അന്തർമുഖികളും അല്ലാത്തവരും

ഇന്നെഴുതുന്ന/വായിക്കുന്ന കഥ പത്തു വർഷം/അഞ്ചു വർഷം/ഒരു വർഷം  കഴിഞ്ഞാൽ  എങ്ങനെ വായിക്കപ്പെടും എന്നത് വർത്തമാന മലയാള കഥാസാഹിത്യത്തിൽ ആലോചിക്കേണ്ട വിഷയമാണ്. Contemporary വിഷയങ്ങളിൽ അഭിരമിച്ച് കഥയെഴുതുന്നവരാരും തന്നെ ഇപ്രകാരമൊരു സ്വയം വിശകലനം ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. അതു കൊണ്ടാവണം ഇൻസ്റ്റൻറ് കഥകളുടെ ഇത്രമേൽ വലിയ പ്രളയം മലയാളത്തിൽ സംഭവിക്കുന്നത്. കഥയുടെ ഭൂമികക്കു  പുറത്തു നിന്ന് കഥ പറയുന്ന സ്വയം പ്രഖ്യാപിതനായ ഒറേറ്ററും അയാൾ ലക്ഷ്യം വക്കുന്ന വായനക്കാരനും എന്ന ദ്വന്ദമാണ് കഥയുടെ ആസ്വാദന തലത്തെ നിർണയിക്കുന്നത്. വായനക്കാരൻ തനിക്ക് പരിചിതമായ സംഭവങ്ങളേയും മുന്നറിവുകളേയും ചേർത്താണ് കഥയെ ആസ്വദിക്കുകയോ അനുഭവിക്കുകയോ ചെയ്യുന്നത്. സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഈ ദ്വന്ദത്തെ പരസ്പരം ചേർക്കുക / തൃപ്തിപ്പെടുത്തുക എന്നത് താരതമ്യേന എളുപ്പമാകുന്നു. അതേ സമയം വായനക്കാരൻ്റെ പരിചിതാനുഭവങ്ങളുടെ സൂക്ഷ്മ ഘടകങ്ങളെ അലോസരപ്പെടുത്താനോ മറികടക്കാനോ കഴിയാത്തതിനാൽ ഇത്തരം ആസ്വാദനങ്ങൾക്ക് കേവലം ആസ്വാദനം എന്നതിനപ്പുറത്തേക്ക് കടക്കാൻ സാധിക്കാതെ പോവുകയും ചെയ്യുന്നു. പരിചിതമായതിൽ നിന്ന് അപരിചിതമായ ഒന്നിലേക്ക് വായനക്കാരനെ നയിക്കുക എക്കാലത്തും എഴുത്ത് നേരിടുന്ന വെല്ലുവിളിയാണ്. ഈ വെല്ലുവിളിയെ ധീരമായി ഏറ്റെടുത്തവർക്ക് മാത്രമേ കഥയിൽ സ്വന്തം സ്ഥാനം കണ്ടെത്താനും നിലനിർത്താനും കഴിഞ്ഞിട്ടുള്ളൂ.

ഈ ആഴ്ച്ചയിൽ ആദ്യം പരാമർശിക്കേണ്ടത് നവംബർ 9 ലക്കം മലയാളം വാരികയിൽ എം. മുകുന്ദൻ എഴുതിയ അന്തർമുഖി എന്ന കഥയാണ്. അവിശ്വസനീയമായ കാര്യങ്ങളെ വിശ്വസനീയമായി അവതരിപ്പിക്കുന്നതിൽ മുകുന്ദനോളം വിദഗ്ദനായ ഒരാൾ മലയാളത്തിൽ ഇല്ല തന്നെ. ശ്രീ പാർവതി എന്ന പെൺകുട്ടിയുടെ കഥയാണ് അന്തർമുഖി. നാൽപ്പത്തിരണ്ട് വർഷം മുമ്പ് നടന്ന കഥ. അന്നത്തെ നാട്ടുനടപ്പനുസരിച്ച് ശ്രീപാർവതിയുടെ കല്യാണം നിശ്ചയിച്ചു. ചെക്കനെ അവൾക്കിഷ്ടമായി, കല്യാണത്തിന് അവൾക്ക് ഒരെതിർപ്പുമില്ല, പക്ഷേ മൂന്നാഴ്ചക്കുള്ളിൽ കല്യാണം നടക്കുമെന്ന് അച്ഛൻ പറഞ്ഞതോടെ അവൾ അങ്കലാപ്പിലായി. തിയതി പറഞ്ഞോ അമ്മേ എന്നവളുടെ വേവലാതിക്ക് എന്നായാൽ നമുക്കെന്താ എന്ന് അമ്മയുടെ നിസ്സാരവൽക്കരണം അവളെ കൂടുതൽ സമ്മർദ്ദത്തിലാക്കി. ഹരീശ്വരൻ്റെ അമ്പലത്തിൽ വച്ചാണ് കല്യാണം നടക്കുക. കല്യാണത്തിന് നിശ്ചയിച്ചിട്ടുള്ള തിയതി അവളുടെ മാസമുറ തുടങ്ങുന്ന ദിവസമാണ്. എങ്ങനെ അമ്പലത്തിൽ പോകും എന്നതാണവളുടെ പ്രശ്നം. ഇക്കാര്യം അമ്മയോട് പറയായിരുന്നില്ലേ, തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും പ്രസക്തിയില്ല, കാരണം വിഷയം നടക്കുന്നത് 43 വർഷം മുമ്പാണ്. എന്തായാലും കല്യാണത്തലേന്ന് കാണാതായ അവളെ അടിവയറ്റിൽ കുതിർന്നൊട്ടിയ സാരിക്കു മുകളിൽ കൊഴുത്ത ചുവപ്പോടെ കല്യാണദിവസം കുളത്തിൽ നിന്ന് ചലനമറ്റ നിലയിൽ  ആൾക്കാർ കണ്ടെത്തി. ഇനിയാണ് കഥ. അതിങ്ങനെ, നാൽപ്പത്തിരണ്ടു വർഷം മുമ്പ് നടന്ന ഈ കഥ കേട്ട് സ്ത്രീപക്ഷ എഴുത്തുകാരിയായ അമ്മിണി ടീച്ചർ ഒരു നെടുവീർപ്പോടെ പറഞ്ഞു. “മണ്ടിപ്പെണ്ണ്, നോറെത്തിസ്റ്ററോൺ ഗുളിക ഒന്നു വീതം മൂന്നു നേരം കഴിച്ചാൽ മതി. ആർത്തവം പടിക്കു പുറത്തു നിൽക്കും. നിനക്കത് അറിയാതെ പോയല്ലോ കുട്ടീ.” എത്ര സരസമായാണ് നമ്മുടെ സ്ത്രീ വിമോചന പ്രവർത്തനങ്ങളുടെ വിപരീത ദിശയിലുള്ള വളർച്ചയെ മുകുന്ദൻ പ്രശ്നവൽക്കരിക്കുന്നത്! ആർത്തവമുള്ളവൾക്ക് ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിലെ വിലക്കിനെയല്ല, ആർത്തവത്തെയാണ് അമ്മിണി ടീച്ചർ മാറ്റി വക്കാനാഗ്രഹിക്കുന്നത്. നിലവിലുള്ള എല്ലാ ആചാരങ്ങളോടും വ്യവസ്ഥകളോടും സമരസപ്പെട്ടുകൊണ്ടുളള പുരോഗമന ചിന്ത / നവോത്ഥാനം ഒക്കെയേ നാം ലക്ഷ്യം വക്കുന്നുള്ളൂ എന്ന പരിഹാസം ഈ കഥയെ മികച്ച സാമൂഹ്യ വിമർശന കഥയാക്കുന്നു. അതു കൊണ്ടു തന്നെ കഥയിലെ നിസ്സാരമായെങ്കിലുമുള്ള യുക്തിരാഹിത്യത്തെ നമുക്ക് അവഗണിക്കുകയും ചെയ്യാം.

മാധ്യമം ആഴ്ചപ്പതിപ്പിൽ ആർ. തുഷാര എഴുതിയ വാക്കത്തോൺ ലളിതമായ കഥയാണ്. റോസന്ന, പല്ലവി എന്നിങ്ങനെ രണ്ടു പെണ്ണുങ്ങൾ ജയിൽ ചാടുന്നതാണ് പ്രമേയം. ജയിൽ ചാടുക എന്നതിനെക്കുറിച്ചൊക്കെ നമ്മുടെയുളളിലുള്ള ക്ലാസിക് സങ്കല്പങ്ങളെയൊന്നും കഥ പരിഗണിക്കുന്നേയില്ല. പോലീസുണ്ട്, എന്നാലും എനിക്കെൻ്റെ കുഞ്ഞിനെ കാണണം, ഞാൻ പോകും നീ വരുന്നോ എന്നാണ് റോസന്ന പല്ലവിയോട് ചോദിക്കുന്നത്. ജയിലിലെ സഹതടവുകാരുടെ നിശ്ശബ്ദ സഹായത്തോടെ പുറത്തിറങ്ങിയ രണ്ടു പേരും അടുത്തു കണ്ട ലേഡീസ് ഹോസ്റ്റലിൻ്റെ മുറ്റത്ത് ആറാനിട്ട വസ്ത്രങ്ങൾ ധരിച്ച് രാത്രിയിലൂടെ വേഗം നടന്നു.  ഏതു വസ്ത്രത്തിലും പാകമാകുന്നതാണ് സ്ത്രീയുടെ ജീവിതം എന്ന് കഥാകൃത്ത് വിശ്വസിക്കുന്നു. പല്ലവി ജയിലിലായത് അവൾ ജോലി ചെയ്ത കഫേയുടെ ഉടമയായ സ്ത്രീയുടെ ഭർത്താവിൻ്റെ മോതിരവും പുസ്തകവും മോഷ്ടിച്ചതിനാണ്. ഒരുച്ചക്ക് അയാൾ അതവൾക്ക് കൊടുത്തതാണെന്ന് പറയാൻ അവൾക്കു സാധ്യവുമല്ല. റോസന്നയാകട്ടെ മുക്കുപണ്ടം പണയം വച്ചതിനാണ് ശിക്ഷിക്കപ്പെട്ടത്. അപ്പോ അങ്ങനെ ചെയ്യാനുള്ള അവസ്ഥയായിരുന്നു അവൾക്ക്. പ്രമേയത്തേക്കാളേറെ കഥന രീതിയിൽ പുലർത്തുന്ന കൈയടക്കവും സ്വാഭാവികതയുമാണ് വാക്കത്തോണിനെ വേറിട്ടതാക്കുന്നത്. കഥാ ശരീരത്തോട് ചേർന്നു നിൽക്കുന്ന സ്വാഭാവികോക്തികളാണ് കഥയുടെ സൗന്ദര്യം എന്ന് തുഷാരക്ക് ബോധ്യമുണ്ട്. അതു കൊണ്ടാണ് നഗരമപ്പോൾ രാവിലെയിലേക്ക് കാൽ നീട്ടിയിരുന്ന് ശാന്തതയോടെ ഒരു കട്ടൻ കാപ്പി കുടിക്കുകയായിരുന്നു എന്ന് അവസാനിക്കുമ്പോൾ നമുക്ക് ഒട്ടും അന്യമായിരുന്നില്ലല്ലോ  കഥ എന്നു തോന്നുന്നത്. കഥയുടെ കഥാ മൂല്യം  മാത്രം  പരിഗണിച്ച് പ്രസിദ്ധീകരിക്കാൻ മിക്കപ്പോഴും ശ്രദ്ധിക്കുന്ന മാധ്യമം പത്രാധിപ സമിതി ഇക്കാര്യത്തിൽ തീർച്ചയായും അഭിനന്ദനമർഹിക്കുന്നു.

അതേ സമയം കഥയോട് ചേരാതെ നിൽക്കുന്ന നിർമിത സാഹിത്യം ധാരാളമുള്ള കഥയാണ് എഴുത്ത് മാസികയിൽ മജീദ് സെയ്ദ് എഴുതിയ ഒന്നരക്കൊമ്പ് എന്ന കഥ. മജീദിൻ്റെ എല്ലാ കഥകളിലുമുള്ള ചോരയും മുഖ്യധാരാ സമൂഹത്തിൽ നിന്ന് വേറിട്ട് ജീവിക്കുന്ന മനുഷ്യരും ഈ കഥയിലുമുണ്ട്. ഭൂരിപക്ഷം മനുഷ്യരും കിടന്നുറങ്ങുമ്പോൾ ഉണരുകയും പ്രവർത്തനനിരതമാകുകയും ചെയ്യുന്ന ജീവിതങ്ങളാണ് എന്നും ഈ കഥാകൃത്തിനു പ്രിയം. കൊത്തനഹള്ളിയിലെ ഒരു കൃഷിയിടത്തിൽ ചത്തുവീണ ഒരാനയെ നേരം വെളുക്കുന്നതിനു മുമ്പ് വെട്ടിക്കീറി കുഴിച്ചുമൂടാൻ സോമണ്ണൻ എന്ന പഴയ ആന വേട്ടക്കാരനും ജയിലിൽ നിന്ന് അയാളുടെ കൂടെ കൂടിയ, അയാളുടെ മകൾ ശിവാനിയെ  കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്ന “ഞാനും ” കൂടി പോകുന്നതാണ് കഥ. ആനയുടെ ഒന്നരക്കൊമ്പ് പ്രതിഫലമായി കിട്ടണമെന്നാണ് ശിവാനിയുടെ ഡിമാൻ്റ്. കൊമ്പ് കൊടുക്കാതിരിക്കാൻ ജമീന്ദാറും കൂട്ടരും സോമണ്ണയെ അപായപ്പെടുത്തുമെന്ന് ഉറപ്പുള്ള അവൾ അപ്പനെ രക്ഷിച്ചു കൊണ്ടു വന്നാൽ കൂടെ കിടത്തുന്ന കാര്യം പരിഗണിക്കാമെന്ന് അവന് വാഗ്ദാനം ചെയ്യുന്നുണ്ട്. അതങ്ങനെ തന്നെയൊക്കെ സംഭവിച്ചു. ഒരു വാണിജ്യ സിനിമയുടെ ചേരുവകൾ പാകത്തിനു ചേർത്ത കഥ. പക്ഷേ മാവിൻ മരങ്ങളുടേയും തേക്കുടലുകളുടേയും ഇടയിലൂടെ നൂൽപ്പുരയുടെ കുമ്മായ ഭിത്തിയിൽ നിലാവെളിച്ചം മേനിയുരയുന്നത് ഞാൻ കണ്ടു, മഞ്ഞുകാലപ്പത പോലെയെന്തോ നുരയുന്ന അവളുടെ കണ്ണുകളിൽ ഒരു നിമിഷം ഞാൻ കെട്ടി നിന്നു, എന്നൊക്കെയുള്ള സാഹിത്യ പ്രയോഗമുണ്ടല്ലോ, അക്ഷരാർഥത്തിൽ അരോചകമാണെന്ന് പറയാതെ വയ്യ.

മാതൃഭൂമിയിൽ ജി.ആർ ഇന്ദുഗോപൻ എഴുതിയ ചെന്നായ അദ്ദേഹത്തിൻ്റെ പതിവു കഥകളിൽ നിന്നും ഒട്ടും വ്യത്യസ്തതയോ പുതുമയോ പുലർത്തുന്നില്ല. വന്യതയും ആക്രമണോത്സുകതയുമാണ് മിക്കപ്പോഴും ഇന്ദുഗോപൻ കഥകളുടെ അടിസ്ഥാന ഭാവം. ചെന്നായയിൽ അതിന് കോവിഡ് ലോക് ഡൗണിൻ്റെ പശ്ചാത്തലം ഒരുക്കിയിട്ടുണ്ട് എന്നു മാത്രം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വന്നപ്പോ സഞ്ജയിനു തോന്നിയ കുസൃതിയാണ് പ്രതിശ്രുത വധുവായ അനുവിനെ കാണാൻ കൊല്ലത്തേക്ക് പോകാമെന്ന്. അവിടെച്ചെന്നപ്പോൾ അവൻ്റെ സന്ദർശനത്തിൽ അവൾക്ക് വലിയ സന്തോഷമില്ല. അവൻ റഫാണ്, വൈൽഡ് ആണ് എന്നാണവളുടെ പരാതി. അവൾ ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട യാത്രക്കാരനും ഹണ്ടറുമായ ജോ യോടൊപ്പം അന്നു രാത്രി ഒളിച്ചോടാൻ ഒരുങ്ങിയിരിക്കുകയായിരുന്നു എന്ന് ക്രമേണ വെളിപ്പെടുന്നു. തട്ടിൻപുറത്ത് ഒളിച്ചിരിക്കുകയായിരുന്ന ജോയെ സഞ്ജയ് കണ്ടെത്തുകയും അവർ തമ്മിൽ ഏറ്റുമുട്ടുകയും ചെയ്തപ്പോഴൊന്നും ജോ അവനെ പ്രത്യാക്രമിക്കുന്നില്ല. പക്ഷേ വേട്ടക്കാരനായ അവൻ ആ വേട്ടയിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ കൊല്ലാതെ വിടില്ല എന്ന് ജോ അനുവിനെയും സഞ്ജയിനേയും ബോധ്യപ്പെടുത്തുന്നുണ്ട്. തന്നോടൊപ്പം വന്നാൽ കാട്ടിൽ വേട്ടക്ക് കൂടെ വരേണ്ടവളാണ് നീ എന്ന് അവൻ അനുവിനോട് പറയുമ്പോഴാണ് അവൻ്റെ ക്രൗര്യം അവൾക്കു ബോധ്യമാവുന്നത്. ഒരു ത്രില്ലറായി വായിച്ചു പോകാവുന്ന കഥയാണ് ചെന്നായ. ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളുടെ അപകടം എന്നൊക്കെ വേണമെങ്കിൽ അതി വായന നടത്താം. പക്ഷേ അതൊന്നും കഥയുടെ ഭാഗമല്ല. അടിസ്ഥാനപരമായി വേട്ടയാടലാണ് മനുഷ്യപ്രകൃതി എന്ന ഇന്ദുഗോപൻ തിയറി തന്നെയാണ് ഈ കഥയുടേയും പ്രധാന നിലപാട്. പക്ഷേ ലോക് ഡൗണിനേക്കാൾ നല്ല സാഹചര്യങ്ങൾ നിർമിക്കാമായിരുന്നു. കാരണം രാജ്യത്ത് ലോക് ഡൗൺ പ്രഖ്യാപിക്കുന്നത് രാത്രി 8 മണിക്കാണ്. പിറ്റേന്നു രാവിലെ മുതൽ അതു നടപ്പാക്കുകയും ചെയ്തു. കഥയിൽ ഇതു പക്ഷേ ഒരു സന്ധ്യക്ക് നടപ്പാക്കുന്നതു പോലെയാണ് തോന്നുക. അല്ലെങ്കിലും ഇത്തരം കഥകളിൽ എന്തു കാലം, എന്തു ദേശം..! വെറും എൻ്റർടെയിനർ!

ദേശാഭിമാനിയിൽ അജയകുമാർ എം എഴുതിയ മിച്ചമൂല്യം കുത്തി നിറച്ച കമ്യൂണിസ്റ്റ് പ്രസ്താവങ്ങൾ കൊണ്ട് വികൃതമാണ്. ഒരു നാട്ടിലെ പൊതു കാര്യപ്രസക്തനായ ദിവാകരൻ, വെളുപ്പാൻ കാലത്ത് അറിയാതെ കിണറ്റിൽ വീണു പോയ എടവണ്ണക്കാരൻ റബർ ടാപ്പിംഗ് തൊഴിലാളി, (റബർ എന്നു പറഞ്ഞാൽ പിന്നെ വിലത്തകർച്ചയേക്കുറിച്ച് പറയാതെ പൊയ്ക്കൂടാ എന്നാണ് കഥാകൃത്തിൻ്റെ ധാരണ), എന്തിനും എപ്പോഴും ചാടിയിറങ്ങുന്ന യുവജന വിഭാഗം ( അവർക്ക് കിണറുപണിയാണ്) എന്നിങ്ങനെ ഫേസ്ബുക്കിൽ നടത്താറുള്ള പൈങ്കിളിപ്പോസ്റ്റുകളുടെ ഒരു അച്ചടിപ്പതിപ്പു മാത്രമാണ് ഈ കഥ. കഥയാവാൻ മിച്ചമൂല്യം ഇനിയുമൊരുപാട് ദൂരം പോകണം. മിച്ചമൂല്യം എന്ന പദത്തെ വെറുതെ വിടാമായിരുന്നു എന്നും തോന്നാതിരുന്നില്ല. മോൻസി കെ മാണി യുടെ കൈയിൽ കുടുങ്ങിയ കള്ളൻ കള്ളനെ പേടിച്ച് ജീവിക്കുന്ന ഒരാളും കള്ളൻ്റെ മോഡ് ഓഫ് ഓപ്പറാണ്ടി വിശദമായി പറയുന്ന ജോണേട്ടനും ഒടുവിൽ ജോണേട്ടൻ തന്നെ കള്ളനായി വരികയും ചെയ്യുന്ന കഥയാണ്. ധാരാളിയായി ജീവിക്കുന്നത് തെറ്റാണെന്നും അവസാന കാലത്ത് ഒന്നും ശേഷിക്കില്ലെന്നും മിതവ്യയമാണ് നല്ല ശീലമെന്നും കഥ വായനക്കാരനെ ഗുണദോഷിക്കുന്നുണ്ട്. അതിൻ്റെ കുറവുകൊണ്ട് വായനക്കാരൻ നന്നാവാതിരിക്കണ്ട. പക്ഷേ അതിന് ഒരു കഥയുടെ സ്ഥലം വെറുതെ കളഞ്ഞല്ലോ ദേശാഭിമാനി എന്ന സങ്കടമേയുള്ളൂ.

മലയാളം വാരികയിൽ ഷിനിലാലിൻ്റെ ഒരിക്കൽ ഒരു ബസ് എന്ന കഥ അബ്സേർഡ് ആഖ്യാന രീതിയിൽ എഴുതിയിട്ടുള്ള ഒന്നാണ്. ഒരു ദിവസം രാവിലെ ബസ് സ്റ്റോപ്പിലേക്ക് ഓടുമ്പോൾ കാരണമറിഞ്ഞുകൂടാത്ത ഒരസ്വസ്ഥത അവനെ അലട്ടുകയും ബസിൽ അവളെ കണ്ടതോടെ അതില്ലാതാവുകയും ചെയ്തു, അവൻ ബസിൽ കേറാൻ മറന്നു പോയി എന്ന് കഥയുടെ ഒന്നാം ഭാഗം . രണ്ടാം ഭാഗത്ത് അതേ പോലെ അസ്വസ്ഥയായ അവൾ ബസിലിരുന്ന് അവനെ കാണുകയും അസ്വസ്ഥത മാറുകയും ചെയ്തു. കഥ കഴിഞ്ഞു. അതെ, ശരിക്കും കഥ കഴിഞ്ഞു. വായനക്കാരനോട് സംവദിക്കുന്നതിൽ പരാജയപ്പെടുന്നതാണ് ഒരു കഥയുടെ ഏറ്റവും വലിയ ദുരന്തം.. ഈ കഥക്ക് അങ്ങനെയൊരു ദുരന്തം സംഭവിച്ചതിൽ ഖേദിക്കുന്നു. മറ്റൊരു കഥ ദേവി ജെ.എസ് എഴുതിയ ഗിരിധറിൻ്റെ മകൾ അസ്സലൊരു പൈങ്കിളിക്കഥയാണ്. കോളേജ്, റിസർച്ച് തുടങ്ങിയവയൊക്കെ പശ്ചാത്തലമാക്കി സമൂഹത്തിലെ മേൽത്തട്ടിൽ നടക്കുന്ന അസ്വാഭാവികതകളെ ചിത്രീകരിക്കുന്ന ടെലിവിഷൻ സീരിയലുകളുടെ പകർപ്പാണ് ഈ കഥ.. വായിക്കേണ്ടായിരുന്നു എന്നു തോന്നിപ്പിച്ചു ഗിരിധറിൻ്റെ മകൾ.

ചന്ദ്രിക ആഴ്ചപ്പതിപ്പിൽ രാഹുൽ പഴയന്നൂർ എഴുതിയ ആ എന്ന കഥയുണ്ട്. കാവിലെ ഉത്സവത്തിന് കൊണ്ടുവന്ന ആന പ്രമുഖൻ ക്ഷുഭിതനായി ഊട്ടുപുര തകർക്കുകയും തെങ്ങിൻ തോപ്പും വാഴത്തോപ്പും തരിപ്പണമാക്കുകയും ചെയ്തതും അവനെ മെരുക്കാൻ വിദഗ്ദനായ രാവുണ്ണിയാശാനെ തേടി വയനാട്ടിലേക്ക് പോകുന്നതും അവിടെ വച്ച് വൈലോപ്പിളളിയുടെ സഹ്യൻ്റെ മകനിലെ വരികൾ ചൊല്ലി സ്വാതന്ത്ര്യം എന്നാണ് മെരുക്കലിൻ്റെ മറു പേര് എന്നവരെ ബോധ്യപ്പെടുത്തുന്നതുമാണ് കഥ. (തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ് ‘ കഥയിലെ ആന എന്ന് ആർക്കും തോന്നാതിരുന്നാൽ മതിയായിരുന്നു.) നല്ല കഥയും നല്ല ഭാഷയുമാണ് രാഹുലിൻ്റെത്. എന്നാൽ ആഖ്യാനത്തിലെ മിതത്വമില്ലായ്മ കഥയുടെ വലിയ പോരായ്മയാണ്. ട്രഷർ ഹണ്ടു പോലെ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് സൂചനകളനുസരിച്ച് സഞ്ചരിച്ചുകൊണ്ടിരിക്കേണ്ട ഒന്നല്ല കഥ. മറ്റൊന്ന് ഒരാവശ്യവുമില്ലാതെയും പ്രയോഗിക്കുന്ന തെറിവാക്കുകളാണ്. തെറി പറയുന്നത് കുറ്റമല്ല, പക്ഷേ അത് സന്ദർഭം ആവശ്യപ്പെടുന്നതായിരിക്കേണ്ടതുണ്ട്. രാഹുൽ. ഇനിയും മികച്ച കഥകളെഴുതും എന്നു പ്രത്യാശിക്കാം..

കഥകൾ ധാരാളമുണ്ട്. പക്ഷേ അവയിൽ കഥകളെത്രയുണ്ട് എന്നതാണ് പ്രധാന പ്രശ്നം. അവനവനെത്തന്നെ അനുകരിക്കാതിരിക്കാനും എഴുത്തുകാർക്ക് ബാധ്യതയുണ്ട്. അല്ലാത്തപക്ഷം ഒരേ പ്രോട്ടോ ടൈപ്പ് കഥകൾ കൊണ്ട് നമുക്ക് കഥാ വിരക്തി സംഭവിച്ചേക്കും.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2022. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account