ഏതൊരു സ്ഥാപനത്തിനും അതിന്‍റെതായി നിഷ്‌കർഷിക്കപ്പെട്ടിട്ടുള്ള ഒരു സംസ്ക്കാരവും സ്വഭാവവുമുണ്ട്. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ കാര്യാലയങ്ങള്‍ എന്നിവിടങ്ങളില്‍ പാലിക്കപ്പെടേണ്ട ചട്ടങ്ങളേയും അച്ചടക്ക നിയമങ്ങളെയും കുറിച്ച് ഒരു പൗരന് നല്ല ബോധ്യമുണ്ടായിരിക്കും. കുട്ടികള്‍ക്ക് ഇത്തരം കാര്യങ്ങള്‍ അറിയില്ലെങ്കില്‍ മുതിര്‍ന്നവര്‍ പറഞ്ഞുകൊടുക്കാറുണ്ട്. അതുകൊണ്ട് തന്നെ ഒരു ഷോപ്പിംഗ്‌ മാളിലോ ഉത്സവപറമ്പിലോ പെരുമാറുന്നപോലെ ആരും വിദ്യലയങ്ങളിലോ ആരാധനാലയങ്ങളിലോ പെരുമാറാറില്ല. ഇത്രയൊക്കെ പറഞ്ഞതെന്തിനെന്നല്ലേ? അച്ചടക്കത്തിന്‍റെ കാര്യത്തില്‍ ഒരു ആശയക്കുഴപ്പം ചില അധ്യാപകര്‍ക്കുണ്ടായി. ഹൈക്കോടതി വരെയെത്തിയ, ദേശീയ മാധ്യമങ്ങള്‍ വരെ ചര്‍ച്ച ചെയ്‌ത ഈ ആശയക്കുഴപ്പം ഉണ്ടായത് തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെയിന്റ് തോമസ്‌ സ്‌കൂളിലെ ചില അധ്യാപകര്‍ക്കാണ്. കാര്യം പിടികിട്ടിയല്ലോ, അല്ലെ? സംഭവം നമ്മളെല്ലാരും വായിച്ചറിഞ്ഞതാണ്. കലോത്സവത്തില്‍ സമ്മാനര്‍ഹയായ പതിനൊന്നാം ക്ലാസ്സുകാരിയായ സുഹൃത്തിനെ പന്ത്രണ്ടാം ക്ലാസ്സുകാരന്‍ അഭിനന്ദിച്ചു. അഭിനന്ദിച്ചതിലൊന്നും ആര്‍ക്കും പരാതിയില്ല. പക്ഷെ അവന്‍ ആലിംഗനം ചെയ്‌താണ് അഭിനന്ദിച്ചത്. എന്താല്ലേ!! കാലം പോയ പോക്കേ!! എന്ന് ചിന്തിചിട്ടുണ്ടാവും ചിലര്‍. ഇതിലെന്താ ഇപ്പൊ ഇത്രയ്ക്ക് അന്തം വിടാനുള്ളത് എന്ന് മറ്റു ചിലര്‍. ഈ രണ്ടു കൂട്ടരുടെയും വൈരുധ്യ ചിന്തകളും, അച്ചടക്ക നിയമങ്ങളും, സംസ്ക്കാരവും, സദാചാരവാദവും എല്ലാം കൂട്ടിച്ചേര്‍ത്തു കാര്യം അങ്ങനെ വഷളാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരു മാലപ്പടക്കത്തിനു തിരി കൊളുത്തി അതില്‍ കുറെ മുളകുപൊടിയും കൂടെ ഇട്ടപോലെയായി കാര്യങ്ങള്‍.

ഏതു പ്രായത്തിലുള്ള കുട്ടിക്കും അവന്‍റെതായ ഒരു വ്യക്തിത്വവും കാഴ്ച്ചപ്പാടും ഉണ്ടായിരിക്കും. താന്‍ ചെയ്യുന്നത് ശരിയാണെന്ന് വാദിച്ച് കുട്ടികള്‍ വാശിപിടിക്കുന്നത് കണ്ടിട്ടില്ലേ. അവര്‍ക്ക് പറയാനുള്ളത് കൂടി നമ്മള്‍ കേട്ടേ പറ്റൂ. തീര്‍ത്തും അപ്രായോഗികവും അബദ്ധവും ആയ ധാരണകളെ തിരുത്താന്‍ രക്ഷിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും അവകാശവുമുണ്ട്. അതിനുപകരം അവരുടെ നാവരിഞ്ഞു കളയാമോ? തെറ്റ് ചെയ്യുന്ന കുട്ടികളെ തിരുത്താനും നേര്‍വഴിക്കു നടത്താനും അധ്യാപകര്‍ക്ക് സാധിക്കും. അതിനെ അങ്ങനെ സമീപിക്കാതെ ഹൈക്കോടതി വരെ എത്തിച്ച വൈരാഗ്യബുദ്ധിയുണ്ടല്ലോ അതാണെന്നെ ഞെട്ടിച്ചുകളഞ്ഞത്‌. കുട്ടികള്‍ ദുരുദ്ദേശ്യത്തോടെയാണ് കെട്ടിപ്പിടിച്ചതെങ്കില്‍ അവര്‍ എന്തിനു ജനമധ്യത്തില്‍ ഇത് ചെയ്‌തു? അവര്‍ക്ക് സ്വകാര്യ ഇടങ്ങള്‍ തേടിപ്പോകാമായിരുന്നില്ലേ? സഭ്യമായ കെട്ടിപ്പിടിക്കല്‍ എത്ര മിനിട്ട്, അല്ലെങ്കില്‍, എത്ര സെക്കന്റ്‌ വരെയാകാം എന്ന് ഋഷിരാജ് സിങ്ങിനെപ്പോലെ ഉത്തരവാദിത്തമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥനോട് ചോദിക്കേണ്ടി വരുമോ എന്നാണ് എന്‍റെ ശങ്ക.

പിന്നെ ഒരു കാര്യമുണ്ട് കേട്ടോ. പൊതുവേ നമ്മള്‍ മലയാളികള്‍ക്ക് വികാരഭരിതമായ സ്‌നേഹപ്രകടനങ്ങളോട് അല്‍പ്പം അകല്‍ച്ച പാലിക്കുന്ന മനോഭാവമുണ്ട്. അതായത് ഒരു കുട്ടി തനിക്കു കിട്ടിയ സമ്മാനവുമായി വീട്ടിലെത്തുമ്പോള്‍ അവനെ / അവളെ കെട്ടിപ്പിടിച്ചു അഭിനന്ദിക്കുന്ന ഒരു പ്രവണത എല്ലാ വീടുകളിലുമില്ല. നല്ല വാക്ക് പറഞ്ഞാല്‍, ഒന്ന് സ്‌നേഹത്തോടെ കെട്ടിപ്പിടിച്ചാല്‍ അത് അമിത ലാളനയാണെന്ന് കരുതുന്ന മാതാപിതാക്കളെ എനിക്ക് വ്യക്തിപരമായി അറിയാം. മാതാപിതാക്കള്‍ അത് ചെയ്‌തില്ലെങ്കില്‍ കുട്ടികള്‍ അവര്‍ക്ക് മുന്നില്‍ വച്ച് നീട്ടപ്പെടുന്ന കപടസ്‌നേഹബന്ധങ്ങളിലേക്ക് പെട്ടെന്ന് ആകര്‍ഷിക്കപ്പെടും. കേരളത്തിലെ മാതാപിതാക്കള്‍ തെത്സുകോ കുറോയനകിയുടെ ‘ടോട്ടോച്ചാന്‍’ വായിച്ചിരുന്നെങ്കില്‍, അധ്യാപകര്‍ അതിലെ കൊബായാഷി മാസ്റ്ററിനെപ്പോലെ ചിന്തിച്ചിരുന്നെങ്കില്‍ എത്ര നല്ലതായിരുന്നു. എത്ര സുന്ദരമായ നടക്കാത്ത സ്വപ്‌നം!! എന്നാല്‍ ചില രക്ഷിതാക്കള്‍ വ്യത്യസ്‌തരാണ്. കുട്ടികളെ നല്ല വാക്കോ നോട്ടമോ സ്‌പര്‍ശമോ നല്‍കി ഒന്ന് ചേര്‍ത്തുപിടിച്ചു മുന്നോട്ടു നയിക്കാന്‍ അവര്‍ മടിക്കുന്നില്ല. ഇത്തരം സാഹചര്യങ്ങളില്‍ ജീവിച്ചു ശീലിച്ച കുട്ടികള്‍ക്ക് ഒരു അഭിനന്ദന-ആലിംഗനം അശ്ലീലമാണെന്നു തോന്നില്ല. അതേപോലെ സ്‌കൂളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്‌പരം ആശ്ലേഷിച്ചു സന്തോഷം പങ്കിടുന്നത് സദാചാരം വായിലിട്ടു ചവച്ചു തുപ്പുന്ന, അസൂയ മനസ്സിലൊളിപ്പിക്കുന്ന ഒരു സമൂഹത്തിനു പരിചയമുണ്ടാകില്ല. ഇത്തരം ഒരു സാമൂഹിക അവസ്ഥ നിലനില്‍ക്കെ ആണും പെണ്ണും കെട്ടിപ്പിടിച്ചാല്‍ (അവര്‍ കുട്ടികളാണെങ്കില്‍ പോലും) അതില്‍ കുറച്ചു അശ്ലീലം ചേര്‍ത്ത് മസാലയാക്കി കാണാനാണ് ഭൂരിഭാഗം ജനങ്ങള്‍ക്കും ഇഷ്‌ടം.

ഇത്രയൊക്കെ പറഞ്ഞ സ്ഥിതിക്ക് ആ ടീച്ചറിന്‍റെ ഭാഗത്ത്‌ നിന്ന് കൂടി ചിന്തിച്ചാലോ. ഒരു സ്‌കൂളിലെ അച്ചടക്ക വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇത് ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല എന്നും, ചിലരൊക്കെ ഇത്തരം സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നും ടീച്ചറിന് തോന്നുന്നുവെങ്കില്‍ തെറ്റില്ല. അങ്ങനെയെങ്കില്‍ അവരെ സ്വകാര്യമായി ഉപദേശിക്കുകയോ താക്കീത് നല്‍കുകയോ ചെയ്യാമായിരുന്നു. എന്നിട്ടും തൃപ്‌തി വന്നില്ലെങ്കില്‍ രക്ഷിതാക്കളെ അറിയിച്ചു വിശദീകരണം തേടാമായിരുന്നു. എന്നിട്ടും ഫലമില്ലെങ്കില്‍ പ്രിന്‍സിപ്പള്‍ ഇടപെട്ടു പ്രശ്‌നം പരിഹരിക്കാമായിരുന്നു. അതിനുപകരം സ്‌കൂളില്‍ നിന്നും പുറത്താക്കി അവരുടെ ഭാവി തന്നെ ഇരുട്ടിലാക്കുന്ന നിന്ദ്യമായ നടപടി സ്വീകരിച്ചു. കുട്ടികള്‍ കരഞ്ഞു പറഞ്ഞിട്ടും അവരുടെ പ്രായമോ മാനസികാവസ്ഥയോ കണക്കിലെടുത്തില്ല. തുടര്‍ന്ന് പഠിക്കാനായി ബാലാവകാശ കമ്മീഷന്‍റെ ഉത്തരവുണ്ടായിട്ടും ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങി. ഇത്രയേറെ അപമാനിക്കാനും ഒറ്റപ്പെടുത്താനുമായി അവര്‍ എന്താണ് ചെയ്‌തത്? അവരെ നിരന്തരം വേട്ടയാടലായിരുന്നു പിന്നെ. സമൂഹ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയും വേറെ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാനുള്ള പഴുതുകള്‍ അടച്ചും ഒരു സാഡിസ്റ്റ് മനോഭാവം കാണിച്ചു. ആ ടീച്ചറുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാന്‍ തോന്നുന്നത് ഇതൊക്കെ കേള്‍ക്കുമ്പോഴാണ്. മൊത്തത്തില്‍ ഒരു അടിച്ചുതളി ആണ് വേണ്ടതെങ്കില്‍ ക്ലാസ്സില്‍ മദ്യപിച്ചു വരുന്ന, മയക്കു മരുന്നിനടിമയായ , ക്ലാസ്സിലിരുന്നു പോണ്‍ ചിത്രങ്ങള്‍ കാണുന്നവരെ തിരഞ്ഞു പിടിക്കൂ. അവരെ പുറത്താക്കു. അങ്ങനെ ചെയ്‌താല്‍ ഒരുപക്ഷെ ഫീസിനത്തില്‍ കുറവ് വന്നേക്കാം, അല്ലെ? അത്തരം സന്ദര്‍ഭങ്ങളില്‍ മൗനം വിദ്വാനു ഭൂഷണം. ഇതേ സ്‌കൂളില്‍ പഠിച്ച ഒരു വിദ്യാര്‍ത്ഥിനി സമൂഹ മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പ് ചിലരെങ്കിലും കണ്ടു കാണും. അതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞത് ഇത്തരം സദാചാര ആക്രമണങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട് എന്നാണ്. പക്ഷെ ഇത്തരത്തില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ സംഭവം ഇതാദ്യമായിരിക്കും.

ഇനിയിപ്പോള്‍ എന്താണ് ചെയ്യാന്‍ പറ്റുക. ശശി തരൂര്‍ സമയോചിതമായി ഇടപെട്ടു കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നേടിക്കൊടുത്തു. ആശ്വാസം. പക്ഷെ നഷ്‌ടമായ ക്ലാസ്സുകളെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ എന്താണ് പറയുന്നത്? വളരെ നിര്‍ണായകമായ ഈ അധ്യയന വര്‍ഷത്തില്‍ അവരെ സഹായിക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? അവരെ അപമാനിച്ചും പരിഹസിച്ചും ഒറ്റപ്പെടുത്തിയും രസിച്ചവര്‍ക്ക് ഒരു മാപ്പ് പറയാനെങ്കിലും ഉള്ള സന്മനസ്സുണ്ടാകുമോ ? അവസാനമായി ഒന്ന് ചോദിച്ചോട്ടെ, ടീച്ചര്‍. തെറ്റാണെങ്കില്‍ ക്ഷമിക്കണം. ഇതില്‍ ഏതെങ്കിലും ഒരു കുട്ടി നിങ്ങള്‍ നൊന്തു പെറ്റതാണെങ്കില്‍ ഇത്രയ്ക്കു കൊട്ടിഘോഷിക്കുമായിരുന്നോ?

മലയാളി സുഹൃത്തുക്കളെ… ഒരു ‘ആലിംഗന സമര’ത്തിന്റെ മണം അടിക്കുന്നുണ്ട്. ആസന്ന ഭാവിയില്‍ അത് ഉണ്ടായേക്കാം. ബാല്യത്തില്‍ എന്നെ ഏറെ സ്വാധീനിച്ച, ടോട്ടോച്ചാന്റെ വായനാനുഭവം പകര്‍ന്ന സന്ദേശം പങ്കുവയ്ക്കട്ടെ. “ നൂറുപൂക്കള്‍ വിരിയട്ടെ. ആയിരം ചിന്താപദ്ധതികള്‍ നമ്മിലുയരട്ടെ“. ഏവര്‍ക്കും പുതുവത്സര ആശംസകള്‍ !

-രാധിക അനൂപ്

2 Comments
  1. Eugene Thomas 4 years ago

    Very Nice Article Radhika.
    Well written….!!

  2. Anil 4 years ago

    Good note…

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

jwalanam-mal-logo

About us | FAQ | Terms of use | Contact us

Copyright 2021. All Rights Reserved.| Designed & Developed by Midnay

Forgot your details?

Create Account