കഥകളിലെ വർത്തമാന വൈരസ്യങ്ങൾ

കഥ നടക്കേണ്ടത് കാലത്തോടൊപ്പമാണോ കാലത്തിനു മുമ്പേയാണോ അതോ കാലത്തിനു പിന്നാലെയാണോ എന്ന ചോദ്യമാണ് ഓരോ പുതിയ കഥ വായിക്കുമ്പോഴും സംശയം തോന്നുന്നത്. തീർച്ചയായും കാലത്തിനു മുമ്പേ നടന്ന് സാഹിത്യത്തേയും സമൂഹത്തേയും സ്വന്തം വഴിക്ക് നയിക്കാനുള്ള ഒരു ശ്രമവും വർത്തമാനകാലത്ത് കഥകൾ നടത്തുന്നില്ല. കഥകളൊക്കെയും ഇൻസ്റ്റൻറ് ഉൽപ്പന്നങ്ങളാവുന്ന കാലമാണ് നമ്മുടെ വായനക്കാലം. ഒറ്റ വായന കൊണ്ട് ഉപേക്ഷിച്ചു കളയാവുന്ന വെറും പദക്കൂട്ടങ്ങൾ എന്നതിലപ്പുറം കഥക്ക് മലയാള സാഹിത്യത്തിൽ കാര്യമായ പങ്കൊന്നുമില്ല. സ്‌തുതിപാഠകരും ശിങ്കിടികളും ചേർന്ന് ജനപ്രിയമെന്ന് വാഴ്ത്തുന്ന കഥകളെല്ലാം ഒരാഴ്‌ച കൊണ്ടു തന്നെ മറവിയിലേക്ക് മാഞ്ഞു പോകുന്നു. ഒരു കാലത്ത് മലയാള സിനിമ ചെയ്‌തിരുന്നതു പോലെ ഒരേ പ്രമേയത്തെ ആവർത്തിച്ചവതരിപ്പിക്കുകയും ഇതാണ് ഇപ്പോഴത്തെ ട്രെൻറ് എന്നു സ്വയം നിശ്ചയിക്കുകയും സൂപ്പർ ഹിറ്റ് എന്ന് സ്വയം പരസ്യപ്പെടുത്തുകയും ചെയ്യുന്നതാണ് ഇപ്പോൾ മലയാള കഥയുടെ സമ്പ്രദായം. അത്തരം സിനിമകളെ പ്രേക്ഷകൻ പൂർണമായി ഉപേക്ഷിച്ചതും സ്വയം പ്രഖ്യാപിത രാജാക്കൻമാരെ നിരാകരിച്ചതും നാം കണ്ടതാണ്. കഥയെ കേവലമൊരു വാണിജ്യ ഉൽപ്പന്നമായി കാണുകയും പരമാവധി ഉപഭോക്താക്കളെ തൃപ്‌തിപ്പെടുത്തി മികച്ച കച്ചവടക്കാരാകാൻ മത്സരിക്കുകയും ചെയ്യുന്ന പത്രാധിപൻമാരും എന്തു വേണമെങ്കിൽ എഴുതിത്തരാം എന്നു നിലപാടെടുക്കുന്ന എഴുത്തുകാരും കൂടി കഥയുടെ വേരറുക്കുമെന്ന കാര്യത്തിൽ സംശയത്തിനു സ്ഥാനമേയില്ല.

ഒരേ പ്രമേയമുള്ള മൂന്നു കഥകളാണ് ഈ ആഴ്ച്ച വായിച്ചത്. മാതൃഭൂമിയിലെ മുഴക്കം (പി.എഫ്. മാത്യൂസ്) മാധ്യമത്തിലെ റിയൽ എസ്‌റ്റേറ്റ് (മഹേന്ദർ) സമകാലികമലയാളത്തിലെ മധുരക്കിണർ (ഡോ: ശ്രീരേഖാപണിക്കർ). മൂന്നു കഥകളും  കൈകാര്യം ചെയ്യുന്നത് വാർദ്ധക്യം എന്ന സമസ്യയാണ്. വാർദ്ധക്യം ഒരു വലിയ പ്രതിസന്ധിയാണെന്നതും അത് മനുഷ്യൻ അവൻ്റെ ഭൗതിക സാഹചര്യങ്ങളിൽ മുന്നേറും തോറും ഗുരുതരമായിക്കൊണ്ടേയിരിക്കും എന്നതും യാഥാർഥ്യങ്ങളാണ്. മുഴക്കം എന്ന കഥയിൽ വർഷങ്ങൾക്കു മുമ്പേ കാണാതായ അച്ഛനെ പോലീസുകാർ കണ്ടെത്തുകയും മകൾ വന്ന് തിരിച്ച് വീട്ടിലേക്ക് കൊണ്ടു പോവുകയും ചെയ്യുന്നതാണ് പ്രമേയം. താൻ പോയിട്ട് കാലമേറെയായി എന്ന കാര്യമൊന്നും പരിഗണിക്കാതെ അയാൾ വീട്ടിലേക്ക് കയറിപ്പോകുന്നുണ്ട്. വഴിയിൽ ഹോട്ടലാക്കി മാറ്റിയ ഒരു പഴയ വീട്ടിൽ കയറിയിട്ടും ഒന്നും കഴിക്കാതെ അവിടെ നിന്നിറങ്ങിപ്പോന്നു എന്ന് മകൾ പറയുമ്പോൾ അതയാളുടെ പഴയ വീടായിരുന്നു എന്ന് അമ്മ ഓർമിച്ചെടുക്കുകയും ചെയ്യുന്നു. ഒടുവിൽ മടങ്ങിപ്പോയ മകളെ വിളിച്ച് ഇതിനെയൊന്ന് ഇവിടുന്ന് ഒഴിവാക്കിത്തരുമോ എന്ന് ചോദിക്കുന്ന അമ്മയുടെ ശബ്ദം ഒരു മുഴക്കമായി അവശേഷിക്കുന്നു. സ്നേഹം, ബന്ധങ്ങൾ എന്നിവയൊക്കെ മഹത്തരമാണെന്ന് പറയുമ്പോഴും നാം എന്തിനു  വേണ്ടിയും സ്നേഹത്തെ ഉപേക്ഷിക്കും എന്നും അതേ സമയം തൻ്റെ മനസിൽ നിന്ന് എന്നോ വിട്ടു പോയ ഒരാളോട് വേറെങ്ങനെ പെരുമാറണം എന്നും ഒരേ സമയം ചോദ്യങ്ങളായി മുഴങ്ങുന്നുണ്ട് കഥയിൽ. ആഖ്യാനം കൊണ്ട് മികച്ചതായി തോന്നുമ്പോഴും പക്ഷേ കഥ എത്രയോ പഴഞ്ചനാണ് എന്നും പറയേണ്ടതുണ്ട്. ആവർത്തിച്ചു പറഞ്ഞ്  മുന പോയ കഥകൾ സാഹിത്യത്തെ മുന്നോട്ടു നയിക്കില്ല തന്നെ.

മഹേന്ദറിൻ്റെ റിയൽ എസ്റ്റേറ്റ് വാർദ്ധക്യത്തിൽ ഒറ്റപ്പെട്ടു പോയ ഒരു വൃദ്ധ അദ്ധ്യാപകൻ്റെ മായക്കാഴ്‌ചകളാണ്. കണാരൻ മാഷുടെ ഒരേയൊരു മകൾ വിദേശത്താണ്. റിട്ടയർമെൻ്റിനു ശേഷം എല്ലാ മാഷന്മാരേയും പോലെ കണാരൻ മാഷും ചില്ലറ റിയലെസ്റ്റേറ്റ് ബിസിനസൊക്കെ നടത്തിയിരുന്നു. ഇപ്പോൾ അതൊന്നുമില്ല. അപ്പോഴാണ് മാഷുടെ പഴയൊരു ശിഷ്യനാണ് എന്ന് പരിചയപ്പെടുത്തി ഒരു കറുത്ത ഭീമനായി രമേശൻ, മാഷെ കാണാൻ വരുന്നത്. അവൻ്റെ സ്ഥലം മാഷൊന്നു വിറ്റുകൊടുക്കണം. എത്ര ശ്രമിച്ചിട്ടും കണാരൻ മാഷിന് അവനെ ഓർത്തെടുക്കാനായില്ല, പക്ഷേ മകൾ അവനെ പെട്ടെന്ന് ഓർമിക്കുക തന്നെ ചെയ്‌തു. തങ്ങളുടെ വീട്ടിലെ പുറം പണിക്കാരായ വേലൻ പൊന്നി ദമ്പതികളുടെ മകനാണ് രമേശൻ. രമേശൻ രമ്യക്കൊരു പ്രണയ ലേഖനം കൊടുക്കുകയും അതിൻ്റെ പേരിൽ മാഷവനെ കണ്ടമാനം തല്ലുകയും ചെയ്‌തു. മാഷ് തല്ലിക്കൊന്നതോ അവൻ സ്വയം മരിച്ചതോ എന്തായാലും മരിച്ച രമേശനാണിപ്പോൾ വന്നിരിക്കുന്നത് എന്ന് മനസിലായ രമ്യ തനിക്ക് പേടിയാവുന്നു എന്ന് ഭർത്താവിനോട് പറയുകയും ചെയ്യുന്നുണ്ട്. എന്തായാലും പിറ്റേന്ന് രാവിലെ പോത്തിനേപ്പോലൊരു ബൈക്കിൽ വന്ന് രമേശൻ മാഷെ കൂട്ടിക്കൊണ്ടു പോയി. ശേഷം ചിന്ത്യം. ഒരു പഴഞ്ചൻ കഥയെ വാട്‌സാപ്പും മൊബൈൽ ഫോണും ഒക്കെ ചേർത്ത് പുതിയ കുപ്പിയിൽ നിറക്കുകയാണ് മഹേന്ദർ ചെയ്യുന്നത്. പുതുമയൊന്നുമില്ലാത്ത ഈ കഥയിൽ രസകരമായ ഒരു പ്രയോഗം ഇങ്ങനെ… വീട്ടിൽ ഒരു ഭാര്യ, മാട്, കോഴി, രമ്യ എന്നിങ്ങനെ വളർത്തു മൃഗങ്ങളുണ്ട്. അതല്ലാതെ കഥയിൽ കഥയായി യാതൊന്നുമില്ല.

മലയാളത്തിലെ മധുരക്കിണർ ഒട്ടും ആഴമില്ലാത്ത ഒരു കിണറാണ്. കഥയുണ്ടാക്കാൻ വേണ്ടി ലീലച്ചേച്ചിയുടെ ക്രിസ്ത്യൻ കുടുംബത്തിൻ്റെ കുടുംബ വീടിൽ ചെന്നു ചേരുന്ന മുകുന്ദൻ്റെ അമ്മയും അവരുടെ അസാധാരണമെന്നു കഥാകൃത്തു കരുതുന്ന സൗഹൃദവുമൊന്നും കഥയുടെ ആവർത്തന വിരസതയെ ഒട്ടും ലഘൂകരിക്കുന്നില്ല. വൃദ്ധസദനത്തിൽ മക്കൾ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കളിൽ നിന്ന് വാർദ്ധക്യമെത്തുന്നതിനു മുമ്പേ സ്വയം അത്തരം സ്ഥാപനങ്ങളിൽ ചേരുന്നവരിലെത്തി സമൂഹമെങ്കിലും കഥയെഴുതുന്നവർ അവരോടൊപ്പം ഓടിയെത്തിയിട്ടില്ല. വൃദ്ധസദനത്തിൽ നിന്ന് ഒരു ദിവസത്തേക്ക് കൂടെ കൊണ്ടുപോയ ലീലാമ്മച്ചി നെല്ലിക്ക തിന്ന് കിണറിലെ വെള്ളം കുടിച്ച് അവിടെ വീണ് മരിച്ചു പോയി. ശരാശരി നിലവാരം പോലും പുലർത്താൻ കഥാകൃത്തിനായില്ല എന്നു ഖേദപൂർവം പറയട്ടെ. കുറ്റം പറയരുതല്ലോ മതേതരത്വം ഉറപ്പാക്കാൻ മുകുന്ദൻ്റെ സുഹൃത്ത് നാദിർഷാ എന്നൊരു കഥാപാത്രം കൂടിയുണ്ട് കഥയിൽ.

ദേശാഭിമാനിയിൽ രണ്ടു കഥകളാണുള്ളത്. തോമസ് ചെറിയാൻ എഴുതിയ മൃത്യുദൂത്, സി.പി. കൃഷ്‌ണകുമാറിൻ്റെ മാസ്‌ക് എന്നിവ. മൃത്യുദൂത് രാംദേവ് , രഹ്ന എന്ന ദമ്പതികളുടെ കഥയാണ്. രാംദേവിനെ അയാളുടെ മതേതര സ്വഭാവം കണ്ടാണ് വിവാഹം കഴിച്ചതെന്ന് രഹ്ന തുറന്നു പറയുന്നുണ്ട്. രാംദേവ് നിരന്തരമായും ഭ്രാന്തമായും എഴുതിക്കൊണ്ടിരിക്കുന്ന ഒരു എഴുത്തുകാരനാണ്. അതിനിടയിൽ അയാൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങളത്രയും എഴുത്തിൻ്റെ അക്കൗണ്ടിൽ ഉൾപ്പെടുത്താൻ രഹ്ന തയ്യാറാണെങ്കിലും ഇടക്ക് അയാളുടെ ഡയറിയിൽ നിന്ന് അവൾ തീവ്രഹിന്ദു രാഷ്ട്രീയത്തിൻ്റെ ജ്യോമട്രിഅടയാളങ്ങൾ കണ്ടെത്തുന്നു. അയാളുടെ മൃത്യു ദൂത് എന്ന നോവലിന് വലിയ അംഗീകാരങ്ങളും പുരസ്‍കാരങ്ങളും ലഭിക്കുന്നതോടെ അയാൾ പൂർണമായും മത രാഷ്ട്രത്തിൻ്റെ പ്രണേതാവായിത്തീരുകയാണ് കഥാന്ത്യത്തിൽ . മൃത്യു ദൂത് എന്ന പേര് അതുകൊണ്ടു തന്നെ കഥയെ സമൂഹവുമായി ബന്ധിക്കുന്ന അടയാളപദമായിത്തീരുന്നു. ഗഹനവും ഉചിതവുമായ ഒരു പ്രമേയം പക്ഷേ മികച്ചതല്ലാത്ത ട്രീറ്റ്മെൻ്റ് കൊണ്ട് ദുർബലമായിപ്പോയി എന്നതാണ് കഥയുടെ ആകെത്തുക. മാസ്‌ക് എന്ന കഥ ശരിക്കും ടെലിവിഷൻ ചാനലുകളിൽ കാണുന്ന കോവിഡ് സ്പെഷലുകളെ ഓർമിപ്പിച്ചു. സാധാരണ പാചകക്കുറിപ്പിനെ കോവിഡ് സ്പെഷൽ പാചകക്കുറിപ്പ് എന്നു വിളിച്ചു പ്രേക്ഷകനെ പറ്റിക്കുന്നതു പോലെ കൃഷ്‌ണകുമാർ വായനക്കാരെ പരിഹസിക്കുകയാണ്. മരണാസന്നനായ അച്ഛനു വേണ്ടി  കാമുകനെ, അയാൾ അവളുടെ ബോസ് കൂടിയാണ്,  രജിസ്റ്റർ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും രജിസ്റ്റർ കച്ചേരിയിൽ അവൻ വരാതിരിക്കുകയും ചെയ്തു എന്നതിന് മലയാളത്തിൽ എന്തെങ്കിലും പുതുമയുള്ളതായി കഥാകൃത്തു പോലും അവകാശപ്പെടുമെന്ന് തോന്നുന്നില്ല.

മാധ്യമത്തിൽ ഈ.ഡി. ഡേവീസ് എഴുതിയ സാമൂഹിക അകലങ്ങൾ കഥയുടെ ഗോപ്യ സ്വഭാവം കുറേയൊക്കെ നിലനിർത്താൻ ശ്രമിക്കുന്നുണ്ട്. പുഷ്‌പ എന്ന മികച്ച പോരാളിയായ വീട്ടമ്മയും അവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ഉറുമ്പുകൂട്ടവും തമ്മിലുള്ള പോരാണ് കഥ. മനുഷ്യൻ്റെ ജ്ഞാന പദ്ധതിയിൽ പെട്ട എല്ലാ പ്രതിരോധ മാർഗങ്ങളേയും മറികടന്ന് ജീവിതത്തിൻ്റെ സൂക്ഷ്‌മതകളിലേക്കു പോലും ഉറുമ്പുകൾ കടന്നെത്തുന്ന കാലത്തോടുള്ള സജീവ പ്രതികരണമാണ് ഈ കഥ. ഒടുവിൽ അവയെ അയൽക്കാരൻ്റെ വീട്ടിലേക്ക് കടത്തിവിട്ട് സ്വയം രക്ഷപ്പെടുന്ന ശരാശരി മനുഷ്യൻ്റെ പ്രായോഗിക രാഷ്ട്രീയവും അതു ശരിയല്ല എന്ന് വിശ്വസിക്കുന്ന പുഷ്‌പയും ആദർശ രാഷ്ട്രീയവും പ്രായോഗിക രാഷ്ട്രീയവും തമ്മിലുള്ള സംഘർഷത്തിൻ്റെ സൂചകങ്ങളാവുന്നു. ആഖ്യാനത്തിലെ ദൗർബല്യം കൂടി പരിഹരിക്കപ്പെട്ടിരുന്നുവെങ്കിൽ തീർച്ചയായും സാമൂഹിക അകലങ്ങൾ മികച്ച ഒരു കഥയാവുമായിരുന്നു.

മാതൃഭൂമിയിൽ കെ.എസ് രതീഷ് എഴുതിയ ക്വസ്റ്റ്യൻ ബാങ്ക് എന്ന കഥ, കഥ എന്ന സങ്കല്പ്പത്തെത്തന്നെ നിരാകരിക്കുന്നു. ശമ്പളം കിട്ടാതെയോ എന്തോ വലിയ സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ഒരു അധ്യാപകൻ പത്രത്തിൽ കണ്ട ഒരു കരൾ ആവശ്യമുണ്ട് പരസ്യ പ്രകാരം സ്വന്തം കരൾ വിൽക്കാൻ പോയതും അവിടെ വച്ച് അയാളെ മറ്റുള്ളവർ തിരിച്ചറിഞ്ഞതോടെ വിൽപന ദാനമായി മാറുകയും പണമൊന്നും കിട്ടാതെ തന്നെ കരൾ മുറിച്ച് നൽകേണ്ടി വരികയും ചെയ്‌തതാണ് ആഖ്യാനത്തിൻ്റെ ചുരുക്കം. വീട്ടുകാർക്ക് ഇഷ്ടമില്ലാത്ത പ്രണയ വിവാഹം കഴിച്ചതിനാൽ ആരും സഹായമില്ലാത്തതും അയാളുടെ പ്രശ്നങ്ങൾ സങ്കീർണമാക്കുന്നുണ്ട്. ശരീരത്തിലെ ഏറ്റവും വില കൂടിയ അവയവം ഏതാണെന്ന ഒരു സംശയത്തിൻ്റെ ചുമലിൽ കേറ്റി കഥയെ രക്ഷപ്പെടുത്താൻ രതീഷ് നടത്തിയ എല്ലാ ശ്രമങ്ങളും പക്ഷേ അമ്പേ പരാജയപ്പെട്ടു. ചിരപരിചിതമായ വിഷയങ്ങളെ കഥയാക്കുമ്പോൾ അവയുടെ ആഖ്യാനത്തിൽ കാര്യമായ നവീകരണം സാധ്യമായില്ലെങ്കിൽ കഥ വഴി തെറ്റിപ്പോകുന്നതെങ്ങനെ എന്നതിന് ഈ കഥ ഒരു നല്ല ഉദാഹരണമാണ്. തികച്ചും കൃത്രിമവും മുഴച്ചു നിൽക്കുന്നതുമായ ചില പ്രയോഗങ്ങളുണ്ട് കഥയിൽ. “അതിനെ ആഴമുള്ളതാക്കാൻ സഞ്ജീവമനസ്സ് പരുക്കൻ വാക്കുകളുടെ മൂർച്ചയിൽ യുക്തിയില്ലാപ്പിടിയിട്ട തൂമ്പ കൊണ്ട് ആഞ്ഞാഞ്ഞു കുത്തും”,  “അടുപ്പിലെ കലത്തിനുള്ളിൽ വേവിനടവെച്ച മുട്ട തിരഞ്ഞ്, ചോറിന്റെ ഉൾച്ചൂടിലേയ്ക്ക് തവി യിറക്കി തപ്പുകയായിരുന്നു ഭാര്യ”. “മതവേലികൾ പൊളിച്ചോടിയ പ്രണയത്തിന്റെ ബാലൻസ് ഷീറ്റും സ്വയമറിഞ്ഞ് മുറുക്കിയുടുക്കേണ്ട ബജറ്റുമോർത്ത് അവരോടെല്ലാം അവൾ പിണക്കത്തിന്റെ ചുള്ളിമറിച്ചിട്ടു”. “നിരഞ്ജന്റെ കണ്ണിൽ മുട്ടയിരട്ടിച്ചു” തുടങ്ങിയ പ്രയോഗങ്ങളൊക്കെ വായിച്ചപ്പോൾ ആകാശത്തിന് ആകാശംന്നു മാത്രം പറയില്ല ശവ്യോള് എന്ന് പറഞ്ഞ VKN നെ ഓർത്തു പോയി. സാരമില്ല, രതീഷ് ഇനിയും നല്ല കഥകളുമായി വരിക തന്നെ ചെയ്യും.

കഥകളുടെ ശക്‌തി അവയുടെ വൈവിധ്യത്തിലാണ്. പരിചിതവൃത്തങ്ങളിൽ കറങ്ങുകയും വായനക്കാരന് എളുപ്പത്തിൽ താദാത്മ്യം പ്രാപിക്കാൻ സാധിക്കുന്ന വിഷയങ്ങൾ മാത്രം കൈകാര്യം ചെയ്യുകയും ചെയ്യുന്ന ഒരു ജനപ്രിയ ഉൽപ്പന്നമാവലല്ല കഥയുടെ ഉത്തരവാദിത്തം. കഥയുടെ പ്രാഥമിക ഉന്നം കഥയും സമൂഹവുമായിരിക്കേണ്ടതും വിപണി അതിൻ്റെ ഏറ്റവും അവസാനത്തെ ലക്ഷ്യം മാത്രമാവേണ്ടതുമാണ്.

1 Comment
 1. sibin Haridas 12 months ago

  കഥ എന്നത് എന്താണെന്ന ചോദ്യം തന്നെയാണിന്നും പ്രസക്തം ..
  ആർക്കാണ് കഥ
  ആരുടെ കഥ
  എന്ത് കഥ
  എന്നതിൽ തുടങ്ങി എവിടെയാണ് കഥയിൽ എത്തുന്നു …..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account