പച്ചയിൽ നിന്ന് നീലയിലേക്ക് മാറുന്ന കടൽ

കഥയിലും ഭാഷയിലും ആഗോളവൽക്കരണം നടക്കുന്ന കാലമാണ്. അച്ചടിയും അച്ചടി മാധ്യമങ്ങളും കൈവശം വച്ചിട്ടുള്ള  മേധാവിത്തം അതിവേഗം പരിണാമവിധേയമായിക്കൊണ്ടിരിക്കുന്നു. കഥയിൽ ഇന്നാരുടെ കഥയാണ് മികച്ചത്, അതാണ് വായിക്കേണ്ടത് എന്ന് പറയുകയും സ്വന്തമായി എഴുത്തുകാരുടെ ഗ്രൂപ്പിനെ നിർമിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്ന പത്രാധിപ സിംഹങ്ങളുടെ തൻ പ്രമാണിത്തം ഏറെക്കുറെ അവസാനിച്ചു കഴിഞ്ഞു. എന്നാൽ ഈ സ്വാതന്ത്ര്യ പ്രഖ്യാപനം സംഭവിക്കുന്നത് തൽക്കാലത്തേക്കെങ്കിലും ഉപരിപ്ലവമാണ് എന്നു കൂടി പറയേണ്ടിയിരിക്കുന്നു. പ്രമേയത്തിലോ പരിചരണത്തിലോ ഗണനീയ പരിണാമങ്ങൾ ഇപ്പോഴും സംഭവിക്കുന്നില്ല. ഭാഷയിൽ സംഭവിക്കുന്ന സാർവജനീന സമീപനം എന്തു കൊണ്ടോ കഥയുടെ കണ്ടൻറിൽ സംഭവിക്കുന്നതു കാണുന്നില്ല. മലയാളിയുടെ ജീവിത സങ്കൽപങ്ങളെ / സാമൂഹ്യ സങ്കൽപ്പങ്ങളെ ഇപ്പോഴും നിയന്ത്രിക്കുന്ന പരമ്പരാഗത നിലപാടുകളായിരിക്കാം ഇതിനു കാരണം. ഏതായാലും കഥ മാറുകയാണ്. എല്ലാ അർഥത്തിലും.

ഈയാഴ്ചയിലെ കഥകൾ

മാതൃഭൂമിയിൽ ഉണ്ണി ആർ എഴുതിയ അളകാപുരി എന്ന കഥ തൻ്റെ എഴുപതാം വയസിൽ ജീവിതമവസാനിപ്പിക്കാൻ സ്വയം തീരുമാനിച്ച പൗലോപ്പിയുടെ കഥയാണ്. പൗലോപ്പി ഒരിക്കലും പൊതു സമൂഹത്തിൻ്റെ അളവുകോലുകൾക്കനുസരിച്ച് നല്ല മനുഷ്യനായിരുന്നിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം മാത്രം ജീവിച്ചവൻ. പക്ഷേ എല്ലാ തന്നിഷ്ടക്കാരും മരണത്തിനു മുന്നിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരാറുണ്ട്. ഒന്നുകിൽ ആഗ്രഹിക്കുന്നതിനു മുമ്പ് ,അല്ലെങ്കിൽ ശേഷം എന്നല്ലാതെ സ്വഛന്ദമൃത്യുവാകാൻ ആർക്കും സാധിക്കാറില്ല. ആ കീഴ്‌വഴക്കത്തെയാണ് പൗലോപ്പി വെല്ലുവിളിക്കുന്നത്. മരിക്കുകയാണെങ്കിൽ അത് കോഴിക്കോട് അളകാപുരി eഹാട്ടലിൽ വച്ചായിരിക്കും എന്ന് പൗലോപ്പി പണ്ടേ തീരുമാനിച്ചിട്ടുണ്ട്. പണ്ടൊരിക്കൽ ഭാസ്കരൻ മാഷോടൊപ്പം അളകാപുരിയിൽ പോയപ്പോൾ അയാൾ തീരുമാനിച്ചതാണത്. മരിക്കാറാവുമ്പോ ഞാനിങ്ങോട്ടു പോരും എന്ന് അന്നേ അയാൾ പ്രഖ്യാപിച്ചിട്ടുമുണ്ട്.

കോഴിക്കോട്ടെ അളകാപുരിക്ക് മലയാള സിനിമാലോകത്ത് പ്രത്യേകിച്ചും, സാംസ്കാരിക രംഗത്ത് പൊതുവായും വലിയ സ്ഥാനമുണ്ട്. അവിടെ മരിക്കാനൊരുങ്ങി മുറിയെടുത്ത പൗലോപ്പി മുറി പൂട്ടി പാളയം വഴി ചുറ്റിയടിക്കാൻ പോവുകയും പായക്കപ്പലുകൾ പോലെ തുണി അലക്കിയിട്ടിരിക്കുന്ന മുതലക്കുളത്തു കൂടെ മിഠായിത്തെരുവിലൂടെ നടന്ന് കടലിഷ്ടമല്ലാത്തതിനാൽ ബീച്ചിൽ പോവാതെ ഒരു കുപ്പി റമ്മും വാങ്ങി മുറിയിലെത്തി. ഭാസ്കരൻ മാഷ് വരും, കയറ്റി വിട്ടേക്കണം എന്നും പറഞ്ഞ് അകത്തേക്ക് പോയ പാലോപ്പിയുടെ അടുത്തേക്ക് ഭാസ്കരൻ മാഷും മറ്റൊരാളും വന്നു. അവർ ഒരു ഗ്ലാസ് ഉപയോഗിച്ച് മദ്യപിക്കുകയും പാട്ടു പാടുകയും ചെയ്തു. പൗലോപ്പി പറയുന്ന പാട്ടുകാരൻ എം.എസ് ബാബുരാജും മാഷ് പി ഭാസ്കരനുമാണെന്ന് കരുതാൻ കഥയിൽ ന്യായമുണ്ട്. പക്ഷേ പൗലോപ്പി ആരെന്നതിന് വ്യക്തതയില്ല. ഒരു പക്ഷേ കഥാകൃത്തിന് അതാരെന്നറിയാമായിരിക്കും. അതവിടെ നിൽക്കട്ടെ, പിറ്റേന്ന് പോലീസിൻ്റെ സഹായത്തോടെ മുറി തുറന്ന ഹോട്ടലുകാർ കണ്ടത് മരിച്ചു കിടക്കുന്ന പൗലോപ്പിയേയും ഒഴിഞ്ഞ മദ്യക്കുപ്പിയേയും മാത്രമാണ്. ഭാസ്കരൻ മാഷ് എന്നൊരാൾ വരുമെന്ന് പൗലോപ്പി പറഞ്ഞിരുന്നെങ്കിലും അങ്ങനൊരാൾ വന്നില്ലെന്ന് ഹോട്ടൽ മാനേജർ പറയുന്നുണ്ട്. അപ്പോൾ കഥ ഫാൻ്റസിയാകുന്നു. പുതുമയൊന്നുമില്ല കഥയിൽ.. നല്ല ഭാഷയിൽ പറഞ്ഞ വായനാസുഖമുള്ള ഒരു കഥ. അത്ര മാത്രം.

മാധ്യമം ആഴ്ചപ്പതിപ്പിൽ അഷ്ടമൂർത്തി എഴുതിയ സാജൻ ഗണപതി എന്ന കഥയുണ്ട്. അദ്ദേഹം മുംബൈയിൽ ജോലിചെയ്യുന്ന കാലത്ത് അദ്ദേഹത്തിൻറെ ബാങ്കിലെത്തിയ കുംഭകോണം കാരൻ സാജൻ ഗണപതിയുടെ കഥയാണ് സാജൻ ഗണപതി. സാജൻ്റെ ജോലി അവരുടെ ബാങ്ക് കമ്പ്യൂട്ടറൈസ് ചെയ്യുന്നതായിരുന്നു. സാജന് ബാങ്കിൽ വലിയ സ്വീകരണം ലഭിച്ചു അതിനാൽ തന്നെ മറ്റെല്ലാവർക്കും സാജനോട് അസൂയയും ഉണ്ടായിരുന്നു കുംഭകോണം എന്നാൽ മലയാളത്തിൽ അഴിമതി എന്നാണ് അർത്ഥമെന്ന് കഥാനായകൻ അയാളോട് പറയുന്നുണ്ട്. എല്ലാവർക്കും നന്മ മാത്രം സംഭവിക്കണം എന്നു വിചാരിക്കുന്ന അപൂർവം മനുഷ്യരുടെ പ്രതിനിധിയാണ് സാജൻ. കൈയിലെ അവസാനത്തെ ചില്ലിയും മറ്റുള്ളവർക്കു വേണ്ടി ചെലവഴിക്കുകയും അതിനു ശേഷം സ്വന്തം ആവശ്യങ്ങൾ വേണ്ടെന്നു വക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്യുന്ന ഒരാൾ. വെള്ളപ്പാണ്ടിൻ്റെ പേരിൽ അയാളെ ഉപേക്ഷിച്ചു പോയ കാമുകി പിന്നീട് തനിച്ചാകുമ്പോൾ അവൾക്കു വേണ്ടി ഇങ്ങു കേരളത്തിലേക്ക് വൈദ്യരെ അന്വേഷിച്ച് വരുമ്പോഴാണ് അയാൾ അവസാനമായി കഥാനായകനെ കാണുന്നത്. അപ്പോഴും അയാൾ രണ്ട് അഞ്ഞുറു രൂപാ നോട്ടുകൾ കുട്ടികൾക്ക് നൽകുകയും തിരിച്ചു പോകാൻ വണ്ടിക്കൂലി കടം വാങ്ങുകയും ചെയ്തു. ഇങ്ങനെ ചില മനുഷ്യരുണ്ട് ഇപ്പോഴും എന്ന് നമ്മോടു പറയാനാണ് അഷ്ടമൂർത്തി ഈ കഥ എഴുതിയതെന്ന് കരുതാം. ഒന്നിനു വേണ്ടിയുമല്ലാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നവർ. കഥാർസിസ് എന്ന കലാലക്ഷ്യം കഥ നിറവേറ്റുന്നുണ്ട്. അതും കഥയുടെ മേന്മ തന്നെയായി എണ്ണേണ്ടതുണ്ടല്ലോ.

wtp live ൽ ഹരികൃഷ്ണൻ തച്ചാടൻ എഴുതിയ ഡൈല്യൂട്ടഡ് സീ  ബഹുതല വായനാ സാധ്യതയുള്ള മികച്ച കഥയാണ്. ഒരു പഞ്ചായത്താഫീസിലെ ഉദ്യോഗസ്ഥനായ പ്രശാന്തൻ തൻ്റെ വീടിനു പിന്നിലെ കൃത്രിമ തടാകത്തിൽ കടൽ മത്സ്യങ്ങളെ വളർത്തുന്നു. അയാൾ കടൽവെള്ളം നേർപ്പിച്ച് ഇരുപത്തഞ്ച് തലമുറകളിലൂടെ മത്സ്യങ്ങളെ ശുദ്ധജലത്തിൽ ജീവിക്കാൻ പ്രാപ്തരാക്കി എന്നതാണ് കഥയിലെ രാഷ്ട്രീയം. തൻ്റെ കാമുകിക്ക് തെറി വാക്കുകളാൽ പ്രേമലേഖനമെഴുതുന്ന ബി എ, ബിഎഡുകാരനായ ശിവദാസൻ പ്രാന്തൻ, അയാളെ സഹായിക്കുന്ന പ്രശാന്തൻ, പിന്നിട് ജോലിയിൽ നിന്ന് വിരമിച്ച പ്രശാന്തൻ ശിവദാസനെ വീട്ടിൽ താമസിപ്പിക്കുകയും അയാൾക്കു ശേഷം ആ ഭ്രാന്തിൻ്റെ പിന്തുടർച്ച സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. പരിണാമ പഠനങ്ങളിലെ സ്വയാർജിതശേഷികളുടെ പാരമ്പര്യ പ്രേഷണം (inheritance of acquired characteristics) എന്ന ലാമാർക്കിൻ്റെ സിദ്ധാന്തം വർത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രവർത്തനക്ഷമമാകുന്നതിൻ്റെ സൂക്ഷ്മനിരീക്ഷണം കഥയിൽ കാണാം. കടൽവെള്ളത്തിൽ നിന്ന് ശുദ്ധജലത്തിലേക്ക് മാറുമ്പോൾ മത്തിയുടേയും അയിലയുടേയും പുറത്തെ പച്ച നിറം നീല നിറമായി പരിണമിക്കുന്നു എന്നതും സൂക്ഷ്മമായ വാചകമാണ്. പ്രകൃതികമായ പച്ചയിൽ നിന്ന് വിഷമയമായ നീലയിലേക്ക് നിരന്തരമായ നേർപ്പിക്കൽ കൊണ്ട് ഒരു വർഗത്തെ പൂർണമായും മാറ്റിത്തീർക്കാൻ കഴിയുമെന്നതിന് സമകാല ലോകത്ത് രാഷ്ട്രീയ ഉദാഹരണങ്ങൾ നിരവധിയുണ്ട്. ഇപ്രകാരമാണ് കഥ ഒരേ സമയം സമൂഹ വിമർശനപരവും ഈസ്തെറ്റിക്കലുമാവുന്നത്. ഹരികൃഷ്ണന് അഭിവാദ്യങ്ങൾ.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ രമേശൻ മുല്ലശ്ശേരി എഴുതിയ ഝഷം എന്ന കഥ അലങ്കാരത്തിൻ്റേയും ഏച്ചുകെട്ടലുകളുടെയും വർത്തമാനകാലത്തെ മനുഷ്യരുടെ പ്രതിനിധികളുടെ കഥയാണ്. അലംകൃത ഝഷങ്ങൾ വിൽക്കപ്പെടും എന്ന് ബോർഡ് വക്കുന്ന കഥാനായകൻ ശബ്ദതാരാവലി എടുത്തു വച്ച് ഓരോ വാക്കുകൾ കണ്ടെത്തുന്നു. ക്രമേണ ഭാഷയിലെ അതിശുദ്ധി വാദികൾ, പാരമ്പര്യവാദികൾ എല്ലാം ഒരു വശത്തും, ലിബറലുകൾ, പാരമ്പര്യ നിഷേധികൾ തുടങ്ങിയവർ മറുഭാഗത്തുമായി വലിയ തർക്കങ്ങൾക്ക് അയാളുടെ ഷോപ്പ് വേദിയാകുകയും ചെയ്യുന്നു. ഭാഷയിൽ മാത്രമല്ല ഇത്തരം സംഘർഷങ്ങൾ ഉണ്ടാവുന്നത് എന്നൊരു പാഠാന്തരത്തിലൂടെ കഥക്ക്  വലിയ സാമൂഹ്യ മാനം കൈവരുന്നുണ്ട്. സംസ്കൃതീകരിക്കുന്നതിലൂടെ / സംസ്കൃതം പറയുന്നതിലൂടെ രൂപീകരിക്കുന്ന നവ രാഷ്ട്രീയ വർഗീകരണങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങൾ കൂടിയായി ഝഷം മാറുന്നുണ്ട്. ഭാഷയുടെ നവ കാലത്ത് ഝ എന്ന അക്ഷരം പോലുമില്ല, പകരം ത്സ ഉപയോഗിക്കേണ്ടി വരും എന്നു പറയുന്ന ചുമരെഴുത്തുകാരനും എങ്ങനെയായാലും (കാലഹരണപ്പെട്ട ) ആ വാക്ക് തനിക്ക് വേണമെന്ന് വാശി പിടിക്കുന്ന മത്സ്യ വ്യാപാരിയും നമ്മുടെ സമൂഹത്തിലെ വേറൊരു തട്ടിൽ നിൽക്കുന്നുണ്ട് എന്ന് കഥ നമ്മെ ഓർമിപ്പിക്കുന്നു.

ദേശാഭിമാനിയിൽ വത്സലൻ വാതുശ്ശേരി എഴുതിയ അപരലോകം ഏറ്റവും പുതിയ കാലത്തിൻ്റെ നേർ ചിത്രമാണ്. ജഗന്നാഥൻ എന്ന പ്രിൻസിപ്പാളിൻ്റെ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ഓൺലൈൻ ക്ലാസിൽ സൂര്യ എന്ന കുട്ടി ഇല്ലാത്ത കുട്ടിയാണ് എന്ന് ടീച്ചർ ചിത്ര പരിഭ്രമിച്ച് വശായി അദ്ദേഹത്തെ വിളിച്ചു പറയുന്നിടത്താണ് കഥ തുടങ്ങുന്നത്. പൂർണമായും ഓൺലൈനിൽ പ്രവർത്തിക്കുന്ന ക്ലാസിൽ, കുട്ടി കൃത്യമായി ഫീസടക്കുന്നുണ്ടോ, ക്ലാസ് അറ്റൻ്റ് ചെയ്യുന്നുണ്ടോ എന്നൊക്കെയല്ലേ നോക്കേണ്ട കാര്യമുള്ളൂ, അതിനപ്പുറം അയാളുടെ അസ്തിത്വമൊക്കെ എന്തിന് അന്വേഷിക്കണം എന്ന് അവരുടെ ടെക്നിക്കൽ വിദഗ്ദൻ ജീമോൻ ചോദിക്കുന്നു. അങ്ങനെയാണ് അവർ ചിത്ര എന്ന ജൂനിയർ ടീച്ചറുടെ യാഥാർഥ്യം പരിശോധിക്കാൻ തീരുമാനിക്കുന്നത്. രേഖകളിലുള്ള ഫോൺ നമ്പറിൽ വിളിച്ചപ്പോൾ ചിത്ര പറയുന്നു, തനിക്കിപ്പോൾ ആ ജോലി സ്വീകരിക്കാനാവില്ല, ഐ ഐ ടി യിൽ ഉപരിപഠനത്തിനു ചേർന്നെന്ന്. ചിത്രയുടെ പേരിൽ ജോലി ചെയ്യുന്നത് വേറെയാരോ ആണെന്ന് തിരിച്ചറിഞ്ഞ പ്രിൻസിപ്പാളിന് മുപ്പത്തിനാലു വർഷം മുമ്പ് കോളേജിനു മുമ്പിലെ ബസ് സ്റ്റോപ്പിൽ സർട്ടിഫിക്കറ്റുകളൊക്കെ നഷ്ടപ്പെട്ട് തളർന്നിരുന്ന ജയരാമനെ ഓർമ വരുന്നിടത്തു കഥ അവസാനിക്കുന്നു. വ്യക്തവും സുഘടിതവുമായ ആഖ്യാനമാണ് കഥയുടെ സൗന്ദര്യം. വായനക്കാരനെ ആശയക്കുഴപ്പത്തിലാക്കാനോ മറ്റേതെങ്കിലും വഴിക്ക് പോകാൻ തോന്നിക്കാനോ കഥ ശ്രമിക്കുന്നില്ല. അതേ സമയം അവസാനം വരെ ഒരേ ആകാംക്ഷ നിലനിർത്താൻ കഥക്കു കഴിയുന്നുമുണ്ട്. മികച്ച കഥയാണ് അപരലോകം.

മലയാളം വാരികയിൽ ജിജോ കുരിയാക്കോസ് എഴുതിയ വര വരി വെളിപാട്  വർത്തമാനകാല മലയാള കഥയുടെ നടപ്പുദീനത്തിൻ്റെ മറ്റൊരു ലക്ഷണം മാത്രമാണ്. ലെസ്ബിയൻ കഥകളൊക്കെ കേട്ടു മടുത്തിരിക്കുമ്പോൾ ഒരു ഗേ കഥയാവാം എന്നു വിചാരിച്ചതാണ് കഥാ കൃത്ത്. അതു കൊണ്ട് പറ്റിയ പ്രശ്നം മികച്ചൊരു കഥയാവേണ്ട വര വരി വെളിപാട് ഫോക്കസ് നഷ്ടപ്പെട്ട് ചിതറിപ്പോയി എന്നതാണ്. ക്രിസ്തീയ ബിംബങ്ങളുടെ നിഗൂഢതകളിലൂടെ സഞ്ചരിക്കുകയും അവയുടെ വ്യംഗ്യ, ഗൂഡാർഥങ്ങളിലേക്ക് വായനക്കാരനെ എത്തിക്കുകയും ചെയ്യാവുന്ന ഏറെ സന്ദർഭങ്ങൾ കഥയിലുണ്ട്. പക്ഷേ ആഖ്യാനത്തിൽ പരാജയപ്പെട്ട കഥയായി വര വരി വെളിപാട്.

wtpയിൽ സൗമിത്രൻ എഴുതിയ പുല്ലിംഗൻ എന്ന കഥ വായനക്കാരനെ ഒരു തരത്തിലും ആകർഷിക്കുന്നില്ല. സ്വത്തിനു വേണ്ടി അന്നമ്മ എന്ന സ്ത്രീ തൻ്റെ രണ്ടാം ഭർത്താവിനോട് ചെയ്തത്, തോമസ് തോമാ എന്ന അയാൾ  മദ്യപിച്ച് തെരുവിൽ കിടന്ന് ഇതവളുമാരുടെ നാടാ എന്ന് ജല്പിക്കുന്നത് എന്നിങ്ങനെ പ്രത്യേകിച്ചൊന്നും കൈമാറ്റം ചെയ്യാതെ തീർന്നു പോകുന്നു പുല്ലിംഗൻ.

ഭരതവാക്യം

കഥകളിൽ ബോധപൂർവം ചേർക്കേണ്ട ചില രസക്കൂട്ടുകളുണ്ട്. എഴുത്തുകാർ സ്വയം നിർണയിക്കുന്ന ചേരുവയാണത്. അങ്ങനെ സ്വയം ചേരുവ നിർണയിക്കാൻ ശ്രമിക്കാതെ ആരെങ്കിലും നിർമിച്ചത് ചേർക്കാൻ ശ്രമിക്കുമ്പോൾ ആ യഥാർഥ നിർമാതാവിൻ്റെ കൈപ്പുണ്യം തങ്ങൾക്കു കിട്ടിയിട്ടില്ല എന്ന് കൂടി ഓർക്കുക.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account