സമൂഹമാധ്യമങ്ങളെ ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ കൂടെ കിട്ടിയതാണ് ട്രോളുകള്‍. എത്ര ഗൌരവമേറിയ കാര്യത്തിനെയും ഹാസ്യത്തിന്‍റെ മേമ്പൊടി ചേര്‍ത്ത്, വ്യക്‌തികളുടെ ഭാവങ്ങള്‍ കോര്‍ത്തിണക്കി വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും വന്നു അവ നമ്മെ ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു. ഒരു സംഭവം നടന്നു നിമിഷങ്ങള്‍ക്കുള്ളില്‍ അത് സംബന്ധിച്ച വിവരങ്ങള്‍ തമാശയായി നമ്മുടെ പോക്കറ്റില്‍ എത്തുന്നത്‌ ചില്ലറ കാര്യമല്ല. ഇതിനു പിന്നിലുള്ള മിടുക്കരെ, നിങ്ങള്‍ക്കിതാ അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍!!

ഇനി വിഷയത്തിലേക്ക് കടക്കാം. ചിലയാളുകള്‍ക്ക്‌ നേരെ ട്രോളുകളുടെ ആക്രമണം അധികമായിപ്പോയി എന്ന് തോന്നിയിട്ടില്ലേ? ഷീല കണ്ണന്താനത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. അവരുടെ വാക്കുകളെ ‘പൊങ്ങച്ചം’ എന്നും ‘അൽപ്പത്തരം’ എന്നും പറഞ്ഞു സമൂഹ മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചു നടന്ന സമയം നമ്മളാരും മറന്നു കാണാന്‍ വഴിയില്ല. സണ്‍ ഗ്ലാസ്‌ ധരിച്ച ഷീല കണ്ണന്താനം ക്യാമറയ്ക്ക് മുന്നില്‍ നിന്ന് പറഞ്ഞ ഓരോ വാക്കും കേട്ട് കേരളത്തിലെ ആബാലവൃദ്ധം ജനങ്ങളും ലജ്ജിച്ചുവത്രേ! എന്നിട്ട് പിന്നീടതൊക്കെ ഫോണില്‍ വീണ്ടും വീണ്ടും കേട്ട് ചിരിച്ചുവത്രേ!

തൊട്ടതിനും പിടിച്ചതിനുമൊക്കെ ലജ്ജിക്കാനും പുച്ഛിക്കാനും നമ്മള്‍ മലയാളികളെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ. പ്രശ്‌നങ്ങളും, ദുരന്തങ്ങളും, വ്യാധികളും അടങ്ങാത്ത ഒരു സമൂഹത്തില്‍‌ നിസ്സംഗതയോടെ ഇതിനൊക്കെ സമയം കാണുന്ന സുഹൃത്തുക്കളെ, നിങ്ങള്‍ ‘വേറെ ലെവല്‍’ ആണ്!

ഇന്റെര്‍നെറ്റിലൂടെ ഇത്തിരിപ്പോന്ന കാര്യങ്ങളെ വൈറല്‍ ആക്കാന്‍ വേണ്ടി അഹോരാത്രം അവര്‍ പണിയെടുത്തു. പൊലിപ്പിച്ചും കൊഴുപ്പിച്ചും അവര്‍ അത് ആഘോഷമാക്കി. കുട്ടികളും വയസ്സായവരുമൊക്കെ കൂളിംഗ് ഗ്ലാസ്‌ വച്ച് ഡബ്സ്‍മാഷ് ചെയ്‌ത്‌ നമ്മെ കുടുകുടെ ചിരിപ്പിച്ചു. വായില്‍ തോന്നിയത് കോതക്ക് പാട്ട് എന്ന മട്ടില്‍ വിവാഹ ഫ്‌ളെക്‌സുകളിൽ പോലും ‘റിലാക്‌സേഷന്‍’ എന്ന വാക്ക് ഇടംപിടിച്ചു. ഇങ്ങനെ ആര്‍ത്തുവിളിച്ചു തിമിര്‍ക്കുമ്പോള്‍ ആരും ആ പാവത്തിനെ കുറിച്ചോര്‍ത്തില്ല. ഒരു റേഡിയോ ചാനലിനു അവര്‍ നല്‍കിയ അഭിമുഖത്തിലാണ് പിന്നീട് അവരുടെ വാക്കുകള്‍ കേട്ടത്. യാതൊരുവിധ ജാടയുമില്ലാത്ത ഒരു സാധുസ്‌ത്രീ എന്നാണ് എനിക്ക് തോന്നിയത്. സത്യപ്രതിജ്ഞ ചടങ്ങിന്റെ തിരക്കുകള്‍ക്ക് ശേഷം മാധ്യമങ്ങളെ നേരിട്ട ഒട്ടും ‘പ്രൊഫഷണല്‍’ അല്ലാത്ത ഒരു വീട്ടമ്മ. വിദ്യാസമ്പന്നയെങ്കിലും ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കാന്‍ തനിക്കു ബുദ്ധിമുട്ടുണ്ടെന്ന് ഒരു നാട്യവുമില്ലാതെ അവര്‍ പറഞ്ഞപ്പോള്‍ ഒരു പോങ്ങച്ചക്കാരിയുടെ സ്വരമോ ഭാവമോ അവര്‍ക്കില്ലായിരുന്നു. കഷ്‌ടപ്പെട്ട് ഇംഗ്ലീഷില്‍ മറുപടി പറഞ്ഞു വിവശയായി നില്‍ക്കുമ്പോഴാണ് ‘മാതൃഭൂമി’ ചാനലുകാര്‍ അവര്‍ക്ക് മുന്നില്‍ അവതരിക്കുന്നത്. ഭാഷയറിയാതെ അന്യനാട്ടില്‍ അകപ്പെട്ടുപോയ ഒരു മലയാളിക്ക് മുന്നില്‍ മറ്റൊരു മലയാളി വന്നു നിന്നാല്‍ തോന്നുന്ന ഒരു ആശ്വാസം അല്ലെങ്കില്‍ ‘റിലാക്‌സേഷൻ’ അത് മാത്രമേ അവര്‍ക്കും തോന്നിയുള്ളൂ. അത്രമാത്രമേ അവരും പറഞ്ഞുള്ളൂ. ക്യാമറ ഓണ്‍ ചെയ്‌തിട്ടില്ല എന്ന് ഉറപ്പുവരുത്തിയാണ് അവര്‍ മനസ്സ് തുറന്നു സംസാരിച്ചത്, ഒരു നാട്ടിൻപുറത്തുകാരിയുടെ നിഷ്‌കളങ്കതയോടെ, കൃത്രിമത്വമില്ലാതെ. അവരെ കബളിപ്പിച്ച്‌ പിന്നീട് പരിഹസിക്കാന്‍ വേണ്ടി ആ വാക്കുകള്‍ നമുക്ക് മുന്നില്‍ ഇട്ടുതന്ന ആ മലയാളി ക്യാമറയെയും മൈക്കിനെയും നമുക്ക് ന്യായീകരിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല.

ക്യാമറയ്ക്ക് മുന്നില്‍ വന്നു ഒരു ഉളുപ്പുമില്ലാതെ നുണ പറയാന്‍ കഴിവുള്ള സരിതയ്ക്ക് പോലും ഇത്ര കടുത്ത ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടാകില്ല. ഷീല കണ്ണന്താനം ഒരു സ്‌ത്രീ ആണെന്നും, കുത്തിയാല്‍ നോവുന്ന ഒരു ഹൃദയം അവര്‍ക്കുണ്ടെന്നും നമ്മള്‍ ഓര്‍ത്തതേയില്ല. കാരണം ഒരുവന്റെ ദുഃഖവും ആകുലതകളും കോമാളിത്തരമായി നോക്കിക്കണ്ട്‌ കൈകൊട്ടിചിരിക്കുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്.

‘ആരാന്റമ്മയ്ക്ക് ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല ചേല്’ എന്ന് പറഞ്ഞു മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുന്ന അൽപ്പത്തരം ഷീല എന്ന മാന്യ വനിതക്ക് അറിയില്ല. ചിലരങ്ങനെയോക്കെയാണ് സോദരി… മുറിപ്പെടുത്തിയെങ്കില്‍ മാപ്പ്.

-രാധിക അനൂപ്

8 Comments
 1. Babu Raj 12 months ago

  ട്രോളുകൾ ചിരിപ്പിക്കുമ്പോൾ തന്നെയും അതിരു കടന്നുപോകുന്നുണ്ട്, പലപ്പോഴും. അതേസമയം, ഷീല കണ്ണന്താനം കുറച്ചുകൂടി മിതത്വം പാലിക്കേണ്ടതായിരുന്നില്ലേ എന്ന് തോന്നുന്നു. പക്ഷെ, ട്രോളുകാർ വെറുതെ ആളെയിട്ടു കുടയുന്നത് കഷ്ടമാണ്

  • Radhika Anoop 11 months ago

   തീര്‍ച്ചയായും.പൂര്‍ണമായി യോജിക്കുന്നു.

 2. Vishnu 11 months ago

  നന്നായിട്ടുണ്ട്. ആരാന്റമ്മയ്ക്കു ഭ്രാന്തയായാൽ ആർക്കെന്തു ചേതം? അതുതന്നെയാണ് സോഷ്യൽ മീഡിയ വഴി ചില അതി ബുദ്ധികൾ ചെയ്യന്നതും.

 3. Anil 11 months ago

  Well said

 4. Sreeraj 11 months ago

  നന്നായിപ്പറഞ്ഞു… എങ്കിലും, സരിതയെ അങ്ങനെ പറയണോ?

 5. Radhika Anoop 11 months ago

  thank you.

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account