കഥയുടെ സാമൂഹ്യ ലാവണ്യ ശാസ്ത്രം

കഥ വായിക്കപ്പെടുന്നത് അതിൻ്റെ പ്രമേയത്തിൻ്റെ സ്വീകാര്യത കൊണ്ടു മാത്രമോ ആഖ്യാനത്തിൻ്റെ സവിശേഷത കൊണ്ടു മാത്രമോ അല്ല. ഇവയെല്ലാമുൾപ്പെടുന്ന കൃത്യമായ ഒരു ചേരുവ സംഭവിക്കുമ്പോഴാണ് കഥ വായനക്കാരനെ ആകർഷിക്കുന്നതും അവൻ്റെ സ്വസ്ഥതയെ തകിടം മറിക്കുന്നതും. കഥയുടെ ചരിത്രം പരിശോധിച്ചാൽ എക്കാലത്തും സ്വീകരിക്കപ്പെട്ടിട്ടുള്ളതും വരും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതുമായ കഥകൾ കൃത്യമായ രാഷ്ട്രീയകഥകളാണ് എന്നു കാണാം. ശബ്ദിക്കുന്ന കലപ്പയും തോട്ടിയുടെ മകനും മറ്റും മറ്റും ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നതിൻ്റെ കാരണം അവ കൈകാര്യം ചെയ്ത രാഷ്ട്രീയം തന്നെയാണ്. പന്തിഭോജനവും കൊമാലയും മുതൽ ബിരിയാണിയും മോദസ്ഥിതനായങ്ങു വസിപ്പൂ മേലെയും തുടങ്ങി ടി അരുൺ കുമാറിൻ്റെ മച്ചേർ കാലിയ വരെ ഇപ്പോൾ നാം ചർച്ച ചെയ്ത കഥകളൊക്കെയും കൃത്യമായി രാഷ്ട്രീയം പറയുന്നുണ്ടെന്ന് കാണാം.തിരുത്ത് എന്ന എൻഎസ് മാധവൻ്റെ കഥ പിന്നെയും പിന്നെയും വായിക്കുന്നതിൻ്റെ കാരണവും മറ്റൊന്നല്ല. എന്നാൽ കേവല രാഷ്ട്രീയം ചർച്ച ചെയ്യുന്നതോ അധികാര കേന്ദ്രങ്ങളായ പാർലമെൻററി രാഷ്ട്രീയ കക്ഷികളുടെ പക്ഷം പിടിക്കലോ അല്ല കഥകളുടെ രാഷ്ട്രീയം. അത് സാമാന്യ മനുഷ്യനെക്കുറിച്ചുള്ള വേവലാതികളാണ്. എല്ലാക്കാലവും മനുഷ്യനെ പിന്തുടരുന്ന സ്വത്വബോധത്തെക്കുറിച്ചുള്ള വിഹ്വലതകളുടെ വിശകലനങ്ങളാണ്. അതാണ് കഥയുടെ ലാവണ്യ ശാസ്ത്രം. ഭാഷയിലോ ആഖ്യാനത്തിലോ മാത്രമായി നിജപ്പെടുത്താൻ കഴിയാത്ത സാമൂഹ്യമായ സൗന്ദര്യാത്മകതയാണ് കഥയുടെ ആണിവേര്. സാമൂഹ്യ ലാവണ്യശാസ്ത്രം (Social aesthetics) എന്നു വിളിക്കാവുന്ന ഇത്തരം ആഖ്യാന, പാരായണ, സംവേദനക്ഷമത തന്നെയാണ് കഥയുടെ അളവുകോൽ എന്ന് സാമാന്യേന നിരീക്ഷിക്കാം.

ഇങ്ങനെ വായനയെ അതിൻ്റെ അടുത്ത സാധ്യതകളിലേക്ക്, അടുത്ത കാലത്തിലേക്ക് കൂട്ടിക്കൊണ്ടു പോവാൻ കഴിയുന്ന കഥകൾ എപ്പോഴും സംഭവിക്കുക സാധ്യമല്ല തന്നെ. അതേ സമയം അത്തരം കഥകൾ ഉടൻ സംഭവിച്ചേക്കും എന്ന പ്രതീക്ഷ നിരന്തരമായി നമ്മിൽ നിലനിർത്താൻ സാധിക്കുന്ന ചില കഥകളെങ്കിലും ഉണ്ടാവുന്നുമുണ്ട്. അത്തരമൊരു കഥയാണ് മലയാളം വാരികയിൽ സി സന്തോഷ് കുമാർ എഴുതിയ വിലങ്ങോലിൽ എന്നു പേരുള്ള വീടുകൾ എന്ന കഥ. കഥ സ്വകാര്യമായിരിക്കേ തന്നെ അതിന് പൊതുവായൊരു ആസ്വാദന / സംവേദന തലം നിർമിച്ചെടുക്കുന്നതിനുള്ള ശ്രമം കഥാകൃത്ത് നടത്തുന്നുണ്ട്. കുട്ടിക്കാലത്തിൻ്റേയും കഴിഞ്ഞ കാലത്തിൻ്റേയും ഓർമകളെ ഇപ്പോഴും താലോലിക്കുകയും അവയെ പുനരാവിഷ്കരിക്കാനും പുനരനുഭവിക്കാനും ആഗ്രഹിക്കുകയും ചെയ്യുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്. കഥാകൃത്തു തന്നെ പറയുന്നത് ചിലർക്ക് ഓർമകൾ എത്ര കാലം കഴിഞ്ഞാലും മാഞ്ഞു പോകാത്തവയാണ്. ചിലർക്കോ അവ തീർത്തും താൽക്കാലികവും. ഓർമകളെ ഭൂതകാലം എന്ന സംജ്ഞ കൊണ്ട് അടയാളപ്പെടുത്താൻ നമ്മളൊന്നു ശ്രമിക്കുമ്പോഴാണ് ഭൂതകാലത്തെ ആരാധിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുന്നവരെ നമുക്കു തിരിച്ചറിയാനാവുക. ഭൂതകാലത്തിൻ്റെ സ്വഭാവം തന്നെ അതാണ്. കെട്ടുകഥയായിരിക്കുമ്പോൾ തന്നെ അതു യാഥാർഥ്യമാണ്. യാഥാർഥ്യമായിരിക്കുമ്പോൾ തന്നെ കെട്ടുകഥയും. അതേ സമയം ഈ കഥ അതിൻ്റെ യഥാർഥ ഉന്നമെന്ത് എന്ന് വായനക്കാരനുമായി സംവദിക്കുന്നതിൽ പരാജയപ്പെടുന്നുണ്ട്. ഒറ്റ ലക്ഷ്യത്തിലേക്ക് ഊർജം സംഭരിച്ച് കുതിക്കുന്നതിനു പകരം പല ദിശകളിലേക്ക് ചിതറിപ്പോകുന്ന ആഖ്യാനം വായനക്കാരനെ മുഷിപ്പിക്കും എന്നത് സന്തോഷ് കുമാർ ഇനിയെഴുതുമ്പോൾ ശ്രദ്ധിക്കും എന്നു കരുതാം..

മാധ്യമത്തിൽ മൂന്നു കഥകളുണ്ട്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവിൻ്റെ പുറത്താരും അറിയേണ്ട, എന്ന പേരുള്ള കഥ അതിൻ്റെ സമകാലീനത കൊണ്ട് ബലക്ഷയം വന്ന കഥയാണ്.  ആഖ്യാനത്തിലെ ശിഹാബുദ്ദീൻ ശൈലി കഥയെ പാരായണക്ഷമമാക്കുമ്പോഴും വായനക്കു ശേഷം എന്താണ് വായിച്ചത് എന്ന വായനക്കാരൻ്റെ ചോദ്യത്തിന് കഥക്ക് ഉത്തരമില്ല. കഥയിൽ ചോദ്യമില്ലെന്നാണെങ്കിൽ പോലും.രാഷ്ട്രീയത്തോടും രാഷ്ട്രീയ പ്രവർത്തകരോടുമുള്ള  പരിഹാസത്തിലൂടെ വളരുന്ന കഥക്ക് പഴയ മലബാർ എക്സ്പ്രസിനോടുള്ള സാദൃശ്യം കണ്ടില്ലെന്നു നടിക്കാനാവില്ല. ശേഷം കഥ അലിഗറിയിലേക്കു പോവുകയാണ്. നാം മനസിൽ വിചാരിക്കുന്ന കാര്യങ്ങൾ പോലും അടുത്ത നിമിഷം പരസ്യ രൂപത്തിൽ മുന്നിലെത്തുന്ന സങ്കീർണവും ഭയങ്കരവുമായ സാങ്കേതിക വിദ്യയുടെ ആധിപത്യം നായകനെ ഭയപ്പെടുത്തുന്നുണ്ട്. ഒടുവിൽ അയാളുടെ കട്ടിലിൽ കിടക്കുന്ന മൊബൈൽ ഫോൺ സ്വയം അയാളുടെ സേവകൻ്റെ സ്ഥാനം ഏറ്റെടുത്ത് അയാളുടെ ഓർമയിലെ പഴയ ഗാനം കൂടി ഓർത്തു പാടുന്നിടത്ത് കഥ തീരുന്നു. സാങ്കേതികമായ മുന്നേറ്റങ്ങളിലൂടെ നഷ്ടപ്പെട്ട ഭൂതകാലത്തെക്കുറിച്ചുള്ള വിലാപങ്ങൾക്ക് ഇനിയും പ്രസക്തിയില്ല. കാരണം പേന കണ്ടു പിടിച്ചപ്പോഴും ടോർച്ച് കണ്ടു പിടിച്ചപ്പോഴുമൊക്കെ പുതുമയെ എതിർത്ത പഴയ തലമുറ അവിടൊക്കെ ഉണ്ടായിരുന്നിരിക്കണം. കഥ തുടങ്ങുമ്പോൾ മുന്നോട്ടു വച്ച വിഷയം എവിടെയോ ഇറങ്ങിപ്പോവുകയും കഥ വേറെവിടെയോ പോവുകയും ചെയ്തു എന്നത് കഥയുടെ മറ്റൊരു വലിയ പോരായ്മയായി തോന്നി. കഥ കഴിയുമ്പോഴും പിടികിട്ടാത്ത രണ്ടു പേരുകളുണ്ട്.ഹിമുക്രി ബാബു, ഹിമുക്രി ഷാജി എന്നീ പേരുകളിലെ ഹിമുക്രി എന്നതിന് ഒരർഥവും കഥാകൃത്ത് പറയാത്തതു കൊണ്ട് ഞാനതിനെ ഹിന്ദു മുസ്ലീം ക്രിസ്ത്യൻ എന്നു വിളിക്കുകയാണ്. അതേ കാരണം കൊണ്ടു തന്നെ കഥ എന്ന നിലയിൽ ഇത് ശരാശരിക്കഥ മാത്രമാണ് എന്ന് കരുതുകയും ചെയ്യുന്നു.

മാധ്യമത്തിൽ ശേഷിക്കുന്ന രണ്ടു കഥകളിലൊന്ന് മനു ജോസഫ് എഴുതിയ ലബ്രിന്ത് ആണ്. ലാബ്രിന്ത് എന്ന പദത്തിന് ഉള്ളിൽ കയറിയാൽ പുറത്തു വരാനാവാത്ത വിധം കുഴമറിഞ്ഞ വഴികളുള്ള ഇടം എന്ന് അർഥം പറയാം. എന്നാൽ കഥയിൽ അത്രയൊന്നും ലബ്രിന്തുകൾ ഇല്ല. പണ്ടൊക്കെ കഥയെഴുത്തുകാർ കാമുകി കാമുകനയച്ച കത്തുകളെ കഥയാക്കിയിരുന്നെങ്കിൽ മനു ജോസഫ് കത്തിനു പകരം ഇ മെയിൽ ആക്കി കാലത്തോട് നീതി പുലർത്തുന്നു. മുള പൊട്ടാതെ പോയ പ്രണയത്തിൻ്റെ വാകപ്പൂ മണം എനിക്കന്യമായിരുന്നു എന്നൊക്കെ പറഞ്ഞവസാനിപ്പിക്കുന്ന നല്ല അസല് പൈങ്കിളിക്കഥ എന്നല്ലാതെ വേറൊന്നും പറയാനില്ല. ജിബിൻ ജോൺ എഴുതിയ കുന്തിരിമലയാണ് മറ്റൊരു കഥ. തീർച്ചയായും കുന്തിരി മല എഴുതിയ ആളിൽ നിന്നും മികച്ച കഥകൾ വരുമെന്ന് നമുക്കു പ്രതീക്ഷിക്കാം. പണ്ട് പറങ്കിമാവിൽ തൂങ്ങി നിന്ന രാജൻ ചേട്ടൻ്റെ ശവം കണ്ട് ധൈര്യം നഷ്ടപ്പെട്ടു പോയ തോമസുകുട്ടി ഒരു രാത്രി ചെന്നുചാടുന്ന കുരുക്കാണ് കഥ. സെക്കൻ്റ് ഷോ കഴിഞ്ഞ് തിരിച്ചു പോകും വഴി സെമിത്തേരിയുടെ അടുത്തെത്തിയപ്പോൾ പേടി പെരുക്കുകയും സൈക്കിളിൽ നിന്ന് വീണ് തട്ടിപ്പിടഞ്ഞെഴുന്നേറ്റ്  ഓടുമ്പോൾ ദേവസിച്ചേട്ടനെ കാണുകയും അയാളോടൊപ്പം വീട്ടിലേക്ക് നടക്കുകയും ചെയ്ത തോമസുകുട്ടി ബോധം വന്നു നോക്കുമ്പോൾ കുന്തിരി മലയിലായിരുന്നു. അടുത്ത പറങ്കിമാവിൻമേൽ ദേവസിച്ചേട്ടൻ തൂങ്ങിയാടുന്നതു കണ്ടിട്ടും അവന് പേടി തോന്നിയതേയില്ല.. നല്ല കഥയാണ് കുന്തിരി മല..

ദേശാഭിമാനിയിൽ വട്ടം എന്നൊരു കഥയുണ്ട്. സത്യത്തിൽ വട്ട് എന്നായിരുന്നിരിക്കണം കഥയുടെ പേര്. കഥക്ക്, പ്രമേയത്തിനോ ആഖ്യാനത്തിനോ എന്തെങ്കിലും പ്രസക്തിയുള്ളതായി തോന്നിയില്ല. തീർച്ചയായും ഗഹനമായ എന്തോ ആശയത്തെ നമ്മിലേക്ക് പകർന്നു നൽകാനായിരിക്കണം റിയാസ് ഈ കഥ എഴുതിയത്. അതു മനസിലാക്കാൻ മാത്രം ജ്ഞാനം നാം നേടിയിട്ടില്ലാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.. കഥാകൃത്ത്  ഈയുള്ളവനോട് ക്ഷമിക്കുക ..

കലാകൗമുദിയിൽ എം. സ്വരാജ് എഴുതിയ ഒരു കഥയുണ്ട്. ഫിദ. രാജ്യാതിർത്തികൾ കടന്ന് ചെന്ന അൻവർ ഹുസൈൻ എന്ന മലപ്പുറത്തുകാരന് ജീവൻ നൽകിയ ഇറാനിയൻ പെണ്ണാണ് ഫിദ .. ഏതാനും മണിക്കൂറുകൾ മാത്രമാണ് അവർ തമ്മിൽ കണ്ടത് – ആശുപത്രിമുറിയിൽ വച്ച്.  ആ നഗരത്തിൽ നിന്ന് രക്ഷപ്പെടാൻ അവനോട് പറഞ്ഞ അവൾ അവനൊരു വജ്രമോതിരം കൊടുത്തിരുന്നു. വർഷങ്ങൾക്കിപ്പുറവും എല്ലാം നഷ്ടപ്പെട്ടിട്ടും അവനത് വിൽക്കാതെ സൂക്ഷിക്കുന്നു. ഒട്ടും കൃത്രിമത്വമില്ലാതെ പറഞ്ഞു പോയ കഥയാണ് ഫിദ . പാലായനങ്ങളിൽ നിന്ന് പാലായനങ്ങളിലേക്ക് സഞ്ചരിക്കുന്ന മധ്യ പൂർവേഷ്യൻ രാജ്യങ്ങളിലെ മനുഷ്യജീവിതങ്ങൾ കഥയുടെ പശ്ചാത്തലത്തിലുണ്ട്. പറയുന്നതിനേക്കാൾ കൂടുതൽ പറയാത്തതുള്ള കഥ. എം സ്വരാജിന് അഭിവാദ്യങ്ങൾ.

മാതൃഭൂമിയിൽ അമൽ രാജ് പാറേമ്മൽ എഴുതിയ ബ്രണ്ണൻ ശിലാശാസനം കഥ എന്ന സങ്കല്പനത്തോട് അടുത്തു നിൽക്കുന്ന കഥയാണ്. കെട്ടുകഥകൾ അന്യം നിന്നുപോയ മലയാള സാഹിത്യത്തിൽ ഫിക്ഷൻ എഴുതാൻ ഒരാൾ തയ്യാറാവുന്നു എന്നതു തന്നെ നല്ല ലക്ഷണമാണ്. അതേ സമയം ഈ കഥ മുമ്പു നമ്മൾ വായിച്ച ഏതൊക്കെയോ കഥകളെയും നോവലുകളെയുമൊക്കെ ഓർമിപ്പിക്കും. കരിക്കോട്ടക്കരിയും ഫ്രാൻസിസ് ഇട്ടിക്കോരയുമൊക്കെ നിഴൽ രൂപത്തിൽ കഥയിലുണ്ട്. മലബാറിലെ ദളിത് ക്രൈസ്തവ കഥകളുടെ സ്ഥിരം പാറ്റേൺ അമൽരാജിനേയും ബാധിക്കുന്നുണ്ട്. കഥയിൽ കുത്തിച്ചെലുത്തിയ കൃത്രിമ ഭാഷയും സാഹിത്യവും വായനക്ക് തടസമുണ്ടാക്കുന്നു എന്നതും പറയാതിരുന്നു കൂടാ.. കുരുമുളകു ചാക്കു തൊട്ട് ഇരുമ്പു കൂടം വരെയുള്ള എല്ലാം അങ്ങേരുടെ പുറം നിരങ്ങിയേ കപ്പലു തൊടത്തുള്ളൂ എന്നതു പോലുള്ള അനാവശ്യവും അസ്ഥാനത്തുള്ളതുമായ നിരവധി വാചകങ്ങൾ കഥയിൽ കാണാം.

മാതൃഭൂമിയിൽ ടി.പത്മനാഭൻ എഴുതിയ ബാബു ആത്മകഥയിൽ നിന്ന് ഒരേടാണ് എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. കഥയുടെ കുലപതിക്ക് ജന്മദിനാശംസകൾ നേരുന്നു.

കഥ ഏറെക്കാലമായുള്ള അതിൻ്റെ നിശ്ചലാവസ്ഥയെ മറികടക്കാനുള്ള പ്രവണതകൾ കാണിച്ചു തുടങ്ങുന്നുണ്ട്. പ്രമേയത്തിലും ആഖ്യാനത്തിലും നിരന്തര നവീകരണത്തിൻ്റെ പുതിയ കഥാകാലത്തെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account