അതി വാചാലമാകുന്ന കഥകൾ

പല തരം കഥകളുണ്ടാവുന്നത് കഥ ഏറ്റവും സജീവമാണ് എന്നതിൻ്റെ തെളിവാണ്. രാഷ്ട്രീയ കഥകളും സാരോപദേശകഥകളും നിറഞ്ഞാടുന്ന കഥാലോകത്ത് ആഖ്യാന പരീക്ഷണങ്ങളോ പ്രമേയ പരീക്ഷണങ്ങളോ കാര്യമായി നടക്കുന്നുണ്ടോ എന്നേ സംശയമുള്ളൂ. സമൂഹത്തിൻ്റെ പൊതു ബോധങ്ങളേയും സാമാന്യ സദാചാര ബോധ്യങ്ങളേയും തൃപ്തിപ്പെടുത്തുകയോ ചുരുങ്ങിയ പക്ഷം നോവിക്കാതിരിക്കുകയോ ചെയ്യുന്ന കഥകൾക്കാണ് മലയാളത്തിൽ ഇപ്പോൾ പ്രചാരമുള്ളത്. അതു കൊണ്ടു തന്നെ ആഴമുള്ള ചിന്തകളോ ആശയങ്ങളോ കഥകൾക്കുണ്ടാവേണ്ടതില്ല എന്നതാണ് ഇപ്പോഴത്തെ പൊതുധാരണ. സംഭവങ്ങൾക്കും ദൃശ്യങ്ങൾക്കും അമിത പ്രാധാന്യം നൽകുകയും അതിവാചാലമായി തീരുകയും ചെയ്യുന്നു കഥ. അതിനാൽ തന്നെ വായനക്കപ്പുറം ഒന്നും അവശേഷിപ്പിക്കാൻ കഥകൾക്കു കഴിയുന്നുമില്ല.

ഈയാഴ്ചയിലെ കഥകൾ

മാതൃഭൂമിയിൽ ബോണി തോമസ് എഴുതിയ ഹേ എന്ന കഥ വർത്തമാന ഇന്ത്യയിലെ ജാതിഭീതികളെ അഭിസംബോധന ചെയ്യുന്നു.  പച്ചകുത്ത് വിദഗ്ദനായ ചന്ദൻ മുംബെയിലെത്തിയതിൻ്റെ കാരണങ്ങളും സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാനുള്ള അവൻ്റെ ആഗ്രഹവും അതിലവൻ നേരിടുന്ന പ്രതിസന്ധികളും ഉപയോഗിച്ച് കഥാകൃത്ത് രാജ്യത്തെ ജാതി ഭീകരതയെ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. എവിടെ നിന്നാണ് നീ ഇത്ര മനോഹരമായി ടാറ്റൂ ചെയ്യാൻ പഠിച്ചത് എന്ന ചോദ്യത്തിനുത്തരമായി ദേഹം മുഴുവൻ ദൈവ ചിത്രങ്ങൾ പച്ചകുത്തിയവരുടെ ഒരു ഗ്രാമത്തെക്കുറിച്ച് പറയുന്നുണ്ട്. ദേഹം മുഴുവൻ ദൈവ ചിത്രങ്ങളായതുകൊണ്ട് അയൽ ഗ്രാമത്തിലെ മേൽജാതിക്കാർക്ക് തങ്ങളെ തല്ലാനാവില്ല എന്നതാണ് അതിൻ്റെ കാരണം. ഹേ എന്ന വാക്കാണ് കഥയിലെ മറ്റൊരു ബിംബം. ഹേ എന്ന അഭിസംബോധനയും ഹേ എന്ന തടസപ്പെടുത്തലും കടന്ന് അത് ഗാന്ധിയെ ഓർമിപ്പിക്കുന്നു എന്നതാണ് ഹേ എന്ന പേരിൻ്റെ സാധ്യത. നാടക, സിനിമാ സംവിധായികയായ ജാക്വിലിൻ പിൻ്റോയുടെ നാടകത്തിൽ ജിത്തു ചന്ദൻ്റെ നെറ്റിയിൽ ടാറ്റൂവില്ലാത്ത കൃത്യം ഭാഗത്ത് നിറയൊഴിക്കുന്ന സീനിലാണ് കഥ തുടങ്ങുന്നതും അവസാനിക്കുന്നതും. രാഷ്ട്രീയ നിലപാടുകളുടെ അടിസ്ഥാനത്തിൽ ഹേ എന്ന കഥക്ക് മാർക്ക് നൽകാം. പക്ഷേ ഒട്ടും സ്വാഭാവികമല്ല കഥയുടെ ആഖ്യാനം എന്നത് കഥയെ കഥയായി മാത്രം ചുരുക്കിക്കളയുന്നു. കഥയിലേക്ക് സ്വാഭാവികമായ പ്രവേശനമോ  സാത്മ്യവൽക്കരണമോ കഥയുടെ ഒരു ഘട്ടത്തിലും വായനക്കാരന് സാധ്യമാകുന്നില്ല. അതിനൊരു പ്രധാന കാരണം ജാതിയെക്കുറിച്ചുള്ള പതിവാഖ്യാനങ്ങൾക്കപ്പുറം യാതൊന്നും ഹേ എന്ന കഥയിലില്ല എന്നതാണ്. നിരന്തരം ഒരേ വിഷയത്തെക്കുറിച്ചു തന്നെ പറയുന്നത് ചെടിപ്പല്ലാതെ വേറൊന്നുമുണ്ടാക്കില്ല. ചിത്രകലയുടെ പ്രത്യേകിച്ച് ബോഡി പെയിൻ്റിംഗിൻ്റെ സാധ്യതകൾ അതിതീവ്രമായ സംവേദന സങ്കേതമായി ഉപയോഗിക്കാൻ കഥയിലുണ്ടായിരുന്ന സാഹചര്യങ്ങളൊന്നും തന്നെ കൃത്യമായി പ്രയോജനപ്പെടുത്തിയിട്ടില്ല എന്നും തോന്നി. ഉപരിപ്ലവാഖ്യാനങ്ങളുടെ കൂട്ടത്തിലേക്ക് മറ്റൊരു കഥ കൂടി എന്നല്ലാതെ വായനക്കാരനെ അസ്വസ്ഥനാക്കാൻ പര്യാപ്തമായ കഥയൊന്നുമല്ല ഹേ..!

പച്ചക്കുതിര മാസികയിൽ അനീഷ് ഫ്രാൻസിസ് എഴുതിയ ഹോട്ടൽ സൈലൻസ് ദു:ഖങ്ങളുള്ളവർക്കു മാത്രം മുറി വാടകക്കു നൽകുന്ന സൈലൻസ് എന്ന ഹോട്ടലിൻ്റെ കഥയാണ്. മുപ്പത്തിമൂന്നു മുറികളുള്ള ഹോട്ടലിലെ മുപ്പത്തിമൂന്നാമത്തെ മുറിയാണ് കഥാനായകനും നായികക്കും കിട്ടിയത്. എന്താണ് മുപ്പത്തിമൂന്നാം നമ്പറിൻ്റെ പ്രത്യേകത എന്ന അവളുടെ ചോദ്യത്തിന് അത് തീവ്ര ദു:ഖത്തിൻ്റെ പ്രതീകമാണ് എന്നൊക്കെ പറഞ്ഞു ഫലിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവളെപ്പോലെ തന്നെ നമുക്കും അതു മനസിലാവുന്നില്ല. ദു:ഖത്തിന് പരിഹാരമുണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമന്വേഷിക്കലാണ് കഥയുടെ ആന്തരഘടന. ദു:ഖം മാറുന്നില്ല, ശീലമാകുന്നതേയുള്ളൂ എന്ന നിശ്ശബ്ദമായ ഉത്തരം കഥ മുന്നോട്ടു വക്കുകയും ചെയ്യുന്നു. സങ്കട മോചനത്തിനുള്ള മാർഗങ്ങളെക്കുറിച്ചുള്ള നിരന്തരാന്വേഷണമാണ് എല്ലാ ആത്മീയതയും എന്നിരിക്കെ ഹോട്ടൽ സൈലൻസ് ബദൽ ആത്മീയതയെക്കുറിച്ചുള്ള അന്വേഷണം കൂടിയാണ്.  ആഖ്യാനത്തിൽ നിലനിർത്തുന്ന  മരവിച്ച നിശബ്ദതയുടെ സാന്നിധ്യം വായനക്കാരനിലേക്ക് സന്നിവേശിപ്പിക്കുന്നതിൽ കഥ വിജയിക്കുന്നുണ്ട്.

മലയാളം വാരികയിൽ വി എസ് അജിത്തിൻ്റെ ആറ്റിറ്റ്യൂഡ് ഓഫ് ഗ്രാറ്റിറ്റ്യൂഡ്  ഭാഷയുടെ കൈയടക്കം കൊണ്ട് ശ്രദ്ധേയമായ കഥയാണ്. ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളോടും ബോധപൂർവം നന്ദിയുള്ളവനായിരിക്കുകയും സന്തോഷവാനായിരിക്കുകയും ചെയ്യാനുള്ള മനോഭാവത്തെയാണ് ആറ്റിറ്റ്യൂഡ് ഓഫ് ഗ്രാറ്റിറ്റ്യൂഡ് എന്നു വിളിക്കുന്നത്. ചെന്നൈയിൽ നിന്ന് തീവണ്ടിയിൽ കയറിയ നായകൻ തീവണ്ടിയിൽ വച്ചു കണ്ട അമ്മയും മകളുമായി പരിചയത്തിലാവുന്നതും തമിഴ് മാത്രമറിയുന്ന അമ്മയോട് ഇംഗ്ലീഷ് കൂടി അറിയാവുന്ന മകളെ മധ്യസ്ഥയാക്കി സംസാരിക്കുന്നതുമാണ് കഥയുടെ മർമം. മദ്യപിച്ചിട്ടുണ്ട് എന്ന് സഹയാത്രികൻ അയാളെക്കുറിച്ച് അവരോട് ഏഷണി പറയുമ്പോൾ ആനാൽ പശിയിരുക്കലാം എന്ന് വിപരീതം പറയുന്ന ആ സ്ത്രീയും സംസ്കാരത്തിൻ്റെ മറ്റൊരു സൂചനയാണ്. നമ്മുടേത് മാത്രമായ സാംസ്കാരങ്ങളാണ് ശരി എന്ന നിലയിൽ നിന്ന് അവയുടെ വിപരീതങ്ങളും ശരിയാവാമെന്ന് കഥാകൃത്ത് വ്യക്തമാക്കുന്നു. വിക്ടോറിയൻ സദാചാര ബോധ്യങ്ങളുടെ കെട്ടപാടുകളിൽ ശ്വാസം മുട്ടിക്കഴിയുന്ന നമ്മുടെ സാമാന്യ ബോധത്തെ കഥാകൃത്ത് വെല്ലുവിളിക്കുകയും ചെയ്യുന്നു. കഥാനായികയെ കോവിലിനകത്തു കാണുന്ന അയാൾ അവൾ അമ്മാവുടെ പേര് സുഗന്ധി എന്ന് നേരത്തെ മകൾ പറഞ്ഞതോർക്കുന്നു. കഥയുടെ ഒടുവിൽ ശ്രീലങ്കൻ എയർവേയ്സിൻ്റെ വിമാനത്തിൽ അയാൾ തിരുവനന്തപുരത്തിറങ്ങുമ്പോൾ തീവണ്ടി നാഗർകോവിൽ കഴിഞ്ഞതേയുണ്ടായിരുന്നുള്ളൂ. സ്ത്രീ കാമിനിയും അമ്മയും ദേവിയുമാണ് എന്ന പരമ്പരാഗത വായനക്ക് സാധ്യതയുള്ളപ്പോൾ തന്നെ തമിഴ് മലയാള ഭാഷാ സംസ്കാരങ്ങളുടെ പരസ്പര ബന്ധത്തെയും ആന്തരികഏകാത്മകയെക്കുറിച്ചുള്ള വായനക്കും കഥ അവസരമൊരുക്കുന്നു. സംസ്കാരങ്ങൾ തമ്മിൽ കൈമാറ്റങ്ങൾ ഉണ്ടായിക്കൂടെന്ന് വാശി പിടിക്കുന്ന തീവണ്ടി നാഗർകോവിലിലെത്തുമ്പോഴേക്കും ശ്രീലങ്കയിൽ നിന്ന് സുഗന്ധി (എന്ന ആണ്ടാൾ ദേവനായകി ) വിമാനം പിടിച്ച് തിരുവനന്തപുരത്തിറങ്ങിക്കഴിഞ്ഞു. മികച്ച കഥയാണ് അജിത്തിൻ്റേത്. അതേ സമയം കഥയുടെ ടോൺ ഏകീകൃത സ്വഭാവം പുലർത്താത്തത് ആസ്വാദനത്തെ ബാധിക്കുന്നുണ്ട് എന്നു പറയാതെ വയ്യ. ട്രെയിനിൻ്റെ ടോയ് ലെറ്റിലൂടെ താഴേക്ക് വീണ കൈ പേശിയുടെ കൂടെ നായകൻ പുറത്തിറങ്ങുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് നീങ്ങിയെങ്കിലും അവിടെ നിന്ന് കഥാകൃത്ത് കഥ പറയുന്നതിൽ താൽപര്യമില്ലാത്തവനാകുന്നു എന്നത് കഥയുടെ പോരായ്മയായി നില നിൽക്കുന്നു.

മാധ്യമത്തിലെ പ്രമോദ് രാമൻ്റെ കഥ – അബ്രാം – വിപരാധിക്യത്താൽ ശ്വാസം മുട്ടിക്കുന്ന കഥയാണ്. മാത്രമല്ല സത്യത്തിൽ ഈ കഥ കൊണ്ട് കഥാകൃത്ത് എന്തെങ്കിലും സംവദിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ എന്നും സംശയമാണ്. അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ വന്നു എന്ന പ്രസ്താവനയിലൂടെ മലബാറിലെ മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദക്കുറ്റം ചുമത്തി ജയിലിലാക്കൽ പതിവാണെന്ന് വാദിക്കാൻ ശ്രമിച്ചെങ്കിലും അവനിപ്പോൾ അഫ്ഗാനിലെ ജയിലിലാണെന്ന് കൂടി വെളിപ്പെടുന്നതോടെ കഥയുടെ ലോജിക് നഷ്ടമാവുന്നു. എന്തു കൊണ്ടോ ഈ കഥ സ്വാഭാവികമായി സംഭവിച്ചതാണെന്നു കരുതാൻ സാധിക്കുന്നില്ല. കൃത്രിമമായി നിർമിച്ചെടുത്ത സന്ദർഭങ്ങളും അതിലേറെ അസ്വാഭാവികമായ ആഖ്യാനവും വായന ശ്രമകരമാക്കുന്നുണ്ട്. മുമ്പൊരിക്കൽ ഈ പംക്തിയിൽ പറഞ്ഞതു തന്നെ ആവർത്തിക്കട്ടെ, പ്രസിദ്ധീകരണത്തിൻ്റെ രാഷ്ട്രീയ താൽപര്യത്തിനനുസരിച്ച് എഴുതാനുള്ളതല്ല കഥ.

Athmaonline ൽ അരുൺകുമാർ പൂക്കോം എഴുതിയ അപ്പവടിയിൽ ഉരുളും തൊണ്ടു വണ്ടി ഏകാകിയും നിരാശനുമായ ഒരു മനുഷ്യൻ്റെ ഏകപക്ഷീയ ചിന്തകളുടെ ആഖ്യാനമാണ്. ഏതാൾക്കൂട്ടത്തിലും ഒറ്റക്കായി പോകുന്ന ചില മനുഷ്യരെക്കുറിച്ചുള്ള വിചാരങ്ങൾ കഥയുടെ വായനക്കൊപ്പം നമ്മിലുണ്ടായി വരും എന്നതാണ് ഈ കഥയുടെ സവിശേഷത. അവിനാശി എന്ന ‘ചെറുപ്പക്കാരൻ അവൻ്റെ മുറപ്പെണ്ണിനെ കാറിൽക്കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. വളരെ ശാന്തമായി തന്നെത്തന്നെ പരിഹസിക്കുകയും വിമർശിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു എന്നതാണ് അവിനാശിയുടെ പ്രത്യേകത. താനൊരു ബുച്ചേഡ് ചൈൽഡാണെന്ന് അവിനാശി ആവർത്തിച്ചു പറയുന്നു. അവനെ എല്ലാരും പരിഹസിക്കുന്നു എന്നതാണ് അവൻ്റെ പ്രശ്നം. ഉറപ്പിച്ച കല്യാണം അവൻ വേണ്ടെന്നു വച്ചു. കാരണം ആ പെണ്ണും അവനെ കൊള്ളരുതാത്തവൻ എന്നു തന്നെ കരുതുന്നു. ഒട്ടേറെ നെഗറ്റീവ് അനുഭവങ്ങളുണ്ട് അവന്. മറ്റുള്ളവരെല്ലാം അവനെ അവഗണിക്കുകയോ പരിഹസിക്കുകയോ ചെയ്യുന്നു എന്നവൻ കരുതുന്നു. ബുച്ചേഡ് ആയ ഒരു മനുഷ്യൻ്റെ ആന്തരിക സംഘർഷങ്ങൾ യാതൊരു തടസവുമില്ലാതെ വായനക്കാരനിലേക്ക് സംവേദനം ചെയ്യുന്നു എന്നത് കഥയുടെ മേൻമയാണ്. ഏറ്റവുമൊടുവിൽ കാറിൻ്റെ നിയന്ത്രണം അവളേറ്റെടുത്ത് പോലീസ് പരിശോധനയെ അവർ ഒരുമിച്ചു മറികടക്കുന്നതോടെ കഥക്ക് പുതിയൊരു മാനം കൈവരുന്നു. മികച്ച കഥയാണ് അപ്പ വടിയിൽ ഉരുളും തൊണ്ടു വണ്ടി.

എഴുത്ത് മാസികയിൽ  വി.ഗിരീഷ് എഴുതിയ വിശ്വാസം എന്ന കഥ അവിശ്വാസിയായ ഒരാൾ വിശ്വാസിയാവുന്നതെങ്ങനെ എന്ന അന്വേഷണമാണ്. വെള്ളം കിട്ടാത്ത പറമ്പിൽ നാനൂറടി കുഴൽക്കിണർ കുഴിച്ചിട്ടും വെള്ളം കിട്ടാതെയായപ്പോൾ ഭാര്യ ഒരു കളംപാട്ട് നേർന്നാലോ എന്ന് ചോദിക്കുമ്പോൾ അയാളും അതിനെ അനുകൂലിക്കുന്നു. എല്ലാ ആശ്രയവും പ്രതീക്ഷയും നഷ്ടമാകുമ്പോൾ മനുഷ്യൻ ദൈവത്തെ ആശ്രയിക്കുന്നു. അത് സത്യമോ മിഥ്യയോ എന്ന പ്രശ്നം അവരെ അലട്ടുന്നതേയില്ല. വിശ്വാസത്തിന് ഒരിക്കലും യുക്തിയുടെ പിൻബലം ആവശ്യവുമില്ല. പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ഒരു തത്വം പറയാൻ ശ്രമിച്ച കഥയാണ് വിശ്വാസം.

ട്രൂ കോപ്പി വെബ് സീനിലെ മൂന്നു കഥകളും നിലവാരം പുലർത്തിയില്ല. സായ്റ യുടെ റൂൾ ഓഫ് തേഡ്സ് ഒരു പതിവു പൈങ്കിളിക്കഥക്കപ്പുറം പോയില്ല. കെ.എസ് രതീഷിൻ്റെ പെൺപടം അഥവാ സിനിമയുടെ സുമതിയായ കാരണങ്ങൾ എന്ന കഥ കൃത്രിമത്വം മുഴച്ചു നിൽക്കുന്ന കഥയാണ്. ഭർത്താവ് കിടപ്പിലായിപ്പോയ ഒരു സ്ത്രീ അയാളുടെ സിസി തെറ്റിയ ടാക്സിക്കാർ പിടിച്ചെടുക്കാൻ വന്നവരെ അടിച്ചോടിക്കുന്നതും പിന്നിട് ആ കാർ അവൾ ഓടിക്കുന്നതും അതിൽ വഴി തെറ്റിയ (!) രണ്ട് പെണ്ണുങ്ങളേയും കൊണ്ട് അഗളിക്ക് ഓട്ടം പോകുന്നതും വഴിയിൽ അവളോട് ശൃംഗരിക്കാൻ വന്നവനെ അടിച്ചിടുന്നതുമായി ഒരു ഉപരിതല സ്പർശിയായ ആഖ്യാനം, ‘തീർച്ചയായും കഥയല്ല തന്നെ.

ഭരതവാക്യം

കഥയെന്നാൽ ചുരുങ്ങിയത് ഒരു കഥയെങ്കിലും വേണമെന്ന് കഥാകൃത്തുക്കൾ ഓർത്താൽ നന്ന്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account