‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്‘, കുറച്ചു നാളുകളായി നാം നിരന്തരം കേട്ടുകൊണ്ടിരിക്കുന്ന, കേരളത്തിലെ മനുഷ്യമനസ്സുകളില്‍ പ്രതിധ്വനിച്ചുകൊണ്ടിരിക്കുന്ന മുദ്രാവാക്യം. ഞാന്‍ ഇതെഴുതുമ്പോള്‍ ശ്രീജിത്തിന്റെ സമരം 767 ദിവസം പിന്നിട്ടിരിക്കുന്നു. നീതിക്കുവേണ്ടിയുള്ള ഈ ചെറുപ്പക്കാരന്റെ ഒറ്റയാള്‍ പോരാട്ടം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ജനങ്ങളൊന്നാകെ ശ്രീജിത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. ഓണ്‍ലൈനിലും ഓഫ് ലൈനിലും ചര്‍ച്ചാവിഷയമായ ശ്രീജിത്ത് അന്യായമായി ഒന്നും ആവശ്യപ്പെടുന്നില്ല, അവകാശപ്പെടുന്നുമില്ല. നീതിയുക്തമായ ഒരേ ഒരു ചോദ്യം. ഭരണമോഹികളെ, ക്ഷമിക്കണം ഭരണാധികാരികളെ, ശ്രീജിവിന്റെ കൊലപാതകികളെ നിങ്ങള്‍ എന്ത് ചെയ്യാന്‍ പോകുന്നു?
2014ല്‍ നടന്ന ഒരു പഴങ്കഥയാണിത്, ഇപ്പോള്‍ ഉത്തരം കിട്ടാ കടംകഥയായിരിക്കുന്നു. ഒരു തെറ്റും ചെയ്യാത്ത, യാതൊരു വിധ ക്രിമിനല്‍ പശ്ചാത്തലവുമില്ലാത്ത ഒരു ചെറുപ്പക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നു. വിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ച ശ്രീജിവിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണം സംഭവിക്കുകയും ചെയ്യുന്നു. സഹോദരന് ശ്രീജിത്തിനു ഉറപ്പായിരുന്നു, ഇത് ആത്മഹത്യയല്ലെന്ന്. ശ്രീജിവിന്റെ ശരീരത്തിലെ മുറിപ്പാടുകളും ക്ഷതങ്ങളും ആ വിശ്വാസത്തിനു ബലം കൂട്ടി. പക്ഷെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പോലീസിന് അനുകൂലമായിരുന്നു. തുടരന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത്ത് നല്കിയ പരാതി പോലീസ് കംപ്ലൈന്റ് അതോറിറ്റി സ്വീകരിക്കുകയും പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തു. പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി കിട്ടിയതൊഴിച്ചാല്‍ വേറെ നടപടികള്‍ ഒന്നും ഉണ്ടായില്ല. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും വിവരങ്ങള്‍ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. അവിടെ നിന്നാണ് ശ്രീജിത്തിന്റെ പോരാട്ടം ആരംഭിക്കുന്നത്.
ഉത്തരവുണ്ടായിട്ടും അത് നടപ്പിലാക്കാത്തതെന്തെന്ന ചോദ്യത്തിന് ഭരണാധികാരികള്‍ക്ക് ഒന്നും പറയാനില്ല. കേസ് സിബിഐ യെക്കൊണ്ട് പുനരന്വേഷിപ്പിക്കണം എന്ന് സംസ്ഥാന ഗവൺമെന്റിന്റെ ആവശ്യം കേന്ദ്ര ഗവൺമെന്റ് നിരാകരിച്ചു. പ്രതിസ്ഥാനത്ത് പോലീസ് ആകുമ്പോള്‍ കാര്യങ്ങള്‍ സ്വാഭാവികമായ രീതിയിലാവില്ല എന്നുറപ്പ്. അപ്പോള്‍ കസ്റ്റഡി മരണങ്ങള് എങ്ങനെയാണ് അന്വേഷിക്കപ്പെടെണ്ടത്, അന്വേഷണ രീതികളില്‍ എന്തൊക്കെ നിയമവശങ്ങള്‍ പരിഗണിക്കണം എന്നൊക്കെ വിശദമായി പഠിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ഒന്ന് കൂടി തെളിച്ചു പറയാനായി ഒരു എട്ടുവര്‍ഷം പുറകോട്ടു പോകേണ്ടിയിരിക്കുന്നു.
പുത്തൂര്‍ ഷീല വധക്കേസ് ഓര്‍മ്മയുണ്ടോ? സമ്പത്ത് എന്നയാള്‍ ഷീല എന്ന 47കാരിയെ പൈശാചികമായി കഴുത്തറുത്തു കൊല്ലുകയും ഷീലയുടെ 70 വയസ്സുള്ള അമ്മയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത വിവരം ഞെട്ടലോടെയാണ് നമ്മള് കേട്ടത്. കുറ്റം ചെയ്ത സമ്പത്ത് പോലീസ് പിടിയിലാകുകയും രണ്ടു ദിവസത്തിനുള്ളില്‍ മരണമടയുകയും ചെയ്തു. ഹൃദയാഘാതമായിരുന്നു മരണകാരണം എന്ന പോലീസ് വാദം പൊളിച്ചടുക്കാന്‍ ഒരുപാട് ബുദ്ധിമുട്ടേണ്ടി വന്നില്ല. പോലീസ് മര്‍ദനമേറ്റ് മരണമടഞ്ഞ ആ ക്രിമിനലിന്റെ മനുഷ്യാവകാശമായി പിന്നത്തെ പ്രധാന വിഷയം. പോലീസിന്റെ മൂന്നാംമുറയെ തലങ്ങും വിലങ്ങും വിമര്‍ശിച്ച ജുഡിഷ്യറി IPC 302 ആം വകുപ്പ് പ്രകാരം 14 പോലീസുകാര്‍ക്കെതിരെയുള്ള കുറ്റപത്രം ശരിവച്ചു. കൊടുംക്രിമനലും സമൂഹത്തിനു ഒരു നയാപൈസയുടെ ഉപകാരമില്ലാത്തവനുമായ സമ്പത്തിനെ കസ്റ്റഡിയില്‍ എടുത്ത പോലീസുകാര്‍ക്ക് ഉടന്‍ തന്നെ ശിക്ഷ ലഭിച്ചു. മനുഷ്യാവകാശ നിയമങ്ങള്‍ ഒരു കുരുക്കായിതീര്ന്ന അവസ്ഥ നമ്മള് നിസ്സഹായതയോടെ കണ്ടു. പക്ഷെ ഒരു കാരണവശാലും സമ്പത്തിനെയും ശ്രീജിവിനെയും താരതമ്യം ചെയ്യാന്‍ പറ്റില്ല, രണ്ടുപേരുടെയും കസ്റ്റഡി മരണമാണെന്നതൊഴിച്ചാല്. കേരളത്തിലെ കസ്റ്റഡി മരണങ്ങളെക്കുറിച്ച് ഞാന്‍ എഴുതുന്നില്ല. ഓരോന്നും ഓരോ രീതിയില്‍ വീക്ഷിക്കപ്പെടെണ്ടതായതിനാല് ഇവിടെ അതിനു പ്രസക്തിയില്ല. മര്‍ദിച്ചു കൊല്ലാന്‍ മാത്രം രോഷമുണര്‍ത്തുന്ന ഒരു പ്രവൃത്തിയും ശ്രീജിവ് ചെയ്തിരുന്നില്ല എന്നുമാത്രമല്ല അയാളുടെ മേലെയുള്ള ഏക ആരോപണം മേല്‍പ്പറഞ്ഞ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ ഒരു പെണ്‍കുട്ടിയെ ശ്രീജിവ് പ്രണയിച്ചിരുന്നു എന്നതായിരുന്നു.
വൈകിയാണെങ്കിലും ഇപ്പോള്‍ സംസ്ഥാന ഗവൺമെന്റ് ശ്രീജിത്തിന്റെ കേസില്‍ ഇടപെട്ടിരിക്കുകയാണ്. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണക്കാക്കി അന്വേഷണം സിബിഐക്ക് കൈമാറണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം തുടക്കത്തില്‍ തള്ളിയിരുന്നു. എന്നിട്ടും പ്രതീക്ഷയ്ക്ക് മങ്ങലേല്ക്കാതെ നിശ്ചയദാർഢ്യത്തോടെ മുന്നേറിയ ഈ ചെറുപ്പക്കാരന് ഇന്ന് ഒറ്റയ്ക്കല്ല. ജനരോഷത്തിന്റെ അലയടികളില്‍ കേന്ദ്രം ചെറുതായൊന്നു കുലുങ്ങിയെന്നു തോന്നുന്നു. കേന്ദ്ര പേര്‍സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിംഗ് സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയതായി ഇപ്പോള്‍ അറിയാന്‍ കഴിയുന്നു. ശശി തരൂരും കെ.സി വേണുഗോപാലും ഈ വാര്‍ത്ത ശരിവച്ചിരിക്കുന്നു.
ശ്രീജിത്ത് പലരുടെയും പ്രതിനിധിയാണ്. പണമോ സ്വാധീനമോ ഇല്ലാത്തതുകൊണ്ട് അര്‍ഹിക്കുന്ന നീതി ലഭിക്കാതെപോയ അനേകായിരം സാധാരണക്കാരില്‍ ഒരാള്‍. പക്ഷെ അസാധാരണമായ ഈ ചങ്കുറപ്പിനും അര്‍പ്പണ മനോഭാവത്തിനും അതിലുപരി സഹോദരനോടുള്ള ഈ സ്നേഹത്തിനും അഭിവാദ്യങ്ങള്‍, ശ്രീജിത്ത്. പുറത്ത് തടിച്ചുകൂടിയിരിക്കുന്ന ഈ ജനക്കൂട്ടത്തെ തനിക്കു വിശ്വസിക്കാം. അതില്‍ മതമോ, രാഷ്ട്രീയമോ, ജാതിയോ കയ്യില്‍ പിടിച്ചു വീമ്പിളക്കുന്ന അൽപ്പന്മാരില്ല. നിങ്ങളുടെ നെഞ്ചിലെ അണയാത്ത നെരിപ്പോടിനരികെ ഞങ്ങളുമിരിക്കട്ടെ, അതിന്റെ ചൂടേറ്റു ഞങ്ങളിലുമുണരട്ടെ ഇത്തിരി മനുഷ്യത്തം.
We are with you, Sreejith
അധികാര വേറിയന്മാരായ രാഷ്ട്രീയ/പോലീസ് ഗുണ്ടകളെകൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു.. സത്യം ജയിക്കട്ടെ
ഞങ്ങളിലുമുണരട്ടെ ഇത്തിരി മനുഷ്യത്തം….