കലാഭവൻ മണി എന്ന പേര് പറഞ്ഞോ കേട്ടോ മുഴുവനാകുന്നതിനു മുമ്പ് തന്നെ മലയാളിയുടെ മുഖത്തു വിരിഞ്ഞിരുന്ന ചിരി  വേദനയുടെ നനവുള്ള നെടുവീർപ്പായി രൂപാന്തരം പ്രാപിച്ചിട്ട്  മൂന്നുവർഷം  തികയുന്നു. മരണം രംഗബോധമില്ലാത്ത കോമാളിയാണെന്ന ശൈലിപോലെ, കാലന് കണ്ണില്ലെന്ന ആഫ്രിക്കൻ പഴമൊഴി പോലെ   2016 മാർച്ച് 6 നാണ് ആ അസാമാന്യപ്രതിഭയെ വിധി തട്ടിയെടുത്തത്.

മലയാളത്തിന്റെ തിരശ്ശീലയിലെ വിപ്ലവാത്‌മകമായ സാന്നിധ്യമായിരുന്നു കലാഭവൻ മണി എന്ന ചേന്നത്തുനാട് കുന്നിശ്ശേരി രാമൻ മകൻ മണി. വെള്ളിത്തിര ഏതൊക്കെയോ അലിഖിത നിയമങ്ങൾ കൊണ്ട് നായകവേഷങ്ങൾക്ക് അസ്പൃശ്യത കൽപ്പിച്ചിരുന്ന രൂപഭാവാദികളുടെ ആൾരൂപമായിരുന്ന മണി എന്ന പ്രതിഭാധനൻ പകരം വെക്കാനില്ലാത്ത അഭിനയസിദ്ധികൊണ്ട് മാത്രമാണ് ഭാഷകൾക്കതീതമായി ദക്ഷിണേന്ത്യൻ സിനിമാലോകത്ത് വെന്നിക്കൊടി പാറിച്ചത്. കഠിനാദ്ധ്വാനവും ആത്‌മാർത്ഥതയുമാണ് വിപരീതസാഹചര്യങ്ങളെ തനിക്കനുകൂലമാക്കി മാറ്റാൻ മണി എന്ന പോരാളി ആയുധമാക്കിയിരുന്നത്.

1994 ൽ അക്ഷരം എന്ന സിനിമയിലൂടെ മലയാളസിനിമയിലേക്ക് രംഗപ്രവേശം ചെയ്‌തതിന് പിന്നീടുള്ള നാലു വർഷങ്ങൾ കൊണ്ട് ഈ ഇൻഡസ്‌ട്രിയിലെ അവിഭാജ്യഘടകമായി മണി മാറി. സല്ലാപത്തിലെ ചെത്തുകാരൻ രാജപ്പനാണ് മണിയിലെ നടനെ മലയാളിക്ക് പരിചയപ്പെടുത്തിയത്.1999 ൽ മികച്ച നടനുള്ള  ദേശീയതലത്തിലെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ച ‘വാസന്തിയും ലക്ഷ്‌മിയും ഞാനും’ എന്ന ചിത്രത്തിലെ രാമു എന്ന കഥാപാത്രത്തിന്റ വിജയത്തോടു കൂടിയാണ് കലാഭവൻമണിയുടെ  പ്രതിഭ മലയാളിക്ക് ബോധ്യപ്പെട്ടു തുടങ്ങിയത്.

ആദ്യകാലത്ത് സിനിമയിലൊരവസരത്തിന് വേണ്ടി മണി മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. പക്ഷേ നാഷണൽ അവാർഡിനെ തുടർന്ന്  ദക്ഷിണേന്ത്യൻ സിനിമ മണിക്ക് മുന്നിൽ ക്യൂ നിൽക്കുന്ന അവസ്ഥവരെ ഉണ്ടായി.

ഇരുന്നൂറിലധികം സിനിമകൾ, നൂറോളം ഓഡിയോ കാസറ്റുകൾ, എണ്ണിത്തീർക്കാൻ ബുദ്ധിമുട്ടുള്ളത്ര സ്റ്റേജ് ഷോകൾ, 24 വർഷങ്ങൾ കൊണ്ട് മണി മലയാള സിനിമയിലെ ഒന്നാം നമ്പർ താരമായി മാറി. മണി എന്ന ഗായകൻ മലയാള പിന്നണി ഗാനരംഗത്ത് ഏറ്റവുമധികം പ്രതിഫലം പറ്റുന്ന ഗായകനായി. തൊട്ടതെല്ലാം പൊന്നാക്കുന്ന മട്ടിൽ മണി കീഴടക്കിയ ഉയരങ്ങൾ സ്വപ്‌നസമാനമായിരുന്നു.

വിനോദത്തിനുവേണ്ടി പഴമക്കാർ പാടിയ പാട്ടുകളെ അവജ്ഞയോടെ കണ്ടിരുന്ന പുതുതലമുറ നാടൻ പാട്ടുകളെ നെഞ്ചോടു ചേർത്തത് കലാഭവൻ മണിയുടെ ആലാപനമികവിന്റെ മാത്രം പിൻബലത്തിലാണ്.

ആലിഫിലെ ചന്ദ്രൻ, ഒളിപ്പോരിലെ കുമാരൻ, കരുമാടിക്കുട്ടനിലെ കുട്ടൻ, ആമേനിലെ ലൂയി പാപ്പൻ, ആദാമിന്റെ മകൻ അബുവിലെ ജോൺസൺ, ഛോട്ടാ മുംബൈയിലെ നടേശൻ തുടങ്ങി പകരം വെക്കാനില്ലാത്ത എത്രയെത്ര കഥാപാത്രങ്ങൾ!

1999ൽ പ്രദർശനത്തിനെത്തിയ മൈ ഡിയർ കരടി  എന്ന ചിത്രത്തിൽ കരടിയായും, 2001 ൽ  പ്രദർശനത്തിനെത്തിയ ദി ഗാർഡ് എന്ന സിനിമയിലെ ഏക അഭിനേതാവായും മണി നമ്മെ ആശ്ചര്യപ്പെടുത്തി. ചാക്കോ രണ്ടാമനിലെ ത്രിബിൾറോൾ, ബെൻ ജോൺസണിലെ ഡബിൾ റോൾ, മറ്റു പല സിനിമകളിലെയും ഒന്നിലധികം കഥാപാത്രങ്ങൾ തുടങ്ങി കലാഭവൻ മണി അനശ്വരമാക്കിയ എത്രയെത്ര കഥാപാത്രങ്ങൾ!! ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതിനാൽ മലയാള സിനിമക്കുണ്ടായ തീരാനഷ്‌ടം വാക്കുകൾ കൊണ്ട്  ചേർത്തുവെക്കാനാവില്ല.

 സ്വപ്‌ന സി കോമ്പാത്ത്

1 Comment
  1. John 2 years ago

    മലയാളത്തിന്റെ തീരാനഷ്‌ടം…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account