം അവൾ അവൻ ബാക്കി വച്ച പോരുകോഴികളെ വളർത്തി വിറ്റും പോരിനു കൊണ്ടുപോയുമാണ് ജീവിക്കുന്നത്. പിന്നീട് അവൻ്റെ തിരിച്ചു വരവിൽ അവളുടെ പ്രിയപ്പെട്ട തൈമൂർ എന്ന കോഴിയെക്കൊണ്ട് അവനെ ആക്രമിക്കുകയും ചെയ്യുന്നിടത്ത് കഥ തീരുന്നു. ഈ ചർവിത ചർവണം ഇങ്ങനെ തുടരുന്നതിൽ കഥകൃത്തിന് യാതൊരു കുറ്റബോധവുമില്ലല്ലോ എന്നതാണ് ആശ്ചര്യകരം.

കഥയുടെ മഹാപ്രവാഹമായി ഓണപ്പതിപ്പുകൾ വന്നിരുന്നു. പക്ഷേ വായനയെ ഉദ്ദീപിപ്പിക്കുന്ന, അടയാളമായി അവശേഷിക്കുന്ന കഥകളൊന്നും തന്നെ ഉണ്ടായില്ല എന്നതാണ് അവയുടെ ഫലശ്രുതി. പ്രോട്ടോ ടൈപ്പ് കഥകളിൽ നിന്ന് കഥ പുറത്തു വരും എന്നു പ്രതീക്ഷിക്കാം. കഥക്ക് അതിൻ്റെ  കുത്തകാവകാശികളിൽ നിന്ന് മോചനമുണ്ടാവുമെന്നും പ്രതീക്ഷിക്കാം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account