വീണ്ടും വാർത്തകളിൽ നിറയുകയാണല്ലോ, അതിരപ്പള്ളിയും വാഴച്ചാലും. 1998 ലാണ് അതിരപ്പള്ളി ജലവൈദ്യുത പദ്ധതിക്ക് ആദ്യമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിക്കുന്നത്. 2001 ൽ കേരളാ ഹൈക്കോടതി ആ അംഗീകാരം റദ്ദാക്കി. 2005 ൽ വീണ്ടും അനുമതി ലഭിച്ചു.  2006 ൽ വീണ്ടും കേരള ഹൈക്കോടതി റദ്ദാക്കി. 2007 ലും പാരിസ്ഥിതികാനുമതി ആവർത്തിച്ചു. ഈ പ്രക്രിയ നിരവധി തവണ ആവർത്തിച്ചിരിക്കുന്നു. ഇപ്പോൾ വീണ്ടും പണി തുടരാം എന്ന പച്ചക്കൊടി ഇലക്ട്രിസിറ്റി ബോർഡ് സംഘടിപ്പിച്ചുവെച്ചിട്ടുണ്ട്.

പാരിസ്ഥിതികാനുമതിയുടെ കാലാവധി അഞ്ചു വർഷമാണ്. ആ നിലയ്ക്ക്. 2007 ൽ നല്കിയ പാരിസ്ഥിതികാനുമതി 2012 ൽ അവസാനിച്ചതാണ്. പുതുതായി പാരിസ്ഥിതികാനുമതി ലഭിക്കണമെങ്കിൽ പുതിയ പഠനങ്ങൾ നടത്തണം എന്നതാണ് ചട്ടം.  അത്തരമൊരു പഠനം പുതുതായി നടത്തിയിട്ടില്ല. മാത്രമല്ല, അതിരപ്പള്ളിയിലെ കാടർ വിഭാഗക്കാരായ ആദിവാസികൾക്ക് 2016 മെയ് മാസത്തിൽ അനുവദിച്ചു കിട്ടിയ കമ്മ്യൂണിറ്റി ഫോറസ്റ്റ് റൈറ്റ്സ് അനുസരിച്ച്, ആദിവാസികളുടെ ഊരുകൂട്ടം അനുവദിച്ചാൽ മാത്രമേ അതിരപ്പള്ളി വാഴച്ചാൽ അടക്കമുള്ള 40,000 ഹെക്ടർ  വനമേഖലയിൽ എന്തെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കഴിയൂ. 9 കോളനികളിലായി 163 ആദിവാസി കുടുംബങ്ങളുണ്ട് അതിരപ്പള്ളിയിൽ. പറമ്പിക്കുളം- ആളിയാർ, പെരിങ്ങൽക്കുത്ത്, ഷോളയാർ, പോത്തുണ്ടി, മംഗലം, തൂണക്കടവ് എന്നിങ്ങനെ ചാലക്കുടിപ്പുഴയിൽ മുമ്പ് ആറ് അണക്കെട്ടുകൾ പണിതപ്പോഴും കാട്ടിൽ നിന്ന് ഓരോ തവണയും ആട്ടിയോടിക്കപ്പെട്ടവരാണ് കാടർ. പരിഷ്കൃത ലോകത്തിന്റെ വികസനം ആറു തവണ വേരു പറിച്ചെറിഞ്ഞവർ. ആറു തവണയും പുതിയ ഇടങ്ങളിൽ ജിവിതം കരുപ്പിടിപ്പിച്ചവർ. അതിരപ്പള്ളിക്കു താഴെ ഇനി കാടില്ല. അതിനാൽ, ഇനിയവർക്ക് പോകാൻ ഇടവുമില്ല. അതു കൊണ്ടാണ് ഇനിയൊരു അണക്കെട്ട് ഈ പുഴയിൽവേണ്ട എന്ന് അവർ ഊരുകൂട്ടം കൂടി തീരുമാനിച്ചതും അക്കാര്യം കേന്ദ്ര പരിസ്ഥിതി വകുപ്പിനേയും ഹൈക്കോടതിയേയും അറിയിച്ചതും. അവർ എതിർക്കുമ്പോൾ, അതിരപ്പള്ളിയിൽ പുതിയൊരു അണക്കെട്ടുപണിയുക എന്നത് അത്ര എളുപ്പമാവില്ല എന്നു സമാധാനിക്കാൻ വരട്ടെ. ഇത് Manufacturing Consent ന്റെ കൂടി കാലമാണല്ലോ. ഒരോ കുടുംബത്തിനും ഒരു കോടി വീതം കൊടുത്താലും 163 കോടിയല്ലേ വേണ്ടൂ? 1500 കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ, 140 ഹെക്ടർ കാട്ടിൽ നിന്ന്  ഒരു ലക്ഷം വൻ മരങ്ങൾ മുറിച്ചു വിൽക്കാനുള്ള സാഹചര്യം.. ഇതിനൊക്കെ വേണ്ടി വന്നാൽ 163 കുടുംബങ്ങളെ ഇല്ലാതാക്കാൻ കൂടി രാഷ്ട്രീയദല്ലാളുമാരും മാഫിയാസംഘങ്ങളും തയാറായേക്കും.

ഇത്തരം സാങ്കേതികപ്രശ്‌നങ്ങൾ മാറ്റിവെച്ചാലും അതിരപ്പള്ളിയിൽ അണക്കെട്ടു വന്നാൽ എന്താണ് കുഴപ്പം എന്ന ചോദ്യം ബാക്കി നിൽക്കുന്നു. എന്തിനാണ് ഏതൊരു വികസന പ്രവർത്തനങ്ങളേയും പരിസ്ഥിതിയുടെ പേരിൽ തടസ്സപ്പെടുത്തുന്നത് എന്ന ചോദ്യം സ്ഥിരമായി കേൾക്കുന്നതാണല്ലോ.

140 ഹെക്ടർ കാടു നശിക്കും എന്നതും അതിൽ 28.5 ഹെക്ടർ മനുഷ്യ സാന്നിധ്യം എത്താത്ത നിബിഢവനമാണ് എന്നതും, 1 ലക്ഷത്തിലധികം മരങ്ങൾ നഷ്ടപ്പെടും എന്നതും, വേഴാമ്പൽ അടക്കമുള്ള അപൂർവയിനം പക്ഷികളും മത്സ്യങ്ങളും ജന്തുക്കളും സസ്യങ്ങളും നശിക്കും എന്നതും സർക്കാരിനും ഇലക്ട്രിസിറ്റി വകുപ്പ് മന്ത്രിക്കും പ്രശ്‌നമേയല്ല. ഗാഡ്‌ഗിൽ കമ്മറ്റിയും കസ്‌തൂരി രംഗൻ കമ്മറ്റിയും അടക്കം നിരവധി കമ്മറ്റികൾ നടത്തിയ പരിസ്ഥിതി പഠനങ്ങളിൽ അതിരപ്പള്ളി വാഴച്ചാൽ പ്രദേശം അതീവ പ്രാധാന്യമർഹിക്കുന്ന പരിസ്ഥിതിലോല പ്രദേശമെന്നു കണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പാടില്ല എന്നു ശുപാർശ ചെയ്‌തതും മാർക്‌സിസ്റ് പാർട്ടിക്കും ഇടതു സർക്കാരിനും പ്രശ്‌നമല്ല.

1900ത്തിൽ 44.4 ശതമാനം ഉണ്ടായിരുന്ന കേരളത്തിലെ വനമേഖല 1983ൽ 14.7 ശതമാനമായി കുറഞ്ഞു എന്നതും, ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് അത് 9 ശതമാനമായി വീണ്ടും കുറഞ്ഞു എന്നതും സർക്കാറിനു പ്രശ്നമേയല്ല.

ശരി, ഇനി ഉൽപ്പാദിപ്പിക്കാൻ പോകുന്ന ഇലക്ട്രിസിറ്റി യുടെ കണക്കു പരിശോധിച്ചാലോ? 163 മെഗാവാട്ട് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള താണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന പവർ പ്ലാന്റ. പക്ഷേ ഡിസംബർ മുതൽ മെയ് അടക്കമുള്ള ആറു മാസം, ആകെ ശേഷിയുടെ 20 ശതമാനം മാത്രമേ ഉൽപ്പാദിപ്പിക്കാൻ കഴിയൂ. പുഴയിൽ അതിനുള്ള വെള്ളമേ കാണൂ എന്നാണ് കേരള പീപ്പിൾസ് സ്കൂൾ ഓഫ് എനർജി നടത്തിയ പഠനം തെളിയിക്കുന്നത്. അതായത് 35 മെഗാവാട്ട് വൈദ്യുതി. 3500 മെഗാവാട്ട് ആണ് കേരളത്തിന്റെ ആവശ്യം എന്ന് അറിയുമ്പോഴാണ് അതിന്റെ എത്ര ചെറിയ ഒരു അംശത്തിനു വേണ്ടിയാണ് വിലമതിക്കാനാവാത്ത പ്രകൃതി സമ്പത്ത് നശിപ്പിക്കുന്നത് എന്ന് മനസ്സിലാവുക ഇനി അഥവാ അതിരപ്പള്ളി പദ്ധതിയിൽ നിന്ന് പ്രതീക്ഷിക്കുന്ന അത്രയും വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിഞ്ഞാൽപ്പോലും അതിന്റെ മൂന്നിരട്ടിയാണ് ഓരോ വർഷവും കേരളത്തിന്റെ വൈദ്യുതിയുടെ ആവശ്യത്തിലുള്ളവർദ്ധനവ്. അങ്ങനെ വരുമ്പോൾ ഓരോ വർഷവും മൂന്നു വീതം അതിരപ്പള്ളികൾ ഉണ്ടാക്കാൻ കഴിഞ്ഞാലേ നമ്മുടെ ആവശ്യവുമായി പൊരുത്തപ്പെടൂ എന്നർത്ഥം.

ഏറ്റവും ചെലവു കുറഞ്ഞ വൈദ്യുതിയാണ് ജലവൈദ്യുതി എന്നാണ് ഇലക്ട്രിസിറ്റി ബോർഡിന്റെ മറ്റൊരു വാദം. കാരണം, കേരളത്തിൽ ജലവൈദ്യുതി ഉൽപ്പാദിപ്പിക്കാൻ യൂണിറ്റിനു 3 പൈസയാണത്രെ ചെലവ്. പുറമെ നിന്ന് വൈദ്യുതി വാങ്ങുമ്പോൾ യൂണിറ്റിന് നാലര രൂപയും ആറര രൂപയുമൊക്കെ ചെലവാകും.

പക്ഷേ അതിരപ്പള്ളി പദ്ധതിയുടെ നിർമ്മാണച്ചെലവ് 1500 കോടി രൂപയാകും എന്നു കരുതുന്നു. കൂടാതെ, ഈ പ്രദേശത്ത് അണക്കെട്ടുപണിതാൽ നശിക്കുന്ന ജൈവ സമ്പത്തിന്റെ വില കണക്കാക്കിയിരിക്കുന്നത് വർഷത്തിൽ 500 കോടിയെന്നാണ്. ഇതിന്റെ തുക ആരുടെ അക്കൗണ്ടിൽ പെടുത്തണം എന്ന്  ഇലക്ട്രിസിറ്റിബോർഡും അതിന്റെ തലപ്പത്തിരിക്കുന്ന മന്ത്രിയും മാത്രമല്ല ഇടതുപക്ഷ സർക്കാരും പറയേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ കേരളത്തിന്റെ സാഹചര്യത്തിൽ ഏറ്റവും ചെലവേറിയ വൈദ്യുതിയാകും അതിരപ്പള്ളിയിലെ വൈദ്യുതി എന്നർത്ഥം.

കേരളത്തിന്റെ ഊർജ ദൗർലഭ്യം ഇനി ജലവൈദ്യുത നിലയങ്ങൾ കൊണ്ട് പരിഹരിക്കാൻ കഴിയില്ല. അതിന് പ്രധാനമായും സൗരോർജത്തെ ആശ്രയിക്കുകയാണ് വേണ്ടത്. കാറുവാങ്ങിക്കാൻ പത്തുലക്ഷം ചെലവാക്കുന്നവർക്ക് വീട്ടിൽ സോളാർ പാനലു വെക്കാൻ ഒരു ലക്ഷം ചെലവാക്കാൻ കഴിയില്ല എന്നു കരുതാനാവില്ല. സർക്കാർ വിതരണം ചെയ്യുന്ന വൈദ്യുതിക്കുമേലുള്ള സമ്മർദ്ദം പരമാവധി കുറയ്ക്കാൻ കഴിയണം. സംസ്ഥാനത്തിലെ ഊർജോൽപ്പാദനത്തിന്റെയും വിതരണത്തിന്റെയും കുത്തകാവകാശം കെ എസ് ഇ ബി യിൽ നിന്ന് എടുത്തു മാറ്റുക. ഇലക്ട്രിസിറ്റി വകുപ്പ് മന്ത്രിയെ ഊർജ്ജ വകുപ്പു മന്ത്രിയാക്കുകയും സോളാർ അടക്കമുള്ള ഊർജ സ്രോതസ്സുകളുടെ വികസനത്തിന് ബജറ്റിൽ കൂടുതൽ തുക വിലയിരുത്തുകയും ചെയ്യുക. അണക്കെട്ടുപണിയാൻ ഉദ്ദേശിക്കുന്ന 1500 കോടി സോളാർ ഊർജ മേഖലയുടെ വികാസത്തിനു മാറ്റി വെച്ചാൽ കേരളത്തിന് അത്ഭുതങ്ങൾ സൃഷ്ടിക്കാനാവും

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നാണ് അതിരപ്പള്ളി വാഴച്ചാൽ വെള്ളച്ചാട്ടം. വർഷത്തിൽ 10 ലക്ഷം ടൂറിസ്റ്റുകൾ ഇവിടം സന്ദർശിക്കുന്നു എന്നാണ് കണക്ക്. ഈ പ്രദേശത്തിന്റെയും കേരളത്തിന്റെയും സാമ്പത്തിക ഘടനയിൽ വലിയ പങ്കുവഹിക്കുന്നുണ്ട് ഈ വെള്ളച്ചാട്ടവും ഇവിടത്തെ പരിസ്ഥിതിയും.  ഇലക്ട്രിസിറ്റി ബോഡ് എന്തൊക്കെ ന്യായീകരണങ്ങൾ പറഞ്ഞാലും അണക്കെട്ടു വന്നാൽ അതിരപ്പള്ളിയിലെ പ്രകൃതിദത്തമായ വെള്ളച്ചാട്ടം അതോടെ മരിക്കും എന്ന കാര്യത്തിൽ സാമാന്യബുദ്ധിയുള്ള ആർക്കും സംശയമുണ്ടാവില്ല.  പൈപ്പുലൈൻ വഴി, ബോർഡ് സൃഷ്ടിക്കുന്ന വെള്ളം കുടയൽ  നിലനിന്നേയ്ക്കാം. പക്ഷേ അതു കാണാൻ വേണ്ടി ഓടിക്കൂടാൻ മാത്രം മണ്ടൻമാരല്ലല്ലോ വിനോദസഞ്ചാരികൾ.

വികസനം എന്നത് ഇന്ന് കാട്ടു കള്ളന്മാർക്ക് എടുത്തണിയാവുന്ന ഏറ്റവും നല്ല മുഖം മൂടിയാണ്. മൂന്നാറിൽ കാടുകയ്യേറാൻ നേതൃത്വം കൊടുക്കുന്ന നേതാവിന് അതിരപ്പള്ളി ഒരു വിഷയമാവില്ല. പക്ഷേ അതിരപ്പള്ളിയിൽ അണക്കെട്ടുപണിതാലേ ഇടതുപക്ഷത്തിന് ഭരിക്കാനാവൂ എന്നുണ്ടെങ്കിൽ ആ ഭരണം തുടരേണ്ടതില്ല എന്നു തീരുമാനിക്കാൻ കേരളത്തിന്റെ നന്മയിലും നാളെയിലും താൽപര്യമുള്ള സാധാരണ ജനങ്ങൾക്കു കഴിയണം.

0 Comments

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2020. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account