പുലി, കാക്ക, വെരുക്, കുറുക്കൻ, കാട്ടുപൂച്ച, കുളി, വേട്ട….

പൈങ്കിളി, മുഖ്യധാര എന്നിങ്ങനെയുള്ള വേർതിരിവിനെ അതിലംഘിക്കുകയും പൾപ്പ് സാഹിത്യത്തെ മുഖ്യധാരയിലേക്ക് കൈപിടിച്ചു കയറ്റുകയും ചെയ്‌തു എന്നതാണ് മലയാള കഥയിലെ ഏറ്റവും പുതിയ പ്രതിഭാസം. ലളിതാഖ്യാനങ്ങളുടേയും നേരാഖ്യാനങ്ങളുടെയും മേൽവിലാസത്തിൽ മിക്കവാറും ഒളിച്ചു കടത്തുന്നത്  ഉപരിതല സ്പർശിയായ മൃദുലാഖ്യാനങ്ങളാണ്. ജനപ്രിയത എന്ന പ്രധാന വിപണിലക്ഷ്യം പൂർത്തീകരിക്കുന്നതിനാൽ അത്തരം കഥകളോടാണ് പത്രാധിപൻമാർക്കും പ്രിയം. കവിതയിലെന്ന പോലെ ഞാൻ നീ എന്നീ ദ്വന്ദങ്ങളിലേക്കും അതിവൈകാരികമായ പ്രമേയ പരിസരങ്ങളിലേക്കും കഥ പരിണമിക്കുന്നുണ്ട് എന്ന യാഥാർഥ്യം കണ്ടില്ലെന്ന് നടിക്കുന്നത് ആത്മഹത്യാ പരമാണ്. തലമുറകൾ കടന്നു പോകുന്ന കഥകളും കഥാകൃത്തുക്കളും ഇനി ഉണ്ടാവാൻ ഒരു സാധ്യതയുമില്ല എന്ന തോന്നലിന് ആക്കം കൂട്ടുന്നവയാണ് വായിക്കാൻ കിട്ടുന്ന മിക്ക കഥകളും.  അവയാകട്ടെ ഒറ്റ വായനകൊണ്ടു തന്നെ തീർന്നു പോവുന്നവയുമാണ്. ദുർബലമായ കഥകളുടെ പ്രവാഹത്തിനിടയിലും ചില മികച്ച കഥകൾ ഇടക്ക് വീണു കിട്ടുന്നു എന്നതാണ് ആകെയുള്ള പ്രതീക്ഷ. അത്തരത്തിലൊരു കഥയാണ് എഴുത്ത് മാസികയിൽ സോക്രട്ടീസ് കെ വാലത്ത് എഴുതിയ കദ്രു അമ്മായി കണ്ടതും കാണാഞ്ഞതും എന്ന കഥ.

പല തരം വായനകൾക്കും പല കാല വായനകൾക്കും പര്യാപ്‌തമായ കഥയാണ് കദ്രു അമ്മായിയുടേത്. ഇത്രയും കനപ്പെട്ട ഒരു കഥ ഇത്രയും ലളിതമായി പറഞ്ഞു തീർത്ത ഭാഷാപ്രയോഗ ചാതുരിയും ക്രാഫ്റ്റും സോക്രട്ടീസ് കെ വാലത്തിനു മാത്രം സ്വന്തമാണ്. 2020 മാർച്ച് 23 ന് റോഡിനു കുറുകേ 73 വർഷം പ്രായമുള്ള (1947 ൽ മുളച്ച) ഒരു വൻ വൃക്ഷം പൊട്ടി വീണതു കൊണ്ട്  മുടങ്ങിപ്പോയ ജിനോ എന്ന ചെറുപ്പക്കാരൻ, അവനെ തിരികെ വീട്ടിലേക്കു കൊണ്ടു പോകേണ്ടി വന്ന വിജയരാജൻ, അയാളുടെ ഭാര്യ സീമന്തിനി, അമ്മ കദ്രു അമ്മായി എന്നിവരുടെ കഥയാണ് സോക്രട്ടീസ് പറയുന്നത്. 73 വർഷം പ്രായമുള്ള ആ മരം മുറിച്ചു മാറ്റണമെന്ന് വിജയരാജൻ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ പലരും ആവശ്യപ്പെട്ടെങ്കിലും അയാളത് പരിഗണിച്ചതേയില്ല. കഴിഞ്ഞ വർഷം അതിൻ്റെ കൊമ്പും ചില്ലയും കോതാൻ അവസരം കിട്ടിയിട്ടും ചെയ്‌തുമില്ല. അതുകൊണ്ടാണ് ആ മരം അംബേദ്കർ പ്രതിമയുടെ മുമ്പിൽ സാഷ്ടാംഗം നമസ്കരിക്കുന്ന വിധം കടപുഴകി വീണത്. മാർച്ച് 23 ന് വിജയരാജൻ പതിവുപോലെ ഹൈറേഞ്ചിലുള്ള ചിന്ന വീട്ടിലേക്ക് പോകാനിരുന്നപ്പോഴാണ് ജിനോയുടെ പക്കൽ പണം കൊടുത്തു വിടാമെന്ന് സുഹൃത്ത് അറിയിക്കുന്നത്. പണം കൊണ്ടു വന്ന ജിനോ തിരിച്ചു പോകും വഴിയാണ് മരം വീണ് യാത്ര മുടങ്ങുന്നത്. എല്ലാം ഓരോ നിമിത്തങ്ങൾ, രാജ്യം മുഴുവൻ അടച്ചിട്ട അന്ന് ഹൈറേഞ്ചിൽ പോയി പെട്ടിരുന്നെങ്കിലുള്ള അവസ്ഥയോർത്ത് വിജയരാജൻ ആശ്വസിച്ചു.

സത്യത്തിൽ എല്ലാ മനുഷ്യരും മുഖം മൂടി വച്ച മൃഗങ്ങളാണ് എന്ന് കഥാകൃത്ത് പറയുന്നു. വിജയരാജൻ മുഖംമൂടി വച്ച ഒരു വെരുകും ജിനോ ഒരു കുറുക്കനും സീമന്തിനി ഒരു കാട്ടുപൂച്ചയുമാണ്. പക്ഷേ ഈ മുഖം മൂടികളുള്ളപ്പോഴും അതില്ലാത്തതു പോലെ നടിക്കുന്നതിൽ അവർ മിടുക്കരാണ് എന്നു മാത്രം. കദ്രു അമ്മായിക്ക് ഒരു പ്രത്യേക അസുഖമുണ്ട്. അവർ പെട്ടെന്നൊരു ദിവസം ഉണ്ണാതെയും ഉറങ്ങാതെയുമായിത്തീരും. ശേഷം അവർ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് പ്രവചനം നടത്തും. സമ്പാദിച്ചു വച്ചതത്രയും വെറും കടലാസായിപ്പോയതും കരയിൽ നേടിയത് കടലെടുത്തതും പോലെ സർവകാര്യങ്ങളും മുൻകൂട്ടി കാണുന്ന അമ്മായിക്ക് പക്ഷേ വിജയരാജൻ തന്നെ ഞെക്കിക്കൊല്ലുമെന്ന് മാത്രം പറയാൻ സാധിച്ചില്ല, അല്ല പറഞ്ഞിട്ടു കാര്യവുമില്ല. അതിന് കാരണമായതും അവരുടെ പ്രവചനമാണ്. അതിങ്ങനെ, “എല്ലായിടത്തും നീയാണ്. നീയാണ് അധിപൻ. നിൻ്റെ കാൽക്കീഴിൽ നിന്നുയരുന്നത് ലോകമെങ്ങുമുള്ള പാവപ്പെട്ടവരുടെ നെടുവീർപ്പാണ്. അതാകാശത്തേക്ക് ഉയർന്നു കൊണ്ടിരിക്കും. മഹാരോഗങ്ങളായും മഹാമാരിയായും യുദ്ധമായും താഴേക്ക് പെയ്യും. അതിൽ മുങ്ങി അപ്പാവങ്ങളൊക്കെ നരകിക്കും. നീ അപ്പോഴും ചിരിച്ചു കൊണ്ടിരിക്കും. നീ എല്ലാം അവസാനിപ്പിക്കും. എന്നാൽ നീ ഒരിക്കലും അവസാനിക്കുകയുമില്ല”. അതു കേൾക്കെ കലിയിളകി അമ്മയെ ഞെക്കിക്കൊല്ലുന്ന വിജയരാജനാണ് കഥയുടെ രാഷ്ട്രീയം. അതിവിചിത്രമായ മനുഷ്യസ്വഭാവങ്ങളെക്കുറിച്ചുള്ള വിശകലനമാണ് കഥയുടെ കാതൽ. അസംതൃപ്‌തരും ഏകാകികളുമായ കേവലമഷ്യരെക്കുറിച്ച് മനോഹരമായി രചിക്കപ്പെട്ട കഥ തന്നതിന് സോക്രട്ടീസ് കെ വാലത്തിന് നന്ദി പറയേണ്ടതുണ്ട്.

മാതൃഭൂമിയിൽ ജേക്കബ് എബ്രഹാം എഴുതിയ കുളി മികച്ച ആഖ്യാനം ഒരു സാധാരണ കഥ നല്ല കഥയാവുന്ന വിധം കൂടിയാണ് നമുക്കു കാണിച്ചു തരുന്നത്. ഒരു വാടകഗുണ്ടയായ ജയിംസിൻ്റെ ഏറ്റവും വലിയ ബലഹീനത കുളിയാണ്. കൂടെയുള്ളവർ തീറ്റയും കുടിയും അശ്ലീലം പറച്ചിലുമൊക്കെയായി ഒരു സാധാരണ പുരുഷ പരിതസ്ഥിതിയിൽ ഇരിക്കുമ്പോഴും ജയിംസ് കുളിക്കുന്നതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അക്കുഡേറ്റിൻ്റെ അപ്പുറത്തുള്ളഒരു പൂവാലൻ്റെ കാലു തല്ലിയൊടിക്കാൻ ജയിംസ് ചോദിക്കുന്ന പ്രതിഫലം തന്നെ അക്വാഡക്റ്റിൽ കുളിക്കാൻ വേണ്ടി സോപ്പും തോർത്തുമാണ്. ആ പെൺകൊച്ചിനേയും തള്ളയെയും ജയിംസിൻ്റെയടുത്തേക്ക് പറഞ്ഞയച്ചതാവട്ടെ ദൈവം എന്നു പേരുള്ള വികലാംഗനായ മാടക്കടക്കാരനും. കുര്യച്ചൻ എന്നയാളെ തട്ടുന്നതിനുള്ള യാത്രയിലാണ് നാം ഇവരെയൊക്കെ പരിചയപ്പെടുന്നത്. പക്ഷേ എന്തിനാ കുര്യച്ചനെ കൊല്ലുന്നത് എന്നതിന് പ്രസക്തിയൊന്നുമില്ല. ഒടുവിൽ കൊല്ലാൻ ചെന്ന ജയിംസ് കരയിൽ കിടന്നു (കരക്കിട്ട മീനിനെപ്പോലെ ) പിടക്കുകയും കുര്യച്ചനും നായയും വെള്ളത്തിൽ നീന്തിത്തുടിക്കുകയും ചെയ്യുന്നിടത്ത്  കഥ അവസാനിക്കുന്നു.  ജയിംസ് ഒരു ജലജീവിയാണ്. അയാൾ ചെയ്യുന്നതത്രയും ജലത്തിലേക്ക് മടങ്ങിപ്പോകാനുള്ള ശ്രമങ്ങളാണ്. സ്വാഭാവിക പരിസരങ്ങളിൽ നിന്ന് ബലമായി വേർപെടുത്തപ്പെടുന്നവൻ്റെ ആധിയും വെപ്രാളവുമാണ് ജയിംസിൻ്റെ പെരുമാറ്റത്തിലത്രയും. ആ അർഥത്തിൽ ഈ കഥ ഒരു ആഴ പാരിസ്ഥിതിക കഥ കൂടിയാണ്. ജലം മുഴുവൻ വലിയവർ കൈയടക്കുകയും ജെയിംസിനെപ്പോലുള്ളവർ കരയിൽ കിടന്നു പിടക്കുകയും ചെയ്യും. നല്ല കഥയാണ് കുളി. മദനൻ്റെ വരയും ഗംഭീരമാണ്. ഗ്രാഫിക്കൽ ധാരാളിത്തത്തിനു പകരം ഒറ്റവരകളുടെ സംപൂർണത മികച്ച അനുഭവമാണ്.

മാധ്യമത്തിൽ ഡിന്നു ജോർജ് എഴുതിയ ക്രാ ശീർഷാസനത്തിൽ നിൽക്കുന്ന ഒരു കഥയാണ്. അമ്മച്ചി മരിച്ച് ഒറ്റക്കായിപ്പോയ അപ്പനും അപ്പനോടുള്ള സഹതാപം മൂത്ത് അയാളോടൊപ്പം പോയി കിടക്കുന്ന കുഞ്ഞുവറീതും അയാളുടെ ഭാര്യ ഏലിക്കുട്ടിയുമാണ് കഥയിലെ പൗരൻമാർ. അപ്പനും മകനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ഏലിക്കുട്ടി കണ്ടു പിടിക്കുകയും അവളപ്പനോട് എന്തോ പറഞ്ഞതിനാൽ അയാൾ വീടുവിട്ട് മരിക്കാൻ പോവുകയും ചെയ്തു. മരിച്ച അപ്പൻ കാക്കയായി വരുന്നതിനെ സംബന്ധിച്ച് കുഞ്ഞുവറീതിനുണ്ടാകുന്ന വേവലാതികളും തുടർന്ന് അയാൾ അപ്പനെത്തേടി പാതിരാക്ക് എങ്ങോട്ടോ ഇറങ്ങിപ്പോവുകയും ചെയ്‌തു. കഥയിൽ ഉപയോഗിക്കുന്ന ഭാഷ സംസാരഭാഷയാണ്. അതിൻ്റെ ചെടിപ്പ് വായനയെ ബാധിക്കുന്നുണ്ട്. അഗമ്യഗമനങ്ങളെക്കുറിച്ച് പറയുന്നത് ഇപ്പോൾ സാഹിത്യത്തിലെ നടപ്പുദീനമാണ്. മനുഷ്യൻ്റെ പ്രധാന ആവശ്യം ലൈംഗികതയാണ് എന്ന സങ്കല്പത്തിൽ നിന്നാണ് വിഹിതമോ അവിഹിതമോ ആയ ബന്ധങ്ങളെക്കുറിച്ചുള്ള കഥകളുണ്ടാവുന്നത്. വിശപ്പാണ് മുഖ്യം എന്നു വരുമ്പോൾ വിവിധ തരം വിശപ്പുകൾ ഉണ്ടാവുന്നതു പോലെ. അപ്പോഴും അപ്പനും മകനും തമ്മിൽ ഉള്ള ബന്ധം (incest and gay) ഒരൽപം ഓവർഡോസ് ആയിപ്പോയി.

ദേശാഭിമാനിയിൽ അനൂപ് അന്നൂരിൻ്റെ രാമരാജ്യത്തിലെ പുലി വ്യത്യസ്‌തമായ കഥയാണ്. ഉലകന്തറയുടെ പേടിസ്വപ്‌നമായ പുലിയെ നിഗ്രഹിക്കാൻ കുഞ്ഞിരാമൻ കാട്ടിലേക്ക് കയറിയ അന്നു തന്നെ പുലി കുഞ്ഞിരാമൻ്റെ വീട്ടിലെത്തി. അവിടെ കുഞ്ഞിരാമൻ്റെ ഭാര്യ ചീതമ്മയെ സംരക്ഷിക്കാനായി കാട് അയച്ചതാണവനെ . കാരണം ചീതമ്മയെ ബലാൽ പ്രാപിക്കാൻ വേണ്ടി നാട്ടിലെ ജന്മിമാർ ഉണ്ടാക്കിയ സൂത്രപ്പണിയാണല്ലോ കുഞ്ഞിരാമൻ്റെ കാടേറ്റത്തിൽ കലാശിച്ചത്. അന്നു രാത്രി പ്രതീക്ഷിച്ചതു പോലെ ജന്മിത്തമ്പുരാൻ പരിവാര സമേതം ചീതയെ കീഴടക്കാൻ വരികയും പുലി അയാളെ കണക്കിനു പെരുമാറി വിടുകയും ചെയ്‌തു. പക്ഷേ കാട്ടിൽ നിന്ന് തിരികെ വന്ന കുഞ്ഞി “രാമനെ” നാട്ടുകാർ നന്നായി പിരി കേറ്റുകയും പെണ്ണേ ചീതേ നീയൊരു തീക്കുണ്ഡമുണ്ടാക്കി അതിൽ ചാടി നിൻ്റെ പരിശുദ്ധി തെളിയിക്കണം എന്നാവശ്യപ്പെടുകയും ചെയ്യാൻ മാത്രം വിഡ്ഡിയാക്കുകയും ചെയ്‌തു. നാലു ദിവസം പുലിയായാലും ഒരന്യപുരുഷനോടൊപ്പം കഴിഞ്ഞ ചീതയെ ഉപേക്ഷിച്ച് രാമൻ നാടുവിടുകയും ചെയ്‌തു. ഉത്തരാധുനിക കാലത്തും രാമനും സീതയും ഒരു മാറ്റവുമില്ലാതെ തുടരുന്നു എന്ന സദാചാര യാഥാർഥ്യത്തെ നർമത്തിൻ്റെ മേമ്പൊടി ചേർത്ത് കഥാകൃത്ത് അവതരിപ്പിക്കുന്നു. കാട്ടിലെ മൃഗങ്ങൾ നിങ്ങളെപ്പോലെയല്ല തുടങ്ങിയ ചില സ്ഥിരം ഡയലോഗുകൾ കഥാകൃത്ത് പുലിയുടെ വായിൽ തിരുകി കയറ്റിയത് ഒഴിവാക്കാമായിരുന്നു. കഥയ്ക്ക് ആനന്ദിൻ്റെ ആമ്രപാലിയോടും പി വി ഷാജികുമാറിൻ്റെ പുലി മറഞ്ഞ തൊണ്ടച്ചനോടുമുള്ള സാദൃശ്യം യാദൃച്ചികമാവാനേ വഴിയുള്ളൂ.  കഥയുടെ അടുത്ത ഭാഗമാണ് മാസ്. ചീത പിന്നിട് മൂന്നു പെറ്റു. ഇതിൻ്റെയൊക്കെ അച്ഛനാര് എന്ന് ചോദിച്ചവരോട് മൂപ്പര് വരാറുണ്ട്, നിങ്ങള് കാണാഞ്ഞിട്ടാണ് എന്ന് പറഞ്ഞ ചീത അവരെ സ്‌കൂളിൽ ചേർക്കുമ്പോൾ അച്ഛൻ്റെ പേരിൻ്റെ കോളത്തിൽ പുലിയപ്പൻ എന്നു തന്നെ ചേർക്കുന്നു. സ്ത്രീയാണ് അവളുടെ കുട്ടികളുടെ അച്ഛനാരാണ് എന്ന് നിശ്ചയിക്കേണ്ടത് എന്ന വലിയ നിലപാടിലേക്ക് കഥ പുരോഗമിക്കുന്നു എന്നതും ശ്രദ്ധേയമാണ്. അവസാന ഭാഗത്തെ അമിതാഖ്യാനം കഥയുടെ മുറുക്കം കുറച്ചു കളഞ്ഞു എന്നു തോന്നാതിരുന്നില്ല.

ദേശാഭിമാനിയിൽ കെ ടി ഷാഹുൽ ഹമീദിൻ്റെ മരണത്തിൻ്റെ മണമുള്ള പ്രണയങ്ങൾ തീരെ ദുർബലമായ ഒരു കഥയാണ്. പതിവുള്ള വഴി പിഴച്ച പ്രണയവും പോലീസും കൊലപാതകവുമായി ഒരു വാണിജ്യ സിനിമയുടെ കറിക്കൂട്ടുകളുള്ള ഒരു കഥ എന്നല്ലാതെ കാര്യമായി ഒന്നുമില്ല.

മലയാളം വാരികയിൽ ഉണ്ണികൃഷ്‌ണൻ കളീക്കൽ എഴുതിയ ഗ്രഹണം എന്ന കഥയിൽ കഥയെവിടെ എന്ന് എത്ര തെരഞ്ഞിട്ടും കണ്ടില്ല. ഒരു പാട് പേജുകളിൽ നീട്ടിപ്പരത്തി പറഞ്ഞെങ്കിലും വായനക്കാരനു നൽകാൻ അതിലൊന്നുമില്ല. ഉപഗ്രഹങ്ങളെക്കുറിച്ചൊക്കെ പറയുമ്പോൾ ഉപയോഗിക്കുന്ന സാഹിത്യം അനുചിതമെന്നു മാത്രമല്ല, വല്ലാതെ ചെടിപ്പിക്കുന്നതുമാണ്.

പ്രസാധകനിൽ സച്ചിദാനന്ദൻ എഴുതിയ കഥയാണ് ജനിതകം. ഗോവിന്ദൻ മന്ത്രവാദി എന്നൊരു നാടൻ മന്ത്രവാദിക്ക് പെട്ടെന്നൊരു ദിവസം ദേഹം മുഴുവൻ രോമം മുളക്കുകയും മരുന്ന് കഴിച്ചിട്ടൊന്നും അതു പോവാതിരിക്കുകയും ചെയ്യുന്നു. പിന്നെ പിന്നെ അയാളുടെ ശരീരം ചെറുതാവുകയും ശബ്‌ദം ഇല്ലാതാവുകയും ചെയ്‌തു. ഇവിടെയൊക്കെ എത്തുമ്പോൾ നമുക്ക് കാഫ്കയെ ഓർമ വരുന്നതു പോലെ സച്ചിദാനന്ദനും ഓർമ വരുന്നുണ്ട്. പക്ഷേ ഗോവിന്ദൻ മന്ത്രവാദി കാഫ്‌കയെ വായിക്കാനിടയില്ലല്ലോ എന്നാശ്വസിക്കുകയാണ്. പെട്ടെന്ന് കഥ ഹാക്കിംഗിലേക്കും വൈറസിലേക്കുമൊക്കെ പോകുകയും വായനക്കാരൻ്റെ യുക്തിയേയും ബോധത്തേയും വെല്ലുവിളിക്കുകയും ചെയ്യുന്നു. സച്ചിദാനന്ദൻ എഴുതി എന്നതു കൊണ്ടു മാത്രം ഒരു കഥയും മികച്ചതാവില്ല എന്ന് പത്രാധിപർ ഓർക്കേണ്ടതാണ്.

കലാകൗമുദിയിലെ രണ്ടു പൈങ്കിളി കഥകളെക്കുറിച്ചു കൂടി പറയാം. കെ പി സുധീര എഴുതിയ ബലിദാനം, രാജേഷ് ജയരാമൻ്റെ പവനമുക്താസനം എന്നിവയാണവ. ഐ എ എസ് കിട്ടിപ്പോകുന്ന പഴയ കാമുകൻ, കാമുകിക്കുണ്ടാകുന്ന അപകടം, അതറിയാത്ത ഐഎഎസ് കാരൻ കലക്ടറായി വരുമ്പോൾ ദുരിതാശ്വാസ നിധിയിലേക്ക് തൻ്റെ പെൻഷൻ തുക സംഭാവന ചെയ്യുന്ന ആ സ്ത്രീയെ കാണുമ്പോഴുണ്ടാകുന്ന ഞെട്ടലും പായാരം പറച്ചിലുമൊക്കെ ചർവ്വിത ചർവണമല്ലാതെ മറ്റെന്താണ്. കഥ എഴുതിയ സുധീരയേയോ രാജേഷിനേയോ നമുക്കു കുറ്റപ്പെടുത്തേണ്ടതില്ല. പക്ഷേ കലാകൗമുദിക്ക് ഇപ്പോഴും മലയാള വായനാസമൂഹത്തിൽ സ്ഥാനമുണ്ട്. അസഹ്യമായ വിധത്തിൽ വായനക്കാരനെ വെല്ലുവിളിക്കുന്നത് ഗുണം ചെയ്യില്ല എന്ന് കലാകൗമുദി മനസിലാക്കും എന്നു പ്രതീക്ഷിക്കാം.

വായിച്ചതിനെക്കാൾ കൂടുതൽ വായിക്കാത്തവയുണ്ടാവും. എങ്കിലും കഥകളുടെ ലോകം വിവിധവും വിചിത്രവുമായിത്തന്നെയിരിക്കട്ടെ എന്നാണാഗ്രഹം. കഥയുടെ നല്ല കാലം വീണ്ടും വരുമെന്ന് പ്രതീക്ഷിക്കാം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account