വളയത്തിലൂടെ മാത്രം ചാടുന്ന കഥകൾ

എല്ലാത്തരം നിർവചനങ്ങൾക്കും വിശകലനങ്ങൾക്കും മേലെ കഥ വായനക്കാരനു നൽകേണ്ടത് അനുഭൂതിയാണ്. സൗന്ദര്യ സങ്കല്പങ്ങളുടെയെല്ലാം അടിസ്ഥാനവും ഈ അനുഭൂതി പ്രദാനത്തിനുള്ള ശേഷി തന്നെയാണ്. കഥയുടെ ആസ്വാദനം അതിനാൽ തന്നെ ബോധ മനസിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല. അതിലുപരി ഉപബോധമനസിലുള്ള , രസാനുഭവങ്ങളെക്കുറിച്ച് സ്വാഭാവികവും ആർജിതവുമായ പൂർവ പാഠങ്ങളുടെ കൂടി അടിസ്ഥാനത്തിൽ സംഭവിക്കുന്നതാണ്. കേവലം ഉപരിപ്ലവാനുഭവങ്ങളുടേയും നൈമിഷിക സംഭവങ്ങളുടേയും അടിസ്ഥാനത്തിൽ എഴുതപ്പെടുന്ന കഥകൾ വായനക്കാരനിൽ ഒരു ചലനവും സൃഷ്ടിക്കാത്തത് അതിനാലാണ്. ചർച്ച ചെയ്യപ്പെടുന്നു എന്ന തോന്നൽ സൃഷ്ടിക്കുന്ന കഥകളൊക്കെയും ചർച്ച ചെയ്യുന്നത് എഴുത്തുകാരുടെ തന്നെ ചെറുസംഘക്കൾക്കിടയിലാണ്. അല്ലാതെ പൊതുവായനാസമൂഹം ഈ കഥകളൊന്നും കാണുക പോലും ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

ഈയാഴ്ചയിലെ കഥകൾ

മലയാളം വാരികയിൽ രാജേഷ് കെ നാരായണൻ എഴുതിയ നെയ്മ ഫാത്തിമ എന്ന കഥ നെയ്മ ഫാത്തിമ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ താനെടുത്ത തീരുമാനങ്ങളെ വിശകലനം ചെയ്യുന്ന ദൈവത്തിൻ്റെ കഥയാണ്. അതു തന്നെയാണ് ആഖ്യാനത്തിൽ നടത്തുന്ന നവീകരണ ശ്രമമായി കഥാകൃത്ത് കരുതുന്നത്. കഥ വളരെ ലളിതമാണ്. പ്രവാസികളായ മാതാപിതാക്കളുടെ മകളായ നെയ്മ നാട്ടിൽ പഠിക്കുന്നു. അവൾ മൂന്നു നാലു ദിവസത്തെ സന്ദർശനത്തിനായി ഉപ്പായുടെ അടുത്തേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യുവാൻ ട്രാവൽ ഏജൻറായ അരവിന്ദ് രമേശിൻ്റെ അടുത്തെത്തുന്നു. ടിക്കറ്റ് എടുത്ത് പോവുമ്പോൾ പാസ്പോർട്ട് മറന്നു വക്കുന്നു. അത് തിരിച്ചു കൊടുക്കാൻ വേണ്ടി അവളെ വിളിച്ച അയാൾ അവൾ താമസിക്കുന്നത് പണ്ട് അയാളുടെ പ്ലസ് ടു കാലത്തെ കൂട്ടുകാരൻ്റെ വീട്ടിലാണ് എന്ന് തിരിച്ചറിയുന്നു. തീർച്ചയായും അവർ തമ്മിൽ പ്രണയത്തിലാവുന്നു. എറണാകുളത്തിനും ചാവക്കാടിനുമിടയ്ക്ക് അതിവേഗത്തിൽ പായുന്ന മോണിംഗ്‌ സ്റ്റാർ ബസ് ഇടക്കിടെ അരവിന്ദിൻ്റെ കാറിനേയും നെയ്മയുടെ സ്കൂട്ടറിനേയും മറികടന്നു പോകുന്നുണ്ട്. (മോണിംഗ് സ്റ്റാർ ബസ് എന്ന ബിംബം അതിവേഗം പായുന്ന കാലത്തെ സൂചിപ്പിക്കാനാണ് കഥാകൃത്ത് ഉപയോഗിക്കുന്നത്.)

പിതാവിനോടൊപ്പം വിദേശത്തു പോകുന്നതിൻ്റെ തലേന്ന് അവൾ അരവിന്ദിനോടൊപ്പം പോവുകയും പിന്നീട് കോടതിയിൽ വാപ്പച്ചിയോടൊപ്പം പോകാം എന്ന് പറയുന്നതുമൊക്കെ കഥയുടെ തുടർച്ച. ഇവിടെയൊക്കെ ദൈവം ഇടപെടുന്നതു കൊണ്ടാണ് സംഭവങ്ങളുണ്ടാകുന്നത് എന്നാണ് കഥാകൃത്ത് പറയുന്നത്. കഥയിൽ നിന്ന് ആ ദൈവത്തെ മാറ്റി നിർത്തിയാൽ പിന്നെ അവശേഷിക്കുന്നത് ഒരു പരമ്പരാഗത പൈങ്കിളിക്കഥ മാത്രമാണ്. പ്രഥമ ദർശനാനുരാഗം മുതൽ ഒളിച്ചോട്ടവും തിരികെക്കൊണ്ടു വരലും പിന്നീട്  രണ്ടു കൂട്ടരും സമ്മതത്തോടെ കല്യാണം നടത്തലും അതിലെ സ്ഥിരം സെൻ്റിമെൻ്റ്സും അതുപോലെ തന്നെയുണ്ട്. എന്തിനേറെ സെൻ്റിമെൻ്റ്സിൻ്റെ പ്രകടനത്തിന് അവളുടെ പ്രിയപ്പെട്ട സ്കൂട്ടറും അവർ മുമ്പേ വാങ്ങി വച്ച ആഭരണങ്ങളും വസ്ത്രങ്ങളും കൈമാറുന്നതിൽ പോലുമുണ്ട് പഴമയുടെ വിട്ടുവീഴ്‌ചയില്ലാത്ത ആവർത്തനം. ഒടുവിൽ എല്ലാം ശുഭമായിത്തീരുന്നതിനു പകരം മോണിംഗ് സ്റ്റാർ ബസ് അവളുടെ സ്കൂട്ടറിൽ ഇടിക്കുകയും അവൾ മരിക്കുകയും ചെയ്യുന്നു. അപ്പോഴാണ് ദൈവം തൻ്റെ ചെയ്തികളെ വിശകലനം ചെയ്യുന്നത്. തനിക്ക് തെറ്റുപറ്റിയോ എന്ന് സംശയിക്കുന്നത്. വായിക്കാൻ സുഖമുണ്ടെന്നതും ഇക്കാലത്തെ കഥകളുടെ മേൻമയായി കണക്കാക്കണം. അതു മാത്രമാണ് ഈ കഥയുടെ മെച്ചം. പറമ്പിലെ ജാതിയെല്ലാം അവൻ്റെ അച്ഛൻ വെട്ടിക്കളഞ്ഞു എന്ന് അരവിന്ദിൻ്റെ അമ്മ പറയുന്നുണ്ട് കഥയിൽ. നെയ്മയെ സന്തോഷത്തോടെ സ്വീകരിക്കുന്നുമുണ്ട്. നെയ്മയുടെ മാതാപിതാക്കളും ഒടുവിൽ അവരെ മതാതീതമായി അംഗീകരിക്കുന്നു.. പക്ഷേ ദൈവത്തിനു മാത്രം അതത്ര പിടിച്ചില്ല എന്നാണ് കഥാകൃത്ത് ഉദ്ദേശിച്ചതെങ്കിൽ കഥ വിപരീത ദിശയിൽ സഞ്ചരിക്കുന്നു എന്നു കരുതേണ്ടി വരും. നെയ്മക്കു മുമ്പേ അവളുടെ ഉമ്മയുടെ ഗർഭത്തിലുണ്ടായ ആൺകുട്ടിയെ അവർ വേണ്ടെന്നുവക്കാനാഗ്രഹിക്കുന്നതാണ് വേറൊരു പുതുമ. പക്ഷേ അതിലുമുണ്ടല്ലോ പ്രശ്നം. പെൺകുട്ടികളെ ഗർഭത്തിലേ വേണ്ടെന്നു വക്കുന്ന ക്രൂരതയെ വിമർശിക്കാൻ ആൺകുട്ടികളെ ഗർഭഛിദ്രം ചെയ്യുന്നത് എങ്ങനെ ശരിയാവാനാണ്.! സൂക്ഷ്മത ഒട്ടുമില്ലാതെ എഴുതിയ കഥയാണ് നെയ്മ ഫാത്തിമ. ആഴമുണ്ടെന്ന് തോന്നിക്കാൻ കഥാകൃത്ത് നടത്തിയ എല്ലാ ശ്രമങ്ങളും രണ്ടാം വായനയിൽ പൊളിഞ്ഞു പോകുന്ന കഥ.

മാതൃഭൂമിയിൽ കെ വി പ്രവീൺ എഴുതിയ റിംഗ് എന്ന കഥയും നിരാശപ്പെടുത്തും. മദ്യപാനാസക്തി മാറ്റാൻ ഡി അഡിക്ഷൻ സെൻ്ററിൽ – കൊട്ടാരത്തിൽ – എത്തപ്പെട്ട നാലു സ്ത്രീകളാണ് കഥ പറയുന്നത്. അമൃത മദ്യപാനത്തിലെത്തുന്നത് അവളുടെ അനാഥത്വം കൊണ്ടാണെന്ന് സാമാന്യേന മനസിലാക്കാം. അവളുടെ ചേച്ചിയോടൊപ്പം താമസിക്കുന്നതും ചേച്ചി കാമുകനോടൊപ്പം രമിക്കുന്നതു കാണുന്നതും അവളിറങ്ങി തെരുവിലേക്കു നടക്കുന്നതും അവിടെ വച്ച് ആരൊക്കെയോ അവളെ ഉപദ്രവിക്കുന്നതുമൊന്നും കഥയെ രക്ഷിക്കുന്നില്ല. മറ്റൊരു കഥാപാത്രം സൂസൻ അവളുടെ അപ്പനോടുള്ള പ്രതികാരമായാണ് മദ്യപാനം ശീലിക്കുന്നത്. അപ്പനവളെ ബെൽറ്റു കൊണ്ടടിക്കുന്നത് ഹോബിയായിരുന്നു. ഒടുവിൽ അയാൾ തളർന്നുവീണപ്പോൾ അയാളുടെ അടുത്തിരുന്ന് അവൾ മദ്യപിക്കാൻ തുടങ്ങി. അങ്ങനെയാണ് അവൾ ഡീ അഡിക്ഷൻ സെൻ്ററിലെത്തുന്നത്. പുതിയതായി ഒന്നുമില്ലെന്നു മാത്രമല്ല, അപ്പനോടുള്ള പ്രതികാരമായി മദ്യപാനം ശീലിക്കുന്നതു പോലുള്ള പഴഞ്ചൻ/പിന്തിരിപ്പൻ ആശയങ്ങൾ കഥ ഉൾക്കൊള്ളുകയും ചെയ്യുന്നു.

ദേശാഭിമാനിയിൽ കെ.രഘുനാഥൻ എഴുതിയ മരുഥൂർ ഗ്രാമീണ ഗ്രന്ഥശാല വായനക്കാരനിൽ ഒരു ചലനവുമുണ്ടാക്കാൻ പര്യാപ്തമല്ല. രഘുനാഥൻ്റെ ഒരു കഥ അച്ചടിച്ചു വരുന്നത് വളരെ കാലത്തിനു ശേഷമാണ്. വായനശാലയുടെ നവീകരണത്തിനായി മരുഥൂർ ദേശത്തെ ആൾക്കാർ സ്ഥലത്തെ പണക്കാരനായ പ്രമാണിയെ കാണാൻ പോകുന്നതും അയാൾ വായനശാലയുടെ ബോർഡിൽ തൻ്റെ പേരു കൂടി ചേർക്കണമെന്ന് ആവശ്യപ്പെടുന്നതും അതിനായി എത്ര പണം വേണമെങ്കിലും ചെലവാക്കാൻ തയ്യാറാകുന്നതുമാണ് കഥ. കഥയുടെ മാത്രമല്ല സമൂഹത്തിൻ്റെ തന്നെ ഭാവുകത്വ പരിണാമങ്ങളെക്കുറിച്ച് കഥാകൃത്ത് ഒട്ടും ബോധവാനല്ല. കഥയിലെ ഗൃഹാതുര സ്മരണകളത്രയും മുഴച്ചു നിൽക്കുന്ന വ്യാർഥാഖ്യാനങ്ങളായി മാത്രമേ നമുക്കു കാണാൻ കഴിയൂ. തീർച്ചയായും ഈ കഥ വേണ്ടായിരുന്നു. ശാന്തിദേവി വള്ളുവള്ളി എഴുതിയ വിചാരണ എന്ന കഥ പള്ളിയിൽ പുതിയതായി വന്ന കൊച്ചച്ചനിൽ നിന്ന് ഗർഭിണിയായ കൗമാരക്കാരിയുടെ കഥയാണ്. പക്ഷേ അതു കഥയല്ലല്ലോ. സംഭവമാണല്ലോ. സംഭവത്തെ കഥയാക്കുമ്പോൾ അതിലെന്തെങ്കിലും കഥയുണ്ടാവണ്ടേ എന്നൊക്കെ ചോദിക്കണമെന്നുണ്ട്. പക്ഷേ അത്തരം ചോദ്യങ്ങളൊക്കെ കഥയെ ഗൗരവമായി സമീപിക്കുന്നവരോടു ചോദിച്ചിട്ടേ കാര്യമുള്ളൂ എന്നതിനാൽ വേണ്ടെന്നു വക്കുന്നു.

മാധ്യമത്തിൽ റഷ്മിയുടെ നീലം എന്ന കഥയുടെ തർജമയുണ്ട്. എ കെ റിയാസ് മുഹമ്മദ് എന്നൊരാളാണ് പരിഭാഷകൻ. പരിഭാഷ എന്നത് ഒരു ഭാഷയിലെ വാക്കിന് വേറൊരു ഭാഷയിലെ വാക്ക് പകരം വക്കലല്ല എന്നദ്ദേഹത്തോട് ആരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്കണം.. ഗൂഗിൾ തർജമയാണ് എന്നു തോന്നും വിധം അരോചകമാണ് ഈ പരിഭാഷ. കണ്ണടയെ എടുത്ത് അവൾ നീട്ടി, നാരങ്ങയെ അടുപ്പിൽ പിഴിഞ്ഞു കൊണ്ട് എന്നൊക്കെ വായിക്കുമ്പോൾ ഇതൊക്കെ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് വായിച്ചു നോക്കാൻ അവിടാരുമില്ലേ എന്നു തോന്നി. നിഷ അനിൽകുമാറിൻ്റെ വിഷാദിയുടെ കുമ്പസാരങ്ങൾ എന്ന ബയോഫിക്ഷനും (!)  പ്രത്യേകിച്ച് കഥയൊന്നുമില്ലാത്ത ആഖ്യാനമാണ്. മാർക്കേസിൻ്റെ അവസാന കാലവും അദ്ദേഹത്തിൻ്റെ കുമ്പസാരങ്ങളുമൊക്കെ ഏറെക്കുറെ എല്ലാ മലയാള വായനക്കാർക്കും പരിചിതമാണ് എന്നതാണ് ഈ കഥയുടെ ദൗർബല്യം..

True copy webzine ൽ അജേഷ് വേലായുധൻ എഴുതിയ മിറർ ബോക്സ് തെറാപ്പി ചാത്തൻ സേവയെക്കുറിച്ച് ഫീച്ചറുണ്ടാക്കാൻ പോയ ആൺ പെൺ പത്രപ്രവർത്തകരുടെ കഥയാണ്. പേടി മാറ്റാനുള്ള സൂത്രമാണത്രേ മിറർ ബോക്സ് തെറാപ്പി . ഇത്തിരി രതി, ഇത്തിരി ഇക്കിളി, ഒരു ചെറ്യേ കുട്ടിച്ചാത്തൻ, ഇതൊക്കെ കൂടി ഒരു പിടി . അത്രേയുള്ളൂ. കേവലം വാചകക്കസർത്തിനപ്പുറം വായിക്കുന്നവൻ്റെ ചിന്തയിലേക്കോ വികാരങ്ങളിലേക്കോ എത്തുന്ന ഒന്നുമില്ല ഇതിൽ. അല്ലെങ്കിലും ഇതൊക്കെയാണ് കഥ എന്നു പറയുമ്പോൾ നമ്മളതു കേട്ടാൽ മതിയല്ലോ. വെറുതെ കഥയെവിടെ എന്നന്വേഷിച്ച് നേരം കളയുന്നതെന്തിന്.?!

wtp Live ൽ ധന്യ ഇന്ദുവിൻ്റെ ഉടൽത്താഴ് മനു, ജാനി, ബാലു എന്നിവരുടെ കഥയാണ്. മനുവിൻ്റെ ഭാര്യ ജാനി, മനുവിന് കാലുകൾക്ക് ചലനശേഷി നഷ്ടപ്പെട്ടതാണ്, വീൽചെയറിലാണ് ജീവിതം. ജാനിയുടെ കൂട്ടുകാരനാണ് അവളേക്കാൾ അഞ്ചു വയസിനിളയ ബാലു. ജാനകിക്ക് ബാലുവുമായുള്ള ബന്ധത്തെ സംബന്ധിച്ച് കുറ്റബോധം തോന്നുന്നതാണ് കഥയുടെ ക്ലൈമാക്സ്.  ഒരു സാധാരണ പൈങ്കിളിക്കഥ. ധന്യയൊക്കെ നല്ല കഥ എഴുതുമായിരിക്കും. അങ്ങനെ സംഭവിക്കട്ടെ.

ഭരതവാക്യം

മുൻകൂർ തയ്യാറാക്കിയ പാചകക്കുറിപ്പിനനുസരിച്ച് ഉപ്പും മുളകും ചേർത്തുണ്ടാക്കുന്നതല്ല കഥ. കഥ സ്വയം ഒരു രസക്കൂട്ടാവേണ്ടതുണ്ട്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account