നായ റിപ്പബ്ലിക്കും മരണക്കിണറും

കഥയുണ്ടാവുന്നത് സംഭവങ്ങളിൽ നിന്നാണ്. പക്ഷേ  സംഭവങ്ങൾ കഥയാവുന്നതിനു പിന്നിൽ സങ്കീർണമായൊരു പരിണാമ പ്രക്രിയ നടക്കുന്നുണ്ട്. എഴുത്തുകാരൻ്റെ അനുഭവങ്ങളും ഭാവനയും അവൻ്റെ സാമൂഹ്യ രാഷ്ട്രീയ കാഴ്ചപ്പാടുകളും മാനവികതയും എല്ലാം ചേർന്ന് നടക്കുന്ന പല ഘട്ടങ്ങളുള്ള അതേ സമയം നിശ്ശബ്ദമായ ഒരു നിർമാണ പ്രക്രിയയാണത്. ഈ ഘട്ടത്തിൽ തീർച്ചയായും എഴുത്തുകാരൻ പിന്തുടരുന്ന പ്രത്യയശാസ്ത്രങ്ങളും മാനവികമോ പ്രതിമാനവികമോ ആയ അയാളുടെ നിലപാടുകളും കഥാസന്ദർഭങ്ങൾ നിർമിക്കുന്നതിൽ ബോധപൂർവം പങ്കെടുക്കുന്നുമുണ്ട്. അതിനാൽ കഥ പിന്തുടരുന്ന രാഷ്ട്രീയം/ജീവിത ദർശനം ഒരിക്കലും യാദൃച്ചികമല്ല. എന്നാൽ അത് കൃത്രിമമാണെന്ന തോന്നൽ വായനക്കാരനുണ്ടാവാതെ നോക്കാനും അവയുടെ സ്വാഭാവികതയോടെ അവതരിപ്പിക്കാനുമുള്ള  ശേഷി എഴുത്തുകാരനുണ്ടാവണം. എഴുത്തുകാരൻ ഉപയോഗിക്കുന്ന ഓരോ പദവും ബോധപൂർവമായിരിക്കുമ്പോഴും അവ നിർമിക്കുന്ന സാഹചര്യം സ്വാഭാവികമായിരിക്കുമ്പോഴാണ് കഥ അനുഭവവേദ്യമാവുക.

ഈ ആഴ്ചയിലെ കഥകൾ

ഭാഷാപോഷിണി ഒക്ടോബർ ലക്കത്തിൽ അനിൽ ദേവസി എഴുതിയ മരണക്കിണർ എന്ന കഥ ദ്വന്ദ്വ വ്യക്തിത്വം പ്രമേയമായി വരുന്ന കഥയാണ്. സാമൂഹ്യ വ്യവസ്ഥിതിയോട് പൊരുത്തപ്പെടാത്തവൻ എന്ന് സ്വയം തീരുമാനിച്ച കഥാനായകൻ താമസിക്കുന്നത് ഒരു മനോരോഗ വിദഗ്ദൻ്റെ ക്ലിനിക്കിനോടു ചേർന്നുള്ള മുറിയിലാണ്. ക്ലിനിക് കുറേ നാളായി അടഞ്ഞു കിടക്കുകയാണ് എന്ന് കഥാകൃത്ത് വ്യക്തമാക്കുന്നുണ്ട്. അയാളുടെ ഏറ്റവും വലിയ ആഗ്രഹം ഒരാളെ കൊല്ലണമെന്നാണ്. അതിനുള്ള ഇരയെ തേടി നടക്കുന്ന അയാളുടെ മുന്നിലാണ് ക്ലിനിക്കിലെ ഡോക്ടറെ തേടി വന്ന ഖാലിദ്  വന്നു പെടുന്നത്. ക്ലിനിക് തുറക്കണോ വേണ്ടേ എന്ന് ശങ്കിച്ച് പിന്നീട് തുറന്ന് ഹമീദിൻ്റെ പ്രശ്നം അയാൾ കേൾക്കുന്നു. ഉത്സവപറമ്പിലെ മരണക്കിണറിൽ വാഹനമോടിക്കുന്നവരാണ് ഖാലിദും ഭാര്യയും മകളും. അത്യന്തം വിചിത്രമാണ് ഖാലിദിൻ്റെ പ്രശ്നം. അയാൾ മരണക്കിണറിൽ ബൈക്കോടിക്കുമ്പോൾ മുകളിൽ നിന്ന് പണം നീട്ടുന്നവർ മരണപ്പെടും എന്നാണയാളുടെ തോന്നൽ. ഖാലിദിൻ്റെ രോഗം മാറ്റാം എന്ന് സമ്മതിച്ച് അയാൾ അവരുടെ മരണക്കിണർ സന്ദർശിക്കുകയും പിറ്റേന്ന് വരാമെന്ന് പറഞ്ഞ് മടങ്ങുകയും ചെയ്തെങ്കിലും പിറ്റേന്നയാൾ കടൽത്തീരത്തേക്കാണ് പോയത്. എന്നാൽ അതിൻ്റെയും പിറ്റേന്ന് ഖാലിദിനെ തെരഞ്ഞു പോയ അയാൾ കാണുന്നത് കഴിഞ്ഞ പന്ത്രണ്ട് വർഷമായി അവിടെ ചീട്ട് കളിച്ചു കൊണ്ടിരിക്കുന്ന സംഘത്തിനെയാണ്. മരണക്കിണർ പോയിട്ട് ഇവിടെയൊരു പൊട്ടക്കിണർ പോലുമില്ല എന്നാണ് അവരുടെ പരിഹാസം. തിരികെ വീട്ടിലെത്തുന്ന അയാൾ താമസിക്കുന്ന മുറിയിലതാ ഖാലിദും കുടുംബവും. ഡോക്ടർ വാടക തരാനായി ഇത്ര കഷ്ടപ്പെടേണ്ട കാര്യമുണ്ടായിരുന്നോ എന്ന് ക്ലൈമാക്സ്. മനോരോഗ വൈദ്യനു തന്നെ വട്ടാണ് എന്ന ലളിത വായന മുതൽ ഓരോ മനുഷ്യനും സ്വയം നിർമിക്കുന്ന വ്യക്തിത്വങ്ങൾക്ക് അടിമയാണ് എന്ന വായന വരെ നീളുന്ന പല തലത്തിലുള്ള കഥയാണ് മരണക്കിണർ. കഥയിലെവിടെ വച്ചും നമുക്ക് പിടി തരാത്ത ഒരു പരിണാമം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതു തന്നെയാണ് മരണക്കിണറിൻ്റെ സൗന്ദര്യം. രണ്ടാമതൊരു വായനയിൽ ഇതൊക്കെ കഥയിലെ സൂചനകളായിരുന്നല്ലോ എന്നു തോന്നുന്ന ആഖ്യാനത്തിലെ സൂക്ഷ്മതയും പ്രത്യേകം പ്രസ്താവ്യമാണ്.  മനുഷ്യ മനസിൻ്റെ ആഴങ്ങളിൽ എന്തു സംഭവിക്കുന്നു എന്നതിൻ്റെ നേരന്വേഷണമല്ല കഥ ലക്ഷ്യം വക്കുന്നത്. മറിച്ച് നാം കാണുന്ന യഥാർഥത്തെ അതിലംഘിക്കുന്ന അതി യാഥാർഥ്യം എന്നൊന്നുണ്ടെന്നും കാഴ്ചകളും കേൾവികളും ബോധ്യങ്ങളുമെല്ലാം ആപേക്ഷികമാണെന്നുമുള്ള ആശയമാണ് കഥയുടെ കാതൽ.

മാതൃഭൂമിയിൽ വി എസ് അനിൽകുമാർ എഴുതിയ ഒരു റിപ്പബ്ലിക്കിൽ എന്ന കഥ  മനുഷ്യൻ ഒരു നായയോട് കാണിക്കുന്ന അനീതികളുടെ വെളിച്ചത്തിൽ ഫാസിസത്തേക്കുറിച്ചും അധികാര കേന്ദ്രങ്ങളെക്കുറിച്ചും പറയാൻ നടത്തിയ പരാജയപ്പെട്ട പരിശ്രമമാണ്.  ഒരു നായ നടത്തുന്ന അതിക്രമങ്ങളുടെ പേരിൽ അവനെ സ്ഥിരമായി കൂട്ടിലടച്ചിട്ടിരിക്കുകയാണ്. അവൻ നടത്തിയ അതിക്രമം എന്ന് മറ്റുള്ളവർ ധരിച്ച പ്രവൃത്തികളുടെ പിന്നിലെ കാര്യകാരണങ്ങൾ അവൻ തന്നെ പറയുന്നതാണ് കഥ. ഈ കഥ അതിൽ നിറച്ചു വച്ചിട്ടുള്ള രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിൽ വായിക്കപ്പെടും എന്നായിരിക്കണം കഥാകൃത്ത് ലക്ഷ്യം വച്ചിരിക്കുക. തീർച്ചയായും അപ്രകാരമൊരു രാഷ്ട്രീയ വായനക്ക് പ്രസക്തിയുമുണ്ട്. പശുവും പശുവിൻ്റെ രാഷ്ട്രീയവും മാത്രം ചർച്ച ചെയ്യുന്ന മലയാളത്തിൻ്റെ ഏകപക്ഷീയതയെ നായയുടെ രാഷ്ട്രീയം കൂടി ഉൾപ്പെടുത്തി അനിൽകുമാർ വികസിപ്പിക്കുന്നുണ്ട്. മലബാറിലെ തീവ്ര മുസ്ലീം ചിന്തകൾ പുലർത്തുന്നവരുടെയിടയിൽ നായ്ക്കളെ വെട്ടി പരിക്കേൽപിക്കുന്നത് ഇടക്ക് കേട്ടിരുന്ന വാർത്തകളാണ്. അതിനെക്കുറിച്ചു പറയുമ്പോൾ തന്നെ പ്രവാസിയായിരുന്ന സുരേന്ദ്രൻ്റെ പശു സ്നേഹവും ദേശീയ പതാകയോടുള്ള അമിത സ്നേഹവും കൂടി കഥാകൃത്ത് കൂട്ടിച്ചേർക്കുന്നു. അങ്ങനെയാണ് കഥ അതിൻ്റെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതും കൃത്രിമമായി ബോധപൂർവം കൂട്ടിച്ചേർത്ത കഥാസന്ദർഭങ്ങൾ മുഴച്ചു നിൽക്കുന്ന അവസ്ഥയിലേക്ക് പരിണമിക്കുന്നതും. അലിഗറി എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സങ്കേതമാണ്. അതേ സമയം എളുപ്പത്തിൽ പാളിപ്പോകാവുന്നതും. ഈ കഥയിൽ നായ പറയുന്നതൊന്നും നായയല്ല പറയുന്നത് എന്ന് വായനക്കാരന് തോന്നുന്നതോടെ ആഖ്യാനത്തിൽ കഥ സമ്പൂർണ പരാജയമാകുന്നു. പ്രമേയവും അതിൻ്റെ രാഷ്ട്രീയവും മാത്രമല്ല കഥ. എഴുതപ്പെടുന്ന കാലത്തിനപ്പുറത്തേക്ക് നീളുന്ന എന്തെങ്കിലുമൊന്ന് കഥയിലുണ്ടാവേണ്ടതുണ്ട്.

ഭാഷാപോഷിണിയിൽ വി കെ ദീപ എഴുതിയ മൂന്ന്, സജീവൻ എന്ന പുരുഷൻ്റെ ജീവിതത്തിൽ ഇടപെടുന്ന മൂന്ന് പെണ്ണുങ്ങളുടെ കഥയാണ്. പൈങ്കിളി സാഹിത്യത്തിൽ നിന്ന് രക്ഷപ്പെടാൻ ദീപ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല എന്ന് ഖേദത്തോടെ പറയട്ടെ.  ബിസിനസ് തകർച്ച ആത്മഹത്യയെക്കുറിച്ചുള്ള ആലോചന, അവിടെ ചെല്ലുമ്പോൾ ഓർമ വരുന്ന അമ്മ, അപ്രതീക്ഷിതമായി ( !) അവിടെയെത്തുന്ന മറ്റൊരു ആത്മഹത്യാ പ്രാർഥി, സജീവനെ നിശബ്ദമായി പ്രണയിച്ചിരുന്ന അവളുടെ വല്യമ്മ എന്നിങ്ങനെ ഒരു പരമ്പരാഗത മെലോഡ്രാമക്കു വേണ്ട എല്ലാ കൂട്ടുമുണ്ട് കഥയിൽ. കഥയുടെ പശ്ചാത്തലമൊരുക്കലിലുള്ള അനവധാന സമീപനമാണ് കഥയെ ദുർബലമാക്കുന്നത്.

ദേശാഭിമാനിയിലെ ഗദ്ദാമ വായിച്ചാൽ തോന്നുക ജയകൃഷ്ണൻ നരിക്കുട്ടി പണ്ട് റിപ് വാൻ വിങ്കിൾ ഉറങ്ങിപ്പോയതുപോലെ കുറേ വർഷങ്ങൾ ഉറക്കത്തിലായിരുന്നു എന്നാണ്. ലെസ്ബിയൻ, ട്രാൻസ്ജെൻ്റർ കഥകളുടെയൊക്കെ പ്രളയം വന്നു പോയിക്കഴിഞ്ഞു മലയാളത്തിൽ. വായനക്കാരന് പ്രത്യേകിച്ച് ഒന്നും നൽകാൻ ഗദ്ദാമക്ക് കഴിയുന്നില്ല. പ്രമേയത്തിൻ്റെ പഴക്കം മാത്രമല്ല, കഥ പറയുന്നതിൻ്റെ റിപ്പോർട്ടിംഗ് സ്വഭാവവും കഥയെ ദുർബലമാക്കുന്നതിനു കാരണമാണ്.

മലയാളം വാരികയിൽ സലിൻ മാങ്കുഴിയുടെ ഏലി ഏലി ലമ്മ ശബക്താനി എന്ന കഥ ബോണി എന്ന ആൺ (പെൺ)കുട്ടിയും സിസി എന്ന പെൺ (ആൺ) കുട്ടിയും തമ്മിലുള്ള ബന്ധത്തിൻ്റെ കഥയാണ്. കഥയിലുടനീളമുള്ള  പൊതു സമൂഹം അവിഹിതമെന്നു വിളിക്കുന്ന ബന്ധങ്ങളുടെ ഉദ്ദേശ്യം തീർച്ചയായും സാമൂഹ്യ നിലപാടുകളോടുള്ള പ്രതിഷേധമല്ല. നേരെ മറിച്ച് സിസിയുടെ അസാധാരണ സ്വഭാവത്തിനു കാരണം അവളൊരു ജാര സന്തതിയായതാണെന്ന വിപരീത സന്ദേശമാണ് കഥ നൽകുക. സിസിക്കുണ്ട് എന്ന് കഥാകൃത്ത് ബോധിപ്പിക്കാൻ ശ്രമിക്കുന്ന തൻ്റേടവും ധൈര്യവും അസാധാരണമാണെന്നും അത് പൊതുസമൂഹത്തിന് വിരുദ്ധമാണെന്നും അതിനു കാരണവും അവളുടെ പൈതൃക രാഹിത്യമാണെന്ന അബോധ സൂചനയും കഥ നൽകുന്നു. സർവോപരി രതിയും വയലൻസും ചോരയും കശാപ്പും ഒടുവിൽ മരണവും കൃത്യമായി ചേരുവ eചർത്ത സ്ഥിരം മാങ്കുഴിക്കഥ മാത്രമാണ്.

ചന്ദ്രികയിൽ സന്യാസു എഴുതിയ പെണ്ണമ്മ എന്ന കഥയും വായിക്കുകയുണ്ടായി എന്നു മാത്രം പറയാം. അനാവശ്യമായി ചേർക്കുന്ന മസാലക്കൂട്ടുകൾ കറിയെ രുചികരമാക്കുകയല്ല, അരോചകമാക്കുകയാണ് ചെയ്യുക എന്ന് കഥയെഴുത്തുകാർ ഓർത്താൽ നന്ന്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account