സേവ, ഗുഹ, അക്കൽദാമ

മനുഷ്യനും പ്രകൃതിയും സമൂഹവും ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലമാണ്.  ലോകമാകമാനം മനുഷ്യൻ എന്ന ഉദാത്ത സങ്കല്പനത്തിന് കാര്യമായ കോട്ടങ്ങൾ സംഭവിക്കുകയും പ്രാചീന നിലപാടുകളിലേക്കും സമൂഹ വ്യവസ്ഥകളിലേക്കും തിരികെ നടക്കുകയും ചെയ്യുന്ന കാലത്ത് സാഹിത്യവും തീർച്ചയായും ഈ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കാതിരിക്കില്ല. അഥവാ മനുഷ്യാവസ്ഥയിലെ ഇത്തരം വിരുദ്ധ ദ്വന്ദങ്ങളെ അഭിസംബോധന ചെയ്യുന്ന സൃഷ്ടികളാണ് ഇക്കാലത്ത് സംഭവിക്കുക. അതു കൊണ്ടു തന്നെ എഴുത്തിന് അത്രമേൽ ലളിതമാവുക ഇനി സാധ്യമല്ല. സങ്കീർണമായ കാലത്തെ അടയാളപ്പെടുത്തുന്ന കൃതികൾ സങ്കീർണമായിത്തീരുക സ്വാഭാവികമാണ്. എന്നാൽ ഇത്തരത്തിലുള്ള സ്വത്വ സംബന്ധിയായ അനിശ്ചിതത്വങ്ങളോ നിലനിൽപ്പ് സംബന്ധിച്ച ചോദ്യങ്ങളോ മലയാള കഥയിലെ പ്രധാന വിഷയങ്ങളാവുന്നില്ലെന്നു കാണാം. സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘർഷത്തെയും സമൂഹവും അധികാരവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെക്കുറിച്ചും ചർച്ച ചെയ്യുന്ന കഥകൾ മലയാളത്തിൽ തുലോം കുറവാണെന്നും കാണാം.

മലയാളത്തിൽ കഥകൾ പ്രസിദ്ധീകരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾക്കൊക്കെയും കൃത്യമായ രാഷ്ട്രീയമുണ്ട് എന്നത് കഥകളിലെ രാഷ്ട്രീയ നിലപാടുകളെ സ്വാധീനിക്കുന്നുണ്ട് എന്നത് ഈ ദുരവസ്ഥയുടെ പ്രധാന കാരണമായി കണക്കാക്കാം. ഇതേ പംക്തിയിൽ മുമ്പൊരിക്കൽ ഈ വിഷയം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. കഥയെഴുതുന്നയാൾക്കും അതുവഴി കഥക്കും രാഷ്ട്രീയമുണ്ടാവും. പക്ഷേ പ്രസിദ്ധീകരണസ്ഥാപനത്തിൻ്റെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിധേയമായി കഥകളിലെ രാഷ്ട്രീയത്തെ ക്രമീകരിക്കാൻ ശ്രമിക്കുന്നത് അപകടകരമായിത്തീരും. ഇന്ത്യയെ ആഴത്തിൽ ബാധിച്ചിട്ടുള്ള ഫാസിസ്റ്റ് / വർഗീയ രാഷ്ട്രീയത്തെക്കുറിച്ച് നിരവധി കഥകൾ അച്ചടിക്കപ്പെട്ടിട്ടും ന്യൂനപക്ഷ വർഗീയത പരാമർശിക്കപ്പെടുന്ന ഒരു കഥ പോലും എഴുതപ്പെട്ടിട്ടില്ല എന്നത് കൗതുകകരമാണ്. ഇതു തന്നെയാണ് എഴുത്തുകാർ എത്ര മാത്രം ഭീരുക്കളും അവസരവാദികളുമാണെന്നതിൻ്റെ സൂചന. പ്രസിദ്ധീകരിക്കപ്പെടുന്നതിനുള്ള ചേരുവകൾ ചേർത്ത് ആവശ്യത്തിനു തയ്യാറാക്കുന്നവയാണ് മിക്കപ്പോഴും മലയാളത്തിലെ കഥകൾ. സത്യാനന്തര കാലത്തെ കഥാരചനയെക്കുറിച്ചു മാത്രം വേവലാതിപ്പെടുന്നതിൽ കാര്യമില്ലെന്ന് അറിയാഞ്ഞിട്ടല്ല, എങ്കിലും ചിലത് പറയാതിരിക്കുന്നതെങ്ങനെ.? സ്വന്തം രാഷ്ട്രീയ നിലപാടിൽ ഉറച്ചു നിൽക്കാനും സ്വന്തം ശരികൾ നിർവചിക്കാനും ശേഷിയുള്ള സത്യസന്ധരായ എഴുത്തുകാർ നമുക്കുണ്ടാവട്ടെ എന്ന് പ്രതീക്ഷിക്കാം.

മാതൃഭൂമിയിൽ വർഗീസ് അങ്കമാലി എഴുതിയ “സേവ ” എന്ന കഥ കുന്നംകുളത്തെ പൗരാണികമായ കൃസ്ത്യൻ കുടുംബത്തിലെ രണ്ടു തലമുറ മുമ്പത്തെ കാരണവരുടെ സേവയുടെ കഥയാണ്.  പാരമ്പര്യത്തെക്കുറിച്ചുള്ള പതിവാഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തമല്ലാത്ത കൊല്ലിനും കൊലക്കും അധികാരമുണ്ടായിരുന്ന, പെണ്ണുങ്ങളുടെ മേൽ കുത്തകാവകാശമുണ്ടായിരുന്ന പോത്തൻ അപ്പാപ്പൻ്റെ സ്വാധീനം ഇപ്പോഴും ആ കുടുംബത്തിലുണ്ട്. ക്രിസ്ത്യൻ കുടുംബ വ്യവസ്ഥയുടേയും അതിനെ നിയന്ത്രിക്കുന്ന പാപ സങ്കല്പങ്ങളുടേയും അടിസ്ഥാനമായ ആചാരങ്ങളും വിശ്വാസങ്ങളും ജീവിത രീതികളും ഉൾക്കൊള്ളുന്നതാണ് കഥയുടെ ശരീരം. നിലവിലുള്ളതും അലംഘനീയമായിരുന്നതുമായ സേവയും മറ്റു കീഴ്‌വഴക്കങ്ങളും റാഹേൽ എന്ന മരുമകൾ ലംഘിക്കുന്നു എന്നതും അറക്കുള്ളിലല്ല സേവ നടക്കേണ്ടത്, നമ്മുടെ മനസുകളിലാണ് കാർന്നോമ്മാരുണ്ടാകേണ്ടത് എന്നവൾ നിലപാടു വ്യക്തമാക്കുന്നതും കഥയുടെ സൗന്ദര്യമാണ്. റാഹേൽ ഗർഭം ധരിക്കുന്നത് വീട് പുതുക്കിപ്പണിയാൻ വന്ന മായൻ എന്ന ആശാരിയിൽ നിന്നാണെന്നത് കഥ മുന്നോട്ടു വക്കുന്ന പരമ്പരത്തുടർച്ചയാണെന്നു കാണാം. വ്യഭിചാരവും അവിഹിത ബന്ധങ്ങളും ഏറ്റവും വലിയ പാപമായി പരിഗണിക്കുന്ന കൃസ്തീയതയുടെ ഉത്ഭവം തന്നെ ക്രിസ്തു എന്ന ആശാരിയുടെ വിചിത്ര ജന്മത്തിലാണല്ലോ എന്ന് വായനക്കാരനു തോന്നിക്കുന്നതിൽ കഥ വിജയിക്കുന്നു.

എന്നാൽ ഫ്രാൻസിസ് ഇട്ടിക്കോര എന്ന നോവൽ അവതരിപ്പിച്ച കുന്നംകുളത്തെ കോരപ്പാപ്പനും കോരക്കു കൊടുക്കലും കഥ നമ്മെ ഓർമിപ്പിക്കുന്നുണ്ട് എന്ന കാര്യം കാണാതിരുന്നു കൂടാ. ഭാഷയിലെ ചെടിപ്പിക്കുന്ന കൃത്രിമത്വമാണ് മറ്റൊരു കല്ലുകടി. സംഭാഷിക്കുക, ഉത്തരിക്കുക തുടങ്ങിയ പ്രയോഗങ്ങൾ പരിഹാസ്യമാണ്. ചാച്ചൻ്റെ മുറിയിലെ മൂത്രച്ചൂരൊഴിക്കാൻ തെരുവപുല്ല് സുല്ലിടുമ്പോൾ തൈലത്തിൻ്റെ കുമുകുമാ വാസന വെടക്കുമണത്തെ പൊരിക്കുന്നുണ്ട്  എന്നതുപോലുള്ള വാചകങ്ങൾ കഥയുടെ ഗാംഭീര്യത്തെ വല്ലാതെ കുറച്ചു കളയുന്നുണ്ട്.

മാധ്യമത്തിൽ കെ എൻ പ്രശാന്തിൻ്റെ ഗുഹ എന്ന കഥ പറഞ്ഞു പഴകിയ പ്രമേയത്തെ പുതിയ രൂപത്തിൽ അവതരിപ്പിക്കാനുള്ള വിജയിക്കാതെ പോയ ശ്രമമാണ്. പഴയ കാല ജന്മിമാരും അവരുടെ അനീതികളും ഇനിയും പറഞ്ഞു കൊണ്ടിരിക്കുന്നതിൽ കാര്യമൊന്നുമില്ല. അവരുടെ അടുത്ത തലമുറ ആത്മീയ ബിസിനസ് നടത്തുന്നതും, ആശ്രമങ്ങളുടെ മറവിൽ നടക്കുന്ന അതിക്രമങ്ങളും കൊലപാതകങ്ങളും, ഭക്തിയുടെ മറവിൽ എന്തും ചെയ്യുന്ന ആൾക്കൂട്ടവും തുടങ്ങി ചില സുരേഷ് ഗോപി സിനിമകളുടെ അനുകരണം മാത്രമായി ചുരുങ്ങിപ്പോയി ഗുഹ .

മലയാളം വാരികയിൽ തമ്പി ആൻ്റണി എഴുതിയ അക്കൽദാമ ജയിലിൽ നിന്നിറങ്ങിയ കള്ളൻ താൻ മോഷ്ടിച്ച ജഡ്ജിയുടെ കുക്കൂ ക്ലോക്കും പള്ളിയിൽ നിന്ന് മോഷ്ടിച്ച ക്രിസ്തുവിൻ്റെ ചിത്രവും തിരിച്ചു വക്കാൻ വരുന്ന കഥയാണ്. താനൊരു അന്യായാധിപനാണെന്ന് സ്വയം ബോധ്യമുള്ള ജഡ്ജ് സൂര്യ മൂർത്തി പക്ഷേ വാതിൽ തുറക്കുന്നില്ല. അടുക്കള വാതിൽ ചവിട്ടിത്തുറന്ന് അകത്തു കയറിയ കള്ളനെ കണ്ട് അദ്ദേഹത്തിന് ഹൃദയ സ്തംഭനമുണ്ടാവുകയും കള്ളൻ  തന്നെ പോലീസിനേയും ആംബുലൻസിനേയും വിളിക്കുകയും ചെയ്യുന്നതാണ് കഥയുടെ പരിണാമം. അയാൾക്ക് പുറത്തു കടക്കാനാവുന്നതിനു മുമ്പ് എത്തിയ പോലീസ് അയാളെ പിടിച്ച് വണ്ടിയിൽ കയറ്റി കൊണ്ടു പോകുന്നതോടെ പശ്ചാത്തപിക്കാനുള്ള പാപിയുടെ അവകാശം റദ്ദുചെയ്യപ്പെടുന്നു. തിരിച്ചു വക്കാനുള്ള കർത്താവിൻ്റെ ചിത്രത്തെ കെട്ടിപ്പിടിച്ച് വണ്ടിയിലിരിക്കുന്ന കള്ളൻ അക്കൽദാമ എന്ന പേരിനെ അന്വർഥമാക്കുകയും ചെയ്യുന്നു. ഒരിക്കൽ കുറ്റം ചെയ്തവനെ ഒരു കാലത്തും അതിൻ്റെ പാപഭാരത്തിൽ നിന്ന് രക്ഷപ്പെടാൻ നമ്മുടെ വ്യവസ്ഥിതി സമ്മതിക്കുകയേയില്ല. എന്നു മാത്രമല്ല അത്തരം കുറ്റവാളികളുടെ മറവിൽ മറ്റു പലരും രക്ഷപ്പെടുകയും ചെയ്യുന്നു. അധികാരം എക്കാലത്തും അതിൻ്റെ വിധേയരെ ഇരകളാക്കിയാണ് നിലനിൽക്കുന്നത്. അത് എല്ലായ്പ്പോഴും ദ്വന്ദങ്ങളെ നിർമിക്കുകയും നിരന്തരം താരതമ്യം ചെയ്യുകയും ചെയ്യുന്നു. കുറ്റവാളി / അല്ലാത്തവൻ, പാപി / അല്ലാത്തവൻ, നല്ലവൻ / അല്ലാത്തവൻ എന്നിങ്ങനെ നിരന്തരം ഏറ്റുമുട്ടുന്ന വിരുദ്ധ ദ്വന്ദങ്ങളാണ് സമൂഹത്തിൻ്റെ നിലനിൽപിന് അടിസ്ഥാനം. മികച്ച കഥയാണ് അക്കൽദാമ.

ദേശാഭിമാനിയിൽ മജീദ് സെയ്ദ് എഴുതിയ കുനാർ നദിക്കരയിലേക്ക് ഒരു രാത്രിയാത്ര അഫ്ഗാൻ സംഭവങ്ങളുടെ ഒരു വാർത്താ ചിത്രീകരണമാണ്. കഥ എന്നു വിളിക്കാൻ യാതൊന്നുമില്ലാത്ത, എല്ലാ ദിവസവും പത്രത്തിൽ വായിക്കുന്ന അതിസാധാരണമായ ഒരു സംഭവത്തിൻ്റെ വിവരണമാണ് ഈ കഥ. അഫ്ഗാനിലെന്നല്ല, യുദ്ധം നടക്കുന്ന ഏതു ഭൂപ്രദേശത്തും സംഭവിക്കുന്ന ഒന്ന്, അനേകം തവണ പറഞ്ഞു കഴിഞ്ഞത്, അത്രമാത്രം. ദേശാഭിമാനിയിൽ തോമസ് ചെറിയാൻ എഴുതിയ AD 2075 എന്ന കഥയും സാമാന്യം ബോറാണ്. AD 2075 ൽ വെള്ളമില്ലാതായിത്തീർന്ന, മലിനീകരിക്കപ്പെട്ട, ഭൂമിയിൽ താമസിക്കുന്ന മനുഷ്യരുടെ കഥയാണ് പ്രതിപാദ്യം. പലരും പലതവണ പറഞ്ഞതാണ് ഇതേ കഥ. ഇത്തരം കഥകളുടെ പ്രധാന പ്രതിസന്ധി, അറിഞ്ഞോ അറിയാതെയോ, ഇപ്പോഴത്തെയാണ് ശരി എന്നും വരാനുള്ളത് മോശമാണ് എന്നുമുള്ള മുൻവിധി കഥയിൽ കാണാമെന്നതാണ് .

ചന്ദ്രികയിൽ രാഹുൽ ശങ്കുണ്ണിയുടെ “ചതുരമല” ചതുരമല സ്കൂളിൽ തെരഞ്ഞെടുപ്പു ഡ്യൂട്ടിക്കു പോയവരുടെ കഥയാണ്. ആദിവാസി മേഖലയായ ചതുരമലയിൽ മുമ്പു നടന്ന ഒരു നക്സൽ വേട്ടയിൽ പങ്കെടുത്ത നിരപരാധിയായ ഒരു പോലീസുകാരനും മാവോവാദി സംഘത്തിലെ അംഗമായ ബീന എന്ന ഉദ്യോഗസ്ഥയും അടങ്ങുന്ന സംഘമാണ് തെരഞ്ഞെടുപ്പുദ്യോഗസ്ഥർ. ആദിവാസികൾ തങ്ങളോട് പ്രതികാരം ചെയ്യുമെന്ന് ഭയന്ന് പോലീസുകാരനും അവർക്ക് പ്രതികാരം ചെയ്യാനുള്ള അവസരം ഒരുക്കാത്തതിന് ഫോണിൽ ഭീഷണി സന്ദേശം കിട്ടുന്ന ബീനയുമൊക്കെയുണ്ടെങ്കിലും കഥ ആവർത്തന വിരസമാണ്. പ്രമേയത്തിലോ നരേഷനിലോ യാതൊരു പുതുമയുമില്ല കഥയിൽ. എന്നു മാത്രമല്ല, മുൻനിർണിതമായ സമൂഹശരികളുടെ പാലത്തിൻമേൽ നിന്നു കൊണ്ടു തന്നെയാണ് ഈ കഥയും ശരിതെറ്റുകളെ വിശകലനം ചെയ്യുന്നത്. എഴുത്തുകാരൻ്റെ ഉള്ളിലുള്ള നന്മ ബോധത്തിൻ്റെ അടിസ്ഥാനത്തിൽ പൊതു കാഴ്ചപ്പാടുകൾ രൂപീകരിക്കാനുളള ശ്രമമാണ് ഇത്തരം കഥകളുടെ പ്രേരണ.

കഥകളുടെയും കഥകളിലെയും കാലം മാറേണ്ടതുണ്ട്. അവനവനെക്കുറിച്ചു മാത്രം ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന എഴുത്തുകാരുടെ കൂട്ടത്തിന് ഈ സമുഹത്തെ എവിടെയും എത്തിക്കാനാവില്ല. അതേ സമയം തമസിൻ്റെ ശക്തികൾ എഴുത്തിനേയും സംസ്കാരത്തെ ആകെത്തന്നെയും ഹൈജാക്ക് ചെയ്യാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുന്നുമുണ്ട്. അതിജീവിക്കുക എഴുത്തിൻ്റേയും എഴുത്തുകാരൻ്റെയും കൂടി ഉത്തരവാദിത്തമാണ് എന്ന് മറക്കാതിരിക്കാം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account