എന്‍റെ കുട്ടിക്കാലത്ത് ഞങ്ങളുടെ വീടിനു മുന്നില്‍ വന്നു നിന്ന് എന്‍റെ അച്ഛനെ സ്ഥിരമായി തെറി വിളിക്കുന്ന ഒരു മദ്യപാനിയുണ്ടായിരുന്നു. അയാളുടെ മൂന്നു കുട്ടികളെയും സ്‌കൂളില്‍ അക്ഷരം പഠിപ്പിച്ചു എന്നതൊഴിച്ചാല്‍ വ്യക്‌തിപരമായി അയാളുമായി സൗഹൃദമോ ശത്രുതയോ അച്ഛനുണ്ടായിരുന്നില്ല. എന്നിട്ടും അയാള്‍ നിരന്തരം ഈ അസഭ്യവര്‍ഷം നടത്തിക്കൊണ്ടേയിരുന്നു. കാര്യമായി പ്രതികരണമൊന്നും കിട്ടാതെയായപ്പോള്‍ പത്തിമടക്കി അച്ഛനോട് ഒരു സലാം പറഞ്ഞു പുള്ളി സ്ഥലം വിട്ടു. ആ വഴി പിന്നെ കണ്ടിട്ടില്ല. കുറച്ചു നാളുകള്‍ക്കു ശേഷം ഈ വ്യക്‌തിയെ ഞാന്‍ കാണുകയുണ്ടായി. വേറൊരാളുടെ വീട്ടുമുറ്റത്ത്‌, ആ വീട്ടിലെ ഗൃഹനാഥനെ ആസ്വദിച്ച് ചീത്തവിളിക്കുന്നു. അന്വേഷിച്ചപ്പോഴാണറിഞ്ഞത്, അയാള്‍ക്ക്‌ ഒരു വിചിത്ര സ്വഭാവമുണ്ടത്രേ. മദ്യം ഉള്ളില്‍ ചെന്നാല്‍ ആരെയെങ്കിലും ചീത്ത വിളിക്കണം. ആരെയും കിട്ടിയില്ലെങ്കില്‍ കവലയില്‍ സ്ഥാപിച്ച ഇന്ദിരാഗാന്ധിയുടെ പ്രതിമയെയെങ്കിലും “നാടുമുടിപ്പിച്ചവള്‍” എന്ന് പറഞ്ഞില്ലെങ്കില്‍ അയാള്‍ക്ക്‌ സമാധാനമാവില്ല. ചീത്തവിളി കേള്‍ക്കുന്ന ആള്‍ സഹികെട്ട് അടി കൊടുക്കുന്നവരെ, അല്ലെങ്കില്‍ സ്വയം ബോറടിക്കുന്നവരെ അയാള്‍ ഇത് തുടരും. ഇത്തരം ആളുകള്‍ എല്ലായിടത്തുമുണ്ട്. ആരെയെങ്കിലും കുറിച്ച് മോശമായി പറഞ്ഞില്ലെങ്കില്‍ തനിക്ക് നിലവാരമില്ല, പ്രതികരണ ശേഷിയില്ല എന്നൊക്കെ മറ്റുള്ളവര്‍ കരുതുമോ എന്ന് ചിന്തിക്കുന്നവര്‍.

വി.ടി ബല്‍റാം ഒരിക്കലും ആ ഗണത്തില്‍ ചേര്‍ക്കപ്പെടേണ്ട ആളായിരുന്നില്ല. പക്ഷെ, ഇപ്പോള്‍ അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന വാചകക്കസര്‍ത്ത് കാണുമ്പോള്‍ എനിക്ക് മറിച്ച് ചിന്തിക്കാനാണ് തോന്നുന്നത്. വി ടി ബല്‍റാം എന്ന പൊതുപ്രവര്‍ത്തകനെ ചില വേറിട്ട നിലപാടുകളുടെയും കാഴ്ച്ചപ്പാടുകളുടെയും അടിസ്ഥാനത്തില്‍ വളരെ ബഹുമാനത്തോടെ കാണുന്നു.

രാഷ്‌ട്രീയ രംഗത്തും സാമൂഹിക രംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് നാക്ക് പിഴക്കുന്നത്‌ സാധാരണയാണ്. പറഞ്ഞത് തെറ്റായിപ്പോയി എന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ ഒന്ന് പുനര്‍ചിന്തനം നടത്തുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് എ.കെ.ജിയെപ്പോലെ ഒരു ആരാധ്യ വ്യക്‌തിയെ ഓര്‍ത്തെടുക്കുമ്പോള്‍.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ പോലും വളരെ ആദരണീയനായി കാണുന്ന സഖാവ് എ.കെ.ജി ഒരിക്കലും വിമര്‍ശനാതീതനല്ല. സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാന്‍ ഏതൊരു വ്യക്‌തിയെപ്പോലെ താങ്കള്‍ക്കും അവകാശമുണ്ട്. എന്ന് കരുതി, ഒരാളെ ഇങ്ങനെയങ്ങു പറഞ്ഞേക്കരുത്. പീഢനം എന്ന വാക്ക് ഉച്ഛരിക്കുന്നത് സൂക്ഷിച്ചു വേണം, ശ്രീ ബല്‍റാം. പ്രത്യേകിച്ച് ബാലപീഢനം അത്ര നിസ്സാരവല്‍കരിക്കരുത്. കുഞ്ഞുങ്ങള്‍ക്ക് തന്നെ ബാല്യത്തില്‍ പീഢിപ്പിച്ച വ്യക്‌തിയോട് പ്രണയം അല്ല തോന്നുക. കുഞ്ഞുങ്ങളുടെ ദുഖങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും നമ്മള്‍ അറിയുന്നതിനേക്കാള്‍ ആഴവും വ്യാപ്‌തിയുമുണ്ട്. ഒരു വിരല്‍ ചൂണ്ടി ഒരാളെ കുറ്റപ്പെടുത്തുമ്പോള്‍ ബാക്കി നാലു വിരലുകളും സ്വന്തം ഹൃദയത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ കേട്ടില്ലെന്നു നടിക്കരുത്.

എ.കെ.ജി എത്ര ജനസമ്മിതിയുള്ള ആളായിരുന്നുവെന്നും, തന്ത്രപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊണ്ട് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ, കേരളത്തിന്‍റെ തന്നെ ചരിത്രം തിരുത്തിയ നേതാവാണെന്നും താങ്കള്‍ക്കു അറിയാത്ത കാര്യമൊന്നുമല്ലല്ലോ. അദ്ദേഹത്തിന്‍റെ ആത്‌മകഥയിലെ വരികളെയല്ല, വരികള്‍ക്കിടയിലെ അദൃശ്യമായ വേറെ എന്തോ ഒന്നാണ് താങ്കള്‍ കണ്ടിരിക്കുന്നത്. ചരിത്രങ്ങളില്‍ നിന്നും പായലടരുകള്‍ മാത്രം ചുരണ്ടിയെടുക്കുന്ന ദോഷൈകദൃക്കിന്‍റെ നിലവാര തകര്‍ച്ചയിലേക്ക് ബല്‍റാം എത്തി നില്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു. താങ്കള്‍ എ.കെ.ജി യുടെ സമകാലികനല്ലല്ലോ. പിന്നെ അദ്ദേഹത്തെക്കുറിച്ചുള്ള അറിവുകളെ തിരഞ്ഞു പിടിച്ചു ഫേസ്ബുക്കില്‍ പതിപ്പിച്ചു സമയം പാഴാക്കുന്നതിനേക്കാള്‍ നല്ലത് കുഞ്ഞുങ്ങളെ വലവീശി നടത്തിപ്പോന്ന ആ പെണ്‍വാണിഭ സംഘത്തെ എങ്ങനെ വകവരുത്താം എന്ന് ചിന്തിക്കുന്നതല്ലേ. കുറെ കുഞ്ഞുങ്ങളെങ്കിലും രക്ഷപ്പെടട്ടെ. ബാലരതി ആസ്വദിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, ആ നാണം കെട്ടവൻമാരെ പുറത്തുകൊണ്ടു വരൂ. എന്നിട്ട് ഉറക്കെ വിളിക്കൂ, ‘ബാലപീഢകര്‍’ എന്ന്.

ഇക്കണക്കിനു പോയാല്‍ മഹാത്‌മാഗാന്ധിയെപ്പോലും നിങ്ങള്‍ വെറുതെ വിടില്ല എന്ന് എങ്ങനെ കരുതാം? ബാല്യത്തില്‍ വിവാഹിതനായ അദ്ദേഹത്തിനെതിരെ ചൈല്‍ഡ് മാര്യേജ് ആക്റ്റ് പ്രകാരം കുറ്റം ചുമത്തുമോ? പ്രിയ ഗാന്ധിജി, അങ്ങ് കമ്മ്യൂണിസ്റ്റ്‌ ആവാഞ്ഞത്‌ ഭാഗ്യം. ഇപ്പോള്‍ വി.എസ്സിനെതിരെ തിരിഞ്ഞിരിക്കുന്നു, ബല്‍റാം. മരിച്ചുപോയ ഒരാളെക്കുറിച്ച് അപവാദം പറയുന്നതിനേക്കാള്‍ നല്ലതല്ലേ ജീവിച്ചിരിക്കുന്ന ഒരാളെ ആക്രമിക്കുന്നത്. അതാവുമ്പോള്‍ അദ്ധേഹത്തിന്റെ പ്രതികരണം കണ്ടു രസിക്കാമല്ലോ!

നിങ്ങള്‍ വന്നു വോട്ടു ചോദിച്ചപ്പോള്‍ എന്തൊക്കെയോ ചെയ്യാം എന്ന് പറഞ്ഞിരുന്നില്ലേ? ആ… അതുതന്നെ, തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍. അതൊക്കെ ചെയ്‌തു കഴിഞ്ഞിരിക്കും, അല്ലെ? അതാണല്ലോ ഇത്ര സമയ ധാരാളിത്തം. എന്‍റെ വീടുള്ളത് തൃത്താല മണ്ഡലത്തിലല്ല. അതുകൊണ്ടുതന്നെ അറിയാനുള്ള ആകാംക്ഷ ഞങ്ങള്‍ക്കുമുണ്ട്. നിങ്ങള്‍ക്കൊക്കെയെ വികസനം കൊണ്ടുവരാന്‍ പറ്റുകയുള്ളൂ. ഈ സമയം അതിനായി വിനിയോഗിച്ചാല്‍ വോട്ടു ചെയ്‌തുപോയല്ലോ എന്നോര്‍ത്ത് ദുഖിക്കാതെയെങ്കിലും ഇരിക്കാമായിരുന്നു.

നിങ്ങള്‍ എത്രയൊക്കെ പണിപെട്ടാലും എ.കെ.ജിയ്ക്കോ മറ്റു നേതാക്കള്‍ക്കോ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. മീന്‍ ചത്താല്‍ തവള ചാവും വരെ. തവള ചത്താല്‍ പാമ്പ് ചാവും വരെ. ഇനി പാമ്പും ചത്താലോ? ഗരുഡന്‍ ഉണ്ടല്ലോ, അല്ലെ? അത്രയേയുള്ളൂ. രാഷ്‌ട്രീയത്തിലാണോ വാര്‍ത്തകള്‍ക്ക് പഞ്ഞം!!

-രാധിക അനൂപ്

8 Comments
 1. Sasidharan 9 months ago

  It is really unfortunate to see such statements and controversies. It has been a habit for the politicians to make such statements and then blame it to their tongue. Sad….

  An young legislator like Mr. Balram must not have made that statement. They have better things to do. It was totally uncalled for…

  • രാധിക അനൂപ്‌ 9 months ago

   well said…they are challenging our trust by making such statements

 2. Sreenath 9 months ago

  നന്നായി എഴുതി. അനാവശ്യമായ പ്രസ്താവനകൾ ഒഴിവാക്കേണ്ടത് തന്നെയാണ്.

  • രാധിക അനൂപ്‌ 9 months ago

   thank you

 3. മനോജ് 9 months ago

  അധർമ്മത്തിനെതിരെ മനസ്സിലിരമ്പിയ തീഷ്ണമായ വികാരത്തിൻ്റെ ശക്തമായ പ്രതികരണം… വളരെ നല്ല വാക്പ്രയോഗം…. അവസാനം വരെ വായിക്കുവാനുള്ള ഒരു ആകാംക്ഷ.. നടക്കുന്ന അനീതിക്കെതിരെ ഉള്ള പ്രതികരണം അതാണ് ഒരാളെ നല്ല എഴുത്തുകാരനാക്കുന്നതു….

  രാധിക ഒരു പാർട്ടി അനുഭാവി അല്ല എന്നുകൂടി വിശ്വസിച്ചോട്ടെ?

  • രാധിക അനൂപ്‌ 9 months ago

   ശ്രീ മനോജ്‌…നന്ദി

   പാര്‍ട്ടിയെക്കാളുപരി പ്രസ്ഥാനത്തില്‍ എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്. എന്ന് കരുതി അന്ധമായ വിശ്വാസം അധികാരം മോഹിച്ചു നടക്കുന്ന വ്യക്തികളിന്മേലില്ല. രാഷ്ട്രീയപരമായ ഏതൊരു കാര്യത്തെയും നിക്ഷ്പക്ഷമായി കാണാനും വിലയിരുത്താനും ആണ് എനിക്കിഷ്ടം. നല്ലത് ആര് ചെയ്താലും നന്നെന്നു പറയണം എന്ന് വിശ്വസിക്കുന്നു.

 4. Jayachandran 9 months ago

  നല്ല കാഴ്ച്ചപ്പാടുകൾ.

 5. Baburaj 9 months ago

  Well written.. agree with your views..

Use social login to comment

Leave a reply

Your email address will not be published. Required fields are marked *

*

Subscribe to our newsletter

jwalanam-mal-logo

+91 89040 40082

About us | FAQ | Terms of use | Contact us

Copyright 2018. All Rights Reserved.

Forgot your details?

Create Account