അസാധുക്കഥകൾ

ഓരോ കാലത്തും അതിനനുയോജ്യമായ ഭാഷയും സാഹിത്യവും രൂപം കൊള്ളും. കഥയിലും കവിതയിലുമെല്ലാം കാലത്തിനനുസൃതമായ മാറ്റങ്ങൾ സംഭവിക്കുകയും അവ കാലത്തോട് പ്രതിപ്രവർത്തിക്കുകയും അതുവഴി സമയദേശ്യ ഭേദങ്ങളെ അതിജീവിക്കാനുള്ള ശേഷി കൈവരിക്കുകയും ചെയ്യുമ്പോഴാണ് സാഹിത്യം ഉൽപാദനപരമാകുന്നത് എന്ന് സാമാന്യേന വിവക്ഷിക്കാം. ഇതാനാവശ്യമായ സംവേദനക്ഷമത പക്ഷേ സ്വാഭാവികമായി ആർജിക്കപ്പെടേണ്ടതാണ്. അപ്രകാരം കഥ/കവിത സ്വാഭാവികമായി പ്രേക്ഷകനോട് സംവദിക്കുന്നതിനാവട്ടെ അവൻ്റെ സാമാന്യ ബോധ്യങ്ങളെ പ്രശ്നവൽക്കരിക്കാൻ കഥക്ക് കഴിയേണ്ടതുമുണ്ട്. എന്നാൽ പ്രേക്ഷകനിൽ രൂഡമൂലമായിട്ടുള്ള ധാരണകളേയും വിശ്വാസങ്ങളേയും അംഗീകരിച്ച് അവയെ സ്പർശിക്കാനോ നോവിക്കാനോ എന്തിന് ഒന്നു പരിഹസിക്കാൻ പോലുമോ ശ്രമിക്കാതെ തികച്ചും നിഷ്പക്ഷമായും ഋജുവായും സഞ്ചരിക്കുന്ന ഒരു നിശ്ശബ്ദ ധാരയാണ് ഇപ്പോൾ എഴുത്ത്. നിർമിതമായ ഒന്നിനെ ഉടച്ചുകളയുകയും പിന്നെയും നിർമിക്കുകയും ചെയ്യലാണ് നവീകരണ പ്രക്രിയയുടെ സ്വഭാവം. അപനിർമാണവും പുനർനിർമാണവുമാണ് സാംസ്കാരിക പുരോഗമനത്തിൻ്റെ അടിസ്ഥാന ശില. അത്തരത്തിൽ സംസ്കാരത്തിൻമേൽ സജീവമായി ഇടപെടാൻ പ്രാപ്തമാകുമ്പോൾ മാത്രമാണ് സാഹിത്യാദി കലകൾക്ക് ലക്ഷ്യവും ഉദ്ദേശ്യവുമുണ്ടാകുന്നത്.

ഇത്തരത്തിൽ സാഹിത്യത്തിൻ്റെ/കഥയുടെ സാമൂഹ്യ ഉത്തരവാദിത്വത്തെ പ്രതിനിധീകരിക്കുന്ന കഥയാണ് മാതൃഭൂമിയിൽ എൻ. പി. ഹാഫിസ് മുഹമ്മദ് എഴുതിയ ഫ്രൂട്ട് സലാഡ് എന്ന കഥ. കേരളത്തിൽ ഇസ്ലാം, ക്രിസ്ത്യൻ മതങ്ങളിലേക്കുള്ള പരിവർത്തനത്തിൻ്റെ അടിസ്ഥാന കാരണം ഹിന്ദു മതത്തിലെ ജാതി വ്യവസ്ഥയാണ് എന്ന കാര്യം അവിതർക്കിതമാണ്. തൊഴിലിൻ്റെ അടിസ്ഥാനത്തിലുള്ള ജാതി വിഭജനം ഹിന്ദു മതത്തെ എത്രമേൽ പ്രതിലോമകരമാക്കിയിട്ടുണ്ട് എന്നതിന് ചരിത്രം സാക്ഷി. അതേ പാറ്റേണിൽ ഇസ്ലാമിലും ജാതി വ്യവസ്ഥ നിലനിൽക്കുന്നു. പണ്ടാരപ്പറമ്പിൽ താമസിക്കുന്ന ഒസ്സാൻ മാരുൾപ്പെടെയുള്ള അധ:കൃത മുസ്ലീങ്ങൾക്ക് സവർണ മുസ്ലീങ്ങളുമായി ഒരു വിധത്തിലുള്ള ബന്ധവും സാധ്യമല്ല. സവർണാവർണ ഭേദ വിചാരം എല്ലാ മതങ്ങളും വച്ചു പുലർത്തുന്നുണ്ട്. കഥയിൽ നായിക അയിഷ കോളേജധ്യാപികയായിട്ടു പോലും അവളെ വിവാഹം കഴിക്കാൻ സവർണ മുസ്ലീങ്ങൾ തയ്യാറാവുന്നില്ല. ഒടുവിൽ അവളെ വിവാഹം കഴിച്ചവനാകട്ടെ ഷണ്ഡനായിരുന്നു താനും. അവനിൽ നിന്ന് അവൾ വിവാഹമോചനം നേടുന്നതാണ് കഥ. ഇസ്ലാം താത്വികമായി അനുവദിച്ചിട്ടുള്ള ഹസ്ക്  നേടിയെടുക്കുക അത്ര എളുപ്പമല്ലെങ്കിലും സാധ്യമാണ് എന്ന് അയിഷ സമർഥിക്കുന്നു. ഇസ്ലാമിക സാമൂഹ്യ ജീവിതം ഇനിയും പരിഷ്കരിക്കപ്പെട്ടേ മതിയാകൂ എന്ന് കഥ ആവർത്തിച്ചു പറയുന്നു എന്നതാണ് ഫ്രൂട്ട് സലാഡിൻ്റെ പ്രാധാന്യം. വിശ്വാസങ്ങൾക്കും കീഴ് വഴക്കങ്ങൾക്കും നേരെ പ്രതിഷേധ സ്വരമുയർത്തലാണ് എഴുത്തുകാരൻ്റെ ചുമതല എന്ന് ഹാഫിസ് മുഹമ്മദ് നമ്മെ ഓർമിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ തന്നെ ഫലൂദ എന്ന കഥയെ ഫ്രൂട്ട്സലാഡ്  പലയിടത്തും അനുകരിക്കുന്നു എന്നത് കല്ലു കടിയായി എന്നു കൂടി പറയേണ്ടിയിരിക്കുന്നു.

ഏഴു കഥകളുള്ള മാതൃഭൂമിയിലെ മറ്റൊരു കഥ വി ഷിനിലാലിൻ്റെ മൈക്രോ ഗ്രീൻ ആണ്. ഒരു നഗരത്തിലെ ഫ്ളാറ്റ് സമുച്ചയത്തിൽ ചുറ്റുമുള്ളവരൊക്കെയും മരിച്ചു തീരുകയും തങ്ങൾ മാത്രം അവശേഷിക്കുകയും ചെയ്യുന്ന പ്രതിസന്ധിയെ നേരിടുന്ന ഒരു ഭാര്യയും ഭർത്താവുമാണ് കഥയിലെ കഥാപാത്രങ്ങൾ. ഭൂമിയിലെ മുഴുവൻ മനുഷ്യരെയും കൊന്നൊടുക്കിയ വൈറസ് തന്നെയാണ് വില്ലൻ.ഒടുവിൽ ആഹാരത്തിനു കരുതിയിരുന്ന കുറച്ച് പയർമണികൾ മുളക്കാൻ വെള്ളത്തിലിടുന്നതും ജീവൻ അങ്ങനെ അവർ പുന:സ്ഥാപിക്കും എന്ന് പ്രതീക്ഷിക്കുകയുമാണ് കഥാകൃത്ത്. പയറു വിത്തുകൾ മുളപ്പിച്ച് ഭൂമിയിൽ ജീവൻ തിരികെ സ്ഥാപിക്കുന്ന തിരക്കിൽ പക്ഷേ കഥയുടെ തുടക്കത്തിൽ കുരച്ച നായക്ക് എന്തു പറ്റിയെന്ന് പറയാൻ കഥാകൃത്തു മറന്നു പോയി. നായ ഉൾപ്പെടെ മറ്റു ജീവജാലങ്ങൾ ജീവിച്ചിരിക്കുന്ന ഒരു ഭൂമിയിൽ മനുഷ്യവംശത്തിൻ്റെ നാശത്തെ പ്രതിരോധിക്കാൻ പയറു മുളപ്പിച്ചിട്ടെന്തു കാര്യം? (മൈക്രോ ഗ്രീൻ എന്നത് ആധുനികമായ ഒരു കൃഷിരീതിയാണ്. ഉയർന്ന പോഷക മുള്ള കാർഷികോൽപ്പന്നങ്ങൾ കൃഷിചെയ്യുന്ന ഈ രീതി താൽപര്യമുള്ളവർക്ക് google ൽ അന്വേഷിക്കാവുന്നതാണ്.) എന്നാൽ ഇതല്ല മൈക്രോ ഗ്രീൻ എന്ന കഥയെക്കുറിച്ചുള്ള യഥാർഥ വിമർശനം. ഒ.വി.വിജയൻ്റെ പാറ എന്ന കഥയിൽ നിന്ന് കടം കൊണ്ടതാണ് ഈ കഥയുടെ പ്രമേയം എന്നതാണത്. ആണവവികിരണങ്ങൾ കൊണ്ട് മുച്ചൂടും മുടിഞ്ഞു പോകുന്ന മനുഷ്യവംശത്തെക്കുറിച്ച് വിജയൻ പറഞ്ഞ ആകുലതകളെ  ഷിനിലാൽ ആവർത്തിക്കുമ്പോൾ ദുർബലമായി പോകുന്നു എന്നത് കാണാതിരുന്നു കൂടാ…

അംബികാസുതൻ മാങ്ങാടിൻ്റെ മരിച്ച ചിറകുകൾ അദ്ദേഹം ഇന്നോളമെഴുതിയതിൽ ഏറ്റവും മോശം കഥയാണ്. പത്തു തവണ ആവർത്തിക്കുന്ന അഞ്ചാം പുരയുടെ വരാന്തയിലെ ബഹുവർണ കൗപീനങ്ങളൊക്കെ ചുരുക്കിപ്പറഞ്ഞാൽ പരമ ബോറാണ്. ഗ്രീക്ക് മിത്തോളജിയിലെ പൻഡോറപ്പെട്ടിയെക്കുറിച്ച്, അരവട്ടനായ കാർന്നവരെക്കുറിച്ച് ഒക്കെ എന്തൊക്കെയോ പറഞ്ഞുവെന്നല്ലാതെ കഥയായതേയില്ല മരിച്ച ചിറകുകൾ. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ ഫാൻ്റസി കഥയാണ് ഈസ. ഒരു മനുഷ്യൻ അവൻ്റെ സ്വന്തമിടത്തിൽ അന്യവൽക്കരിക്കപ്പെടുന്നതെങ്ങനെയെന്നും സമൂഹം / സ്റ്റേറ്റ് അതിൽ എങ്ങനെ ഇടപെടുമെന്നും പറയാനുള്ള ശ്രമമാണ് കഥാകൃത്തിൻ്റേത് എന്നു തോന്നി. തിരിച്ചറിയൽ രേഖകളില്ലാത്തവർ മരിച്ചവരായി കണക്കാക്കപ്പെടുമെന്ന വിപരീത വായനക്കുള്ള സാധ്യതയും ഈസ തുറന്നു വക്കുന്നുണ്ട്. പക്ഷേ ഗൾഫ് പ്രവാസം എന്ന അതിവൈകാരികതയെ കൊറോണയുമായി ബന്ധിക്കാൻ ശ്രമിച്ചതോടെ കഥ കൈവിട്ടു പോയി. പറയാനുദ്ദേശിച്ച കഥയിലെത്തിയപ്പോഴേക്കും വേണ്ടാത്തതൊക്കെ പറഞ്ഞു നീട്ടി കഥ ദുർബലമായിപ്പോയി എന്നും  പറയാം.

സിതാര എസ് എഴുതിയ വാക്കുകളുടെ ആകാശം  പരമ ബോറാണ്. കാൻസർ വാർഡിൽ സ്തനാർബുദത്തിന് ചികിത്സിക്കാൻ പോയ, മുലകളിൽ അപ്പോഴും പാലുള്ള യുവതിയായ അമ്മയുടെയും അവളെ അബോധാവസ്ഥയിൽ പീഡിപ്പിക്കുന്ന ആശുപത്രി ജീവനക്കാരൻ്റേയും കഥയാണിത്. കൂടുതലെന്തു പറയാനാണ്..! വി.കെ ദീപയുടെ മരിച്ച പെണ്ണുങ്ങൾ അവരുടെ സർപ്പക്കൊത്ത് എന്ന കഥയുടെ മറ്റൊരു ആഖ്യാനം മാത്രമാണ്. മരത്തിൻമേൽ തൂങ്ങിയാടൽ ദീപയുടെ ഒരു ബലഹീനതയാണെന്നു തോന്നുന്നു. എന്തായാലും എഴുത്തിനെ ഒട്ടും ഗൗരവമായി പരിഗണിക്കാത്ത കഥാകൃത്താണ് ദീപ എന്ന് അവരുടെ ആവർത്തന വിരസമായ കഥകൾ വ്യക്തമാക്കുന്നു. ഒരിഞ്ച് മുന്നോട്ടു പോകാൻ താൽപര്യമില്ലാത്ത, ശ്രമിക്കാത്ത ഈ എഴുത്തുകാരിയിൽ നിന്ന് എന്തെങ്കിലും പ്രതീക്ഷിക്കാനുണ്ടെന്ന് തോന്നുന്നില്ല.

ഏഴാമത്തെ കഥ പി വി ഷാജികുമാറിൻ്റെ അസാധുവാണ്. കഥയുടെ പേരു പോലെ തന്നെ അസാധുവാണീക്കഥ. ആദിവാസി ഊരിൽ നിന്ന് നഗരത്തിലെ ഹോട്ടലിൽ പണിക്കു വരുന്നവരദൻ, അതേ ഹോട്ടലിൽ വച്ച് കർണാടക സർക്കാരിനെ അട്ടിമറിക്കാനുള്ള MLA മാരുടെ കച്ചവടം, പിന്നീട് ആദിവാസിയായി എന്നതുകൊണ്ടു മാത്രം അവനെ എല്ലാവരും ചേർന്ന് മർദ്ദിക്കുന്നത്, അങ്ങനെ ഒരു സിനിമാ തിരക്കഥക്കു വേണ്ട മസാലകളൊക്കെയുണ്ട്, പക്ഷേ കഥ മാത്രമില്ല.  അംബികാസുതനും ഷാജികുമാറുമൊക്കെ കഥയെഴുത്തിൽ സ്വന്തമായ മാനകങ്ങൾ സൃഷ്ടിച്ചവരാണ്. പുതിയൊരു കഥ എഴുതുമ്പോൾ അത് അന്നോളമുള്ളവയുടെ താഴെ നിൽക്കാതിരിക്കാനുള്ള ശ്രദ്ധയെങ്കിലും പുലർത്തിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. പത്രാധിപൻമാർ ആവശ്യപ്പെടുമ്പോൾ ചമച്ചു കൊടുക്കാനുള്ള പാചകക്കുറിപ്പല്ല കഥ. ദയവായി വായനക്കാരനെ വിഡ്ഡികളാക്കരുത് എന്ന് അപേക്ഷ.

മാധ്യമത്തിൽ ടി.ബി. ലാൽ എഴുതിയ പൂക്കുറ്റിച്ചെതറൽ മൈക്ക് അനൗൺസുമെൻറ് തൊഴിലാളിയായ സജിയുടെ കഥയാണ്. ഒരു കോവിഡ് സ്പെഷൽ കഥയാണ് എന്നും പറയാം. പൂർണമായും സംഭാഷണ രൂപത്തിൽ എഴുതിയ കഥ പക്ഷേ അമിതാഖ്യാനം കൊണ്ട് മടുപ്പിക്കുന്നുണ്ട്. സജി ഒരു അനൗൺസ്മെൻറ് തൊഴിലാളിയായതുകൊണ്ടാവും ഇത്രയും ധാരാളമായി സംസാരിക്കുന്നത്! കഥ പക്ഷെ പ്രത്യേകിച്ചെന്തെങ്കിലും വിനിമയം ചെയ്യുന്നുണ്ട് എന്നു തോന്നിയില്ല. ഒരു കഥക്ക് താങ്ങാവുന്നതിലും അധികം വസ്തുതകൾ കുത്തിനിറച്ച് നീട്ടിപ്പരത്തി പറഞ്ഞ ഈ കഥ വായനക്കാരന് ഒന്നും നൽകുന്നില്ല.

ദേശാഭിമാനിയിൽ റഫീക്ക് തറയിൽ എഴുതിയ പെയിൻ്റ് ബാൾ എന്ന കഥ അമേരിക്കയിലെ വർണ വംശീയതയുടെ പശ്ചാത്തലത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിലെ കുട്ടിപ്പട്ടാളക്കാരുടെ മാനസിക സംഘർഷങ്ങൾ വിശകലനം ചെയ്യുന്നു. അത്യന്താധുനികമായ സമൂഹമായിരുന്നിട്ടും നാം എല്ലാവരും തുല്യരാവുന്നതിൽ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ആഭ്യന്തര യുദ്ധത്തിൽ പങ്കെടുക്കാൻ നിർബന്ധിതരായിപ്പോകുന്ന കുട്ടികളും അവരനുഭവിക്കുന്ന അതിജീവന പ്രതിസന്ധികളും മിതമായ ഭാഷയിൽ കഥ ചർച്ച ചെയ്യുന്നു. എന്നാൽ കഥ പലപ്പോഴും ലേഖന സ്വഭാവം പ്രകടിപ്പിക്കുന്നു എന്നത് വായനയുടെ  ഒഴുക്ക് തടസപ്പെടുത്തുന്നുണ്ട്.

ഭാഷയിലോ പ്രമേയ പരിചരണത്തിലോ ഒരു പരീക്ഷണവും നടക്കാത്ത കഥാലോകം ഒരു പക്ഷേ മലയാളത്തിൻ്റെതു മാത്രമായിരിക്കും. സൗന്ദര്യ ശാസ്ത്ര സംബന്ധിയായ യാതൊരു നിലപാടും പുലർത്താത്ത, കേവലാഖ്യാനങ്ങൾ മാത്രമാണ് ഇക്കണ്ട കഥകളത്രയും. മാറ്റർ പറയുക എന്നതാണ് കഥയിൽ പ്രധാനം എന്ന് ആരാണ് കഥാകൃത്തുക്കളെ നിർബന്ധിക്കുന്നത്.? വസ്തുതയിൽ നിന്ന് കഥയിലേക്കുള്ള ദൂരത്തെയാണ് പ്രതിഭ എന്നു വിളിക്കുക എന്ന് എന്നെങ്കിലും കഥയെഴുത്തുകാർ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കുക. എഴുതാൻ വേണ്ടി എഴുതുന്നതിൽ കഥ ഉണ്ടാവുകയില്ലെന്നും കഥാകൃത്തുക്കൾക്ക് ബോധ്യമാവേണ്ടതുണ്ട്.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account