അനാകാരാദി കഥകൾ

അതതു കാലത്തെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളോട് സംവദിക്കുകയും പ്രതിപ്രവർത്തിക്കുകയും അതുവഴി പുതിയ സമൂഹ രാഷ്ട്രീയ സങ്കല്പനങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുക എക്കാലത്തേയും എഴുത്തുകാരൻ്റെ ഉത്തരവാദിത്തമാണ്. കേരളത്തിൻ്റെ ബൗദ്ധിക, ഭൗതിക മേഖലകളിലുണ്ടായിട്ടുള്ള എല്ലാ പരിണാമങ്ങളുടേയും‌ പിന്നിൽ എഴുത്തുകാരുൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തകരുടെ സ്വാധീനമുണ്ടെന്നു കാണാം. ഇത്തരത്തിൽ സമൂഹത്തെ സ്വാധീനിക്കാനും ആശയസംവാദങ്ങൾ സൃഷ്ടിക്കാനും സാധിക്കാത്ത അവസ്ഥയിലേക്ക് വർത്തമാന എഴുത്തും സാഹിത്യവും പരിണമിച്ചു കഴിഞ്ഞു. വർത്തമാനത്തിൽ നിന്ന് ആശയം കണ്ടെത്തുകയും അതിനെ ഭാവിയിലേക്ക് നട്ടു വളർത്തുകയും ചെയ്യേണ്ടവനാണ് എഴുത്തുകാരൻ. ഭാവിയെ രൂപപ്പെടുത്തുന്നവനാവാൻ സാധിച്ചില്ലെങ്കിലും ഭാവി എങ്ങനെയായിരിക്കുമെന്ന് ദീർഘദർശനം ചെയ്യാനുള്ള ആർജവമെങ്കിലും എഴുത്തുകാർക്കുണ്ടാവേണ്ടതുണ്ട്.

ദേശാഭിമാനിയിൽ ആദവൻ ദീക്ഷണ്യ എഴുതി സുജിത് കുമാർ തർജമ ചെയ്ത തമിഴ്‌ കഥ അനാകാരാദി ഇത്തരത്തിൽ ദീർഘദർശനം ചെയ്യുന്ന കഥയാണ്. ജയിൽനിറക്കലിനായി ഒരു പ്രത്യേക വകുപ്പുണ്ടാവുക, അവർ കഴിയുന്നത്ര ആളുകളെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് ജയിൽ നിറക്കുക, കുറ്റവാളി എന്നു തെളിയും വരെ നിരപരാധി എന്നതിനു പകരം നിരപരാധി എന്നു തെളിയും വരെ കുറ്റവാളിയായിരിക്കുക, അനാകാരാദി കേട്ടതിൻ്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെടുക, നിറയെ യാത്രക്കാരുള്ള ഒരു തീവണ്ടി അനന്തമായി ഓടിപ്പോവുക എന്നിങ്ങനെ അനിശ്ചിതമായ ജീവിതങ്ങളെയും ഇരകളാക്കപ്പെടുന്ന മനുഷ്യരേയും ആദവൻ നമുക്കു പരിചയപ്പെടുത്തുന്നു. തീർച്ചയായും അവനവനിസത്തിൽ ചുറ്റിത്തിരിയുന്ന മലയാള കഥാകൃത്തുക്കൾ വായിക്കേണ്ട കഥയാണ് അനാകാരാദി.

മാധ്യമത്തിൽ പ്രമോദ് കൂവേരി എഴുതിയ വെള്ളച്ചിയുടെ മാനിഫെസ്റ്റോ ഉളളവനും ഇല്ലാത്തവനും എന്ന പ്രാപഞ്ചിക യാഥാർഥ്യത്തെ ഒരിക്കൽ കൂടി അവതരിപ്പിക്കുന്നു.  ഇ കെ നായനാർ മരിച്ച അതേ സമയത്ത് കണ്ണൂരിൽ രയരപ്പൻ എന്ന സഖാവും മരിക്കുന്നു. സഖാവ് രയരപ്പന് മരണത്തിനു മുമ്പും മരണസമയത്തും അതിനു ശേഷവും കൂട്ട് വെള്ളച്ചി മാത്രമാണ്. രയരപ്പൻ എന്നും കമ്യൂണിസ്റ്റായിരുന്നു. പാർട്ടിയുടെ പല തീരുമാനങ്ങളും ശരിയല്ലെന്ന് തിരുത്താൻ ശ്രമിച്ചിരുന്ന സഖാവ്. പക്ഷേ പാർട്ടി പലപ്പോഴും താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടി രയരപ്പേട്ടനെപ്പോലുള്ളവരെ തള്ളിപ്പറഞ്ഞു. ജന്മിയും കോൺഗ്രസ്കാരനുമായ കേളു നായരുടെ മകൻ വിനോദ് മെല്ലെ പാർട്ടിയുമായി അടുക്കുകയും പാർട്ടി അവനെ നേരിട്ട് പാർട്ടിയിൽ ചേർക്കുകയും ചെയ്തു.  അതിൻ്റെ ഉദ്ദേശ്യം പക്ഷേ അയ്യപ്പൻ്റെ 7 സെൻ്റിൻ്റെ കുടികിടപ്പവകാശം നിഷേധിക്കലായിരുന്നു. ഇങ്ങനെ സ്വന്തം ആവശ്യങ്ങൾക്ക് പാർട്ടിയെ ദുരുപയോഗിക്കുന്ന വ്യാജ / അഭിനവ കമ്യൂണിസ്റ്റുകൾ നമുക്കപരിചിതരല്ല. നായനാരുടെ മൃതദേഹം വലിയ ജനാവലിയുടെ സാന്നിധ്യത്തിൽ പയ്യാമ്പലത്ത് സംസ്കരിക്കുമ്പോൾ നായനാർക്ക് ഒളിവിടവും ഭക്ഷണവും നൽകിയ രയരപ്പൻ്റെ മൃതശരീരം വെള്ളച്ചി ഒറ്റക്ക് കുഴിച്ചിടുന്നിടത്ത് കഥ തീരുന്നു. AII are equal, but some are more equal എന്ന് കഥ ചിരിക്കുന്നു.പ്രമോദിന് അഭിവാദ്യങ്ങൾ.

മാതൃഭൂമിയിൽ വിനു എബ്രഹാം എഴുതിയ രാത്രികളുടെ രാത്രി മുട്ടത്തു വർക്കിയുടെ എഴുത്ത് ജീവിതത്തെക്കുറിച്ചും അദ്ദേഹത്തെക്കുറിച്ച് നമുക്കറിയാത്തതെന്ന് വിനു കരുതുന്ന ചില കാര്യങ്ങളെക്കുറിച്ചുമുള്ള ആഖ്യാനമാണ്. ഡോക്ടർ ഷിവാഗോ എന്ന നോവലിൻ്റെ പരിഭാഷാസമയത്തെ മുട്ടത്തുവർക്കിയുടെ മാനസിക വ്യാപാരങ്ങളാണ് കഥയുടെ ഇതിവൃത്തം. പൈങ്കിളി സാഹിത്യം എന്നു വിളിച്ച് മാറ്റി നിർത്തിയ  ജനപ്രിയ സാഹിത്യം മാത്രമായിരുന്നില്ല വർക്കിയുടെ സാഹിത്യ മേഖല എന്നും ബൗദ്ധികമായി വലിയ ഔന്നത്യം അദ്ദേഹം പുലർത്തിയിരുന്നു എന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് വിനു എബ്രഹാം കഥയിലൂടെ നടത്തുന്നത്. എപ്പോഴും പറയുന്നതു പോലെ വേണ്ട വിധം തിരിച്ചറിയാതെ പോയ പ്രതിഭയായിരുന്നു അദ്ദേഹം എന്ന് വിനുവും പ്രഖ്യാപിക്കുന്നു.  വർക്കി പ്രതിനിധാനം ചെയ്തിരുന്ന, ആരാധകർക്ക് വേണ്ട രീതിയിൽ പ്രണയവും വൈകാരിക സംഘർഷങ്ങളും ഉദ്വേഗവും മേമ്പൊടിക്ക് സെക്സും എല്ലാം കലർന്ന ആ സാഹിത്യ ശാഖ  മലയാളത്തിലെ സജീവ സാഹിത്യമായിത്തീരുന്ന ഇക്കാലത്ത് വിനു നടത്തിയ പരിശ്രമം സമയോചിതമായി! പക്ഷേ അവശേഷിക്കുന്ന ചോദ്യമിതാണ്. ഒരടി മുന്നോട്ടു നടക്കാൻ അനുവദിക്കാതെ ചർവിത ചർവണം നടത്തി. എത്ര കാലം പിടിച്ചു നിൽക്കാനാവും മലയാള കഥക്ക് എന്നാണ് നാം കരുതുന്നത്..? മുട്ടത്തു വർക്കിയുടെ രാത്രികളുടെ രാത്രി എന്ന നോവലിൻ്റെ രചനാ രഹസ്യം കൊണ്ട് സാമാന്യ വായനക്കാരന് എന്താണ് പ്രയോജനം..?

കലാകൗമുദിയിൽ കണക്കൂർ ആർ സുരേഷ് കുമാർ എഴുതിയ കബൂത്തർ ഖാനകൾ ഒഴിയുമ്പോൾ എന്ന കഥ മഹാനഗരങ്ങളിൽ മഹാവ്യാധിക്കാലം സൃഷ്ടിച്ച കഠിന പ്രതിസന്ധികളെ അഭിസംബോധന ചെയ്യുന്നു. വേരുകളില്ലാത്തവരായ നഗരവാസികൾ, ഒറ്റ മുറി പങ്കിട്ട് ജീവിക്കുന്ന കുടുംബങ്ങൾ, ഉള്ള തൊഴിലും നഷ്ടപ്പെട്ട് പെരുവഴിയിലായിപ്പോകുമ്പോഴുള്ള അനിശ്ചിതാവസ്ഥ കഥ തീവ്രമായി അവതരിപ്പിക്കുന്നു. തൊഴിലിടങ്ങളും സമൂഹമാകെയും മിക്കപ്പോഴും പല തരം  ചൂഷണങ്ങളുടെ കേന്ദ്രമാണ്. സാഹചര്യങ്ങളേ മാറുന്നുള്ളൂ, സംഭവങ്ങൾ മാറുന്നേയില്ല. ഓരോ ദുരന്തവും ചൂഷകർ അവർക്കുള്ള അവസരങ്ങളായി പരിഗണിക്കുമ്പോൾ അതിനോട് ചെറുത്തു നിൽക്കാനുള്ള ശ്രമങ്ങളും ഉണ്ടാവും. എല്ലാ ദുരിതങ്ങളുടേയും മേലെ മനുഷ്യനന്മയുടെ സാധ്യതകളെ ഉയർത്തിപ്പിടിക്കുന്നു എന്നതാണ് ഈ കഥയുടെ മികവ്.

മലയാളം വാരികയിൽ പിഎഫ് മാത്യൂസ് എഴുതിയ നളിനി രണ്ടാം ദിവസം അക്ഷരാർഥത്തിൽ ഒരു പൊട്ടക്കഥയാണ്. ആറു കാമുകൻമാർക്കു ശേഷം ഏഴാമതായി നരേന്ദ്രൻ എന്നയാളുമായി കാമുകപ്പെടുകയും അയാളുടെ കാമുകിയോ ഭാര്യയോ ആയ സുമതിയെ കാണാൻ പോവുകയും ചെയ്യുന്ന നളിനി അവിടെ നരേന്ദ്രനും സുമതിയും കിടപ്പറയിൽ ആയിരുന്ന നേരത്ത് (അവരതിനകത്ത് എന്തു ചെയ്യുകയായിരുന്നു ആവോ!)സുമതിയുടെ കുഞ്ഞുമായി ചങ്ങാത്തത്തിലാവുകയും അതിനെ കൊണ്ടു പോകാൻ ആഗ്രഹിച്ചിട്ടും സുമതി വിട്ടു കൊടുക്കാത്തതുമാണ് കഥ ( !).  മക്കളെ ഉപേക്ഷിച്ച് കാമുകൻമാരോടൊപ്പം പോകുന്ന സ്ത്രീകളെക്കുറിച്ചാണ് കഥാകൃത്ത് ചിന്തിക്കുന്നതെങ്കിൽ അദ്ദേഹത്തിനു ഹാ കഷ്ടം. അല്ലെങ്കിൽ പ്രണയിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ചാണെങ്കിൽ കഥ ഒന്നുമായതുമില്ല.. എന്തായാലും ഈ കഥ വേണ്ടിയിരുന്നില്ല എന്നു തോന്നി.

ദേശാഭിമാനിയിൽ ഐസക് ഊപ്പൻ എഴുതിയ കടൽമരം എന്ന കഥയെക്കുറിച്ചു കൂടി പറഞ്ഞ് അവസാനിപ്പിക്കാം. എമിലി ജോൺസ് എന്ന തൻ്റെ പഴയ കാമുകി പിന്നീട് നഗരത്തിൽ ഒറ്റക്ക് ( ഹൗ) വന്ന് ഒരു ഹോട്ടലിൽ താമസിച്ചു കൊണ്ട് നായകനെ വിളിക്കുകയായിരുന്നു. അയാളവളെ കാണാൻ ചെല്ലുകയും അവരുടെ പഴയ കാല കഥകളൊക്കെ അയവിറക്കുകയും ചെയ്യുന്നു. കഥ വായിച്ചു തീരുമ്പോൾ തോന്നുന്ന ഒരു സംശയം മുൻകാല സുഹൃത്തുക്കളെ / കമിതാക്കളെ വീണ്ടും കാണുമ്പോൾ ആദ്യാവസാനം ഓർക്കുന്ന, പരാമർശിക്കുന്ന വിഷയം ഉടൽ മാത്രമാവുന്നതെങ്ങനെ എന്നാണ്. കഥാകൃത്ത് തന്നെ കഥയിൽ എമിലി ജോൺസിൻ്റെ ശബ്ദത്തിൽ പറയുന്നുണ്ട്, നിങ്ങളാണുങ്ങൾക്ക് സ്ത്രീയെന്നാൽ വെറും ശരീരമാണെന്ന്. പഴയ പ്രണയത്തിൻ്റെ ഓർമകളും പുതുക്കി തിരിച്ചു പോകാനൊരുങ്ങുമ്പോഴാണ് അയാൾക്ക് ഭാര്യയുടെ വിളി വരുന്നത്.എങ്ങനെയൊക്കെയോ ആ കഥയങ്ങവസാനിച്ചു എന്നു പറയുന്നതാവും കൂടുതൽ ശരി. വായനക്കു ശേഷം എന്തെങ്കിലും അവശേഷിപ്പിക്കുന്നതോ പോകട്ടെ, വായനയിൽ എന്തെങ്കിലും കിട്ടുന്ന കാര്യത്തിലും കടൽമരം പൂതലിച്ചു പോയിരിക്കുന്നു.

അവനവനിലേക്കു മാത്രം നോക്കുന്നവയാണ്. മിക്ക കഥകളും. അതുകൊണ്ടാണ് അത് അപരനോട് സംവദിക്കാത്തത്. എഴുത്ത് എല്ലായ്പോഴും അന്യനോട് താദാത്മ്യം പ്രാപിക്കലും കൂടിയാണ്. പക്ഷേ…

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account