കഥകൾക്ക് അനവധി രൂപങ്ങൾ നിർവചിക്കപ്പെട്ടിട്ടുണ്ട്. പാശ്ചാത്യ പൗരസ്ത്യ സൗന്ദര്യ ശാസ്ത്ര സങ്കല്പനങ്ങളുടെ വിവിധ ധാരകൾ വലിപ്പത്തിൻ്റേയും വാക്കുകളുടെ എണ്ണത്തിൻ്റേയും കൈകാര്യം ചെയ്യുന്ന വിഷയത്തിൻ്റെയും ഉപവിഷയങ്ങളുടേയും അടിസ്ഥാനത്തിലും മറ്റുമായി ഒറ്റവരിക്കഥ മുതൽ ഇതിഹാസം വരെയുള്ളവയെ ചിട്ടപ്പെടുത്താനും വർഗീകരിക്കാനുമുള്ള ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഉത്തരാധുനികമായ സംവേദനശീലങ്ങളും ആഖ്യാനരീതികളും പക്ഷേ ഇത്തരം നിർവചനങ്ങളുടെ ചട്ടക്കൂട്ടിൽ നിൽക്കാൻ ഒരുക്കമല്ല. തീർച്ചയായും വലുപ്പത്തിൻ്റേയോ മറ്റെന്തിൻ്റേയുമോ അടിസ്ഥാനത്തിൽ  ആവിഷ്കാരത്തെ നിജപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾക്ക് അശേഷം പ്രസക്തിയില്ല താനും. അതേ സമയം കഥ അതിൻ്റെ ലക്ഷ്യപ്രാപ്തിക്കാവശ്യമായ ഏറ്റവും ചുരുങ്ങിയ വലുപ്പമുള്ളതും കൃത്യമായി പരസ്പരം ചേർക്കപ്പെട്ട വിഷയങ്ങളുള്ളതും ആവുന്നതാണ് ആസ്വാദനത്തിനും സംവേദനത്തിനും ഉചിതം. മിനിക്കഥയെന്നോ ചെറുകഥയെന്നോ വിളിക്കുന്ന ശീലങ്ങൾ ഉപേക്ഷിച്ചതും കഥയെ കഥയെന്നേ വിളിക്കേണ്ടതുള്ളൂ എന്ന നിലപാടിലേക്ക് വായനക്കാരും എഴുത്തുകാരും മാറിയതു തന്നെയും ഈ ധാരണയുടെ അടിസ്ഥാനത്തിലാണ്. കഥയെന്നത് ഒരു വാചകമോ ഒരു വാക്കു പോലുമോ അധികം പറയപ്പെടാത്ത ഒന്നാവേണ്ടതുണ്ട്. ബൃഹദാഖ്യാനങ്ങളിൽ ഉപയോഗിക്കും വിധമുള്ള ഡീറ്റെയിലിംഗ് മിക്കപ്പോഴും കഥയുടെ തീവ്രത നഷ്ടപ്പെടുത്താൻ കാരണമാവുകയല്ലാതെ വായനക്കാരന് നേട്ടമൊന്നും ഉണ്ടാക്കുന്നില്ല. കഥ അത്രമേൽ വിശദമാക്കേണ്ട ഒന്നല്ല. എഴുത്തുകാരൻ നൽകുന്ന ഏറ്റവും കൃശവും സൂക്ഷ്മവുമായ ഒരു സൂചനയിൽ നിന്നു പോലും വായനക്കാരനെ കഥയിലൂടെ സഞ്ചരിക്കാൻ പ്രാപ്തനാക്കുന്ന ഭാഷാചാതുരി കൂടിയാണ് കഥ. തീർച്ചയായും ഒരു സന്ദർഭത്തേയോ സാഹചര്യത്തേയോ സാധ്യതയേയോ കഥകളിപ്പദം പോലെ വ്യത്യസ്തതാളങ്ങളിൽ ആവർത്തിക്കേണ്ടതില്ല. വായനക്കാരൻ്റെ ഭാവനാശേഷിയേയും ജ്ഞാനത്തേയും പാടെ നിരാകരിക്കുകയും കഥാകൃത്ത് കഥയുടെ ഒരേയൊരു ഉടമയാകുകയും ചെയ്യുന്നത് തീർച്ചയായും കഥക്ക് നല്ലതല്ല. വായിച്ചില്ലെങ്കിലും ഒന്നും സംഭവിക്കാത്ത വാചകങ്ങൾ കഥയിലുണ്ടാവുന്നത് കഥയുടെ/കഥാകൃത്തിൻ്റെ പരാജയമാണെന്നു തന്നെ കരുതണം. വായനക്കാരനു പൂരിപ്പിക്കാനാവും വിധം ഇടങ്ങൾ ബാക്കി വച്ചു കൂടി പറയുമ്പോഴാണ് കഥ ഫലപ്രദമാകുന്നത്. അമിതാഖ്യാനവും അതി ഭാഷയും (meta language) കഥയെ നശിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഘടകങ്ങളാണ്.

ഇങ്ങനെ അമിതാഖ്യാനത്തിൻ്റെ ഭാരം പേറുന്ന കഥയാണ് പച്ചക്കുതിരയിൽ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എഴുതിയ കാറ്റുണ്ടോ കടലുണ്ടോ എന്ന കഥ. ലോകം മുഴുവൻ തൻ്റേതാക്കാൻ ആഗ്രഹിച്ച ഒരച്ഛനും അയാളുടെ അനന്തരാവകാശിയായി വരുന്ന മകനും അന്തമില്ലാത്തത്രയും സമ്പത്തു കൊണ്ട് ആകാശവും ഭൂമിയും കടലും വിലക്കു വാങ്ങാൻ ശ്രമിക്കുന്നതാണ് കഥ. ആഗോള മുതലാളിത്തവും പ്രകൃതി വിഭവങ്ങൾ മുഴുവൻ സ്വന്തമാക്കി വിൽപനക്കു വക്കുക എന്ന അതിൻ്റെ പ്രവർത്തന പദ്ധതിയും വിമർശിക്കപ്പെടുന്നുണ്ട് കഥയിൽ. പക്ഷേ വായനക്കാരന് ഇതൊരു ഗുരുതരമായ കാര്യമാണല്ലോ എന്ന തോന്നലുണ്ടാക്കുന്നതിൽ കഥ അമ്പേ പരാജയപ്പെട്ടു. വായനക്കാരനെ under estimate ചെയ്യുക എന്ന വലിയ വീഴ്ച കഥാകൃത്തിനു സംഭവിച്ചു എന്നു കാണാം.  പുഴ വിലക്കു വാങ്ങുക, അറബിക്കടൽ വിലക്കു വാങ്ങുക, സൂര്യനെ വാങ്ങാൻ കിട്ടുമോ എന്നു ചോദിക്കുക തുടങ്ങിയ കഥാസന്ദർഭങ്ങൾ കഥയുടെ ഗൗരവം നഷ്ടപ്പെടുത്തുന്നുണ്ട്. ഒരു കഥക്ക് ഉൾക്കൊള്ളാനാവാത്ത വിധം കുത്തി നിറച്ച വിഷയങ്ങളും കഥയെ ദുർബലമാക്കുന്നു. ഒടുവിൽ കഥ അവസാനിക്കുന്ന വാക്കുണ്ടല്ലോ അതു തന്നെയാണ് വായിച്ചു തീരുമ്പോൾ വായനക്കാരനും പറയുക.. ക്ഷമിക്കണം ശിഹാബുദ്ദീൻ, ഈ കഥ താങ്കളുടേതായിട്ടില്ല.

ഭാഷാപോഷിണിയിൽ ഫ്രാൻസിസ് നൊറോണയുടെ കളങ്കഥ ദൈർഘ്യമുള്ളതാണെങ്കിലും വായനക്കാരനെ കൊണ്ടു നടക്കാൻ പ്രാപ്തമാണ്. എന്നല്ല, വായനക്കാരൻ്റെ ആകാംക്ഷയെ വൃത്തിയായി ചൂഷണം ചെയ്യുന്ന കഥയാണ്. കാരണം കഥയിൽ ഒരു പുരുഷനും സ്ത്രീയും ഒരുമിച്ചു വന്നാൽ ഒടുവിൽ അതെവിടെ എത്തും എന്ന സ്വതസിദ്ധമായ നമ്മുടെ ആകാംക്ഷ പ്രസിദ്ധമാണല്ലോ.. അതിനു വേണ്ടുന്ന ചേരുവകളൊക്കെയും കഥാകൃത്ത് നിർലോഭം ചേർക്കുകയും ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ഡ്രൈവിംഗ് സ്കൂൾ എന്ന എക്കാലത്തേയും പുരുഷൻമാർ ഉപയോഗിക്കുന്ന അശ്ലീല ബിംബത്തിൻ്റെ അതേ അർഥത്തിലുള്ള ഉപയോഗമാണ്. ദ്വയാർഥപ്രയോഗങ്ങളുടെ ചാകരയാണ് കഥ.. ഒടുവിൽ പ്രമദമാഡവുമായുള്ള ചതുരംഗക്കളിയിൽ ആദ്യം തോൽക്കുകയും പിന്നെ ജയിക്കുകയും ചെയ്യുന്ന നായകൻ, കീഴടങ്ങിയ സ്ത്രീയെ മുൻനിർത്തി നമ്മളോട് ഇങ്ങനെ പറയുന്നു. “നിങ്ങൾക്ക് എന്തു തോന്നുന്നു.. ഞാനതു ചെയ്യുമോ? സംശയിക്കേണ്ട, നിങ്ങൾ ഉദ്ദേശിച്ചത് തന്നെയാണ് ഞാൻ ചെയ്തത്.” വായനക്കാരൻ്റെ ഉള്ളിലെ “അമിത” പ്രതീക്ഷയെ പരിഹസിക്കുകയോ വിമർശിക്കുകയോ ആയിരുന്നു കഥയുടെ ലക്ഷ്യം എന്നൊക്കെ വേണമെങ്കിൽ ന്യായീകരിക്കാം.. പക്ഷേ അതൊന്നും അതു വരെ കഥ പറഞ്ഞ സ്ത്രീവിരുദ്ധതക്കും പോൺ സാഹിത്യത്തിനും ന്യായീകരണമാവില്ല.. “ഓപ്പണിങ്ങും മിഡിൽ ഗെയിമും കഴിഞ്ഞതോടെ ഒരു ബലക്കുറവ് കേറിയിറങ്ങിയുള്ള എൻ്റെ കുതിര നീക്കങ്ങളുടെ വീറു കെടുത്തി”, “വെളുത്ത കിടങ്ങിൽ അമർന്ന കാലാളിനെപ്പോലെ ദുർബലനായി ഞാനവരുടെ മുഖത്തു നോക്കി” (പ്രമദയുടെ ശരീരത്തിൻ്റെ വെളുപ്പു നിറം കഥയിൽ മുമ്പേ കീർത്തിക്കപ്പെടുന്നുണ്ട്),  മരിച്ച ചാവേറുകൾക്കൊപ്പം നില തെറ്റി വീണ വെളുത്ത റാണിയെ ഉപേക്ഷിച്ച് കലിംഗ യുദ്ധം ജയിച്ച അശോകനെപ്പോലെ ഞാൻ പുറത്തേക്കിറങ്ങി,  എന്നിങ്ങനെ കഥ മുഴുവൻ നിറഞ്ഞാടുകയാണ് അറപ്പുളവാക്കുന്ന ലൈംഗികച്ചുവയുള്ള പ്രയോഗങ്ങൾ… ഈ കഥ ഭാഷാപോഷിണിയിൽ ഇടം പിടിച്ചു എന്നതാണ് നമ്മുടെ ഗതികേട്.

ഭാഷാപോഷിണിയിൽ തന്നെ ഇന്ദുചൂഡൻ കിഴക്കേടം എഴുതിയ കളിക്കളം ആഖ്യാനസുഖമുള്ള കഥയാണ്. കഥയിൽ പുതുമ അശേഷം ഉണ്ടാകരുത് എന്ന് ഇന്ദുചൂഡന് നിർബന്ധമാണ്. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലെ ഇഷ്ടികക്കളത്തിൽ പണിക്കു വന്ന കണ്ട മുത്തു, ശെൽവൻ എന്നിവർ, അവരുടെ ദാരിദ്ര്യം, ലൈൻ മുറിയിൽ താമസിക്കുന്ന മറ്റു ഭായ് മാർ എന്നിങ്ങനെ ആവർത്തന വിരസമാണ് കഥ. ശെൽവൻ മാനേജരുടെ അടി കൊണ്ട് ചത്തുവീഴുകയും അവനെ ഇഷ്ടികച്ചൂളയിൽ വച്ചു കത്തിക്കുകയും ചെയ്യുന്നതോടെ കഥ തീർന്നു. ശേഖരനെ പേടിച്ച് രക്ഷപ്പെട്ട കണ്ടമുത്തുവിനെ പിന്തുടരുന്ന ഭയത്തിലും പുതുമയൊന്നുമില്ല..

മാധ്യമത്തിൽ ഗഫൂർ അറയ്ക്കൽ എഴുതിയ കോഴിക്കോടൻ ഹലുവ നാഥൻ എന്ന നിഷ്കളങ്കനായ പാരലൽ കോളജ് അധ്യാപകനായ കഥാകൃത്തിൻ്റെയും കുഞ്ഞനന്തൻ എന്ന ബുദ്ധിമാനായ സിനിമാ പ്രൊഡക്ഷൻ കൺട്രോളറുടേയും കഥയാണ്. നാഥൻ പറയുന്ന കഥ സിനിമയാക്കാം എന്ന് വിശ്വസിപ്പിച്ച് കഥ അടിച്ചു മാറ്റി സ്വന്തമായി സിനിമയാക്കുന്ന കുഞ്ഞനന്തൻ അത്ര പുതിയ കഥാപാത്രമൊന്നുമല്ല. എന്നാലും സിനിമയിലെ ജാതി, മതം, അന്ധവിശ്വാസങ്ങൾ തുടങ്ങി കൊറോണ കാരണം ഗതിമുട്ടിപ്പോയ നിരവധി അസംഘടിത തൊഴിലാളികളുടെ അവസ്ഥ വരെ ഒട്ടും മടുപ്പു തോന്നിക്കാതെ അവതരിപ്പിക്കുന്നതിൽ ഗഫൂർ പുലർത്തുന്ന കൈയടക്കം മികച്ചതാണ്. കഥ കേവലം ആവർത്തനമാകുമ്പോൾ തന്നെ ആഖ്യാനത്തിലെ അച്ചടക്കം കഥയെ ബോറാകുന്നതിൽ നിന്ന് രക്ഷിക്കും…

ദേശാഭിമാനിയിൽ അശോകൻ ചരുവിൽ എഴുതിയ തെക്കേത്തൊറവിലേക്ക് എന്ന കഥ നക്സലിസത്തിൽ ആകൃഷ്ടനായി സ്വന്തം ജോലിയും സുഖജീവിതവും ഉപേക്ഷിച്ച് ഭ്രാന്തനായിത്തീർന്ന ഏട്ടൻ്റെയും മഹാനായ എഴുത്തുകാരനും പ്രശസ്തനുമായ അയാളുടെ അനുജൻ്റേയും കഥയാണ്. നക്സൽ ബാരി എന്ന വിപ്ലവ പ്രസ്ഥാനം എത്രമേൽ അപ്രായോഗികമാണെന്ന അശോകൻ്റെ രാഷ്ട്രീയം കഥയിൽ വ്യക്തമാണ്. അതൊരു തരം ഭ്രാന്താണെന്നും അത് നിങ്ങളുടെ ജീവിതത്തെത്തന്നെ നശിപ്പിച്ചു കളയും എന്ന മുന്നറിയിപ്പും നല്ലതു തന്നെ. ഒരു ചികിത്സക്കും അതിനെ മാറ്റാനാവില്ല എന്ന നിലപാടിൻ്റെ ശരിതെറ്റുകൾ നിർണയിക്കുക നമ്മുടെ ദൗത്യമല്ല. രാഷ്ട്രീയകഥകളുടെ ദൗർലഭ്യം വല്ലാതെയുള്ള മലയാളത്തിൽ ഈ കഥക്ക് തീർച്ചയായും പ്രസക്തിയുണ്ട്.

മിഥുൻ കൃഷ്ണ എഴുതിയ കരതലാമലകം എന്ന കഥ വായിച്ചാൽ അക്ഷരാർത്ഥത്തിൽ തലയിൽ കൈവച്ചു പോകും. ലിബിയയിൽ തട്ടിപ്പു നടത്തുകയായിരുന്ന രണ്ടു പേർ അവിടെ നിന്നും രക്ഷപ്പെട്ട് വിമാനം കയറി കേരളത്തിലെത്തി, അവിടുത്തെ കുടുംബക്ഷേത്രത്തിൽ അടുത്ത ഭക്തിത്തട്ടിപ്പു നടത്തി അവിടെ നിന്നും രക്ഷപ്പെട്ട് നാഗ്പൂരിലെത്തി അവിടെയൊരു അമ്പലത്തിൻ്റെ മുന്നിലെ വീടു വാങ്ങുകയും അവിടെ സാജിത എന്ന പേര് മുസ്ലീം പേരാണെന്ന് തെറ്റിദ്ധരിച്ച് അവരെ ഹിന്ദു തീവ്രവാദികൾ ആക്രമിക്കുകയും നമ്മുടെ ആൾക്കാരാണോന്നറിയാൻ മുണ്ടുരിയുകയും ചെയ്യുന്നതാണ് കഥ. ഒരു ലക്ഷ്യബോധവുമില്ലാതെ ഏതൊക്കെയോ വഴികളിലൂടെ അലഞ്ഞ് തിരിഞ്ഞ് എവിടെയോ എത്തിയ കഥ.. ഇതിന് കരതലാമലകം എന്ന് പേരിട്ടതെന്തിനെന്ന് ഒരു പിടിയും കിട്ടിയില്ല..

മലയാളം വാരികയിൽ ജ്യോതിശങ്കറിൻ്റെ കുരുതിക്കളി എന്ന കഥ ദുർബലമായ ഒരു തറയിൽ കെട്ടിപ്പൊക്കിയ ബഹുനില മന്ദിരമാണ്. എത്ര ശ്രമിച്ചിട്ടും എത്ര ചികിത്സിച്ചിട്ടും ഗർഭം ധരിക്കാൻ കഴിയാത്ത ഗിസയും അവളുടെ ഭർത്താവ് ആദിത്യനുമാണ് കഥാപാത്രങ്ങൾ. അന്തമില്ലാതെ ചോര പോവുന്ന അവളുടെ ആർത്തവ സമയത്ത് പടുമരണം സംഭവിച്ച കുട്ടികളെ സംബന്ധിച്ച പത്രവാർത്തകൾ ശേഖരിക്കുന്ന വിചിത്രമായ ശീലം കൂടി അവൾക്കുണ്ട്. അതിനിടയിൽ ഒരു ദിവസം ആദിത്യൻ ഒരു കൊലപാതകത്തിനു സാക്ഷിയായി. ബാറിൽ നിന്ന് അയാൾക്കു മുമ്പേ ഇറങ്ങിപ്പോയ ഒരാൾ മറന്നു വച്ച മൊബൈൽ ഫോൺ ആദിത്യൻ്റെ കൈയിൽ കിട്ടി. അയാളാണ് കൊലപാതകി എന്ന ആദിത്യൻ്റെ സംശയത്തെ ഗിസ എതിർക്കുന്നു. ഒടുവിൽ അയാൾ ആദിത്യൻ്റെയടുത്ത് വരികയും ആ ഫോണിലുണ്ടായിരുന്ന അയാളുടെ മകളുടെ പാട്ട് കേട്ട് കരയുകയും ചെയ്യുമ്പോൾ കഥ തീരുന്നു. വിഷാദവും മൃതിയും ഇടകലർന്ന വലിയ സാധ്യതകളുള്ള ഒരു കഥയായിരുന്നു  കുരുതിക്കളി. പ്രമേയത്തിൽ പുതുമയൊന്നുമില്ലെങ്കിലും വായനക്കാരനെ വൈകാരികമായി ബാധിക്കാൻ തക്ക ആഖ്യാനമായിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്നു തോന്നി. നീട്ടിപ്പരത്തിപ്പറഞ്ഞ ഗിസയുടെ ആർത്തവം കഥയുടെ ഭംഗി തീർത്തുമില്ലാതാക്കി… അമിതാഖ്യാനത്തിനുള്ള പ്രവണത കഥാകൃത്തിൻ്റെ ഏറ്റവും വലിയ ശത്രുവാണ്.

കലാകൗമുദിയിൽ എസ് ഭാസുര ചന്ദ്രൻ എഴുതിയ ആൻറൺ ചെക്കോവ് പ്രവേശിക്കുന്നു എന്ന കഥയുണ്ട്. ഭദ്ര എന്ന സ്ത്രീയും സേതു എന്ന പുരുഷനും അവരുടെ മക്കളും സുഖമായി ജീവിക്കുന്നതിനിടയിലേക്ക് ഓർക്കാപ്പുറത്ത് ചന്തയിൽ വച്ച് ഒരു കോടീശ്വരൻ കടന്നു വരുന്നു. അയാൾക്ക് ഭദ്രയെ വേണം. മക്കളെയും കൂട്ടി ഒഴിഞ്ഞു പോകുന്നതിന് അയാൾ സേതുവിന് നൂറു കോടി രൂപ കോമ്പൻസേഷൻ കൊടുക്കും. വീട്ടിലെത്തി സേതുവിനോട് ഇക്കാര്യം ഭദ്ര തമാശയായി പറഞ്ഞെങ്കിലും ബോർഡിംഗിൽ നിന്ന് വെക്കേഷന് വന്ന മക്കൾ അത് തമാശയാക്കിയില്ല. പതിനാലുകാരി മകൾ സ്ട്രേഞ്ച് ഓഫർ ഇൻഡീഡ് എന്നും പതിനാറുകാരൻ മകൻ ഈ സ്ട്രേഞ്ച്നെസ്സിൻ്റെ ഏറ്റവും സ്ട്രേഞ്ചായ വശം കുറേ ദിവസം കഴിയുമ്പോൾ അത് നാച്വറലായിത്തീരും എന്നതാണ് എന്നും അഭിപ്രായപ്പെട്ടു. അവരയാളോട് ഇരനൂറു കോടി എന്ന് വിലപേശുകയും അയാളത് സമ്മതിക്കുകയും ചെയ്തു. അതോടെ ആ പണവും പിന്നീടയാൾ ഓഫർ ചെയ്തതൊക്കെയും കൈപ്പറ്റി സേതുവും മക്കളും ഭദ്രയെ ഒരു ഷോപ്പിംഗ് മാളിൽ വച്ച് അയാൾക്ക് കൈമാറുകയും ചെയ്തു. ആൻറണി സെൻ്റോഫ്  സമ്മാനമായി നൽകിയ ആഡംബരക്കാറിൽ അച്ഛനും മക്കളും മടങ്ങുമ്പോൾ പ്രസവിച്ചവൾ മാറി നിന്നു എന്ന് കഥാകൃത്ത്. ഇനിയാണ് കഥ. കഥയുടെ തുടക്കത്തിൽ ഭദ്രയുടെ കൈയിലുണ്ടായിരുന്ന തോക്ക് അവൾ പുറത്തെടുത്തു. ആൻറൺ ചെഖോവ് അങ്ങനെ പറഞ്ഞിട്ടുണ്ടല്ലോ.. നാടകം തുടങ്ങുമ്പോൾ ഒരു തോക്ക് കാണിച്ചാൽ തീരും മുമ്പ് അത് പൊട്ടിയിരിക്കണം. ആൻ്റണിക്കു നേരെ ചൂണ്ടിയ തോക്കിനു നേരെ അയാൾ പുഞ്ചിരിച്ചു. എന്നിട്ട് കീശയിൽ നിന്ന് വേറൊരു തോക്കെടുത്ത് അയാൾ അവളെയും അതേ സമയം അവൾ അയാളേയും വെടിവച്ചു. ഓടിക്കൂടിയ ആൾക്കൂട്ടത്തിനിടയിലൂടെ പുറത്തേക്ക് നടക്കുമ്പോൾ പേരു ചോദിച്ച സെക്യൂരിറ്റിയോട് അയാൾ പേരു പറഞ്ഞു. ആൻറൺ ചെഖോവ്.. കഥയിൽ കഥയുണ്ടാവുക തന്നെയാണ് പ്രധാനം. മികച്ച കഥ തന്ന ഭാസുരചന്ദ്രനും കലാകൗമുദിക്കും നന്ദി.

മാതൃഭൂമിയിൽ വൈശാഖൻ എഴുതിയ ജയിലിലെ പൂന്തോട്ടം വൈശാഖൻ എന്ന പേരിൽ വേറാരോ എഴുതിയതാകാനാണ് സാധ്യത. അല്ല അത് ശരിക്കും അദ്ദേഹം എഴുതിയതാണെങ്കിൽ കഷ്ടമെന്നേ പറയേണ്ടൂ. ഈയിടെ സക്കറിയ പറഞ്ഞതു പോലെ സർഗാത്മക സാഹിത്യം അതു തന്നെയായി നില നിൽക്കണം. മറ്റു വല്ലതും പറയാനുണ്ടെങ്കിൽ നിങ്ങൾക്ക് പ്രസംഗിക്കാം പ്രബന്ധമെഴുതാം. ദയവായി കഥയെ വെറുതെ വിടണം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account