കനലെരിയുമീ ജീവിതപ്പാതയിൽ,
പൊരുത്തമില്ലാതെ
പരസ്പരം, പഴിച്ചും പഴിചാരിയും
ഇഴപിരിഞ്ഞകലാതെ
പിരിഞ്ഞുപോകാതെ
പകച്ചുപോകാതെ
പതർച്ചയില്ലാതെ
പാതിമെയ്യും മനസ്സുമായി
ചേർച്ചയില്ലാതിനിയെത്രകാലം!

ഹാ!സഖീ, പിരിഞ്ഞകലുക,
ദുരിതപർവ്വങ്ങളിപ്പൊഴും
മഹാമേരുവായ് വഴിമുടക്കി-
ക്കിടക്കയാണല്ലയോ?

പ്രിയേ, നിനക്കായ് മാത്രമെൻ
നെഞ്ചകം കോറിപിളർന്ന്
പുഷ്പിച്ചൊരാചെമ്പനീർ
പൂക്കളാൽ നോവുമെന്നോർമ്മകൾ!

ഏകാന്തവീഥിയൽ
പോരാളിയാകവേ,
തേരാളിയായി വന്നു
ചാരത്തിരുന്നു; നീ!
ഊഴിയിൽ പൂണ്ടുപോയ്
ചക്രങ്ങളൊന്നാകെ
ഒക്കെയും വ്യർത്ഥമായ് –
ത്തീർന്നുവോ? ജീവിതരഥ്യയാം
നാൾവഴികൾ,
സ്വപ്നങ്ങളഭിലാഷങ്ങൾ…

വിജയപരാജയ
ദു:ഖദുര്യോഗങ്ങൾ
കൊട്ടി തകർത്തു തളർന്ന്,
നിശ്ചലം മൂകനിദ്രപൂണ്ടൊരു
ചെണ്ടപോൽ ജീവിതമീവിധം!

കരിന്തിരി കത്തിയണഞ്ഞ
നിൻ മിഴിവിളക്കുകൾ
തെളിക്കാതെ,
ഒക്കെയും കെട്ടകാലമെന്നോതി
പതിയെ പടിയിറങ്ങുക
പിൻവിളി കേൾക്കാതെ.

അഴലിൻ പെരുംചുഴിയിൽ
മുങ്ങിയും പൊങ്ങിയും
മുഴറിപിടയ്ക്കവെ-
യൊരു കച്ചിതുരുമ്പിന്റെ
കാരുണ്യമെങ്കിലും
കനിയാതിരിക്കുമോ?

വഴിപിഴച്ച് ദിശമറന്ന്
തൊഴിലുഴപ്പി നിലമറന്ന്
കരുണവററാകരളുമായി
കർമ്മഭൂമിയിൽ മനമുരുകി
പൊരുതി തോറ്റവൻ?!
കപടലോകത്തിൽ
പിടഞ്ഞു നൊന്തവനെങ്കിലും
നേരിന്നു നേരെ നെറികേടു-
കാട്ടാതെ, ജീവിതചുമരിൽ
ചരിതം രചിച്ചവൻ!

“ഈ സമയവും, കടന്നു
പൊയ്ക്കൊള്ളുമെന്നാ”-
ലേഖനം ചെയ്തു ഹൃദയഭിത്തിയിൽ,
ചേർത്തുവെച്ചൊരെന്നാശ്വാസവാചകം!
ഓരോ ചെറുതൃണവും
പെരുംവടംപോൽ നിനച്ച്
പിടിച്ചു പതിയെ
കയറാൻ ശ്രമിക്കവെ,
നിപതിക്കുന്നൂ, ഹതാശനായ്!

ഗതകാലസ്മൃതികളൊക്കെയും
ചവറ്റുകൊട്ടയിൽ
ചുരുട്ടി കൂട്ടിയിട്ടെരിച്ചുമൂടുക –
പ്രതീക്ഷകൾ
ചത്തപകലുപോൽ വിറങ്ങലിച്ചുവോ?

അന്തിചായുവാൻ സമയമായില്ല.
കനവുകൾ തച്ചുടയ്ക്കാതെ
പടിയിറങ്ങുക
പിൻവിളി കേൾക്കാതെ.
ഇരുകരങ്ങളിൽ കോർത്ത
മക്കൾതൻ പെരുവിരലുകൾ
മുറുകെ പിടിച്ചു കൊണ്ടഴലുകൾ
വേട്ടയാടാതെ പടിയിറങ്ങുക.

പിന്തുടരുക:
പുതിയ പാതകൾ..
മേച്ചിൽപുറങ്ങൾ..
വിഹായസ്സുകൾ..
ശാന്തിതീരങ്ങൾ..
കുളുർക്കാറ്റുമായ്
വരും പുലരികൾ
പകുത്തു നൽകുക..
ശുഭപ്രതീക്ഷതൻ
കർമ്മകാണ്ഡങ്ങൾ
കനവുവറ്റാതെ, കനിഞ്ഞുനൽകുക.

വേപഥു തീണ്ടിയമനസ്സിൽ
തിങ്ങുമോരോരോർമ്മകൾ
പിന്നെ, കനൽവഴികൾ താണ്ടിയ
ദു:ഖഭരിതമാം ദുരിതങ്ങളൊക്കെയും
എന്നേക്കുമായി
നീ മറന്നീടുക.

ഇനി തീമഴ പെയ്യാതിരിക്കണം
പച്ചപരവതാനിതന്നിട
നാഴിയിൽകൂടി
കുsപിടിച്ചൊപ്പംനടക്കുവാനെൻ
മക്കൾ തുണയായിരിക്കട്ടെ..
ഹർഷവർഷങ്ങൾ നിറഞ്ഞീ-
റൻവഴികളാൽ –
കുളിർക്കട്ടെ ,
നിൻ മനവും തനുവും
സപ്തനാഡിസ്പന്ദനങ്ങളും.

6 Comments
 1. Anil 4 years ago

  Good writing..

 2. Sandeep 4 years ago

  പടിയിറക്കാതെ കാത്തുകൂടെ?..

 3. Sunil 4 years ago

  ചേർച്ചയില്ലാതെ പടിയിറങ്ങാൻ പറയുന്നു.. ബദ്ധപ്പാടുകളിൽ ചർച്ചകൾ അകന്നുപോകുന്നു.. നന്നായിട്ടുണ്ട്..

 4. Haridasan 4 years ago

  നിനക്കായ് മാത്രമെൻ നെഞ്ചകം കോറിപിളർന്ന്… എന്നിട്ടും, ചേർച്ചയില്ലാതെ പടിയിറക്കുകയോ?

 5. Author
  sugathan Velayi 4 years ago

  പ്രിയ അനിൽ, സന്ദീപ്‌, സുനിൽ, ഹരിദാസ്:
  വായനയ്ക്കും അഭിപ്രായങ്ങൾക്കും ആസ്വാദനത്തിനും നന്ദി.
  മുൾക്കിരീടം ചൂടി വനവാസകാലത്തിന്റെ എല്ലാ അരിഷ്ടതകളും രുചിച്ച് കനൽപ്പാത
  താണ്ടി സ്വയം അഗ്നിയിൽ എരിഞ്ഞൊടുങ്ങുന്ന അഭിനവ സീതാ- രാമന്മാരുടെ അന്ത:സംഘർഷങ്ങൾ വരച്ചിടാനുള്ള ഒരു എളിയ ശ്രമമമായിരുന്നു ;
  ഈ കവിത.

 6. Retnakaran 4 years ago

  Good lines…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account